TMJ
searchnav-menu
post-thumbnail

TMJ Art

പുഷ്പമാല: വേഷപ്പകർച്ചയിലെ രാഷ്ട്രീയം

02 Aug 2025   |   12 min Read
പി കെ സുരേന്ദ്രൻ

രു ശിൽപ്പിയായി കലാജീവിതം ആരംഭിച്ച പുഷ്പമാല, 1990കളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫിയും വീഡിയോയും ഉപയോഗിക്കാൻ തുടങ്ങി. തന്റെ സൃഷ്ടികളില്‍ വിവിധ വേഷങ്ങളിൽ അവര്‍ പ്രകടനം നടത്തി. ഇന്ത്യയിലെ കൺസെപ്ച്വൽ ആര്‍ട്ടിന്റെ മുൻഗാമികളിലൊരാള്‍ എന്ന നിലയിൽ, ശില്പം, കൺസെപ്ച്വൽ ഫോട്ടോഗ്രാഫി, വീഡിയോ, പെർഫോമൻസ് തുടങ്ങിയ മേഖലകളിലെ അവരുടെ നൂതനമായ സൃഷ്ടികൾ ഇന്ത്യയിലെ കലാപ്രവർത്തനങ്ങളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി. ഒരു ഫോട്ടോ, വീഡിയോ പെർഫോമൻസ് ആർട്ടിസ്റ്റ്, ശില്പി, എഴുത്തുകാരി, ക്യൂറേറ്റർ എന്നീ നിലകളിലുള്ള തന്റെ മൂർച്ചയും നർമ്മവും നിറഞ്ഞ സൃഷ്ടികളിലൂടെയും, എഴുത്തുകാർ, ഫോട്ടോഗ്രാഫര്‍മാര്‍, നാടക സംവിധായകർ, ചലച്ചിത്ര സംവിധായകര്‍ എന്നിവരുമായുള്ള സഹകരണങ്ങളിലൂടെയും, നിലവിലുള്ള സാംസ്കാരികവും ബൗദ്ധികവുമായ സംവാദങ്ങളെ അട്ടിമറിക്കാൻ അവർ ശ്രമിക്കുന്നു.

പരമ്പരാഗത ശില്പകലയില്‍ നിന്ന് കൂടുതൽ അയവുള്ളതും ആശയപരവുമായ ആവിഷ്കാര രൂപങ്ങളിലേക്കുള്ള ബോധപൂർവമായ ഒരു മാറ്റമായിരുന്നു വീഡിയോയിലേക്കുള്ള അവരുടെ പരിവർത്തനം. പുതിയ ആഖ്യാന രൂപങ്ങള്‍ കണ്ടെത്താനും സ്വയം പ്രധാന വിഷയമായി അവതരിപ്പിക്കാനും കഴിയുന്ന ‘ഫോട്ടോ-റൊമാൻസുകളും’ ‘ടാബ്ലോകളും’ സൃഷ്ടിക്കുന്നതിലുള്ള അവരുടെ താല്പര്യവുമായി വീഡിയോ ആർട്ടിലേക്കുള്ള അവരുടെ പ്രവേശനം ബന്ധപ്പെട്ടിരിക്കുന്നു.

“ഞാനൊരു ഫോട്ടോഗ്രാഫറല്ല, പക്ഷേ ഫോട്ടോഗ്രാഫിയെ ഒരു മാധ്യമമായി ഉപയോഗിക്കുന്ന ഒരു കലാകാരിയാണ്. ഇത് ഫോട്ടോഗ്രാഫിയുടെ രീതികളില്‍ നിന്ന് എന്നെ സ്വതന്ത്രയാക്കുന്നു... ഞാന്‍ എന്റെ ആദ്യത്തെ ‘ഫോട്ടോ-റൊമാന്‍സ്’ ആയ ‘ഫാന്റം ലേഡി ഓര്‍ കിസ്മത്ത്’ ചെയ്തപ്പോള്‍ അത് നമ്മുടെ ഫോട്ടോഗ്രാഫി ലോകത്തെ ഞെട്ടിച്ചു. കാരണം ഇന്ത്യയില്‍  ഫോട്ടോഗ്രാഫിയുടെ പരമ്പരാഗത ശൈലി രഘു റായിയുടെ സൃഷ്ടികളിലൂടെ നിര്‍വചിക്കപ്പെട്ട വളരെ ശുദ്ധമായ ഡോക്യുമെന്ററി ശൈലിയായിരുന്നു – റിയലിസ്റ്റിക്, ഒബ്ജക്റ്റീവ്, സംഭവസ്ഥലത്തെ ആമ്പിയന്റ് ലൈറ്റ് മാത്രം ഉപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങള്‍. സിനിമകളെ പോലെ ആസൂത്രണം ചെയ്ത് ലോക്കേഷനില്‍ വച്ച് ഷൂട്ട്‌ ചെയ്ത എന്റെ ചിത്രങ്ങള്‍ ഈ പരിശുദ്ധിയുടെ എല്ലാ നിയമങ്ങളെയും ലംഘിക്കുന്നു” എന്നാണ് പുഷ്പമാല ഒരഭിമുഖത്തില്‍ പറഞ്ഞത്.

ഫാന്റം ലേഡി ഓര്‍ കിസ്മത്ത് | PHOTO : WIKI COMMONS
ഇന്ത്യൻ സിനിമയോടുള്ള പ്രതികരണമായിരുന്ന, അവരുടെ ആദ്യത്തെ ഫോട്ടോഗ്രാഫിക് സീരീസായ ‘ഫാന്റം ലേഡി ഓര്‍ കിസ്മത് : എ ഫോട്ടോ-റൊമാൻസ്’ (Phantom Lady or Kismet: A Photo Romance, 1996-1998) അവരെ വീഡിയോ പരീക്ഷണങ്ങൾക്കും പ്രേരിപ്പിച്ചു. ഇരുപത്തിനാല് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളുടെ ഈ പരമ്പര, ജനപ്രിയ ദൃശ്യ സംസ്കാരത്തിന്റെ രസകരവും വിരോധാഭാസപരവുമായ അപനിര്‍മ്മാനമാണ്. ഇത് 1930കളിലെ ഇന്ത്യൻ സിനിമയുടെയും ഫിലിം നോയറിന്റെയും സൗന്ദര്യശാസ്ത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ളതാണ്.

ഈ പ്രൊജക്റ്റ് നിശ്ചല ചിത്രങ്ങൾ ഉപയോഗിച്ചുള്ള കഥപറച്ചിൽ രീതി പിന്തുടരുന്നു. കോമിക് സ്ട്രിപ്പിന് സമാനമാണെങ്കിലും ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകളില്ല. ഇത് മുഖംമൂടി ധരിച്ച സാഹസികയായ 'ഫാന്റം ലേഡി'യുടെ കഥ പറയുന്നു. മുംബൈ അധോലോകത്തിൽ നിന്ന് ഒരു ഗുണ്ടയുടെ സഹായിയായ തന്റെ നഷ്ടപ്പെട്ട ഇരട്ട സഹോദരിയെ രക്ഷിക്കാനുള്ള ദൗത്യം അവൾ ഏറ്റെടുക്കുന്നു.

ഇതില്‍ പുഷ്പമാല ധീരയായ ഫാന്റം ലേഡിയേയും അവളുടെ ഇരട്ട സഹോദരിയേയും അവതരിപ്പിക്കുന്നു. ഇതിലൂടെ സ്ത്രീകളുടെ വാര്‍പ്പ് മാതൃകകളെ പര്യവേക്ഷണം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ഫാന്റം ലേഡി എന്ന കഥാപാത്രം, 1930കളിലെ ഹിന്ദി സിനിമകളിലെ പ്രസിദ്ധ സ്റ്റണ്ട് നടിയായ ഫിയർലെസ് നാദിയയെ പരാമര്‍ശിക്കുന്നു. കാണാതാവുന്ന ഇരട്ടകളെ വീണ്ടും ഒന്നിപ്പിക്കുക, ഗുണ്ടകളുമായി പോരാടുക എന്നിങ്ങനെയുള്ള കഥാ സന്ദര്‍ഭങ്ങള്‍ 'മസാല' സിനിമകളിൽ സാധാരണയായി കാണുന്ന അതിശയോക്തിപരമായ ആഖ്യാനങ്ങളെ പരിഹസിക്കുന്ന രീതിയിലാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വ്യവസ്ഥാപിതമായ സാംസ്കാരിക ആഖ്യാനങ്ങളെ വിമർശിക്കുകയാണ് സങ്കീർണ്ണവും ബഹുതലങ്ങളുള്ളതുമായ ഈ സൃഷ്ടി.

REPRESENTATIVE IMAGE | WIKI COMMONS
പുഷ്പമാലയുടെ ‘ദി അറൈവല്‍ ഓഫ് വാസ്കോ ഡ ഗാമ’ (The Arrival of Vasco da Gama) എന്ന പ്രതിഷ്ഠാപനം 2014ലെ കൊച്ചി-മുസിരിസ് ബിനാലെയുടെ ഒരു പ്രധാന ആകർഷണമായിരുന്നു. 1898ൽ ജോസ് വെലോസോ സാൽഗഡോ വരച്ച പ്രശസ്തമായ ഒരു ചിത്രത്തെ പുനരാവിഷ്കരിക്കുന്നു ഈ സൃഷ്ടി. വാസ്കോ ഡ ഗാമ കോഴിക്കോട് എത്തിയതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പുഷ്പമാല സാൽഗഡോയുടെ ചിത്രം ഒരു സ്റ്റേജ്ഡ് ഫോട്ടോഗ്രാഫായി സൂക്ഷ്മമായി പുനരാവിഷ്കരിക്കുന്നു, എന്നാൽ അവർ അത് വെറുമൊരു പകർപ്പായിട്ടല്ല ചെയ്യുന്നത്. പകരം, അതിന്റെ  യഥാർത്ഥ അർത്ഥത്തെയും അധികാര സമവാക്യങ്ങളെയും അട്ടിമറിക്കുന്നു.

ഈ കലാസൃഷ്ടി ഒരു ചിത്രത്തിനപ്പുറം പലപ്പോഴും ഒരു ഇൻസ്റ്റലേഷനായാണ് അവതരിപ്പിക്കപ്പെടുന്നത്. അതിൽ പെയിന്റ് ചെയ്ത പശ്ചാത്തലവും ഫോട്ടോ ഷൂട്ടിനായി ഉപയോഗിച്ച സെറ്റുകളും വസ്തുക്കളും ഒപ്പം ടെക്സ്റ്റുകള്‍, അണിയറ ദൃശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.  ഇത് പ്രകടനം, അന്തിമ ചിത്രം, കലാപരമായ പ്രക്രിയ എന്നിവ തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുന്നു. ഇതിലൂടെ ഒരു മിഥ്യാബോധം എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്ന് കാണിക്കുന്നു. അണിയറ ദൃശ്യങ്ങൾ  നിശ്ചിതവും ആധികാരികവുമായ ചിത്രമെന്ന ആശയത്തെ അപനിർമ്മിക്കുന്നു. ഈ ബഹുമുഖ സമീപനം കലാസൃഷ്ടിയെ ഒരു ‘തിയേറ്റർ മ്യൂസിയം’ ആക്കി മാറ്റുന്നു. ഇത് ചരിത്രപരമായ ചിത്രീകരണം, സാംസ്കാരിക സ്മരണ, കാഴ്ചയുടെ രാഷ്ട്രീയം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിന് വഴിയൊരുക്കുന്നു.

പുഷ്പമാല വാസ്കോ ഡ ഗാമയുടെ വേഷം സ്വയം അവതരിപ്പിക്കുന്നു. (പുഷ്പമാല അവതരിപ്പിക്കുന്ന ആദ്യ പുരുഷ കഥാപാത്രമാണിത്). ഒരു ഇന്ത്യൻ വനിത കോളനിവൽക്കരണവുമായി ബന്ധപ്പെട്ട ഒരു യൂറോപ്യൻ ചരിത്രപുരുഷനെ അവതരിപ്പിക്കുന്നു എന്നത് വളരെ ശക്തമായ ഒരു പ്രസ്താവനയാണ്. ഈ വേഷപ്പകർച്ച ലിംഗഭേദ ചിന്തകളെ ചോദ്യം ചെയ്യുകയും പുരുഷാധിപത്യമുള്ള ചരിത്രപരമായ ആഖ്യാനത്തിലേക്ക് ഒരു ഫെമിനിസ്റ്റ് കാഴ്ചപ്പാട് കൊണ്ടുവരികയും ചെയ്യുന്നു.

ദി അറൈവല്‍ ഓഫ് വാസ്കോ ഡ ഗാമ | PHOTO : WIKI COMMONS
വാസ്കോ ഡ ഗാമയെ അനുഗമിക്കുന്ന പോർച്ചുഗീസ് സംഘത്തെ അവതരിപ്പിക്കുന്നത്‌ പുഷ്പമാലയുടെ  ഇന്ത്യൻ കലാകാരന്മാരായ സുഹൃത്തുക്കളാണ്. യൂറോപ്യൻ ‘നായകൻ’ ‘വിചിത്രമായ’ ഒരു കിഴക്കൻ രാജ്യത്തെ കണ്ടെത്തുന്നതിനെ ആഘോഷിച്ച യഥാർത്ഥ ചിത്രത്തിന്റെ വംശീയവും ദേശീയവുമായ ധ്വനികളെ ഈ ബുദ്ധിപരമായ കാസ്റ്റിംഗ് തകിടം മറിക്കുന്നു. യൂറോപ്യന്മാരായി അഭിനയിക്കാൻ ഇന്ത്യൻ കലാകാരന്മാരെ ഉപയോഗിക്കുന്നതിലൂടെ, ഈ ചരിത്രപരമായ വേഷങ്ങളുടെ നിർമ്മിത സ്വഭാവത്തെയും കൊളോണിയൽ കാഴ്ചപ്പാടിനെയും അവർ എടുത്തു കാണിക്കുന്നു.

സാൽഗഡോയുടെ ചിത്രം പോർച്ചുഗലിന് വേണ്ടിയുള്ള ഒരു ആഘോഷ ചിത്രമായിരുന്നു. അക്കാലത്ത് ക്ഷയിച്ചുകൊണ്ടിരുന്ന ഒരു കൊളോണിയൽ ശക്തിയായിരുന്ന പോർച്ചുഗലിന്റെ ദേശീയ അഹംബോധം, പഴയ വിജയങ്ങളെ ഓർമ്മിപ്പിച്ച് ഉയർത്താൻ ഇത് സഹായിച്ചു. പുഷ്പമാലയുടെ കലാസൃഷ്ടി ഇതിന് വിപരീതമായി, ഈ ചരിത്ര സംഭവത്തിന്റെ സങ്കീർണ്ണതകളെ ഒരു കൊളോണിയൽ അനന്തര കാഴ്ചപ്പാടിലൂടെ സമീപിക്കുന്നു. ഏകീകൃതവും വീരോചിതവുമായ ഒരു ആഖ്യാനമെന്ന ആശയത്തെ അവർ അപനിർമ്മിക്കുകയും, കൊളോണിയൽ ആഖ്യാനങ്ങളെ, പ്രത്യേകിച്ചും ചരിത്രത്തെക്കുറിച്ചുള്ള യൂറോകേന്ദ്രീകൃത കാഴ്ചപ്പാടിനെ വിമർശിക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നു.

പുഷ്പമാല തന്റെ ഫോട്ടോ, വീഡിയോ പ്രകടനങ്ങളിൽ പലപ്പോഴും മറ്റൊരാളായി അഭിനയിക്കുന്നു (Masquerades). അതിലൂടെ അവർ ഹാസ്യവും ചിന്തോദ്ദീപകവുമായ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നു. ഇതിലൂടെ വിവിധ സാമൂഹിക വ്യവഹാരങ്ങളെ ചോദ്യം ചെയ്യുന്നു.

റിട്ടേൺ ഓഫ് ദി ഫാന്റം ലേഡി (സിൻഫുൾ സിറ്റി) | PHOTO | WIKI COMMONS
1930കളിലെ ഇന്ത്യൻ സിനിമയിലെ സ്റ്റണ്ട് വുമൺ ആയിരുന്ന ഫിയർലെസ് നാദിയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമാന രൂപത്തിലുള്ള ഒരു കഥാപാത്രമായി പുഷ്പമാല ‘ഫാന്റം ലേഡി ഓർ കിസ്മത്: എ ഫോട്ടോ റൊമാൻസ്’ (1996-1998), ‘റിട്ടേൺ ഓഫ് ദി ഫാന്റം ലേഡി (സിൻഫുൾ സിറ്റി)’ (2012) എന്നീ പരമ്പരകളിൽ പ്രത്യക്ഷപ്പെടുന്നു. “നേറ്റീവ് വുമൺ ഓഫ് സൗത്ത് ഇന്ത്യ: മാനേഴ്സ് ആൻഡ് കസ്റ്റംസ്” (2000-2004) എന്ന പരമ്പരയിൽ, പുഷ്പമാല കൊളോണിയൽ കാലഘട്ടത്തിലെ എത്‌നോഗ്രാഫിക് ഫോട്ടോകൾ പുനരാവിഷ്കരിച്ചു. ഇതിൽ തദ്ദേശീയ ഗോത്രവർഗ്ഗക്കാരും സർക്കസ് കലാകാരികളും ഉൾപ്പെടെയുള്ള വിവിധ ‘നാടൻ’ സ്ത്രീകളായി അവർ വേഷമിട്ടു. രാജ്യത്തിന്റെ സ്വത്വത്തെയും ചരിത്രപരമായ പ്രതിനിധാനങ്ങളെയും കുറിച്ചുള്ള തന്റെ പരമ്പരയില്‍ അവർ ഭാരതമാതാവ്  ഉൾപ്പെടെയുള്ള രൂപങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
‘ലേഡി ഇൻ ദ മൂൺലൈറ്റ്’ 1889ലെ രാജാ രവിവർമ്മയുടെ എണ്ണച്ചായാ ചിത്രം പുനരാവിഷ്കരിക്കുന്നു. പുഷ്പമാല സ്വയം ആ ചിത്രത്തിലെ സ്ത്രീയായി മാറുന്നു. അവരുടെ ബോംബെ ഫോട്ടോ സ്റ്റുഡിയോ പരമ്പരയില്‍  ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിലെ നവരസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിവിധ പുരാണങ്ങളിലെയും വീരകഥകളിലെയും രൂപങ്ങളെ അവർ അവതരിപ്പിക്കുന്നു. ഒരു സീരീസില്‍ രാമായണത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളായി മാറി. പുഷ്പമാല  കലാചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പുനരാവിഷ്കരിച്ചിട്ടുണ്ട്. ‘ഭാരത്‌ മാതാ’ സീരീസില്‍ അവര്‍ ഭാരതാംബയായി വേഷമിടുന്നു. വേഷപ്പകര്‍ച്ച ഒരു വ്യക്തിയുടെ സ്ഥായിയായ അസ്തിത്വത്തെക്കുറിച്ചുള്ള ധാരണകളെ ചോദ്യം ചെയ്യുന്നു. ആളുകൾ വ്യത്യസ്ത വേഷങ്ങളോ ഭാവങ്ങളോ സ്വീകരിക്കുമ്പോൾ, അവരുടെ ‘യഥാർത്ഥ’ വ്യക്തിത്വം എന്താണെന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു. വ്യക്തിത്വം എന്നത് ഒരു സ്ഥിരമായ കേന്ദ്രമാണോ, അതോ നമ്മൾ ചെയ്യുന്ന വേഷങ്ങളാലും നമ്മൾ പ്രകടിപ്പിക്കുന്ന ഭാവങ്ങളാലും രൂപപ്പെടുന്ന ഒന്നാണോ? ഇത് ‘ആഖ്യാനപരമായ സ്വത്വം’ (narrative self) എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതനുസരിച്ച്, വ്യക്തിത്വം എന്നത് നമ്മൾ നമ്മളെക്കുറിച്ച് പറയുന്ന ഒരു കഥയാണ്. അതുപോലെ, മറ്റുള്ളവരുമായുള്ള ഇടപഴകളിലൂടെ രൂപപ്പെടുന്നതാണ്  ‘സാമൂഹിക സ്വത്വം’ (social self). വേഷപ്പകര്‍ച്ചകള്‍ക്ക് ഒരുതരം സാമൂഹിക വിമർശനമായി പ്രവർത്തിക്കാൻ കഴിയും. ഒരു പുതിയ രൂപം സ്വീകരിക്കുന്നതിലൂടെ, വ്യക്തികൾക്ക് സാമൂഹിക അതിരുകളെ മറികടക്കാനും, ശ്രേണികളെ ചോദ്യം ചെയ്യാനും, നിലവിലുള്ള സാമൂഹിക നിയമങ്ങളെക്കുറിച്ച് അഭിപ്രായം പറയാനും സാധിക്കുന്നു.

‘Body Art/Performing the Subject’ എന്ന കൃതിയില്‍ അമേലിയ ജോണ്‍സ് ഇപ്രകാരം എഴുതുകയുണ്ടായി: ബോഡി ആര്‍ട്ട് കലാകാരന്റെ/കലാകാരിയുടെ ശരീരവും സ്വതവും കാഴ്ചക്കാരനും തമ്മില്‍ ഒരു ചലനാത്മക ബന്ധം സൃഷ്ടിക്കുന്നു, ഇത് വിഷയവും വിഷയിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്നു”. ചുരുക്കത്തില്‍ ശരീരവുമായി ആഴത്തില്‍ ബന്ധപ്പെടുമ്പോള്‍ കലയ്ക്ക് എങ്ങനെ രാഷ്ട്രീയ വിമര്‍ശനത്തിനും നിലവിലുള്ള കലാപരവും സാമൂഹികവുമായ നിയമങ്ങളെ അട്ടിമറിക്കാനുള്ള ശക്തമായ ഉപകരണമായി മാറാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുഷ്പമാലയുടെ സൃഷ്ടികള്‍. ശരീരത്തിന് പ്രാധാന്യം നല്‍കുന്നതിലൂടെ മുഖ്യധാരാ ചര്‍ച്ചകളില്‍ പലപ്പോഴും അവഗണിക്കപ്പെട്ടിരുന്ന അധികാരം, വ്യക്തിത്വം, പ്രതിനിധാനം തുടങ്ങിയ വിഷയങ്ങള്‍ പുഷ്പമാല അഭിസംബോധന ചെയ്യുന്നു. പെർഫോമൻസ് ആർട്ടിന്റെ മേഖലയിൽ നിരവധി കലാകാരികള്‍  നിലവിലുള്ള സാമൂഹിക നിയമങ്ങളെ ചോദ്യം ചെയ്യാനും അട്ടിമറിക്കാനും സ്വന്തം ശരീരങ്ങളെ ഒരു പ്രധാന മാധ്യമമായി ഉപയോഗിച്ചിട്ടുണ്ട്. ഈ രീതി പലപ്പോഴും അതിർവരമ്പുകളെ ഭേദിക്കുകയും, വിലക്കപ്പെട്ടവയെ നേരിടുകയും, ലിംഗഭേദം, ലൈംഗികത, വ്യക്തിത്വം, അധികാരം, മനുഷ്യന്റെ അവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട സാമൂഹിക നിർമ്മിതികളെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ കാഴ്ചക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഷിറിന്‍ നേഷാട്ട് (Shirin Neshat), മായാ ഡെറെന്‍ (Maya Deren), മറീന അബ്രമോവിച്ച് (Marina Abramović),  കരോലി ഷ്നീമാൻ (Carolee Schneemann), വിറ്റോ അക്കോൻസി (Vito Acconci), ക്രിസ് ബർഡൻ (Chris Burden), കാരെൻ ഫിൻലി (Karen Finley),  ഒർലാൻ (Orlan), റോൺ അഥേ (Ron Athey), അന മെൻഡീറ്റ (Ana Mendieta) തുടങ്ങിയവര്‍ ഈ രംഗത്തെ പ്രശസ്തരാണ്.

അമേലിയ ജോണ്‍സ് | PHOTO : WIKI COMMONS
പുഷ്പമാലയുടെ സൃഷ്ടികള്‍ ആക്ഷേപഹാസ്യവും നർമ്മവും നിറഞ്ഞതാണ്‌. സമകാലീന ഇന്ത്യൻ കലയിലെ ‘The most entertaining artist-iconoclast of contemporary Indian art’ എന്നാണ് അവര്‍ അറിയപ്പെടുന്നത്. മൂർച്ചയേറിയ സാമൂഹിക, രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കായുള്ള തന്ത്രപരമായ ടൂള്‍ ആണ് ഇത്. അവർ പറഞ്ഞിട്ടുണ്ട്, “ഞാൻ നർമ്മം ധാരാളമായി ഉപയോഗിക്കുന്നു. അത് സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട ഒന്നാണ്. പല ഫെമിനിസ്റ്റ് രചനകളും ഇരവാദത്തെക്കുറിച്ചാണ്, അത് എനിക്ക് വിരസമായി തോന്നുന്നു. ഞാൻ നേരിട്ടുള്ള ആക്രമണത്തിന് പകരം നർമ്മം ഉപയോഗിക്കുകയും വിമര്‍ശനങ്ങളെ തമാശ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.” ഹാസ്യം പ്രേക്ഷകരെ ആകർഷിക്കുകയും, അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് അവർക്കറിയാം, അല്ലാതെ വ്യക്തമായ ഉപദേശപരമായ സന്ദേശങ്ങളിലൂടെ അവരെ അകറ്റുകയല്ല ചെയ്യുന്നത്.

ഹാസ്യത്തെ പുരുഷന്റെ മേഖലയായാണ് നാം പൊതുവെ കണക്കാക്കുന്നത്. ഈ ബോധത്തില്‍ നിന്നാണ് ഹാസ്യം സ്ത്രീകള്‍ക്ക് വഴങ്ങില്ല എന്ന് നാം പറയുന്നത്. (നമ്മുടെ സാഹിത്യത്തിലായാലും സിനിമയിലായാലും ഹാസ്യം കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ വളരെ വിരളമാണ് എന്ന സത്യം മറക്കുന്നില്ല). എന്നാല്‍, ഒരുകാലത്ത് പുരുഷാധിപത്യമുണ്ടായിരുന്ന ഈ മേഖലയിൽ, കഴിവുറ്റ ഇന്ത്യൻ വനിതകളുടെ ശക്തമായ ഒരു നിര ആക്ഷേപഹാസ്യത്തിലും സ്റ്റാൻഡ്-അപ്പ് കോമഡിയിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു. പുഷ്പമാലയുടെ മുകളിലെ ഉദ്ധരണിയില്‍ “നര്‍മ്മം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട മേഖലയായിരുന്നു” എന്ന് പറയുമ്പോള്‍ ഇതായിരിക്കും അവര്‍ അര്‍ത്ഥമാക്കുന്നത്: വിധേയത്വമുള്ളവരും, വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്നവരുമായിട്ടാണ് പുരുഷാധിപത്യ വ്യവസ്ഥയില്‍ സ്ത്രീകൾ പലപ്പോഴും കണക്കാക്കപ്പെട്ടിരുന്നത്. മൂർച്ചയുള്ള നർമ്മം പ്രകടിപ്പിക്കുന്നതും, വിമർശനാത്മകമായ അഭിപ്രായങ്ങൾ പറയുന്നതും, പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്നതും, പ്രത്യേകിച്ചും വിവാദപരമായ വിഷയങ്ങളോ നിഷിദ്ധമായ കാര്യങ്ങളോ കൈകാര്യം ചെയ്യുന്നത് ഈ ധാരണകൾക്ക് വിരുദ്ധമായിരുന്നു. പുഷ്പമാലയുടെ സൃഷ്ടികൾ ആക്ഷേപഹാസ്യം പുരുഷന്മാർക്ക് മാത്രമുള്ള ഒരു മേഖലയാണെന്ന ധാരണയെ ഖണ്ഡിക്കുന്നു.  

ലേഡി ഇൻ ദ മൂൺലൈറ്റ് | PHOTO : WIKI COMMONS
പുഷ്പമാലയുടെ ‘ഇന്ത്യൻ ലേഡി’ (Indian Lady, 1997/2007) വീഡിയോ ആർട്ട്, പെർഫോമൻസ് ഫോട്ടോഗ്രഫിയോടും വീഡിയോയോടുമുള്ള അവരുടെ അതുല്യമായ സമീപനം വ്യക്തമാക്കുന്ന ഒരു പ്രധാന കലാസൃഷ്ടിയാണ്. ഈ വീഡിയോയിൽ, പുഷ്പമാല തന്നെ ‘ഇന്ത്യൻ ലേഡി’ ആയി വേഷമിടുന്നു. വർണ്ണാഭമായ ഇന്ത്യൻ സാരി ധരിച്ച്, പരമ്പരാഗത രീതിയില്‍ തലമുടികെട്ടി മുംബൈയുടെ പെയിന്റ് ചെയ്ത പശ്ചാത്തലത്തിൽ, അവർ നിശ്ശബ്ദമായ ഒരു സിനിമാ നൃത്തം അവതരിപ്പിച്ചുകൊണ്ട് പശ്ചാത്തലത്തിലെ നഗരത്തിന്റെ കര്‍ട്ടന്‍ നീക്കി ഫ്രെയിമിനുള്ളിലേക്ക് ലജ്ജയോടെ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നു.  ഈ കലാസൃഷ്ടിയിൽ നർമ്മവും ഹാസ്യവും നിറഞ്ഞുനിൽക്കുന്നു, ആക്ഷേപഹാസ്യവും സ്വയം പരിഹാസവും ഉപയോഗിച്ച് സാമൂഹിക മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുകയും സമകാലീന സമൂഹത്തെ വിമർശിക്കുകയും ചെയ്യുന്നു. ‘ഇന്ത്യൻ ലേഡി’ ലജ്ജാലുവായും പുഞ്ചിരിച്ചുകൊണ്ടും പ്രണയം അഭിനയിച്ചുകൊണ്ടും ആംഗ്യങ്ങളിലൂടെ ഒരു കഥ പറയുന്നവളായും ചിത്രീകരിക്കപ്പെടുന്നു. ഈ വീഡിയോ ജനപ്രിയ സാംസ്കാരിക രൂപങ്ങളെ, വിശിഷ്യ, ജനപ്രിയ സിനിമയെ ഹാസ്യവല്‍ക്കരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ ഒരു പ്രത്യേക രീതിയിലുള്ള നിർമ്മിതി പര്യവേക്ഷണം ചെയ്യാൻ അവർ സ്വന്തം ശരീരം ഉപയോഗിക്കുന്നു.

വീഡിയോയുടെ പശ്ചാത്തലം മുംബൈ നഗരത്തിന്റെ പെയിന്റ് ചെയ്ത കര്‍ട്ടനാണ്. ഇത് വിനോദസഞ്ചാരത്തിന്റെ പോസ്റ്റ്കാർഡ് കാഴ്ചയാണ്. നഗരത്തിന്റെ  ഒരു രാത്രി കാഴ്ചയില്‍ വെള്ളത്തില്‍ പ്രതിഫലിക്കുന്ന ബഹുനില കെട്ടിടങ്ങളും നഗര വിളക്കുകളും ഇതില്‍ കാണാം. ഇത് നഗരത്തിന്റെ യഥാര്‍ത്ഥ, പരുക്കന്‍ അവസ്ഥയല്ല, മറിച്ച് ഒരു റൊമാന്റിക് സങ്കല്പമാണ്. ഈ ജനപ്രിയ സങ്കൽപ്പത്തെ പുഷ്പമാല ചോദ്യം ചെയ്യുന്നു. പശ്ചാത്തലം വരച്ചതാണ്, യഥാര്‍ത്ഥ ദൃശ്യമല്ല എന്നത് ഈ വീഡിയോയുടെ കൃത്രിമത്വവും സ്റ്റേജ് ചെയ്ത സ്വഭാവവും ഊന്നിപ്പറയുന്നു.

ഇന്ത്യൻ ലേഡി | PHOTO : WIKI COMMONS
ഇതില്‍ പുഷ്പമാല ഒരു ‘ഫിലിമി’ നൃത്തമാണ് അവതരിപ്പിക്കുന്നത്‌. ഇത് ബോളിവുഡിന്റെയും ഇന്ത്യൻ സിനിമയുടെയും വ്യാപകമായ സ്വാധീനത്തെ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ജനപ്രിയ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ദൃശ്യപരമായ ആഖ്യാനങ്ങളെയും രൂപപ്പെടുത്തുന്നതിൽ സിനിമയ്ക്ക് ചരിത്രപരമായി വലിയ പങ്കുണ്ട്, പലപ്പോഴും ഇത്തരം സിനിമകള്‍ ജീവിതത്തിന്റെയും നഗരങ്ങളുടെയും ആദർശാത്മകമായ പതിപ്പുകൾ അവതരിപ്പിക്കുന്നു. ഇത്തരം സിനിമാറ്റിക് സ്വപ്നങ്ങൾക്കുള്ള ഒരു വേദിയായി പശ്ചാത്തലത്തെ കാണാൻ കഴിയും.

‘മൃഗയാതി/ദി ഹണ്ട്’ (Mrugayati/The Hunt) എന്ന സൃഷ്ടി പുരാണം, ചരിത്രപരമായ ബിംബങ്ങൾ, സിനിമാറ്റിക് സങ്കേതങ്ങള്‍ എന്നിവയുടെ ഒരു മിശ്രണം ഉപയോഗിച്ച് ആഴത്തിലുള്ള സാമൂഹികവും സാംസ്കാരികവുമായ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നു. ‘മൃഗയാതി’ക്ക് പ്രചോദനമായത് രാമായണത്തിലെ മാരീചന്റെ സ്വർണ്ണമാൻ എന്ന ഇതിവൃത്തമാണ്. ഇത് രാമനെ വനത്തിലേക്ക് ആകർഷിക്കുകയും സീതയെ രാവണൻ തട്ടിക്കൊണ്ടുപോകുന്നതിലേക്ക് നയിക്കുകയും ചെയ്ത നിർണായക സന്ദർഭമാണ്. വിവിധ കലാരൂപങ്ങളിൽ പലപ്പോഴും ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഈ മുഹൂർത്തം, പുഷ്പമാലയുടെ തനതായ കാഴ്ചപ്പാടിലൂടെ പുനർവ്യാഖ്യാനം ചെയ്യപ്പെടുന്നു.

പുഷ്പമാലയുടെ മറ്റു പല വീഡിയോ സൃഷ്ടികളെപ്പോലെ, ‘മൃഗയാതി’യും ഒരു നിശ്ശബ്ദ ചിത്രമാണ്. സംഭാഷണങ്ങളുടെയോ ബാഹ്യ ശബ്ദങ്ങളുടെയോ അഭാവം ദൃശ്യപരമായ കഥപറച്ചിലിന് ഊന്നൽ നൽകുന്നു. ‘ആവേഗ’ പരമ്പരയിലെ ‘ഇന്ദ്രജാല’, ‘ആവേഗ’, ‘ദി പാഷൻ’ എന്നീ മറ്റ് സൃഷ്ടികളെപ്പോലെ ‘മൃഗയാതി’യും ആദ്യകാല നിശ്ശബ്ദ സിനിമകളുടെയും എത്‌നോഗ്രാഫിക് സിനിമയുടെയും സൗന്ദര്യശാസ്ത്രത്തെയും ദൃശ്യഭാഷയെയും അനുസ്മരിപ്പിക്കുന്നു.

'ആവേഗ’, ‘ദി പാഷൻ’ | PHOTO : WIKI COMMONS
ഇതിലെ പ്രധാന ദൃശ്യപരമായ ആഖ്യാനം ഒരു ചേസ് രംഗമാണ്: ഒരു രാക്ഷസൻ (പലപ്പോഴും മായാരൂപത്തിലുള്ള മാരീചനായി വ്യാഖ്യാനിക്കപ്പെടുന്നു) ഒരു രാജകുമാരിയെ (സീതയെ പ്രതിനിധീകരിക്കുന്നു) പിന്തുടരുന്നു. സ്റ്റോപ്പ്-മോഷൻ സാങ്കേതികവിദ്യയുടെ സഹജമായ, എന്നാൽ കരുതിക്കൂട്ടിയുള്ള, ഇളകുന്ന തരത്തിലുള്ള ചലനങ്ങളിലൂടെയാണ് ഈ വേട്ടയുടെ ചലനാത്മകത വ്യക്തമാക്കുന്നത്. ഈ ചേസ് ഇരയും വേട്ടക്കാരനും തമ്മിലുള്ള ചലനാത്മകതയെ ചിത്രീകരിക്കുന്നു, ഇത് ദുർബലതയെയും ഭീഷണിയാകുന്ന ശക്തികളെയും എടുത്ത് കാണിക്കുന്നു. സീതയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പറയുമ്പോൾ, ഇത് സ്ത്രീകൾ നേരിടുന്ന അപകടങ്ങളെയും നിഷ്കളങ്കതയുടെ ലംഘനത്തെയും കുറിച്ച് സംസാരിക്കുന്നു.‘മൃഗയാതി’ പുഷ്പമാലയുടെ കലാപരമായ മികവിന്റെ ശക്തമായ ഉദാഹരണമാണ്. വൈവിധ്യമാർന്ന സാംസ്കാരിക സൂചനകളെയും സങ്കീർണ്ണമായ കലാപരമായ വിദ്യകളെയും സമന്വയിപ്പിച്ച്, ദൃശ്യപരമായി ആകർഷകവും ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നതുമായ ഒരു വീഡിയോ ആർട്ട് സൃഷ്ടിക്കാൻ അവർക്കുള്ള കഴിവ് ഇതിൽ വ്യക്തമാക്കുന്നു.

‘ഇന്ദ്രജാല/സെഡക്ഷന്‍’ (Indrajala/Seduction) ഒരു മൾട്ടി-ചാനൽ വീഡിയോ ഇൻസ്റ്റലേഷനായാണ് സാധാരണയായി അവതരിപ്പിക്കപ്പെടുന്നത്, അതായത് ദൃശ്യങ്ങൾ ഒരേ സമയം ഒന്നിലധികം സ്ക്രീനുകളിൽ (പലപ്പോഴും മൂന്നെണ്ണം) പ്രദർശിപ്പിക്കുന്നു. ഇത് ഒരു സംഭവത്തിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളോ തുടർച്ചയായ നിമിഷങ്ങളോ ഒരേ സമയം കാണിക്കാൻ സഹായിക്കുന്നു, ഇത് കൂടുതൽ ആഴത്തിലുള്ളതും വിഘടിതവുമായ കാഴ്ചാനുഭവം സൃഷ്ടിക്കുന്നു.

ഈ വീഡിയോയിൽ, രാമനെയും ലക്ഷ്മണനെയും വശീകരിക്കാൻ ശ്രമിക്കുകയും പിന്നീട് സീതയെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ശേഷം ശൂർപ്പണഖയുടെ മൂക്കും ചെവിയും ലക്ഷ്മണൻ ഛേദിക്കുന്ന രംഗം പുനരാവിഷ്കരിക്കുന്നു. ഈ വൈരൂപ്യപ്പെടുത്തൽ ശൂർപ്പണഖയുടെ സഹോദരനും ശക്തനായ രാക്ഷസ രാജാവുമായ രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുന്നതിനും അത് ഒരു ഐതിഹാസിക  യുദ്ധത്തിലേക്ക് നയിക്കുന്നതിനും പ്രേരക ശക്തിയാകുന്നു

ഇന്ദ്രജാല/സെഡക്ഷന്‍ | PHOTO : WIKI COMMONS
സ്റ്റേജിംഗ്, വസ്ത്രാലങ്കാരം, നാടകീയമായ ഭാവങ്ങൾ എന്നിവ പലപ്പോഴും ആദ്യകാല നാടകങ്ങളുടെ സൗന്ദര്യശാസ്ത്രത്തെ ഓർമ്മിപ്പിക്കുന്നു. അതുപോലെ ഇന്ത്യയിലെ ആദ്യ ചലച്ചിത്രകാരനായ ദാദാസാഹേബ് ഫാൽക്കെയുടെയും നിശ്ശബ്ദ സിനിമകളുടെയും സ്വാധീനം പ്രകടമാണ്. സ്ലോ മോഷൻ, കറുപ്പും വെളുപ്പിലുമുള്ള ദൃശ്യങ്ങൾ, മെലോഡ്രാമാറ്റിക് സ്വഭാവം എന്നിവ ഈ സിനിമകളെ  അനുസ്മരിപ്പിക്കുന്നു. ഈ കലാസൃഷ്ടി യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള അതിർവരമ്പുകളെ ഇല്ലാതാക്കുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നു, പലപ്പോഴും വിചിത്രമോ സ്വപ്നതുല്യമോ ആയ അനുഭവം നൽകുന്നു. ആധുനിക കാലഘട്ടത്തിലെ പ്രാകൃതം (primitive of the modern age) എന്ന് തന്റെ സൗന്ദര്യശാസ്ത്രപരമായ തിരഞ്ഞെടുപ്പിനെ പുഷ്പമാല വിശേഷിപ്പിക്കുന്നു, ഇത് ചരിത്രപരവും സമകാലികവുമായ ദൃശ്യഭാഷകളുടെ ബോധപൂർവമായ ഒരു മിശ്രണത്തെ സൂചിപ്പിക്കുന്നു.

ഈ സൃഷ്ടിയില്‍ പുഷ്പമാല, ശൂർപ്പണഖ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിലൂടെ ആ പുരാണ കഥാപാത്രത്തിന്  തനതായ വ്യാഖ്യാനം നല്‍കുന്നു. ശൂർപ്പണഖയുടെ കഥയെ സ്ത്രീകളുടെ ആഗ്രഹം, തിരസ്കരണം, സാമൂഹിക നിയമങ്ങളെ ചോദ്യം ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന അക്രമാസക്തമായ പ്രത്യാഘാതങ്ങൾ എന്നിവയുടെ ഒരു വ്യാഖ്യാനമായി കാണാൻ കഴിയും.

ഇതിഹാസത്തെ, കേവലം ചിത്രീകരിക്കുന്നതിന് പകരം, പുഷ്പമാല അതിനെ ചോദ്യം ചെയ്യുന്നു. ശൂർപ്പണഖയ്ക്ക് പ്രാധാന്യം നൽകുന്നതിലൂടെ, പലപ്പോഴും അരികുവൽക്കരിക്കപ്പെടുകയും രാക്ഷസവൽക്കരിക്കപ്പെടുകയും ചെയ്ത ഒരു സ്ത്രീ കഥാപാത്രത്തെ അവർ മുൻനിരയിലേക്ക് കൊണ്ടുവരുന്നു. ശൂർപ്പണഖയുടെ "പ്രലോഭനം" ഒരു ദുഷിച്ച പ്രവൃത്തിയായിട്ടല്ല, മറിച്ച് ഒരു പിതൃമേധാവിത്വപരമായ ആഖ്യാനത്തിൽ ആഗ്രഹത്തിന്റെയും സ്വതന്ത്ര ഇച്ഛയുടെയും ധീരമായ, എന്നാൽ നിർഭാഗ്യകരമായ, ഒരു പ്രകടനമായിട്ടാണ് അവതരിപ്പിക്കുന്നത്.  

ആവേഗ: ദി പാഷൻ | PHOTO : WIKI COMMONS
‘ആവേഗ: ദി പാഷൻ’ (Avega: The Passion, 2012) എന്ന സൃഷ്ടി മൂന്ന് ഭാഗങ്ങളായാണ് നിർമ്മിച്ചിരിക്കുന്നത്, രണ്ട് സെറ്റ് ഫോട്ടോഗ്രാഫുകളും രണ്ട് വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു. സ്പെഷ്യൽ ഇഫക്റ്റുകൾ, വിപുലമായ കോസ്റ്റ്യൂം, അതിമനോഹരവും വിശദവുമായ സെറ്റ്, വെളിച്ചത്തിന്റെ ക്രമീകരണം എന്നിവയിലൂടെ പുഷ്പമാല രാമായണത്തിലെ നിരവധി രംഗങ്ങൾ പുനർനിർമ്മിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു, ഇവ ആദ്യകാല ഇന്ത്യന്‍ സിനിമകളെ ഓർമ്മിപ്പിക്കുന്നു.

രാമായണത്തിലെ കഥാപാത്രങ്ങളിൽ പുരുഷന്മാർക്ക് നൽകിയിരുന്ന പരമ്പരാഗത പ്രാധാന്യത്തെ ചോദ്യം ചെയ്തുകൊണ്ട്, അവഗണിക്കപ്പെട്ട പ്രധാന സ്ത്രീ കഥാപാത്രങ്ങളായ കൈകേയി, ശൂർപ്പണഖ, സീത എന്നിവരെ മുന്‍നിര്‍ത്തി ഒരു ഫെമിനിസ്റ്റ് വിമര്‍ശനം നടത്തുകയാണ് ഈ സൃഷ്ടി. ഈ മൂന്ന് സ്ത്രീകളെ പുഷ്പമാല അവതരിപ്പിക്കുന്നു.

സീതയെ ആദർശ നായികയായും, കൈകേയിയെയും ശൂർപ്പണഖയെയും ക്രൂര സ്ത്രീകളായും പൊതുവെ ചിത്രീകരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി പുഷ്പമാല അവരെ അവരുടെ ആഗ്രഹങ്ങൾ, വൈരുദ്ധ്യങ്ങൾ എന്നിവയുമായി മല്ലിടുന്ന സങ്കീർണ്ണവും ശക്തവുമായ വ്യക്തികളായി അവതരിപ്പിക്കുന്നു, ഒരർത്ഥത്തിൽ, ഇതിഹാസത്തിന്റെ മഹത്തായ ആഖ്യാനത്തിനുള്ളിൽ അവരെല്ലാം വിധിയുടെ ഇരകളാണെന്ന് സൂചിപ്പിക്കുന്നു.

ആവേഗ: ദി പാഷൻ | PHOTO :WIKI COMMONS
പുഷ്പമാല തന്റെ കലാസൃഷ്ടികളില്‍ ആധികാരികതയെ തിരസ്കരിച്ച്, വൈവിധ്യമാർന്ന യാഥാർത്ഥ്യങ്ങളെ സ്വീകരിക്കുന്നു. നാടകീയവും ആദ്യകാല സിനിമാറ്റിക് ശൈലികളും ഉപയോഗിച്ച് പുരാണ രംഗം പുനഃസൃഷ്ടിക്കുന്ന പ്രവൃത്തി, ഒരൊറ്റ ‘ആധികാരിക’ സത്യം എന്ന ആശയത്തെ ഇല്ലാതാക്കുന്നു. പകരം, സമകാലിക കലാപരമായ സംവേദനക്ഷമതയിലൂടെയും ഒരു സ്ത്രീ കലാകാരിയുടെ കാഴ്ചപ്പാടിലൂടെയും ഭൂതകാലത്തെ അരിച്ചെടുക്കുന്ന ഒരു ബഹുമുഖ യാഥാർത്ഥ്യമാണ് അവർ അവതരിപ്പിക്കുന്നത്. ആധികാരികതയെ തിരസ്കരിക്കുന്നത് ഒരു ഫെമിനിസ്റ്റ് നിലപാടാണ്. ഒരു കഥ പറയാൻ ഒരു നിശ്ചിത മാർഗ്ഗം ഇല്ലെന്ന് ഇത് ഉറപ്പിച്ചു പറയുന്നു, പ്രത്യേകിച്ചും ചരിത്രപരമായി പുരുഷ കാഴ്ചപ്പാടുകളാൽ ആധിപത്യം സ്ഥാപിക്കപ്പെട്ട ഒന്നാണെങ്കിൽ. ‘ബഹുവിധ യാഥാർത്ഥ്യങ്ങളെ’ സ്വീകരിക്കുന്നതിലൂടെ ആഖ്യാനത്തെ വൈവിധ്യമാർന്ന വ്യാഖ്യാനങ്ങളിലേക്കും സാധ്യതകളിലേക്കും തുറന്നുവിടുകയും, മിത്തിന്റെ അടിച്ചമർത്തപ്പെട്ട വശങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്യുന്നു.

ആഖ്യാനങ്ങളും വ്യക്തിത്വങ്ങളും എങ്ങനെയാണ് വിവിധ വീക്ഷണകോണുകളിൽ നിന്ന് നിർമ്മിക്കപ്പെടുന്നതെന്നും മനസ്സിലാക്കപ്പെടുന്നതെന്നും അന്വേഷിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്. ഈ ദാർശനിക നിലപാട് അവരുടെ പുരാണങ്ങളെ കീഴ്മേൽ മറിക്കുന്നതിനെ നേരിട്ട് സ്വാധീനിക്കുന്നു. കാരണം, ആരാണ് കഥ പറയുന്നതെന്നോ അവതരിപ്പിക്കുന്നതെന്നോ അനുസരിച്ച് പുരാണങ്ങൾക്ക് എങ്ങനെ പുതിയ അർത്ഥങ്ങൾ കൈവരിക്കാമെന്ന് അവർ വ്യക്തമാക്കുന്നു.

പുഷ്പമാല തന്റെ സൃഷ്ടികളില്‍ മിത്തുകളും പുരാണ കഥാപാത്രങ്ങളും ധാരാളമായി ഉപയോഗിക്കുന്നു, അവയെ പുനരവതരിപ്പിക്കുകയും ചോദ്യം ചെയ്യുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. ലിംഗഭേദം, അധികാരം, പ്രാതിനിധ്യം എന്നിവയുമായി ബന്ധപ്പെട്ട് പുരാണങ്ങൾ വഹിക്കുന്ന സാംസ്കാരികവും ചരിത്രപരവുമായ ഭാരങ്ങളെ വിമർശനാത്മകമായി പരിശോധിക്കാൻ ഇത് കാഴ്ചക്കാരെ ക്ഷണിക്കുന്നു.

ഭാരത്‌ മാതാ | PHOTO :WIKI COMMONS
പുഷ്പമാല ഈ പുരാണ കഥകളെ സമകാലിക സമൂഹത്തെ വിമർശിക്കാനും, ഫെമിനിസ്റ്റ് ആശയങ്ങൾ കണ്ടെത്താനും, നിലവിലുള്ള സാംസ്കാരിക ഓർമ്മകളെ ചോദ്യം ചെയ്യാനും ഉപയോഗിക്കുന്നു. അവരുടെ കലാസൃഷ്ടികളിൽ പലപ്പോഴും സൂക്ഷ്മമായ രംഗസംവിധാനം, വിപുലമായ വസ്ത്രധാരണങ്ങൾ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ ഇന്ത്യൻ നാടകങ്ങളിലേക്കും സിനിമകളിലേക്കും, അതുപോലെ കലാചരിത്രത്തിലേക്കുമുള്ള പരാമർശങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ ‘ഫോട്ടോ-റോമാൻസുകളിൽ’ അവർ തന്നെ പലപ്പോഴും കേന്ദ്ര കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു.

സ്ത്രീകളെ പലപ്പോഴും സ്റ്റീരിയോടൈപ്പ് ചെയ്തോ അല്ലെങ്കിൽ അതിശയകരമായ രീതിയിലോ ചിത്രീകരിക്കുന്ന അനേകം പുരാണ കഥകളുണ്ട്. പുഷ്പമാല തന്റെ കലയിലൂടെ ഈ ആർക്കിടൈപ്പുകളെ തകർത്ത് ഒരു ഫെമിനിസ്റ്റ് വിമർശനം അവതരിപ്പിക്കുന്നു. ഈ രൂപങ്ങളെ സ്വയം ആവാഹിച്ച് അവതരിപ്പിക്കുന്നതിലൂടെ, അവർ സമകാലികവും ആത്മബോധമുള്ളതുമായ ഒരു കാഴ്ചപ്പാട് നൽകുന്നു. ഇത് ഈ പുരാണങ്ങളുടെ ആധികാരികമായ അല്ലെങ്കിൽ ഏകീകൃതമായ വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യുന്നു.

പുഷ്പമാല തന്റെ കലാസൃഷ്ടികളിൽ പുരാണ പരാമർശങ്ങളെ ജനപ്രിയ സംസ്കാരത്തിലെ ഘടകങ്ങളുമായി (ബോളിവുഡ് സിനിമകൾ, കലണ്ടർ ചിത്രങ്ങൾ എന്നിവ പോലെ) കൂട്ടിച്ചേർക്കുന്നു. ഒപ്പം, രാജാ രവിവർമ്മയുടെ ഓളിയോഗ്രാഫുകൾ, പാശ്ചാത്യ കലാ പാരമ്പര്യങ്ങൾ എന്നിവപോലെയുള്ള കലാചരിത്രപരമായ വിഷയങ്ങളും അവർ ഉപയോഗിക്കുന്നു. ഉന്നത കലയെയും സാധാരണ കലയെയും, വിവിധ സാംസ്കാരിക സ്വാധീനങ്ങളെയും ഇങ്ങനെ കൂട്ടിക്കലർത്തുന്നത് കാഴ്ചക്കാരുടെ പുരാണങ്ങളെക്കുറിച്ചുള്ള മുൻധാരണകളെ ചോദ്യം ചെയ്യുന്ന സങ്കീർണ്ണമായൊരു തലത്തിലുള്ള ആവിഷ്കാരത്തിന് വഴിയൊരുക്കുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇവിടെ എ കെ രാമാനുജന്റെ രാമായണ പഠനങ്ങള്‍ ഓര്‍ക്കാവുന്നതാണ്. അദ്ദേഹം ഇതിഹാസ ആഖ്യാനങ്ങളിലെ, പ്രത്യേകിച്ച് രാമായണത്തെ കുറിച്ചുള്ള പരമ്പരാഗത ധാരണകളെ ചോദ്യം ചെയ്യുന്നു. രാമായണത്തിന് ഒരു ഏകീകൃതമായ, അല്ലെങ്കില്‍ ആധികാരികമായ പാഠം ഇല്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വാദം. പകരം, പല രാജ്യങ്ങളിലും സംസ്കാരങ്ങളിലുമായും ആയിരക്കണക്കിന് ‘പറച്ചിലുകള്‍’ നിലവിലുണ്ട്. അതായത്, മിത്തിനെ വിവിധ സമോഹങ്ങള്‍ നിരന്തരം പുനസൃഷ്ടിക്കുകയും പുനര്‍വ്യാഖ്യാനം ചെയ്യുകയും പുനര്‍ഭാവന ചെയ്യുകയും ചെയ്യുന്നു.

പുഷ്പമാല തന്റെ സൃഷ്ടികളില്‍ ഭാരതീയമായ (ഇന്നത്തെ സാഹചര്യത്തില്‍ അര്‍ത്ഥം മാറിയ ഒരു വാക്കാണിത്) തനത് പാരമ്പര്യത്തില്‍ നിന്നും പല ഘടകങ്ങളും ഉപയോഗിക്കുന്നു. പുഷ്പമാല പറയുകയുണ്ടായി: “1980കളുടെ മധ്യം വരെ ഞാന്‍ തനത് കലാപാരമ്പര്യത്തിൽ വിശ്വസിച്ചിരുന്നു. ബറോഡയിലെ ഒരു വിദ്യാർത്ഥി എന്ന നിലയിൽ, എനിക്ക് ഇന്ത്യൻ സാമഗ്രികൾ [ടെറാക്കോട്ട] ഉപയോഗിച്ച് കലാരൂപങ്ങൾ നിർമ്മിക്കുവാനും, നാടൻ, ജനപ്രിയ, ക്ലാസിക്കൽ ഇന്ത്യൻ ശിൽപങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ രൂപങ്ങൾ കണ്ടെത്തുവാനും ആഗ്രഹമുണ്ടായിരുന്നു. ഇതിൽ നിന്ന് ഒരു പുതിയ ആധുനിക കലാരൂപം രൂപപ്പെടുത്താനും, അതുവഴി അതുല്യമായ ഇന്ത്യൻ യാഥാർത്ഥ്യം പ്രകടിപ്പിക്കാനും കഴിയുമെന്ന് ഞാൻ വിശ്വസിച്ചു”.

എന്നാല്‍, 1980കളുടെ അവസാനത്തോടെ, പുഷ്പമാല ഈ നിലപാടിനെ (തനത് കലാപാരമ്പര്യത്തിൽ ഊന്നിയുള്ളത്) ആഴത്തിൽ ചോദ്യം ചെയ്യാൻ തുടങ്ങി. ഇത് അവരുടെ  മുൻകാല സൃഷ്ടികളുടെ അടിസ്ഥാന തത്വങ്ങൾ ഉപേക്ഷിക്കുന്നതിലേക്കും, ഒരു പരിധി വരെ, പുതുതായി തുടങ്ങുന്നതിലേക്കും നയിച്ചു.

പുഷ്പമാല | PHOTO : WIKI COMMONS
ഇതിന് രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, ഇന്ത്യയിൽ 1980കളുടെ അവസാനം മുതൽ, ഹൈന്ദവ വലതുപക്ഷം ഇൻഡോളജിക്കൽ ‘ദേശീയവാദ’ സ്വദേശി നിലപാടുകളെ തങ്ങളുടേതാക്കി മാറ്റി. ഇത് ഏതൊരു പുരോഗമന കലാകാരനും ‘ഇന്ത്യൻ സ്വത്വം’ തുടങ്ങിയ ചില പഴയ സങ്കൽപ്പങ്ങളെ വിമർശനമില്ലാതെ അംഗീകരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.

 രണ്ട്, നാം പാശ്ചാത്യരുടെ കണ്ണിൽ എപ്പോഴും പിൻനിരയിലുള്ളവരാണ് – പ്രാകൃതരും, വ്യാവസായിക വിപ്ലവത്തിന് മുൻപുള്ളവരും, നാടോടി സ്വഭാവമുള്ളവരും അല്ലെങ്കിൽ അവികസിതരുമാണ്. നമ്മൾ ഉത്പാദിപ്പിക്കുന്ന എന്തും പടിഞ്ഞാറിന്റെ ഒരു മോശം അനുകരണമായോ, കാലഹരണപ്പെട്ടതോ, വിചിത്രമായതോ, അല്ലെങ്കിൽ ദുരൂഹമായതോ ആയാണ് അവർ കാണുന്നത്. രസകരമെന്ന് പറയട്ടെ, ഈ കാഴ്ചപ്പാടുകൾ നമ്മുടെ രാജ്യത്തെ പൊതുസമൂഹവും പൂർണ്ണമായി അംഗീകരിച്ചിരിക്കുന്നു: നമ്മുടെ നിരൂപകരും, കലാ ചരിത്രകാരന്മാരും, പ്രേക്ഷകരും നമ്മുടെ സൃഷ്ടികളെ ഇങ്ങനെയൊക്കെ തന്നെയാണ് കാണുന്നത്.

അതേ സമയം, നമ്മൾ 'നാടൻ' കലാരൂപങ്ങളെ റൊമാന്റിസൈസ് ചെയ്തു. പരമ്പരാഗത കലാരൂപങ്ങളെ ‘വികസിപ്പിക്കുക’ എന്നും ‘പ്രോത്സാഹിപ്പിക്കുക’ എന്നുമുള്ള ആശയം, ആധികാരികമെങ്കിലും  മധ്യവർഗ്ഗത്തിന്റെ സങ്കൽപ്പമായി തോന്നി.

നേറ്റീവ് വുമൺ ഓഫ് സൗത്ത് ഇന്ത്യ | PHOTO : WIKI COMMONS
ഇന്ന് നമ്മുടെ നാടന്‍ പാരമ്പര്യം പാശ്ചാത്യ രാജ്യങ്ങൾക്ക് വലിയ താൽപ്പര്യമുള്ള വിഷയങ്ങളായി മാറിയിരിക്കുന്നു. ഇത്തരം സൃഷ്ടികള്‍ക്ക് ഇന്ന് ആഗോള മാര്‍ക്കറ്റില്‍ വലിയ ഡിമാന്റ് ഉണ്ട്. കലാകാരന്മാര്‍ ഗോത്രവര്‍ഗ കലാരൂപങ്ങളെ മാര്‍ക്കറ്റിന് വേണ്ടി പുനരുല്‍പ്പാദിപ്പിക്കുന്നു. ഇവിടെയാണ് പുഷ്പമാലയുടെ പ്രസക്തി. മുന്‍കാല സ്വദേശി നിലപാടുകളെ വിമര്‍ശിച്ചും പാശ്ചാത്യ മേധാവിത്വത്തെയോ നിർവചനങ്ങളെയോ മറികടന്നും പുറംലോകത്തോട് തുറന്ന മനസ്സോടെ പ്രതികരിച്ചുകൊണ്ടും ഒരു പ്രത്യേക ഇന്ത്യൻ കലാകാരിയാവാനാണ് പുഷ്പമാല ശ്രമിക്കുന്നത്.

പുഷ്പമാലയുടെ ‘ഭാരത്‌ മാത’ സീരീസില്‍ പല മാധ്യമങ്ങളുണ്ട് : വീഡിയോ, ഫോട്ടോഗ്രാഫി, പ്രകടനം, പ്രതിഷ്ഠാപനം എന്നിവ. എല്ലാത്തിലും പുഷ്പമാല തന്നെയാണ് ഭാരതാംബയായി വേഷമിടുന്നത്. ‘ഭാരത് മാതാ’ എന്ന ആശയം ബ്രിട്ടീഷ് ഭരണത്തിനെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലത്ത് ദേശീയ വികാരങ്ങളെ ഉണർത്തുന്നതിനും ഒരു പൊതുവായ സ്വത്വം വളർത്തുന്നതിനും ഉള്ള ശക്തമായ ഒരു പ്രതീകമായി മാറി. കാലക്രമേണ, ഇത് പല രീതികളിൽ ദുരുപയോഗം ചെയ്യപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഭാരത മാതാവ് എന്ന ചിത്രത്തെ/ആശയത്തെ സാമൂഹ്യ, രാഷ്ട്രീയ, സ്ത്രീവാദ നിലപാടുകളില്‍ നിന്നുകൊണ്ട് അപനിര്‍മ്മിക്കുകയാണ് പുഷ്പമാല. വലതുപക്ഷം തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിനായി ഭാരതാംബയെ ഉപയോഗിക്കുന്ന ഇന്ന്, പുഷ്പമാലയുടെ സൃഷ്ടികള്‍ക്ക് വളരെയധികം പ്രാധാന്യം കൈവരുന്നു.


#Art
Leave a comment