ലാറ്റിനമേരിക്കൻ പിങ്ക് ടൈഡിൽ<br>കൊളംബിയയും ചുവക്കുമ്പോൾ
ലാറ്റിനമേരിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് കൊളംബിയയുടെ 212 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ഇടതുപക്ഷ പ്രസിഡന്റ് അധികാരത്തിലേറാൻ പോവുകയാണ്. ജൂൺ 19 ന് നടന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് മുൻ ഗറില്ല പോരാളി കൂടിയായ ഗുസ്താവോ പെട്രോ ചരിത്രം കുറിക്കുന്നത്. ആദ്യമായി ഒരു കറുത്ത വർഗ്ഗക്കാരി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയെന്ന ചരിത്ര മുഹൂർത്തത്തിന് കൂടി കൊളംബിയ സാക്ഷിയാവുന്നുണ്ട്. ഫ്രാൻസിയ മാർക്കേസ് എന്ന ആഫ്രോ - കൊളംബിയൻ വംശജ വൈസ് പ്രസിഡന്റ് പദവിയിൽ എത്തുന്നത് കൊളംബിയ പോലെയൊരു യാഥാസ്ഥിതിക സമൂഹത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇടതുപക്ഷ ഗവൺമെന്റുകൾ നിലവിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അർജന്റീന, ബൊളീവിയ, പെറു, ചിലി, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലെ ജനവിധി കൊളംബിയയിലും ആവർത്തിക്കുന്നത് ലാറ്റിനമേരിക്കയുടെ രാഷ്ട്രീയത്തിൽ സംഭവിക്കുന്ന ഒരു മാറ്റത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.