TMJ
searchnav-menu
post-thumbnail

TMJ Art

ഭൂമിയെ ചുംബിക്കുന്ന ചിത്രങ്ങള്‍

27 May 2023   |   3 min Read
റോയ് എം തോട്ടം

ദിവ്യമായ ഒരു ലാവണ്യ ചൈതന്യ ആവരണത്തിനുള്ളിലാണ് ഭൂമിയും പ്രകൃതിയും. ഈ കാഴ്ചപ്പാടില്‍ ലോകത്ത് യാതൊന്നും പരസ്പരവിരുദ്ധങ്ങളല്ല, മതങ്ങളും സംസ്‌കാരങ്ങളുമുള്‍പ്പെടെ. എല്ലാം ഈ ചൈതന്യശ്രേണിയിലെ വൈവിധ്യ അംശങ്ങള്‍ മാത്രം. വിശുദ്ധ ലാവണ്യചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പ്രകൃതിയാണ് എല്ലാ ഭാവാത്മകതയുടെയും സൗന്ദര്യാവിഷ്‌കാരങ്ങളുടെയും സംഗീതരാഗങ്ങളുടെയുമൊക്കെ ആധാരവും പ്രചോദനവും. എന്നാല്‍, നാം ഈ സുന്ദര ഭൂമിയോടും മനോജ്ഞ പ്രകൃതിയോടും എങ്ങനെയാണ് പെരുമാറുന്നത്? ജര്‍മന്‍ ചിത്രകാരന്‍ ഫ്രിഡ്രിക് ഹെഗല്‍മാ (Friedrich Hechelmann) ന്റെ ചിത്രങ്ങളുടെ അടിസ്ഥാന ഭാവവും ഉണര്‍ത്തുന്ന ചോദ്യവുമിതാണ്. 

ഫ്രിഡ്രിക് ഹെഗല്‍മാന്‍ തന്റെ ചിത്രങ്ങളിലൂടെ യാഥാര്‍ത്ഥ്യങ്ങളെയും സ്വപ്‌നങ്ങളെയും, കാഴ്ചയെയും നിഗൂഢ ദര്‍ശനങ്ങളെയും ആവിഷ്‌കരിക്കുന്നു. നശിപ്പിക്കപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്യുന്ന നമ്മുടെ ഈ ഭൗമഗൃഹത്തിനു പകരം അക്ഷതവും നിര്‍മലവുമായ ഒരു ഭൗമപ്രകൃതിക്കു വേണ്ടിയുള്ള അഭിവാഞ്ഛയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. സുന്ദരവും ചൈതന്യമസൃണവുമായ ഒരു ലോകം സാധ്യമാണ്, അതിനായി തങ്ങളുടെ ഹൃദയഭൂമികയെ തുറക്കാന്‍ സന്മനസ്സുള്ളവര്‍ക്ക്, ഫ്രിഡ്രിക് ഹെഗല്‍മാന്റെ ചിത്രങ്ങളുടെ ആഹ്വാനം ഇതാണ്. പ്രകൃതിയോടുള്ള അത്യഗാധ പ്രണയത്തിന്റെ സുന്ദരാവിഷ്‌കാരങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. സ്വപ്‌നാത്മകവും മിസ്റ്റിസിസവും യാഥാര്‍ത്ഥ്യവും ചേര്‍ന്ന ലോകത്തിന്റെ കാഴ്ചകളാണ് ചിത്രങ്ങളിലൂടെ നമുക്ക് സമ്മാനിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കാധാരമായ ചിന്തകളെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. കണ്ണുകൊണ്ട് കാണുന്നതും ഹൃദയംകൊണ്ട് കാണുന്നതും രണ്ടു വ്യത്യസ്ത ലോകങ്ങളാണ്. മിഴികള്‍ അടച്ച് ഹൃദയം തുറക്കുമ്പോള്‍ കാണുന്ന ലാവണ്യമസൃണമായ ലോകമല്ല, ഹൃദയം അടച്ച് ബാഹ്യനേത്രങ്ങള്‍കൊണ്ട് മാത്രം കാണുന്നത്. അവിടെ പദാര്‍ത്ഥനിഷ്ഠമായ പുറംകാഴ്ചകള്‍ മാത്രമേയുള്ളൂ. 


Illustration: Friedrich Hechelmann
മറിച്ച് കണ്ണുകള്‍ അടച്ച് ഹൃദയം തുറന്നാല്‍ ഞാന്‍ അകമേ കാണുന്നു, എല്ലാം കാണുന്നു, എന്നെയും പ്രപഞ്ചത്തെയും. അപ്പോള്‍ എന്റെ ഹൃദയം എല്ലാറ്റിനെയും തൊടുന്നു. പ്രപഞ്ചത്തിന്റെ ദിവ്യലാവണ്യധാര എന്റെ ഹൃദയത്തെ തൊടുന്നു. ഞാന്‍ ഹൃദയം തുറക്കുമ്പോള്‍ എല്ലാം അവിടേക്കു വിരുന്നുവരും. അവയെയെല്ലാം ഞാന്‍ സ്വീകരിച്ച് സ്‌നേഹിക്കും. അപ്പോള്‍ സുരഭിലമായ ഒരു പറുദീസയിലായിത്തീരുന്നു. എന്റെ ജീവനാണല്ലോ എനിക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനം. ഒപ്പം എല്ലാ ജീവനുകളും. ഈ വരദാനങ്ങളില്‍ നിന്ന് യാതൊന്നിനെയും ഒഴിവാക്കാനാവില്ല. ചൂടും തണുപ്പും, സന്തോഷവും, സങ്കടവും, വാര്‍ദ്ധക്യവും മരണവും എല്ലാ വരദാനങ്ങളുടെയും ഉള്ളില്‍ നിഗൂഢമായി ഇവയൊക്കെയുണ്ട്. 

ജീവനാണ് ഏറ്റവും വലിയ ദാനമെങ്കില്‍ കൃപാശ്രേണിയിലെ തൊട്ടടുത്ത വരദാനമാണ് ഈ ജീവന്റെ നിലനില്‍പ്പിനെ സാധ്യമാക്കുന്ന അന്തരീക്ഷം അഥവാ പ്രകൃതി. നമ്മുടെ ചുറ്റുമുള്ള, നമ്മെ ചൂഴ്ന്നുനില്‍ക്കുന്ന എല്ലാറ്റിന്റെയും ആകെത്തുകയാണ് പ്രകൃതി. ജീവന്‍ എന്നതുപോലെ മനുഷ്യനു ലഭിച്ച ഏറ്റവും വലിയ വരമാണ് പ്രകൃതി. അതു മനുഷ്യന്റെ കഴിവുകൊണ്ടോ മികവുകൊണ്ടോ ഉണ്ടാക്കപ്പെട്ടതല്ല. അവനു നല്‍കപ്പെട്ടതാണ്. ചില ഭൗതികനേട്ടങ്ങള്‍ മനുഷ്യന്റെ ശ്രമംകൊണ്ട് നേടിയെടുത്തിട്ടുണ്ടാവാം. എന്നാല്‍, ഉച്ഛ്വാസവായുവിന്റെ ഒരംശമോ, കുടിവെള്ളത്തിന്റെ ഒരു തുള്ളിയോ, ചവിട്ടി നടക്കുന്ന മണ്ണിന്റെ ഒരടിപോലുമോ മനുഷ്യന് സൃഷ്ടിച്ചെടുക്കാന്‍ കഴിയുമോ? നല്‍കപ്പെട്ട ഈ വലിയ ദാനങ്ങളെ വിവേകരഹിതമായി ദുഷിപ്പിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുകയല്ലേ മനുഷ്യന്‍ ചെയ്തിട്ടുള്ളത്? എങ്കില്‍ നാം എന്തു ചെയ്യണം? 

നാം പ്രകൃതിക്കൊത്ത് ജീവിക്കുക. നമ്മുടെ ജീവിതം പ്രകൃതിക്കൊത്തും പ്രകൃതിക്കിണങ്ങിയതുമായിരിക്കട്ടെ. ഭ്രൂണം മാതൃഗര്‍ഭത്തില്‍ ജീവിക്കുകയും വളരേണ്ടതുമാണ്. 'പുനര്‍ജന്മത്തിന്' അവന്‍ പാകമാകുന്നതുവരെ. പ്രകൃതിയിലും പ്രകൃതിയോടൊത്തുമുള്ള അവന്റെ സാന്നിധ്യമാണ് പ്രകൃതിയുടെ നിര്‍വൃതി. കുഞ്ഞ്, അമ്മയുടെ മടിയില്‍ എങ്ങനെയോ, അതേ മനോഭാവത്തോടെയായിരിക്കട്ടെ മനുഷ്യന്‍ പ്രകൃതിയുടെ മടിയിലും. 'നിന്റെ നഗ്നപാദങ്ങളുടെ സ്പര്‍ശനത്താല്‍ ഭൂമി പുളകിതയാകുമെന്നും, കാറ്റ് നിന്റെ മുടിയിഴകളെ തഴുകാനാഗ്രഹിക്കുന്നുവെന്നും നീ അറിയുക' (ഖലീല്‍ ജിബ്രാന്‍). എല്ലാ കാലങ്ങളിലും മനുഷ്യര്‍ പ്രകൃതിയുമായുള്ള ആത്മബന്ധത്തെ തിരിച്ചറിഞ്ഞിരുന്നു. 


Illustration: Friedrich Hechelmann
പ്രകൃതിയോടൊത്ത് ആയിരുന്നു (being) കൊണ്ടാണ് ഈ ഭൂമി പറുദീസയില്‍ മനുഷ്യന്‍ തന്റെ ജീവിതത്തെ ലാവണ്യ സുന്ദരമാക്കേണ്ടത്. എന്നാല്‍, മനുഷ്യന്റെ അഹന്ത (ego) അവനെ ഉള്ളവന്‍ (having) എന്ന തലത്തിലേക്ക് തളച്ചിടുന്നു, ഈ പറുദീസയുടെ ഉപഭോഗി എന്ന തലത്തിലേക്ക്. സംരക്ഷകന്‍ ചൂഷകനായി മാറി. അവനും അവന്റെ തലമുറകളുടെയും ജീവന് തന്നെ അത് ഭീഷണിയായിത്തീരുന്നു എന്ന വസ്തുതയെ കാണാന്‍ കഴിയാത്തവിധം ഉപഭോഗതിമിരം അവനെ ബാധിച്ചിരിക്കുന്നു. പ്രകൃതിയുമായി സ്‌നേഹത്തിലാവുക: 'ഭൂമിയെ തൊടുക, അവളെ സ്‌നേഹിക്കുക, ആദരിക്കുക, അവളുടെ താഴ്‌വാരങ്ങളെയും കുന്നുകളെയും പുഴകളെയും, അവളുടെ ഏകാന്തസ്ഥലികളില്‍ നിന്റെ ആത്മാവിന് വിശ്രാന്തിയരുളുക.' സ്‌നേഹിക്കാനുള്ള കഴിവാണല്ലോ മനുഷ്യന്റെ ഏറ്റവും വലിയ കഴിവ്. സ്‌നേഹിക്കാനും ചിന്തിക്കാനുമുള്ള കഴിവാണല്ലോ മറ്റെല്ലാറ്റിന്‍മേലുമുള്ള ഔന്നത്യം മനുഷ്യന് നല്‍കുന്നത്. പ്രകൃതിയെ സ്‌നേഹിക്കുന്നതിലൂടെ സന്തോഷാഹ്ലാദങ്ങളുടെ പുഴ നമ്മിലേക്ക് ഒഴുകിവരുന്നു. 

പ്രകൃതിയെ സ്‌നേഹിക്കുക എന്നാല്‍ പ്രകൃതിയില്‍നിന്നും പഠിക്കുക എന്നുമാണ്. പ്രകൃതിയുടെ നിയമങ്ങളും വ്യവസ്ഥകളുമാണ് യഥാര്‍ത്ഥ ജ്ഞാനത്തെ രൂപപ്പെടുത്തുന്നത്. പ്രകൃതിയെ ആദരിക്കുന്നവര്‍ക്ക്, അവളോട് ചേര്‍ന്നിരിക്കുന്നവര്‍ക്ക് എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും അവള്‍ വിജ്ഞാനത്തിന്റെ വാതിലുകള്‍ തുറന്നിടുന്നു. ജ്ഞാനത്തിന്റെ ബോധോദയം സമൃദ്ധമായി ചൊരിയുന്നു. അവളാണല്ലോ എല്ലാ പ്രചോദനങ്ങളുടെയും സ്രോതസ്സ്. 

ആദ്യ പറുദീസയിലെ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം, ബോധജ്ഞാനത്തിന്റെ പ്രതീകമാണ്. അതിന്റെ ഫലം ഭക്ഷിക്കുന്നതില്‍ നിന്നായിരുന്നു വിലക്കപ്പെട്ടത്. കാരണം അത് ജ്ഞാനത്തിനുവേണ്ടി മാത്രമുള്ളതായിരുന്നു. പ്രകൃതിയെ അനുചിതമായി ഉപയോഗിച്ചതാണ് ആദിമപാപം. ഉദാത്ത ലക്ഷ്യങ്ങള്‍ക്കായുള്ള പ്രകൃതിയെ അധമലക്ഷ്യങ്ങള്‍ക്കായി ഉപയോഗിച്ചതാണ് അവന്റെ കുറ്റം. മനുഷ്യന്‍ ഈ പാപം തുടരുന്നു. ഈ പറുദീസയുടെ നാശവും അതില്‍നിന്നുള്ള അവന്റെ വിപാടനവുമാണ് കാത്തിരിക്കുന്ന അനന്തരഫലം. പ്രകൃതിയുടെ വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സമയം മനുഷ്യന് അതിക്രമിച്ചിരിക്കുന്നു. ജീവസ്രോതസ്സുകളായ പുഴകളെ വിഷലിപ്തമാക്കുന്നതിന് വിരാമമിടേണ്ടിയിരിക്കുന്നു. വിഷപ്പുകയില്‍ ഭൂമിയെ തപിപ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള സമയവും കഴിഞ്ഞുപോയില്ലേ? ഭൂമിയോടുള്ള സ്‌നേഹത്താല്‍ നമ്മുടെ ഹൃദയങ്ങളെ നമുക്ക് ചേര്‍ത്തുവയ്ക്കാം. അവളുടെ ലാവണ്യവരദാനങ്ങളെ സംരക്ഷിക്കുന്നതിന് നമ്മുടെ ചിന്തകളെ ഒരുമിപ്പിക്കാം. ചൂഷകര്‍ക്കെതിരെ നമ്മുടെ ശബ്ദങ്ങളെ ഒന്നാക്കാം. പ്രപഞ്ചമാകുന്ന അമ്മയ്ക്കുവേണ്ടി സമരം ചെയ്യുന്നതിന് നമ്മുടെ കരങ്ങളെ കൂട്ടിയിണക്കാം. 


ഫ്രിഡ്രിക് ഹെഗല്‍മാന്‍

ഫ്രിഡ്രിക് ഹെഗല്‍മാന്‍ (Friedrich Hechelmann): 1948 ല്‍ ജനനം. ജര്‍മനിയിലെ ഇസ്‌നി എന്ന സ്ഥലത്ത് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നല്ല നാളേക്കുവേണ്ടി പ്രതീക്ഷയുടെ വര്‍ണങ്ങള്‍കൊണ്ട്, പ്രകൃതിയോടുള്ള അത്ഭുതത്തിന്റെയും ആദരവിന്റെയും വസന്തങ്ങള്‍ തന്റെ ചിത്രങ്ങളിലൂടെ വിരിയിക്കുന്നു ഫ്രിഡ്രിക് ഹെഗല്‍മാന്‍ എന്ന കലാകാരന്‍.

#Art
Leave a comment