TMJ
searchnav-menu
post-thumbnail

TMJ Art

കല ആന്തരിക ഭൂപ്രകൃതിയെ വെളിപ്പെടുത്തുന്നത്

09 May 2023   |   3 min Read
റോയ് എം തോട്ടം


ലാകാരന്മാരും കലാവിഷ്‌ക്കാരങ്ങളും നമ്മുടെ പൊതുഭവനമായ ഈ ഭൂമിയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ചരിത്രാതീതകാലം മുതല്‍ ആധുനികാനന്തര കാലഘട്ടം വരെയുള്ള കലാകാരന്മാരുടെ റഫറന്‍സ് പോയിന്റ് പ്രകൃതിയാണ്. ഭൂമിയുടെ നിഗൂഢതലങ്ങള്‍, ശക്തികള്‍, സൗന്ദര്യങ്ങള്‍ എന്നിവയില്‍ കലാകാരന്മാര്‍ എപ്പോഴും ജിജ്ഞാസുക്കളാണ്. സാധാരണ നിരീക്ഷണത്തിനോ ശാസ്ത്രീയ അന്വേഷണത്തിനോ പ്രാപ്യമല്ലാത്ത യാഥാര്‍ത്ഥ്യത്തിന്റെ പല തലങ്ങളും കല അനാവരണം ചെയ്യുന്നു. ''പ്രത്യക്ഷലോകത്തിന് ഉള്ളിലുള്ള രഹസ്യവും മൗലികവുമായ അര്‍ത്ഥങ്ങളെയാണ് കലാസൃഷ്ടികള്‍ അന്വേഷിക്കുന്നത്'' (കാള്‍ ജി. യുംഗ്).

ചരിത്രാതീതകാലത്തെ കല, ജനങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ മേഖലയെ വിശാലമായ  പ്രാപഞ്ചിക  മണ്ഡലവുമായി ബന്ധിപ്പിക്കുന്നതിനുള്ള മാര്‍ഗമായിരുന്നു. കലയിലൂടെ ഭൂമിയുടെ നിഗൂഢ ശക്തികളെ അവര്‍ ആവിഷ്‌ക്കരിക്കുകയും തങ്ങളുടെ മാനുഷിക ഭാവങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. കൂടാതെ, പ്രകൃതിയുടെ ശക്തികളെ നേരിടുമ്പോഴുള്ള അവരുടെ അനുഭവങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള  മാര്‍ഗമായിരുന്നു അവര്‍ക്ക് കല. ഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ കലാപരമായ ആവിഷ്‌കാരങ്ങളിലൂടെ, തങ്ങളുടെ 'ആന്തരിക ഭൂമികയിലൂടെ' സഞ്ചരിക്കുകയായിരുന്നു അവര്‍. ''കല ശാശ്വതമാണ്, കാരണം അത് മനുഷ്യന്റെ ആന്തരിക ഭൂപ്രകൃതിയെ വെളിപ്പെടുത്തുന്നു; അത് മനുഷ്യന്റെ ആത്മാവാണ്',  എന്ന് അമേരിക്കന്‍ നര്‍ത്തകിയും നൃത്തസംവിധായകയുമായ മാര്‍ത്ത ഗ്രഹാം പറയുന്നു.


ദി ഫോറസ്റ്റ് വിതിൻ

പ്രാചീനകാലം  മുതല്‍ ആധുനിക കാലം വരെ, പ്രകൃതിയില്‍ നിന്നുള്ള പ്രതീകങ്ങളും രൂപങ്ങളും കലാപരമായ ആവിഷ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. കാള്‍ യുംഗിന്റെ അഭിപ്രായത്തില്‍  ഈ പ്രപഞ്ചം മുഴുവന്‍ ഒരു പ്രതീകമാണ്. ആദിമ മനുഷ്യരുടെ, പ്രകൃതിയില്‍ നിന്നെടുത്ത പ്രതീകങ്ങളും ദൈവിക രൂപങ്ങളും മോഡേണ്‍ പ്രിമിറ്റിവിസം എന്ന നിലയില്‍ ആധുനിക കലാ പ്രസ്ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ജീവിതത്തെയും യാഥാര്‍ത്ഥ്യത്തെയും കുറിച്ചുള്ള 'ആദിമ' കാഴ്ചപ്പാടിലേക്ക് മടങ്ങാനുള്ള ഈ അന്വേഷണം ആധുനിക കലയുടെ പല രൂപങ്ങളിലും ഒരു പ്രധാന പരിഗണനയാണ്. നമ്മുടെ ഈ പ്രകൃതിയില്‍ ഒരു കുട്ടിയുടെ അത്ഭുതഭാവത്തോടെ,  പരിസ്ഥിതിയുമായി കൂടുതല്‍ സൗഹൃദത്തിലാകുക എന്നതാണ് മറ്റൊരു പരിഗണന. ഏതൊരു കലാരൂപവുമായുള്ള ഇടപെടല്‍, നമ്മെക്കുറിച്ചും ഈ ഗ്രഹത്തിലെ  നമ്മുടെ അനന്യതയെക്കുറിച്ചും കൂടുതല്‍ അറിയാനുള്ള അവസരമാണ്.

ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അതിരുകളില്ല. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവന്‍ ഭൂമിയുടെ ഹൃദയത്തിലൂടെ നടക്കുന്നു, ഋതുക്കളുടെ സംഗീതം കേള്‍ക്കുന്നു; നദികളോടൊപ്പം ചിരിക്കുന്നു, പക്ഷികള്‍ക്കൊപ്പം പാടുന്നു.  പര്‍വതങ്ങള്‍ക്കൊപ്പം ധ്യാനത്തില്‍ നിശ്ചലമായി നില്‍ക്കുന്നു; മരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നു. ഭൂമി അവന്റെ ദൈവത്തിലേക്കുള്ള ആത്മീയ പാതയാണ്. 'പ്രകൃതി ദൈവത്തിന്റെ മുഖമാണ്' എന്ന് രവീന്ദ്ര നാഥാ ടാഗോര്‍. 


പക്ഷിയുടെ ഗീതം

അവനില്‍ കരുണയുടെ നദി ഒഴുകുന്നു. അവന്‍ സമാധാനത്തിന്റെ കാറ്റായി മാറുകയും സ്‌നേഹത്തിന്റെ അഗ്‌നിയില്‍ ജ്വലിക്കുകയും ചെയ്യുന്നു. ജീവന്റെ വൃക്ഷം അവനില്‍ വളരുന്നു... കലാകാരന്മാര്‍ എപ്പോഴും എത്തിച്ചേരുന്നത് ജീവിതത്തിന്റെയും ഭൂമിയുടെയും അദൃശ്യമായ സൗന്ദര്യത്തിലേക്കാണ്. നാമെല്ലാവരും വിശാലമായ അര്‍ത്ഥത്തില്‍ കലാകാരന്മാരാണ്, കാരണം കല ഒരു ആത്മീയ മാര്‍ഗമാണ്. 'കലാകാരന്മാര്‍ പ്രത്യേകതരം വ്യക്തികളല്ല, എല്ലാവരും പ്രത്യേകതരം കലാകാരന്മാരാണ്' (ആനന്ദ് കെ. കുമാരസ്വാമി). ഭൂമിയില്‍ നിന്ന് അകന്നുപോകുന്നതിലൂടെ, നമ്മുടെ അടിത്തറയും ആദിമ ഊര്‍ജവുമായുള്ള ബന്ധവും നഷ്ടപ്പെടും; കൂടാതെ, ഭൂമിയുമായി ബന്ധപ്പെട്ട ധാര്‍മിക-പവിത്രതാബോധവും ഇല്ലാതാകും. കലാകാരന്മാര്‍ അതിനെക്കുറിച്ച് ആശങ്കാകുലരാണ്. ഭൂമിയുടെയും അതിലുള്ള എല്ലാറ്റിന്റെയും പവിത്രതയിലേക്ക് ഏവരുടെയും മനസ്സിനെ ഉയര്‍ത്താനാണവര്‍ ശ്രമിക്കുന്നത്.

മനുഷ്യന്റെ സ്വപ്നങ്ങളെ വര്‍ണങ്ങളിലൂടെയും വരകളിലൂടെയും രൂപപ്പെടുത്താനും പ്രകടിപ്പിക്കാനുമുള്ള അപ്രതിരോധ്യമായ പ്രേരണയാല്‍ നയിക്കപ്പെടുന്ന കല, ഭാവിയുമായുള്ള മനുഷ്യന്റെ എക്കാലത്തെയും തുടര്‍ച്ചയുടെ കണ്ണിയാണ്. മുന്‍ നൂറ്റാണ്ടുകളില്‍ മനുഷ്യര്‍ ഭൂമിയോട് ബഹുമാനത്തോടും ഭയത്തോടും കൂടിയാണ് പെരുമാറിയിരുന്നത്. ഈ ആദരണീയമായ മനോഭാവത്തില്‍ കല പങ്കുചേര്‍ന്നിരുന്നു. ഭൂമി എന്ന ഈ മാന്ത്രിക ദ്വീപിലെ ചെറിയ കുടിയാന്മാരായിട്ടാണ് അവര്‍ സ്വയം നോക്കിക്കണ്ടിരുന്നത്. ഒരിക്കല്‍ക്കൂടി സമാധാനത്തോടെ ഉറങ്ങാന്‍, ഭൂമി മാതാവിന്റെ മടിത്തട്ടിലേക്കുള്ള മടക്കം മാത്രമായിരുന്നു മരണം. 


അതിരുകൾ മായുമ്പോൾ

എന്നാല്‍, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിയോടെ, കൂടുതല്‍ കൂടുതല്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഒരു എഞ്ചിനായി ലോകം കണക്കാക്കപ്പെട്ടു. അത് ആദരവിലും അത്ഭുതത്തിലും (നിഷ്‌കളങ്കതയുടെയും സന്തോഷത്തിന്റെയും അനിവാര്യമായ മുന്‍വ്യവസ്ഥ) നോക്കികാണേണ്ടതില്ല എന്ന സമീപനം വളര്‍ത്തി. പ്രാക്തനവും ശിശുസഹജവുമാണ്, കലയും ജീവിതവും, കലയും പരിസ്ഥിതിയും തമ്മിലുള്ള തകര്‍ന്ന ബന്ധത്തെ (Broken Gestalt) വിളക്കിച്ചേര്‍ക്കാനുള്ള അന്വേഷണത്തിന്റെ ഇരട്ട ഘടകങ്ങളെന്നും, ലോകം യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെതു മാത്രമാണെന്നും അയാള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അത് ഉപയോഗിക്കാമെന്നുമുള്ള മനുഷ്യന്റെ അമിതമായ അഹങ്കാരം അതിന്റെ അനിവാര്യമായ നാശത്തിലേക്ക് നയിക്കും എന്ന് പ്രസിദ്ധ ഒറിയ കവി സീതാകാന്ത് മഹാപത്ര. 

കലാകാരന്മാര്‍ സമയത്തെയും ഇടത്തേയും (time and space) കുറിച്ചുള്ള വ്യത്യസ്തമായ സങ്കല്‍പ്പത്തിലാണ് പ്രവര്‍ത്തിക്കുന്നത്; അങ്ങനെ ലോകത്തിലായിരിക്കാനുള്ള  വ്യതിരിക്ത വഴികള്‍ വിഭാവനം ചെയ്യാന്‍ ജനങ്ങളെ അവര്‍ പ്രബുദ്ധരാക്കുന്നു. അപ്രതീക്ഷിതവും നവീനവുമായ കാഴ്ചപ്പാടുകള്‍ പുതിയ വഴികളിലൂടെ അവതരിപ്പിച്ചുകൊണ്ട് വ്യവസ്ഥാപിതമായ ആശയങ്ങളെയും സങ്കല്പ്പനങ്ങളെയും വെല്ലുവിളിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിയുന്നു. സൂചകത്തിന്റെയും ആഘോഷത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ഉപകരണമെന്ന നിലയില്‍ കല ഒരു വിപുലമായ അര്‍ത്ഥം സൃഷ്ടിക്കുന്നുണ്ട്. ചിന്തകനായിരുന്ന  സെബാസ്റ്റ്യന്‍ കാപ്പന്‍ പറയുന്നതുപോലെ, പരിവര്‍ത്തനത്തിന്റെയും രാഷ്ട്രീയ സംവാദങ്ങളുടെയും ഉപകരണമായി വര്‍ത്തിക്കാന്‍ കലയ്ക്ക് ശക്തിയുണ്ട്. ''കല ചരിത്രത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല; മറിച്ച് അത് ഒരു ജനതയുടെ ഭാഗധേയം രൂപപ്പെടുത്തുന്നിടത്തോളം ചരിത്രമാണ്''.


എഴുത്തും ചിത്രങ്ങളും: റോയ് എം തോട്ടം 


#Art
Leave a comment