
മുസ്ലിം രാഷ്ട്രീയം ഇനി എങ്ങോട്ട്?
കേരളത്തിലെ മുസ്ലിം രാഷ്ട്രീയം അനിവാര്യമായ ഒരു പ്രതിസന്ധിയിലേക്കു നടന്നടുക്കുകയാണ്. അതിനുള്ള ഒരു കാരണം ബഹുസ്വര സമൂഹത്തില്‍ പാലിക്കേണ്ട ചില നൈതിക മര്യാദകള്‍ അതിലംഘിക്കുന്ന പ്രവര്‍ത്തനരീതി സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു എന്നതാണ്. കേരളീയ സമൂഹത്തില്‍ ഇന്ന് വ്യാപകമായി കാണപ്പെടുന്ന സാമൂഹിക ധ്രുവീകരണത്തിനു ഭൂരിപക്ഷ വര്‍ഗീയതയുടെ വ്യാപനമടക്കം പല കാരണങ്ങളുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ വിവേചനാരഹിതമായ സമീപനങ്ങളും അതിനു വളംവെച്ചു കൊടുക്കുന്നുണ്ട്. കാല്‍നൂറ്റാണ്ട് മുമ്പ് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി അതേക്കുറിച്ചു നല്‍കിയ മുന്നറിയിപ്പുകള്‍ കേരളം പൂര്‍ണമായും അവഗണിച്ചു. എന്നാല്‍ അദ്ദേഹം അന്ന് ആശങ്കിച്ചതെന്തോ അത് ഇന്ന് കേരളത്തില്‍ യാഥാര്‍ഥ്യമായി വരികയാണ്. ഒരു സാമൂഹിക ധ്രുവീകരണം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞുള നിര്‍ഭാഗ്യവശാല്‍ മുസ്ലിംങ്ങളും മുസ്ലിം ഇതരരും എന്ന മട്ടിലാണ് ഇന്നത്തെ ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനെ അടിസ്ഥാനരഹിതമായ മുസ്ലിംഭീതിയുടെ പ്രതിഫലനം എന്ന് വിളിച്ചു അവഗണിക്കാനാവുമോ? മുസ്ലിംഭീതി ആഗോള തലത്തില്‍ തന്നെയുള്ള ഒരു പ്രതിഭാസമാണ്. കേരളത്തിലും അതിന്റെ അനുരണനമുണ്ട്. എന്നാല്‍ എങ്ങനെയാണ് സമൂഹം അതിനോടു പ്രതികരിക്കേണ്ടത്? ഇസ്ലാമോഫോബിയ എന്ന സാമൂഹിക വിപത്തിനെ എങ്ങനെ നേരിടണം എന്നതിനെ സംബന്ധിച്ചു മുസ്ലിം സമൂഹത്തില്‍പ്പോലും യോജിച്ച ഒരു അഭിപ്രായമോ സത്യസന്ധമായ വിലയിരുത്തലുകളോ കാണുന്നില്ല. ചിലരെങ്കിലും രാഷ്ടീയനേട്ടങ്ങള്‍ കൊയ്യാനായാണ് ഈ പ്രതിസന്ധിയെ ഉപയോഗിക്കുന്നത്. അതിനാല്‍ ഇന്നത്തെ പ്രതിസന്ധിയെ സംബന്ധിച്ച് ഒരു തുറന്ന ചര്‍ച്ച അനിവാര്യമാവുകയാണ്.
ആരാണ് മുസ്ലിങ്ങളെ അപരവത്കരിക്കുന്നത്? ഇന്ത്യയിലെ തീവ്ര വലതുപക്ഷ ഹിന്ദുത്വ ശക്തികള്‍ക്കു അതിലുള്ള പങ്കും ഉത്തരവാദിത്വവും ഒട്ടും കുറച്ചു കാണാവുന്നതല്ല. 1980കളുടെ അന്ത്യം മുതല്‍ മുസ്ലിം സമൂഹത്തെ അപര സ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ടുള്ള അങ്ങേയറ്റം നിഷേധാത്മകമായ ഒരു രാഷ്ട്രീയതന്ത്രമാണ് ഹിന്ദുത്വ ശക്തികള്‍ പയറ്റിവന്നത്. അതിന്റെ ഭാഗമായാണ് ബാബ്റി മസ്ജിദ് പ്രശ്‌നം ഒരു ദേശീയ പ്രശ്‌നമായി അവര്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. വിശ്വ ഹിന്ദു പരിഷത്തും ഹിന്ദു മാര്‍ഗദര്‍ശക മണ്ഡലവും ശ്രീരാമജന്മഭൂമി പ്രശ്‌നം മുന്‍നിര്‍ത്തി പ്രക്ഷോഭം ആരംഭിച്ച സമയത്തു അതില്‍ നേരിട്ടു പങ്കാളിത്തം വഹിക്കുന്നതില്‍ ബിജെപി നേതൃത്വത്തില്‍ തന്നെ ഭിന്നതകള്‍ നിലനിന്നിരുന്നു. വാജ്പേയിയെ അരികിലേക്ക് മാറ്റിനിര്‍ത്തി അദ്വാനിയാണ് അത്യന്തം വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങളുമായി സോമനാഥില്‍ നിന്നും അയോധ്യയിലേക്കുള്ള രഥയാത്ര സംഘടിപ്പിച്ചത്. ഇന്ത്യയുടെ ഹൃദയം കീറിമുറിച്ചുകൊണ്ടാണ് യാത്ര മുന്നേറിയത്. എന്നാല്‍ ഒരു കാര്യം വ്യക്തമായിരുന്നു. ബിജെപിയുടെ രാഷ്ട്രീയ ശാക്തീകരണത്തിന് വലിയ സംഭാവന ചെയ്ത മുന്നേറ്റമായിരുന്നു അത്. മുസ്ലിം ഭീതിയുടെ ചിറകിലേറി അവര്‍ അധികാരം കൊയ്‌തെടുത്തു.അധ്വാനിയുടെ രഥയാത്ര | PHOTO : WIKI COMMONS
ഇന്ത്യയിലെ ഹിന്ദുസമൂഹത്തെ ഈ ഹിംസാത്മക പ്രസ്ഥാനം എങ്ങനെയാണ് ബാധിച്ചത്? സവിശേഷമായ സാംസ്‌കാരിക പശ്ചാത്തലമുള്ള ഒരു സമൂഹം എന്ന നിലയില്‍ അതുണ്ടാക്കിയ പ്രത്യാഘാതം ഒരു വലിയ പരിധി വരെ നിഷേധാത്മകമായിരുന്നു എന്ന് ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ വ്യക്തമാണ്. അത് ഹിന്ദു നവീകരണ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തി. സമൂഹത്തില്‍ നിഷേധ പ്രവണതകള്‍ക്കു പ്രാമുഖ്യം നല്‍കി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിലും ജ്യോതിബാ ഫുലേയിലും നാരായണഗുരുവിലും ആരംഭിച്ച ഹിന്ദു നവോത്ഥാന പ്രക്രിയ കൂച്ചുവിലങ്ങിട്ട പോലെ സ്തംഭിച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നു നമ്മള്‍ കാണുന്നത്. ഉപനിഷദ് പാരമ്പര്യം ചോദ്യങ്ങളും സംശയങ്ങളും പരിഹാരാന്വേഷണങ്ങളുമായി സജീവമായ ഒരു ചിന്താ പാരമ്പര്യത്തെയാണ് കാണിച്ചു തരുന്നത്. അതിനു വിലങ്ങിട്ടതു ബ്രാഹ്മണാധിപത്യത്തില്‍ അടിയുറച്ച ചാതുര്‍വര്‍ണ്യവും ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയും സമൂഹത്തെ വരിഞ്ഞു മുറുക്കിയ കാലം മുതലാണ്. ചലനരഹിതമായ ഒരു ഏഷ്യാറ്റിക് സമൂഹ വ്യവസ്ഥയെ അത് സൃഷ്ടിച്ചു എന്നാണ് മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയത്. മാര്‍ക്സിന്റെ നിഗമനം ചരിത്രപരമായി ശരിയോ തെറ്റോ ആകാം. പക്ഷേ വര്‍ണവ്യവസ്ഥയും ജാതി സംവിധാനവും ഇന്ത്യയുടെ ചലനാത്മകയെ നാശോന്മുഖമാക്കി എന്നതൊരു സത്യം തന്നെയാണ്.
കൊളോണിയല്‍ ആധുനികത അതിന്റെ എല്ലാവിധ നിഷേധ പ്രവണതകളും ഇരിക്കെത്തന്നെ കീഴാള വിഭാഗങ്ങള്‍ക്കു വിമോചനത്തിനുള്ള ഒരു വഴി തുറന്നു എന്നതും സത്യമാണ്. നാരായണഗുരുവിനു സന്യസിക്കാന്‍ പര്യാപ്തമായ ഒരു സാമൂഹികാന്തരീക്ഷം ഒരുക്കിയതും പഞ്ചമിയെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാനായി അയ്യങ്കാളിക്കു വില്ലുവണ്ടിയില്‍ സഞ്ചരിക്കാന്‍ ധൈര്യം നല്‍കിയതും കൊളോണിയല്‍ ആധുനികതയും അതിന്റെ ജനാധിപത്യ ധര്‍മശാസ്ത്രവുമായിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ കീഴാളനു വിമോചനം നല്‍കിയത് ചരിത്രത്തിലെ ഈ വിച്ഛേദങ്ങള്‍ തന്നെയാണ്.
ഇത് കൊളോണിയല്‍ ആധുനികതയുടെ മാത്രം സവിശേഷതയല്ല. മറിച്ചു ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന ഒരു വിശാല വീക്ഷണത്തിന്റെ നേട്ടമാണ്. ഇന്ത്യയില്‍ ആദ്യത്തെ സാമ്രാജ്യം സ്ഥാപിച്ച ചന്ദ്രഗുപ്ത മൗര്യന്‍ അതിനു ഉദാഹരണമാണ്. അലക്സാണ്ടറുടെ കീഴില്‍ ഗ്രീക്ക് അധിനിവേശത്തെ തുടര്‍ന്നാണ് അദ്ദേഹം ഇന്ത്യയില്‍ അധികാരം പിടിക്കുന്നത്. ചന്ദ്രഗുപ്തന്‍ അലക്സാണ്ടറുടെ സേനയില്‍ പ്രവര്‍ത്തിച്ചരുന്നു. പിന്നീട് നന്ദവംശത്തെ പുറത്താക്കി മഗധയില്‍ ഭരണം പിടിച്ചെടുത്ത കാലം മുതല്‍ അദ്ദേഹവും പിന്‍ഗാമികളും ഗ്രീക്കുകാരുമായി വിവാഹബന്ധങ്ങളും തന്ത്രബന്ധങ്ങളും നിലനിര്‍ത്തി. അത് രാജ്യത്തെ ശക്തവും വിശാലവുമാക്കി മാറ്റി. പുതിയ ആശയങ്ങളും ചിന്തകളും ഉയര്‍ന്നു. അത്തരത്തിലുള്ള ഒരു കോസ്‌മോപോളിറ്റന്‍ ആശയമണ്ഡലവും കുടുംബ പശ്ചാത്തലവുമാണ് അശോകനെ സവിശേഷ സ്വഭാവമുള്ള മാതൃകാ ഭരണാധികാരിയാക്കി മാറ്റിയതെന്ന് പാട്രിക്ക് ഒലിവെല്‍ അശോകന്‍: ഒരു ദാര്‍ശനിക ചക്രവര്‍ത്തി എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒരു ദാര്‍ശനിക ചക്രവര്‍ത്തി എന്ന പുസ്തകം | PHOTO : WIKI COMMONS
ഞാന്‍ പറഞ്ഞുവരുന്ന വാദം ഇതാണ്: അകത്തേക്ക് ഉള്‍വലിഞ്ഞ കാലത്തും അത്തരം സാമൂഹിക സംവിധാനത്തിലും ഇന്ത്യ ഇരുളടഞ്ഞ നാളുകളിലൂടെയാണ് കടന്നുപോയത്. തുറവിയും വെളിച്ചവുമാണ് പുരോഗതിയുടെ ചക്രങ്ങള്‍. എന്നൊക്കെ ഇന്ത്യ അതിന്റെ ധാര്‍മികശക്തി ലോകമെങ്ങും പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും തുറന്ന സമീപനം സ്വീകരിക്കുകയും ചെയ്തുവോ അന്നൊക്കെ ഇന്ത്യ അതിന്റെ ശക്തിയുടെയും ശ്രേയസ്സിന്റെയും ഉദാത്തമായ അനുഭവമാണ് കാണിക്കുന്നത്. സുവര്‍ണപാത: ഇന്ത്യ എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്ന ഗ്രന്ഥത്തില്‍ വില്യം ഡാരിമ്പിളും ഇതേ ആശയം തന്നെയാണ് മുന്നോട്ടുവെക്കുന്നത്.
ചരിത്രത്തില്‍ നിന്നുള്ള സുപ്രധാനമായ ഈ പാഠം മറന്നുകൊണ്ടാണ് സംഘപരിവാരം ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത്. എന്നാല്‍ ഓരോ കാല്‍വെപ്പിലും രാജ്യം പിന്നാക്കാം പോകുന്ന ചിത്രമാണ് ലോകം കാണുന്നത്. ജനാധിപത്യ അവകാശങ്ങളുടെയും മാധ്യമ സ്വാതന്ത്യ്രം അടക്കമുള്ള പൗരാവകാശങ്ങളുടെയും കാര്യത്തില്‍ ഇന്ത്യയുടെ പിന്നാക്കംപോക്കു ആഗോള സൂചികകളില്‍ കാണാവുന്നതാണ്. ഇന്ത്യന്‍ പാര്‌ലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉത്ഘാടനവും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സമര്‍പ്പണ ചടങ്ങും ഇന്ത്യന്‍ ജനാധിപത്യം അതിന്റെ അടിസ്ഥാന മൂല്യങ്ങളെ കൈവിടുകയാണ് എന്നും അതൊരു ഭൂരിപക്ഷ ഹിതവാദ സങ്കല്പത്തിന്റെ തടവറയിലേക്കു പോകുകയാണ് എന്നുമുള്ള സന്ദേശമാണ് നല്‍കിയത്. ഭൂരിപക്ഷഹിതവും ജനാധിപത്യവും രണ്ടും രണ്ടാണ്. അധികാരത്തില്‍ വരാന്‍ ഭൂരിപക്ഷ പിന്തുണ ആവശ്യമാണ്; എന്നാല്‍ ജനാധിപത്യത്തില്‍ അധികാരികളുടെ ധര്‍മം നീതിയുടെ അടിസ്ഥാനത്തിലുള്ള ഭരണമാണ്. അതില്‍ നിന്നും വിട്ടൊഴിയുമ്പോള്‍ അധികാരം അധര്‍മമായി മാറും. അതാണ് ഇന്ന് ഇന്ത്യയിലെ ഭരണാധികാരികള്‍ നേരിടുന്ന പ്രശ്‌നം. രാജ്യത്തെ ശരിയായ ദിശയില്‍ നയിക്കാനുള്ള ധാര്‍മികശേഷി നിലവിലെ അധികാരികള്‍ക്കും അവരുടെ ധര്‍മപ്രബോധകര്‍ക്കും നഷ്ടമായിരിക്കുന്നു.REPRESENTATIVE IMAGE | PHOTO : WIKI COMMONS
എന്നാല്‍ ഇന്ത്യയിലെ ന്യൂനപക്ഷം 'പ്രത്യേകിച്ച് കേരളത്തിലെ പ്രബലമായ മുസ്ലിം സമൂഹം' അതില്‍ നിന്നും എന്തെങ്കിലും പാഠങ്ങള്‍ പഠിക്കുകയുണ്ടായോ? തൊണ്ണൂറുകള്‍ മുതലുള്ള മുസ്ലിം സമൂഹചരിത്രം പരിശോധിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം നിഷേധാര്‍ത്ഥത്തിലാണ്. ഇരുട്ടിനെ ചെറുക്കാനുള്ള മാര്‍ഗം ഒന്നുകില്‍ സ്വയം പ്രകാശിക്കുക; അല്ലെങ്കില്‍ വെളിച്ചത്തിലേക്കു നീങ്ങി നില്‍ക്കുക എന്നതാണ്. സംഘപരിവാരം ഇന്ത്യയെ ധാര്‍മികവും രാഷ്ട്രീയവുമായ ഇരുട്ടറയിലേക്ക് നയിച്ച നാളുകളില്‍ അതിനോട് എങ്ങനെയാണ് മുഖ്യ ന്യൂനപക്ഷ സമുദായം പ്രതികരിച്ചത്? മുള്ളിനെ മുള്ളു കൊണ്ട് നീക്കുക എന്ന മട്ടില്‍ ഇരുട്ടിനെ ഇരുട്ട് കൊണ്ടു നേരിടുന്ന രീതിയാണ് അവര്‍ അവലംബിച്ചത്. സമുദായത്തെ ആധുനിക സമൂഹത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതില്‍, ഒരു ബഹുസ്വര സമൂഹത്തില്‍ ഉത്തരവാദിത്തബോധമുള്ള പങ്കാളികളായി മാറ്റിയെടുക്കുന്നതില്‍ മുസ്ലിം നേതൃത്വം പരാജയപ്പെട്ടു എന്നതാണ് സത്യം. അതായതു വിഭജനവാദവുമായി മുന്നോട്ടുപോകുകയും മുസ്ലിം സമുദായത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ശക്തി രാജ്യത്തു പൂര്‍ണമായും തച്ചുതകര്‍ക്കുകയും ചെയ്ത മുഹമ്മദലി ജിന്ന നയിച്ച ലീഗിന്റെ നടപടികളില്‍ നിന്നും സ്വാതന്ത്ര്യാനന്തര മുസ്ലിം നേതൃത്വം വിശേഷിച്ചു യാതൊന്നും പഠിച്ചതായി തോന്നുന്നില്ല. അവര്‍ പഴയ പാതകളില്‍ തന്നെ ചരിക്കുകയാണ്; സമുദായത്തെ ഇരുട്ടറയില്‍ തളച്ചിടുക എന്ന നയം തന്നെയാണ് ഇന്നും മുസ്ലിം നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത്.
ദേശീയതലത്തിലും കേരളത്തിലും ഇത്തരത്തിലുള്ള ഒരു സമീപനമാണ് മുസ്ലിം നേതൃത്വത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. സമൂഹത്തിന്റെ പുരോഗതി, അതിലെ വിവിധ വിഭാഗങ്ങളുടെ താല്പര്യ സംരക്ഷണാര്‍ത്ഥമുള്ള പ്രായോഗിക നീക്കങ്ങള്‍, തങ്ങളുമായി യോജിക്കുന്ന സാമൂഹിക വിഭാഗങ്ങളുമായി ഐക്യദാര്‍ഢ്യം വികസിപ്പിക്കുന്നതില്‍ ഉണ്ടായ പിഴവുകളും പരാജയങ്ങളും, പഴയകാല പ്രമാണി വര്‍ഗങ്ങള്‍ക്കപ്പുറം സമൂഹത്തിലെ കീഴാള വിഭാഗങ്ങളില്‍ നിന്നും പുതുതലമുറ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ വന്ന പരാജയം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഇവിടെ പരിഗണിക്കേണ്ടതായിട്ടുണ്ട്. വാസ്തവം പറഞ്ഞാല്‍ സ്വാതന്ത്രം കിട്ടി ഏഴരപ്പതിറ്റാണ്ടു കഴിഞ്ഞിട്ടും ദേശീയതലത്തില്‍ പോലും ഒരു പുതിയ നേതൃത്വത്തെ വികസിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കേരളമടക്കം മിക്കയിടത്തും മുസ്ലിം നേതൃത്വം എന്നു പറയുന്നത് ഇന്നും യാഥാസ്ഥിതിക മതനേതൃത്വം തന്നെയാണ്. മതേതര പ്രതിഛായയുള്ള ഒരു നേതാവിനെപ്പോലും മുസ്ലിം ഇന്ത്യക്കു അവകാശപ്പെടാനില്ല. കോണ്‍ഗ്രസിലും സിപിഎം അടക്കമുള്ള ഇടതുപക്ഷ കക്ഷികളിലും പ്രവര്‍ത്തിക്കുന്ന മുസ്ലിം നേതാക്കള്‍ ഒന്നുകില്‍ സാമൂഹിക പിന്തുണ അവകാശപ്പെടാന്‍ ശേഷിയുള്ളവരല്ല; അല്ലെങ്കില്‍ അവര്‍ മതപരവും സാമുദായികവുമായ തങ്ങളുടെ സ്വത്വം ഒഴിവാക്കിയവരാണ്.
കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്ന വെല്ലുവിളികളോടും പ്രതിസന്ധികളോടും ഈ നേതൃത്വം എങ്ങനെയാണ് പ്രതികരിച്ചത്? ദേശീയതാല്പര്യവും സാമുദായിക താല്പര്യവും സംയോജിപ്പിച്ചു കൊണ്ടുപോകുന്നതില്‍ വലിയ പിഴവാണ് പലപ്പോഴും പറ്റിയത്. ദേശീയതലത്തില്‍ ഉയര്‍ന്ന രണ്ടു പ്രധാന വെല്ലുവിളികള്‍ നോക്കുക. ഷാബാനു കേസില്‍ മുസ്ലിം വിവാഹമുക്തകള്‍ക്കു ജീവനാംശം ലഭിക്കാനുള്ള അര്‍ഹത അംഗീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവാണ് ഒന്ന്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രസ്ഥാനം ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടു വന്നപ്പോള്‍ അതിനോടുള്ള പ്രതികരണമാണ് രണ്ടാമത്തേത്. രണ്ടും സുപ്രധാന ദേശീയ വിഷയങ്ങളായിരുന്നു. എന്നാല്‍ അവയെ മുസ്ലിം സമുദായപ്രശ്‌നം എന്ന നിലയില്‍ മാത്രമാണ് ഇന്ത്യന്‍ മുസ്ലിം നേതൃത്വം കൈകാര്യം ചെയ്തത്. അതില്‍ സ്തീകളടക്കമുള്ള സമൂഹത്തിലെ അധഃകൃത വിഭാഗങ്ങളുടെ താല്പര്യം അവഗണിക്കപ്പെടുകയും ചെയ്തു.
എണ്‍പതുകളുടെ മധ്യത്തിലാണ് ഷാബാനു കേസിലെ വിധി വരുന്നത്. വിധി നടപ്പാക്കുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണത്തിനായി രാജീവ് ഗാന്ധി സര്‍ക്കാറിനെ നിര്‍ബന്ധിക്കുകയാണ് മുസ്ലിം നേതൃത്വം ചെയ്തത്. വിവാഹമോചിതരായ സ്ത്രീകള്‍ ഇസ്ലാമിലെ മാത്രം സവിശേഷതയല്ല. അതിനാല്‍ സുപ്രീംകോടതി വിധി ഇസ്ലാമിനും അതിന്റെ വ്യക്തിനിയമത്തിനും എതിരാണ് എന്നൊരു സമീപനം സ്വീകരിക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും സമുദായ നേതൃത്വം അങ്ങനെയൊരു നിലപാടാണ് സ്വീകരിച്ചത്. അന്ന് കോഴിക്കോട്ടു സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ സമ്മേളനത്തില്‍ മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള മതനേതാക്കള്‍ മാത്രമല്ല, മുസ്ലിംലീഗ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളും ഒത്തുചേര്‍ന്നു. എന്തായിരുന്നു അതിന്റെ ആത്യന്തിക ഫലം? മുസ്ലിം സമുദായത്തില്‍ സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള നിയമപരവും മതപരവുമായ എല്ലാ പരിഷ്‌കരണ ശ്രമങ്ങളെയും അതു വേരോടെ പിഴുതെറിഞ്ഞു. പുരോഗമന ചിന്തഗതിക്കാരായ നിരവധി പേര്‍ മുസ്ലിം സമുദായ നേതൃത്വത്തിലും അതിന്റെ നീതിബോധത്തിലും ഒട്ടും വിശ്വാസമില്ലാത്തവരായി മാറി. ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള പലരും മുസ്ലിം സമുദായ നേതാക്കളില്‍ നിന്നും അകലുന്നതും കാലാന്തരത്തില്‍ ബിജെപി പോലുള്ള ഒരു പാര്‍ട്ടിയില്‍ എത്തിപ്പെടുന്നതുമായ പ്രക്രിയ ആരംഭിക്കുന്നത് അന്നാണെന്നു ഓര്‍മിക്കുക.ആരിഫ് മുഹമ്മദ് ഖാൻ | PHOTO : WIKI COMMONS
ഇത് ആരിഫ് മുഹമ്മദ് ഖാന്റെ മാത്രം പ്രശ്‌നമല്ല. ഈയിടെ കേരളത്തില്‍ നിരവധി മുസ്ലിം ദമ്പതികള്‍ മതാചാര പ്രകാരമുള്ള വിവാഹം കഴിഞ്ഞു പതിറ്റാണ്ടുകള്‍ക്കു ശേഷം സിവില്‍ നിയമപ്രകാരം വീണ്ടും വിവാഹം രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതൊരു വ്യാപക പ്രതിഭാസമാണെന്നു കാര്യവിവരമുള്ളവര്‍ പറയുന്നു. എന്താണ് ഈ പുനര്‍വിവാഹത്തിന് കാരണം? മതാചാര പ്രകാരമുള്ള വിവാഹത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് മുസ്ലിം വ്യക്തിനിയമ പ്രകാരം തങ്ങളുടെ സ്വത്തില്‍ പൂര്‍ണമായ അവകാശം ഉണ്ടാവില്ല എന്ന് പല രക്ഷിതാക്കളും തിരിച്ചറിയുന്നു. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് അകന്ന ബന്ധുക്കള്‍ കൊണ്ടുപോകുന്നത് തടയാന്‍ അവര്‍ കാണുന്ന മാര്‍ഗം ഇതുമാത്രമാണ്. അതായതു കേരളത്തിലെ ഒരു വലിയ വിഭാഗം മുസ്ലിം രക്ഷിതാക്കളും ശരീഅത്ത് പ്രകാരമുള്ള വിവാഹം, പാരമ്പര്യസ്വത്ത് വിഭജനം എന്നിവ ഇന്നത്തെക്കാലത്തു നീതിപൂര്‍വകമല്ല എന്ന് വിശ്വസിക്കുന്നു എന്നാണത് തെളിയിക്കുന്നത്.
സൗദി അറേബ്യ മുതല്‍ ഇന്തോനേഷ്യ വരെ മുസ്ലിം ഭൂരിപക്ഷ സമൂഹങ്ങളിലും രാജ്യങ്ങളിലും വ്യക്തിനിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇവിടെ അതിനെ പല്ലും നഖവും ഉപയോഗിച്ചു ചെറുക്കാനാണ് മതനേതൃത്വവും സമുദായ-രാഷ്ട്രീയ നേതൃത്വവും തയ്യാറായത്. മുത്തലാക്കു വിഷയത്തില്‍പ്പോലും അവര്‍ അങ്ങനെയാണ് പ്രതികരിച്ചത്. അതിനാല്‍ സമുദായത്തിലെ അംഗങ്ങള്‍ക്കു മറ്റു വഴികള്‍ തേടിപ്പോകേണ്ടി വരികയാണ്. ഷാബാനു കേസ് വന്ന സമയത്തു ഇസ്ലാം അപകടത്തില്‍ എന്ന കാടിളക്കിയുള്ള പ്രചാരണത്തിനു പകരം കാര്യങ്ങള്‍ വസ്തുനിഷ്ഠമായി അപഗ്രഥിക്കാന്‍ നേതാക്കള്‍ തയ്യാറായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ദുരവസ്ഥ ഒരിക്കലും സംഭവിക്കുമായിരുന്നില്ല. ഇന്നും വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഒരു പുനരാലോചനയ്ക്കു അവര്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുമില്ല.
ബാബരി മസ്ജിദ് വിഷയം കൈകാര്യം ചെയ്യുന്നതിലും ഇത്തരത്തിലുള്ള ചില പ്രവണതകള്‍ ദൃശ്യമായി. ഇന്ത്യയുടെ മതേതര ജനാധിപത്യ ഘടനയുടെ നേരെയുള്ള വെല്ലുവിളി എന്ന നിലയിലാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും പ്രശ്‌നത്തെ സമീപിച്ചത്. യഥാര്‍ത്ഥത്തില്‍ അതൊരിക്കലും ഒരു മുസ്ലിം സാമുദായികവിഷയം ആയി കാണാവുന്നതായിരുന്നില്ല. കാരണം ചരിത്രത്തിലെ തെറ്റുകള്‍ എന്തൊക്കെയായാലും അവ ഒരു നിരന്തര തിരുത്തല്‍ പ്രകിയക്ക് വിധേയമാക്കാനാവില്ല എന്നത് ലോകമെങ്ങും അംഗീകരിച്ച തത്വമാണ്. അതിനാല്‍ അത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമൂഹത്തില്‍ കലഹങ്ങളും കലാപങ്ങളും ഉയര്‍ത്തുന്നവരെ സമൂഹം ഒന്നിച്ചാണ് നേരിടേണ്ടത്. ബാബരി വിഷയത്തില്‍ അത്തരമൊരു ദേശീയ സമവായം ഉയര്‍ന്നുവന്നിരുന്നു. രാജ്യത്തെ മിക്കവാറും എല്ലാ കക്ഷികളും സംഘപരിവാരം നടത്തുന്ന അതിക്രമങ്ങളെ വിമര്‍ശിക്കുകയുണ്ടായി.ബാബ്റി മസ്ജിദ് | PHOTO : WIKI COMMONS
എന്നാല്‍, മുസ്ലിം നേതൃത്വം അതില്‍ സ്വീകരിച്ച സമീപനം വിവേകാപൂര്‍ണമായിരുന്നില്ല എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ വ്യക്തമാണ്. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, മില്ലി കൌണ്‍സില്‍ തുടങ്ങിയ, സമുദായത്തിലെ മതനേതൃത്വത്തിന് കീഴിലുള്ള സംഘടനകളാണ് അതിനോടുള്ള മുസ്ലിം പ്രതികരണത്തെ നിശ്ചയിച്ചത്. മതേതര നിലപാടുകള്‍ കൈക്കൊള്ളുന്ന ആരും അവയിലൊന്നും ഉണ്ടായിരുന്നില്ല. പ്രതികരണങ്ങള്‍ പലപ്പോഴും അതിവൈകാരികവും സമുദായത്തിനകത്തു പിന്തുണ ഉറപ്പിച്ചെടുക്കാന്‍ ലക്ഷ്യം വെച്ചു കൊണ്ടുള്ളതുമായിരുന്നു. ഉദാഹരണത്തിന് ബാബറി വിഷയത്തില്‍ കേന്ദസര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിക്കാനായി റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കാന്‍ സയ്യദ് ഷഹാബുദ്ധീനും ഇബ്രാഹിം സുലൈമാന്‍ സേട്ടുവും അടക്കമുള്ള നേതാക്കള്‍ ഉള്‍പ്പെടുന്ന ഒരു സമിതി 1987ല്‍ ആഹ്വാനം പുറപ്പെടുവിച്ചു. ഇരുവരും അന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലെ മുതിര്‍ന്ന അംഗങ്ങളായിരുന്നു. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കാനായുള്ള ആഹ്വാനത്തോടു എങ്ങനെയാണ് ഇന്ത്യന്‍ സമൂഹം പ്രതികരിക്കുക എന്നൊരു ആലോചന പോലും അവര്‍ക്കുണ്ടായില്ല എന്നത് അത്ഭുതകരമാണ്.
ബാബ്റി മസ്ജിദിന് നേരെയുള്ള സംഘപരിവാര്‍ കയ്യേറ്റം ഇന്ത്യന്‍ ജനാധിപത്യത്തോടും അതില്‍ ഉറപ്പുനല്‍കപ്പെട്ട വിശ്വാസ സ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശങ്ങള്‍ തുടങ്ങിയ ഭരണഘടനാപരമായ തത്വങ്ങളോടുമുള്ള പരസ്യമായ വെല്ലുവിളി ആയിരുന്നു. എന്നിരുന്നാലും അതിനു രാജ്യത്തു ജനപിന്തുണ കിട്ടി. അതിനുള്ള കാരണം മുസ്ലിം ഭരണകാലത്തു വടക്കേ ഇന്ത്യയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്ഷേത്രധ്വംസനങ്ങള്‍ സംബന്ധിച്ച പരാതികളാണ്. ഹിന്ദു സമൂഹത്തില്‍ അതുണ്ടാക്കിയ വൈകാരിക പ്രതികരണങ്ങള്‍ ആര്‍ക്കും അവഗണിക്കാനാവുമായിരുന്നില്ല. വിഷയത്തില്‍ കൂടുതല്‍ കൃത്യവും പ്രായോഗികവുമായ പ്രതികരണങ്ങള്‍ മുന്നോട്ടുവെച്ചത് ഡല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല തുടങ്ങിയ അക്കാദമിക സ്ഥാപനങ്ങളിലെ പൊതുവില്‍ ഇടതുപക്ഷക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരുപറ്റം ചരിത്രകാരന്മാരായിരുന്നു. റോമിലാ ഥാപ്പറും ബിപന്‍ ചന്ദ്രയും സുമിത് സര്‍ക്കാരും കെ എന്‍ പണിക്കരും അടങ്ങുന്ന ഡല്‍ഹി ഹിസ്റ്റോറിയന്‍സ് ഗ്രൂപ്പ് ആണ് ശക്തമായ ഒരു പ്രതിരോധ പ്രവര്‍ത്തനം കാഴ്ച വെച്ചത്. സംഘപരിവാരത്തിന്റെ വാദമുഖങ്ങളുടെ അന്തസ്സാരശൂന്യത അവര്‍ വെളിയില്‍ കൊണ്ടുവന്നു. എന്നാല്‍ മുസ്ലിം നേതൃത്വം അതിലൊന്നും ഒരു താല്പര്യവും പ്രകടിപ്പിച്ചില്ല. ഒരിക്കല്‍ പള്ളിയായി മാറിയ സ്ഥലം എക്കാലവും അങ്ങനെ തന്നെ എന്നാണ് ചിലര്‍ വാദിച്ചത്. എന്നാല്‍ ഇസ്ലാമികലോകത്തും മറ്റിടങ്ങളിലും ധാരാളം ആരാധനാലയങ്ങള്‍ പല കാരണങ്ങളാല്‍ മാറ്റി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അയോധ്യയാണ് രാമജന്മഭൂമി എന്ന സങ്കല്പത്തിന്റ ശക്തിയും സ്വാധീനവും അവര്‍ ഒട്ടും പരിഗണിക്കുകയുണ്ടായില്ല. അതിനാല്‍ വിഷയത്തില്‍ സമാധാനപരമായ ഒരു പരിഹാരശ്രമവും നടന്നതുമില്ല.
കേരളത്തിലും ഇത്തരം പ്രശ്‌നങ്ങളില്‍ അമിത വൈകാരികത കുത്തിനിറച്ച പരാമര്‍ശങ്ങളാണ് മുസ്ലിം നേതാക്കളില്‍ നിന്നും വന്നുകൊണ്ടിരുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമാണ് പലരും മുന്നില്‍ കണ്ടത്. അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആദ്യകാല പ്രസംഗങ്ങള്‍ അതിനു ഉദാഹരണമാണ്. അവ മുസ്ലിംകളെ അപരവത്കരിക്കുകയും മറ്റു സമുദായങ്ങളുമായുള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തു. പില്‍ക്കാലത്തു പ്രവാചകനെ നിന്ദിച്ചു എന്ന ആരോപണം ഉയര്‍ത്തി ഒരു കോളജ് അധ്യാപകന്റെ കൈവെട്ടി മാറ്റുന്ന സ്ഥിതി വരെ കേരളത്തില്‍ ഉടലെടുത്തത് മതപരമായ വിഷയങ്ങളില്‍ അമിത വൈകാരികത സമൂഹത്തില്‍ കുത്തിനിറച്ചതിന്റെ ഫലമായിരുന്നു.അബ്ദുല്‍ നാസര്‍ മഅ്ദനി | PHOTO : WIKI COMMONS
അത് മുസ്ലിം സമൂഹത്തില്‍ ഉണ്ടാക്കിയ ആഘാതവും ചില്ലറയല്ല. ഏതാനും വര്‍ഷം മുമ്പ് മലബാറില്‍ നിന്നും യെമനിലേക്കു ആടു മേയ്ക്കാനും അഫ്ഗാനില്‍ ഇസ്ലാമികപ്പോരാട്ടത്തില്‍ അണിനിരക്കാനുമായി നിരവധി യുവാക്കള്‍ യാത്രയാവുകയുണ്ടായി. അവരില്‍ ഭൂരിപക്ഷവും പുരോഗമനവാദികള്‍ എന്നറിയപ്പെട്ട മുജാഹിദ് കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നു മദ്രാസ് ഐ.ഐ.ടിയിലെ സാമൂഹികശാസ്ത്ര ഗവേഷകരായ ആര്‍ സന്തോഷും മറ്റും ഒരു പഠനത്തില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അതായതു വക്കം മൗലവിയുടെ മുജാഹിദ് പ്രസ്ഥാനം കാലാന്തരത്തില്‍ തീവ്രസലഫി ആശയങ്ങളുടെ പിടിയില്‍ അകപ്പെട്ടു എന്നര്‍ത്ഥം. ഇന്ന് സുന്നി കുടുംബങ്ങളിലും പെണ്‍കുട്ടികള്‍ മുഖമടക്കം മൂടുന്ന വസ്ത്രധാരണരീതി വര്‍ധിച്ചുവരികയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ പോലും മലബാറില്‍ ഇങ്ങനെയുള്ള വസ്ത്രവുമായാണ് പുറത്തേക്കു പോകുന്നത്.
അതുകൊണ്ടെന്തു പ്രശ്‌നം, മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശമില്ലേ എന്നൊക്കെയാണ് ഇത്തരം പ്രവണതകളെ ന്യായീകരിക്കാനായി ചിലര്‍ ഉന്നയിക്കുന്ന വാദമുഖം. എന്നാല്‍ ഇത് പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രമാണോ അതോ അവരുടെ സമുദായ നേതാക്കളുടെ തെരഞ്ഞെടുപ്പോ? അത്തരം ചോദ്യങ്ങളില്‍ അര്‍ത്ഥമില്ല. കാരണം വസ്ത്ര സ്വാതന്ത്ര്യമാണ് വിഷയമെങ്കില്‍ എല്ലാവിധ വസ്ത്രവും സ്വീകാര്യമാവേണ്ടതാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം എന്ന ആശയം കൊണ്ടുവന്നപ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തതും ഇക്കൂട്ടര്‍ തന്നെ.
ഇത്തരം ഇരട്ടത്താപ്പുകള്‍ ഇന്ന് കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. അതിന്റെ സാമൂഹികമായ പ്രത്യാഘാതം ചെറിയതല്ല എന്നും നമ്മള്‍ മനസ്സിലാക്കണം. കേരളത്തില്‍ മുസ്ലിം സമുദായവും സഹോദര സമുദായങ്ങളുമായുള്ള ഊഷ്മളമായ ബന്ധങ്ങളുടെ കണ്ണികള്‍ അറ്റുപോകുകയാണ്. ഇത് മുമ്പൊരിക്കലും കാണാത്ത പ്രതിഭാസമാണ്. ഒ വി വിജയനും എം ടി വാസുദേവന്‍ നായരും തങ്ങളുടെ കൃതികളില്‍ ഗൃഹാതുരതയോടെ വര്‍ണ്ണിച്ച മുസ്ലിം ഗ്രാമീണസമൂഹം ഇന്ന് കേരളത്തില്‍ അന്യംനിന്നു പോയിരിക്കുന്നു. ഒരു കാലത്തു അവര്‍ മലയാളി ഗ്രാമങ്ങളില്‍ സംസ്‌കാരത്തിന്റെയും സ്‌നേഹത്തിന്റെയും ബഹുസ്വര പാരസ്പര്യത്തിന്റേയും ഉജ്വല മാതൃകകള്‍ സൃഷ്ടിച്ചിരുന്നു. ഇന്ന് അത്തരം സമ്പര്‍ക്കങ്ങളുടെ നൂലിഴകള്‍ അറ്റുപോകുകയും പകരം വേലിക്കെട്ടുകളും വന്മതിലുകളും ഉയരുകയുമാണ്.REPRESENTATIVE IMAGE | WIKI COMMONS
സമൂഹത്തിലെ വരേണ്യ വിഭാഗങ്ങളുടെ വര്‍ഗീയവും വിഭജന സ്വഭാവമുള്ളതുമായ അജണ്ടകള്‍ ആര്‍ക്കും അറിയാത്തതല്ല. എന്നാല്‍ കേരളത്തില്‍ വ്യാപകമായി വരുന്ന ഇസ്ലാംഭീതിയുടെ സ്വാധീനം അവരില്‍ മാത്രമാണോ കാണുന്നത്? ലവ് ജിഹാദ് അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതില്‍ പലതും മുന്‍കാലങ്ങളില്‍ മുസ്ലിംകളുമായി അടുത്ത ബന്ധങ്ങള്‍ നിലനിര്‍ത്തിയിരുന്ന കീഴാള സമൂഹങ്ങളെയും സ്വാധീനിച്ചു എന്നത് സത്യമാണ്. അതിനെ ചെറുക്കാന്‍ ശക്തമായ സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ മുസ്ലിം സമുദായം പരാജയപ്പെടുകയുമാണ്. കേരളത്തില്‍ മുസ്ലിംങ്ങളും കീഴാളസമുദായങ്ങളും ഒന്നിച്ചുനിന്ന് ഒരു പ്രക്ഷോഭം നടത്തിയത് 2000-2006 കാലത്തു നടന്ന സംവരണ സംരക്ഷണ പ്രക്ഷോഭമായിരുന്നു. അതിന്റെ ഫലമായാണ് സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമായ സര്‍ക്കാര്‍ ജോലികള്‍ നികത്താനായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ അത്തരം യോജിച്ച മുന്നേറ്റങ്ങള്‍ പിന്നീടുണ്ടായില്ല. മുസ്ലിം അജണ്ടകള്‍ കൂടുതല്‍ മതപരവും സാമുദായിക സ്വത്വത്തില്‍ ഊന്നിയതുമായി എന്നതും അതിനൊരു കാരണമാണ്. നേരത്തെ മുസ്ലിംലീഗിലും എസ്ഡിപിഐ, പിഡിപി, വെല്‍ഫേര്‍ പാര്‍ട്ടി തുടങ്ങിയ മുസ്ലിം നേതൃത്വത്തിലുള്ള പാര്‍ട്ടികളും അണിനിരന്ന ദളിത്-പിന്നാക്ക നേതാക്കന്മാര്‍ പലരും കാലാന്തരത്തില്‍ പിന്‍വാങ്ങി എന്നതിന്റെ സൂചനയും അതുതന്നെ.
ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ മുസ്ലിം രാഷ്ടീയം ഇന്നൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സമൂഹത്തിലെ മുഖ്യപ്രശ്‌നങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ മുസ്ലിം സമൂഹം ഇന്ന് ഉള്‍വലിയലിന്റെ ചിതമാണ് കാഴ്ച വെക്കുന്നത്. കേരളീയ ബഹുസ്വരസമൂഹത്തില്‍ സി എച്ച് മുഹമ്മദ് കോയയെപ്പോലെ എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു നേതാവിനെ മുന്നോട്ടു കൊണ്ടുവരുന്നതില്‍ മുസ്ലിം സമുദായം പരാജയപ്പെടുകയാണ്. അതിനുള്ള കാരണം അന്വേഷിക്കേണ്ടത് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ മുസ്ലിംകള്‍ക്കിടയില്‍ സ്വാധീനം നേടിയ സ്വത്വവാദ നിലപാടുകള്‍ സ്വയം കൈകാലുകള്‍ ബന്ധിക്കുന്ന നിലയിലേക്ക് വികസിച്ചരിക്കുന്നു എന്നതില്‍ കൂടിയാണ്. അനിയന്ത്രിതമായ സ്വത്വവാദം ഒരു പരിധിക്കപ്പുറം പോകുമ്പോള്‍ നിഷേധ പ്രവണതകള്‍ക്കു കരുത്തേകും എന്നാണ് കേരളത്തിലെ അനുഭവങ്ങള്‍ കാണിക്കുന്നത്.
ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്നും ഹിന്ദുക്കളെ രക്ഷിക്കുക എന്ന് വിളിച്ചു പറയുന്നത് വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന അരുണ്‍ ഷൂരിയാണ്. അതേപോലെ മതത്തിലും വിശ്വാസത്തിലും മാത്രം അധിഷ്ഠിതമായ രാഷ്ട്രീയവും നയങ്ങളും ന്യൂനപക്ഷ സമൂഹങ്ങളെയും ഗുരുതരമായ പ്രതിസന്ധികളിലേക്കു നയിക്കുകയാണ് എന്നു തിരിച്ചറിയാന്‍ സമയമായിരിക്കുന്നു. തിരുത്തലുകള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു എന്നാണ് വസ്തുതകള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാവുന്ന കാര്യം.
(Mappila And Comrades: A Century of Communist-Muslim Relations in Kerala
എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖകന്‍)