TMJ
searchnav-menu
post-thumbnail

TMJ Art

മനുഷ്യയാതനകളുടെ കലാകാരി

15 Jul 2023   |   5 min Read
റോയ് എം തോട്ടം

നുഷ്യന്റെ നിതാന്ത ദുഃഖത്തെയും ഏകാന്തതയെയും ഉള്‍ക്ലേശങ്ങളെയും ഹൃദയംകൊണ്ട് സ്പര്‍ശിക്കുകയും അനുഭവിക്കുകയും ചെയ്യുന്നവരാണ് കലാകാരന്മാര്‍. മനുഷ്യജീവിതത്തിന്റെ വേദനകളും യാതനകളും അവരുടെ മനസ്സിനെ ബാധിക്കുകയും കലാവിഷ്‌കാരങ്ങളുടെ പ്രമേയമായിത്തീരുകയും ചെയ്യുന്നു. പുറംകാഴ്ചകള്‍ക്കപ്പുറം മറഞ്ഞിരിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ വെളിപ്പെടുത്തുകയും, ഈ ലോകത്തിന്റെ ഉപരിപ്ലവതകള്‍ക്കപ്പുറം യഥാര്‍ത്ഥ ലോകത്തെ കാണുകയും ആവിഷ്‌കരിക്കുകയുമാണ് കലാകൃത്തുക്കള്‍ ചെയ്യുന്നത്. 

ചരിത്രത്തില്‍ പേരുകേട്ട വിഖ്യാത കലാസൃഷ്ടികള്‍ മനുഷ്യവേദനയെയും യാതനകളെയും വിഷയമാക്കി രചിക്കപ്പെട്ടതാണ്. പാബ്‌ളോ പിക്കാസോയുടെ 'ഗോര്‍ണിക്ക', മൈക്കലാഞ്ചലോയുടെ 'പിയാത്ത', എഡ്വേര്‍ഡ് മങ്കിന്റെ 'ദി സ്‌ക്രീം', മത്തിയാസ് ഗ്രുനെവാള്‍ഡിന്റെ 'ദി ക്രൂസിഫിക്ഷന്‍' എന്നീ വിഖ്യാത സൃഷ്ടികള്‍ ഉള്‍പ്പടെ ഫ്രിഡാകാലേ, സോമനാഥ് ഹോര്‍, ചിത്തപ്രസാദ് ഭട്ടാചാരിയ തുടങ്ങിയ കലാകൃത്തുക്കളുടെ രചനകള്‍ ഈ പ്രമേയത്തെ ആസ്പദമാക്കിയ പ്രശസ്ത കലാസൃഷ്ടികളാണ്. ഈ ശ്രേണിയില്‍പ്പെട്ട, ജര്‍മന്‍ എക്‌സ്പ്രഷനിസത്തിന്റെയും സോഷ്യല്‍ റിയലിസത്തിന്റെയും മുന്‍നിര ചിത്രകാരിയാണ് കെയ്‌ത്തെ കോള്‍വിറ്റ്‌സ്. മനുഷ്യദുരിതങ്ങളെയും യാതനകളെയും തീവ്രമായി ആവിഷ്‌കരിച്ച അവരുടെ കലാസൃഷ്ടികളെയും ജീവിതത്തെയും പറ്റിയുള്ള കുറിപ്പാണിത്.


 WOMAN WITH DEAD CHILD | BREAD | PHOTO: WIKI COMMONS
യുദ്ധം, സാമൂഹിക അനീതികള്‍, അവമാനവീകരണം എന്നിവയ്ക്കു ഇരയായവര്‍ക്കുവേണ്ടി നിലകൊണ്ട ജര്‍മന്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റും ശില്പിയുമായിരുന്നു കെയ്ത്തെ. അവരുടെ എച്ചിങ്ങ്, ലിത്തോഗ്രാഫ്, വുഡ്കട്ട് പ്രിന്റുകള്‍, ഡ്രോയിങ്ങുകള്‍, ശില്പങ്ങള്‍ തുടങ്ങിയ കലാവിഷ്‌കാരങ്ങള്‍ മനുഷ്യദുരിതങ്ങളുടെ ശക്തമായ ചിത്രീകരണങ്ങളാണ്. നിസ്സഹായരും നിസ്വരും നിരാലംബരുമായ മനുഷ്യരുടെ ജീവിതസംഘര്‍ഷവും ആത്മഞെരുക്കവുമാണ് കെയ്‌ത്തെ കോള്‍വിറ്റ്‌സിന്റെ കലാസൃഷ്ടികളുടെ പ്രധാന പ്രമേയം. ദാരിദ്ര്യം, യുദ്ധം, തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന ആഴത്തിലുള്ള സഹാനുഭൂതിയും സാമൂഹികബോധവും കോള്‍വിറ്റ്സിന്റെ കലയുടെ സവിശേഷതയാണ്. മരണപ്പെട്ട കുട്ടികളെ കരുതി വിലപിക്കുന്ന അമ്മമാരാണ് ആവര്‍ത്തിച്ചു വന്നിരുന്ന മറ്റൊരു വിഷയം. 

പ്രഷ്യയുടെ ഭാഗമായിരുന്ന കോനിങ്ബര്‍ഗില്‍ 1867 ലാണ് കെയ്ത്തെയുടെ ജനനം. ഇന്ന് ആ സ്ഥലം റഷ്യയുടെ ഭാഗമായ കലിനിങ്ഗ്രാഡ് ആണ്. 1945 ല്‍ ജര്‍മനിയിലെ ഡ്രസ്ഡെന്‍ എന്ന സ്ഥലത്താണ് അവര്‍ മരിക്കുന്നത്. ബര്‍ലിനിലും മ്യൂണിക്കിലുമായിരുന്നു കലാപഠനം. പഠനകാലത്ത് പീറ്റര്‍ പോള്‍ റൂബന്‍സ് എന്ന വിഖ്യാത കലാകാരന്റെ സൃഷ്ടികളില്‍ ആകൃഷ്ടയായി. പിന്നീട് അവരുടെ സഹകലാകൃത്തായിരുന്ന മാക്സ് ക്ലിന്‍ഗരുടെ സ്വാധീനത്താല്‍ 1890 നു ശേഷം പ്രധാനമായും ഗ്രാഫിക് ആര്‍ട്ടിലാണ് കെയ്ത്തെ ശ്രദ്ധകേന്ദ്രീകരിച്ചത്: എച്ചിങ്, ലിത്തോഗ്രാഫ്, വുഡ്കട്ട്, ഡ്രോയിങ്ങുകള്‍ എന്നിവ. 1891 ല്‍ കാള്‍ കോള്‍വിറ്റ്സ് എന്ന ഡോക്ടറെ വിവാഹം കഴിച്ചു. ബര്‍ലിനില്‍ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ഒരു ക്ലിനിക്ക് അദ്ദേഹം ആരംഭിച്ചു. നഗരത്തിലെ പാവപ്പെട്ടവരുടെ ദുരിതപൂര്‍ണമായ ജീവിതത്തെക്കുറിച്ചുള്ള നേര്‍ക്കാഴ്ചകള്‍ കെയ്ത്തെയ്ക്ക് അവിടെനിന്ന് കിട്ടി. 


THE SURVIVORS | PHOTO: WIKI COMMONS
കോള്‍വിറ്റ്സിന്റെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നാണ് 'ദി വീവേഴ്സ്' (1894-98). സാമൂഹിക അശാന്തിയുടെയും തൊഴില്‍ സമരങ്ങളുടെയും കാലത്ത് ജര്‍മനിയിലെ നെയ്ത്തു തൊഴിലാളികളുടെ ജീവിതം ചിത്രീകരിക്കുന്ന ആവിഷ്‌കാരങ്ങളാണിവ. ഈ ചിത്ര പരമ്പരയിലൂടെ തൊഴിലാളികളുടെ യാതനകളും നിരാശയും സഹിഷ്ണുതയും അവര്‍ പകര്‍ത്തി. 'പെസന്റ് വാര്‍' (1902-08) എന്ന മറ്റൊരു ശ്രദ്ധേയമായ ചിത്രപരമ്പരയില്‍ കര്‍ഷകരുടെ പോരാട്ടങ്ങളും ത്യാഗങ്ങളും യുദ്ധത്തിന്റെ ക്രൂരതയും അവര്‍ ചിത്രീകരിച്ചു. ഈ ചിത്രങ്ങളിലൂടെയൊക്കെ പാവപ്പെട്ടവരുടെയും ചൂഷണങ്ങള്‍ക്കിരയായവരുടെയും ദുര്‍ഘടാവസ്ഥയെ ശക്തവും ലളിതവുമായി അവര്‍ അവതരിപ്പിക്കുന്നു. ഈ മനുഷ്യരുടെ കരുത്തുറ്റ ദൃഢരൂപങ്ങള്‍ കെയ്ത്തെയുടെ കലയുടെ ട്രേഡ് മാര്‍ക്കായിത്തീര്‍ന്നു. 1914 ല്‍ അവരുടെ ഇളയമകന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത് അവരെ അത്യഗാധമായി ബാധിച്ചു. മക്കളെ സംരക്ഷിക്കുന്ന അമ്മയും മരണപ്പെട്ട കുട്ടിയോടൊപ്പമുള്ള അമ്മയും കെയ്ത്തെയുടെ മറ്റൊരു പ്രധാനപ്പെട്ട പ്രിന്റ് ചിത്രപരമ്പരയാണ്. 1917 ലെ സോവിയറ്റ് വിപ്ലവവും 1918 ലെ ജര്‍മന്‍ വിപ്ലവവും വളരെ പ്രതീക്ഷയോടെയാണ് കെയ്ത്തെ കണ്ടതെങ്കിലും, ക്രമേണ സോവിയറ്റ് കമ്മ്യൂണിസത്തില്‍ അവര്‍ക്ക് പ്രതീക്ഷയില്ലാതായി. വെയ്മര്‍ റിപ്പബ്ലിക് കാലയളവില്‍ പ്രഷ്യന്‍ ആര്‍ട്ട് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ അംഗമായിരുന്നു കെയ്ത്തെ. 1922 മുതല്‍ 1933 വരെ അവര്‍ ഗ്രാഫിക് ആര്‍ട്ട് മാസ്റ്റര്‍ സ്റ്റുഡിയോയുടെ മേധാവിയായിരുന്നു. 1933 ല്‍ നാസികള്‍ അധികാരത്തില്‍ വന്നപ്പോള്‍ ആര്‍ട്ട് അക്കാദമിയില്‍ നിന്ന് രാജിവയ്ക്കാന്‍ കെയ്ത്തെ നിര്‍ബന്ധിതയായി. 

കെയ്ത്തെ കോള്‍വിറ്റ്സിന്റെ വലിയ ലിത്തോഗ്രാഫ് പരമ്പര ' ദി ഡെത്ത്' (1934-36) ആണ്. മരണമെന്ന വിഷയത്തെ ശക്തമായും വൈകാരിക ഭാവാത്മകതയോടെയും ആവിഷ്‌കരിച്ച പരമ്പരയാണിത്. 1940 ല്‍ കെയ്ത്തെയുടെ ഭര്‍ത്താവ് മരിച്ചു. 1941 ല്‍ ചെറുമകന്‍ രണ്ടാംലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടു. 1943 ല്‍ അവരുടെ വീടും സ്റ്റുഡിയോയും ബോംബാക്രമണത്തില്‍ തകര്‍ന്നു. നിരവധി കലാസൃഷ്ടികളും നശിപ്പിക്കപ്പെട്ടു. യൂറോപ്പില്‍ യുദ്ധം അവസാനിക്കുന്നതിനും ഏതാനും ആഴ്ചകള്‍ക്കു മുമ്പുതന്നെ അവര്‍ നിത്യതയിലേക്ക് യാത്രയായി. 


WAR AND COMPASSION | PHOTO: WIKI COMMONS
ജര്‍മന്‍ എക്സ്പ്രഷനിസ്റ്റ് കലാകൃത്തുക്കളിലെ അവസാന കണ്ണിയായിരുന്നു കെയ്ത്തെ. ഇരുപതാം നൂറ്റാണ്ടിന്റെ സാമൂഹിക പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും മുന്‍നിരയിലുള്ള കലാകാരിയായിരുന്നു അവര്‍. മനുഷ്യരുടെ കഷ്ടപ്പാടുകളുടെ ശക്തവും സത്യസന്ധവുമായ ചിത്രീകരണമാണ് കോള്‍വിറ്റ്സിന്റെ കലാശൈലിയുടെ സവിശേഷത. നാടകീയ ദൃഢതീവ്രത, കനത്തവരകള്‍, ഇരുണ്ട ശക്തമായ ടോണുകള്‍ എന്നിവ വേദനയുടെയും ആത്മസംഘര്‍ഷത്തിന്റെയും പ്രതീതി നല്‍കുന്നു. വികാരസാന്ദ്രവും തീവ്രവുമായ മുഖഭാവങ്ങളും കോള്‍വിറ്റ്സിന്റെ ചിത്രങ്ങളെ വൈകാരിക ആഴമുള്ളതാക്കുന്നു. 'മനുഷ്യന്റെ അവസാനമില്ലാത്ത സഹനങ്ങളുടെയും യാതനകളുടെയും വന്‍ കൂമ്പാരത്തെ ഉയര്‍ത്തിക്കാണിക്കുക എന്നത് എന്റെ കടമയാണ്' എന്ന് ഒരിക്കല്‍ കെയ്ത്തെ പറഞ്ഞിട്ടുണ്ട്. 1985 ല്‍ കെയ്ത്തെയുടെ പേരില്‍ കോളോണില്‍ ഒരു മ്യൂസിയം സ്ഥാപിക്കപ്പെട്ടു. പിന്നീട് ബര്‍ലിനിലും ഒരു മ്യൂസിയം ആരംഭിച്ചു. 1988 ല്‍ കെയ്ത്തെ കോള്‍വിറ്റ്സിന്റെ ഡയറികളും കത്തുകളും പ്രസിദ്ധീകരിക്കപ്പെട്ടു. 

കര്‍മബദ്ധമായ സോഷ്യലിസ (Socialism of action) ത്തിനു വേണ്ടിയാണ് അവര്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്. സോഷ്യലിസം ഓഫ് ആക്ഷന്‍ എന്നത് നിതാന്തമായി ആഗ്രഹിക്കപ്പെടുന്ന മനുഷ്യ സാഹോദര്യമെന്നാണ് മനസ്സിലാക്കേണ്ടത്. കെയ്ത്തെയുടെ ക്രിയാത്മക ദയാവായ്പ് (Creative Sympathy) അവരെ ആ കാലഘട്ടത്തിലെ ഏറ്റവും സ്മരണാര്‍ഹയായ ഒരു മനുഷ്യവ്യക്തിയാക്കി മാറ്റി. നാച്ച്വറലിസ്റ്റ് കലാശൈലി  (Naturalism) കെയ്ത്തെയുടെ കലാപ്രക്രിയയെ വളരെ സ്വാധീനിച്ചിട്ടുണ്ട്. വ്യവസ്ഥാപിത രീതികളെ തിരസ്‌കരിക്കുകയും യാതൊരു കൃത്രിമ ആദര്‍ശവാദവും കൂടാതെ പ്രകൃതിയെയും ആളുകളെയും യഥാര്‍ത്ഥത്തില്‍ അവര്‍ എന്തായിരിക്കുന്നുവോ അങ്ങനെ ചിത്രീകരിക്കുന്ന ശൈലിയാണ് നാച്ച്വറലിസം. ഈ ലോകത്തിലും ജീവിതയാഥാര്‍ത്ഥ്യങ്ങളിലുമാണ് മൂല്യങ്ങള്‍ കണ്ടെത്തേണ്ടത് എന്നതാണ് നാച്ച്വറലിസത്തിന്റെ തത്ത്വം. തൊഴിലാളികളും അവരുടെ ദുരിതഭാഗധേയവും കെയ്ത്തെയുടെ കലാവിഷ്‌കാരത്തിന്റെ മുഖ്യവിഷയമായിത്തീര്‍ന്നതും ഇതുകൊണ്ടാവണം. 

എമില്‍ സോള, ലിയോ ടോള്‍സ്റ്റോയി, ചാള്‍സ് ഡിക്കന്‍സ്, ഫിയോഡോര്‍ ഡോസ്റ്റോയെവ്‌സ്‌കി, മാക്സിം ഗോര്‍ക്കി തുടങ്ങിയ വിഖ്യാത എഴുത്തുകാര്‍, യാതനകളാല്‍ വിരൂപമാക്കപ്പെട്ട മനുഷ്യരില്‍ സൗന്ദര്യം കണ്ടെത്തിയവരാണ്. ഇവരുടെ കൃതികള്‍ കെയ്ത്തെ കോള്‍വിറ്റ്സിനെ വളരെ സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാലും മുഖ്യമായും കെയ്ത്തെയുടെ ജീവിത ചുറ്റുപാടുകളാണ് അവരുടെ കലാജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത്. 'തൊഴിലാളികളുടെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ എന്നില്‍ മാനസിക അസ്വസ്ഥത സൃഷ്ടിക്കുന്നു. ഈ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധമാണ് സമൂഹത്തിലെ താഴെക്കിടയിലുള്ളവരെ വരയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. തുടര്‍ച്ചയായി അവരുടെ ജീവിതത്തെ വരയ്ക്കുന്നത് എന്റെ തന്നെ, ക്ലേശങ്ങള്‍ നിറഞ്ഞ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്നു' എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വേദനകള്‍ സ്വന്തം വേദനയായി അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. ഈ മനുഷ്യവേദനകളും യാതനകളുമാണ് അവരുടെ കലയുടെയും ജീവിതത്തിന്റെയും ഉള്‍പ്രേരക ശക്തിയായി മാറിയത്. 


PIETA | LAMENT | PHOTO: WIKI COMMONS
1914 ല്‍ മരണപ്പെട്ട തന്റെ ഇളയമകന്റെ സ്മാരകത്തിന്റെ ജോലിയില്‍ ഒരു വര്‍ഷത്തിലധികം അവര്‍ ചിലവഴിച്ചു. ഡയറിയില്‍ അവര്‍ ഇങ്ങനെ എഴുതി, ' ഞാനൊരു ഡ്രോയിങ്ങുണ്ടാക്കി, ഒരമ്മയുടെ കൈകളിലേക്ക് മരിച്ച മകന്റെ ശരീരം വഴുതി വീഴുന്നതായിട്ട്. അത്തരത്തിലുള്ള നൂറോളം ചിത്രങ്ങള്‍ എനിക്കുണ്ടാക്കാമെന്നാലും അവന്റെയടുത്തേക്ക് എത്തുക അസാധ്യമായി തോന്നുന്നു. കലാസൃഷ്ടികളിലൂടെ ഞാനിപ്പോഴും അവനെ തേടുന്നു'. തന്റെ കലാജീവിതത്തിലുടനീളം കെയ്ത്തെ കോള്‍വിറ്റ്സ് തന്റെ കലയെ സാമൂഹിക വ്യാഖ്യാനത്തിലുള്ള ഒരു മാധ്യമമായും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനുള്ള ഒരു മാര്‍ഗമായും ഉപയോഗിച്ചു. കോള്‍വിറ്റ്സിന്റെ കല മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ചിന്തയെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു. 

ചുറ്റുമുള്ള ആളുകളെ ചിത്രീകരിക്കുന്നതിലൂടെ മാത്രമല്ല തന്റെ തന്നെ ഛായ ചിത്രത്തിലൂടെയും മനുഷ്യാവസ്ഥയെ അറിയാന്‍ കെയ്ത്തെ ശ്രമിച്ചു. ഏതാണ്ട് നൂറിലധികം സെല്‍ഫ് പോര്‍ട്രെയ്റ്റുകള്‍ അവരുടേതായിട്ടുണ്ട്. ഒറ്റപ്പെട്ട, ഏകാന്തയായ ഒരാളായിട്ടാണ് അവര്‍ തന്നെത്തന്നെ ചിത്രീകരിച്ചത്. കെയ്ത്തെയുടെ സെല്‍ഫ് പോര്‍ട്രെയ്റ്റുകള്‍  അവരുടെ ആന്തരിക ജീവിതത്തിന്റെ യുക്തിരഹിതമായ വിവിധ തലങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. ഈ ഛായചിത്രങ്ങള്‍ കാണുമ്പോള്‍ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചുള്ള അവരുടെ അവബോധവും ചുറ്റുമുള്ള സാമൂഹിക അനീതികള്‍ കലയിലൂടെ ആവിഷ്‌കരിക്കാനുള്ള അവരുടെ പ്രതിബദ്ധതയും അവരുടെ ആന്തരിക ശക്തിയും അനുകമ്പയുമൊക്കെ നമുക്ക് മനസ്സിലാകുന്നു. 'എന്റെ എല്ലാ സൃഷ്ടികളിലും ജീവിതം ഒളിഞ്ഞിരിക്കുന്നു. ഈ ജീവിതവുമായുള്ള പോരാട്ടമാണ് കലാസൃഷ്ടികളിലൂടെ ഞാന്‍ നടത്തുന്നത്' അവര്‍ പറയുന്നു. 

CALL OF DEATH | SELF PORTRAIT | STARVING CHILDREN
സെല്‍ഫ് പോര്‍ട്രെയ്റ്റുകള്‍ ഉള്‍പ്പെടെ മിക്ക ചിത്രങ്ങളിലും കൈകള്‍ക്ക് പ്രത്യേക പ്രാധാന്യം കൊടുക്കുന്നുണ്ട് കെയ്ത്തെ. വികാരം, സ്വഭാവം, ചലനം എന്നിവയുടെ കാര്യത്തില്‍ ശരീരത്തിലെ ഏറ്റവും സങ്കീര്‍ണമായ മേഖലകളിലൊന്നാണ് കൈകള്‍. ഒരാളുടെ കൈകള്‍ നോക്കിയാല്‍ അയാള്‍ ചെയ്യുന്ന ജോലി, പ്രായം, വൈകാരികാവസ്ഥ എന്നിവ മനസ്സിലാക്കാന്‍ പറ്റും. കെയ്ത്തെയുടെ കലാസൃഷ്ടികളില്‍ പൊതുവെ കൈകള്‍ വളരെ തീവ്രമായി വൈകാരികാവസ്ഥയെയും ആന്തരിക സംഘര്‍ഷത്തെയും ജീവിതാവസ്ഥയെയും പ്രതിഫലിപ്പിക്കുന്ന പ്രധാന ഘടകമാണ്. ചിന്തയും വികാരവും മറയ്ക്കാന്‍ നാം പലപ്പോഴും നമ്മുടെ മുഖങ്ങളെ പരിശീലിപ്പിക്കുമ്പോള്‍, നമ്മുടെ കൈകള്‍ മാനസികാവസ്ഥകളോട് അബോധാവസ്ഥയില്‍ പ്രതികരിക്കുകയും മുഖംമറയ്ക്കാന്‍ ശ്രമിക്കുന്നതെന്തോ അത് വെളിപ്പെടുത്തുകയും ചെയ്യുമെന്ന് ജോര്‍ജ് ബ്രിഡ്ജ്മാന്‍ പറഞ്ഞിട്ടുണ്ട്. കൈകളുടെ പ്രകടാത്മക ശക്തിയെ മനസ്സിലാക്കി, മുഖത്തിനു കൊടുക്കുന്ന പ്രാധാന്യം, ചിലപ്പോള്‍ അതിലധികമായോ, കൈകള്‍ക്ക് കെയ്ത്തെ തന്റെ ചിത്രങ്ങളില്‍ കൊടുത്തിട്ടുണ്ട്. 

കലകള്‍ ആഴമായി സ്വാധീനിക്കുന്ന തരത്തില്‍ ആശയങ്ങളെയും സാങ്കേതിക ശൈലിയെയും സമര്‍ത്ഥമായി സമന്വയിപ്പിക്കുന്ന പ്രചോദനാത്മക കലാകൃത്തുകള്‍ക്ക് നല്ലൊരു ഉദാഹരണമാണ് കെയ്ത്തെ കോള്‍വിറ്റ്സ്. അവരുടെ കലാസൃഷ്ടികള്‍  നമ്മെ സ്വാധീനിക്കുന്നു, സാമൂഹിക നീതിയെയും അനുകമ്പയെയും മനുഷ്യസംഘര്‍ഷങ്ങളെയും ഓര്‍മിപ്പിച്ചുകൊണ്ട്.


#Art
Leave a comment