ബ്ലൂ മൂൺ. പോരാത്തതിന് സൂപ്പർ മൂണും! ഇതാണിപ്പോൾ വാർത്തകളായ വാർത്തകൾ നിറയെ!
ജ്യോതിശ്ശാസ്ത്രപരമായോ കാഴ്ചയിലോ ബ്ലൂമൂൺ എന്നതിന് വലിയ പ്രസക്തിയൊന്നുമില്ല എന്നതാണു സത്യം. ബ്ലൂ എന്ന നിറവുമായി ഈ പ്രതിഭാസത്തിന് ഒരു ബന്ധവും ഇല്ല. നീല നിറത്തിൽ ചന്ദ്രനെ കാണാം എന്നു കരുതി ബ്ലൂമൂൺ ദിവസം നോക്കിയാൽ നിരാശയാവും ഫലം. ഒരു മാസത്തിൽത്തന്നെയുള്ള രണ്ടാമത്തെ പൗർണ്ണമിക്ക് വിളിക്കുന്ന പേരാണ് ബ്ലൂമൂൺ എന്നത്. ഒരു മാസത്തിൽത്തന്നെ രണ്ടുതവണ പൗർണ്ണമി വരുന്നത് സാധാരണമല്ല എന്നു മാത്രം. അതിനപ്പുറം പ്രാധാന്യമൊന്നും ബ്ലൂമൂൺ എന്നതിനില്ല.
പക്ഷേ ഇത്തവണ ഈ ബ്ലൂ മൂൺ ശ്രദ്ധിക്കപ്പെടാൻ കാരണം അത് ഒരു സൂപ്പർ മൂണിനൊപ്പം വരുന്നു എന്നതു മാത്രമാണ്.
എന്താണു സൂപ്പർ മൂൺ
ഭൂമിക്കു ചുറ്റും ചന്ദ്രൻ പരിക്രമണം ചെയ്യുന്നുണ്ടല്ലോ. കൃത്യമായ വൃത്താകാരപാതയിലല്ല അതിന്റെ ചലനം. മറിച്ച് ചെറിയൊരു ദീർഘവൃത്ത പാതയിലാണ്. അതിനാൽ ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം എപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.
മൂന്നു ലക്ഷത്തി അറുപതിനായിരം മുതൽ നാലുലക്ഷത്തി അയ്യായിരം വരെ ഈ ദൂരം വ്യത്യാസപ്പെടാം. ഏകദേശം നാൽപ്പത്തിരണ്ടായിരം കിലോമീറ്റർവരെ വ്യത്യാസം.
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ളപ്പോഴാണ് പൗർണ്ണമി വരുന്നതെങ്കിൽ സാധാരണയിൽനിന്ന് നേരിയതോതിൽ വലിപ്പം കൂടിയ ചന്ദ്രനെ നമുക്ക് കാണാനാകും, ഭൂമിയിൽനിന്ന് അകലെ നിൽക്കുന്ന സമയത്താണ് പൗർണ്ണമി വരുന്നതെങ്കിൽ അല്പം ചെറിയ ചന്ദ്രനെയും. ചന്ദ്രൻ ഭൂമിയോട് അടുത്തുള്ളപ്പോൾ വരുന്ന പൗർണ്ണമിയെയാണ് നാം സൂപ്പർമൂൺ എന്നു വിളിക്കുന്നത്. വലിപ്പത്തിലുള്ള വ്യത്യാസം ഒഴിച്ചുനിർത്തിയാൽ ഇതിനും ജ്യോതിശ്ശാസ്ത്രപരമായി വലിയ പ്രസക്തിയൊന്നും ഇല്ല.
സൂപ്പർമൂൺ വരുന്ന സമയത്ത് ഭൂമിയിൽ കലുഷിതമായ കാലാവസ്ഥയാകുമെന്നും അപകടങ്ങൾ കൂടുമെന്നുമൊക്കെ ഒരു വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ ഇതിനും ശാസ്ത്രീയമായി യാതൊരു പ്രസക്തിയും ഇല്ല.
സൂപ്പർമൂണും ബ്ലൂമൂണുമെല്ലാം സാധാരണമല്ല എന്നേയുള്ളൂ. എന്നാൽ അപൂർവമല്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് 31ന് സൂപ്പർമൂണും ബ്ലൂമൂണും ഒരുമിച്ചു വന്നിരുന്നു. ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒക്കെപ്പോലെ ഗവേഷകർക്ക് വലിയ പഠനങ്ങൾ നടത്താൻ കഴിയുന്ന തരത്തിലുള്ള പ്രതിഭാസമല്ല ബ്ലൂമൂണും സൂപ്പർമൂണും. സാധാരണ കാഴ്ചക്കാർക്കും ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവുമൊക്കെ വലിയ ദൃശ്യവിരുന്നാവാറുണ്ട്. എന്നാൽ ബ്ലൂമൂൺ അത്തരമൊരു ദൃശ്യവിരുന്നുപോലും ഒരുക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സൂപ്പർമൂണാകട്ടേ, കുറച്ചുകൂടി വലിയ ചന്ദ്രനെ കാണാൻ അവസരമൊരുക്കുന്നു എന്നു മാത്രം. അതുകൊണ്ടുതന്നെ സാധാരണ പൗർണ്ണമിയെക്കാളും കുറച്ചുകൂടി വെളിച്ചവും കൂടും.
സൂപ്പർ മൂൺ ഉണ്ടാകുന്നതെങ്ങനെയെന്ന് വളരെ ലളിതമായി വിശദീകരിക്കുന്ന ഒരു അനിമേഷൻ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഉണ്ടാക്കിയിട്ടുണ്ട് https://youtu.be/qZaxqMyP9tU?si=53M3z23XnC0mgDHW ഇതു കണ്ടാൽ സൂപ്പർമൂൺ എന്ന പ്രതിഭാസം വളരെ എളുപ്പം മനസ്സിലാവും.