TMJ
searchnav-menu
post-thumbnail

Universal kerala

വിശാല കേരളം, ന്താ ല്ലേ?

25 Jun 2024   |   6 min Read
ഡോ. ഉമര്‍ തറമേല്‍

യസ്‌പൊറയുടെ കാലത്ത് വിശാല കേരളം എന്ന സങ്കല്പം ഏറെ അമൂര്‍ത്തമാണ്. അതേസമയം, സ്ഥൂലവുമാണ്. നിരവധി മാനകങ്ങള്‍ കൊണ്ട് നിറഞ്ഞതുമാണ്. ഏത് മാനകവും പ്രയോജനപ്പെടുത്തി പൂരിപ്പിക്കാവുന്ന ഒന്നുമാണത്. ഞാന്‍ ഈ വിഷയത്തിലേക്ക് കടക്കാന്‍ തല്‍ക്കാലം തികച്ചും കാല്‍പനികമായൊരു മാനകം സ്വീകരിക്കുന്നു. കേരളീയമായ, എന്റെ വികാര - വിചാരങ്ങളും ചരിത്രവിചാരവും പ്രകൃത്യുപാസനയും ഓര്‍മയും കവിതയും എല്ലാം കൂടിക്കലര്‍ന്നുകൊണ്ട് നിലക്കൊള്ളുന്ന ഒന്നായിരിക്കുമത്. വിശാല കേരളം എന്ന സങ്കല്പത്തെ ആര്, ഏത് കോണിലൂടെ നോക്കിക്കണ്ടാലും അവയ്‌ക്കെതിരെ അപരങ്ങള്‍ നിലനില്‍ക്കുമെന്നതിനാല്‍ ഈ വിഷയത്തെക്കുറിച്ചും പൊളിറ്റിക്കലി കറക്റ്റ് എന്ന മട്ടിലൊരു ആലോചന ദുസ്സാധ്യമാണ്.

ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ, തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍!
(വള്ളത്തോള്‍ /എന്റെ ഭാഷ )

കവിത്രയത്തിന്റെയും കാല്പനിക കവികളുടെയും കാലത്ത് (നാല്പതുകളിലും... അറുപതുകളിലും) വിശാല കേരളമെന്ന സങ്കല്പത്തെ കവികള്‍ പാടിപ്പുകഴ്ത്തിയിട്ടുണ്ട്. ആധുനികതയുടെയും ജനാധിപത്യത്തിന്റെയും അക്കാലത്തെ ദേശീയ - സ്വതന്ത്ര്യ സങ്കല്പത്തിന്റെയും അകത്ത് രൂപപ്പെട്ടവയാണവ. നമ്മുടെ നാവോത്ഥാന സങ്കല്‍പ്പവും അവയിലൂന്നിയൊക്കെയാണ് വളര്‍ന്നുവികസിച്ചത്. വിശാല കേരളം എന്ന വിഷയം ഇന്നേറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്.

ഒരുപക്ഷേ, കേരളം എന്നും ഒരു പുറത്ത് വിശാലവും മറുവശത്ത് ഇടുങ്ങിയതുമായിരുന്നു. കേരളമെന്നല്ല ഏത് ദേശവും ഏറെക്കുറെ അങ്ങനെതന്നെ. അതേസമയം, കേരളം എന്ന ഭൂപ്രദേശവും സംസ്‌കാരവും വളര്‍ന്നുവന്നതില്‍ അത് നിലനിന്നുപോന്ന ചരിത്രവുമായി ചില തനത് ബന്ധങ്ങളുണ്ടാവും. ആ സ്വത്വ ബലത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ സംസ്‌കാരത്തിന്റെ പ്രത്യേകതകളെ വിലയിരുത്തേണ്ടത്. നമ്മുടെ പുരാതന ചരിത്രം എടുത്തുനോക്കിയാല്‍, നിരവധി സംസ്‌കാരങ്ങള്‍ കടല്‍കടന്ന് വന്നിട്ടാണ് കേരളം എന്ന നാടുതന്നെ ഉണ്ടായിവന്നത്, എന്നുകാണാം. സമുദ്രങ്ങളാണ് അവയുടെ മുഖ്യവഴികള്‍. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത അങ്ങനെയുള്ളതാണ്. കടല്‍ കടന്നുവന്ന സംസ്‌കാരങ്ങളും കരയിലേതും കൂടിക്കലര്‍ന്നുള്ള മനുഷ്യവിഭവ നയമാണ്, കാലങ്ങളിലൂടെ കേരളത്തെ രൂപപ്പെടുത്തിയത്. നിരവധി വൈദേശിക സംസ്‌കാരങ്ങള്‍ക്ക് തുറന്നിടപ്പെട്ട സ്ഥലം എന്ന നിലയ്ക്കാണ്, കേരളം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ആധുനികോത്തരമായിരുന്നു എന്ന് പറയുന്നത്. നമ്മുടെ നാണ്യവിളകളുടെ വിളയാട്ടം ലോക കമ്പോളങ്ങളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേയുണ്ടായിരുന്നു. വാണിജ്യമാണ് ഭാഷാ -സംസ്‌കാര മാതൃകകള്‍ക്ക് കൂടുതല്‍ വളംവയ്ക്കുന്നത്. പില്‍ക്കാലത്ത് കരയുമായി മാത്രം ബന്ധപ്പെട്ട ഒരു ചരിത്രവും മനുഷ്യവ്യവഹാര വിനിമയങ്ങളും ലാക്കാക്കിയുള്ള ഒരു ചരിത്രം കേരളത്തില്‍ വളര്‍ന്നുവരികയുണ്ടായി. ഇവിടെ വാണ വിദേശ കോളനി വാഴ്ച്ച അവയ്ക്ക് ബൗദ്ധികമായ ഊര്‍ജ്ജമായി തീരുകയും ചെയ്തു.

REPRESENTATIVE IMAGE | WIKI COMMONS
അരനൂറ്റാണ്ട് കേരളത്തില്‍ ജീവിച്ച ഒരു വ്യക്തിക്ക് കേവലം ആശയാധിഷ്ഠിതമായ ഒരു കാഴ്ചപ്പാടില്‍ വിശാല കേരളം എന്നൊരു വിഷയത്തെ ചര്‍ച്ചയ്‌ക്കെടുക്കാനാവില്ല. കാരണം, ഒരു കാല്‍നൂറ്റാണ്ട് മുമ്പുള്ള കേരളം ഇന്നില്ല. ഹരിതാഭവും വൈവിധ്യമാര്‍ന്നതുമായ ഫോണ -ഫ്‌ലോറകളാല്‍ സമ്പന്നവുമായ കേരളത്തിന്റെ ഭൂപടം നമുക്കിപ്പോള്‍ അന്യമാണ്. ഭൗതികമായും ആശയപരമായും വാണിജ്യ -സാംസ്‌കാരിക ബന്ധങ്ങളാല്‍ നിബിഢമായുമുള്ള ഒരു വികസിത കേരളം ഇന്നുണ്ട് എന്ന് പലരും അംഗീകരിക്കുന്നുണ്ട്. ദാരിദ്ര്യവും പട്ടിണിയും കുറഞ്ഞ്, വിദ്യാഭ്യാസപരവും ആരോഗ്യപരവും മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു കേരളം ഇന്നുണ്ട്. ഫ്യൂഡല്‍ മൂല്യങ്ങള്‍ ഏറെക്കുറെ അവസാനിച്ച ഒരു കേരളം ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട് എന്ന് നാം 'അഭിമാനി'ക്കുന്നു.
ഇങ്ങനെയൊക്കെയാവുമ്പോഴും, തങ്ങളുടെ അനുഭവത്തിന്റെയും ഓര്‍മ്മയുടെയും വെളിച്ചത്തില്‍ പഴയ കേരളം ഇനിയും സാധ്യമോ, എന്ന് ചോദിച്ചാല്‍ അങ്ങനെയൊരു ചോദ്യത്തെ ഒരു കാരണവശാലും നമുക്ക് ഇന്ന് അംഗീകരിക്കാനാവില്ല. വര്‍ത്തമാനത്തിന് ഒരിക്കലും പിറകോട്ട് നടക്കാനാവില്ല. ഇന്നത്തെ സാമൂഹിക സന്ദര്‍ഭത്തില്‍ അതൊരു ശരിയായ ചോദ്യമല്ല എന്ന ബോധ്യം ഒരുപക്ഷേ, ചോദിക്കുന്നയാള്‍ക്കുമുണ്ട്. എന്നിരുന്നാലും ആ ചോദ്യം മരിക്കാതെ അവശേഷിക്കും, ഇല്ലേ? സ്വപ്നങ്ങള്‍ മനുഷ്യന് സാധ്യമാകുന്നിടത്തോളം കാലം അതുണ്ടാവും.

ഒരുപക്ഷേ, മനുഷ്യന്റെ പ്രകൃതി -പരിസ്ഥിതി കൈയ്യേറ്റങ്ങള്‍ക്കൊണ്ട് ഏറ്റവും തരിപ്പണമായൊരു ചെറുദേശമാണ്, ഇന്ന് കേരളം എന്ന കാരണത്താല്‍ തിരിച്ചെടുക്കാന്‍ പറ്റാത്ത ഒരു സ്വപ്നം മാത്രമായവശേഷിപ്പിക്കുന്ന 'അപ്രസക്ത'മായ ആ ചോദ്യം നമ്മെ വീണ്ടും വലയ്ക്കുന്നുണ്ട്. എല്ലാ ആധുനിക ദേശവും ഇങ്ങനെയൊക്കെയാണ്, എന്നൊരു പതിവുപല്ലവി ഇവയ്‌ക്കെതിരെയുണ്ട്. ജനസാന്ദ്രതയും നഗരവല്‍കരണവും കാരണം ഇവയൊക്കെ നഷ്ടപ്പെടുക സ്വഭാവികമാണ് എന്ന് വിശ്വസിച്ചാലും ചോദ്യം അപ്രസക്തമാകണമെന്നില്ല. നമുക്ക് നമ്മുടെ പ്രകൃതി വിഭവങ്ങളെ ഉചിതമായി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വികസനനയം രൂപീകരിക്കാനായോ, എന്നൊരു ചോദ്യം ഇതിനോടൊപ്പമുണ്ട്.

നൂറുശതമാനം സാക്ഷരത പ്രഖ്യാപിക്കപ്പെട്ടപ്പോഴും പ്രകൃതിപരമായും പാരിസ്ഥിതികവുമായൊരു ജ്ഞാനസിദ്ധി നാം നേടിയോ? എന്നൊരു ചോദ്യം ചിലരെങ്കിലും ചോദിക്കാറുണ്ട്. സാഹിത്യത്തെപ്പോലെ ശാസ്ത്ര വിജ്ഞാനീയങ്ങള്‍ ഇവിടെ വളര്‍ന്നോ, എന്ന് ചോദിക്കുന്നവരുണ്ട്. എന്തിനധികം ഇത്രയേറെ ഹരിതാഭമായ ഭൂപ്രകൃതി നമുക്കുണ്ടായിട്ടും നമ്മുടെ ചിത്രകലയ്ക്ക് എന്താണ് സംഭവിച്ചത്, എന്ന് ചിന്തിക്കുന്നവരുണ്ട്.

അതിനേക്കാള്‍ വലിയ പാരിസ്ഥിതികമായ ചോദ്യമാണ്, മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ ആവശ്യമായ നമ്മുടെ കാടുകളും മലകളും നാം എന്തുചെയ്തു എന്നുള്ളത്.
ഒരുകാലത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പരിസ്ഥിതി വാദികളായ ബുദ്ധിജീവികള്‍, പരിസ്ഥിതി പ്രവര്‍ത്തകരായ മനുഷ്യര്‍ എന്നിവരൊക്കെ ഈ പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്. അപ്പോഴും വികസനത്തിന്റെയും മനുഷ്യ നിലനില്‍പ്പിന്റെയും 'ശാസ്ത്ര'കഥകള്‍ എഴുന്നള്ളിച്ചുകൊണ്ട് അവയെ നമ്മുടെ മുഖ്യ രാഷ്ട്രീയ അധികാരികള്‍ തുരത്തുകയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആ ചോദ്യങ്ങളും  കൂട്ടത്തോടെ ഒലിച്ചുപോയിരിക്കുന്നു. ഇക്കാര്യം യഥാവിധി മനസ്സിലാക്കാനായത് 2018-ലെ അതിവര്‍ഷമുണ്ടായപ്പോഴാണ്. നമ്മുടെ ജനസാന്ദ്രതയുടെ നിലയും വികസന സങ്കല്‍പ്പവും തമ്മിലുള്ള വൈരുദ്ധ്യം കേരളമൊട്ടുക്ക് അനുഭവിച്ചറിഞ്ഞ ഒരു സന്ദര്‍ഭമായിരുന്നു അത്. സുന്ദര പ്രകൃതികളായ പുഴകള്‍ ഇപ്പോള്‍ എവിടെ, എന്ന് ന്യായമായും ആര്‍ക്കും ചോദിക്കാം. മലകളും മേടുകളും കാടുകളും വന്യപ്രകൃതിയും എവിടെ, എന്ന് ന്യായമായും ആളുകള്‍ക്ക് ചോദിക്കാം. അതിനുള്ള സ്വാതന്ത്ര്യം വ്യക്തി എന്ന നിലയ്ക്കും പൗരന്‍ എന്ന നിലയ്ക്കും ആര്‍ക്കുമുണ്ട്.

2018-ലെ അതിവര്‍ഷം | PHOTO: WIKI COMMONS
2018 -ലെ അതിവര്‍ഷ സമയത്ത്, നാം ഏകമനസ്സായി അവയെ നേരിട്ടത്തിന്റെ വീരഗാഥകള്‍ പാടിക്കേള്‍ക്കുമ്പോഴും നാമോര്‍ക്കണം, അത് ഇന്നും ഇന്നലെയും തുടങ്ങിയ ഒരു പരിപാടിയല്ല. കാലങ്ങള്‍ക്ക് മുമ്പേ. അതിവര്‍ഷദുരന്തം അനുഭവിച്ച മനുഷ്യരെ മറുകരയിലെത്തിക്കാനും അവര്‍ക്ക് വേണ്ടത് ചെയ്യുവാനും അന്നത്തെ മനുഷ്യര്‍ കാട്ടിയ വ്യഗ്രതയുടെ ഒരു തുടര്‍ച്ച തന്നെയത്. അന്നത്തെ കാലത്ത്, ഒരു സര്‍ക്കാര്‍ മെഷിനറിയും ഉണ്ടായിരുന്നില്ല എന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. സാധാരണ മനുഷ്യര്‍ അവരുടെ സ്‌നേഹത്തിലും പരസ്പരാശ്രിതത്വത്തിലും ചെയ്തുപോന്ന മാനുഷികമായ അനുകമ്പാവ്യഗ്രതയുടെ തുടര്‍ച്ച മുറിഞ്ഞുപോയിട്ടില്ല എന്നൊരു വ്യാഖ്യാനവും സാധ്യമാണ്. ഒരുപക്ഷേ, അതായിരിക്കും വിശാല കേരളം എന്ന പറച്ചിലിന്റെ അവശേഷിക്കുന്ന ഏക ആത്മീയയുക്തി.

ഞാന്‍ ഈയിടെ മലപ്പുറം - കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി ദേശത്ത് സ്ഥിതിചെയ്യുന്ന കക്കാടം പൊയില്‍ സന്ദര്‍ശിച്ചു. കുറച്ചുകാലം വരെ നിബിഢവനം പോലെ പെരുമാറിയിരുന്ന ദേശമായിരുന്നു, ഇരുവഴഞ്ഞിപ്പുഴയുടെയും ചാലിയാറിന്റെയും വൃഷ്ടിപ്രദേശമായിരുന്ന ഈയിടം. ഇപ്പോള്‍ അത് കേരളത്തിലെ അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് ഇടമാണ്. പന്തീരായിരം മലവാരം എന്നറിയപ്പെടുന്ന കുറേ വന്യവും വൈവിധ്യമാര്‍ന്ന മലകളുടെയും സസ്യ -ജന്തു ജാലങ്ങളുടെയും ഒരു ഇക്കോ വൈവിദ്ധ്യ പ്രദേശമാണിത്. മാത്രമല്ല ആദിവാസികളായ മുപ്പതോളം മുതുവാന്‍ കുടുംബങ്ങളെ അവിടെ സര്‍ക്കാര്‍ പട്ടയം നല്‍കി അധിവസിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ പദ്ധതിക്ക് കീഴില്‍ അവര്‍ക്ക് നിത്യതൊഴില്‍ നല്‍കുന്നുണ്ട്, സര്‍ക്കാര്‍. ഈ ചെറുപ്രദേശമൊഴികെ നിലമ്പൂര്‍ കോവിലകക്കാരില്‍നിന്നും 1971 ല്‍ സര്‍ക്കാര്‍ കൈമാറിപ്പോന്ന ഒരു വനമേഖല പ്രദേശമാണത്. ഇന്ന് ആ മുഖ്യ ടൂറിസ്റ്റ് പ്രദേശത്തോട് ചേര്‍ന്നുമാത്രം 150 ലധികം റിസോര്‍ട്ടുകള്‍ ഉണ്ട്. അത്ഭുതം അതല്ല, ഇന്ന് ആയിരക്കണക്കിന് ഏക്കറുകള്‍ വരുന്ന ഈ പ്രദേശങ്ങള്‍ സ്വകാര്യ വ്യക്തികളുടെയാണ്. വികസന പ്രൊജക്റ്റ് എന്ന പേരിലാണ് ഇപ്പോള്‍ അവിടെ വന്നു ചേര്‍ന്നുകൊണ്ടിരിക്കുന്ന ഓരോ ടൂറിസ്റ്റ് പരിപാടികളും തഴച്ചുവളരുന്നത്. നമ്മുടെ ടൂറിസ്റ്റ് വ്‌ലോഗര്‍മാര്‍ക്കും മറ്റും ഇക്കാര്യങ്ങളൊന്നും അറിയേണ്ടതില്ല. മലബാറിലെ ഊട്ടി എന്നൊക്കെ അവര്‍ക്ക് പ്രചരിപ്പിച്ചുകൊണ്ടിരിക്കണം. കടന്നുകയറ്റങ്ങളുടെയും പാരിസ്ഥിതിക ലംഘനങ്ങളുടെയും ജീവിക്കുന്ന ഉദാഹരണമാണ് ഇന്ന് പശ്ചിമഘട്ട മലനിരകളായ കക്കാടം പൊയില്‍. പടിഞ്ഞാറന്‍ ഏറനാടിന്റെ മലകളും പരിസ്ഥിതി മുഖ്യ മേഖലകളും ഇന്ന് ക്വാറി-മണല്‍ മാഫിയകളുടെ കൈകളില്‍ ഏതാണ്ടവസാനിച്ച് കൊണ്ടിരിക്കുമ്പോലെ ഈ വടക്ക് -കിഴക്കന്‍ ഏറനാടിന്റെ മല മേഖലയും ഘടനാപരമായി മാറുകയാണ്. കടന്നുകയറ്റങ്ങള്‍ കൊണ്ടും പാരിസ്ഥിതിക ലംഘനങ്ങള്‍ കൊണ്ടും നിയമപരമായ നൂലാമലകളില്‍ക്കുടുങ്ങി അടുത്തകാലത്ത് അടച്ചിട്ട പി. വി അന്‍വര്‍ എം എല്‍ എ യുടെ ടൂറിസ്റ്റ് വനപ്രദേശവും ഈ മേഖലയില്‍ തന്നെയാണ്. വേലി വിളവ് തിന്നുന്നത് രാഷ്ട്രീയത്തിന്റെ ലാക്ക് കൊണ്ടുമാത്രമല്ല. കോര്‍പ്പറേറ്റ് മുതലാളിത്ത ശക്തികളുടെ ഒത്താശയോടെയാണ്, ഇതൊക്കെ സംഭവിച്ചുപോരുന്നത്. ഇതാണ്, സത്യത്തില്‍ സര്‍ക്കാര്‍ എന്ന സ്ഥാപനം. ഇവര്‍ തീര്‍ക്കുന്ന ഉദ്യോഗസ്ഥ ലോബിയാണ്, നമ്മുടെ ഭൂനിയമങ്ങളെ യഥാവിധി ഭരിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന് ഇന്ന് ആ ഭൂമിയില്‍ വലിയ റോളൊന്നുമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഭൂമി സ്വകാര്യ വ്യക്തികളുടെയും കുരിശുമല എന്ന പേരില്‍ കുറേഭാഗം പള്ളിയുടെയും അധീനത്തിലാണ്. എവിടെ പര്‍വതമുണ്ടോ, അവിടെ കുരിശുമലകളും ഉണ്ടാവും. അതാണ്, നമ്മുടെ മുന്നണി രാഷ്ട്രീയത്തിന്റെ 'യഥാര്‍ത്ഥ ശക്തി'.പോരെ?

KERALA | PHOTO: WIKI COMMONS
കേരളത്തെപ്പോലെ, അതിജനസാന്ദ്രവും പരിസ്ഥിതി ലോല പ്രദേശത്തെ നമ്മുടെ അധികാരിവര്‍ഗ്ഗം എത്ര ലളിതമായാണ് കാണുന്നത്? പണ്ട് പഴശ്ശിരാജ ബ്രിട്ടീഷ് അധികാരികളില്‍നിന്നും രക്ഷയ്ക്കായി ഒളിച്ചിരുന്ന ഒരു ഗുഹാപ്രദേശം ആ മലമുകളിലുണ്ട്. ഇപ്പോള്‍ സര്‍ക്കാരിന് ആ ഭൂമിയുമായി പേരിലുള്ള ബന്ധം, അത് കാണാന്‍ എത്തുന്ന ഏതാനും കാഴ്ചക്കാര്‍ക്ക് ജീപ്പുവഴി അവിടെ കാണിച്ച് തിരിച്ചുകൊണ്ടുവരിക എന്ന പണി മാത്രമാണ്. അതിന് അമിതമായ തുകയും ഈടാക്കുന്നുണ്ട്. സത്യത്തില്‍ എന്തൊക്കെയാണ് നമുക്ക് മുമ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ബഷീര്‍ ചോദിച്ചപോലെ, ഭൂമിയുടെ അവകാശികള്‍ ആരാണ്? ആ ചോദ്യം ഒരുപക്ഷേ, നമ്മുടെ നവോത്ഥാന ദര്‍ശനത്തിലും അതിന്റെ പ്രായോഗിക പ്രക്രിയയിലും ഔചിത്യപൂര്‍വമായി ഇടം നേടുകയുണ്ടായോ? ഇല്ല എന്നാണ് എന്റെയുത്തരം. എല്ലാവരെയും പ്രാതിനിധ്യപരമായി ഉള്‍ക്കൊള്ളുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? മാനവവാദത്തിന്റെ (Humanism ) ഇരുണ്ട മൂലകളില്‍ നിന്നുകൊണ്ട് അപരങ്ങളായ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും നേരെ ഒളിയമ്പ് തൊടുക്കുന്ന അധികാര രാഷ്ട്രീയമല്ലേ മെല്ലെമെല്ലെ പച്ചപിടിച്ചത്? 'കേരളീയം' എന്ന മട്ടില്‍ പൊതിഞ്ഞുവച്ച പലതും പൊട്ടിയത്, അത്തരം കുഴിബോംബുകളായില്ലേ? ആര്‍ക്കറിയാം, അല്ലേ?

അടുത്ത കാലത്ത് ഞാന്‍ അസം സന്ദര്‍ശിക്കയുണ്ടായി. ആ പ്രദേശം എന്നെ അഗാധമായി ഹരിച്ചു. ബ്രഹ്‌മപുത്ര കൂലം കുത്തിയൊഴുകുന്ന കാലമായിരുന്നു അത്. ബ്രഹ്‌മപുത്രയുടെ വരള്‍ച്ചയും വെള്ളപ്പൊക്കവും എന്നുമിവിടെ വാര്‍ത്തയാകാറുണ്ടല്ലോ. നമ്മുടെ നദികളില്‍നിന്നും ഭിന്നമായി ബ്രഹ്‌മപുത്രയുടെ തീരങ്ങള്‍ ഇന്നും ഏറെ ഫലഭൂയിഷ്ടമാണ് എന്നെനിക്ക് തോന്നുകയുണ്ടായി. ആ നദിയുടെ പരിസരവാസികള്‍ വച്ചുപുലര്‍ത്തുന്ന ഒരു മിതോളജിയുണ്ട്. ഒരുപക്ഷേ, മനുഷ്യരുടെ കെടുതികളില്‍നിന്നും ആ പുഴയെ ഒരാവരണംപോലെ അവ കാക്കുന്നുണ്ട്. നാല്‍പതുകളിലാണെന്ന് തോന്നുന്നു
നമ്മുടെ നാട്ടുകാര്‍, ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടി കൂട്ടത്തോടെ തൊഴില്‍ത്തേടിപ്പോയ പ്രദേശമായിരുന്നുവല്ലോ, ആസാം. ആയിരക്കണക്കിന് മനുഷ്യരാണ് അന്ന് മലമ്പനിയും മറ്റു രോഗങ്ങളുംകൊണ്ട് പൊറുതിമുട്ടി മരിക്കുകയോ ദുരിതം സഹിക്കുകയോ ചെയ്തത്. അക്കാലത്താണ്, വൈലോപ്പിള്ളി ആസ്സാം പണിക്കാര്‍ എന്ന വിഖ്യാത കവിതയെഴുതിയത്.

ചരിത്രം തലതിരിഞ്ഞുനില്‍ക്കുന്ന കാഴ്ച ഇന്ന് നമുക്ക് കാണാം. ബംഗാളികളും ആസ്സാമികളും ഒഡീഷക്കാരുമൊക്കെ നമ്മുടെ നാട്ടിലെ തൊഴിലാളി ഡയസ്‌പോറയിലെ മുഖ്യ കണ്ണികളാണ്. പലതരത്തിലുമുള്ള കുടിയേറ്റങ്ങള്‍ നാം അനുഭവിച്ചുകഴിഞ്ഞു. വിശാല കേരളം എന്നതിന്റെ അര്‍ഥവ്യാപ്തി ഏറെക്കൂടി. ഭൗതികമായ ഈയര്‍ത്ഥവ്യാപ്തി നമ്മുടെ സംസ്‌കാരത്തിന്റെ അകത്തളങ്ങളില്‍ ഒരു മന്ദമാരുതനെപ്പോലെയെങ്കിലും തഴുകിയിട്ടുണ്ടോ? ഒരര്‍ത്ഥത്തില്‍ നമുക്ക് സമാധാനിക്കാം :നമ്മുടെ പഴയ അസം പണിക്കാരെപ്പോലെയുള്ള കെടുതികള്‍ ഇന്ന് ഇവിടെയില്ല. നമ്മുടെ പ്രകൃതി ഫ്‌ലോറയോട് അസമിനുള്ള ബന്ധം ചെറുതല്ല. നിത്യസഹവാസം വെറുപ്പ് കൂട്ടും (Familiaity Breeds Contempt) എന്ന യുക്തിയെ മാറ്റി നിര്‍ത്തിക്കൊണ്ട് ആലോചിച്ചാല്‍, ആസാമിന്റെ ഭൂഭാഗങ്ങള്‍ അരനൂറ്റാണ്ട് കൊണ്ട് നാം ഇവിടെ നഷ്ടപ്പെടുത്തിയ ചരിത്രത്തെയും പ്രകൃതിയേയും മലയാളി മനസ്സിനെ ഓര്‍മ്മിപ്പിച്ചേക്കും.

ബ്രഹ്‌മപുത്ര | PHOTO: FACEBOOK
44 നദികളില്‍ ഇപ്പോഴെത്ര ബാക്കിയുണ്ട്? ഏതെങ്കിലും ഒരു നദിയെങ്കിലും അനുരാഗപരമായ ഓര്‍മയായി ഇന്നെത്ര മനുഷ്യരുടെ /പുതു തലമുറയുടെ ഹൃദയത്തില്‍ തങ്ങിനില്‍പ്പുണ്ടോ?. ഈയൊരൊറ്റ വിചാരം മതി വിശാല കേരളം എന്ന ചിന്തയുടെ കാര്യം അലസിപ്പോവാന്‍! സര്‍ക്കാര്‍ വാണി പോലെ, ചുവപ്പും മഞ്ഞയും അലര്‍ട്ടുകളുടെ ആവര്‍ത്തനവിരസമായ പ്രഖ്യാപനങ്ങളാണോ, മഴക്കാലം /മണ്‍സൂണ്‍ എന്ന കാലപ്രയോഗത്തിന്റെ അര്‍ത്ഥം? നമ്മുടെ കൃഷിരീതികളുമായിട്ടും അവയുടെ പ്രാക്ടീസിന്റെയും ഓര്‍മ്മയുടെയും ചരിത്രഖനിയുമായിട്ടും ഇതിന് വല്ല ബന്ധവുമുണ്ടോ? കരിക്കുലം പോലും നമ്മുടെ അനുഭവങ്ങള്‍ക്കും ചരിത്രത്തിനും പുറത്തുമേയുന്ന വെറും കടലാസ് പുലികള്‍ മാത്രമാണോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുകയാണ്,'വിശാല കേരളം'.

ഇതൊന്നും നമ്മുടെ വിഷയമല്ലെങ്കില്‍ പിന്നെന്താണ് നമുക്ക് വിശാല കേരളത്തിലേക്കുള്ള പാലം?. പുഴകളും മലകളും മുഴുവന്‍ ക്വാറി മുതലാളിമാരുടെയും മണല്‍ മാഫിയയുടേയും കൈകളില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍, നമ്മുടെ കരിക്കുലത്തിലെ ഏതെങ്കിലും വരികള്‍ക്ക് കമാ എന്നൊരക്ഷരം ഒച്ചയോടെ ഉരിയാടാന്‍ പറ്റിയിട്ടുണ്ടോ? മാധവ് ഗാഡ്ഗിലിന് അവിടെന്താ കാര്യം, അല്ലെ? ഇങ്ങനെ നൂറുകൂട്ടം 'കാല്പനിക ഭംഗി'യാര്‍ന്ന ചോദ്യങ്ങള്‍ നാം മനപ്പൂര്‍വം ഒഴിവാക്കുന്നുണ്ടെങ്കില്‍, സര്‍ നിങ്ങള്‍ ഏത് വിശാല കേരളത്തെക്കുറിച്ചാണിപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്?
വി. കെ. എന്നിന്റെ പാരഡി പോലെ,

ഭാരതമെന്നു കേട്ടാലപമാനപൂരിതമാകണമന്തരംഗം
കേരളമെന്ന് കേട്ടാലോ ചോരതിളക്കണം ആരാന്റെ ഞരമ്പുകളില്‍.





#Universal kerala
Leave a comment