TMJ
searchnav-menu
post-thumbnail

TMJ Art

കാലാവസ്ഥ മാറ്റം കലയെയും മാറ്റുമോ

23 Sep 2025   |   2 min Read
ഗായത്രി സേതുമാധവൻ

പ്രകൃതിയും, സർഗാത്മതകയും തമ്മിലുള്ള ബന്ധം മനുഷ്യരുടെ ചരിത്രത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. പ്രകൃതിയിലെ ഓരോ പ്രതിഭാസങ്ങളും സർഗാത്മകതയുടെ കൂടെ ആവിഷ്ക്കാരങ്ങളാണ്. ഈ പ്രപഞ്ചത്തിലെ മറ്റുള്ള സസ്യ-ജീവജാലങ്ങളെ പോലെ മനുഷ്യരുടെ ഡിഎൻഎയിലും പ്രകൃതിയിലെ സർഗാത്മകത ആലേഖനം ചെയ്തിരിക്കുന്നു. സംഗീതം, കല, സാഹിത്യം എന്നിവയും പ്രകൃതിയും തമ്മിലുള്ള ജൈവ- അജൈവ ബന്ധങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പ്രകൃതിയും അതിന്റെ ചുറ്റുപാടുകളൂം എല്ലായ്‌പ്പോഴും കലയുടെ ഭാഗമായിരുന്നു. മനുഷ്യരുടെ ചരിത്രത്തിൽ മാത്രം ഒതുങ്ങന്നതല്ല– കലയുടെ, ചിത്രമെന്ന ചിന്തകളുടെ വെളിച്ചത്തിലാണ് കാലാവസ്ഥ മാറ്റം; കലയെ, സർഗാത്മകതയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന ചിന്തകൾ സജീവമാവുന്നത്. കലാ- സാഹിത്യചരിത്രത്തിൽ Romanticism എന്ന പേരിൽ അടയാളപ്പെടുത്തുന്ന കാലഘട്ടത്തിലെ പ്രകൃതി രമണീയതയല്ല കാലാവസ്ഥ മാറ്റത്തിന്റെ യുഗത്തിലെ സർഗാത്മക ഉത്ഖണ്ഠകൾ. ആ പഴയ കാലഘട്ടത്തിലെ യുക്തിവാദത്തിനും, വ്യവസായവൽക്കരണത്തിനും പകരം വയ്ക്കുന്ന കാൽപ്പനിക അനുഭൂതികളുടെ ഉറവിടമായല്ല പ്രകൃതിയെ നാം മനസ്സിലാക്കുന്നത്.    

എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പരിസ്ഥിതിയുടെ ശോചനീയമായ അവസ്ഥയും സങ്കീർണ്ണതകളും കലയുടെ ബോധ്യങ്ങളെ മഥിക്കുന്ന ചോദ്യങ്ങളാണ്. കൊച്ചിയിലെ കേരള മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഹിസ്റ്ററി സംഘടിപ്പിക്കുന്ന KaBhumM (കഭൂം) എന്ന കലാ പ്രദർശനം പ്രസക്തമാവുന്നത് ഈ സാഹചര്യത്തിലാണ്.

'കഭൂം' പ്രദർശനം പോസ്റ്റർ | PHOTO: INSTAGRAM  
ചിത്രകാരിയും അഭിനേത്രിയും, കവയിത്രിയുമായ രാധാ ഗോമതിയുടെ ക്യൂറേറ്റർഷിപ്പിൽ നടക്കുന്ന ഈ പ്രദർശനം കാലാവസ്ഥ മാറ്റത്തെ മുൻ നിർത്തിയുള്ള കേരളത്തിലെ ആദ്യത്തെ ചിത്രകലാ പ്രദർശനമാണ്. സെപ്റ്റംബർ 24ന് ആരംഭിച്ച് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ചിത്ര പ്രദർശനത്തിൽ ഗായിക പുഷ്പവതി പൊയ്പാടത്ത്, ദീപ പാലനാട്, ഇ പി ഉണ്ണി, ജയരാമൻ സി എന്നിവരടങ്ങിയ 40ലധികം കലാകാരന്മാരും ശാസ്ത്രജ്ഞരും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ആശയങ്ങൾ പങ്കുവെയ്ക്കും. ഒരു climate com.munity art initiative ആയ KaBhumM, ആർട്ട് എക്സിബിഷൻ മാത്രമല്ല, കല, ശാസ്ത്രം, സംവാദങ്ങൾ എന്നിവയെല്ലാം ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വേദിയായാണ് വിഭാവന ചെയ്തിട്ടുള്ളത്.

‘ആഴി, അഴി, അഴൽ’ എന്നതാണ് KaBhumM സംസാരിക്കുന്ന പ്രധാന വിഷയങ്ങൾ. കൊച്ചിയിലെ കായൽ പ്രദേശങ്ങളിലെ വേലിയേറ്റവും അത് മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളും, മനുഷ്യരുടെ പ്രതിരോധവും ചെറുത്തു നിൽപ്പുമെല്ലാം കലയുടെ ഭാഷയിൽ KaBhumM ഫെസ്റ്റിവലിൽ കാണാനാവും.  ഇവിടെ കല സമൂഹത്തിൻ്റെ ശബ്ദമാകുകയാണ് ചെയ്യുന്നത്. ചിത്രങ്ങൾ,ഇൻസ്റ്റലേഷനുകൾ, സംവാദങ്ങൾ എന്നിവയിലൂടെ കാലാവസ്ഥ മാറ്റത്തെപറ്റിയുള്ള ശക്തമായ സംവാദം രൂപപ്പെടുത്തുക എന്നതാണ് പ്രദർശനത്തിന്റെ ഉദ്ദേശം.

രാധാ ഗോമതി | PHOTO: WIKI COMMONS
കല ഒരു മാധ്യമമാണ്. ഭാഷ അറിഞ്ഞാൽ മാത്രമേ കല ആസ്വദിക്കാനാവു എന്നൊന്നും ഇല്ല. ഭാഷയുടെ അതിരുകൾ മറികടന്ന് ചിത്രങ്ങൾ, ഇൻസ്റ്റലേഷൻ, കവിത, സംഗീതം എന്നിവയിലൂടെ ശക്തമായ ഒരു സന്ദേശം സമൂഹത്തിന് നൽകാൻ കഴിയുന്നുണ്ട്. അതുതന്നെയാണ് കലയുടെ ശക്തി. വസ്തുതകൾ തലയിൽ എത്തിയാൽ മാത്രമേ അത് നമ്മുടെ ഹൃദയങ്ങളോട് സംസാരിക്കൂ. നിലവിലെ സാഹചര്യത്തിൽ വസ്തുതകൾ കുറവാണ്. അതിനാൽ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ വരയിലൂടെയോ എഴുത്തിലൂടെയോ മനസ്സിലാക്കികൊടുക്കണം. അതിന് ചിത്ര പ്രദർശനങ്ങളും സംവാദങ്ങളും ആവശ്യമാണ്.

ടെക് സ്റ്റാർട്ട് അപ്പ് ആയ EQUINOCT Community Sourced Modelling Solution, Community Resource Centre പുത്തൻവേലിക്കര, റെസിലിയന്റ് ഡെസ്റ്റിനേഷൻസ് ഫൗണ്ടേഷൻ എന്നിവരാണ് kabum എക്സിബിഷന്റെ സംഘാടകർ. കാലാവസ്ഥാ വ്യതിയാനം മൂലം ബുദ്ധിമുട്ടുന്ന കൊച്ചിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പറയുന്ന 'റെസിലിയന്റ് കൊച്ചി' എന്ന സംരഭത്തിന് പിന്നിലും ഇവരാണ്. കൂടാതെ അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്സ്സും, ദി കോമൺ ഗ്രൗണ്ട് ഇൻഷിയേറ്റീവ്യും കഭൂം ശക്തമാക്കാൻ കൂടെയുണ്ട്.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
13-ാം നൂറ്റാണ്ട് മുതൽ 21-ാം നൂറ്റാണ്ട് വരെ മനുഷ്യൻ്റെ മനസ്സിലും, സംസ്കാരത്തിലും കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് പ്രതിപാദിക്കുന്ന Quantifying the Influence of Climate on Human Mind and Culture: Evidence from Visual Art എന്ന റിസർച്ച് പേപ്പർ 100,000 പെയിന്റിംഗുകളെയും ഏകദേശം 2,000 കലാകാരന്മാരെയും വിശകലനം ചെയ്ത് അവരുടെ കലാസൃഷ്ടികളിലെ lighting/ tone എന്നിവ ആഗോള താപനിലയുമായി (global temperature) ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.  കലക്ക് ഇത്രയും വർഷത്തിന് ശേഷവും ആളുകളുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നു എന്നതിന് തെളിവാണ്. കലയും കാലാവസ്ഥയും മനുഷ്യന്റെ മനസ്സിനെയും സംസ്കാരത്തെയും രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. KaBhumM പോലുള്ള സംരംഭങ്ങൾ കാലാവസ്ഥാ പ്രതിസന്ധി കണക്കുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്റെ കൂടി കഥയാണെന്നും ഓർമിപ്പിക്കാനുള്ള ശ്രമമാണ് ഈ പ്രദർശനം.

#Art
Leave a comment