സ്ത്രൈണ ഭാവാത്മകതയുടെ ജീവിത ചിറകുകള്‍
വയലറ്റ് നിറമുള്ള താമരപൂക്കളുടെയിടയില്‍ അവളുടെ മുഖകമലം വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്നു. താമരപൂക്കളുടെയും ഇലകളുടെയും മെത്തയില്‍ കിടക്കുന്ന അവള്‍ സുഖശയ്യയിലാണെന്ന് തോന്നുമെങ്കിലും കണ്ണുകളില്‍ അരക്ഷിതത്വമാണ് പ്രകടമാകുന്നത്. കാല്‍ക്കലില്‍ ഒരു തവള അവളെ തുറിച്ചുനോക്കുന്നുണ്ട്, ഒരു വില്ലനെപ്പോലെ. ചിത്രത്തിന്റെ പകുതി മറ്റൊരു ലോകത്തെ കാണിക്കുന്നതാണ്. സുന്ദരമായ ഒരു ലോകത്തിനു വിപരീതമായ മറ്റൊരു ലോകം. കറുത്ത പാറക്കെട്ടുകളും അതിനിടയിലുള്ള ഒരു സ്ത്രീമുഖവും. അസ്വാതന്ത്ര്യത്തിന്റെയും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെയും ഇടയില്‍ ഞെങ്ങിഞെരിയുന്ന സ്ത്രീ. കറുത്ത സ്വപ്നങ്ങളുടെ പ്രതീകമെന്നോണമുള്ള കാക്കകളും പാറക്കെട്ടില്‍ കാണാം. പരുക്കനായ യാഥാര്‍ത്ഥ്യവും നിറമുള്ള സ്വപ്നലോകവും, അവ തമ്മില്‍ വേര്‍തിരിക്കുന്ന വലയും.
സ്ത്രീ യാഥാര്‍ത്ഥ്യങ്ങളുടെ ലോകമാണ് ലീന ജോഷിയുടെ ചിത്രങ്ങളുടെ പ്രധാന പ്രമേയം. സ്ത്രീ ഇന്ന് സ്വതന്ത്രയാണെന്ന് പറയുമ്പോഴും അസ്വാതന്ത്ര്യങ്ങളുടെയും കെട്ടുപാടുകളുടെയും അടരുകള്‍ അവളുടെ ജീവിതത്തെ എത്രമാത്രം പരിമിതപ്പെടുത്തുന്നു എന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ലീന ജോഷിയുടെ ചിത്രങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ജീവിതചിറകുകള്‍ (Wings of Life) എന്ന പേരില്‍, കേരള ലളിതകലാ അക്കാദമിയുടെ ധനസഹായത്തോടെ കോട്ടയം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ലീന ജോഷിയുടെ പ്രദര്‍ശനം നടക്കുകയുണ്ടായി. കലാകൃത്തുക്കള്‍ക്ക് പ്രകൃതി എപ്പോഴും പ്രചോദനമാണ്; ഒപ്പം കലാവിഷ്‌കാരത്തിന്റെ പ്രധാന വിഷയവുമാണ് പ്രകൃതി. പ്രകൃതിഘടകങ്ങള്‍ ചേര്‍ത്തുവച്ച് സ്വത്വബോധത്തിന്റെ വിവിധ ഭാവങ്ങളെയും ആശയങ്ങളെയും രൂപീകരിക്കുന്നു കലാകാരി. സമൃദ്ധമായ പ്രകൃതി ചുറ്റുപാടുകളുടെ പശ്ചാത്തലത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആശങ്കകളും ആശയങ്ങളും അനുഭവങ്ങളും നിറഞ്ഞതാണ് ലീന ജോഷിയുടെ പെയിന്റിങുകള്‍.
താമരക്കുളമാണ് ലീനയുടെ ചിത്രങ്ങളിലെ പ്രധാന പ്രതിപാദ്യം. താമരപൂവുകളുടെയും ഇലകളുടെയും ഇടയില്‍നിന്ന് വിടരുന്ന സ്ത്രീയുടെ മുഖമാണ് ആവര്‍ത്തിച്ചുവരുന്ന മോട്ടീഫ്. തവളയുള്‍പ്പെടെയുള്ള ഉഭയജീവികളും പൊന്‍മാനും മറ്റു പക്ഷികളും സ്ത്രീമുഖത്തേക്ക് തുറിച്ചുനോക്കുന്നുണ്ട്. ചില പക്ഷികള്‍ ഉയരങ്ങളിലേക്ക് പറന്നുയരുന്നു. ചിലവ പറക്കാനാവാതെ അസ്വാതന്ത്ര്യത്തിന്റെ വലയിലകപ്പെട്ടിരിക്കുന്നു. ചില ചിത്രങ്ങളില്‍ അവളുടെ മുഖം വിഷാദാത്മകമാണ്. ചിലതില്‍ ഉത്സാഹഭരിതമാണ്. വേറെ ചിലതില്‍ അവള്‍ ഉന്മാദാവസ്ഥയിലുമാണ്. അതിരുകളും വേലികളും വലകളും സ്ത്രീയെ ദുര്‍ഘടസ്ഥിതിയിലാക്കുന്നു. ഇങ്ങനെ വ്യത്യസ്ത ഭാവഭേദങ്ങളിലൂടെയും ബിംബങ്ങളിലൂടെയും സ്ത്രൈണാവസ്ഥയെ ആവിഷ്‌കരിക്കുകയാണ് ലീന തന്റെ രചനകളിലൂടെ. സാഹിത്യത്തിന്റെ സ്വാധീനത്താല്‍ പ്രതീകാത്മകമായ ദൃശ്യഭാഷയാണ് ലീന ജോഷിയുടെ ചിത്രങ്ങള്‍. സാഹിത്യസംസ്‌കാരവുമായി ബന്ധപ്പെടുത്തി ഈ ചിത്രങ്ങളിലെ രൂപങ്ങളുടെ പരിണാമം അന്വേഷിച്ച് കണ്ടെത്താവുന്നതാണ്.
എഴുത്തിന്റെ ലോകത്തുനിന്നാണ് ചിത്രരചനയുടെ ലോകത്തേക്ക് ചാട്ടം നടത്തിയതെന്ന് ലീന പറയുന്നു. റ്റോംസ് പബ്ലിക്കേഷനില്‍ എഡിറ്ററായി ജോലി നോക്കിയിട്ടുണ്ട്. ക്രിസ്റ്റീന്‍ മാസികയില്‍ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബാലസാഹിത്യത്തിനുള്ള ബഹുമതികള്‍ കിട്ടിയിട്ടുണ്ട്. കഥാരചനയ്ക്ക് അസിസ്സീ മാസികയുടെ അവാര്‍ഡും ലഭിച്ചു. കവിതാരചനയ്ക്കും സമ്മാനാര്‍ഹയായി. ആശയങ്ങള്‍ സ്വരൂപിക്കാന്‍ വായന പ്രധാനപ്പെട്ട ഒരു കാര്യമാണ് ലീനയ്ക്ക്. ബെന്യാമന്റെ ആടുജീവിതം ഏഴു പ്രാവശ്യം വായിച്ചു. ഏറെ സ്വാധീനിച്ച ഒരു പുസ്തകമാണ് ആടുജീവിതം എന്നാണ് ലീനയുടെ സാക്ഷ്യം. ''ഇങ്ങനെ വായനയും എഴുത്തുമായി പോകുന്നതിനിടയ്ക്ക് പഴയവര പൊടിതട്ടിയെടുത്താലോ എന്ന ആഗ്രഹം ഉണ്ടായ സമയത്താണ് കോട്ടയത്തെ കെഎസ്എസ് എന്ന കലാസ്ഥാപനത്തിന്റെ പരസ്യം കാണുന്നതും അവിടെ കലാപഠനത്തിനായി ചേര്‍ന്നതും. 12 വര്‍ഷക്കാലം അവിടെ ചിത്രരചന പഠിച്ചു. നിരവധി ഗ്രൂപ്പ് പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ഏകാംഗ ചിത്രപ്രദര്‍ശനം ആദ്യമാണ്. കെ എസ്എസ് സ്‌കൂള്‍ അധ്യാപകന്‍ മധുസാറിന്റെ പിന്തുണ വളരെ ഉണ്ടായിരുന്നു.''
ലീന ജോഷി
ജീവിതചിറകുകള്‍ എന്ന പേരില്‍ നടത്തപ്പെട്ട ഈ ചിത്രപ്രദര്‍ശനം സ്ത്രീ സ്വപ്നങ്ങളെയും സ്വത്വത്തെയും സാമൂഹിക വേലിക്കെട്ടുകളില്‍ തളച്ചിടുന്നതിനെയാണ് പ്രതിപാദ്യവിഷയമാക്കുന്നത്. ആകാശത്തേക്ക് മിഴിയുയര്‍ത്തുന്ന താമരയിലകളുടെയും പൂക്കളുടെയും ഇടയില്‍, താമരവള്ളികളാല്‍ ചുറ്റപ്പെട്ട് താഴേക്ക് മിഴിനട്ടിരിക്കുന്ന സ്ത്രീരൂപത്തിന്റെ ഭാവം നിസ്സഹായതയും അസ്വസ്ഥതയുമാണ്. ജീവിതത്തിന്റെ വള്ളിച്ചുറ്റലുകളിലും ജീവിതത്തിനുള്ളിലെ ചുറ്റിക്കെട്ടുകളിലും പിണഞ്ഞ സ്ത്രീ ജീവിതത്തിന്റെ കാഴ്ചയാണത്. സുന്ദരമെന്നു തോന്നുന്ന, സംരക്ഷണമെന്ന മറവിലുള്ള സാമൂഹിക സംവിധാനങ്ങള്‍ സ്ത്രീ ജീവിതങ്ങളെ അതിര്‍ത്തിക്കുള്ളിലാക്കുന്ന വേലിക്കെട്ടുകളാണെന്നാണ് ലീന ജോഷി പറയുന്നത്. സമൂഹത്തിന്റെയും രാഷ്ട്രീയ മത സംവിധാനങ്ങളുടെയും സ്ത്രീ സമീപനങ്ങളെക്കുറിച്ചുള്ള ശക്തമായ വിശകലനമാണ് ലീനയുടെ ചിത്രങ്ങള്‍. കലാസപര്യയിലൂടെ തന്റെ കാഴ്ചപ്പാടുകളെയും അനുഭവങ്ങളെയും അടയാളപ്പെടുത്തുകയാണ് കലാകാരി.
മിക്ക ചിത്രങ്ങളിലും തവളയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. തവളയെ ഒരു വില്ലന്‍ കഥാപാത്രമായിട്ടാണ് ലീന കരുതുന്നത്. ഇരുട്ടത്തും വഴിവക്കിലും വരമ്പത്തുമൊക്കെ പതുങ്ങിയിരിക്കുന്ന ജീവിയാണ് തവള; ഇരകാത്തിരിക്കുന്ന നിഗൂഢതകള്‍ ഉള്ള ജീവി. ഇരുട്ടത്തിരുന്ന് ചെറുജീവികളെ നാക്കുനീട്ടി പിടിക്കുന്നവന്‍. ''വീടിനടുത്ത് ഒരു കുളമുണ്ട്. അതില്‍ ആമ്പലുണ്ട്. മൂന്നുനാലു തവളകള്‍ അതിലുണ്ട്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അവ ഉണ്ടക്കണ്ണുകള്‍കൊണ്ട് എന്നെ തുറിച്ചുനോക്കാറുണ്ട്. പൊന്‍മാന്‍ വീടിനടുത്ത് ഇടയ്ക്ക് വന്നിരിക്കാറുണ്ട്.'' സ്ത്രീകള്‍ക്കെതിരെ പതുങ്ങിയിരിക്കുന്ന സാമൂഹിക വ്യവസ്ഥിതികളും സമീപനങ്ങളുമൊക്കെ ആയിരിക്കണം തവളയെന്ന ബിംബത്തിലൂടെ കലാകാരി വ്യംഗ്യമാക്കുന്നത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു ബിംബമാണ് പൊന്‍മാന്‍. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ഭാവനയുടെയും സ്വത്വത്തിന്റെയുമൊക്കെ സൂചനയാണിത്. ഒരു ചിത്രത്തില്‍ പൊന്‍മാന്‍ തവളയെ വിഴുങ്ങാന്‍ ശ്രമിക്കുന്നുണ്ട്. സ്ത്രൈണ ഭാവാത്മകതയും കരുത്തും വെല്ലുവിളികളെ മറികടക്കും എന്ന പ്രഖ്യാപനമായി ഇതിനെ കണക്കാക്കാം. സ്ത്രീകളുടെ ദൈന്യാവസ്ഥയെ ആവിഷ്‌കരിക്കുന്നതിനോടൊപ്പം പെണ്‍കരുത്ത് സാമൂഹിക വ്യവസ്ഥിതിയെയും അസ്വാതന്ത്ര്യങ്ങളെയും മറികടക്കുകയും അതിജീവിക്കുകയും ചെയ്യുന്നു എന്ന സൂചനയും ലീനയുടെ ചിത്രങ്ങള്‍ സംവേദനം ചെയ്യുന്നുണ്ട്.
സ്ത്രീയും പൊന്‍മാനുമായി സംഭാഷണം നടക്കുന്നുവെന്ന് തോന്നിക്കുമാറ് ഏതാനും പൊന്‍മാന്‍മാര്‍ സ്ത്രീമുഖത്തിനു നേരെയും സ്ത്രീ പൊന്‍മാന്മാരെ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുന്നുണ്ട് ഒരു ചിത്രത്തില്‍. സ്വാതന്ത്ര്യത്തിന്റെയും ആത്മബോധത്തിന്റെയും ഗീതമായിരിക്കും ആ പക്ഷികള്‍ പാടുന്നത്. അവ സ്ത്രീയുടെ തന്നെ ആത്മസത്തയുടെ പ്രതീകവുമാണ്. ഈ പ്രതീകങ്ങളൊക്കെ തന്റെ ജീവിതപരിസരത്തു നിന്നാണ് കലാകാരി കണ്ടെത്തുന്നത്. കണ്ടെത്തുക എന്നതിനേക്കാള്‍ അവ വളരെ സ്വാഭാവികമായി തന്റെ കലാഭാവനയുടെ ഭാഗമായി തീരുകയാണ് എന്നാണ് ലീന പറയുന്നത്. 'ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ഓരോ രൂപങ്ങള്‍ തെളിഞ്ഞുവരുന്നതാണ്. തെളിഞ്ഞുവരുന്നതിനെ തെളിച്ചു വരയ്ക്കുന്നതേയുള്ളൂ. ഒരിടത്തുനിന്നും കടം കൊള്ളുന്നതോ അനുകരിക്കുന്നതോ അല്ല ഈ ഇമേജുകളൊന്നും'. അക്കാദമിക പരിഗണനകളില്ലാതെ വളരെ സ്വാതന്ത്ര്യത്തോടെ സ്വാഭാവികമായി ചെയ്ത വര്‍ക്കുകളാണ് ഈ ചിത്രങ്ങളൊക്കെ എന്ന് ലീന സാക്ഷ്യപ്പെടുത്തുന്നു.
ചിത്രപ്രദര്‍ശനം ക്യൂറേറ്റ് ചെയ്ത ബി.ഹരികൃഷ്ണന്‍ പറയുന്നു, 'പ്രകൃതി വെളിപാടുകള്‍ നല്‍കിക്കൊണ്ട് കലാകൃത്തിനെ പ്രചോദിപ്പിക്കുന്നു. വൈകാരിക ഭാവങ്ങളെ കലയിലൂടെ ആവിഷ്‌കരിക്കാന്‍ പ്രകൃതിയെ ഒരു മാധ്യമമാക്കിയിരുന്നു. ലീനയുടെ വൈകാരിക ആന്തരിക ഭാവാത്മകതയെ ചുറ്റുപാടിന്റെ പശ്ചാത്തലത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത് കലാലോകത്ത് ഫലവത്തായ ഒരു കാര്യമാണ്.'
കലാസപര്യയില്‍ കുടുംബം വലിയ പിന്തുണയാണ് ലീനയ്ക്ക് നല്‍കുന്നത്. ''ചിത്രം വരയ്ക്കുമ്പോള്‍ രാത്രിയില്‍ ഭര്‍ത്താവ് ജോഷി എത്രനേരവും തന്നോടൊപ്പം ഉണര്‍ന്നിരിക്കും എന്ന് ലീന പറയുന്നു. അച്ചാച്ചന്റെയും അമ്മയുടെയും പ്രോത്സാഹനവും വലുതാണ്''. ഈ ചിത്രപരമ്പരയിലെ സ്ത്രീമുഖം സ്വന്തം മരുമകളുടേതാണ്. അവരും എത്ര സന്തോഷത്തോടെയാണ് അമ്മയുടെ കലാജീവിതത്തില്‍ പങ്കുചേരുന്നത്. അഞ്ജു, ഷൈലജ, പുഷ്പ, പത്മ എന്നീ കലാകാരികള്‍ ഉള്‍പ്പെട്ട അഞ്ചംഗ കലാസൗഹൃദകൂട്ടായ്മ വലിയൊരു ഊര്‍ജമാണെന്നും ലീന പറയുന്നു. കലാസപര്യയില്‍ കൂടുതല്‍ മുന്നോട്ടുപോകാന്‍ ലീന ജോഷിക്ക് കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു.