TMJ
searchnav-menu
post-thumbnail

TMJ Art

ഇന്ത്യന്‍ കലാപരിപ്രേക്ഷ്യവും കലാ വിദ്യാഭ്യാസ ചിന്തകളും

09 Jun 2023   |   4 min Read
റോയ് എം തോട്ടം

'കലാകാരന്‍ പ്രത്യേകതരത്തിലുള്ള മനുഷ്യനല്ല, എന്നാല്‍ ഓരോ മനുഷ്യനും പ്രത്യേക തരത്തിലുള്ള കലാകാരനാണ്,' എന്ന് പ്രസിദ്ധ കലാചിന്തകനായ ആനന്ദകുമാരസ്വാമി പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ കലാപാരമ്പര്യത്തെയും കലാചിന്തകളെയും സംബന്ധിച്ച് ഇതു പ്രസക്തമാണ്. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ കല മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നുവെന്നും, എല്ലാവരുംതന്നെ ഏതെങ്കിലും തരത്തിലുള്ള കലാപ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും കാണാന്‍ കഴിയും. അത് മതാനുഷ്ഠാനവുമായി ബന്ധപ്പെട്ടതും നിര്‍വഹണപരമായ (functional) ലക്ഷ്യത്തോടുകൂടിയതുമായിരുന്നു. മനുഷ്യലോകത്തെ ദൈവങ്ങളുമായി ബന്ധിപ്പിക്കുന്ന കവാടമായിട്ടാണ് കല വര്‍ത്തിച്ചിരുന്നത്. ഐശ്വര്യദേവതയെ വരവേല്‍ക്കാനും ദുഷ്ടാത്മാക്കളെ പുറത്താക്കാനും വേണ്ടി വീടുകള്‍ക്ക് മുമ്പില്‍ വരയ്ക്കുന്ന കോലം എന്ന അനുഷ്ഠാനകല ഉദാഹരണമാണ്.

ഇന്ത്യന്‍ സംസ്‌കാരവും കലകളും, മനുഷ്യജീവിതത്തിലും ജീവിതസാഹചര്യങ്ങളിലും വേരൂന്നിയതായിരുന്നു. മനുഷ്യമനസ്സിനെ വിമലീകരിക്കുന്നതാണ് കലകള്‍ എന്ന ഭാരതീയ കാഴ്ചപ്പാട് വെളിവാക്കുന്നതാണ് 'ശില്പം ആത്മാനാം സംസ്‌കൃതേ' എന്ന സങ്കല്പനം. ശില്പം എന്നത് എല്ലാ കലാരൂപങ്ങളെയും സൂചിപ്പിക്കുന്നു. ഇന്ത്യന്‍ കലാചിന്തകളുടെ അടിസ്ഥാനമാണിത്. ഒരു സമൂഹത്തിന്റെ മാറുന്ന മുഖച്ഛായയുടെ അസാധാരണമായ ലിഖിതങ്ങളും ശേഷിപ്പുകളുമാണ് ആ സമൂഹത്തിന്റെ കലാപൈതൃകം. ഇന്ത്യയുടെ കലാപൈതൃകം വളരെ സമ്പന്നവും വൈവിധ്യം നിറഞ്ഞതുമാണ്. വിവിധ സംസ്‌കാരങ്ങളും മതധാരകളും ഭാരതീയ കലാപൈതൃകത്തെ സമ്പന്നമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പൗരാണിക നാഗരികതയുടെ കാലംമുതല്‍ ഹൈന്ദവ, ബുദ്ധ, ജൈന, മുസ്ലീം, ക്രൈസ്തവ സംസ്‌കാരങ്ങള്‍ തുടങ്ങി ആധുനിക കലാമുന്നേറ്റങ്ങള്‍വരെ ഇന്ത്യന്‍ കലാസാംസ്‌കാരിക ലോകത്തെ സമ്പന്നമാക്കിയിട്ടുണ്ട്. ഈ സംസ്‌കാരങ്ങളെ അടിസ്ഥാനമാക്കിയതാണ് ഇന്ത്യയുടെ കലാചരിത്രം. എന്നാല്‍, നാടോടി, ആദിവാസി കലകള്‍ക്ക് ഇന്ത്യന്‍ കലാചരിത്രത്തില്‍ വേണ്ടത്രസ്ഥാനം നല്‍കപ്പെട്ടിട്ടില്ല. അത് മറ്റൊരു സംസ്‌കാരധാരയായിട്ടാണ് നിലകൊള്ളുന്നതും കണക്കാക്കപ്പെടുന്നതും. എന്നാല്‍, പ്രസിദ്ധരായ പല ഭാരതീയ കലാകാരന്മാരും നാടോടി ആദിവാസി കലാസംസ്‌കൃതിയാല്‍ സ്വാധീനിക്കപ്പെട്ടവരായിരുന്നുതാനും. 



ആദിവാസികളുള്‍പ്പെടെയുള്ള അടിസ്ഥാന ജനസമൂഹങ്ങള്‍ കലയെ തങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിട്ടാണ് കണക്കാക്കുന്നത്. കലാവിഷ്‌കാരങ്ങളും മതാനുഷ്ഠാനങ്ങളും അനുദിനജീവിതചര്യകളും ഒക്കെ കൂടിക്കലര്‍ന്ന അവരുടെ ജീവിതം, പ്രകൃതിയും പരസ്പരവുമുള്ള ബന്ധത്താല്‍ ആരോഗ്യപരവും ലളിതസുന്ദരവുമായിരുന്നു. ജീവിതത്തിന്റെ വ്യത്യസ്തഘടകങ്ങളെ പാരസ്പര്യത്തില്‍ കോര്‍ത്തിണക്കുന്നതിന് കല പ്രത്യേകമായ പങ്കുവഹിച്ചിരുന്നു.

മാറുന്ന കലാ അഭിരുചികള്‍

കല മനുഷ്യജീവിതത്തിന്റെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്നിരിക്കെ, കലയെ വേണ്ട രീതിയില്‍ പരിഗണിക്കാത്ത സമീപനമാണ് നമ്മുടെ സമൂഹത്തില്‍ പൊതുവെ ഉള്ളത്. കല മനുഷ്യന്റെ ലാഭേച്ഛയ്ക്ക് ഉചിതമായ ഒന്നല്ലായെന്നും അതുകൊണ്ട് കല പ്രയോജനരഹിതമാണെന്നുമുള്ള കാഴ്ചപ്പാട് പൊതുവെ കേരളസമൂഹത്തിനുണ്ട്. മത്സരയിനമായും ഹോബിയായും ഒക്കെയാണ് നമ്മുടെ സമൂഹത്തിലും വിദ്യാഭ്യാസപദ്ധതിയിലും കലയ്ക്കുള്ള സ്ഥാനം.

എന്നാല്‍, ബിനാലെപോലുള്ള കലാമേളകള്‍ പൊതുജനങ്ങളുടെ കലാഭിരുചിയെ പരുവപ്പെടുത്തുന്നതിനും പുതിയ കലാസങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്നതിനും സഹായകരമായിത്തീര്‍ന്നിട്ടുണ്ട്. പരിചിതമായ കലാസങ്കല്പങ്ങള്‍ക്കപ്പുറമായി, കലയുടെ നിയതമായ ചട്ടക്കൂടുകളില്‍നിന്നും കാഴ്ചപ്പാടുകളില്‍നിന്നും കലയെ മോചിപ്പിക്കുകയും വിശാലമായ അര്‍ത്ഥതലങ്ങളിലേക്ക് കലയെ പ്രതിഷ്ഠിക്കുകയുമാണ് ബിനാലെകളില്‍ സംഭവിക്കുന്നത്. ഇന്ന് മനുഷ്യര്‍ നേരിടുന്ന സാമൂഹികവും പാരിസ്ഥിതികവും രാഷ്ട്രീയവും അസ്തിത്വപരവുമായ പ്രശ്‌നങ്ങളിലേക്കും വിഷയങ്ങളിലേക്കും, അവ സംബന്ധിച്ചുള്ള വിമര്‍ശനാത്മകവും ഉത്തരവാദിത്തപരവുമായ അവബോധത്തിലേക്കും നിലപാടുകളിലേക്കുമാണ് ഈ കലാസൃഷ്ടികള്‍ നമ്മെ എത്തിക്കുന്നത്. ദൃശ്യപരം മാത്രമല്ല ശബ്ദവും ചലനവും കേള്‍വിയുമൊക്കെ കലാവിഷ്‌കാരത്തിന്റെ ഭാഗമാക്കിക്കൊണ്ട് സമഗ്രമായ ഒരു അനുഭവത്തിലൂടെയാണ് ആസ്വാദകര്‍ കടന്നുപോകുന്നത്. വെറും കാഴ്ചക്കാരായിമാത്രം കടന്നുപോകാനാവില്ലതാനും. മനുഷ്യന്റെ ജീവിതപരിസരങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടല്ല, പ്രത്യുത അവന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക തലങ്ങളെയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത്തരം കലാവിഷ്‌കാരങ്ങള്‍ നടക്കുന്നത്. ഗാലറി കേന്ദ്രീകൃതമായിരുന്ന കലയെ മനുഷ്യജീവിത പരിസരങ്ങളുമായി കൂട്ടിയിണക്കുകയാണ് ഇത്തരം കലാമേളകളിലൂടെ. അത് പൊതുജനങ്ങളുമായി അടുത്തബന്ധം സൃഷ്ടിക്കുകയും, കലാസൃഷ്ടികളും ജനങ്ങളുമായുമുള്ള സംവേദനം സാധ്യമാക്കുകയും ചെയ്യുന്നു. 

നിശ്ചിതാര്‍ത്ഥത്തില്‍ ചിലപ്പോള്‍ എല്ലാവരും കലാകാരന്മാരോ കലാകാരികളോ ആകുന്നില്ലെങ്കിലും, നന്ദലാല്‍ ബോസ് പറഞ്ഞിട്ടുള്ളതുപോലെ, ഏതെങ്കിലും തരത്തിലുള്ള കലാവിദ്യാഭ്യാസം ഏതു തലത്തിലുള്ളവരാണെങ്കിലും ഏവര്‍ക്കും ആവശ്യമാണ്. അതു നമ്മുടെ മനുഷ്യഭാവത്തെ തെളിമയുള്ളതാക്കുകയും ആന്തരിക സന്തുലിതാവസ്ഥയെ നിലനിര്‍ത്തുകയും ചെയ്യുന്നു. ജീവിതത്തിന്റെ അന്തഃസാരവും മൗലീകതയും മനസ്സിലാക്കുന്നതിനും അതു സഹായകരമാകുന്നു. ആരോഗ്യപരമായ വ്യക്തിത്വവികാസത്തിനും മനുഷ്യബന്ധങ്ങള്‍ക്കും കല ജീവിതത്തിന്റെ അവിഭാജ്യഘടകമായി വര്‍ത്തിക്കുന്നു. ഒരു യന്ത്രത്തെപ്പോലെ യാന്ത്രികമായല്ല മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും. അവന്റെ കര്‍മം സൃഷ്ടാത്മകമാണ്. ക്രിയാത്മക കര്‍മമാണ് അവന്റെ അസ്തിത്വത്തെ അര്‍ത്ഥപൂര്‍ണമാക്കുകയും ആന്തരിക ഉണ്മയെ പ്രശോഭിപ്പിക്കുകയും വൈകാരിക ഭാവാത്മകതയെ സ്വച്ഛസുന്ദരമാക്കുകയും ചെയ്യുന്നത്.

നന്ദലാല്‍ ബോസ്

കലാ വിദ്യാഭ്യാസത്തിന്റെ പ്രസക്തി

രവീന്ദ്രനാഥ് ടാഗോറിന്റെ കാഴ്ചപ്പാടില്‍ കല ജീവിതത്തിന്റെ അവിഭാജ്യമായ ഘടകമായികൊണ്ട് ആരോഗ്യപരമായ വ്യക്തിത്വവികാസവും ഉദാത്തമായ മനുഷ്യബന്ധങ്ങളും സാധ്യമാക്കുന്നു. ഗാന്ധിജിക്കും ടാഗോറിനും സ്വതന്ത്രമനുഷ്യനെ (liberated personality) ക്കുറിച്ചുള്ള ദര്‍ശനം ഉണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാകുന്നത് ക്രിയാത്മകതയില്‍ അടിസ്ഥാനപ്പെടുത്തിയ വിദ്യാഭ്യാസത്തിലൂടെയാണ്. ഇത്തരം ക്രിയാത്മക കര്‍മങ്ങള്‍ ഒരു വ്യക്തിയുടെ ആന്തരിക സന്തുലിതാവസ്ഥയും മനുഷ്യസമൂഹവുമായുള്ള അരോഗ്യപരമായ ഐക്യവും ഉറപ്പുവരുത്തുന്നു.

ഇന്നത്തെ വിദ്യാഭ്യാസരീതി മത്സരത്തിന്റെയും നേട്ടങ്ങളുടെയും സ്വാര്‍ത്ഥചിന്തയുടെയും സംസ്‌കാരത്തെയാണ് കൂടുതലും വളര്‍ത്തുന്നതെന്ന് തോന്നുന്നു. കുട്ടികളില്‍ ധാരാളം അറിവുകള്‍ കുത്തിനിറയ്ക്കുന്നു. എന്നാല്‍ മനുഷ്യനെന്ന നിലയിലുള്ള ഭാവാത്മകതയും പരസ്പര ബഹുമാനവും ആദരവും ദയാവായ്പും വളര്‍ത്താന്‍ ശ്രമിക്കുന്നില്ല. മറ്റു മനുഷ്യരേയും പ്രകൃതിയേയും തന്റെതന്നെ ജീവിതത്തിന്റെ ഭാഗമായി കാണാന്‍ അവര്‍ പ്രാപ്തരാക്കപ്പെടുന്നില്ല. 

നമ്മിലെ ക്രിയാത്മകത, അതിന്റെ ഏറ്റവും സുന്ദരവുമായ രൂപത്തില്‍ ആവിഷ്‌കൃതമാകുന്നത് പാരസ്പര്യത്തിന്റെ അനുഭവത്തിലാണ്. പാരസ്പര്യത്തിലായിക്കൊണ്ട് ക്രിയാത്മകമാകുക എന്നത് പ്രകൃതിയുടെ സ്വഭാവമാണ്. എല്ലാറ്റിനെയും ഉള്‍ക്കൊണ്ടുകൊണ്ട് എന്നാല്‍, തനിമയോടെ വളരുകയും നിലനില്‍ക്കുകയും ചെയ്യുക എന്നതാണ് പ്രകൃതിയുടെ സംസ്‌കാരം. ഇത് അറിയുകയും പ്രകൃതിയുടെ താളലയത്തില്‍ ഉള്‍ച്ചേരുകയും ചെയ്യാന്‍ കലാഭാവുകത്വം നമ്മെ സഹായിക്കുന്നു. പ്രകൃതിയുമായും ഉള്‍ച്ചേര്‍ന്ന പ്രക്രിയയാണ് ശരിയായ വിദ്യാഭ്യാസം.



ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ വളരെയധികം കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍, മനുഷ്യത്വവളര്‍ച്ചക്കാവശ്യമായ കലാവിദ്യാഭ്യാസം എന്തുകൊണ്ട് വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാകുന്നില്ല ? ഇന്ന് വിദ്യാഭ്യാസസംവിധാനം നിശ്ചയിക്കുന്നത് അത് എത്രമാത്രം ജോലിസംബന്ധമായും ലാഭസംബന്ധമായും പ്രയോജനപ്രദമാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ്. നല്ല മനുഷ്യരെ പരുവപ്പെടുത്തുന്ന, നല്ല വ്യക്തിത്വരൂപീകരണം സാധിക്കുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് നാം ചിന്തിക്കുന്നില്ല. ആരോഗ്യപരമായ ഒരു വ്യക്തിത്വവികാസത്തിനും മനുഷ്യബന്ധങ്ങള്‍ക്കും കല വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ് എന്നായിരുന്നു ടാഗോര്‍ വിശ്വസിച്ചിരുന്നത്. കലാവിദ്യാഭ്യാസം എന്നതുകൊണ്ട്, അതിന്റെ സാങ്കേതിക പ്രാവീണ്യം ആര്‍ജിക്കുക എന്നതിനേക്കാള്‍ ഒരു ജീവിതസമീപനമായും, മനുഷ്യത്വഭാവങ്ങളെ വികസ്വരമാക്കുന്ന പ്രക്രിയയായുമാണ് മനസ്സിലാക്കേണ്ടത്.

നിര്‍ഭാഗ്യവശാല്‍, കല നമ്മുടെ അനുദിന ജീവിതത്തില്‍നിന്ന് വേറിട്ട ഒരു കാര്യമായിട്ടാണ് നിലനില്‍ക്കുന്നത്. അത് ഏതാനും ചില കലാകാരന്മാരുടെ മാത്രം കാര്യമായും, സാധാരണ ജീവിതവുമായി അതിനു കാര്യമായ ബന്ധമൊന്നുമില്ലായെന്ന ധാരണയും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ കാഴ്ചപ്പാടില്‍ കലയും ജീവിതവും രണ്ടല്ല. നാടോടി സംസ്‌കൃതിയും ആദിവാസികലയും ഇതിനു ശക്തമായ സാക്ഷ്യങ്ങളാണ്. ഇന്ത്യന്‍ ചിന്തയില്‍ കലാകാരന്‍ ഒരു യോഗിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. യോഗ എന്നത് ലയത്തിന്റെയും സമന്വയ -ഐക്യത്തിന്റെയും അവബോധത്തിലേക്കുള്ള മാര്‍ഗമാണ്. യാതൊന്നും, ഏതൊരു കര്‍മവും നമ്മള്‍ ജീവിക്കുന്ന, നമുക്കു ചുറ്റുമുള്ള പരിസ്ഥിതിയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നായി കാണാന്‍ കഴിയില്ല. പരസ്പരബന്ധത്തിന്റെയും ചുറ്റുമുള്ള പ്രകൃതിയുടെയും ഭാഗമായിക്കൊണ്ടാണ് സന്തുലിതമായ ഒരു ജീവിതവീക്ഷണം സാധ്യമാകുന്നത്.

ജീവിതത്തിന്റെ ആദ്യനാളുകളില്‍തന്നെ ക്രിയാത്മകതയുടെ ലക്ഷണങ്ങള്‍ ഒരാള്‍ കാണിച്ചു തുടങ്ങും. എന്നാല്‍, വളരുമ്പോള്‍ അതു നിലനിര്‍ത്താനും വളര്‍ത്താനും കഴിയാതെ വരുന്നു. സഹജഭാവമല്ലാതെ മറ്റ് എന്തൊക്കെയോ ആയിത്തീരുന്നതിനാണ് ശ്രമം. നമ്മുടെ വിദ്യാഭ്യാസസമ്പ്രദായവും സാമൂഹികവ്യവസ്ഥയും, ക്രിയാത്മകതയെയും സ്വ-ഭാവത്തെയും ഇല്ലാതാക്കുന്ന തരത്തിലുള്ള സമീപനവും സമ്മര്‍ദവുമാണ് വളര്‍ന്നുവരുന്ന കുട്ടികളുടെമേല്‍ പ്രയോഗിക്കുക. അതുകൊണ്ടുതന്നെ ബാല്യകാലത്തിന്റെ അവസാനത്തോടെ ഒരാളുടെ ക്രിയാത്മകത അസ്തമിക്കുകയും ചെയ്യുന്നു.



മനുഷ്യ ഐക്യത്തിന്റെ വളര്‍ച്ചയെക്കുറിച്ച് ടാഗോര്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് : 'അതു അമ്മയുടെ സ്‌നേഹത്തില്‍ തുടങ്ങുന്നു, അതു അടുത്ത കുടുംബാംഗങ്ങളോടും പിന്നെ ചാര്‍ച്ചക്കാരോടും പിന്നീട് അതു വിശ്വമാനവ സ്‌നേഹത്തിലേക്കും വളരുന്നു'. സ്‌നേഹത്തില്‍ ആസ്പദമാക്കിയ ഈ പാരസ്പര്യ ഭാവത്തിന്റെ അടിസ്ഥാനം ക്രിയാത്മകതയാണ്. ഇതാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യവും. ക്രിയാത്മകത എപ്പോഴും സൃഷ്ടാത്മകമാണ്. അതൊരിക്കലും നശീകരണാത്മകവും ഹിംസാത്മകവും ആകില്ല. ലയത്തിന്റെയും ഐക്യത്തിന്റെയും പാരസ്പര്യത്തിന്റെയും അനുഭവത്തിലേക്ക് കുട്ടികളെ പരിചയപ്പെടുത്തേണ്ടതുണ്ട്. അതു ശക്തമായിതന്നെ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കുകയും ചെയ്യും.

കലയും ജീവിതവും 

ഇന്ന് നമ്മുടെ സമൂഹം കൂടുതല്‍ ഹിംസാത്മകമായിക്കൊണ്ടിരിക്കുകയാണ്. വാക്കിലും, സമീപനങ്ങളിലും പ്രവൃത്തികളിലുമൊക്കെ. അധികാരധാര്‍ഷ്ട്യവും അടിച്ചമര്‍ത്തലുകളും, വേര്‍തിരിവുകളും ശത്രുതാമനോഭാവങ്ങളും ഒക്കെ ശക്തിയാര്‍ജിക്കുന്നു. യുവതലമുറ പല തരത്തിലുള്ള ദൂഷ്യാവസ്ഥകളിലേക്ക് ചെന്നുപെടുന്നു. ഈ സാഹചര്യത്തില്‍ കലാവിദ്യാഭ്യാസവും കലാത്മക പ്രവര്‍ത്തനങ്ങളും മനുഷ്യത്വപരവും സമാധാനപൂര്‍വവുമായ ജീവിതാവസ്ഥയെ രൂപപ്പെടുത്തുന്നതിന് സഹായകരമാകും. ബെര്‍നി വാറെന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യം ആ സമൂഹത്തിന്റെ കലാപരമായ പ്രവൃത്തികളിലൂടെയാണ് നിഴലിക്കുന്നത് എന്നാണ്. മനുഷ്യമനസ്സിനെ ശക്തമായി സ്വാധീനിക്കാന്‍ കലയ്ക്ക് കഴിയുന്നു. ജീവിതത്തില്‍ സമാധാനവും ആനന്ദവും പ്രധാനം ചെയ്യുന്നതിനും കലയ്ക്ക് കഴിയും. ക്രിയാത്മകതയും സമാധാനവും തമ്മില്‍ സഹജമായ ഒരു ബന്ധം ഉണ്ട്. മനുഷ്യത്വഭാവങ്ങളുടെ നൈര്‍മല്യങ്ങളെ നിലനിര്‍ത്തുന്നതിന് കലകള്‍ നമ്മെ സഹായിക്കുന്നു.


നമ്മുടെ സമൂഹജീവിതത്തില്‍, വിദ്യാഭ്യാസ പദ്ധതിയില്‍, ആത്മീയാന്വേഷണങ്ങളിലൊക്കെ, കലയെ ഉള്‍പ്പെടുത്തുകയും ജീവിതത്തെ കലാത്മകമായി സമീപിക്കുകയും ചെയ്യുമ്പോള്‍, സങ്കീര്‍ണവും അസ്വസ്ഥത നിറഞ്ഞതുമായ ജീവിതത്തെ സമാധാനപൂര്‍ണവും ആരോഗ്യപരവുമാക്കി തീര്‍ക്കാന്‍ കഴിയും. കല ഏതാനും ചിലര്‍ക്കു മാത്രം മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളതല്ലെന്നും കലയും ജീവിതവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും തിരിച്ചറിയുകയും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ സുദൃഢമാക്കുകയും, പാരസ്പര്യത്തിന്റെയും പരസ്പര ആദരവിന്റെയും സംസ്‌കാരത്തിലേക്ക് നമ്മള്‍ വളരുകയും ചെയ്യത്തക്കവിധത്തില്‍, വിവിധ കലാരൂപങ്ങള്‍ നമ്മുടെ ജീവിതത്തെയും ജീവിതപരിസരങ്ങളെയും സുന്ദരമാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ് കലയുമായി ബന്ധപ്പെട്ട പ്രതീക്ഷയും സാധ്യതയും. വിപണി കേന്ദ്രീകൃത കല മാത്രമല്ല, അടിസ്ഥാനപരമായി ജീവിത കേന്ദ്രീകൃതമായ തലത്തിലാണ് കലയെ സമീപിക്കേണ്ടതും വളര്‍ത്തിയെടുക്കേണ്ടതും.


#Art
Leave a comment