TMJ
searchnav-menu
post-thumbnail

TMJ Art

കല സംശുദ്ധബോധത്തെ സൃഷ്ടിക്കുന്നത്

09 Sep 2023   |   5 min Read
റോയ് എം തോട്ടം

''ഒരസാധാരണ മനുഷ്യനാകാന്‍ വേണ്ടി കലാകാരനാകാന്‍ എനിക്കാഗ്രഹമില്ല. കലാകാരന്‍ എല്ലാവരിലും സംഭവിക്കുന്നതാണ്. ജീവിതത്തിന്റെ രഹസ്യാത്മകതയോടും അത്ഭുതങ്ങളോടും ആശ്ചര്യങ്ങളോടുമുള്ള പ്രത്യുത്തരമാണ് എന്റെ എല്ലാ ചിത്രങ്ങളും. ചില ദര്‍ശനങ്ങളില്ലാതെ ഓരോ ദിവസവും ജീവിക്കുക എന്നത് ദുഷ്‌കരമാണ്. തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചെയ്യുക മാത്രമാണ് ജീവിതമെന്ന കാഴ്ചപ്പാട് മനസ്സിലാക്കാന്‍ എനിക്കു പ്രയാസമാണ്'', സെസില്‍ കോളിന്‍സ് എന്ന കലാകാരന്‍ പറയുന്നു. ജീവിതത്തിന്റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഒരു ഘടകം എന്ന നിലയിലാണ് കലയെ അദ്ദേഹം കണക്കാക്കിയിരുന്നത്.

ആധുനിക കലാ പ്രസ്ഥാനങ്ങള്‍ക്ക് പുറത്ത്, തനതായ പാതയിലൂടെ സഞ്ചരിച്ച ഒരു മിസ്റ്റിക് കലാകൃത്തായിരുന്നു സെസില്‍ കോളിന്‍സ്. ഇംഗ്ലണ്ടിലെ പ്ലേമോത്തിലാണ് അദ്ദേഹം ജനിച്ചത് (1908-1989). പ്ലേമോത്ത് ആര്‍ട്ട് കോളേജിലും ലണ്ടന്‍ റോയല്‍ കോളേജിലും കലാപഠനം നടത്തി. നവോത്ഥാന കലാകൃത്തുക്കളും, മാര്‍ക്ക്ചഗാല്‍, സ്റ്റാന്‍ലി സ്‌പെന്‍സര്‍ തുടങ്ങിയ ആധുനിക കലാകാരന്മാരും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യാനുഭവത്തിന്റെ ആന്തരിക വൈകാരികതലം, മതം, മിത്തോളജി എന്നിവ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ സങ്കലിതമാണ്. 

സെസില്‍ കോളിന്‍സിന്റെ കലാശൈലി വര്‍ഷങ്ങളിലൂടെയാണ് രൂപപ്പെട്ടത്. അതു അമൂര്‍ത്തവും പ്രതീകാത്മകവുമായ തലത്തിലെത്തിച്ചേരുകയും ചെയ്തു. ഭൗതീക ലോകത്തിന്റെ പരിമിതികളെ അതിലംഘിച്ച്, ആന്തരികമായ ചിന്തകളെയും വികാരങ്ങളെയും ആവിഷ്‌കരിക്കുന്നതിനുള്ള ഉപാധിയാണ് കല എന്നായിരുന്നു കോളിന്‍സിന്റെ വിശ്വാസം. ജീവിതത്തിലുടനീളം ആത്മീയതയിലും ദാര്‍ശനികതയിലും ആഴമായ താത്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആന്തരികമായ യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌കരിക്കുന്നതിലായിരുന്നു സെസില്‍ കോളിന്‍സിന്റെ താത്പര്യം. ആന്തരികസത്തയുടെ ഭാഗമായ മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും (freedom of consciounsess) ഉത്കൃഷ്ട ആനന്ദവുമാണ് (sublime bliss) അദ്ദേഹത്തിന്റെ പ്രധാന വിഷയം. ആത്മാവിന്റെ അരങ്ങായിട്ടാണ് (theatre of the soul) അദ്ദേഹം കലയെ കണ്ടത്. 

സെസില്‍ കോളിന്‍സ് | PHOTO: WIKI COMMONS
നശ്വര ലോകമിഥ്യകളില്‍ നിന്നും, ക്രമരഹിത അത്യാഗ്രഹങ്ങളില്‍ നിന്നും, ക്ഷണിക വൈകാരിക പരാധീനതകളില്‍ നിന്നും ആന്തരിക സ്വാതന്ത്ര്യം കൈവരിക്കാന്‍ മനുഷ്യരെ സഹായിക്കുന്നതാണ് കലകള്‍ എന്നതായിരുന്നു സെസില്‍ കോളിന്‍സിന്റെ കലാചിന്ത. ''കല മാറ്റത്തിന്റെ പ്രസരണവും ഭൗതീകാതീത പ്രവര്‍ത്തനവുമാണ് എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്'' എന്നദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പ്രതീകങ്ങളും പ്രാഗ്രൂപങ്ങളും (archetypes) അദ്ദേഹത്തിന്റെ ആത്മീയതയില്‍ നിന്നുള്ളവയാണ്. ഉദാഹരണത്തിന്, 'സമുദ്രം' ആഴമായ ശക്തിയെ സൂചിപ്പിക്കുന്നതാണ്. അനാദിയായ ജലം (primordial waters) ജീവന്റെ ഉറവിടമാണ്. അതിലെ അലകള്‍ അവസാനിക്കാത്ത ചലനാത്മകതയുടെയും തുടരുന്ന യാത്രയുടെയും സന്ദേശമാണ്. അനന്തമായ യാത്ര (eternal Journey) സെസില്‍ കോളിന്‍സിന്റെ ചിത്രങ്ങളിലെ പ്രധാന വിഷയമാണ്. യാത്രയ്ക്ക് തുടക്കമുണ്ട്. പക്ഷേ, ഭാവിയിലൂടെ അത് അനന്തതയിലേക്ക് തുടരുന്നതാണ്. നമ്മുടെ അടിസ്ഥാന കേന്ദ്രത്തിലേക്ക്, ഹൃദയഭവനത്തിലേക്ക് തിരിച്ചു പോകാനുള്ള അഭിവാഞ്ഛയും നമ്മിലുണ്ട്. ഈയൊരു ആന്തരിക ദാഹമാണ് കലയുടെ പ്രധാനവിഷയം. 'പറുദീസയുടെ ഗൃഹാതുരത്വം' (Nostalgia of the Paradise) എന്നാണ് മിര്‍സിയ ഇലിയാഡ് (Mercia Eliade) ഇതിനെ വിളിക്കുന്നത്. 

കലയെക്കുറിച്ചുള്ളതല്ല കല (art is not about art) എന്നും, എസ്‌തെറ്റിക്കിന് (aesthetics) അതില്‍ത്തന്നെ അര്‍ത്ഥമില്ലെന്നതുമായിരുന്നു സെസില്‍ കോളിന്‍സിന്റെ നിലപാട്. മനുഷ്യര്‍ ഒരു ഭൗതീകാതീത യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് കലയും ഭൗതീകാതീതമായി വര്‍ത്തിക്കുന്നു. കലാകാരന്റെ ദൗത്യവും മഹത്വവും ആത്മീയതയെ സേവിക്കലാണെന്നും, അങ്ങനെ കലയ്‌ക്കൊരു ധര്‍മമുണ്ടെന്നും, ഈ ലോകയാഥാര്‍ത്ഥ്യങ്ങളില്‍ ആഴമായ അനുഭവം നല്‍കുന്നതുമാണ് കലകള്‍ എന്നും കോളിന്‍സ് വിശ്വസിച്ചിരുന്നു. അതിലൂടെ മനുഷ്യബോധത്തെ പരിവര്‍ത്തനപ്പെടുത്തുക എന്ന പ്രധാന കടമ കലയ്ക്കുണ്ട്. ഇതിനെ ബോധതലത്തിന്റെ നൈര്‍മല്യത (purity of consciounsess) എന്നാണ് കോളിന്‍സ് വിളിക്കുന്നത്. ബോധതലത്തിന്റെ നൈര്‍മല്യതയാണ് മനുഷ്യാസ്തിത്വത്തിന്റെ പരമമായ രക്ഷ (redemption).

സെസില്‍ കോളിന്‍സിന്റെ ആത്മജ്ഞാനം മൂന്ന് പ്രാഗ്രൂപങ്ങ (archetypal) ളിലൂടെയാണ് ആവിഷ്‌കരിക്കുന്നത്: വിദൂഷകന്‍ (Fool), മാലാഖ (Angel), ആനിമ (Anima). അദ്ദേഹത്തിന്റെ ചിത്രങ്ങളിലുള്ള ഈ പ്രാഗ്രൂപമാതൃകകള്‍ നമ്മിലും അനുരണനങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. മനഃശാസ്ത്രപരവും ആത്മീയവുമായ വിവക്ഷയും പ്രസക്തിയും ഈ പ്രാഗ്രൂപങ്ങള്‍ക്കുണ്ട്. ബോധസംശുദ്ധതയുടെ പ്രതീകമാണ് വിദൂഷകന്‍. ദിവ്യജ്ഞാനത്തിന്റെ (Divine intelligence) ചിറകുവിരിച്ച ഇച്ഛയുടെ ഇടനിലക്കാരനാണ് മാലാഖ. സ്‌ത്രൈണ ആത്മാവാണ് ആനിമ; ദൈവീക രഹസ്യത്താല്‍ സ്വീകൃതമായ നിത്യവധു (eternal bride). മിസ്റ്റിക് അനുഭവതലവുമായിട്ടാണ് ഈ പ്രാഗ്രൂപങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നത്. 

CECIL COLLINS, ANGEL | PHOTO: TATE, LONDON
എല്ലാവരിലുമുള്ള വിദൂഷക ഘടകമാണ് അധഃപതനത്തില്‍ നിന്ന് നമ്മെ രക്ഷിക്കുന്നത് എന്ന് സെസില്‍ കോളിന്‍സ് കരുതുന്നു. സാധാരണ ലോകത്തിന് വിദൂഷകന്‍ എന്നത് ഭോഷത്തമാണ്. 'കലാകാരന്‍ ഒരു വിദൂഷകനാണ് (fool), കല ഒരു പ്രാപഞ്ചിക വിഡ്ഢിത്ത (cosmic folly) വുമാണ്'. വിദൂഷകന്‍ ഒരു തത്ത്വശാസ്ത്രമല്ല, ജീവിതബോധത്തിന്റെ നൈര്‍മല്യഗുണമാണ്. ഹൃദയത്തിന്റെ സംസ്‌കാരവും (culture of heart), കലാത്മക സംവേദന ശക്തിയുമാണ് (artistic sensibility) വിദൂഷകന്‍ എന്ന സങ്കല്‍പ്പനം. വിദൂഷകനെ വിശുദ്ധനും കവിയും കലാകാരനും ആയി ബന്ധിപ്പിച്ചാണ് സെസില്‍ കോളിന്‍സ് കാണുന്നത്. ജീവിതത്തിന്റെ കാവ്യാത്മക ഭാവനയാണ് വിദൂഷകന്‍, ജീവിതത്തിന്റെ അന്തഃസാരം തന്നെയാണ് അയാള്‍.

ഉറങ്ങുന്ന വിദൂഷകന്‍ (Sleeping fool) സെസില്‍ കോളിന്‍സിന്റെ ഒരു പ്രധാന ചിത്രമാണ്. വിദൂഷകന്‍ പുല്‍മേടയില്‍ കിടന്ന് സ്വപ്നം കാണുന്നു. പശ്ചാത്തലത്തില്‍ സ്‌ത്രൈണസ്തനങ്ങള്‍ പോലെ രണ്ട് കുന്നുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. ഒരു പെണ്‍കുട്ടി മരത്തിനു ചുവട്ടില്‍ കണ്ണുകളടച്ച് ധ്യാനനിരതയായി കസേരയില്‍ ഇരിക്കുന്നു. മരച്ചില്ലകളില്‍ വിടര്‍ന്ന പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രകൃതിയുടെ ആത്മാവാണ് പെണ്‍കുട്ടി. പ്രകൃതിദൃശ്യവും വിദൂഷകനും അവളുടെ ധ്യാനത്തിന്റെ പരിണിതഫലമാണ്. തന്റെ ധ്യാനാത്മക നിദ്രയിലൂടെ പെണ്‍കുട്ടിയുടെ ധ്യാനത്തിന്റെ ആഴത്തിലും ഭാവാത്മകതയിലും വിദൂഷകനും പങ്കുചേരുന്നു. അവളുടെ സ്വച്ഛത വിദൂഷകനിലേക്കും പ്രകൃതിയിലേക്കും, ചിത്രം കാണുന്നവരിലേക്കും ഒഴുകിയെത്തുന്നു. ഇതൊരു മിസ്റ്റിക് ലോകമാണ്; ഒപ്പം, സുതാര്യവുമാണ്, നമ്മെ സ്വാധീനിക്കുന്നതുമാണ്. ഈ വിദൂഷകനെ നമ്മില്‍ത്തന്നെ നമുക്ക് കണ്ടെത്താം. വില്ല്യം ആഡേഴ്‌സണ്‍ പറയുന്നു, 'സെസിലിന്റെ ഉറങ്ങുന്ന വിദൂഷകന്‍, ആത്മാവിന്റെ പ്രശാന്തതയും ഉണര്‍വും സൗഖ്യവും സംവേദനം ചെയ്യുന്ന കഴിവാണ്'.

'തീര്‍ത്ഥാടക വിദൂഷകന്‍ (pilgrim fool) എന്ന മറ്റൊരു ചിത്രത്തില്‍ വിദൂഷകനും തീര്‍ത്ഥാടകനും ഏകീകരിക്കപ്പെട്ടിരിക്കുന്നു. കോളിന്‍സിന്റെ രണ്ട് അടിസ്ഥാന രൂപങ്ങളാണ് തീര്‍ത്ഥാടകനും വിദൂഷകനും. വിദൂഷകന്‍ ഒരു ചെറിയ പെണ്‍കുട്ടിയെ കൈയ്ക്കു പിടിച്ച് നടക്കുകയാണ്. പശ്ചാത്തലത്തില്‍ കാണുന്ന, ബോംബ് വീണ് കത്തുന്ന തന്റെ പട്ടണത്തില്‍ നിന്ന് അകലേക്കുള്ള നടത്തമാണ്. പെണ്‍കുട്ടി വിദൂഷകന്റെ തന്നെ ആത്മാവാണ്. 'ആനിമ' എന്ന ഈ സ്‌ത്രൈണ ആത്മാവ്, നശീകരണങ്ങളില്‍ നിന്നും വിനാശങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന അയാളുടെ തന്നെ ആത്മസത്തയാണ്.

THE PILGRIM FOOL,1943 | PHOTO: LEICESTERGALLRIES
സെസില്‍ കോളിന്‍സിന്റെ കലയുടെയും ദാര്‍ശനിക ചിന്തയുടെയും ഒരു കേന്ദ്ര ആശയമാണ് 'വിദൂഷകന്‍'. ഗഗനവും പരിവര്‍ത്തനാത്മകവുമായ അവസ്ഥയുടെ പ്രതീകമാണത് (profound and transformative state of being). സാധാരണ കരുതുന്നതുപോലെ വിഡ്ഢിത്തവും ബാലിശവുമായ ഫൂളല്ല കോളിന്‍സിന്റെ വിദൂഷകന്‍. ആത്മീയ നിഷ്‌കളങ്കതയും ഉള്‍ക്കൊള്ളാനുള്ള തുറവിയും ആണ് വിദൂഷകന്റെ സവിശേഷത. 

ആധുനികലോകം പരമസത്യത്തില്‍നിന്ന് (ultimate truth) അകന്നുപോയെന്നും, വിശുദ്ധവും മിസ്റ്റിക്കുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും കോളിന്‍സ് പറയുന്നു. കുട്ടികളുടേതുപോലുള്ള നൈര്‍മല്യവും അത്ഭുതഭാവവും വിദൂഷകനുണ്ട്. ഈ നിഷ്‌കളങ്കത യാഥാര്‍ത്ഥ്യത്തിന്റെ നിഗൂഢതലങ്ങളോടും ദിവ്യമായതിനോടുമുള്ള, കലര്‍പ്പില്ലാത്തതും നേരിട്ടുള്ളതുമായ ബന്ധം സാധ്യമാക്കുന്നു. അജ്ഞാതമായതിലേക്ക് ചുവടുവയ്ക്കാനുള്ള ധീരതയും മാറ്റത്തിന്റെ ഉള്‍ക്കരുത്തും അയാള്‍ക്കുണ്ട്.

യുക്തിചിന്തയുടെയും സാമൂഹികമാനങ്ങളുടെയും അതിര്‍വരമ്പുകളെ അതിലംഘിക്കുകയും, അയുക്തമായതിനെയും അവ്യക്തമായതിനെയും അജ്ഞാതമായതിനെയും ആശ്ലേഷിക്കാന്‍ തയ്യാറാകുന്ന വിദൂഷകന്‍ അസ്തിത്വത്തിന്റെ സങ്കീര്‍ണ്ണതകളെ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. പ്രകാശത്തെയും ഇരുട്ടിനെയും ഇണക്കുന്നു, ബോധത്തെയും അബോധത്തെയും, ക്രമത്തെയും അവ്യവസ്ഥയെയും ബന്ധിപ്പിക്കുന്നു. സമഗ്രതയിലെത്താന്‍ എല്ലാ തലങ്ങളെയും കോര്‍ത്തിണക്കണമെന്ന കലാകാരന്റെ വിശ്വാസത്തെ വിദൂഷകന്റെ ഈ ഭാവം പ്രതിഫലിപ്പിക്കുന്നു. സാധാരണത്തില്‍ അസാധാരണത്വം വെളിപ്പെടുത്തുന്നവനാണ് വിദൂഷകന്‍. കാഴ്ചപ്പാടിലെ മാറ്റംകൊണ്ട് സാധാരണമായതിനെ വിശുദ്ധമായി കാണാന്‍ കഴിയുകയും അങ്ങനെ, അനുദിന ലോകം ആത്മീയ ഉള്‍കാഴ്ചകളുടെയും വെളിപാടുകളുടെയും അനുഭവമായി മാറ്റപ്പെടുകയും ചെയ്യുന്നു. സ്വന്തം നിഗൂഢതകളെയും ലോകത്തിന്റെ നിഗൂഢതകളെയും ആശ്ലേഷിക്കാന്‍ കഴിവുള്ള വിദൂഷകന്‍ ആന്തരിക സ്വാതന്ത്രത്തിന്റെ പ്രതീകമാണ്. 

നമുക്കിന്നു നഷ്ടപ്പെടുന്നത് ആന്തരികാനന്ദവും അഹിംസാ മനഃസ്ഥിതിയുമാണ്. ഒരു സമൂഹത്തിന്റെ ആരോഗ്യം ആ സമൂഹത്തിന്റെ ശിശുസഹജ നൈര്‍മല്യ ഗുണത്തിന്റെ തോതിനെ ആശ്രയിച്ചിരിക്കുമെന്ന് പറയാറുണ്ട്. കുട്ടിത്തമാണ് ശുദ്ധവും തുറന്നതുമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. 'കുട്ടികളെപോലെ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്ത് പ്രവേശിക്കില്ലായെന്ന്' വേദപുസ്തകം പറയുന്നു. സാങ്കേതിക വികസനങ്ങളുടെ അടിയില്‍ ശൂന്യതയാണ്, പൊള്ളത്തരമാണ് എന്നാണ് സെസില്‍ കോളിന്‍സിന്റെ അഭിപ്രായം. ആത്മീയഭാവങ്ങളേയും തന്മയ ശ്രേഷ്ഠതകളേയും അതു വറ്റിച്ചുകളയുന്നു. മതരാഷ്ട്രീയ വിഭജനങ്ങളും ധ്രുവീകരണങ്ങളും ഹിംസാത്മകതയെ ഊട്ടിവളര്‍ത്തുന്ന ഈ കാലത്തെ പ്രതിരോധിക്കുന്ന ഭാവാത്മകതയാണ് വിദൂഷകന്‍. നമ്മിലെ തനിമ കണ്ടെത്തുക, ബോധതലത്തിന്റെ ശുദ്ധത അറിയുക, അനുഭവങ്ങളെ പുതുമയോടെ, ഉണര്‍വോടെ കാണുക എന്നീ വിദൂഷക സവിശേഷതകള്‍ ആത്മീയഭാവം തന്നെയാണ്. നൂതനത്വം നാം തിരിച്ചുപിടിക്കണം. അത് എന്നെ ഞാനായി കാണുകയെന്നതാണ്, ആര്‍ത്തിയും അത്യാഗ്രഹങ്ങളും കൃത്രിമത്തങ്ങളും ഇല്ലാതെ. മറഞ്ഞുപോയ ഉള്ളിലെ പറുദീസയെ തെളിമയുള്ളതാക്കിത്തീര്‍ക്കുക, അതാണ് യഥാര്‍ത്ഥത്തില്‍ ആത്മീയതയുടെ ധര്‍മം. ഓരോരുത്തരും നഷ്ടപ്പെട്ട പറുദീസയുടെ ഓര്‍മകളാല്‍ വേട്ടയാടപ്പെടുന്നുണ്ട്. 

SLEEPING FOOL, 1943 | PHOTO: TATE, LONDON
ദൈവത്തെ ദിവ്യമായ പ്രകാശമായി ചിത്രീകരിക്കുന്നതായിട്ടാണ് 1973 ല്‍ സെസില്‍ കോളിന്‍സ് വരച്ച ഒരു അള്‍ത്താര ചിത്രം. സര്‍വത്തേയും ഐക്യപ്പെടുത്തുന്ന, നിദാന്തവും ഉദാത്തവുമായ ആനന്ദത്തിന്റെ ഒരു ദൈവീക ചിത്രമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. എന്തിനെ നാം ധ്യാനിക്കുന്നുവോ അതായിത്തീരുന്നു നാം. ഉദാത്ത ആനന്ദത്തിന്റെ കിരണങ്ങളെ ധ്യാനിക്കുന്നവര്‍ അതിന്റെ കിരണങ്ങളായിത്തീരുന്നു. 

സെസില്‍ കോളിന്‍സിന്റെ ആത്മീയദാര്‍ശനിക കാഴ്ചപ്പാടിലൂന്നിയ മറ്റൊരു കലാപ്രതിപാദ്യമാണ് 'എയ്ഞ്ചല്‍', മാലാഖ. ഭൗതീകാത്മീയ തലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് കോളിന്‍സിന്റെ മാലാഖ. ഇത് വ്യവസ്ഥാപിത മതധാരണയുമായി ബന്ധപ്പെട്ടതല്ല. ദയ, സ്‌നേഹം, വിവേകം എന്നിവയെ സൂചിപ്പിക്കുന്നതാണ്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ വേണ്ട ആത്മീയ ധൈര്യവും മാര്‍ഗനിര്‍ദേശവും സംരക്ഷണവും മാലാഖ നല്‍കുന്നു. സ്വാതന്ത്ര്യത്തിന്റെ ഭാവമാണ് കോളിന്‍സിന്റെ മാലാഖ നല്‍കുന്നത്. അനുദിന ലോകത്തിന്റെ നിസ്സാരതകളില്‍ നിന്നു വിടുതല്‍ നേടി ക്രിയാത്മകതയുടെയും ആത്മീയതയുടെയും തലത്തിലേക്കുയരാനുള്ള ശേഷിയാണ് എയ്ഞ്ചല്‍. നമ്മുടെ ജീവിതത്തെ ആഴമായി കാണുന്നതിന് കോളിന്‍സിന്റെ ഈ പ്രാഗ്രൂപങ്ങള്‍ സഹായകരമാകുന്നു. അദ്ദേഹത്തിന്റെ കല, യാഥാര്‍ത്ഥ്യവും അലൗകീകവുമായവ (ethereal) തമ്മിലുള്ള അതിര്‍രേഖകളെ ഇല്ലാതാക്കുന്നു. 

കലയുമായി ബന്ധപ്പെട്ട സെസില്‍ കോളിന്‍സിന്റെ മറ്റൊരു ആശയമാണ് 'ശുദ്ധബോധതലം' (pure consciounsess). സാധാരണ വ്യവഹാരിക ലോകത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള അവബോധാവസ്ഥയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ സംശുദ്ധമായ അവബോധനിലയാണ് ആത്മസാക്ഷാത്കാരത്തിനും ക്രിയാത്മകതയ്ക്കും അനിവാര്യമായത്. അഹന്തയെ ശമിപ്പിക്കുന്നതിനും മനസ്സിന്റെ പരിമിതികളെ തരണം ചെയ്യുന്നതിനും ശുദ്ധബോധതലം ഉണ്ടാവണം. അഹത്തിന്റെ വേവലാതികളെയും വ്യഗ്രതകളെയും മറികടക്കുന്ന ആന്തരികസ്വച്ഛത ഇത് സൃഷ്ടിക്കുന്നു. വൈവിദ്ധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും ആശ്ലേഷിക്കുന്നതിനും യാഥാര്‍ത്ഥ്യങ്ങളെ സമഗ്രതയില്‍ കാണുന്നതിനും അവബോധത്തിന്റെ സംശുദ്ധതയില്‍ സാധ്യമാകുന്നു. ബുദ്ധിപരമായ വിശകലനത്തിനതീതമായി ആന്തരിക വിവേകത്താല്‍ ഉരുത്തിരിയുന്ന അറിവാണിത്. അത് ദിവ്യമായതിലേക്കും വിശുദ്ധമായതിലേക്കുമുള്ള വാതായനമാണ്. യഥാര്‍ത്ഥമായ കലയുടെ പ്രചോദനമായി ഈ ശുദ്ധബോധതലം വര്‍ത്തിക്കുന്നു. മനുഷ്യാനുഭവങ്ങളുടെ ആഴതലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് ക്രിയാത്മകതയുടെ സാധ്യതകളിലേക്കുള്ള തുറവിയാണിത്. സെസില്‍ കോളിന്‍സിന്റെ സംശുദ്ധാവബോധത്തിന്റെ അന്വേഷണം അദ്ദേഹത്തിന്റെ കലാപ്രക്രിയയുമായി ബന്ധപ്പെട്ടതാണ്. ആത്മീയതലത്തെ പ്രതിധ്വനിപ്പിക്കുന്ന കാര്യമായിട്ടാണ് അദ്ദേഹം കലയെ കണ്ടത്.


#Art
Leave a comment