.jpg)
അപകടകരമാം വിധം ജീവിക്കുന്ന ഒരു കലാകൃത്ത്
ഐ വെയ്‌വെയ് (Ai Weiwei) ഒരു പ്രമുഖ ചൈനീസ് കലാകൃത്തും, ഡോക്യുമെന്ററി സംവിധായകനും, സാമൂഹ്യ പ്രവർത്തകനുമാണ്. ചൈനീസ് സർക്കാരിനെതിരെയുള്ള വിമർശനങ്ങളും മനുഷ്യാവകാശങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ മുഖമുദ്രയാണ്. പരമ്പരാഗത ചൈനീസ് കലാ രൂപങ്ങളെ സമകാലിക സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളുമായി സംയോജിപ്പിച്ചാണ് അദ്ദേഹം തന്റെ സൃഷ്ടികൾ നടത്തുന്നത്.
ബീജിംഗിൽ ജനിച്ച വെയ്‌വെയ് പ്രശസ്ത കവിയായ ഐ ക്വിങ്ങിന്റെ (Ai Qing) മകനാണ്. 1932ല്‍ പാരീസില്‍ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയ ശേഷം ക്വിങ്ങ് ചൈന ലെഫ്റ്റ് വിംഗ് ആർട്ടിസ്റ്റ് അസോസിയേഷനിൽ ചേർന്നു. കൂമിന്താങ്ങിനെ എതിർത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 1941ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1949 മുതൽ അദ്ദേഹം സാംസ്കാരിക സമിതികളിൽ അംഗമായിരുന്നു. പോയട്രി മാഗസിന്റെ എഡിറ്ററും പീപ്പിൾസ് ലിറ്ററേച്ചറിന്റെ അസോസിയേറ്റ് എഡിറ്ററുമായിരുന്നു അദ്ദേഹം. 1957ൽ, വലതുപക്ഷ വിരുദ്ധ പ്രസ്ഥാനത്തിന്റെ സമയത്ത്, വലതുപക്ഷവാദി എന്ന് മുദ്രകുത്തപ്പെട്ട അദ്ദേഹത്തെ വടക്കുകിഴക്കൻ ചൈനയിലെ ഫാമുകളിലേക്ക് നാടുകടത്തി. അന്ന് വെയ്‌വെയ്ക്ക് ഒരു വയസ്സായിരുന്നു. അവിടെ അവർ പതിനാറ് വര്‍ഷം കഠിനമായ സാഹചര്യങ്ങളിലാണ് ജീവിച്ചത്. മാവോ സേതുങ്ങിന്റെ മരണത്തിനും സാംസ്കാരിക വിപ്ലവത്തിന്റെ അവസാനത്തിനും ശേഷം, കുടുംബം ബീജിംഗിലേക്ക് മടങ്ങി. ഈ അനുഭവം അദ്ദേഹത്തിന്റെ ലോകവീക്ഷണത്തെയും അനീതിക്കെതിരെ പ്രതികരിക്കാനുള്ള നിലപാടിനെയും ആഴത്തിൽ സ്വാധീനിച്ചു. ഈ നാടുകടത്തലിനെക്കുറിച്ച് വെയ്‌വെയ് ഇങ്ങനെ കുറിക്കുന്നു: “എന്റെ പിതാവിനെ വിഴുങ്ങിയ ചുഴലിക്കാറ്റ് എന്റെ ജീവിതത്തെയും കീഴ്മേൽ മറിച്ചു, ഇന്നും ഞാൻ പേറുന്ന ഭീകരമായ ഒരടയാളം അത് എന്നിൽ അവശേഷിപ്പിച്ചു.”
ഐ വെയ്‌വെയ് | PHOTO : WIKI COMMONS
ബീജിംഗ് ഫിലിം അക്കാദമിയിൽ ചേര്‍ന്ന് വെയ്‌വെയ് അനിമേഷന്‍ പഠിച്ചു. ആദ്യകാല അവാംഗ്-ഗാര്‍ഡ് കലാകൂട്ടായ്മയായ ‘ദി സ്റ്റാർസ്’ എന്ന ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളായി അദ്ദേഹം മാറി. 1980കളിൽ അദ്ദേഹം ന്യൂയോർക്ക് നഗരത്തിലേക്ക് താമസം മാറി. പല സ്ഥാപനങ്ങളിലായി അദ്ദേഹം ഇംഗ്ലീഷും, ഡിസൈനും പഠിച്ചു. പിന്നീട് പഠനം ഉപേക്ഷിച്ച അദ്ദേഹം തെരുവില്‍ ചിത്രങ്ങൾ വരച്ചും ചെറിയ ജോലികൾ ചെയ്തും ജീവിതം മുന്നോട്ട് കൊണ്ടുപോയി. ഈ കാലയളവിലാണ് മാർസെൽ ഡുഷാമ്പ്, ആൻഡി വാർഹോൾ, ജാസ്പർ ജോൺസ് തുടങ്ങിയവരുടെ സൃഷ്ടികളുമായി അദ്ദേഹം പരിചയത്തിലാകുന്നത്. തുടർന്ന്, റെഡിമെയ്ഡ് വസ്തുക്കൾക്ക് മാറ്റം വരുത്തിക്കൊണ്ട് അദ്ദേഹം കൺസെപ്ച്വൽ ആർട്ട് സൃഷ്ടിക്കാൻ തുടങ്ങി.
1993ൽ വെയ്‌വെയ് ചൈനയിലേക്ക് മടങ്ങി. അവിടെ അദ്ദേഹം പരീക്ഷണാത്മക കലാകാരന്മാരുടെ കൂട്ടായ്മയായ ‘ബീജിംഗ് ഈസ്റ്റ് വില്ലേജ്’ സ്ഥാപിക്കാൻ സഹായിച്ചു. 1999ൽ അദ്ദേഹം ബീജിംഗിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള കാവോചാങ്ഡിയിലേക്ക് താമസം മാറുകയും, അദ്ദേഹത്തിന്റെ ആദ്യത്തെ സ്റ്റുഡിയോ ഹൗസ് നിർമ്മിക്കുകയും ചെയ്തു. വാസ്തുവിദ്യയിലുള്ള താൽപ്പര്യം കാരണം, അദ്ദേഹം ‘FAKE Design’ എന്ന വാസ്തുവിദ്യാ സ്റ്റുഡിയോ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മറ്റൊരു സ്റ്റുഡിയോയാണ് ‘ലെഫ്റ്റ് ആന്‍ഡ് റൈറ്റ് ആര്‍ട്ട് സ്റ്റുഡിയോ.’
ചൈനീസ് അധികൃതര്‍ വെയ്‌വെയ്‌യുടെ സ്റ്റുഡിയോകൾ പലതവണ നശിപ്പിക്കുകയും ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്. 2008ൽ, ഒരു സാംസ്കാരിക ജില്ലയുടെ വികസനത്തിന്റെ ഭാഗമായി ഒരു സ്റ്റുഡിയോ നിർമ്മിക്കാൻ ഷാങ്ഹായിലെ ഉദ്യോഗസ്ഥർ വെയ്‌വെയെ ക്ഷണിച്ചു. അദ്ദേഹം സ്റ്റുഡിയോ പൂർത്തിയാക്കിയെങ്കിലും, 2010 അവസാനത്തോടെ അധികാരികൾ അത് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടു. കെട്ടിടത്തിന് ആവശ്യമായ പ്ലാനിംഗ് പെർമിറ്റുകൾ ഇല്ലായിരുന്നു എന്നതായിരുന്നു സർക്കാർ നൽകിയ ഔദ്യോഗിക കാരണം, എന്നാൽ സർക്കാരിന്റെ വിമർശകനായതുകൊണ്ടാണ് ഈ നടപടിയെന്ന് വെയ്‌വെയും മറ്റ് പലരും വിശ്വസിച്ചു. 2018 ഓഗസ്റ്റിൽ, ബീജിംഗിലെ വെയ്‌വെയുടെ പ്രധാന സ്റ്റുഡിയോകളിൽ ഒന്ന് അധികാരികൾ ഇടിച്ചുനിരത്തി.
സ്ട്രെയ്റ്റ് | PHOTO : WIKI COMMONS
ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചൈനീസ് സർക്കാരിന്റെ നിലപാടുകളെ അദ്ദേഹം പരസ്യമായി വിമർശിച്ചു. സർക്കാർ അഴിമതികളെയും മറച്ചുവയ്ക്കലുകളെയും കുറിച്ച്, പ്രത്യേകിച്ച് 2008ലെ സിചുവാൻ ഭൂകമ്പത്തിൽ തകർന്ന ‘ടോഫു-ഡ്രെഗ് സ്കൂളുകൾ’ എന്നറിയപ്പെടുന്ന ദുർബലമായ സ്കൂൾ കെട്ടിടങ്ങളെക്കുറിച്ചുള്ള സിചുവാൻ സ്കൂൾ അഴിമതിയെക്കുറിച്ച് അദ്ദേഹം അന്വേഷണം നടത്തി. 2011 ഏപ്രിലിൽ, ‘സാമ്പത്തിക കുറ്റകൃത്യങ്ങൾ’ ആരോപിച്ച് അദ്ദേഹത്തെ ബീജിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയും യാതൊരു കുറ്റവും ചുമത്താതെ 81 ദിവസം തടവിൽ വയ്ക്കുകയും ചെയ്തു.
അഴിമതിയും നിർമ്മാണത്തിലെ അശ്രദ്ധയും കാരണമാണ് സ്കൂളുകൾ തകർന്നതെന്ന സംശയമുയർന്നതിനാൽ, മരിച്ച കുട്ടികളുടെ പേരുകൾ പുറത്തുവിടാൻ സർക്കാർ വിസമ്മതിക്കുകയും വിവരങ്ങൾ സെൻസർ ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വെയ്‌വെയ് തകർന്ന സ്കൂളുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ മരിച്ച ആയിരക്കണക്കിന് കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും കണ്ടെത്താൻ ഒരു ജനകീയ അന്വേഷണം ആരംഭിച്ചത്. ഇതേക്കുറിച്ച് അദ്ദേഹം കലാസൃഷ്ടികള്‍
നടത്തുകയുണ്ടായി.
9,000 സ്കൂൾ ബാഗുകൾ ഉപയോഗിച്ചാണ് അദ്ദേഹം ‘റിമംബറിംഗ്’ (Remembering) എന്ന കലാസൃഷ്ടി ഒരുക്കിയത്. മ്യൂസിയത്തിന്റെ മുൻഭാഗം മുഴുവൻ ഈ ബാഗുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഓരോ ബാഗും മരിച്ചുപോയ ഓരോ കുട്ടിയെ പ്രതിനിധീകരിക്കുന്നു. ഈ ബാഗുകൾ ചൈനീസ് ഭാഷയില്‍ ഒരു വാക്യം രൂപപ്പെടുത്തിയിരിക്കുന്നു: “അവൾ ഈ ലോകത്ത് ഏഴ് വർഷം സന്തോഷത്തോടെ ജീവിച്ചു.” നൂറുകണക്കിന് കുട്ടികളോടൊപ്പം ഭൂകമ്പത്തിൽ തകർന്ന സ്കൂളിൽ മരിച്ച ഒരു കുട്ടിയുടെ ദുഃഖിതയായ അമ്മയുടെതാണ് ഹൃദയഭേദകമായ ഈ വാക്കുകൾ.
റിമംബറിംഗ് | PHOTO: WIKI COMMONS
ഭൂകമ്പത്തിൽ തകർന്ന സ്കൂളുകളിൽ നിന്ന് ശേഖരിച്ച 90 ടൺ സ്റ്റീൽ കമ്പികൾ കൈകൊണ്ട് നേരെയാക്കിയെടുത്ത്, ഒരു തരംഗരൂപത്തിൽ വിന്യസിച്ചിരിക്കുന്ന കലാസൃഷ്ടിയാണ് ‘സ്ട്രെയ്റ്റ്’ (Straight). ഭൂകമ്പത്തിന്റെ ഫലമായുണ്ടായ ഭൂരേഖയെ ഇത് പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. .വെയ്‌വെയുടെ അന്വേഷണം, പ്രവർത്തകർക്കെതിരെയുള്ള സർക്കാർ അടിച്ചമർത്തലുകൾ, അദ്ദേഹത്തിനും സംഘത്തിനും നേരിടേണ്ടി വന്ന അക്രമങ്ങൾ എന്നിവ വിവരിക്കുന്ന ഒരു ഡോക്യുമെന്ററിയാണ് ‘സോ സോറി’ (So Sorry).
ജയിൽമോചിതനായ ശേഷം അദ്ദേഹത്തെ സർക്കാർ വീട്ടുതടങ്കലിലാക്കി, വിദേശയാത്രകൾക്ക് വിലക്കേർപ്പെടുത്തി, തുടർച്ചയായ നിരീക്ഷണത്തിലാക്കി. 2015ൽ മാത്രമാണ് അദ്ദേഹത്തിന് പാസ്പോർട്ട് തിരികെ ലഭിച്ചത്. അതിനുശേഷം അദ്ദേഹം ചൈന വിട്ട് വിവിധ രാജ്യങ്ങളിൽ താമസിക്കുകയും, തന്റെ കലാപ്രവർത്തനങ്ങളും പ്രതിഷേധങ്ങളും തുടരുകയും ചെയ്യുന്നു.
വെയ്‌വെയ്ക്ക് മറ്റ് പല ഉപദ്രവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 2009ൽ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് അദ്ദേഹത്തിന് മസ്തിഷ്ക രക്തസ്രാവമുണ്ടായി. ഇതൊക്കെയും അദ്ദേഹത്തിന്റെ വിമർശനാത്മകമായ ശബ്ദം ഇല്ലാതാക്കാൻ ചൈനീസ് അധികാരികൾ നടത്തുന്ന നിരന്തരമായ സമ്മർദ്ദത്തിന്റെ ഭാഗമാണ്.
“വളരെ ചെറുപ്പത്തിൽത്തന്നെ എനിക്ക് വ്യക്തമായിരുന്നു, ചൈനീസ് അധികൃതര്‍ക്ക് അതിനോട് വിയോജിക്കുന്ന ആളുകളോട് മാനുഷികതയില്ല, അവരെ അത് കഠിനമായി അടിച്ചമർത്തുകയും ചെയ്യും.” മാനവികതയില്ലാത്ത ഈ സമൂഹത്തെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലും കലയിലും അപലപിക്കുന്നത്. വെയ്‌വെയുടെ ജീവിതവും ചിന്തകളും കലാപരമായ പ്രവർത്തനങ്ങളും ചൈനയുടെ രാഷ്ട്രീയ സമ്പ്രദായങ്ങളുമായുള്ള നിരന്തര സംവാദമാണ്. അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കലയെയും രാഷ്ട്രീയത്തെയും വേർതിരിക്കാൻ കഴിയില്ല, കാരണം തന്നെ ചുറ്റിപ്പറ്റിയുള്ളതും തന്റെ വ്യക്തിത്വവും ശരീരവും അവയവങ്ങളും രൂപപ്പെടുത്തുന്ന എല്ലാറ്റിലും, അദ്ദേഹം ഒരു രാഷ്ട്രീയ മാനം കാണുന്നു. ‘കല ജീവിതമാണ്, ജീവിതം കലയാണ്’ എന്നതാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. വെയ്‌വെയ് വലിയ വ്യക്തിപരമായ അപകടസാധ്യതകൾ ഏറ്റെടുക്കുന്നു, രാഷ്ട്രീയ അധികാരികളുടെയും ഭരണകൂടത്തിന്റെയും ഇടപെടലുകൾ ഉണ്ടായിട്ടും, തന്റെ കലയുടെയും സാമൂഹിക പ്രവർത്തനങ്ങളുടെയും പിന്നിലുള്ള പ്രേരണയോട് അദ്ദേഹം വിശ്വസ്തനായി തുടരുന്നു.
സൺഫ്ലവർ സീഡ്‌സ് | PHOTO : WIKI COMMONS
'സൺഫ്ലവർ സീഡ്‌സ്’ (Sunflower Seeds) വെയ്‌വെയുടെ ഏറ്റവും പ്രശസ്തവും ശക്തവുമായ ഇൻസ്റ്റലേഷനുകളിൽ ഒന്നാണ്. ചൈനീസ് ചരിത്രം, സംസ്കാരം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവയിൽ നിന്നും ഉരുത്തിരിഞ്ഞ അഗാധമായ ആശയങ്ങളാണ് ഇതിലുള്ളത്. 2010ൽ ലണ്ടനിലെ ടേറ്റ് മോഡേണിലെ ടർബൈൻ ഹാളിലാണ് ഈ കലാസൃഷ്ടി സ്ഥാപിച്ചത്.
ഈ കലാസൃഷ്ടിയുടെ പ്രധാന ഭാഗം, കൈകൊണ്ട് ചായം പൂശിയ 100 ദശലക്ഷത്തിലധികം പോർസലൈൻ സൂര്യകാന്തി വിത്തുകളാണ്. ഇതിന് മൊത്തം 150 മെട്രിക് ടൺ ഭാരമുണ്ട്. ഇത് ഏകദേശം 1,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടർബൈൻ ഹാളിന്റെ തറ മുഴുവൻ മൂടിയിരുന്നു. ദൂരെ നിന്ന് നോക്കുമ്പോൾ, ഈ വിത്തുകൾ ഒരൊറ്റ ചാരനിറമുള്ള പരവതാനി പോലെ തോന്നും. എന്നാൽ അടുത്ത് നിന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ ഓരോന്നും സൂര്യകാന്തി വിത്തിന്റെ പുറംതോട് പോലെ സൂക്ഷ്മമായി കൊത്തിയെടുത്തതാണെന്ന് മനസ്സിലാകും. ഈ കലാസൃഷ്ടിയുടെ വ്യാപ്തിയും, അതിലെ സൂക്ഷ്മമായ വിശദാംശങ്ങളും ഇതിന്റെ സന്ദേശത്തിന് പ്രാധാന്യം നൽകുന്നു.
ഈ കലാസൃഷ്ടി ഒരുക്കുന്നതിൽ വെയ്‌വെയ് സ്വീകരിച്ച പ്രക്രിയ അന്തിമ ഉൽപ്പന്നം പോലെ തന്നെ പ്രധാനമാണ്. ആയിരത്തിലധികം വർഷങ്ങളായി പോർസലൈൻ നിർമ്മാണത്തിന് പേരുകേട്ട ചൈനയിലെ ഒരു നഗരത്തിലെ 1,600ലധികം കരകൗശല വിദഗ്ദ്ധരെയാണ് അദ്ദേഹം ഇതിനായി നിയോഗിച്ചത്. ഈ കലാകാരന്മാർ ഓരോ പോർസലൈൻ വിത്തും പ്രത്യേകം ചുട്ടെടുത്ത്, മോള്‍ഡ് ചെയ്ത് കൈകൊണ്ട് ചായം പൂശി.
വിലകുറഞ്ഞതും വൻതോതിൽ നിർമ്മിക്കുന്നതുമായ ഉൽപ്പന്നങ്ങളുടെ ‘മെയ്ഡ് ഇൻ ചൈന’ എന്ന പ്രതിച്ഛായയ്ക്ക് വിപരീതമായി, മനഃപൂർവ്വം തിരഞ്ഞെടുത്ത ഒരു രീതിയായിരുന്നു ഇത്. കൂടുതൽ അധ്വാനം ആവശ്യമുള്ള, പരമ്പരാഗതമായ ഈ കരകൗശല വിദ്യ, വളരെ ലളിതമെന്ന് തോന്നുന്ന വസ്തുക്കൾക്ക് പിന്നിലെ മനുഷ്യപ്രയത്നത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.
ഫ്രാഗ്മെന്റ്സ് | PHOTO : WIKI COMMONS
മാവോയുടെ കാലത്ത്, പ്രചാരണ പോസ്റ്ററുകളിൽ ചെയർമാൻ മാവോയെ സൂര്യനായും ചൈനീസ് ജനതയെ അദ്ദേഹത്തോട് കൂറ് പുലർത്തുന്ന സൂര്യകാന്തിപ്പൂക്കളായും ചിത്രീകരിച്ചിരുന്നു. എന്നാൽ വെയ്‌വെയ് ഈ ചിത്രീകരണത്തെ മാറ്റിമറിച്ചത്, സൂര്യകാന്തിപ്പൂവിനെക്കാൾ ഓരോ വിത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ്. ലക്ഷക്കണക്കിന് വരുന്ന ഈ വിത്തുകൾ ചൈനയിലെ ജനസംഖ്യയെയാണ് സൂചിപ്പിക്കുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ ഇവയെല്ലാം ഒരേപോലെ, അജ്ഞാതമായ ഒരു കൂട്ടമായി തോന്നുമെങ്കിലും, അടുത്ത് നിന്ന് നോക്കിയാൽ ഓരോ വിത്തിനും അതിന്റെതായ പ്രത്യേകത കാണാം. ആധുനിക ചൈനീസ് സമൂഹത്തിലെ ഏകാന്തതയെയും വ്യക്തിപരമായ അടിച്ചമർത്തലിനെയും ഇത് ശക്തമായി ഓർമ്മിപ്പിക്കുന്നു.
വെയ്‌വെയെ സംബന്ധിച്ചിടത്തോളം സൂര്യകാന്തി വിത്തുകൾക്ക് വ്യക്തിപരമായ പ്രാധാന്യമുണ്ട്. അദ്ദേഹത്തിന്റെ കുടുംബം നാടുകടത്തപ്പെട്ടപ്പോൾ, സൂര്യകാന്തി വിത്തുകൾ പങ്കുവയ്ക്കുന്നത് സൗഹൃദത്തിന്റെയും ആശ്വാസത്തിന്റെയും ഒരു സാധാരണ പ്രവൃത്തിയായിരുന്നു. ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് പോലും ഇത് താങ്ങാനാവുന്ന ഒരു ചെറിയ വിഭവമായിരുന്നു. ഈ വ്യക്തിപരമായ ഓർമ്മകൾ ഈ കലാസൃഷ്ടിക്ക് ദുരിതകാലത്തും കൂട്ടായ്മയുടെയും പ്രതീക്ഷയുടെയും ഒരു സന്ദേശം നൽകുന്നു.
തുടക്കത്തിൽ, ഈ ഇൻസ്റ്റലേഷൻ രൂപകൽപ്പന ചെയ്തത് ആളുകൾക്ക് അതിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു.സന്ദർശകരെ വിത്തുകളിലൂടെ നടക്കാനും അതിന്റെ ശബ്ദം കേൾക്കാനും അതുമായി ശാരീരികമായി ഇടപഴകാനും പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ, പ്രദർശനം തുടങ്ങി ഏതാനും ദിവസങ്ങൾക്കകം ഗാലറി അധികൃതർക്ക് ഇൻസ്റ്റലേഷന് ചുറ്റും കയർ കെട്ടി തിരിക്കേണ്ടിവന്നു. ആളുകൾ വിത്തുകളിലൂടെ നടക്കുമ്പോൾ ഉണ്ടായ പൊടി പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതാണ് ഇതിന് കാരണം. സ്പർശിച്ചറിയാവുന്ന, നേരിട്ട് ഇടപെടാൻ കഴിയുന്ന ഒരു അനുഭവത്തിൽ നിന്ന് കേവലം കണ്ടുമാത്രം മനസ്സിലാക്കേണ്ട ഒന്നായി ഇത് മാറിയതോടെ, കലാകാരന്റെ ഉദ്ദേശ്യവും സ്ഥാപനത്തിന്റെ നിയന്ത്രണ, സുരക്ഷാ ആവശ്യകതകളും തമ്മിലുള്ള സംഘർഷത്തെ ഈ കലാസൃഷ്ടിയുടെ മറ്റൊരു തലമായി വ്യാഖ്യാനിക്കാം.
ഡ്രോപ്പിങ് എ ഹാൻ ഡൈനാസ്റ്റി അർൺ | PHOTO : WIKI COMMONS
‘ഡ്രോപ്പിങ് എ ഹാൻ ഡൈനാസ്റ്റി അർൺ’ (Dropping a Han Dynasty Urn) എന്നത് 1995ൽ വെയ്‌വെയ് സൃഷ്ടിച്ച ഒരു ട്രിപ്റ്റിക് ഫോട്ടോഗ്രാഫിക് കലാസൃഷ്ടിയാണ്. മൂന്ന് വലിയ, കറുപ്പും വെളുപ്പും നിറത്തിലുള്ള ഫോട്ടോകൾ അടുത്തടുത്തായി വച്ചാണ് ഈ സൃഷ്ടി പൂർത്തിയാക്കിയിരിക്കുന്നത്. കലാകാരൻ ഒറ്റയ്ക്ക് ചെയ്യുന്ന ഒരു പ്രവൃത്തിയെയാണ് ഈ ചിത്രങ്ങൾ രേഖപ്പെടുത്തുന്നത്.
ആദ്യ ഫോട്ടോയിൽ, വെയ്‌വെയ് ഗൗരവവും നിശ്ചയദാർഢ്യവുമുള്ള ഒരു ഭാവത്തോടെ, രണ്ടായിരം വർഷം പഴക്കമുള്ള ഒരു ഹാൻ രാജവംശ ഭരണകാലത്തെ ഭരണി (മൺകലശം) കൈകളില്‍ പിടിച്ചുനിൽക്കുന്നു. രണ്ടാമത്തെ ഫോട്ടോയിൽ, മൺകലശം താഴേക്ക് പതിക്കുന്നതിന്റെ പാതിവഴിയിലുള്ള ദൃശ്യമാണ്. മൂന്നാമത്തെ ഫോട്ടോയിൽ, തകർന്നുപോയ മൺകലശത്തിന്റെ കഷണങ്ങൾ കാലിനടിയിൽ ചിതറിക്കിടക്കുമ്പോൾ വെയ്‌വെയ് ഭാവഭേദമൊന്നുമില്ലാതെ നിൽക്കുന്നു. അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു പശ്ചാത്താപമോ വികാരങ്ങളോ കാണുന്നില്ല.
ഒരു വിലമതിക്കാനാവാത്ത പുരാവസ്തുവിനെ മനഃപൂർവ്വം തകര്‍ക്കുന്നത്തില്‍ പലരും രോഷാകുലരായി. എന്നാല്‍, വെയ്‌വെയ്‌യുടെ ഉദ്ദേശ്യം നശിപ്പിക്കുക എന്നതല്ല, മറിച്ച് ശക്തമായ ഒരു പ്രസ്താവന ഉണ്ടാക്കുക എന്നതാണ്. അദ്ദേഹം ഇപ്രകാരം പ്രതികരിച്ചു: “പഴയ ലോകത്തെ നശിപ്പിച്ചാൽ മാത്രമേ നമുക്ക് ഒരു പുതിയ ലോകം കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് ചെയർമാൻ മാവോ പറയാറുണ്ടായിരുന്നു.” ഈ പ്രസ്താവന ചൈനയിലെ സാംസ്കാരിക വിപ്ലവകാലത്ത് വ്യാപകമായി നടന്ന പുരാവസ്തുക്കളുടെ നാശത്തെയും, ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിന് ‘നാല് പഴയ കാര്യ’ങ്ങളെ നശിപ്പിക്കണമെന്ന നിർദ്ദേശത്തെയും സൂചിപ്പിക്കുന്നു. പഴയ ആചാരങ്ങൾ, ശീലങ്ങൾ, സംസ്കാരം, ആശയങ്ങൾ എന്നിവയായിരുന്നു ഈ നാല് കാര്യങ്ങൾ. വെയ്‌വെയുടെ പിതാവും കവിയുമായ ഐ ക്വിംഗ് ഇക്കാലത്തെ രാഷ്ട്രീയ വേട്ടയാടലിന് ഇരയായി. വെയ്‌വെയ്‌ക്ക് ഈ വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്നു. കലശം തകർക്കുന്നതിലൂടെ, വെയ്‌വെയ് ഈ ചരിത്രപരമായ നാശത്തെ ഓർമ്മിപ്പിക്കുന്ന ഒരു പ്രവൃത്തി നടത്തുന്നു, പക്ഷേ അത് വ്യക്തിപരവും വികാരരഹിതവുമായ ഒരു വിമർശനാത്മക മനോഭാവത്തോടെയാണ് ചെയ്യുന്നത്.
ഒരു വസ്തുവിന് അതിന്റെ മൂല്യം നൽകുന്നത് എന്താണെന്ന് വെയ്‌വെയ് നേരിട്ട് ചോദ്യം ചെയ്യുന്നു. അതിന്റെ പഴക്കമാണോ? അതിന്റെ ചരിത്രപരമായ പ്രാധാന്യമാണോ? അതോ അത് വച്ചിരിക്കുന്ന പശ്ചാത്തലമാണോ? കലശം നശിപ്പിക്കുന്നതിലൂടെ, അതിന്റെ പരമ്പരാഗത മൂല്യം ഇല്ലാതാക്കുകയും പുതിയ അർത്ഥങ്ങളുള്ള ഒരു സമകാലിക കലാസൃഷ്ടിയായി അതിനെ മാറ്റുകയും ചെയ്യുന്നു. താൻ വാങ്ങിയ കലശങ്ങൾ ഒരു ഡോളറിന് പന്ത്രണ്ട് എന്ന കണക്കിൽ ലഭിക്കുന്നവയാണെന്ന് അദ്ദേഹം ഒരിക്കൽ അഭിപ്രായപ്പെട്ടു.
കൊക്കകോള വേസ് സീരീസ് | PHOTO : WIKI COMMONS
അദ്ദേഹത്തിന്റെ കലാസൃഷ്ടികളിൽ പുരാതന ഭരണികള്‍ സര്‍വ്വസാധാരണമാണ്. ‘കൊക്കകോള വേസ് സീരീസ്’ ഇത്തരത്തിലുള്ള ഒരു സൃഷ്ടിയാണ്. പുരാതന ഭരണികളില്‍ ചായം തേച്ച് വളരെ പ്രകടമായ രീതിയില്‍ കൊക്കക്കോളയുടെ എംബ്ലം അടയാളപ്പെടുത്തിയിരിക്കുന്നു. കൊക്കകോളയുടെ ലോഗോ, ആഗോളവൽക്കരണത്തിന്റെ നിശ്ശബ്ദവും എന്നാൽ അചഞ്ചലവുമായ പ്രവർത്തനങ്ങളെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഈ പ്രത്യേകതരം അക്ഷരങ്ങൾ പൊതുബോധത്തിലേക്ക് ആഴ്ന്നിറങ്ങുകയും, ഉപഭോക്തൃ സംസ്കാരത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു പ്രതീകമായി മാറുകയും ചെയ്തു. ഉപഭോക്തൃത്വത്തിന്റെ മാത്രമല്ല, അതിലുപരിയായി വ്യാപകമായ ജനകീയ സംസ്കാരത്തിന്റെയും പ്രതീകമെന്ന നിലയിൽ ഇതിന്റെ സ്വാധീനം വളരെ വലുതാണ്. അദ്ദേഹത്തിന്റെ സൃഷ്ടി ലളിതമെങ്കിലും ഒരുതരം അട്ടിമറിയാണ്.
ചൈന വലിയൊരു പരിവർത്തനത്തിലൂടെ കടന്നുപോവുകയാണ്. ബെയ്ജിങ്ങിൽ, ചരിത്രപരമായ ഇടവഴികളും പഴയ മുറ്റങ്ങളോടു കൂടിയ വീടുകളും ഭരണകൂടം ഇടിച്ചുനിരത്തുന്നു. അവയ്ക്ക് പകരം പുതിയ കെട്ടിടങ്ങൾ ഉയരുന്നു. ഈ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ, കിഴക്കും പടിഞ്ഞാറും തമ്മിൽ സംഘര്‍ഷമുണ്ടാക്കുന്ന ഒരു രാജ്യത്തിന്റെ പ്രതിഫലനമാണ്. അതായത്, ഒരു പരിവർത്തനഘട്ടത്തിൽ നിൽക്കുന്ന ചൈനയുടെ നേർക്ക് പിടിച്ച കണ്ണാടിയാണ് അദ്ദേഹത്തിന്റെ സൃഷ്ടികൾ.
ഇതിനെ അദ്ദേഹത്തിന്റെ ‘Cultural readymade’ എന്ന ആശയവുമായി ബന്ധിപ്പിക്കാം. മാർസെൽ ഡുഷാമ്പിന്റെ ‘റെഡിമെയ്ഡ്’ എന്ന ആശയത്തില്‍ നിന്നാണ് ഇതിന്റെ പ്രചോദനം. ഡുഷാമ്പിന്റെ ‘റെഡിമെയ്ഡ്’ എന്നാൽ അദ്ദേഹം തിരഞ്ഞെടുത്ത് കലാരൂപങ്ങളായി അവതരിപ്പിക്കുന്ന സാധാരണ വസ്തുക്കളാണ്. ഈ ആശയം, കലയെയും കലാകാരന്റെ പങ്കിനെയും കുറിച്ചുള്ള പരമ്പരാഗത ധാരണയെ സമൂലമായി വെല്ലുവിളിച്ചു. കലാകാന്റെ വൈദഗ്ധ്യമോ കരകൗശലമോ അല്ല, മറിച്ച് കലാകാരന്റെ തിരഞ്ഞെടുപ്പാണ് റെഡിമെയ്ഡിന്റെ കേന്ദ്ര ആശയം.വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന, സാധാരണമായ ഒരു വസ്തു തിരഞ്ഞെടുത്ത്, അതിനെ ഒരു ഗാലറിയിൽ വയ്ക്കുന്നതിലൂടെ, ഡുഷാമ്പ് അത് ഒരു കലാസൃഷ്ടിയായി പ്രഖ്യാപിച്ചു. അതിന് അദ്ദേഹം പലപ്പോഴും ഒരു പുതിയ തലക്കെട്ട് നൽകി, അത് വസ്തുവിന്റെ യഥാർത്ഥ ‘ഉപയോഗപ്രദമായ പ്രാധാന്യം’ ഇല്ലാതാക്കി പുതിയൊരു ആശയപരമായ അർത്ഥം നൽകി. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധവും വിവാദപരവുമായ റെഡിമെയ്ഡ് ഒരു പോർസലൈൻ യൂറിനല്‍ തലകീഴായി വച്ച് ‘ആർ. മട്ട്’ എന്ന പേരിൽ ഒപ്പിട്ട് ഒരു ആർട്ട് എക്സിബിഷനിൽ സമർപ്പിച്ചതായിരുന്നു.
എന്നാൽ വെയ്‌വെയ് ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള വസ്തുക്കളെയാണ് ഉപയോഗിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചൈനീസ് പുരാവസ്തുക്കൾ ഉപയോഗിച്ച് സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ട മൂല്യം, ചരിത്രം, രാഷ്ട്രീയ അധികാരം എന്നിവയെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ‘ഡ്രോപ്പിങ് എ ഹാൻ ഡൈനാസ്റ്റി അർൺ’ എന്ന സൃഷ്ടിയിലെ കുടം തകര്‍ക്കുന്നത് വെറും നശീകരണമല്ല. പഴയ വസ്തു നശിപ്പിക്കപ്പെടുന്നു, എന്നാൽ ആ പ്രവൃത്തിയിൽ നിന്ന് ശക്തമായ ഒരു പുതിയ ആശയം, അതായത് കലാസൃഷ്ടി ജനിക്കുന്നു.
അദ്ദേഹത്തിന്റെ കല ചൈനയുടെ പ്രത്യേക ചരിത്രവും സംസ്കാരവും ഇല്ലാതെ സങ്കൽപ്പിക്കാൻ കഴിയില്ല. അദ്ദേഹം പാരമ്പര്യത്തെ വിഘടിപ്പിക്കുകയും, അപരിചിതമാക്കുകയും പുനർവ്യാഖ്യാനം ചെയ്യുകയും, ഒടുവിൽ പുനഃസംയോജിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ, തന്റെ സൃഷ്ടികളിലും തന്നിലും പാരമ്പര്യത്തോടുള്ള ആഴത്തിലുള്ള ബന്ധം കണ്ടെത്തുകയും ചെയ്യുന്നു, അതേസമയം ഇതൊരു വിമര്‍ശനാത്മക പ്രക്രിയ കൂടിയാണ്. ഭൂതകാലത്തെ ഉപേക്ഷിച്ച്, അതിനെ വർത്തമാനത്തിൽ സർഗ്ഗാത്മകമായി അപരിചിതമാക്കുന്നതിലൂടെ മാത്രമേ ചരിത്രപരമായ ഭാരങ്ങളിൽ നിന്ന് മുക്തമായ ഒരു സ്വതന്ത്ര ഭാവി സൃഷ്ടിക്കാൻ കഴിയൂ. എല്ലാ സർഗ്ഗാത്മകതയുടെയും പ്രധാന ഉറവിടം ഈ സമീപനത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ: “സർഗ്ഗാത്മകത എന്നത് ഭൂതകാലത്തെ തിരസ്കരിക്കാനും, നിലവിലെ അവസ്ഥയെ മാറ്റാനും, പുതിയ സാധ്യതകൾ തേടാനുമുള്ള കഴിവാണ് ” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വെയ്‌വെയുടെ ‘സര്‍ക്കിള്‍ ഓഫ് അനിമല്‍സ്/സോഡിയാക്ക് ഹെഡ്സ്’ (Circle of Animals/Zodiac Heads) എന്ന സൃഷ്ടി ഒരു ചരിത്രപരമായ നിര്‍മ്മിതിയുടെ പുനരാവിഷ്കാരമാണ്. ഈ സൃഷ്ടി ഗാലറിക്കും, മ്യൂസിയത്തിനകത്തും, പൊതുസ്ഥലത്തും പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ സൃഷ്ടി ചരിത്രത്തെയും സാംസ്കാരിക സ്വത്വത്തെയും കുറിച്ചുള്ള ഒരു വ്യാഖ്യാനം മാത്രമല്ല, സ്വേച്ഛാധിപത്യത്തിനെതിരായ കലാകാരന്റെ വ്യക്തിപരമായ പോരാട്ടത്തിന്റെ ശക്തമായ ഒരു സാക്ഷ്യം കൂടിയാണ്
.
സര്‍ക്കിള്‍ ഓഫ് അനിമല്‍സ്/സോഡിയാക്ക് ഹെഡ്സ് | PHOTO : WIKI COMMONS
ഒരു വലിയ പൊതുസ്ഥലത്ത്, ഒരു പാർക്കിലോ, പ്ലാസയിലോ, മ്യൂസിയത്തിന്റെ മുറ്റത്തോ നിങ്ങൾ നടന്നുചെല്ലുകയാണെന്ന് സങ്കൽപ്പിക്കുക. അവിടെ, ഒരു വലിയ വൃത്തത്തിലോ അല്ലെങ്കിൽ ഒരു നിരയിലോ ക്രമീകരിച്ചിരിക്കുന്ന 12 കൂറ്റൻ ശിൽപ്പങ്ങൾ കാണാം. ഓരോന്നും ചൈനീസ് രാശിചക്രത്തിലെ ഓരോ മൃഗത്തെ പ്രതിനിധീകരിക്കുന്നു: എലി, കാള, കടുവ, മുയൽ, വ്യാളി, പാമ്പ്, കുതിര, ആട്, കുരങ്ങ്, പൂവൻകോഴി, നായ, പന്നി.
യഥാർത്ഥ രാശിചക്ര മൃഗത്തലകൾ പതിനെട്ടാം നൂറ്റാണ്ടിൽ ക്വിയാൻലോങ് ചക്രവർത്തിക്ക് വേണ്ടി രണ്ട് യൂറോപ്യൻ ജെസ്യൂട്ട് മിഷനറിമാരായ ഗ്യൂസെപ്പെ കാസ്റ്റിലിയോണും മൈക്കൽ ബെനോയിസ്റ്റും ചേർന്ന് രൂപകൽപ്പന ചെയ്ത ഒരു ജലധാരയുടെ ഭാഗമായിരുന്നു. ഒരു ജലഘടികാരമായാണ് ഈ ജലധാര പ്രവർത്തിച്ചിരുന്നത്, ഓരോ മൃഗത്തലയും ദിവസത്തിൽ രണ്ട് മണിക്കൂർ വീതം വെള്ളം ചീറ്റിക്കൊണ്ടിരുന്നു.
രണ്ടാം കറുപ്പ് യുദ്ധകാലത്ത് (Second Opium War) യുവാൻമിങ് യുവാൻ കൊട്ടാരം ഫ്രഞ്ച്, ബ്രിട്ടീഷ് സൈനികർ കൊള്ളയടിക്കുകയും 12 വെങ്കല മൃഗത്തലകൾ മോഷ്ടിക്കപ്പെടുകയും ചെയ്തു. ഒരു നൂറ്റാണ്ടിലേറെയായി ഈ തലകൾ എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. പിന്നീട് യഥാർത്ഥ തലകളിൽ ഏഴെണ്ണം കണ്ടെത്തി, അവ പലപ്പോഴും അന്താരാഷ്ട്ര ലേലങ്ങളിൽ പ്രത്യക്ഷപ്പെട്ടു, ഇത് സാംസ്കാരിക പുരാവസ്തുക്കൾ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ചൈനയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു.
ഈ സങ്കീർണ്ണമായ ചരിത്രത്തെ വെയ്‌വെയ് തന്റെ കലാസൃഷ്ടിയിലൂടെ അവതരിപ്പിക്കുന്നു. അദ്ദേഹം 12 മൃഗത്തലകളും വലിയ രൂപത്തിൽ വെങ്കല തൂണുകളിൽ സ്ഥാപിച്ചു. ഇത് പൂർത്തിയാക്കാൻ, കണ്ടെത്തിയ യഥാർത്ഥ ശിൽപങ്ങളെ (എലി, കാള, കടുവ, മുയൽ, കുതിര, കുരങ്ങൻ, പന്നി) അടിസ്ഥാനമാക്കി ഏഴ് ശിൽപങ്ങൾ നിർമ്മിക്കുകയും കാണാതായ അഞ്ചെണ്ണത്തിന് (ഡ്രാഗൺ, പാമ്പ്, ആട്, പൂവൻകോഴി, നായ) പുതിയ രൂപം നൽകുകയും ചെയ്തു.
ഇവ ചെറിയ പ്രതിമകളല്ല. ഓരോന്നും ജീവിയുടെ വലിപ്പത്തേക്കാൾ വളരെ വലുതാണ്. ഓരോ മൃഗത്തിന്റെയും തല മാത്രമാണ് ഒരു ഉയരമുള്ള, നേര്‍ത്ത വെങ്കല തൂണിൽ സ്ഥാപിച്ചിരിക്കുന്നത്. ശിൽപ്പങ്ങൾ വെങ്കലത്തിൽ നിർമ്മിച്ചവയാണ്, മിനുസമാർന്നതും ഇരുണ്ടതും അല്പം പഴക്കം തോന്നിക്കുന്നതുമായ നിറം അവയ്ക്ക് ഭാരവും ചരിത്രവും നൽകുന്നു. ഓരോ മൃഗത്തിന്റെയും രൂപവും സ്വഭാവവും സൂക്ഷ്മമായി കൊത്തിയെടുത്തിരിക്കുന്നത് കലാകാരന്റെ വൈദഗ്ദ്ധ്യം വ്യക്തമാക്കുന്നു.
മൊത്തത്തിലുള്ള കാഴ്ച ഒരു കൂട്ടം മൃഗങ്ങൾ നിശ്ശബ്ദമായി നിൽക്കുന്നതുപോലെ തോന്നും. അവ കാവൽ നിൽക്കുന്നതായിരിക്കാം, അല്ലെങ്കിൽ ചിതറിക്കിടന്ന ശേഷം വീണ്ടും പൂർണ്ണമായ ഒരു രൂപത്തിൽ പുനഃസൃഷ്ടിക്കപ്പെട്ടതായിരിക്കാം. ഒരു വൃത്തത്തിൽ ക്രമീകരിച്ചിരിക്കുന്നത്, അവയ്ക്ക് പ്രചോദനമായ യഥാർത്ഥ ജലധാരയെ ഓർമ്മിപ്പിക്കുന്നു.
ടെംപ്ലേറ്റ് | PHOTO : WIKI COMMONS
നിങ്ങൾ അടുത്തേക്ക് വരുമ്പോൾ, അവ ചരിത്രപരമായ വസ്തുക്കൾ പോലെ തോന്നുമെങ്കിലും, അവ യഥാർത്ഥത്തിൽ ആധുനിക പുനഃസൃഷ്ടികളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഈ കലാസൃഷ്ടിയെ നിർവചിക്കുന്നത് അതിന്റെ പശ്ചാത്തലവും കലാകാരന്റെ ഉദ്ദേശ്യവുമാണ്. ഇത് ശിൽപ്പങ്ങൾ കാണുന്നതിനെക്കുറിച്ചുള്ള മാത്രമല്ല, അവ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിനെക്കുറിച്ചുകൂടിയാണ്: ഒരു ചരിത്രപരമായ തെറ്റ് (യഥാർത്ഥ മൃഗത്തലകൾ കൊള്ളയടിച്ച സംഭവം), സാംസ്കാരിക പൈതൃകത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള സംവാദം, ആധുനിക ലോകത്തിലെ ആധികാരികതയെയും മൂല്യത്തെയും കുറിച്ചുള്ള കലാകാരന്റെ കാഴ്ചപ്പാട് എന്നിവ ഈ സൃഷ്ടി അവതരിപ്പിക്കുന്നു.
ഈ സൃഷ്ടിക്കെതിരെ വിശേഷിച്ച് ചൈനീസ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായില്ലെങ്കിലും, അവരുടെ ദൃഷ്ടിയില്‍ വെയ്‌വെയ് കുഴപ്പക്കാരനും, വിഗ്രഹഭഞ്ജകനുമായിരുന്നു. നികുതിവെട്ടിപ്പ് മുതലായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ നിശബ്ദനാക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍, കലാസൃഷ്ടിയുടെ ആധികാരികതെയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായി. ചില നിരൂപകർ കലാസൃഷ്ടിയുടെ കലാപരമായ മൂല്യത്തെ ചോദ്യം ചെയ്തു, അതിന്റെ പ്രാഥമിക പ്രാധാന്യം ഒരു ശിൽപം എന്ന നിലയിലല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രസ്താവന എന്ന നിലയിലാണെന്ന് അവർ വാദിച്ചു. ഈ വിമർശനങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചത്, ഈ കലാസൃഷ്ടി ‘ഒരു പകർപ്പിന്റെ പകർപ്പാണ്’ എന്നും, അതിന്റെ കുപ്രസിദ്ധിക്ക് കാരണം കലാകാരന്റെ ആക്ടിവിസവും താരപരിവേഷവുമാണെന്നും, അല്ലാതെ കലയല്ല എന്നുമുള്ള ആശയത്തിലാണ്. വെയ്‌വെയ് ഈ വിമർശനത്തെ ഇപ്രകാരം നേരിട്ടു: തന്റെ സൃഷ്ടി - ആധികാരികത, വ്യാജം, മൂല്യത്തിന്റെ പുനർമൂല്യനിർണയം - തുടങ്ങിയ വിഷയങ്ങളെ മനഃപൂർവ്വം കൈകാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചു.
വെയ്‌വെയുടെ ‘ഫോറെവർ ബൈസൈക്കിൾസ്’ (Forever Bicycles) 2003ൽ ആദ്യമായി പ്രദർശിപ്പിച്ച ഒരു ബൃഹത്തായ ശിൽപമാണ്, അത് പിന്നീട് പല രൂപത്തിലും ആവർത്തിച്ച് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ കലാസൃഷ്ടിയിൽ 1940കൾ മുതൽ ഷാങ്ഹായ് സൈക്കിൾ കമ്പനിയായ ‘ഫൊറെവർ’ ഉത്പാദിപ്പിക്കുന്ന ‘ഫോറെവർ’ ബ്രാന്‍ഡ് ബൈസൈക്കിളുകൾ മാത്രമാണ് ഉപയോഗിക്കുന്നത്.
ഫോറെവർ ബൈസൈക്കിൾസ് | PHOTO : WIKI COMMONS
ഓരോ തവണയും സ്ഥലം, സൈക്കിളുകളുടെ എണ്ണം, അവയുടെ ക്രമീകരണം എന്നിവയില്‍ മാറ്റങ്ങൾ വരും. ഈ പരമ്പരയിലെ 2003ലെ ശില്പം, Forever Duo, രണ്ട് സൈക്കിളുകൾ ഒരുമിച്ച് വെൽഡ് ചെയ്തതാണ്. ചില ഇൻസ്റ്റലേഷനുകളിൽ 1,200 സൈക്കിളുകൾ ഉപയോഗിച്ചിട്ടുണ്ട്, അതേസമയം ടൊറന്റോയിലെ ഒരു ഇൻസ്റ്റലേഷനിൽ 3,144 സൈക്കിളുകൾ ഉപയോഗിച്ചു. മാനിറ്റോബയിലെ ഒരു യൂണിവേഴ്സിറ്റി ക്യാമ്പസിനായി നിർമ്മിച്ച ഒരു ചെറിയ പതിപ്പിൽ 18 സൈക്കിളുകൾ മാത്രമാണ് ഉപയോഗിച്ചത്. ചില പതിപ്പുകൾ, പലപ്പോഴും സന്ദർശകർക്ക് നടന്നുപോകാവുന്ന കമാനങ്ങളുടെ രൂപത്തിലുള്ള കൂറ്റൻ, വാസ്തുവിദ്യാപരമായ നിർമ്മിതികളാണ്. നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് സ്റ്റെയിൻലെസ് സ്റ്റീൽ സൈക്കിളുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ വലിയ രൂപങ്ങൾ, ചക്രങ്ങളും, സ്പോക്കുകളും, ഫ്രെയിമുകളും നിറഞ്ഞ ഇടത്തില്‍ ഒരു പ്രത്യേക ഭാവം സൃഷ്ടിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ചൈനയിൽ സൈക്കിൾ ഒരു സാധാരണവും ഒഴിച്ചുകൂടാനാവാത്തതുമായ ഗതാഗതമാർഗ്ഗമായിരുന്നു. അത് അവിടുത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഒരു അടയാളം കൂടിയായിരുന്നു. ഒരു ഫോറെവർ സൈക്കിൾ സ്വന്തമാക്കുന്നത് ഒരു സ്റ്റാറ്റസ് സിംബലായിരുന്നു. ഈ സൈക്കിളുകൾക്ക് ‘ഫോറെവർ’ എന്ന് പേരുണ്ടെങ്കിലും ചൈനയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വികാസവും കാർ സംസ്കാരത്തിലേക്കുള്ള മാറ്റവും കാരണം, ചൈനയില്‍ സൈക്കിളിന്റെ പ്രാധാന്യം കുറഞ്ഞു. സൈക്കിളുകളുടെ സീറ്റുകളും, പെഡലുകളും, ഹാൻഡിൽബാറുകളും ഇല്ലാത്ത ശില്പം, അവയുടെ യഥാര്‍ത്ഥ സ്വഭാവത്തില്‍ നിന്ന് (ചലനാത്മകത) ചലനരഹിതവും ഉപയോഗശൂന്യവുമാക്കുന്നു.
ചൈനയിലെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണം, വൻതോതിലുള്ള ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും വിമർശനം എന്നിങ്ങനെയുള്ള പ്രതീകാത്മകമായ അർത്ഥങ്ങൾക്കപ്പുറം ഈ ശില്പം ആഴത്തിലുള്ള ദൃശ്യാനുഭവവും നല്‍കുന്നു. ഇത് പലപ്പോഴും കാണികൾക്ക് നടന്നുപോകാവുന്ന ഒരു കവാടമായോ, അല്ലെങ്കിൽ ചുറ്റിലും നടന്നു കാണാൻ കഴിയുന്ന ഒരു വലിയ നിർമ്മിതിയായോ ആണ് ഒരുക്കിയിരിക്കുന്നത്. സൈക്കിളുകളുടെ മിനുക്കിയ സ്റ്റീൽ പ്രതലവും, അടുക്കിവച്ചിരിക്കുന്ന ഫ്രയിമുകളുണ്ടാക്കുന്ന ജ്യാമിതീയ രൂപങ്ങളും, പ്രകാശം അതിന്റെ ഉപരിതലത്തിൽ തട്ടുമ്പോൾ ഉണ്ടാകുന്ന പ്രതിഫലനങ്ങളും അനന്തമായ ആഴത്തിന്റെയും ചലനത്തിന്റെയും ഒരു ദൃശ്യവിഭ്രമം സൃഷ്ടിക്കുന്നു. അകലെ നിന്ന് നോക്കുമ്പോൾ, ഈ നിർമ്മിതി ഒരു ഏകശിലാരൂപമായി തോന്നുമെങ്കിലും, അടുത്തുനിന്ന് നോക്കുമ്പോൾ അത് നിരവധി ചെറിയ ഭാഗങ്ങളുടെ സങ്കീർണ്ണമായ ഒരു ശൃംഖലയായി മാറുന്നു.
ഈ സൃഷ്ടിയുടെ പ്രചോദനം ഡുഷാമ്പിന്റെ ‘ബൈസിക്കിൾ വീൽ’ (Bicycle Wheel, 1913) ആണ്. ലളിതമായ ഒരു ലോഹ സൈക്കിൾ ചക്രം, അതിന്റെ ഫോർക്കോടുകൂടി, ചായം പൂശിയ ഒരു തടിയുടെ സ്റ്റൂളില്‍ തലകീഴായി ഉറപ്പിച്ചതാണ് ഡുഷാമ്പിന്റെ കലാസൃഷ്ടി. ഡുഷാമ്പ് തന്റെ സൃഷ്ടിയിലൂടെ കലാസൃഷ്ടിയെക്കുറിച്ചുള്ള സൈദ്ധാന്തിക ചോദ്യങ്ങൾ ചോദിക്കുമ്പോള്‍ ആയിരക്കണക്കിന് ഒരേപോലെയുള്ള, വൻതോതിൽ ഉത്പാദിപ്പിക്കുന്ന ബൈസൈക്കിളുകൾ ഉപയോഗിച്ചുകൊണ്ട് വെയ്‌വെയ് ആഗോളവൽക്കരണത്തിന്റെയും വൻതോതിലുള്ള ഉത്പാദനത്തിന്റെയും സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ട്, ഡുഷാമ്പിന്റെ ആശയത്തെ സമകാലിക ലോകത്തേക്ക് വ്യാപിപ്പിക്കുന്നു.
“നാസി ഭരണകൂടം, സ്റ്റാലിൻ ഭരണകൂടം, ചെയർമാൻ മാവോയുടെ പാർട്ടി എന്നിവയ്ക്കെല്ലാം കലയുടെ ശക്തിയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അവർ കലയെ അവരുടെ സൈനിക, പോലീസ് നിയന്ത്രണങ്ങൾക്ക് തുല്യമായ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. കമ്യൂണിസ്റ്റുകാർക്ക് രണ്ട് പ്രധാന സൈന്യങ്ങളുണ്ടെന്ന് ചെയർമാൻ മാവോ പറയാറുണ്ടായിരുന്നു — ഒന്ന് തോക്ക് ഉപയോഗിക്കുന്നവര്‍, മറ്റൊന്ന് പേന ഉപയോഗിക്കുന്നവർ. അധികാരം പിടിച്ചെടുക്കുന്നത് തോക്ക് കൊണ്ടും അത് നിലനിർത്തുന്നത് പേന കൊണ്ടുമാണ്. പ്രചാരണത്തിലൂടെയും തെറ്റായ വിവരങ്ങളിലൂടെയും പൊതുജനാഭിപ്രായം നിയന്ത്രിക്കുന്നത് ഒരു സ്വേച്ഛാധിപത്യ ശക്തിയുടെ ഏറ്റവും നിർണായകമായ കാര്യമാണ്” – ഒരഭിമുഖത്തില്‍ വെയ്‌വെയ് ഇപ്രകാരം പറയുകയുണ്ടായി. ഇതേ കല ഉപയോഗിച്ചാണ് വെയ്‌വെയ് സ്വേച്ഛാധിപത്യ ഭരണകൂടത്തിനും, അടിച്ചമർത്തലിനും എതിരെ ശബ്ദിക്കുന്നത്. “മനുഷ്യമനസ്സിന് കല അനിവാര്യമാണ്. നമ്മുടെ സ്വപ്‌നങ്ങൾ, ഭയങ്ങൾ, ഭാവന എന്നിവയെക്കുറിച്ചുള്ളതാണ് കല. വ്യവസ്ഥിതിക്ക് പുറത്തുള്ള എല്ലാത്തിനെക്കുറിച്ചുമുള്ളതാണ് കല. കല ഒരു വ്യവസ്ഥിതിയുടെ ഉള്ളിലാകുമ്പോൾ അത് കലയുടെ മരണ വാറന്റാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


