TMJ
searchnav-menu
post-thumbnail

Politics Beyond 2024

രാഷ്ട്രീയം: 2024-നു ശേഷം

01 Jan 2024   |   5 min Read
K P Sethunath

പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏറ്റവും സുപ്രധാന രാഷ്ട്രീയ സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമുള്ളതായി തോന്നുന്നില്ല. തെരഞ്ഞെടുപ്പുകളുടെ പതിവ് ആരവങ്ങള്‍ക്കപ്പുറം 2024-ലെ ജനവിധി മറ്റു പലവിധത്തിലും സുപ്രധാനമായിരിക്കുമെന്ന വീക്ഷണങ്ങള്‍ വളരെക്കാലമായി അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നു. ദേശീയ-അന്തര്‍ദേശീയ തലങ്ങളിലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നു. സാമൂഹ്യ ശാസ്ത്രജ്ഞര്‍, സാമ്പത്തിക - നിക്ഷേപക ഉപദേശകര്‍, നയതന്ത്രജ്ഞര്‍, രാഷ്ട്രീയ പഠിതാക്കള്‍, മാധ്യമ നിരീക്ഷകര്‍, നയകര്‍ത്താക്കള്‍ തുടങ്ങിയ വിവിധ വിജ്ഞാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും, താല്‍പ്പര്യമുള്ളവരും 2024-ലെ തെരഞ്ഞെടുപ്പിനു ശേഷമുള്ള ഇന്ത്യയെയും ഇന്ത്യന്‍ രാഷ്ട്രീയത്തെപറ്റിയും ജിജ്ഞാസ പുലര്‍ത്തുന്നു. വ്യത്യസ്തങ്ങളായ വിലയിരുത്തലുകളും കാഴ്ച്ചപ്പാടുകളുമടങ്ങിയതാണ് മേല്‍പ്പറഞ്ഞ ചര്‍ച്ചകളുടെയും, വിലയിരുത്തലുകളുടെയും ലോകമെന്നു പ്രത്യേകം പറയേണ്ടതില്ല. വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഈ ചര്‍ച്ചകളെ പൊതുവില്‍ രണ്ടായി തിരിക്കാം. ഇന്ത്യയുടെ രാഷ്ട്രീയ സമൂഹത്തില്‍ (പോളിറ്റി) പരിമിതവും ദുര്‍ബലവുമായ നിലയിലെങ്കിലും അനുഭവവേദ്യമായ ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഏതാണ്ട് പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നുവെന്ന നിഗമനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതാണ് ഒരു ധാര. രാഷ്ട്രീയ സമൂഹമെന്ന നിലയില്‍ ഇന്ത്യയിലെ സാമൂഹ്യ ജീവിതത്തിന്റെ നാനാമേഖലകളില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളുടെ അതിജീവനത്തെക്കുറിച്ചുള്ള ആശങ്കകള്‍ അതിന്റെ ഭാഗമാണ്. പരിമിതമായ ജനാധിപത്യവും അതിന്റെ പിന്‍ബലത്തില്‍ സാധ്യമായിരുന്ന ബഹുസ്വരതകളും വൈവിധ്യങ്ങളും രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തിന്റെ നാനാമേഖലകളില്‍ നിന്നും തുടച്ചുനീക്കപ്പെടുന്നതിന്റെ മറ്റൊരു സൂചനയായി 2024-ലെ തെരഞ്ഞെടുപ്പ് മാറുമെന്ന ആശങ്കകള്‍ മേല്‍പ്പറഞ്ഞ ഗണത്തില്‍ വരുന്ന വിലയിരുത്തലുകള്‍ പങ്കുവയ്ക്കുന്നു. കൊളോണിയല്‍ ആധുനികതയുടെ മറപറ്റി 19-ാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത സവര്‍ണ്ണ ഹിന്ദു മതപരത വളരെയധികം അവധാനതയോടെ വളര്‍ത്തിയെടുത്ത ആക്രമണോത്സുകമായ ഭൂരിപക്ഷവാദം (മെജോറിറ്റേറിയനിസം) ഇന്ത്യയെ മുഴുന്‍ ഗ്രസിച്ച രാഷ്ട്രീയ വടവൃക്ഷമായി പടര്‍ന്നുപന്തലിച്ചതിന്റെ അപായസൂചനകളും അവയുടെ അനുരണനങ്ങളും പ്രസ്തുത വിലയിരുത്തലുകള്‍ ഗൗരവമായി പിന്തുടരുന്ന വിഷയങ്ങളിലൊന്നായി കാണാനാവും.

ഭരണകൂടാധികാരം കൈവരിക്കുന്നതിനുള്ള രാഷ്ട്രീയ ഉപകരണമായി സവര്‍ണ്ണ ഹിന്ദു മതപരതയെ രൂപാന്തരപ്പെടുത്തിയ പ്രക്രിയ ഗുണപരമായ വളര്‍ച്ചയായി വിലയിരുത്തുന്ന വീക്ഷണമാണ് എതിര്‍ധാര. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്സ്എസ്സ്) കാര്‍മികത്വത്തില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ-സാമൂഹ്യ സംഘടനകളും അവരുടെ പിന്തുണക്കാരുമാണ് പ്രധാനമായും ഈ ധാരയുടെ വക്താക്കള്‍. പൊതുവില്‍ സംഘപരിവാരമെന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത വിഭാഗത്തിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യ അതിന്റെ തനിമയും സ്വത്വവും വീണ്ടെടുക്കുന്ന മഹത്തായ പ്രവര്‍ത്തനങ്ങളിലെ ഒരു നാഴികക്കല്ലായി ഭരണകൂടാധികാരം കൈവരിക്കുന്നതില്‍ നേടിയ വിജയത്തെ വിലയിരുത്തുന്നു. 2014 മുതല്‍ കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്ര ഭരണവും, ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും ഭരണവും കൈയാളുന്ന കക്ഷിയായി ബിജെപി വളര്‍ന്നതിനെ തങ്ങളുടെ വളര്‍ച്ചയിലെ സുപ്രധാന വഴിത്തിരിവായി സംഘപരിവാരം കണക്കാക്കുന്നു. ബിജെപിയുടെയും സംഘപരിവാരത്തിന്റെയും ഈ വളര്‍ച്ച രാഷ്ട്രീയ സമൂഹത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ വരുത്തിയെന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പുകളില്ല. ഒരു രാഷ്ട്രീയ സമൂഹമെന്ന നിലയില്‍ പ്രസ്തുത മാറ്റങ്ങള്‍ ഇന്ത്യയെ എങ്ങനെ ബാധിച്ചുവെന്നും അവയുടെ ഫലങ്ങള്‍ എന്താണെന്നും എന്താവുമെന്നുമുള്ള വിഷയങ്ങളിലാണ് വിയോജിപ്പുകള്‍. വെറും വിയോജിപ്പുകളില്ല. രൂക്ഷമായ വിയോജിപ്പുകളെന്നു തന്നെ അവയെ പറയേണ്ടി വരും. രൂക്ഷമായ ഈ വിയോജിപ്പുകളാണ് 2024-നു ശേഷം രാഷ്ട്രീയം എന്താവുമെന്ന ഉത്ക്കണ്ഠകളുടെ അടിസ്ഥാനം.

REPRESENTATIONAL IMAGE: WIKI COMMONS
ഭരണകൂടാധികാരത്തിന്റെ വിവിധ തലങ്ങളില്‍ ദുര്‍ബലവും പരിമിതവുമായ തോതിലെങ്കിലും നിലനിന്നിരുന്ന ജനാധിപത്യവും ബഹുസ്വരതയും സംഘപരിവാരവും ബിജെപിയും ഭരണത്തിലെത്തിയതോടെ പടിപടിയായി നിഷ്‌ക്കാസനം ചെയ്യപ്പെടുന്ന പ്രക്രിയ തീവ്രമാവുന്നതല്ലാതെ കുറയുന്നില്ലെന്ന് കഴിഞ്ഞ 10 വര്‍ഷത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നതായി ആകാര്‍ പട്ടേലിനെ പോലുള്ള വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പൗരത്വ നിയമം മുതല്‍ ആര്‍ട്ടിക്കിള്‍ 370 വരെയുള്ള തീരുമാനങ്ങള്‍, ഇന്ത്യന്‍ പീനല്‍ കോഡടക്കമുള്ള മൂന്നു സുപ്രധാന നിയമങ്ങളുടെ പുതിയ പതിപ്പുകള്‍, ഡിസംബറില്‍ അവസാനിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനവേളയില്‍ പ്രതിപക്ഷാംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കിയ നടപടി എന്നിവ ഈ വിലയിരുത്തലുകളെ സാധൂകരിക്കുന്നു. 2024-നു ശേഷമുള്ള രാഷ്ട്രീയമെന്താവുമെന്ന ചോദ്യത്തെ ഈ സംഭവവികാസങ്ങള്‍ അടിയന്തരമാക്കുന്നു. ചരിത്രപരമായ വിലയിരുത്തലാണ് ഈ ചോദ്യത്തിനുളള ഉത്തരം കണ്ടെത്താനുള്ള വഴി. 1947-നു ശേഷമുള്ള രാഷ്ട്രീയചരിത്രത്തിന്റെ വിശകലനം അതിനുള്ള അവസരമൊരുക്കുന്നു.

രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരവും, പ്രതിനിധാനവും പ്രധാനമായും അനുഭവവേദ്യമായി മാറുന്നത് രാഷ്ട്രീയ പാര്‍ട്ടികളിലൂടെയാണ്. പ്രത്യക്ഷത്തിലുള്ള കൊളോണിയല്‍ ഭരണം അവസാനിച്ചതിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രധാനമായും നാലു തരത്തിലുളള രാഷ്ട്രീയ കക്ഷികളാണ് ഉരുത്തിരിഞ്ഞത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, ഭാരതീയ ജനസംഘം എന്നിവയായിരുന്നു പ്രസ്തുത കക്ഷികള്‍. 1947 മുതലുള്ള ആദ്യ മൂന്നു ദശകക്കാലം -- ചുരുക്കം ചില അപവാദങ്ങളൊഴിച്ചാല്‍ -- കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണകൂടാധികാരം കോണ്‍ഗ്രസ്സിന്റെ കുത്തകയായിരുന്നു. കമ്മ്യൂണിസ്റ്റു-സോഷ്യലിസ്റ്റു കക്ഷികള്‍ക്ക് രാജ്യവ്യാപകമായ സാന്നിദ്ധ്യമുണ്ടായിരുന്നുവെങ്കിലും കോണ്‍ഗസ്സിന് ബദലായ ശക്തികളാവാനുള്ള സംഘടനാശേഷിയും ജനപിന്തുണയും ഇല്ലായിരുന്നു. ജനസംഘത്തിന്റെ സ്ഥിതിയും സമാനമായിരുന്നു. കോണ്‍ഗ്രസ്സും, കമ്യൂണിസ്റ്റു-സോഷ്യലിസ്റ്റു കക്ഷികളും തമ്മില്‍ കടുത്ത ഭിന്നതകള്‍ നിലനിന്നിരുന്നുവെങ്കിലും ചില വിഷയങ്ങളില്‍ ഉപരിപ്ലവമായ നിലയിലെങ്കിലും പൊതുവില്‍ യോജിപ്പായിരുന്നു. സാമ്പത്തിക ആസൂത്രണം, വിദേശനയം, മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം, സവിശേഷതകളോടുള്ള സമീപനം തുടങ്ങിയവ ഉദാഹരണമായി കണക്കാക്കാവുന്നതാണ്. ഈ വിഷയങ്ങള്‍ വേണ്ടത്ര ഭംഗിയായും, കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനും, നടപ്പാക്കുന്നതിനും കോണ്‍ഗ്രസ്സിന് ശേഷിയില്ലെന്ന വിമര്‍ശനമാണ് പ്രധാനമായും ഈ കക്ഷികള്‍ ഉന്നയിച്ചിരുന്നത്. കോണ്‍ഗ്രസ്സ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഈ ധാര പൊതുവില്‍ ഇടതുപക്ഷമെന്ന് അറിയപ്പെട്ടു. ഇടതുപക്ഷ ധാരയുടെ വിമര്‍ശനങ്ങളുടെ എതിര്‍ദിശയിലായിരുന്നു ജനസംഘത്തിന്റെ സ്ഥാനം. ആസൂത്രണം, വിദേശനയം എന്നിവയോടുള്ള വിമര്‍ശനങ്ങളെക്കാള്‍ ജനസംഘത്തിന്റെ രാഷ്ട്രീയം ശ്രദ്ധനേടിയത് ന്യൂനപക്ഷ വിരുദ്ധതയില്‍ -- പ്രത്യേകിച്ചും മുസ്ലീം വിരോധം -- ആയിരുന്നു. സാംസ്‌കാരിക ദേശീയതയെന്ന ലേബലില്‍ അവതരിപ്പിക്കപ്പെട്ട സവര്‍ണ്ണ ഹിന്ദു മതപരതയില്‍ അധിഷ്ഠിതമായ ഭൂരിപക്ഷവാദമായിരുന്നു അതിന്റെ അടിത്തറ. പൊതുവെ വലതുപക്ഷമെന്ന പേരില്‍ അറിയപ്പെട്ട ജനസംഘം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ -- വിജയിച്ച സീറ്റുകളുടെയും നേടിയ വോട്ടുകളുടെയും അടിസ്ഥാനത്തില്‍ -- നിര്‍ണ്ണായക ശക്തിയായിരുന്നില്ല. പ്രത്യേകിച്ചും 47-നു ശേഷമുള്ള ആദ്യദശകങ്ങളില്‍. ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയി മാറിയതിനു ശേഷമുള്ള 1951-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനസംഘം മൂന്നു സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലും വലിയ മെച്ചമൊന്നുമുണ്ടായില്ല. ഹിന്ദു മഹാസഭയെ പിന്തള്ളി സവര്‍ണ്ണ ഹിന്ദു മതപരതയില്‍ അധിഷ്ഠിതമായ ഭൂരിപക്ഷവാദ രാഷ്ട്രീയത്തിന്റെ പ്രതിനിധാനം കൈവരിക്കാനായി എന്നതായിരുന്നു ഇക്കാലയളവില്‍ ജനസംഘത്തിനുണ്ടായ സുപ്രധാനനേട്ടം. ഹിന്ദു മഹാസഭ തെരഞ്ഞെടുപ്പിന്റെ മണ്ഡലത്തില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായതും ഈ കാലഘട്ടത്തിലാണ്. അതും ജനസംഘത്തിനെ തുണച്ചു.

REPRESENTATIONAL IMAGE: WIKI COMMONS
കോണ്‍ഗ്രസ്സിന്റെ അധികാരക്കുത്തകയ്ക്ക് ആദ്യമായി ഇളക്കംതട്ടിയ 1967-ലെ തെരഞ്ഞെടുപ്പു മുതലാണ് ജനസംഘത്തിന്റെ സാന്നിദ്ധ്യം രാഷ്ട്രീയത്തിന്റെ അരങ്ങില്‍ കൂടുതല്‍ പ്രകടമാവുന്നത്. 67-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ലോക്‌സഭ സീറ്റുകളുടെ എണ്ണം 300-ല്‍ താഴെയാവുക മാത്രമല്ല നിയമസഭ തെരഞ്ഞെടുപ്പില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമാവുകയും ചെയ്തു. അപ്പോഴും ഹിന്ദു ഭൂരിപക്ഷ വാദത്തില്‍ അഭിരമിച്ചിരുന്ന രാഷ്ട്രീയത്തിന് മേല്‍ക്കൈ ലഭിച്ചിരുന്നില്ല. സ്വതന്ത്ര പാര്‍ട്ടി, രണ്ടു സോഷ്യലിസ്റ്റ് കക്ഷികള്‍, പ്രാദേശിക കക്ഷികള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയ്ക്ക് ലഭിച്ച സീറ്റുകളും വോട്ടിന്റെ ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസംഘം ചെറിയൊരു ശക്തി മാത്രമായിരുന്നു. ലോക്‌സഭയില്‍ 35 സീറ്റും 9.31 ശതമാനം വോട്ടും മാത്രം ജനസംഘം നേടിയപ്പോള്‍ മേല്‍പ്പറഞ്ഞ കക്ഷികള്‍ 147 സീറ്റുകളും 30 ശതമാനത്തോളം വോട്ടും കരസ്ഥമാക്കി. ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷത്തില്‍ സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങളുടെ ഫലമായിരുന്നു 67-ലെ തെരഞ്ഞെടുപ്പു ഫലങ്ങളെന്നു പില്‍ക്കാല വിലയിരുത്തലുകള്‍ വെളിവാക്കുന്നു. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മേഖലകളില്‍ അതുവരെ മേല്‍ക്കൈ പുലര്‍ത്തിയിരുന്ന നെഹ്രൂവിയന്‍ സമന്വയത്തിന്റെ പരിസമാപ്തിയാണ് അതിലെ മുഖ്യഘടകം. തങ്ങളുടെ രാഷ്ട്രീയത്തെ കൂടുതല്‍ ശക്തമായി മുന്നോട്ടുവയ്ക്കുവാന്‍ പറ്റിയ അവസരമായി ഈ മാറ്റത്തെ ജനസംഘവും സംഘപരിവാരവും ഉപയോഗപ്പെടുത്തി. അവരെ സംബന്ധിച്ചിടത്തോളം ഗുണപരമായിരുന്നു ഈ മാറ്റങ്ങള്‍. രാജ്യമാകെ ശക്തിപ്രാപിച്ച കോണ്‍ഗ്രസ്സ് വിരുദ്ധ പൊതുവികാരത്തിന്റെ മറവില്‍ തങ്ങളുടെ ഭൂരിപക്ഷവാദം പുതിയ ആടയാഭരണങ്ങളോടെ അവതരിപ്പിക്കുവാന്‍ അവര്‍ക്കായി. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യം കോണ്‍ഗ്രസ്സിനെ പൂര്‍ണ്ണമായും ഗ്രസിച്ചതോടെ ഇന്ത്യയിലെ രാഷ്ട്രീയ ധ്രുവീകരണം പുതിയൊരു ഘട്ടത്തിലെത്തി. 1975-ലെ അടിയന്തരാവസ്ഥയും 77-ലെ തെരഞ്ഞെടുപ്പും ജനതാ പാര്‍ട്ടിയുമെല്ലാം പ്രസ്തുത ധ്രുവീകരണത്തിന്റെ പ്രധാന മുദ്രകളായി. അതിന്റെ പ്രധാന ഗുണഭോക്താവായി ജനസംഘവും പിന്നീട് ബിജെപിയുമായി മാറിയതിന്റെ ചരിത്രമാണ് 1980-കള്‍ക്കു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സംഭവവികാസം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി കൈവരിക്കുന്ന തെരഞ്ഞെടുപ്പു വിജയം ഇന്ത്യന്‍ രാഷ്ട്രീയ സമൂഹത്തില്‍ സംഭവിച്ച താല്‍ക്കാലികമായ വ്യതിയാനമോ നോട്ടപ്പിഴവോ ആണെന്ന തരത്തിലുള്ള വിലയിരുത്തലുകളുടെ പരിമിതി 2014 മുതലുള്ള രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ഔദ്യോഗികമായി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുന്നതൊഴിച്ചാല്‍ സംഘപരിവാര്‍ കാലങ്ങളായി ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങള്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ മോദി ഭരണത്തിന്‍ കീഴില്‍ നടപ്പിലാക്കിയിരിക്കുന്നു. ആര്‍ട്ടിക്കിള്‍ 370-ന്റെ റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മ്മാണം, മതന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും മുസ്ലീം ജനവിഭാഗത്തിനുള്ള അരക്ഷിതത്വം എന്നിവ നാട്ടുനടപ്പായ സാഹചര്യത്തില്‍ ഇനി എന്ത് എന്ന ചോദ്യം പ്രസക്തമാവുന്നു. 2024-നു ശേഷമുള്ള രാഷ്ട്രീയം എന്താവുമെന്ന ചോദ്യത്തിന്റെ കാതലും അതാണ്.

കാതലായ ഈ മാറ്റത്തെ എങ്ങനെ വിശദീകരിക്കുമെന്നതാണ് 2024-നു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം എന്തായിരിക്കുമെന്ന ചിന്തകള്‍ നേരിടുന്ന പ്രധാന വിഷയം. തെരഞ്ഞെടുപ്പിലെ ജയ-പരാജയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വിശദീകരിക്കാന്‍ കഴിയുന്നതല്ല ഈ മാറ്റമെന്നു വ്യക്തമാണ്. മാറ്റത്തിന്റെ പുറകിലുള്ള ചാലകശക്തികളും അവര്‍ക്കുള്ള ഉത്തേജനത്തിന്റെ സ്രോതസ്സുകളും തിരിച്ചറിയുന്നതിനൊപ്പം ഭൂരിപക്ഷ വാദത്തില്‍ അഭിരമിക്കുന്ന രാഷ്ട്രീയത്തെ സ്വാഗതം ചെയ്യുന്ന ഭരണവര്‍ഗ്ഗ ശക്തികളുടെ താല്‍പ്പര്യങ്ങളും തിരിച്ചറിയേണ്ടതുണ്ട്. 2024-ന് അപ്പുറമുള്ള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ പറ്റിയുള്ള വിലയിരുത്തലുകള്‍ അതാവശ്യപ്പെടുന്നു. ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ ആഗോള പശ്ചാത്തലവും അവഗണിക്കാനാവില്ല. വലതുപക്ഷം തീവ്ര വലതുപക്ഷമായി മാറുന്ന സ്ഥിതിവിശേഷം ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി വളരുന്ന ഇന്ത്യയില്‍ മാത്രമല്ല ദൃശ്യമാകുന്നതെന്ന് വ്യക്തമായ സാഹചര്യത്തില്‍ മാറ്റങ്ങളുടെ ആഗോള പശ്ചാത്തലവും വിശകലനം ചെയ്യേണ്ടതുണ്ട്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ്, ബ്രസീലില്‍ ബോല്‍സനാരോ, ഹംഗറിയില്‍ വിക്ടര്‍ ഒര്‍ബാന്‍ തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിലും കാണാനാവുന്ന ഏകാധിപത്യത്തിന്റെ വ്യക്തിത്വങ്ങള്‍ ഇപ്പറഞ്ഞ പ്രവണതയുടെ ഉദാഹരണങ്ങളായി നിറഞ്ഞുനില്‍ക്കുന്നു. 2024-നു ശേഷമുള്ള രാഷ്ട്രീയം എന്ന വിഷയം മുഖ്യപ്രമേയമായി TMJ-360 ഏറ്റെടുക്കുന്നതിനുള്ള കാരണങ്ങള്‍ ഇതെല്ലാമാണ്. പതിവുപോലെ പരമാവധി വൈവിധ്യങ്ങള്‍ നിറഞ്ഞ ഉള്ളടക്കം സൃഷ്ടിക്കുവാനാണ് ഞങ്ങളുടെ ശ്രമം. വായനക്കാരുടെയും പ്രേക്ഷകരുടെയും മാത്രമല്ല എഴുത്തുകാരുടെയും അകമഴിഞ്ഞ സഹകരണമുണ്ടാവുമെന്ന വിശ്വാസത്തോടെ എല്ലാവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതുവത്സരാശംസകളോടെ...



#Politics Beyond 2024
Leave a comment