TMJ
searchnav-menu
post-thumbnail

TMJ Art

ബോബ് മാര്‍ലിയുടെ ഓര്‍മ്മകളുമായി മാര്‍ലി ബ്രദേഴ്സ്

25 Sep 2024   |   2 min Read
ഉമ കല്ലിങ്കൽ

വിവേചനത്തെ കുറിച്ചും അവകാശലംഘനങ്ങളെ കുറിച്ചും ഭൂഖണ്ഡങ്ങള്‍ തോറും പാടിയ, പാട്ടുകൊണ്ട് ലോകത്ത് വിപ്ലവം തീര്‍ത്ത സംഗീതജ്ഞന്‍. സംഗീതം അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണെന്ന് പറയുകയും സംഗീതത്തേക്കാള്‍ മികച്ചൊരു രാഷ്ട്രീയപ്രവര്‍ത്തനമില്ലെന്ന് തെളിയിക്കുകയും ചെയ്ത ജമൈക്കന്‍ ഗായകനായിരുന്നു ബോബ് മാര്‍ലി. സംഗീതം ഒരു ലഹരിയാക്കിയ ബോബ് മാര്‍ലിയുടെ സൗഹാര്‍ദ്ദത്തിന്റെയും സമാധാനത്തിന്റെയും സംഗീത പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് മക്കളായ സിഗ്ഗി, സ്റ്റീഫന്‍, ജൂലിയന്‍, കൈ-മണി, ഡാമിയന്‍ എന്നിവര്‍.

മാര്‍ലി ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന സഹോദരങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി പര്യടനം നടത്തി തങ്ങളുടെ പിതാവിന്റെ സംഗീതം ഒരുമിച്ച് അവതരിപ്പിക്കുകയാണ്.
'No Woman', 'No Cry,' 'Could You Be Loved,' 'Is This Love', 'Three Little Birds' തുടങ്ങി ബോബ് മാര്‍ലിയുടെ 30-ഓളം ഗാനങ്ങള്‍ ആലപിച്ച് മക്കള്‍ അദ്ദേഹത്തിന്റെ സൃഷ്ടിയെ ഉയര്‍ത്തിപ്പിടിക്കുകയാണ്. 22-ാം തിയതി വാന്‍കൂവറില്‍ ആരംഭിച്ച സംഗീത പര്യടനം ഒക്ടോബര്‍ ആദ്യം മിയാമിയിലായിരിക്കും സമാപിക്കുന്നത്.

2025 ഫെബ്രുവരിയില്‍ 80 വയസ്സ് തികയുമായിരുന്ന തങ്ങളുടെ പിതാവിനായി തിരക്കിനിടയില്‍ ഒരുമിച്ച് സമയം കണ്ടെത്തുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നാണ് മാര്‍ലി ബ്രദേഴ്സ് അഭിപ്രായപ്പെടുന്നത്. അവസരം വരുമ്പോള്‍, ഒത്തുചേരാനും അതിനെ വിലമതിക്കാനും അഭിനന്ദിക്കാനും കഴിയും, അതിന്റെ വലിയ ഭാഗമാണിതെന്നും അവര്‍ പറയുന്നു.

മാര്‍ലി ബ്രദേഴ്സ്  | PHOTO: FACEBOOK
മാര്‍ലി ബ്രദേഴ്‌സിന് അവരുടേതായ വ്യത്യസ്ത ശബ്ദങ്ങളാണെങ്കിലും എല്ലാം കൂടിച്ചേരാനുള്ള വഴി കൂടിയായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം കൊളറാഡോയില്‍ അവതരിപ്പിച്ച റെഡ് റോക്സ് പ്രകടനം ഉള്‍പ്പെടെ കുട്ടിക്കാലം മുതല്‍ അവര്‍ ഒരുമിച്ച് അവതരിപ്പിച്ചു. വര്‍ഷങ്ങളുടെ സഹകരണം തന്റെ സഹോദരങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള സംഗീത സമന്വയം വളര്‍ത്തിയെടുത്തതായും മാര്‍ലി ബ്രദേഴ്സിലെ ജൂലിയന്‍ പറയുന്നു. ബോബ് മാര്‍ലി വിട പറഞ്ഞിട്ടും മക്കള്‍ സംഗീത പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമ്പോഴും തലമുറകളെ ആവേശം കൊള്ളിച്ച് പോസ്റ്റര്‍ ബിംബമായും ഇഷ്ടഗായകരുടെ പട്ടികയില്‍ ഇന്നുമയാള്‍ നീളന്‍ മുടികളോടെ ചിരിച്ച് നില്‍ക്കുന്നുണ്ട്.

തെരുവുകളിലെ അനുഭവങ്ങളാണ് ബോബ് മാര്‍ലിയുടെ പാട്ടിലൂടെ പ്രതിഫലിച്ചത്. ബോബ് മാര്‍ലി ഒരു ഗായകന്‍ മാത്രമല്ല, ഗാന രചയിതാവും ഗിറ്റാറിസ്റ്റും കൂടിയായിരുന്നു. ജമൈക്കന്‍ യുവത്വങ്ങള്‍ അക്രമത്തിന്റെ പാതയിലേക്ക് നീങ്ങുന്നതിലെ സന്ദേശമായിരുന്നു 1963 ലാണ് ദി വെയിലേഴ്‌സിന്റെ ആദ്യ സിംഗിള്‍ ഗാനമായ സിമ്മെര്‍ ഡൗണ്‍. മനുഷ്യാവകാശങ്ങളെ കുറിച്ചും സാമൂഹിക സമത്വത്തെ കുറിച്ചുമുള്ള റസ്സഫെരേറിയന്‍ ആശയങ്ങളും രാഷ്ട്രീയവും ബോബ് മാര്‍ലിയുടെ കൃതികളിലും പ്രകടമായിരിന്നു.  

1970 കളില്‍ ഗെറ്റ് അപ്പ് ആന്‍ഡ് സ്റ്റാന്‍ഡ് അപ്പ് എന്ന ഗാനം മാര്‍ലിയെ എത്തിച്ചത് ഹിറ്റുകളിലൂടെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കായിരുന്നു. ജമൈക്കയിലെ, ട്രെഞ്ച് ടൗണിലെ ചേരിയില്‍ നിന്നെത്തിയ മാര്‍ലിയുടെ സാമൂഹ്യനീതിയും ആഫ്രിക്കന്‍ ഐക്യവും പ്രോത്സാഹിപ്പിക്കുന്ന 1981-ല്‍ 36-ാം വയസ്സില്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നതിന് മുന്‍പേ അദ്ദേഹത്തെ ഒരു ആഗോള ഐക്കണാക്കി.

ബോബ് മാര്‍ലി | PHOTO : WIKI COMMON
തനിക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ അയാള്‍ ലോകത്തോട് എണ്ണിപ്പറഞ്ഞു. ഉണരൂ, എഴുന്നേല്‍ക്കൂ, അവകാശങ്ങള്‍ക്കായി പോരാടൂ. അവസാനിക്കാത്ത പോരാട്ടം തുടരൂ എന്ന്. ഗെറ്റ് അപ്പ് ആന്‍ഡ് സ്റ്റാന്‍ഡ് അപ്പ് എന്ന ഗാനം തുടങ്ങുന്നത് അങ്ങനെയാണ്. ഒരു ആയുഷ്‌കാലത്തേക്കുള്ള പാട്ടുകള്‍ മുപ്പത്തിയാറ് വര്‍ഷങ്ങള്‍ കൊണ്ടാണ് ബോബ്  മാര്‍ലി പാടിത്തീര്‍ത്തത്.

അധിക്ഷേപങ്ങളും പരിഹാസങ്ങളും കനക്കുമ്പോള്‍ ബോബ് മാര്‍ലി പറയും, ഞാനൊരു ആഫ്രിക്കക്കാരനാണെന്ന്. എന്റെ വംശം ആഫ്രിക്കയാണെന്ന്. എന്റെ വര്‍ഗം കറുത്തതാണെന്ന്. അതിലത്രയും അഭിമാനമാണെന്ന്. ഇതായിരുന്നു അയാളുടെ രാഷ്ട്രീയം. എഴുത്തുകളിലുമുണ്ടായിരുന്നു തന്റെ നീറുന്ന ഓര്‍മ്മകള്‍. സ്‌കൂള്‍ കാലം തൊട്ടേ പാട്ടിനോട് വല്ലാത്തൊരിഷ്ടം തോന്നിയ മാര്‍ലിക്ക് സുഹൃത്തുക്കളായി നെവില്ലെ ലിവിങ്സ്റ്റണിനെയും വിന്‍സ്റ്റണ്‍ ഹ്യുബര്‍ട്ടിനെയും കിട്ടിയതോടെയാണ് ഒരു മ്യൂസിക്ക് ട്രൂപ് എന്ന ആശയം മുളയ്ക്കുന്നത്. അങ്ങനെ ദി വെയിലേഴ്സ് എന്ന ട്രൂപ് പിറന്നു. മാര്‍ലിയുടെ വരികള്‍ക്കും ആലാപനത്തിനും ചുവടുപിടിച്ച് മാര്‍ലി ബ്രദേഴ്സും പിറന്നു.

ന്യൂയോര്‍ക്കിലെ ക്വീന്‍സ് ബറോയില്‍ സെപ്റ്റംബര്‍ 22ന് മാര്‍ലി ബ്രദേഴ്സ് 'മാര്‍ലി ബ്രദേഴ്‌സ് ഡേ' എന്ന ഒരു പ്രഖ്യാപനം അവതരിപ്പിച്ചു. ഫെബ്രുവരിയില്‍ ആദ്യമായി ഗ്രാമി നേടിയ ജൂലിയനും
എട്ട് ഗ്രാമികള്‍ വീതം നേടിയിട്ടുള്ള സിഗ്ഗിയും സ്റ്റീഫനും ഉള്‍പ്പെടെയുള്ള മാര്‍ലി ബ്രദേഴ്സ് വിജയകരമായ പാതകള്‍ രൂപപ്പെടുത്തുന്നതിലുപരി പിതാവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. പര്യടനത്തോടൊപ്പം, പുതിയ ആല്‍ബത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും പിതാവിന്റെ പോസിറ്റിവിറ്റിയും സന്ദേശവും മുന്നോട്ട് കൊണ്ടുപോകാനുമാണ് മാര്‍ലി ബ്രദേഴ്സിന്റെ ലക്ഷ്യം.


#Art
Leave a comment