കേരളത്തിൽ നിന്നും മിസ് ഇന്ത്യയാകാൻ ക്രിസ്റ്റീന ബിജു
പാർവ്വതി ഓമനക്കുട്ടന് ശേഷം ആഗോള-ദേശീയ സൗന്ദര്യ മത്സരങ്ങളിൽ തിളങ്ങാൻ മറ്റൊരു മലയാളി. പത്തനംതിട്ട സ്വദേശി ക്രിസ്റ്റീന ബിജു ആണ് മിസ് ഇന്ത്യ മത്സരത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്താൻ ഉറപ്പിച്ചിരിക്കുന്നത്. ദേശീയ-ലോക സൗന്ദര്യമത്സരവേദികളിൽ തിളങ്ങിയ പാർവ്വതി ഓമനക്കുട്ടൻ മലയാളികളുടെ അഭിമാനമായിരുന്നു. മുംബൈ മലയാളി ആയിരുന്നു അവർ. 2008 ൽ മിസ് ഇന്ത്യയായി തരഞ്ഞെടുക്കപ്പെടുകയും അതേ വർഷം നടന്ന മിസ് വേൾഡ് മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പാക്കുകയും ചെയ്ത പാർവ്വതി മലയാളി പെൺകുട്ടികൾക്കും ഏറെ പ്രചോദനമായി. പിന്നീട് മലയാളി പെൺകുട്ടികൾക്ക് സൗന്ദര്യമത്സരത്തിന്റെ വിവിധ തലങ്ങളിൽ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചു.
ഈ വർഷം മിസ് ഇന്ത്യാ കിരീടം കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് പത്തനംതിട്ട കൊടുമൺ സ്വദേശിനിയായ ക്രിസ്റ്റീന ബിജു. കഴിഞ്ഞ 15 വർഷമായി കുടുംബവുമൊത്ത് ഡൽഹിയിൽ താമസിക്കുന്ന ക്രിസ്റ്റീന ഏപ്രിലിൽ ഇംഫാലിൽ നടക്കുന്ന മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. പതിനെട്ടാം വയസിൽ മിസ് ഒഡീഷയായി മിസ് ഇന്ത്യ മത്സരത്തിന് യോഗ്യത നേടിയ ക്രിസ്റ്റീന ആ മത്സരത്തിൽ പങ്കെടുത്തിരുന്നില്ല. സൗന്ദര്യമത്സരത്തിൽ കേരളത്തെ പ്രതിനീധികരിച്ച് പങ്കെടുക്കണമെന്ന ആഗ്രഹത്താൽ മാത്രമായിരുന്നു ആ അവസരം ഉപേക്ഷിച്ചത്. ആഗ്രഹസാഫല്യമെന്നോണം, 2023 ലെ ഫെമിന മിസ് കേരളയായി ക്രിസ്റ്റീന കിരീടമണിഞ്ഞു. ഈ നേട്ടത്തിലൂടെ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.
സ്‌കൂൾ കാലഘട്ടം മുതൽ ഫാഷൻ റാമ്പുകളും മോഡലിംഗിലും താല്പര്യം പ്രകടിപ്പിച്ചിരുന്ന ക്രിസ്റ്റി ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ ബിരുദപഠനത്തിന് ചേർന്നു. പഠനത്തിനൊപ്പം തന്നെ മോഡലിങ്ങിൽ സജീവമായതോടെ കോഴ്സ് പൂർത്തീകരിക്കാൻ സാധിച്ചില്ല. മിസ് ഇന്ത്യ മത്സരത്തിന് മുംബൈയിലെ അന്തിമഘട്ട പരിശീലനത്തിന് ശേഷം ഏപ്രിൽ 15 നാണ് ഇംഫാലിൽ മത്സരങ്ങൾ നടക്കുക. ക്രിസ്റ്റീനയുൾപ്പെടെ 30 മത്സരാർത്ഥികളാണ് മിസ് ഇന്ത്യ വേദിയിൽ മാറ്റുരയ്ക്കുക. പത്തനംതിട്ട കൊടുമൺ കിണറുവിളയാണ് ക്രിസ്റ്റീനയുടെ കുടുംബവീട്. അസം റൈഫിൾസിൽ കമാൻഡന്റായ പിതാവ് ബിജു സാം, അമ്മ പ്രിൻസി സഹോദരൻ ഡേവിഡ് എന്നിവരുടെ പൂർണ്ണമായ പിന്തുണ ക്രിസ്റ്റീനയ്ക്കുണ്ട്.
ഫെമിന മിസ് ഇന്ത്യയ്ക്ക് വേദിയായി മണിപ്പൂർ
ചരിത്രത്തിലാദ്യമായി ഫെമിന മിസ് ഇന്ത്യ മത്സരം മണിപ്പൂരിന്റെ മണ്ണിൽ അരങ്ങേറുകയാണ്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലാണ് മത്സരവേദികൾ തയാറാക്കുന്നത്. മത്സരത്തിന്റെ സംഘാടകരായ ടൈംസ് ഗ്രൂപ്പും മണിപ്പൂർ സർക്കാർ ടൂറിസം ഡിപ്പാർട്ട്‌മെന്റും തമ്മിലുള്ള നിയമനടപടികൾ 2022 നവംബറിൽ തന്നെ പൂർത്തിയായിരുന്നു. ആറ് ദശാബ്ദത്തിലേറെയായി ഇന്ത്യൻ പെൺകുട്ടികൾക്ക് അവസരങ്ങൾ നല്കിക്കൊണ്ടിരിക്കുന്ന മിസ് ഇന്ത്യ മത്സരത്തിലെ വിജയികൾ ലോക സൗന്ദര്യ കിരീടം നേടിയതിനും രാജ്യത്തെ ജനങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൂടുതൽ തവണ മിസ് വേൾഡ് കിരീടം സ്വന്തമാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നതും ഈ നേട്ടത്തെ എടുത്തുകാട്ടുന്നു. 59-ാം ഫെമിന ഇന്ത്യ മത്സരത്തിന്റെ വിജയിയെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ ഏറെയും ഇത്തവണ കേരളത്തിൽ നിന്നാകും.