TMJ
searchnav-menu
post-thumbnail

Outlook

ലളിതമായ ആ സാധാരണത്വം എനിക്കേറെ ഇഷ്ടം

18 Jul 2023   |   1 min Read
മമ്മൂട്ടി

(ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അരനൂറ്റാണ്ട് തികച്ച സന്ദര്‍ഭത്തില്‍, 2021 നവംബറില്‍, വീക്ഷണം പുറത്തിറക്കിയ 'ഇതിഹാസം - നിയമസഭയിലെ അരനൂറ്റാണ്ട്' എന്ന പുസ്തകത്തില്‍ നിന്ന് )

കേരളം കണ്ട് നിന്ന വളര്‍ച്ചയാണ് ഉമ്മന്‍ചാണ്ടിയുടേത്. ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം നിയമസഭയിലുണ്ട്. ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി എന്ന സുഹൃത്തിനെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. ആ സുഹൃത്തിന്റെ വലിയ നേട്ടങ്ങളിൽ ഞാന്‍ ആഹ്ളാദിക്കുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ മൂന്നാം നാള്‍ കൊച്ചിയിലൊരു ചടങ്ങിന് വന്നപ്പോള്‍ ഉച്ചയൂണ് കഴിക്കാന്‍ പനമ്പിള്ളി നഗറിലെ എന്റെ വീട്ടിലേക്കാണ് വന്നത്. യാതൊരു ഔപചാരികതയുമില്ലാതെ അത്തരം എത്രയോ കൂടിച്ചേരലുകള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. രാഷ്ട്രീയാഭിപ്രായങ്ങള്‍ക്കപ്പുറത്തുള്ള ഒരു സ്‌നേഹബന്ധവും സൗഹൃദവും ഞങ്ങള്‍ തമ്മിലുണ്ട്. സാധാരണത്വം ആണ് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ലളിതമായ ആ സാധാരണത്വമാണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നതും. എത്ര തിരക്കുണ്ടെങ്കിലും ഒന്ന് കാണാന്‍ സൗകര്യം ചോദിച്ചാലോ, വിളിച്ചാലോ കിട്ടാതിരുന്നിട്ടില്ല. അത്ര വലിയ തിരക്കാണെങ്കില്‍ തിരിച്ച് വിളിക്കാമെന്ന് പറയും, കൃത്യമായി തിരിച്ചു വിളിക്കുകയും ചെയ്യും.




ഉമ്മന്‍ ചാണ്ടിയോട് വിയോജിപ്പുള്ളത് സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ രീതികളോടാണ്. എപ്പോഴും കാണുമ്പോള്‍ അക്കാര്യങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ച് പറയാറുമുണ്ട്. അമേരിക്കയില്‍ ചികിത്സയ്ക്ക് പോയി ദുബായ് വഴി മടങ്ങിയെത്തിയപ്പോള്‍ ഞാനും അതേ സമയത്ത് ദുബായിലുണ്ടായിരുന്നു. ഉടന്‍തന്നെ മകള്‍ അച്ചു താമസിക്കുന്ന വീട്ടില്‍ പോയി കണ്ടു. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് മടങ്ങിയത്. 

പൊതുജീവിതത്തില്‍ നിന്ന് എപ്പോഴോ പിന്‍വലിഞ്ഞ് നില്‍ക്കുന്നതായി എനിക്ക് തോന്നിയപ്പോഴും ഞാന്‍ വിളിച്ചു. പിന്നോട്ട് മാറി നില്‍ക്കരുത് ധൈര്യമായിട്ട് മുന്നോട്ട് പോകണം. അത്തരം വിളികള്‍ എപ്പോഴുമുണ്ടാകാറുണ്ട്. നേട്ടങ്ങളും പദവികളും വരുമ്പോഴുള്ള അഭിനന്ദനങ്ങളേക്കാള്‍, ഒന്നുലഞ്ഞ് പോയോ എന്ന് ഞാനാശങ്കപ്പെടാറുള്ള സന്ദര്‍ഭങ്ങളിലാണ് കൂടുതലും വിളിച്ചിട്ടുള്ളത്. ആ പാരസ്പര്യം അദ്ദേഹത്തിനുമറിയാം. അത് ഹൃദയം കൊണ്ടുള്ളൊരു കൊടുക്കല്‍ വാങ്ങലാണ്. അതിന് വാക്കുകളുടെ കടലൊന്നും വേണ്ട. ഒരു മിഴിച്ചെപ്പിലൊതുക്കാവുന്ന സ്‌നേഹാന്വേഷണം മതി.


#outlook
Leave a comment