TMJ
searchnav-menu
post-thumbnail

Wanderlust

കാലാവസ്ഥ മാറ്റം കേരള ടൂറിസത്തിന്റെ ഭൂമിശാസ്ത്രം തിരുത്തുമോ ?

01 Nov 2024   |   4 min Read
കെപി സേതുനാഥ്

ഗോളതലത്തില്‍ ഏറ്റവുമധികം വേഗത്തില്‍ വളരുന്ന മേഖലകളിലൊന്നാണ് വിനോദ സഞ്ചാരം. ലോക യാത്ര-വിനോദ സഞ്ചാര കൗണ്‍സിലിന്റെ (World Travel and Tourism Council) അനുമാനപ്രകാരം 2024-ല്‍ വിനോദ സഞ്ചാര മേഖല ലോക സമ്പദ്ഘടനക്ക് നല്‍കുന്ന സംഭാവന 11.1 ട്രില്യണ്‍ ഡോളറാവാമെന്നാണ് (11.1 ലക്ഷം കോടി). അതായത് ലോകസമ്പദ്ഘടനയില്‍ കൈമാറ്റം ചെയ്യുന്ന ഒരോ 10 ഡോളറിലും 1 ഡോളര്‍ വിനോദ സഞ്ചാര മേഖലയുടെ വകയാവും. യാത്ര-വിനോദസഞ്ചാര മേഖല സമ്പദ്ഘടനയില്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍. ലോകമാകെ വിനോദസഞ്ചാരികളുടെ എണ്ണം 2024-ന്റെ ആദ്യപാദത്തില്‍ കോവിഡിനു മുമ്പുള്ള കാലഘട്ടത്തില്‍ രേഖപ്പെടുത്തിയതിന്റെ 97 ശതമാനത്തില്‍ എത്തിയതായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ-പസഫിക് മേഖലിയിലെ വിനോദസഞ്ചാരികളുടെ എണ്ണം കോവിഡിനു മുമ്പുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും പിന്നിലാണ്. കോവിഡിനു മുമ്പുണ്ടായിരുന്നതിന്റെ 82 ശതമാനമാണ് 2024-ലെ ഒന്നാം പാദത്തില്‍ ഏഷ്യ-പസഫിക് മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പൊതുവെ നോക്കുമ്പോള്‍ വളര്‍ച്ചയാണ് വിനോദസഞ്ചാര മേഖലയില്‍ കാണാനാവുക. കേരളത്തിലും അതാണ് സ്ഥിതിയെന്നു ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരള വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 2023-ല്‍ സംസ്ഥാനം സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍ എത്തി. അതായത് 2018, 2019 വര്‍ഷങ്ങളിലെ പ്രളയവും, അതിനു ശേഷം വന്ന കോവിഡ് മഹാമാരിയും വരുത്തിയ വലിയ തിരിച്ചടികള്‍ക്കു ശേഷം ടൂറിസം മേഖല കരുത്തോടെ തിരിച്ചു വന്ന വര്‍ഷമായി 2023-നെ സര്‍ക്കാര്‍ വിലയിരുത്തുന്നു. വിദേശികളും, സ്വദേശികളുമായി കേരളം സന്ദര്‍ശിച്ചവരുടെ എണ്ണം 2.25 കോടി എന്നാണ് കണക്കുകള്‍. സന്ദര്‍ശകരില്‍ 2.18 കോടി ആഭ്യന്തര ടൂറിസ്റ്റുകളും, 6.49 ലക്ഷം വിദേശികളും ഉള്‍പ്പെടുന്നു. 2020, 2021 വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വളര്‍ച്ച വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെയധികം ആശ്വാസകരവും ആത്മവിശ്വാസം നല്‍ക്കുന്നതുമാണ്. കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ പ്രധാന പ്രോഗ്രാമുകളില്‍ ഒന്നായ കേരള ട്രാവല്‍ മാര്‍ട്ടിലെ (കെടിഎം) ഈ വര്‍ഷത്തെ പങ്കാളിത്തവും ആത്മവിശ്വാസം നല്‍കുന്നതാണ്. കൊച്ചിയില്‍ സെപ്തംബറില്‍ നടന്ന മൂന്നു ദിവസത്തെ കെടിഎം പരിപാടിയില്‍ 75,000 വാണിജ്യ കൂടിക്കാഴ്ചകള്‍ (ബി2ബി) നടന്നതായി സംഘാടകര്‍ വെളിപ്പെടുത്തിയിരുന്നു. ആകര്‍ഷണീയമായ ഈ നേട്ടങ്ങള്‍ ഉള്ളപ്പോഴും അത് എത്രത്തോളം സ്ഥായിയാണ് എന്ന ചോദ്യം അപ്പോഴും ബാക്കി നില്‍ക്കുന്നു. 2024-ലെ ടൂറിസം സീസണിന്റെ തുടക്കം വളരെ പതിഞ്ഞ നിലയിലാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആ ചോദ്യം കൂടുതല്‍ അടിയന്തരമാവുന്നു. കേരളത്തിലെ വിനോദസഞ്ചാര വ്യവസായം വികസിച്ചതിന്റെ ചരിത്രപരമായ പരിശോധന അതിനുള്ള ഉത്തരം കണ്ടെത്താന്‍ സഹായകമാകും.

REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിന്റെ ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചക്കുള്ള സുപ്രധാന മേഖലയായി വിനോദസഞ്ചാരം തിരിച്ചറിയപ്പെടുന്നത് 1980-കളിലാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നയപരമായ തീരുമാനങ്ങളും പുറമെ നിന്നുള്ള മറ്റു ചില സംഭവവികാസങ്ങളും സംസ്ഥാനത്തിന്റെ പ്രധാന വ്യവസായമായി വിനോദസഞ്ചാരം മാറുന്നതിനുള്ള പ്രേരണ നല്‍കി. ദൈവത്തിന്റെ സ്വന്തം നാട് എന്ന പ്രയോഗം പലപ്പോഴും മടുപ്പിക്കുന്ന ക്ലീഷേയായി മാറിയെങ്കിലും ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തെ ബ്രാന്‍ഡ് ചെയ്യുന്നതില്‍ അത് സുപ്രധാന പങ്കു വഹിക്കുന്നു. 1980 കള്‍ മുതല്‍ 2015 വരെയുള്ള കാലം കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ കാലമായിരുന്നുവെന്നു പൊതുവെ അനുമാനിക്കപ്പെടുന്നു. വിനോദസഞ്ചാരികളുടെ എണ്ണം, വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള വരുമാനം എന്നിവ മാത്രം കണക്കിലെടുക്കുന്ന പരിമിതമായ അര്‍ത്ഥത്തിലാണ് വളര്‍ച്ചയുടെ കാലമെന്ന അനുമാനം. പ്രാദേശിക വിഭവങ്ങളുടെ പുതിയ തരത്തിലുള്ള അമിതചൂഷണം, പൊതുവിഭവങ്ങളുടെ സ്വകാര്യവല്‍ക്കരണം, ജനങ്ങളുടെ അരികുവല്‍ക്കരണം തുടങ്ങിയ പലതരത്തിലുള്ള നിഷേധ പ്രവണതകളും വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നുവന്ന കാര്യം പരിഗണിക്കുമ്പോള്‍ വളര്‍ച്ചയുടെ അര്‍ത്ഥം പരിമിതമാവുക സ്വാഭാവികം. 1994-ല്‍ ഗുജറാത്തിലെ സൂറത്ത് നഗരത്തെ ഗ്രസിച്ച പ്ലേഗ് ബാധയും 2008-ലെ മാന്ദ്യം സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയും മാറ്റിനിര്‍ത്തിയാല്‍ 2015 വരെ കേരളത്തിലെ ടൂറിസം മേഖല വച്ചടി മുന്നേറുകയായിരുന്നുവെന്നു പൊതുവെ കണക്കാക്കപ്പെടുന്നു. 2017-ലെ ഓഖി ചുഴലിക്കാറ്റ്, 2018-ലെ നിപ രോഗം, പ്രളയം, സര്‍വോപരി കോവിഡ് എന്നിവ കേരളത്തിലെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചു. ബാധിച്ചുവെന്നു മാത്രം പറയുന്നത് ഒരു ലഘൂകരണമാവും. കാലാവസ്ഥ വ്യതിയാനവും, പകര്‍ച്ച വ്യാധികളും കേരളത്തെ മാത്രമല്ല ലോക ടൂറിസം മേഖലയെ അടിസ്ഥാനപരമായി ബാധിക്കുന്ന വിഷയങ്ങളായി മാറിയിരിക്കുന്നു. കേരളത്തിന്റെ പ്രധാന വ്യവസായമായി വിനോദസഞ്ചാരം ഉടലെടുത്ത വര്‍ഷങ്ങളില്‍ ഒരിക്കലും പരിഗണനയില്‍ ഇല്ലാതിരുന്ന വിഷയങ്ങളാണ് ഇവ രണ്ടും. അതിനാല്‍ തന്നെ സര്‍ക്കാര്‍ തലത്തിലെ നയകര്‍ത്താക്കളും, വിനോദസഞ്ചാര വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിഭാഗവും ഈ വിഷയങ്ങളെ അവ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇനിയും സമീപിച്ചിട്ടില്ലെന്നാണ് കരുതാനാവുക. മുന്നോട്ടുള്ള പോക്കിനിടയില്‍ സംഭവിച്ച ചില അപഭ്രംശങ്ങള്‍ എന്ന നിലയിലാണ് പൊതുവെ ഈ വിഷയങ്ങളോടുള്ള സമീപനം. 2023-ല്‍ സംസ്ഥാനം സന്ദര്‍ശിച്ച ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന ഉയര്‍ത്തിക്കാട്ടി പ്രളയവും, മഹാമാരിയും വരുത്തിയ തിരിച്ചടികളെ പിന്നിലാക്കിയെന്ന ആത്മവിശ്വാസം അതിന്റെ ലക്ഷണമായി കണക്കാക്കാം.

ഇന്ത്യയിലെ വിനോദസഞ്ചാര വ്യവസായത്തിന്റെ നെറുകയിലാണ് കേരളമെന്നൊരു ധാരണ സംസ്ഥാനത്തിനകത്ത് വളരെ വ്യാപകമാണ്. പക്ഷെ ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ ടൂറിസ്റ്റുകളില്‍ നല്ലൊരു ശതമാനവും കേരളം സന്ദര്‍ശിക്കുന്നില്ലെന്ന കാര്യം വളരെ ക്ഷമയോടെ നാം മനസ്സിലാക്കണം. ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2023-ല്‍ ഇന്ത്യ സന്ദര്‍ശിച്ച വിദേശികള്‍ 90.24 ലക്ഷം പേരാണ്. അതില്‍ കേരളം സന്ദര്‍ശിച്ച വിദേശികള്‍ 6.49 ലക്ഷം മാത്രമാണ്. അതായത് ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികളുടെ 10 ശതമാനം പോലും കേരളത്തിലെത്തുന്നില്ലെന്നു സാരം. ആഗോള വിനോദ സഞ്ചാര ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടി പരിഗണിക്കുമ്പോള്‍ കേരളത്തിന് ഇനിയും വളരെ ദൂരം താണ്ടാനുണ്ടെന്ന കാര്യം ബോധ്യമാകും. ലോക സാമ്പത്തിക ഫോറം 2024 മെയ് മാസം പ്രസിദ്ധീകരിച്ച ട്രാവല്‍ ആന്റ് ടൂറിസം ഡെവലപ്പ്മെന്റ് ഇന്‍ഡക്സ് 2024 പ്രകാരം ഇന്ത്യയുടെ സ്ഥാനം 39 ആണ്. മൊത്തം 119 രാജ്യങ്ങളുടെ സൂചികയിലാണ് ഇന്ത്യയുടെ സ്ഥാനം 39-തായി കണക്കാക്കിയിട്ടുള്ളത്. വിനോദസഞ്ചാര മേഖലയില്‍ കേരളം കൈവരിച്ച നേട്ടത്തെ ഒട്ടും കുറച്ചു കാണിക്കുവാനല്ല ഈ വിവരങ്ങള്‍ കുറിക്കുന്നത്. കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതല്‍ മൂല്യമുള്ള സ്ഥായിയായ നേട്ടങ്ങളാക്കി വളര്‍ത്തുന്നതിനുള്ള ആവശ്യകത ഉറപ്പിക്കുന്നതിന് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ സഹായകമാകുമെന്ന തോന്നലിലാണ് അവ രേഖപ്പെടുത്തുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
യാത്ര-വിനോദ സഞ്ചാരമേഖല കോവിഡിന് മുമ്പുള്ള കാലഘട്ടത്തിലെ അല്ലെങ്കില്‍ അതിനെ മറികടക്കുന്ന സ്ഥിതിയില്‍ എത്തുന്നതിനെ പറ്റി ശുഭാപ്തി വിശ്വാസം പുലര്‍ത്തുമ്പോഴും ചില മുന്നറിയിപ്പുകള്‍ ടിടിഡിഐ-സൂചിക നല്‍കുന്നു. സാമ്പത്തിക മേഖല, ജിയോപൊളിറ്റിക്സ്, പരിസ്ഥിതി എന്നീ മേഖലകളിലെ വെല്ലുവിളികള്‍ മുതല്‍ എഐ പോലുള്ള സാങ്കേതിക വിദ്യകള്‍ ഉയര്‍ത്തുന്ന അനിശ്ചിതത്വങ്ങള്‍ വരെ യാത്ര-വിനോദസഞ്ചാര മേഖലയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക വിഷയങ്ങളാണ്. അതിലും പ്രധാനം ഈ സൂചിക വികസിപ്പിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളും, രീതിശാസ്ത്രവും, വിശദാംശങ്ങളുമാണ്. നയരൂപീകരണം മുതല്‍ മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ള കാര്യങ്ങള്‍ വികസിപ്പിക്കുന്നതിനും മാതൃകയാക്കാവുന്ന ഒന്നാണ് അവ. ടിടിഡിഐ സൂചികയുടെ ചട്ടക്കൂട് ഇങ്ങനെയാണ്. 5 അടിസ്ഥാന പ്രമേയങ്ങളെ ആസ്പദമാക്കിയുള്ള 17 തൂണുകളും അവയില്‍ നിന്നും വികസിപ്പിച്ച 102 ദിശാസൂചികകളും വിശകലനവിധേയമാക്കിയാണ് സൂചിക രൂപപ്പെടുത്തല്‍. ഉദാഹരണമായി ടിടി സുസ്ഥിരതയെന്ന അടിസ്ഥാന തത്വത്തെ പാരിസ്ഥിതിക സുസ്ഥിരത, ടിടി ഊര്‍ജ്ജ സുസ്ഥിരത, മലിനീകരണ-പരിസ്ഥിതി അവസ്ഥകള്‍, പ്രകൃതി സംരക്ഷണം, ടിടി സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍, ടിടി ഡിമാന്‍ഡ് സുസ്ഥിരത എന്നിങ്ങനെ ആറു പ്രധാന പോയിന്റുകളായി തരംതിരിച്ച ശേഷം അവയോരോന്നിന്റെയും ദിശാസൂചികകളെ വിശകലനം 
ചെയ്തശേഷമാണ് സൂചിക നിര്‍ണ്ണയിക്കുക. 119 രാജ്യങ്ങളില്‍ നിന്നും ഇത്രയും വിശാലമായ പരിപ്രേക്ഷ്യത്തില്‍ ശേഖരിക്കുന്ന ഡാറ്റയെ വിശകലനം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ആഗോളതലത്തില്‍ യാത്ര-വിനോദസഞ്ചാര മേഖലകള്‍ അവയുടെ ഹ്രസ്വ-ദീര്‍ഘകാല നിക്ഷേപങ്ങളും, പദ്ധതികളും ആവിഷ്‌ക്കരിക്കുക. അതില്‍ തന്നെ നിര്‍ണ്ണായകമായ ഡാറ്റ എപ്പോഴും കുറഞ്ഞത് 500 ഡോളര്‍ എന്ന നിരക്കില്‍ വില കൊടുത്താല്‍ മാത്രം ലഭ്യമാവുന്നതായിരിക്കും.

വയനാട് ദുരന്തമെന്നതിനു പകരം ചൂരല്‍മല, മുണ്ടക്കൈ ദുരന്തമെന്നു പറഞ്ഞാല്‍ വയനാട്ടിലെ ടൂറിസം മേഖല ഉയര്‍ത്തെണീക്കുമെന്ന തരത്തിലുള്ള ധാരണകള്‍ വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡാറ്റ ശേഖരണം എത്രത്തോളം സൂക്ഷ്മതലത്തിലാണ് നടക്കുന്നതെന്ന കാര്യം ലഘുവായി വിശദീകരിച്ചത്. ചൂരല്‍മലയെന്നും, മുണ്ടക്കൈയ്യെന്നും പറഞ്ഞാല്‍ വയനാടിനെയും, കേരളത്തിനെയും ബാധിക്കില്ലെന്ന തരത്തിലുളള മൗഢ്യമല്ല കാലാവസ്ഥ വ്യതിയാനന്തര കാലഘട്ടത്തെ എങ്ങനെ തരണം ചെയ്യണമെന്നുള്ള നയരൂപീകരണത്തിനുള്ള വഴി. കാലാവസ്ഥ മാറ്റം ഭൂമിയുടെ ഒരോ കോണിലും വരുത്താനിടയുള്ള പ്രത്യാഘാതങ്ങളെ പറ്റി ഇപ്പോള്‍ ഒരു പക്ഷെ ഏറ്റവുമധികം വ്യക്തതയുള്ള ഡാറ്റ കൈവശമുള്ളവര്‍ ആഗോളതലത്തിലെ വന്‍കിട മുതലാളിത്ത സ്ഥാപനങ്ങളാവും. കാരണം കാലാവസ്ഥ മാറ്റത്തിന്റെ ഭവിഷ്യത്തുകള്‍ വലിയൊരു നിക്ഷേപകാവസരമാണെന്ന തിരിച്ചറിവ് വന്‍കിട മൂലധന ശക്തികള്‍ കൃത്യമായി തിരിച്ചറഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഗ്രീന്‍ ക്യാപിറ്റലിസമെന്ന പ്രയോഗം തന്നെ ഭാഷയില്‍ സാധാരണമായിരിക്കുന്നു. അത്തരമൊരു കാലഘട്ടത്തില്‍ കാലാവസ്ഥ മാറ്റത്തിന്റെ ഫലമായുണ്ടാവുന്ന ഭവിഷ്യത്തുകള്‍ നമ്മെ ബാധിക്കുന്നതല്ലെന്ന തരത്തിലുള്ള നിലപാടുകള്‍ ഗുണത്തെക്കാള്‍ ദോഷമാവും വരുത്തുക. കാലാവസ്ഥ മാറ്റം യാഥാര്‍ത്ഥ്യമാണെന്നും അതിനെ എങ്ങനെ അഭിമുഖീകരിക്കണമെന്നും വ്യക്തമായ ധാരണ രൂപപ്പെടുത്തുകയും അതനുസരിച്ചുള്ള നയപരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും നടപ്പിലാക്കുകയുമാണ് മുന്നിലുള്ള പോംവഴി. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പ്രധാന തീം എന്ന നിലയില്‍ വിനോദ സഞ്ചാരം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന പ്രേരണ അതാണ്. കാലാവസ്ഥ മാറ്റത്തിന്റെ കാലഘട്ടത്തിലെ ടൂറിസം നേരിടുന്ന വെല്ലുവിളികളും, അവസരങ്ങളും എന്നതാവും നമ്മുടെ ഉള്ളടക്കത്തിന്റെ ഫോക്കസ്.

മലബാര്‍ ജേര്‍ണലിന്റെ അഭ്യുദയകാംക്ഷികളുടെ എല്ലാ വിധത്തിലുമുള്ള സഹായവും പിന്തുണയും പതിവുപോലെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ പുതിയ തീമിലേക്ക് കടക്കുന്നു.




# wanderlust
Leave a comment