കളമെഴുത്തും പാട്ടും മുടിയേറ്റും
മധ്യകേരളത്തിലെ ഭഗവതിക്കാവുകളില്‍ മുടിയേറ്റിന് പ്രാരംഭമായുള്ള ചടങ്ങാണ് കളമെഴുത്തും പാട്ടും. ചിലയിടങ്ങളില്‍ മുടിയേറ്റ് കൂടാതെ കളമെഴുത്തും പാട്ടും മാത്രമായും വഴിപാടായി നടത്താറുണ്ട്. ചില ദേശങ്ങളില്‍ ഏഴുദിവസംവരെ നീണ്ടുനില്‍ക്കുന്ന കളമെഴുത്തും പാട്ടും നടത്താറുണ്ട്. പൊതുവെ മണ്ഡലകാലം എന്നറിയപ്പെടുന്ന വൃശ്ചികം ഒന്നു മുതലുള്ള നാല്‍പ്പത്തി ഒന്ന് ദിവസങ്ങളിലാണ് കളമെഴുത്ത് പതിവുള്ളതെങ്കിലും മറ്റു മാസങ്ങളിലും പല കാവുകളിലും കളമെഴുത്ത് നടക്കാറുണ്ട്. മാള മേക്കാട് സര്‍പ്പം അണിയല്‍ നടക്കുന്നത് വൃശ്ചികമാസത്തിലാണ്. ഭഗവതിക്കാവിലെ മുടിയേറ്റും കളമെഴുത്തും പാട്ടും കുംഭമാസത്തില്‍ നടത്തുന്നത് കൊരട്ടി വാരണാട്ടു കുറുപ്പന്‍മാരാണ്. മിക്ക ഭഗവതി ക്ഷേത്രങ്ങളിലും ഈ ചടങ്ങ് നടത്തിവരുന്നത് മണ്ഡലകാലത്താണ്.
പതിനാല്, എട്ട്, പതിനാറ് എന്നിങ്ങനെ കൈകളുടെ എണ്ണം ഇരട്ടിച്ച് അറുപത്തിനാല് കൈകള്‍ വരെയുള്ള വലിപ്പത്തില്‍ അരിപ്പൊടി, കരിപ്പൊടി, മഞ്ഞള്‍പ്പൊടി, പച്ചപ്പൊടി, ചുവന്നപ്പൊടി എന്നിങ്ങനെ പഞ്ചവര്‍ണ്ണപ്പൊടികളുപയോഗിച്ചാണ് ധൂളീചിത്രരചന. ഉണക്കലരി പൊടിച്ച് വെളുത്ത നിറത്തിലുള്ള അരിപ്പൊടിയും, ഉമിക്കരി പൊടിച്ച് കരിപ്പൊടിയും, മഞ്ഞള്‍ പൊടിച്ച് മഞ്ഞപ്പൊടിയും, വാകയില ഉണക്കിപ്പൊടിച്ച് പച്ചപ്പൊടിയും, ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്ത് ചുവന്ന പൊടിയും നിര്‍മിക്കുന്നു. ശ്രദ്ധേയമായ വസ്തുത എല്ലാ നിറങ്ങളും പ്രകൃതിദത്തമായ വസ്തുക്കളില്‍ നിന്നും ലഭിക്കുന്നവയാണ് എന്നതാണ്. മഞ്ഞള്‍പ്പൊടി സ്വര്‍ണ്ണത്തേയും ചുവപ്പുപൊടി ചെമ്പിനെയും അരിപ്പൊടി വെളളിയേയും ഉമിക്കരിപ്പൊടി ഇരുമ്പിനെയും സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം.
പ്രാചീന കാലത്ത് കേരളത്തില്‍ കളമെഴുത്ത് വ്യത്യസ്ത സമുദായക്കാരുടെ ചുമതലയായിരുന്നു. തീയാട്ടുണ്ണികള്‍, തീയാടി നമ്പ്യാന്മാര്‍, തെയ്യമ്പാടികള്‍, പുള്ളുവന്‍, വണ്ണാന്‍, കണിശന്‍, കുറുപ്പന്മാര്‍, തീയ്യര്‍, വേലന്മാര്‍, മണ്ണാന്‍, മലയന്‍, പാണന്‍, പറയന്‍, വേലന്‍, മുന്നൂറ്റാന്‍, കോപ്പാളന്‍ എന്നിങ്ങനെ പല സമുദായങ്ങളും കളമെഴുതിയിരുന്നു. അനുഷ്ഠാനത്തിന്റെ രീതിയനുസരിച്ചാണ് കളങ്ങള്‍ എഴുതുന്നത്. യക്ഷി, സര്‍പ്പം, ഭദ്രകാളി, ഗന്ധര്‍വന്‍, ഗുളികന്‍, വെള്ളാം ഭഗവതി, രക്തേശ്വരി, സുന്ദരയക്ഷി, കരിനാഗയക്ഷി, ശാസ്താവ്, നന്ദി മഹാകാളന്‍, വേട്ടക്കരയന്‍ എന്നിങ്ങനെ നിരവധി കളങ്ങളുണ്ട്. കൂടാതെ നാഗക്കളങ്ങളും എഴുതിവരാറുണ്ട്.
കളമെഴുത്ത് | PHOTO: WIKI COMMONS
ഭദ്രകാളി, അയ്യപ്പന്‍, വേട്ടയ്‌ക്കൊരുമകന്‍, അന്തിമഹാകാളന്‍, ത്രിപുരാന്തകന്‍, ആരിയനമ്പി, അസുര മഹാകാളന്‍, ബ്രഹ്‌മരക്ഷസ്, തിരുവളയനാട്ട് ഭഗവതി, കുറ്റിപ്പുറത്ത് ഭഗവതി, ക്ഷേത്രപാലകന്‍, വീരഭദ്രന്‍, കുരുമകന്‍, അന്തിമലയാരന്‍, കുരുതിരാമന്‍, എരിഞ്ഞിപുരാന്തകന്‍, നീലവട്ടാരി, ഭ്രാന്തമഹാകാളന്‍ എന്നിങ്ങനെ 18 ശൈവമൂര്‍ത്തികളുടെ കളങ്ങളും എഴുതിവരാറുണ്ട്. കളമെഴുത്തും പാട്ടും, മുടിയേറ്റ്, പാന, തീയാട്ട്, പുള്ളുവന്‍പാട്ട്, കെന്ത്രോന്‍പാട്ട്, ഗന്ധര്‍വന്‍തുള്ളല്‍, മലയന്‍കെട്ട്, ബലിക്കളം, ഭഗവതിപ്പാട്ട്, കളത്തിലരിപ്പാട്ട് തുടങ്ങിയ പല അനുഷ്ഠാനങ്ങള്‍ക്കും തികച്ചും വ്യത്യസ്തമായ രീതിയിലുള്ള കളങ്ങളാണ് എഴുതുന്നത്.
സര്‍പ്പക്കാവുകളിലെ നാഗാരാധനയുമായി ബന്ധപ്പെട്ടാണ് കളമെഴുത്ത് കേരളക്കരയില്‍ വ്യാപകമായി പ്രചരിച്ചത്, പുള്ളുവരാണ് നാഗക്കളങ്ങള്‍ എഴുതിയിരുന്നതും സ്തുതിച്ചു പാടുന്ന സമ്പ്രദായത്തിന്റെ പ്രയോക്താക്കളുമെന്ന് വിചാരിക്കാം. ഏതായാലും കളമെഴുത്തും പാട്ടും എന്ന ആരാധനാരീതിക്ക് നാഗാരാധനയ്ക്ക് ഉപയോഗിച്ചിരുന്ന സര്‍പ്പക്കളങ്ങളുടെയും സര്‍പ്പംപാട്ടിന്റെയും സ്വാധീനമുണ്ട് എന്ന കാര്യം നിസ്തര്‍ക്കമാണ്.
കളം എഴുതി പാട്ടുപാടുന്ന അനുഷ്ഠാനം ഉത്തരകേരളത്തിലും നിലവിലുണ്ട്. തെക്കന്‍ കേരളത്തില്‍ നടപ്പുള്ളതില്‍ നിന്നും വിഭിന്നമാണ് വടക്കന്‍ കേരളത്തിലെ അനുഷ്ഠാനങ്ങള്‍. കണിയാന്‍ അഥവാ കണിശന്മാരാണ് കാര്‍മികര്‍. വണ്ണാന്‍ സമുദായക്കാരും കളം പാട്ട് നടത്താറുണ്ട്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കര്‍മങ്ങള്‍ നടക്കുന്നത്. ഗന്ധര്‍വന്‍, കരുകലക്കി, ഭൈരവന്‍, രക്തേശ്വരി തുടങ്ങിയ രൂപങ്ങളാണ് എഴുതിക്കാണുന്നത്. കളങ്ങള്‍ക്ക് ദ്രാവിഡ ദേവതകളുമായുള്ള ബന്ധം ശ്രദ്ധേയമാണ്.
അത്യുത്തര കേരളത്തിലെ തീയ്യരുടെ ചീര്‍മ്പക്കാവുകളില്‍ (കുരുംബക്കാവ് )കളം വരച്ച് പാട്ടുപാടുന്നു. തീയ്യ സമുദായത്തില്‍പ്പെട്ടവര്‍ തന്നെയാണ് കാര്‍മികര്‍. നാഗക്കളമാണ് കുറിക്കുന്നത്. ചീര്‍മ്പക്ക് കാല്‍ചിലങ്കയില്‍ അണിയാന്‍ രത്നക്കല്ല് കൊടുത്തത് കാര്‍ക്കോടകനെന്ന സര്‍പ്പമാണ്. കാര്‍ക്കോടകനെ ചിത്രീകരിക്കുന്നതാണ് നാഗക്കളം. മൂന്നാംദിവസം തെയ്യക്കോലങ്ങളുടെ അകമ്പടിയോടെ കുട്ടികളുടെ താലപ്പൊലി നിരക്കുന്നതിനു മുമ്പായി ചീര്‍മ്പയുടെ പ്രതിരൂപമായ ആയത്താനും വെളിച്ചപ്പാടും കളം 'കയ്യേല്‍ക്കല്‍' ചടങ്ങു നടത്തി കളം മായ്ക്കും. ചീര്‍മ്പ ദാരികനെ വധിച്ച സന്ദര്‍ഭം വിവരിക്കുന്ന കഥാഗാനമാണ് ഈ അവസരത്തില്‍ ആലപിക്കുന്നത്. ദാരികാവധവുമായി ബന്ധപ്പെട്ടാണ് ചീര്‍മ്പക്കാവുകളിലെ കളമെഴുത്ത് എന്നതും ശ്രദ്ധേയമാണ്.
മുടിയേറ്റ് | PHOTO: WIKI COMMONS
കളമെഴുത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണാം. ദാരികവധം കഴിഞ്ഞ് കലിയടങ്ങാതെ വരുന്ന ഭദ്രകാളിയുടെ രൂപം സുബ്രഹ്‌മണ്യന്‍ ശിവനെ വരച്ചു കാണിച്ചതാണ് കളമെഴുത്തിന്റെ തുടക്കം എന്നാണ് ഒരുപക്ഷം. നാരദനാണ് ഇപ്രകാരം വരച്ചുകാണിച്ചത് എന്ന് മറ്റൊരു പക്ഷവുമുണ്ട്. എന്നാല്‍ നാരദന്റെ നിര്‍ദേശാനുസരണം ശിവനെ കളം കുറിച്ചു കാണിച്ചവരാണ് കുറുപ്പന്‍മാരായി തീര്‍ന്നത് എന്നാണ് മറ്റൊരു പാഠഭേദം. കോപാക്രാന്തയായി വന്ന കാളി തന്റെ ചിത്രം കണ്ട് നില്‍ക്കുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ ഭദ്രകാളിയെ സ്തുതിച്ച് പാടുകയും കാളി അവരെ അനുഗ്രഹിക്കുകയും ചെയ്തു എന്നുള്ള ഐതിഹ്യം വ്യാപകമായി വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രങ്ങളില്‍ കളമെഴുത്തും പാട്ടിന് ഭദ്രകാളി കളങ്ങള്‍ക്ക് നാലു മുതല്‍ പതിനാറ് വരെ ഇരട്ടിപ്പ് വരത്തക്ക രീതിയിലാണ് കൈകളുടെ എണ്ണം പതിവെങ്കിലും അപൂര്‍വ്വമായി മുപ്പത്തിരണ്ട് കൈകള്‍ കുറിച്ചും വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വടക്കു പുറത്ത് പാട്ടിനോടനുബന്ധിച്ച് അറുപത്തിനാല് കൈകള്‍ കുറിച്ചും കളങ്ങള്‍ പതിവുണ്ട്. കളത്തിനു കുറുകെ അരിപ്പൊടികൊണ്ട് ഒരു വര വരയ്ക്കുന്നു. കറുത്തപൊടികൊണ്ട് കളത്തറ വരച്ചതിനുശേഷം മുകളില്‍ മറ്റു വര്‍ണങ്ങളുപയോഗിച്ച് കാല്, മെയ്യ്, മാറ്, കൈ എന്നിവ വരയ്ക്കുന്നു.
നെടുകെയും കുറുകെയും അടയാളമിട്ട് മുലപ്പടം, ഉദരം, കൈകാല്‍, ശിരസ്സ് എന്ന ക്രമത്തിലെഴുതി പഞ്ചവര്‍ണപ്പൊടിയില്‍ പൂര്‍ത്തിയാക്കുന്ന ഭദ്രകാളിയുടെ കളത്തിന് ഇടവും വലവും എട്ടുവീതം പതിനാറ് കൈകളാണ് വിശേഷ ദിവസങ്ങളില്‍ എഴുതാറ്. വലതുവശം മൂര്‍ച്ചയുള്ള ആയുധങ്ങള്‍. ഇടതു വശത്ത് മൂര്‍ച്ചയില്ലാത്തവ. വലതുവശത്തെ കൈകളില്‍ ദാരികന്റെ തല, വട്ടക, പാമ്പ്, കയറ്, താമര, ഗ്രന്ഥക്കെട്ട് തുടങ്ങിയ മൂര്‍ച്ചയില്ലാത്ത വസ്തുക്കള്‍ പിടിക്കുമ്പോള്‍ മറുവശത്ത് വാള്‍, ശൂലം, തുടങ്ങിയ മൂര്‍ച്ചയുളള ആയുധങ്ങളാണ് പിടിക്കുന്നത്. പതിനാറ് കൈ കുറിച്ചുള്ള കളങ്ങള്‍ക്കു വരയ്ക്കുന്ന ആയുധങ്ങള്‍ താഴെയുള്ള ശ്ലോകത്തിലുണ്ട്
തീയാട്ട് | PHOTO: WIKI COMMONS
'ശൂലവും കുന്തവും ചക്രം കടുത്തില തോമരം പട്ടസം വാളും മുസലവും പാശവും
വേലും കലപ്പയും തോട്ടിയും നാഗവും വജ്റവും ചാട്ട സുദര്‍ശനം.'
മറ്റൊരു ശ്ളോകവും പതിവുണ്ട്.
'നനാഭാ ഹേമവസ്ത്രാ
നരരുധിരവസാ
മാംസ നിര്‍ഭിന്ന വക്ത്രാ
ശൂലം കുന്തം രഥാംഗം ഫണി മുസല ഗദാ
തോമരം പട്ടസം ച
പാശം ശക്തീം ച ശീര്‍ഷ ധ്വജ ഹല ദഹനാന്‍ വജ്റ
ഖേടോകരാഗ്രേ
വിഭ്രാണാ ഭീമവേഷാ
വിജയതു ഭുവനേ വിദ്രുതം ഭദ്രകാളി.''
മുപ്പത്തിരണ്ടും അറുപത്തിനാലും കൈകള്‍ കുറിച്ചുള്ള കളങ്ങളുടെ ആയുധങ്ങള്‍ വിശദമാക്കുന്ന ശ്ലോകങ്ങള്‍ പലരുമായി ബന്ധപ്പെട്ടെങ്കിലും കിട്ടിയിട്ടില്ല.
'പാത്രം ശിരസ്സഗ്നി താമര വീണയും മാനും മണി
ജപമാലയും ഗ്രന്ഥവും,
വില്ലുമമ്പും കുഴിതാളം കൊടിമരം, ശംഖും
കരിമ്പും ഉടുക്കും പരിചയും.
മുപ്പത്തിരണ്ട് കരങ്ങളിലീ വിധം
കെല്‍പ്പേറുമായുധ ജാലംധരിക്കുന്ന...'' എന്ന മട്ടിലുള്ള രചനയിലും ആയുധങ്ങളുടെ എണ്ണം കുറവാണ്.
ക്ഷേത്രങ്ങളില്‍ സാധാരണയായി വലിയമ്പലത്തിന്റെ വടക്കുഭാഗത്താണ് കളമെഴുത്തിനുള്ള സ്ഥാനം. പന്തലലങ്കാരത്തോടെ കളമെഴുത്തിനുളള ചടങ്ങുകള്‍ ആരംഭിക്കുന്നു. കളമെഴുതുന്ന സ്ഥലത്തിന് മുകളിലായി കയര്‍ വലിച്ചുകെട്ടി അറുപത്തിനാല് കള്ളികളിലായി കളമെഴുത്തിനുള്ള സ്ഥാനം നിര്‍ണയിക്കുന്നു. കുരുത്തോല, ആലില, മാവില, കവുങ്ങിന്‍പൂക്കുല എന്നിവകൊണ്ടാണ് കളമെഴുതുന്ന പാട്ടമ്പലം അലങ്കരിക്കുന്നത്. മുകള്‍ഭാഗത്ത് ഗണംതിരിച്ച് കയറുവലിച്ചുകെട്ടി അതില്‍ പതിനെട്ടുമുഴം നീളമുളള പട്ട് വിരിക്കുന്നു. അലക്കിയ വെളള മാറ്റും കൂറയായി ഉപയോഗിച്ചു കാണാം. ഈ ചടങ്ങിന് കൂറയിടല്‍ എന്നാണ് പറയാറ്.
അതിനുശേഷം ഗണപതിക്ക് വിളക്കുകത്തിച്ച് അതിനടുത്ത് നിറയും വയ്ക്കുന്നു. ഇടങ്ങഴി നെല്ല്, നാഴിയരി, നാളികേരം, ശര്‍ക്കര, അവില്‍, മലര്‍, കദളിപ്പഴം, നിലവിളക്ക്, വെറ്റില, അടയ്ക്ക, പണം എന്നിവ അടങ്ങിയതാണ് നിറ. ഇതിനടുത്തായി ഷഡ്‌കോണപദ്മമിടുന്നു. ഇതില്‍ സര്‍വദേവീദേവന്മാരുടേയും സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് പറയുന്നത്. പിന്നെ ശംഖുവിളിച്ച് വലംതലകൊട്ടി കൊട്ടിയറിയിപ്പാണ്. ഇതോടെ കളമെഴുത്ത് തുടങ്ങുന്നു.
കളമെഴുത്തും പാട്ട് | PHOTO:WIKI COMMONS
പഞ്ചവര്‍ണ്ണ പൊടികള്‍ ഉപയോഗിച്ച് കളമെഴുതുമ്പോള്‍ പാലിക്കേണ്ട ചില നിഷ്ഠകളുണ്ട്. ഭദ്രകാളിക്കളങ്ങളുടെ ശരീരഭാഗത്ത് പച്ചപ്പൊടിയാണ് ഉപയോഗിക്കുന്നത്. ഇടത്തുനിന്നും വലത്തേക്ക് മാത്രമേ എഴുതാവൂ എന്ന നിഷ്ഠയുണ്ട്. ചിരട്ടയുടെ അടിയില്‍ ഉണ്ടാക്കിയ സൂക്ഷ്മമായ ദ്വാരത്തിലൂടെയും കൈകള്‍കൊണ്ട് തൂവിയുമാണ് മുടിയേറ്റിന് പ്രാരംഭമായി കളം വരച്ചു പൂര്‍ത്തിയാക്കുന്നത്. മുലകള്‍, കണ്ണുകള്‍, മൂക്ക് എന്നിവ പ്രതലത്തില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് എഴുതുന്നത്. കളമെഴുത്തില്‍ അവസാനമാണ് മുഖത്തിന്റെ രൂപം പൂര്‍ത്തിയാക്കുക. ഏറ്റവും ഒടുവിലത്തെ ചടങ്ങാണ് 'മിഴിയിടല്‍'.
അരിപ്പൊടി ഉപയോഗിച്ചാണ് ഭദ്രകാളിയുടെ കളമെഴുതുന്നത്. കൂടാതെ കളമെഴുതുമ്പോള്‍ നെല്ലും അരിയും നിശ്ചിതമായ രീതിയില്‍ കൂനകൂട്ടിയാണ് ഭദ്രകാളിയുടെ മുലകള്‍ സൃഷ്ടിക്കുന്നത്. സാറയുടെ വീക്ഷണത്തില്‍ അരിപ്പൊടി ഭൂമിയുടെ ഉര്‍വരതയുടെ പ്രതീകമാണ്. ഉഗ്രദേവതയായ ഭഗവതിയെ കാര്‍ഷിക ഫലഭൂയിഷ്ഠതയുടെ ആത്മാവായി വിശ്വാസികള്‍ പ്രതിനിധീകരിക്കുന്നു. ഭഗവതിയുടെ ഏറ്റവും പ്രധാനപ്പെട്ട അടയാളം, അവളുടെ വാളായാണ് സങ്കല്പിക്കുന്നത്. അരിവാള്‍ ആകൃതിയിലുള്ള ഭഗവതിയുടെ ഇരുമ്പുവാള്‍ ദേവിയുടെ സത്തയും ശക്തിയും ഉള്‍ക്കൊള്ളുന്നതായാണ് വിശ്വാസം. കാര്‍ഷികബന്ധമുള്ള അരിവാളും ഭദ്രകാളിയുടെ ആയുധമായ പള്ളിവാളും ഇരുമ്പുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആചാരപ്രകാരം അത് വളരെ മോടിയുള്ളതും ശക്തവും ദുരാത്മാക്കളെ തുരത്താനും നശിപ്പിക്കാനും ഉതകുന്നതുമാണെന്ന് കരുതിപ്പോരുന്നു. വിളവെടുപ്പ് സമയത്ത് പാകമായ നെല്ല് മുറിക്കാന്‍ നീളംകുറഞ്ഞ അരിവാള്‍ കൊയ്ത്തുകാര്‍ ഉപയോഗിക്കുന്നു. ഒരു കൈയില്‍ ഒരു ചെറിയകുല നെല്ലിന്‍ തണ്ടുകള്‍ പിടിച്ച്, ജോലിക്കാരി (പലപ്പോഴും താഴ്ന്ന ജാതിക്കാരി) അരിവാളിന്റെ വളഞ്ഞ വായ്ത്തല ഉപയോഗിച്ച് തണ്ടിന്റെ അടിഭാഗത്ത് താഴ്ത്തിയും ദൃഢമായും മുറിച്ച്, ഉണങ്ങിയ വയലില്‍ ഇടുന്നു. ഒന്നാം അദ്ധ്യായത്തില്‍ നമ്മള്‍ കണ്ടതുപോലെ, ക്ഷേത്ര ഐതിഹ്യങ്ങളിലെ ഒരു പ്രധാന പ്രമേയം താഴ്ന്നജാതിക്കാരിയായ ഒരു കര്‍ഷകത്തൊഴിലാളിയുടെ വാളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാം. അരിവാളും, ഭഗവതിയുടെ വാളും തമ്മിലുള്ള സാദൃശ്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ കേരളത്തില്‍ പ്രചാരമുള്ള പഴയ പുരാവൃത്തങ്ങളില്‍ പറയുന്ന പുലയ സ്ത്രീ കരിങ്കല്ലില്‍ അരിവാളിന് മൂര്‍ച്ച കൂട്ടുമ്പോള്‍ രക്തം പൊടിഞ്ഞ കഥ പറയാതെ നിവര്‍ത്തിയില്ല.
അറ്റംവളഞ്ഞ അരിവാളിന് സമാനമായ വാളാണ് ഭഗവതിയുടെ പള്ളിവാള്‍. വിളവെടുപ്പും മരണവും തമ്മിലും, രക്തവും ഉര്‍വരതയും തമ്മിലും ബീജവും രക്തവും തമ്മിലും ബന്ധപ്പെടുത്തി സാറ വിശദമായി പല കാര്യങ്ങളും പറയുന്നുണ്ട്. വിളവെടുപ്പ് സീസണ്‍ കഴിഞ്ഞാല്‍ അടുത്ത സീസണിലേക്ക് പറമ്പുകളിലെ മണ്ണുയര്‍ത്തി കൂനകൂട്ടുന്നത് അവര്‍ കാണുന്നത് ദദ്രകാളി കളങ്ങളില്‍ നെല്ലും അരിയും ഉപയോഗിച്ച് കൂനകൂട്ടി വരയ്ക്കുന്ന സ്തനങ്ങളുമായി ബന്ധപ്പെടുത്തിയാണ്.
മുടിയേറ്റ് | PHOTO: WIKI COMMONS
ഭദ്രകാളിയുടെ രൗദ്രഭാവമാണ് കളമെഴുത്തില്‍ ചിത്രീകരിക്കുന്നത്. വലതു കൈയില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും ഇടതു കൈയില്‍ മൂര്‍ച്ചയില്ലാത്ത ആയുധങ്ങള്‍ക്കൊപ്പം ചോരയിറ്റുവീഴുന്ന ദാരിക ശിരസ്സും നീട്ടിയ നാക്കും തുറിച്ച കണ്ണുകളുമായി നില്‍ക്കുന്ന കാളിയുടെ രൂപം ഭയം ജനിപ്പിക്കും.
കളം ഏറ്റുവാങ്ങല്‍
വെറ്റില, അടക്ക, അക്ഷതം, (നെല്ലും അരിയും കൂട്ടിക്കലര്‍ത്തിയത്) ദക്ഷിണ എന്നിവ നല്‍കിയാണ് കളം ഏറ്റുവാങ്ങുന്നത്. തുടര്‍ന്നാണ് കളം പൂജ നടത്തുന്നത്. പഴയകാലങ്ങളില്‍ കുറുപ്പന്‍മാര്‍ നടത്തിയിരുന്ന കളംപൂജ കാലക്രമത്തില്‍ ബ്രാഹ്‌മണരുടെ കൈയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. കൗള രീതിയിലുള്ള കളമെഴുത്തിന് മുന്‍കാലങ്ങളില്‍ ബ്രാഹ്‌മണര്‍ പൂജ ചെയ്യാറില്ലായിരുന്നുവെന്നും ഇപ്പോഴും ബ്രാഹ്‌മണ പൂജയ്ക്കുശേഷം കളമെഴുത്ത് കുറുപ്പ് തിരിയുഴിയുന്ന ചടങ്ങ് നിലനില്‍ക്കുന്നത് മുന്‍ കാലാചാരത്തിന്റെ ബാക്കിപത്രമാണെന്നും *വി.എന്‍ നാരായണക്കുറുപ്പ് അഭിപ്രായപ്പെടുന്നു. മുടിയേറ്റ് സ്ഥിരമായി നടത്തിവരുന്ന പാമ്പുംമേയ്ക്കാട്ട് മനയ്ക്കല്‍ കളംപൂജ നടത്തുന്നത് വാരനാട്ട് കുറുപ്പാണ്. കളമെഴുത്ത് കഴിഞ്ഞാല്‍ കുറുപ്പ് കൈകഴുകാനെന്ന മട്ടില്‍ പുറത്തുപോകുന്ന നേരത്താണ് ബ്രാഹ്‌മണരുടെ കളംപൂജ നടത്തുന്നത്.
ബ്രാഹ്‌മണ പൂജയ്ക്ക് ശബ്ദം തീരെക്കുറഞ്ഞ, ദേവവാദ്യമായി സങ്കല്‍പ്പിക്കപ്പെട്ടു പോരുന്ന വീക്കന്‍ ചെണ്ട അഥവാ ചെണ്ടയുടെ വലംതലയാണ് ഉപയോഗിക്കുന്നത്. മണികൊട്ടുന്നതും തീരെ പതുക്കെയാണ്. എന്നാല്‍ കളംപൂജ വഴി ചൈതന്യം ആവാഹിക്കപ്പെട്ട കളത്തിന്റെ തിരിയുഴിയല്‍ ഗംഭീരമായ വാദ്യഘോഷത്തോടെയാണ് കുറുപ്പ് നടത്തുന്നത്. പൂജയോടെ ചൈതന്യം കിട്ടിയ കളത്തെ എല്ലാവരും വണങ്ങുന്നു. അത്തരമൊരു വണങ്ങലിന്റെ പ്രതീകമാണ് തിരിയുഴിച്ചില്‍ എന്ന ചടങ്ങ്.
കളംപാട്ട് അതു കഴിഞ്ഞാണ് തുടങ്ങുന്നത്. കളംപാട്ടിന് പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണാം. ശങ്കരാചാര്യരുടെ സൗന്ദര്യ ലഹരിയുടെ മട്ടിലാണ് കളംപാട്ടിലെ രീതി. കളമെഴുത്തിന്റെ എഴുത്തുരീതി പരിശോധിച്ചാല്‍ മുന്‍കാലങ്ങളില്‍ കുറുപ്പന്‍മാര്‍ വരച്ചുവന്ന വള്ളുവനാടന്‍ ശൈലിയുടെ ശക്തമായ സ്വാധീനം ഇന്നുള്ള കളങ്ങളില്‍ കാണാം. പുള്ളുവക്കളങ്ങള്‍ക്ക് ശില്‍പ്പഭംഗി കുറവായിരുന്നു. പുള്ളുവക്കളങ്ങളേക്കാള്‍ ശില്‍പ്പഭംഗിയില്‍ മികച്ച ഭഗവതിക്കളങ്ങള്‍ എഴുതുന്നവരായിരുന്നു തിരുമാന്ധാംകുന്നിലേയും കാട്ടുകാമ്പാലിലേയും കുറുപ്പന്‍മാര്‍.
കാലാനുസൃതമായി കളമെഴുത്തിലും വ്യാപകമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാരമ്പര്യവഴിവിട്ട് മ്യൂറല്‍ പെയിന്റിങ്ങുകളുടെയും,
ആധുനിക വസ്ത്രധാരണ രീതിയുടെയും സ്വാധീനം പലരുടെയും എഴുത്തുരീതിയില്‍ കാണാം. ആശാസ്യവും അനാശാസ്യവുമായ പല പ്രവണതകളും മറ്റു കലാരൂപങ്ങളിലെന്നപോലെ കളമെഴുത്തിനെയും സ്വാധീനിച്ചിട്ടുള്ളതായിക്കാണാം.