TMJ
searchnav-menu
post-thumbnail

TMJ Art

അനീഷ്‌ കപൂര്‍ : യന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന നിറങ്ങളുടെ കല

21 Aug 2025   |   12 min Read
പി കെ സുരേന്ദ്രന്‍

സൗന്ദര്യം എന്നത് സ്ഥിരമായ ഒന്നല്ല. സൗന്ദര്യത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അത് കാണുന്ന ആളുടെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കും. സൗന്ദര്യത്തിന് എപ്പോഴും ഒരു മറുവശം ഉണ്ടായിരിക്കും. സാഹചര്യത്തിനും കാലത്തിനും അനുസരിച്ച് അത് വ്യത്യാസപ്പെടും. സൗന്ദര്യവും അതിന്റെ വിപരീതമായ സൗന്ദര്യമില്ലായ്മയും എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കും എന്നര്‍ത്ഥം” – അനീഷ്‌ കപൂര്‍.

കാഴ്ചക്കാരുടെ ധാരണയെ പുനര്‍നിര്‍വചിക്കുന്ന തരത്തിലുള്ള ശില്പങ്ങളിലൂടെയും പൊതു ഇടങ്ങളിലെ ബൃഹത്തായ പ്രതിഷ്ഠാപനങ്ങളിലൂടെയും ലോകമെമ്പാടും അറിയപ്പെടുന്ന കലാകാരനാണ് അനീഷ്‌ കപൂര്‍. കണ്ണാടി, സ്റ്റീല്‍, കല്ല് മുതലായ വസ്തുക്കള്‍ ഉപയോഗിച്ച് അദ്ദേഹം കല സൃഷ്ടിക്കുന്നു. ഗോളാകൃതിയിലുള്ള രൂപങ്ങളും, പ്രതിഫലിക്കുന്ന പ്രതലങ്ങളും, തീവ്രനിറങ്ങളും, സ്മാരകസമാനമായ വലുപ്പവും കപൂറിന്റെ സൃഷ്ടികളുടെ പ്രത്യേകതയാണ്.

കപൂറിന്റെ ആദ്യകാല സൃഷ്ടികളില്‍ തിളക്കമുള്ള പൊടിരൂപത്തിലുള്ള വര്‍ണ്ണ വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. 1990കളുടെ മധ്യത്തില്‍, ഫൈബര്‍ ഗ്ലാസ്, സ്റ്റെയിൻലെസ്സ് സ്റ്റീല്‍, പിവിസി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് കപൂര്‍ സൃഷ്ടികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ശില്പങ്ങളിലെ നിഗൂഡമായ ശൂന്യസ്ഥലങ്ങള്‍ സൃഷ്ടിക്കുന്ന കറുപ്പ്, ചുവപ്പ്, നീല തുടങ്ങിയ നിറങ്ങളിലുള്ള ഏകവര്‍ണ്ണ പാലറ്റുകളാണ്‌ അദ്ദേഹത്തിന്റെ സൃഷ്ടികളുടെ സവിശേഷത. പിന്നീട് കപൂര്‍ രക്തനിറമുള്ള മെഴുക് ഉപയോഗിച്ച് സൃഷ്ടികള്‍ നടത്താന്‍ തുടങ്ങി. യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ ഗാലറിയുടെ തറയിലേക്കും ചുമരുകളിലേക്കും ഈ വസ്തുക്കള്‍ ചുവപ്പ് നിറം തെറിപ്പിക്കുന്നു.

അനീഷ്‌ കപൂര്‍ | PHOTO : WIKI COMMONS
കപൂറിന്റെ പിതാവ് ഒരു പഞ്ചാബി ഹിന്ദുവും അമ്മ ഇറാഖി ജൂതവംശജയുമായിരുന്നു. മുംബൈയിലാണ് കപൂര്‍ വളര്‍ന്നത്‌. പതിനെട്ടാമത്തെ വയസ്സില്‍ അദ്ദേഹം ഇന്ത്യ വിട്ടു. ലണ്ടനിലെ ഹോണ്‍സി കോളേജിലും പിന്നീട് ചെല്‍സി കോളേജ് ഓഫ് ആര്‍ട്ടിലുമായിരുന്നു കപൂറിന്റെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇരുപത്തിയഞ്ചാം വയസ്സില്‍ അദ്ദേഹം ഒരു മാസത്തേക്ക് ഇന്ത്യയില്‍ വന്നു. “ഞാന്‍ സത്യമെന്ന് വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന അത്ഭുതകരമായ ഒരു പുനരുജ്ജീവനവും സ്ഥിരീകരണവുമായിരുന്നു ആ യാത്ര” – എന്നാണ് കപൂര്‍ ഈ യാത്രയെക്കുറിച്ച് പിന്നീട് പറഞ്ഞത്. ഈ യാത്ര അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ വലിയ സ്വാധീനം ചെലുത്തി.

മിശ്രപാരമ്പര്യമുള്ള ഒരു വ്യക്തിയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഇന്ത്യന്‍ വേരുകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. എന്നാല്‍, തന്റെ അഭിമുഖങ്ങളില്‍ അദ്ദേഹം സ്വയത്തെ ഇന്ത്യക്കകത്തും പുറത്തും ഒരു അന്യനായാണ് കാണുന്നത്. “ഞാന്‍ ഇന്ത്യയിലാണ് ജനിച്ചത്‌. എന്റെ അമ്മ ഒരു ജൂത വംശജയാണ്. അമ്മ എന്നെ ജൂതനായി വളര്‍ത്തി. തത്ഫലമായി എനിക്ക് എന്നെ ഒരു വിദേശിയായി തോന്നി. അങ്ങനെ ഒരു വിദേശിയായിരിക്കാന്‍ ഞാന്‍ ശീലിച്ചു” എന്ന് അനീഷ്‌ കപൂര്‍ പറയുന്നു.

1990ൽ ലണ്ടനിലെ ഹേവാർഡ് ഗാലറിയിൽ നടന്ന ‘ദി അദർ സ്റ്റോറി: ആഫ്രോ-ഏഷ്യൻ ആർട്ടിസ്റ്റ്സ് ഇന്‍ പോസ്റ്റ്-വാർ ബ്രിട്ടൺ’ എന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ കപൂർ വിസമ്മതിച്ചു. കാരണം സംഘാടകര്‍ ഓരോ കലാകാരനെയും അവരുടെ വംശീയ പശ്ചാത്തലം അനുസരിച്ച് തരംതിരിച്ചു. തന്റെ വംശീയതയേക്കാൾ സർഗ്ഗാത്മകതയ്ക്ക് പ്രാധാന്യം നൽകേണ്ട ഒരു കലാകാരനായി അംഗീകരിക്കപ്പെടാനാണ് കപൂര്‍ ആഗ്രഹിക്കുന്നത്.

ഡബിൾ വെർട്ടിഗോ | PHOTO : WIKI COMMONS

ചുവപ്പ് നിറം

കപൂറിന്റെ സൃഷ്ടികളില്‍ ചുവപ്പ് നിറത്തിന് വലിയ പ്രാധാന്യമുണ്ട്. അദ്ദേഹം നിറങ്ങളെ കുറിച്ച് പറയുന്നു: “നിറത്തെക്കുറിച്ചുള്ള അത്ഭുതകരമായ കാര്യം... അത് പൂർണ്ണമായും വാക്കുകള്‍ക്ക് അപ്പുറമാണ്. അതിന് ഒരു നേരിട്ടുള്ള വഴിയുണ്ട്... പ്രതീകാത്മകമായ, [ആദിമ] വാക്കുകളുടെ മുമ്പിലേക്ക്, ചിന്തയിലേക്ക്, നിങ്ങളുടെ ഉള്ളിലേക്ക്, ആന്തരികത്തിലേക്ക്. നിറങ്ങൾക്ക് ശക്തമായ ശാരീരിക ശക്തി ഉണ്ടെന്നു മാത്രമല്ല, അവ കാഴ്ചക്കാരന്റെ മനസ്സിനെ അജ്ഞാതമായ ലോകത്തിലേക്ക് സൗമ്യമായി നയിക്കുന്നു”.

ഓരോ നിറത്തിനും പ്രത്യേക അനുരണനങ്ങൾ ഉള്ളതായി തോന്നുമെങ്കിലും, കപൂർ നിറത്തെ കാലക്രമേണ പരിണമിച്ച ഒന്നായും സങ്കീർണ്ണമായ പരസ്പരബന്ധങ്ങൾ ഉൾക്കൊള്ളുന്ന ഒന്നായും കണക്കാക്കുന്നു. ഒരു നിറം മറ്റൊന്നിന്റെ ഘടകമാകാമെന്നും ഒരു ശില്പത്തിന്റെ ആകൃതി കാരണം ഒരു നിറം പോലും മാറാമെന്നും അദ്ദേഹം വിശദീകരിക്കുന്നു: “നിറങ്ങളെക്കുറിച്ചുള്ള [എന്റെ] ചിന്തയിൽ, മഞ്ഞ ചുവപ്പിന്റെ വികാരഭരിതമായ ഭാഗമാണ്, നീലചുവപ്പിന്റെ ദൈവിക ഭാഗമാണ്. [...] ഒരു പരന്ന ചുവപ്പ് ഒരു വൃത്താകൃതിയിലുള്ള ചുവപ്പിന് തുല്യമല്ല.” അത്തരമൊരു ബഹുവർണ്ണ സംവേദനക്ഷമത നിറങ്ങൾ, ആകൃതികൾ, വസ്തുക്കൾ, പരിസ്ഥിതി എന്നിവയെ മങ്ങിക്കുന്ന ഒരു തരം സിനസ്തേഷ്യയെ സൃഷ്ടിക്കുന്നു.

മദർ എസ് എ മൗണ്ടൈൻ | PHOTO : WIKI COMMONS
നിറം അദ്ദേഹത്തിന്റെ കലാസൃഷ്ടിക്ക് ഊര്‍ജ്ജം നൽകുന്നു, പ്രദർശന സ്ഥലത്തെ പരിവർത്തനം ചെയ്യുന്നു. കപൂറിന്റെ സൃഷ്ടികള്‍ക്ക് നിഗൂഢവും വിചിത്രവും അജ്ഞാതവുമായ അർത്ഥങ്ങൾ നൽകുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് നിറം. എന്നാല്‍, നിറം ഉപയോഗിച്ച് കലാകാരൻ ലക്ഷ്യമിടുന്നത് വെറുമൊരു പ്രതീകമോ മിഥ്യയോ അല്ല, മറിച്ച് കാഴ്ചക്കാരന് സ്വയം മുഴുകാൻ കഴിയുന്ന ഒന്നിലധികം അർത്ഥതലങ്ങളും ബന്ധങ്ങളുമാണ്.

ചുവപ്പിനോടുള്ള ആഭിമുഖ്യം കപൂറിന് ഇന്ത്യയില്‍ നിന്ന് ലഭിച്ചതാവാം. ഇന്ത്യൻ സംസ്കാരത്തിൽ ചുവപ്പ് നിറത്തിന് ആഴമേറിയതും ബഹുമുഖവുമായ പ്രാധാന്യമുണ്ട്, മതപരവും സാമൂഹികവും വ്യക്തിപരവുമായ പാരമ്പര്യങ്ങളുമായി ചുവപ്പ് ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. ചില പാശ്ചാത്യ സംസ്കാരങ്ങളിൽ ചുവപ്പ് അപകടത്തെയോ നിഷേധാത്മകതയെയോ പ്രതീകപ്പെടുത്തുന്നതുപോലെയല്ല, ഇന്ത്യയിൽ ഇത് ശുഭകരവും ശക്തവും ജീവിതത്തിന് ഊര്‍ജ്ജം പകരുന്നതുമാണ്. ചുവപ്പ് നിറം ശക്തരായ ഹിന്ദു ദേവതകളുമായി, പ്രത്യേകിച്ച് ദുർഗ്ഗ, കാളി എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു, അവർ ശക്തി, സംരക്ഷണം, തിന്മയുടെ നാശം എന്നിവയെ പ്രതീകപ്പെടുത്തുന്നു.

ചുവപ്പ് നിറം രക്തത്തെയും മാംസത്തെയും ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെയും ഉണർത്തുന്നു. നമ്മുടെ ഉള്ളിൽ നാം വഹിക്കുന്ന ‘ചുവന്ന വസ്തുക്കളെ’ക്കുറിച്ചാണ്  താന്‍ ഉപയോഗിക്കുന്ന ചുവപ്പ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചുവപ്പ് തന്റെ മാതൃരാജ്യമായ ഇന്ത്യയുടെ നിറമാണെന്നും, ഭൂമിയുമായും ഭൂമിശാസ്ത്രപരമായ രൂപീകരണങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും കപൂർ പരാമർശിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ കൃതികളെ സൃഷ്ടി, ഫലഭൂയിഷ്ഠത, ആഴമേറിയതും പുരാതനവുമായ ചരിത്രം എന്നിവയുടെ വിഷയങ്ങളുമായി ബന്ധിപ്പിക്കുന്നു. ചുവപ്പ് നിറത്തിന്റെ ഉപയോഗത്തിലൂടെ, യുക്തിസഹമായ ചിന്തയെ മറികടന്ന് കാഴ്ചക്കാരനുമായി നേരിട്ടുള്ള, വാക്കേതര ബന്ധം സൃഷ്ടിക്കുക എന്നതാണ് കപൂർ ലക്ഷ്യമിടുന്നത്.

എൻഡ്‌ലെസ്സ് കോളം | PHOTO : WIKICOMMONS
ശ്യൂന്യത

അനീഷ്‌ കപൂറിന്റെ കലാസൃഷ്ടികള്‍ ഭൗതികവും അതിഭൗതികവുമായ തലങ്ങളെ അന്വേഷിക്കുന്നു. ശൂന്യത എന്ന ആശയമാണ് അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിന്റെ കേന്ദ്രം. ശൂന്യതയെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ക്ക് വിപരീതമായി ശൂന്യതയെ അദ്ദേഹം ‘ഗര്‍ഭം ധരിച്ചിരിക്കുന്ന ശൂന്യത’ എന്ന് വിശേഷിപ്പിക്കുന്നു. അതായത്, കപൂറിനെ സംബന്ധിച്ച് ശൂന്യത എന്നാല്‍ ഒന്നുമില്ലായ്മയല്ല. അവ സൃഷ്ടിപരമാണ്. അവ ഒരു സാധ്യതയുടെ പ്രതീതി ഉളവാക്കുകയും, അഗാതമായ ഒന്നിനെ കുറിച്ച് ധ്യാനാത്മകമായ ചിന്തയില്‍ ഏര്‍പ്പെടാന്‍ കാഴ്ചക്കാരെ ക്ഷണിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ തത്ത്വചിന്തയിലെ ശൂന്യതാ സങ്കൽപ്പം ശൂന്യതയെക്കുറിച്ചുള്ള പാശ്ചാത്യ സങ്കൽപ്പങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഇത് കേവലം ഒന്നുമില്ലായ്മയല്ല, മറിച്ച് വിവിധ ദാർശനിക ധാരകളിൽ വ്യത്യസ്ത വ്യാഖ്യാനങ്ങളുള്ള ആഴമേറിയ ആശയമാണ്. ബുദ്ധമതത്തിൽ, പ്രത്യേകിച്ച് മഹായാന പാരമ്പര്യത്തിൽ, ശൂന്യത ഒരു പ്രധാന ആശയമാണ്. സ്വയം ഉൾപ്പെടെ എല്ലാ പ്രതിഭാസങ്ങൾക്കും സ്വതസിദ്ധമായ, സ്ഥിരമായ ഒരു അസ്തിത്വമില്ലെന്ന് ഇത് പഠിപ്പിക്കുന്നു. കാര്യങ്ങൾ നിലനിൽക്കുന്നില്ല എന്നല്ല, മറിച്ച് അവയുടെ നിലനിൽപ്പ് പരസ്പരാശ്രിതവും നശ്വരവുമാണെന്നാണ് ഈ ആശയം.

വെൻ അയാം പ്രെഗ്നന്റ് | PHOTO : WIKI COMMONS
ഹിന്ദുമതത്തിൽ, ശൂന്യം എന്ന വാക്കിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്. ഇത് പലപ്പോഴും ആത്യന്തികവും രൂപരഹിതവുമായ ബ്രഹ്മനുമായി ബന്ധിപ്പിക്കുന്നു. ചില ഹൈന്ദവ പാരമ്പര്യങ്ങളിൽ, എല്ലാ സൃഷ്ടിയുടെയും ഉറവിടമായ ‘ഗർഭധാരണ ശേഷിയുള്ള ശൂന്യത’യായി ശൂന്യത്തെ കാണുന്നു. ഇത് ഒരു അസ്തിത്വമില്ലായ്മയല്ല, മറിച്ച് പ്രപഞ്ചം പ്രകടമാവുകയും ഒടുവിൽ അതിലേക്ക് മടങ്ങുകയും ചെയ്യുന്ന സാധ്യതയുടെ ഒരു അവസ്ഥയാണ്.

കപൂറിന്റെ കലാസൃഷ്ടികളുടെ ഒരു പ്രധാന സവിശേഷത, കാഴ്ചക്കാരില്‍ നിന്ന് അത് ആവശ്യപ്പെടുന്ന സജീവമായ പങ്കാളിത്തമാണ്. അദ്ദേഹത്തിന്റെ ശില്പങ്ങളും പ്രതിഷ്ഠാപനങ്ങളും കാഴ്ചക്കാരുടെ വൈകാരികവും മാനസികവുമായ പ്രതികരണങ്ങളിലൂടെയാണ് പൂര്‍ണ്ണമാകുന്നത്. ‘ക്ലൗഡ് ഗേറ്റ്’, ‘സ്കൈ മിറര്‍’ തുടങ്ങിയ സൃഷ്ടികളില്‍ ചലനങ്ങളിലൂടെയും പ്രതിബിംബങ്ങളിലൂടെയും കാഴ്ചക്കാര്‍ കലാസൃഷ്ടിയുടെ ഭാഗമായി മാറുന്നു. അനന്തത, ശൂന്യത എന്നീ ആശയങ്ങള്‍ ഒറ്റപ്പെട്ട ഒന്നല്ലെന്നും, അവയുടെ നിലനില്പ് തന്നെ കാഴ്ചക്കാരുടെ ഇടപെടലുകളിലൂടെയും തിരിച്ചരിവുകളിലൂടെയും നിര്‍വചിക്കപ്പെടുന്നതാണെന്നും ഈ പങ്കാളിത്ത സ്വഭാവം ഊന്നിപ്പറയുന്നു.

ക്ലൗഡ് ഗേറ്റ് | PHOTO : WIKI COMMONS
ഓട്ടോ-ജനറേറ്റഡ് ആര്‍ട്ട്

ഓട്ടോ-ജനറേറ്റഡ് ആര്‍ട്ട് എന്ന ആശയമാണ് കപൂറിന്റെ കലാസൃഷ്ടികള്‍ക്ക്‌ പിന്നിലെ തത്വചിന്ത. യന്ത്രങ്ങള്‍, ഓട്ടോമേറ്റഡ് പ്രക്രിയകള്‍, പ്രത്യേകതരം വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് കലാസൃഷ്ടികള്‍ ഉണ്ടാക്കുന്നതിലൂടെ കലാസൃഷ്ടിയെ കൈകള്‍കൊണ്ട് ഉണ്ടാക്കിയ ഒരു വ്യക്തിപരമായ നിര്‍മ്മിതി എന്ന ആശയത്തെ നിഷേധിക്കുന്നു.   

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ, മനുഷ്യന്റെ നേരിട്ടുള്ള ഇടപെടലില്ലാതെ കല സൃഷ്ടിക്കാൻ കഴിയുന്ന യന്ത്രം എന്ന ആശയം കലാകാരന്മാരെയും എഞ്ചിനീയർമാരെയും ആകർഷിച്ചിരുന്നു. സർഗ്ഗാത്മകത എന്നത് മനുഷ്യന് മാത്രം അവകാശപ്പെട്ട ഒന്നാണെന്നുള്ള ആശയത്തെ ഇത് നേരിട്ട് വെല്ലുവിളിക്കുന്നു. നൂറ്റാണ്ടുകളായി ഇത് കലാകാരന്മാരെയും കഥാകാരന്മാരെയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1800കളിൽ സ്വിസ് മെക്കാനിക്കായിരുന്ന ഹെൻറി മെയ്ലാർഡ് (Henri Maillarde) ഒരു യന്ത്രം നിർമ്മിച്ചു. ഉയർന്ന കൃത്യതയോടും സ്വയംഭരണാവകാശത്തോടും കൂടി കലാരൂപങ്ങൾ നിർമ്മിക്കാൻ ഒരു കലാകാരൻ യന്ത്രം ഉപയോഗിക്കുന്നതിന്റെ മികച്ച ആദ്യകാല ഉദാഹരണമാണ് ഈ അസാധാരണ യന്ത്രം. പേനയുമായി ഒരു മേശയിലിരിക്കുന്ന ഒരു കുട്ടിയെപ്പോലെയുള്ള മനുഷ്യരൂപമാണ് ഈ യന്ത്രം. ഇതിന് ചിത്രങ്ങളും കവിതകളും രചിക്കാൻ കഴിയും.1973ൽ, ഹരോള്‍ഡ്‌ കോഹൻ ‘AARON’ വികസിപ്പിച്ചെടുത്തു, ഒരു കൂട്ടം നിയമങ്ങൾ പാലിച്ചുകൊണ്ട് യഥാർത്ഥ ഡ്രോയിംഗുകൾ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത ഒരു വിപ്ലവകരമായ കമ്പ്യൂട്ടർ പ്രോഗ്രാമായിരുന്നു അത്. AARON പതിറ്റാണ്ടുകളായി പരിണമിച്ചു, ഒടുവിൽ അമൂർത്തമായവയ്ക്ക് പുറമേ സങ്കീർണ്ണവും പ്രതിനിധാനപരവുമായ സൃഷ്ടികൾ സൃഷ്ടിച്ചു.

അനീഷ്‌ കപൂറിന്റെ ‘സ്വയമേവ സൃഷ്ടിക്കപ്പെട്ട’ സൃഷ്ടികൾ എന്നത് ചലനാത്മകവും തുടർച്ചയായ പ്രവാഹത്തിൽ നിലനിൽക്കുന്നതും സ്വയം നിർമ്മിക്കാനും, വിഘടിപ്പിക്കാനും, പുനർനിർമ്മിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണ്. അവ കറങ്ങുന്നു, വാതിലുകളിലൂടെയും ചുവരുകളിലൂടെയും തള്ളിവിടുന്നു, വസ്തുക്കൾ ഉപയോഗിച്ച് രൂപങ്ങൾ ഉണ്ടാക്കുന്നു. മെക്കാനിക്കൽ ഉപകരണങ്ങളിലൂടെ കപൂറിന്റെ കലാസൃഷ്ടികൾ സ്വയം പുതിയ രൂപങ്ങളിലേക്ക് മാറുന്നു. ഈ സ്വയമേവ സൃഷ്ടിക്കപ്പെട്ട കൃതികൾ ആകർഷകമാണ്, കാരണം അവ സൃഷ്ടിയുടെയും നാശത്തിന്റെയും പ്രവർത്തനത്തിലൂടെ കടന്നുപോകുന്നതായി നമുക്ക് തോന്നുന്നു, കൂടാതെ അനിശ്ചിതത്വാവസ്ഥയിലാണെന്ന തോന്നൽ ഉളവാക്കുന്നു.

‘സ്വയമേവ സൃഷ്ടിക്കപ്പെട്ട’ സൃഷ്ടികളില്‍ ഒന്നാണ് ‘മൈ റെഡ് ഹോംലാൻഡ്’. ഈ സൃഷ്ടി കലയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങളെ ചോദ്യംചെയ്യുന്നു. ചുവന്ന മെഴുകില്‍ നിര്‍മ്മിച്ച ഭീമാകാരമായ ഈ സൃഷ്ടി ഒരു യന്ത്രവത്കൃതവും ചാക്രികവുമായ പ്രക്രിയയിലൂടെ രൂപപ്പെടുകയും പുനര്‍രൂപം പ്രാപിക്കുകയും ചെയ്യുന്ന ഓട്ടോ-ജനറേറ്റഡ് കല എന്ന കപൂറിന്റെ ആശയത്തിലെ ഒരു പ്രധാന സൃഷ്ടിയാണ്.

മൈ റെഡ് ഹോംലാൻഡ് | PHOTO : WIKI COMMONS
ഒരു വലിയ മുറി. അതിന്റെ നടുവില്‍ ചെറിയ ഒരു സ്റ്റേജിന്റെയോ, ബോക്സിംഗ് റിംഗിന്റെയോ വലുപ്പത്തില്‍ വൃത്താകൃതിയിലുള്ള പ്ലാറ്റ്ഫോം. ഈ പ്ലാറ്റ്ഫോം ചുവന്ന മെഴുകുകൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് ഒരു ചുവന്ന മെഴുക് കുന്നുപോലെ സ്ഥിതിചെയ്യുന്നു. ഈ ചുവന്ന പിണ്ഡത്തിന്റെ മധ്യഭാഗത്ത് ഒരു നീണ്ട ലോഹക്കൈ നീണ്ടുനില്‍ക്കുന്നു. ഇതിന്റെ  അറ്റത്ത് ഒരു വലിയ ചതുരാകൃതിയിലുള്ള ഉരുക്കുകട്ട. ഈ ഉരുക്കുകട്ട വളരെ സാവധാനം ചലിക്കാന്‍ തുടങ്ങുന്നു. കൈകറങ്ങുമ്പോള്‍ ഉരുക്കുകട്ട കട്ടിയുള്ള ചുവന്ന മെഴുകിലൂടെ നീങ്ങുന്നു. ഒരു ബുള്‍ഡോസര്‍ പോലെ അത് മെഴുകിനെ തള്ളിമാറ്റിക്കൊണ്ട് ഒരു പുതിയ രൂപം സൃഷ്ടിക്കുന്നു. അത് പിന്നില്‍ മെഴുകിന്റെ പരന്ന പാതയും, മുന്നില്‍ ഒരു ചെറിയ കുന്ന് അല്ലെങ്കില്‍ വരമ്പ് സൃഷ്ടിക്കുന്നു. ഈ പ്രക്രിയ നാശത്തിന്റെയും സൃഷ്ടിയുടെയും ഒരു സ്ലോമോഷന്‍ നൃത്തമാണ്. യന്ത്രം ഒരു ശില്പത്തെ തുടര്‍ച്ചയായി പുനര്‍നിര്‍മ്മിക്കുന്നു. പക്ഷെ, അതൊരു പൂര്‍ണ്ണമായ, പരമ്പരാഗത രീതിയില്‍ ‘മനോഹരമായ’ ശില്‍പം ഉണ്ടാക്കുന്നില്ല. അത് മെഴുകിനെ തുടര്‍ച്ചയായി അങ്ങോട്ടുമിങ്ങോട്ടും മാറ്റിക്കൊണ്ടിരിക്കുന്നു. അതായത്, ശില്‍പം ഒരിക്കലും പൂര്‍ത്തിയാവുന്നില്ല. അത് എപ്പോഴും നിര്‍മ്മിക്കപ്പെടുകയും ഇലാതാക്കപ്പെടുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്.

‘സ്വയംഭൂ’ എന്ന സൃഷ്ടി അവതരിപ്പിക്കുന്നത്‌ ഉയരം കൂടിയ മച്ചുകളും ആകര്‍ഷകമായ കമാനങ്ങളും ഉള്ള ഗാലറിയിലാണ്. അവിടെ ചുവന്ന മെഴുക് കൊണ്ടുള്ള ഭീമാകാരമായ പിണ്ഡം. ഇതിന് ഏകദേശം 30 ടണ്‍ ഭാരമുണ്ടാത്രേ! ഇത് ഒരു ട്രെയിനിന്റെ ബോഗി പോലെ തോന്നിക്കുന്നു. ഈ വസ്തു പതിയെ ചലിക്കുന്നുണ്ട്. ചലനം വളരെ പതുക്കെയായതുകൊണ്ട്‌ ഇത് നമ്മുടെ ശ്രദ്ധയില്‍ പെട്ടെന്ന് പെടില്ല. ഒരു പ്രേതവണ്ടിപോലെ ഇത് കമാനങ്ങളിലൊന്നിലേക്ക് നീങ്ങുന്നു. ഇവിടെയാണ് അത്ഭുതം സംഭവിക്കുന്നത്‌. ഈ വസ്തു കമാനത്തെക്കാള്‍ വളരെ വലുതായതുകൊണ്ട് അതിന് കമാനത്തിലൂടെ കടന്നുപോകാന്‍ കഴിയിയുന്നില്ല. എന്നിട്ടും അതിന്റെ ചലനം നിലയ്ക്കുന്നില്ല, അത് മുന്നോട്ടുതന്നെ നീങ്ങുന്നു. കമാനം ഭീമാകാരമായ ഒരു കട്ടര്‍ പോലെ പ്രവര്‍ത്തിക്കുന്നു. ബ്ലോക്ക് കമാനത്തിലൂടെ അപ്പുറത്തേക്ക് നീങ്ങുമ്പോള്‍, അതിന്റെ വശങ്ങള്‍ ചെത്തിമാറ്റപ്പെടുകയും ചുവന്ന മെഴുക് ഒരു ട്യൂബില്‍ നിന്ന് പേസ്റ്റ് ഞെക്കി പുറത്തെടുക്കുന്നതുപോലെ പുറത്തേക്ക് വരുന്നു. ഈ പ്രക്രിയ കമാനത്തിന്റെ വശങ്ങളിലും നിലത്തും ചുവപ്പിന്റെ പാടുകള്‍ അവശേഷിപ്പിക്കുന്നു. മെഴുകിന്റെ ജൈവികവും വൃത്തിയില്ലാതതുമായ പാടുകള്‍.

സ്വയംഭൂ | PHOTO : WIKI COMMONS
ഇതുപോലെ പല വാതിലുകളിലൂടെയും കമാനങ്ങളിലൂടെയും ബ്ലോക്ക് കടന്നുപോകുമ്പോൾ, ഘർഷണവും സമ്മർദ്ദവും കാരണം മെഴുകിന്റെ ഭാഗങ്ങൾ അടർന്നുപോകുന്നു. ഇത് ചുവപ്പുകലർന്ന വരകളുടെയും പാടുകളുടെയും അവശിഷ്ടങ്ങൾ ചുവരുകളിലും തറയിലും അവശേഷിപ്പിക്കുന്നു. ഈ പ്രക്രിയയിലൂടെ ശില്പം തുടർച്ചയായി ഇല്ലാതാവുകയും പുനർരൂപം പ്രാപിക്കുകയും ചെയ്യുന്നു, അതേസമയം മെഴുക് ഉപയോഗിച്ച് ഗാലറിയിൽ ‘ചിത്രം വരയ്ക്കുന്നു’.  ഓരോ തവണയും ഈ സൃഷ്ടി മാറിക്കൊണ്ടിരിക്കുന്നതിനാല്‍, ഒരേപോലെയുള്ള രണ്ട് ‘ചിത്രങ്ങൾ’  ഉണ്ടാകില്ല.

ഇത് ചുരുളഴിയുന്ന പ്രക്രിയപോലെയാണ്, അല്ലെങ്കില്‍ സാവധാനത്തിലുള്ളതും ആസൂത്രിതവുമായ പ്രക്രിയയാണ്. ബ്ലോക്കിന്റെ യാത്ര, ഭിത്തിയിലും തറയിലും അവശേഷിപ്പിക്കുന്ന ചുവന്ന പാടുകള്‍, ബ്ലോക്കിന്റെ സാവധാനത്തിലുള്ള പരിവര്‍ത്തനം എന്നിവയെല്ലാം ചേര്‍ന്ന് സൃഷ്ടിയുടെയും നാശത്തിന്റെയും തുടര്‍ച്ചയായ പ്രക്രിയയായി അനുഭവപ്പെടുന്നു. ഇത് കാലത്തിന്റെ ഒഴുക്കും ശില്പവും അതിന്റെ ചുറ്റുപാടും തമ്മിലുള്ള ഭൗതികമായ പ്രതിപ്രവർത്തനവും ഊന്നിപ്പറയുന്നു. സാധാരണയായി രക്തവുമായും ജീവനുമായും ബന്ധപ്പെട്ടിരിക്കുന്ന ചുവപ്പ് നിറം ഈ കലാസൃഷ്ടിയുടെ വികാരപരമായ സ്വാധീനം വർദ്ധിപ്പിക്കുന്നു.  

ഇവിടെ ശ്രദ്ധേയമായ കാര്യം, കലാകാരന്‍ ഒരു ‘അന്തിമ’ കലാസൃഷി ഉണ്ടാക്കുന്നില്ല. (നാം സാധാരണയായി കാണുന്ന ഗാലറികളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും ശില്പങ്ങളും നിര്‍മ്മിച്ചു കഴിഞ്ഞവ ആണല്ലോ). മാത്രവുമല്ല, ഇവിടെ കെട്ടിടം തന്നെ ശില്പം ഉണ്ടാക്കുന്നതിനുള്ള ഒരു ഉപകരണമാവുന്നു.

‘സ്വയംഭൂ’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വരുന്നത്. ‘തനിയെ ഉണ്ടായത്’ എന്ന് അര്‍ത്ഥം. ഒരു ബാഹ്യശക്തിയുടെ സഹായമില്ലാതെ, സ്വന്തം നിലയിൽ, ആന്തരികമായ ഊർജ്ജത്തിലൂടെ സ്വയം ഉണ്ടാകുന്ന ഒരു പ്രതിഭാസത്തെയോ വസ്തുവിനെയോ സൂചിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നു. കപൂര്‍ ഈ പുരാതനമായ സങ്കല്പത്തെ ആധുനികമായ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നു.

ഡിസെൻഷൻ | PHOTO : WIKI COMMONS
‘സ്വയംഭൂ’ മ്യൂണിക്കിലെ ‘ഹൗസ് ഡെര്‍ കുന്‍സ്റ്റി’ല്‍ അവതരിപ്പിക്കുകയുണ്ടായി. ഹൗസ് ഓഫ് ജര്‍മ്മന്‍ ആര്‍ട്ട് എന്നറിയപ്പെടുന്ന ഹൗസ് ഡെര്‍ കുന്‍സ്റ്റ് സ്ഥാപിച്ചത് ഹിറ്റ്ലര്‍ ആയിരുന്നു. മഹത്തായ ജര്‍മ്മന്‍ കല പ്രദര്‍ശിപ്പിക്കുകയും അതേസമയം ‘അധ:പതിച്ച കല’യെ (എക്സ്പ്രഷനിസം, ക്യൂബിസം, ദാദായിസം, സര്‍റിയലിസം അല്ലെങ്കില്‍ ജൂതകല) അപലപിക്കുകയും ചെയ്യുന്ന നാസിശക്തിയുടെ പ്രതീകമായിരുന്നു ഈ കെട്ടിടം. ‘നല്ല’ കലയെക്കുറിച്ചുള്ള നാസികളുടെ ആശയം ഒരു വംശീയ, ദേശീയ പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയതായിരുന്നു. ‘യഥാര്‍ത്ഥ ജർമ്മൻ’ ആയി കണക്കാക്കപ്പെട്ടതും ‘ആര്യൻ വംശത്തിന്റെ’ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമായ കലയായിരുന്നു അത്. ഈ ശൈലി പരമ്പരാഗതമായിരുന്നു.

തന്റെ സൃഷ്ടി ഈ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള കപൂറിന്റെ തീരുമാനം ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു. മ്യൂസിയത്തിന്റെ ചരിത്രവും നാസി ഭരണത്തിലുള്ള അതിന്റെ പങ്കും തന്നെയാണ് ഇതിന് പ്രധാന കാരണം. ഈ കെട്ടിടത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വംശീയ വിശുദ്ധിയുടെയും ക്രമത്തിന്റെയും ഫാസിസ്റ്റ് സൗന്ദര്യശാസ്ത്രം ആഘോഷിക്കുക എന്നതായിരുന്നല്ലോ. എന്നാല്‍ ഈ ആശയങ്ങളുടെ വിപരീതമാണ് ഈ സൃഷ്ടി. ഇത് ഓര്‍മ്മകളെ കുറിച്ചാകുന്നു.

റെയിൽവേ ട്രാക്കിലൂടെ സാവധാനം നീങ്ങുന്ന, രക്തവർണ്ണത്തിലുള്ള ഈ ബ്ലോക്ക്, ഹോളോകാസ്റ്റ് കാലത്ത് ദശലക്ഷക്കണക്കിന് ആളുകളെ തടങ്കൽപ്പാളയങ്ങളിലേക്ക് കൊണ്ടുപോയ ട്രെയിനുകളെ ഓർമ്മിപ്പിക്കുന്നു. ഇതിലൂടെ കപൂർ ഏകാധിപത്യപരമായ വാസ്തുവിദ്യയെയും അതിന്റെ പ്രചാരണ ലക്ഷ്യങ്ങളെയും നേരിട്ട് വെല്ലുവിളിക്കുകയായിരുന്നു. അധികാരം പ്രകടിപ്പിക്കാൻ ഉദ്ദേശിച്ചുള്ള കെട്ടിടത്തിന്റെ തണുത്ത, നവ-ക്ലാസിക്കൽ ശൈലി ശില്പം അവശേഷിപ്പിച്ച ജൈവപരമായ അഴുക്കുകൊണ്ട് ‘അശുദ്ധ’മാക്കപ്പെട്ടു.

കപൂറിന്റെ ‘ബുച്ചേർഡ്’(Butchered) എന്ന സൃഷ്ടിയില്‍ ചുവപ്പ് വേറൊരു രീതിയില്‍ പ്രത്യക്ഷപ്പെടുന്നു. കലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾ പ്രസ്താവന നടത്താൻ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ‘ബുച്ചേർഡ്’ ഇതിന്റെ  ശക്തമായ ഒരു ഉദാഹരണമാണ്. ഗ്രീൻപീസുമായി സഹകരിച്ചാണ് ഈ കൃതി സൃഷ്ടിച്ചത്, കടലിലെ ഒരു ഷെൽ ഗ്യാസ് പ്ലാറ്റ്‌ഫോമിലാണ് ഇത് അനാച്ഛാദനം ചെയ്തത്.

ബുച്ചേർഡ് | PHOTO : WIKI COMMONS
ഈ സൃഷ്ടിയിൽ ഗ്യാസ് റിഗ്ഗിന്റെ വശത്ത് ഘടിപ്പിച്ചിരിക്കുന്ന 12x8 മീറ്റർ വലിപ്പമുള്ള ഒരു വലിയ ക്യാൻവാസ് അടങ്ങിയിരിക്കുന്നു. ഗ്രീൻപീസ് പ്രവർത്തകർ പ്ലാറ്റ്‌ഫോമിലേക്ക് കയറി ഉയർന്ന മർദ്ദമുള്ള ഒരു പൈപ്പ് ഉപയോഗിച്ച് കടൽവെള്ളം, ബീറ്റ്റൂട്ട് പൊടി, ഭക്ഷ്യ അധിഷ്ഠിത ചായം എന്നിവയിൽ നിന്ന് നിർമ്മിച്ച 1,000 ലിറ്റർ രക്തചുവപ്പുള്ള ദ്രാവകം ക്യാൻവാസിലേക്ക് തളിച്ചു. ഇത് ക്യാന്‍വാസില്‍ വലിയൊരു രക്തസ്രാവത്തിന്റെ അനുഭവം സൃഷ്ടിച്ചു. ഈ സൃഷ്ടി ഒരു ദൃശ്യ നിലവിളിയും ഫോസിൽ ഇന്ധന വ്യവസായം മനുഷ്യരാശിക്കും ഭൂമിക്കും വരുത്തിയ മുറിവിന്റെ വ്യക്തമായ ദൃശ്യവൽക്കരണവുമാണ്. വ്യവസായം മൂലമുണ്ടായ നാശത്തെ എടുത്തുകാണിക്കുകയും കാലാവസ്ഥാ വ്യതിയാനം മൂലം നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള കൂട്ടായ ദുഃഖവും വേദനയും ഉണർത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സജീവമായ ഒരു ഗ്യാസ് പ്ലാറ്റ്‌ഫോമിൽ കലാസൃഷ്ടി സ്ഥാപിക്കാനുള്ള തിരഞ്ഞെടുപ്പ് മനഃപൂർവമായിരുന്നു, പ്രതിഷേധത്തെ നേരിട്ട് പ്രശ്നത്തിന്റെ ഉറവിടത്തിലേക്ക് കൊണ്ടുവരിക.

2019ൽ, നാഷണൽ പോർട്രെയിറ്റ് ഗാലറിയോട് ബ്രിട്ടീഷ് പെട്രോളിയവുമായുള്ള ബന്ധം വിച്ഛേദിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തിൽ ഒപ്പിട്ട നിരവധി കലാകാരന്മാരിൽ ഒരാളായിരുന്നു കപൂർ. ആക്ടിവിസ്റ്റ് ഗ്രൂപ്പായ കൾച്ചർ അൺസ്റ്റെയിൻഡിന്റെ സഹായത്തോടെ സംഘടിപ്പിച്ച കത്തിൽ, ബിപിയുടെ കാലാവസ്ഥാ പ്രതിസന്ധി കൂടുതൽ വഷളാക്കുന്നതിലുള്ള പങ്ക് അവരുടെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് അസ്വീകാര്യമാണെന്ന് വാദിച്ചു. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ തങ്ങൾ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന കമ്പനിയുടെ തെറ്റിദ്ധരിപ്പിക്കുന്ന ഉറപ്പിന് വിശ്വാസ്യത നൽകുന്നതായിരുന്നു കമ്പനിയുടെ സ്പോൺസർഷിപ്പ് എന്നായിരുന്നു മറ്റൊരു വിമര്‍ശനം. കലാ-സാംസ്കാരിക സ്ഥാപനങ്ങളുടെ ഫോസിൽ ഇന്ധന സ്പോൺസർഷിപ്പുകൾ അവസാനിപ്പിക്കാൻ യുകെയിലെ കലാകാരന്മാർ, ആക്ടിവിസ്റ്റുകൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പ്രതിഷേധം. ഈ ക്യാമ്പെയ്ൻ ഗണ്യമായി ശക്തി പ്രാപിക്കുകയും നിരവധി പ്രധാന വിജയങ്ങൾക്ക് കാരണമാവുകയും ചെയ്തു.

വിവാദം

പ്രശസ്തിക്കൊപ്പം കപൂറിന് ധാരാളം വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടിവന്നിട്ടുണ്ട്. അതിലൊന്ന് സൃഷ്ടികള്‍ക്കായുള്ള അദ്ദേഹത്തിന്റെ വാന്റാ ബ്ലാക്കിന്റെ ഉപയോഗമാണ്. ഇത് പെയിന്റ് അല്ല, പ്രത്യേക സാങ്കേതികവിദ്യയിലൂടെ ഉണ്ടാക്കിയതാണ്. അതായത്, കാര്‍ബണ്‍ നാനോട്യൂബുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കോട്ടിംഗ്. പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള കഴിവിന് പേരുകേട്ടതാണിത്. അതായത്, 99.965 ശതമാനം പ്രകാശത്തെയും ഇത് ആഗിരണം ചെയ്യുന്നു. ഇതുകാരണം വളരെ കുറഞ്ഞ പ്രകാശമേ കാഴ്ച്ചക്കാരനിലേക്ക് പ്രതിഫലിക്കുന്നുള്ളൂ. ഇത് ത്രിമാന വസ്തുക്കളെപോലും പരന്ന, ദ്വിമാന ശൂന്യതകളായോ അല്ലെങ്കില്‍ ബ്ലാക്ക് ഹോളുകളായോ തോന്നിപ്പിക്കുന്ന ദൃശ്യഭ്രമം സൃഷ്ടിക്കുന്നു. ഈ പ്രത്യേകതയാണ് ശ്രദ്ധേയമായ വിഷ്വല്‍ ഇഫക്റ്റുകള്‍ സൃഷ്ടിക്കാന്‍ ഇത് ഉപയോഗിക്കാനുള്ള കാരണം. ഇത് യഥാര്‍ത്ഥത്തില്‍ സൈനിക, ശാസ്ത്രീയ ആവശ്യങ്ങള്‍ക്കായാണ് വികസിപ്പിച്ചത്.

വാന്റാ ബ്ലാക്ക് കലാപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള പ്രത്യേക അവകാശം കപൂര്‍ അതിന്റെ ഉത്പാദകരില്‍ നിന്ന് സ്വന്തമാക്കി. ഒരു വസ്തുവിന്റെ ഉപയോഗം ഒരു കലാകാരന്‍ മാത്രം സ്വന്തമാക്കിയത് കലാലോകത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. ഇതില്‍ പ്രധാനി ബ്രിട്ടീഷ് കലാകാരനനായ സ്റ്റുവര്‍ട്ട് സെംമ്പിളാണ്. അദ്ദേഹം കപൂറിനെതിരെ ശക്തമായ നിലപാടെടുത്തു. എന്നാല്‍ കപൂര്‍ തന്റെ തീരുമാനത്തെ ഇപ്രകാരം ന്യായീകരിച്ചു: ഈ വസ്തുവിന്റെ കലാപരമായ സാധ്യതകള്‍ ആദ്യം തിരിച്ചറിഞ്ഞത് താനാണെന്നും, കറുപ്പിനോടുള്ള വൈകാരിക സമീപനമാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഡിസ്‌മെമ്പെർമെന്റ് | PHOTO : WIKI COMMONS
കപൂറിനുള്ള മറുപടിയായി സെമ്പിള്‍ ഒരു കൂട്ടം പുതിയ കലാസാമഗ്രികള്‍ പുറത്തിറക്കി. എന്നാല്‍ ഒരു നിബന്ധനയുണ്ടായിരുന്നു: അനീഷ്‌ കപൂറിന് ഇത് വാങ്ങാനോ ഉപയോഗിക്കാനോ അനുവാദമില്ല. അദ്ദേഹത്തിന്റെ ആദ്യ ഉല്പന്നം The Pinkest Pink എന്ന വളരെ തിളക്കമുള്ള പിങ്ക് പിഗ്മെന്റ് ആയിരുന്നു. ഇതിന് മറുപടിയായി കപൂര്‍ തന്റെ നടുവിരല്‍ സെമ്പിളിന്റെ പിങ്ക് പിഗ്മെന്റില്‍ മുക്കിയ ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത് തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കി. കപൂറിന്റെ ഈ ചേഷ്ട അവഹേളനം, വെല്ലുവിളി, അനാദരവ്, പുച്ഛം എന്നിവ പ്രകടിപ്പിക്കുന്നു. ഈ പിങ്ക് പ്ഗ്മെന്റ് ഓണ്‍ലൈനില്‍ വാങ്ങാം. അതിന് നിങ്ങള്‍ അനീഷ്‌ കപൂര്‍ അല്ല, അനീഷ്‌ കപൂറുമായി നിങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല, നിങ്ങള്‍ അനീഷ്‌ കപൂറിനോ സഹാകാരികള്‍ക്കോ വേണ്ടിയല്ല ഈ ഉല്പന്നം വാങ്ങുന്നത് എന്നും സാക്ഷ്യപ്പെടുത്തേണ്ടിയിരിക്കുന്നു. പിന്നീട് സെമ്പിള്‍ Black 2.0, Black 3.0 എന്നീ പെയിന്റുകള്‍ പുറത്തിറക്കി.

മറ്റൊരു വിവാദം 2015ല്‍ ഫ്രാന്‍സിലെ വെര്‍സൈല്‍സ് കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ അദ്ദേഹം ‘ഡേര്‍ട്ടി കോര്‍ണര്‍’ എന്ന ശില്പം സ്ഥാപിച്ചതോടെ ആരംഭിച്ചു. 60 മീറ്ററിലധികം നീളവും 10 മീറ്ററിലധികം വീതിയുമുള്ള, സ്റ്റീലും പാറയും കൊണ്ട് നിര്‍മ്മിച്ച ഈ സൃഷ്ടിക്ക് ഒരു വലിയ പുഴയുടെ ആകൃതിയിലുള്ള ദ്വാരമുണ്ട്. ഇത് സ്ഥാപിച്ചയുടന്‍, കലാകാരന്റെതെന്ന് പറയപ്പെടുന്ന ഒരു ഉദ്ധരണിയെ അടിസ്ഥാനമാക്കി മാധ്യമങ്ങളും പൊതുജനങ്ങളും ഇതിന് ‘രാജ്ഞിയുടെ യോനി’ എന്ന് പേരിട്ടു. ഇതും, ശില്പം കൊട്ടാരത്തിന് അഭിമുഖമായി പുല്‍ത്തകിടിയില്‍ സ്ഥാപിച്ചതും ചേര്‍ന്നപ്പോള്‍, ചരിത്രപരമായ ഒരു സ്ഥലത്ത് അനുചിതമായ കടന്നുകയറ്റമായി ചിലര്‍ ഇതിനെ കണ്ടു. താന്‍ ‘യോനി’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് കപൂര്‍ പിന്നീട് പറയുകയുണ്ടായി.

ഡേര്‍ട്ടി കോര്‍ണര്‍ | PHOTO : WIKI COMMONS
തുടര്‍ന്ന് പലതവണ ശില്പത്തിനുനേരെ ആക്രമണമുണ്ടായി. ആദ്യ ആക്രമണത്തില്‍ ശില്പത്തിനുമേല്‍ മഞ്ഞ പെയിന്റ് ഒഴിച്ചു. കപൂര്‍ ഇത് വൃത്തിയാക്കിയെങ്കിലും പിന്നീട് SS Blood Sacrifice, The second rape of the nation by deviant Jewish activism മുതലായ വര്‍ഗീയവും ജൂതവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ എഴുതി വീണ്ടും വികൃതമാക്കി. ഈ മുദ്രാവാക്യങ്ങള്‍ മായ്ച്ചുകളയുന്നതിന് പകരം കപൂര്‍ അതുപോലെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. ഈ ലിഖിതങ്ങള്‍ തന്റെ കലാസൃഷ്ടിയുടെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒഴിവാക്കലുകള്‍, പാര്‍ശ്വവല്‍ക്കരണം, വംശീയത തുടങ്ങിയ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ സാക്ഷ്യപത്രമായാണ് അദ്ദേഹം ഇതിനെ കണ്ടത്.

പല കലാകാരന്മാരും കപൂറിനെ പിന്തുണച്ചു. ഇത് വെറുപ്പിനെതിരെയുള്ള ശക്തമായ നിലപാടാണെന്ന് അവര്‍ വാദിച്ചു. എന്നാല്‍, രാഷ്ട്രീയക്കാരും പൊതുജനങ്ങളില്‍ ചിലരും കപൂറിനെതിരെ രംഗത്തെത്തി. വെര്‍സൈല്‍സ് പോലെ പ്രാധാന്യമുള്ള ഒരു സ്ഥലത്ത് ഇത്തരം മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വംശീയ വിദ്വേഷം വളര്‍ത്തുമെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍ കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന്, കോടതിയുടെ ഉത്തരവ് പ്രകാരം ലിഖിതങ്ങള്‍ നീക്കം ചെയ്യാനോ മറയ്ക്കാനോ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി കപൂര്‍ ആ ലിഖിതങ്ങള്‍ സ്വര്‍ണ്ണനിറത്തിലുള്ള ഇലകള്‍ ഉപയോഗിച്ച് മൂടി. ഇത് കോടതി ഉത്തരവ് അനുസരിക്കുകയും അതോടൊപ്പം പ്രതിഷേധം നിലനിര്‍ത്തുകയും ചെയ്തു. ഈ സ്വര്‍ണ്ണ നിറത്തിലുള്ള ഇലകള്‍ നശീകരണ പ്രവര്‍ത്തനങ്ങളെ ശില്പത്തിന്റെ ഭാഗമായി നിലനിര്‍ത്തി. തുടര്‍ന്ന് വന്ന കോടതി വിധിപ്രകാരം പിന്നീട് ശില്പം മാറ്റേണ്ടിവന്നു.

SS Blood Sacrifice, The second rape of the nation by deviant Jewish activism എന്നീ ലിഖിതങ്ങള്‍ കപൂറിന്റെ ജൂത പൈതൃകത്തെ നേരിട്ട് ലക്ഷ്യമിട്ടുള്ളതായിരുന്നു. ഫ്രാന്‍സില്‍ യഹൂദ വിരോധവും അസഹിഷ്ണുതയും വര്‍ദ്ധിച്ചുവരുന്നതിന്റെ സൂചനയായി പലരും ഇതിനെ കണ്ടു. മാത്രവുമല്ല, ഫ്രാന്‍സില്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്ക് സ്വാധീനം വര്‍ദ്ധിച്ച സമയങ്ങളില്‍ നടന്ന മറ്റ് കലാവിരോധ സംഭവങ്ങളുമായി ഇതിന് ബന്ധമുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി.

സ്കൈ മിറർ | PHOTO : WIKI COMMONS
മറ്റൊരു സംഭവം ഇന്ത്യ ടുഡേ എന്ന പ്രസിദ്ധീകരണം കപൂറിന്റെ അഭിമുഖം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഇന്ത്യാ ടുഡേ കപൂറിന്റെ അഭിമുഖം ഒഴിവാക്കിയതായി അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ മാറ്റാനോ മയപ്പെടുത്താനോ അദ്ദേഹം വിസമ്മതിച്ചതാണത്രേ അതിന് കാരണം. “നമ്മുടെ പ്രമുഖ മാധ്യമങ്ങൾ ഭയപ്പെടുകയും, ഭയം കാരണം നമ്മൾ സ്വയം സെൻസർ ചെയ്യേണ്ടി വരികയും ചെയ്താൽ, നമുക്ക് എല്ലാം നഷ്ടപ്പെടും” അദ്ദേഹം പറഞ്ഞു. വലതുപക്ഷത്തിന്റെ, പ്രത്യേകിച്ച് മോദി സർക്കാറിന്റെ കടുത്ത വിമർശകനാണ് കപൂര്‍. അഭിമുഖം പ്രസിദ്ധീകരിക്കാതിരിക്കാന്‍ ഇതും ഒരു കാരണമാവാം. “രാഷ്ട്രീയം വഴിമുട്ടിയാൽ, സംസ്കാരം അതിന്റെ നൂതന സാധ്യതകളെ മുന്നോട്ട് കൊണ്ടുപോകണം. വലതുപക്ഷ സർക്കാർ ഇത് അനുവദിക്കുന്നില്ല, അവർ നമ്മളെ ഭയപ്പെടുത്തുന്നു. ഞാൻ എന്റെ സഹപ്രവർത്തകരോട് പറയുന്നു -  സ്വയം സെൻസർ ചെയ്യുന്നത് അവരുടെ ആധിപത്യത്തിന് വഴങ്ങിക്കൊടുക്കുന്നതിന് തുല്യമാണ്”.

പ്രശസ്ത തത്വചിന്തകയായ ജൂലിയ ക്രിസ്റ്റേവയുടെ ആശയങ്ങള്‍ കപൂറിനെ ആകര്‍ഷിക്കുകയുണ്ടായി. (ക്രിസ്റ്റേവ കപൂറിന്റെ സൃഷ്ടികളെ കുറിച്ച് എഴുതുകയുണ്ടായി. മാത്രവുമല്ല, അവര്‍ പലപ്പോഴും സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു).

ജൂലിയ ക്രിസ്റ്റേവ | PHOTO : WIKI COMMONS
ക്രിസ്റ്റേവയുടെ 'Powers of Horror: An Essay on Abjection' എന്ന പുസ്തകത്തിലെ ഒരു പ്രധാന ആശയമാണ് വെറുപ്പുളവാക്കുന്ന, നികൃഷ്ടമായ അവസ്ഥ. ക്രിസ്റ്റേവയുടെ അഭിപ്രായത്തിൽ, വ്യക്തിയുടെ സ്വത്വബോധത്തെയും ക്രമത്തെയും ഭീഷണിപ്പെടുത്തുന്ന ഒന്നാണ് ഈ അവസ്ഥ. ശരീര സ്രവങ്ങൾ, ജീർണ്ണാവസ്ഥ, മരണം എന്നിവ കാണുമ്പോൾ നമുക്കുണ്ടാകുന്ന ഭയവും വെറുപ്പും നിറഞ്ഞ വികാരത്തെ ഇത് സൂചിപ്പിക്കുന്നു. ശുദ്ധവും ഏകീകൃതവുമായ ഒരു സ്വത്വം സൃഷ്ടിക്കുന്നതിനായി നമ്മൾ പുറന്തള്ളുന്ന ഒന്നാണ് ഇത്. എന്നാൽ അടിസ്ഥാനപരമായി നമ്മളെ രൂപപ്പെടുത്തുന്നതും ഇതുതന്നെയാണ്.

കപൂറും ക്രിസ്റ്റേവയും മനുഷ്യശരീരത്തിന്റെ ജൈവപരമായ, രക്തവും മാംസവും നിറഞ്ഞ അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നു. മെഴുക്, പിഗ്മെന്റ്, മിനുക്കിയ സ്റ്റീൽ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് അവയവങ്ങൾ, രക്തം, മാംസം എന്നിവയെ ഓർമ്മിപ്പിക്കുന്ന രൂപങ്ങൾ കപൂറിന്റെ  സൃഷ്ടികൾ പലപ്പോഴും ഉണ്ടാക്കുന്നു, ഇത് കാഴ്ചക്കാരെ അവരുടെ സ്വന്തം ശരീരത്തെ അഭിമുഖീകരിക്കാൻ വെല്ലുവിളിക്കുന്നു. കപൂറിന്റെ ‘ഷൂട്ടിങ് ഇന്റു ദി കോർണർ’ പോലുള്ള സൃഷ്ടികളില്‍ ചുവന്ന മെഴുകുപോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് പലപ്പോഴും പച്ചമാംസം, രക്തം, അല്ലെങ്കിൽ ആന്തരികാവയവങ്ങൾ എന്നിവയെ അനുസ്മരിപ്പിക്കുന്നു. ഇത്, ക്രിസ്റ്റേവ വിവരിക്കുന്ന ശരീരത്തിന്റെ കുഴഞ്ഞുമറിഞ്ഞതും രൂപമില്ലാത്തതും പലപ്പോഴും അലോസരപ്പെടുത്തുന്നതുമായ യാഥാർത്ഥ്യത്തെ കാഴ്ചക്കാരന്റെ  മുന്നിലേക്ക് കൊണ്ടുവരുന്നു.

ഷൂട്ടിങ് ഇന്റു ദി കോർണർ | PHOTO : WIKI COMMONS
‘ക്ലൗഡ് ഗേറ്റ്’, ‘സ്കൈ മിറർ’ തുടങ്ങിയ കലാസൃഷ്ടികളിലെ അതീവ മിനുസമുള്ള, കണ്ണാടി പോലെയുള്ള പ്രതലങ്ങൾ മറ്റൊരു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ശില്പങ്ങൾ കാഴ്ചക്കാരന്റെ പ്രതിബിംബത്തെ വികലമാക്കുകയും ശിഥിലമാക്കുകയും ചെയ്യുന്നു. ഇത് കാഴ്ചക്കാരന്റെ സ്വത്വബോധത്തെയും ചുറ്റുപാടുകളുമായുള്ള അവരുടെ സ്ഥിരമായ ബന്ധത്തെയും ചോദ്യം ചെയ്യുന്നു. പൂർണ്ണമായി ഉറച്ചതല്ലാത്തതും ലോകവുമായുള്ള ബന്ധത്തിലൂടെ നിരന്തരം രൂപം കൊള്ളുകയും ഇല്ലാതാവുകയും ചെയ്യുന്നതുമായ ഒരു സ്വത്വത്തെക്കുറിച്ചുള്ള ക്രിസ്റ്റേവയുടെ ‘സബ്ജക്റ്റ്-ഇൻ-പ്രൊസസ്’ (Subject-in-process) എന്ന ആശയത്തെ ഇത് പ്രതിധ്വനിപ്പിക്കുന്നു.


#Art
Leave a comment