കൊച്ചിയിലെ മാലിന്യപ്പുക ടൂറിസത്തെ ബാധിക്കുമോ?
അന്താരാഷ്ട്ര തലത്തില്‍ മികവുറ്റ വിനോദ സഞ്ചാര ബ്രാന്‍ഡായി മാറാനുള്ള കഠിന ശ്രമത്തിലാണ് കേരളാ ടൂറിസം. കഴിഞ്ഞ ദിവസം ജര്‍മനിയില്‍ നടന്ന ഐടിബി-ബെര്‍ലിന്‍ ടൂറിസം ട്രേഡ് ഫെയറിലടക്കം ശ്രദ്ധേയ സാന്നിധ്യമായി മാറാന്‍ കേരളത്തിന് കഴിഞ്ഞു. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് യുഎസ്സിലെ നഗരങ്ങളില്‍ കേരള ടൂറിസത്തിന്റെ റോഡ് ഷോകളും അരങ്ങേറുകയുണ്ടായി. അതോടൊപ്പം പ്രധാനപ്പെട്ട ഇന്ത്യന്‍ നഗരങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് ആഭ്യന്തര ടൂറിസത്തെ പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമവും നടന്നു വരികയാണ്.
എന്നാല്‍ ഇപ്പോള്‍, കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം ടൂറിസം മേഖലയെ മോശമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. വര്‍ഷങ്ങളായി കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യത്തിന് തീ പിടച്ചതോടെ കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും വലിയ രീതിയില്‍ പുക പടര്‍ന്നിരുന്നു. പുകയോടൊപ്പം ഡയോക്‌സിന്‍ ഉള്‍പ്പടെയുള്ള രാസ-വിഷ പദാര്‍ത്ഥങ്ങളും കൊച്ചിയുടെ ആകാശത്ത് ദിവസങ്ങളോളം നിറഞ്ഞു നില്‍ക്കുകയുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ സാഹചര്യത്തില്‍, വിദേശികള്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു്. കൊച്ചിയിലെ വായു മലിനമായതിനെത്തുടര്‍ന്ന് അനേകം ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്ക് യാത്രാ പദ്ധതികളില്‍ നിന്ന് കൊച്ചിയെ ഒഴിവാക്കേണ്ടതായി വരികയും ചെയ്തു. തായ്‌വാനില്‍ നിന്ന് കൊച്ചിയിലെത്തിയ ഒരു ഉന്നതതല സംഘത്തിന് കൊച്ചിയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത് വാര്‍ത്തയായിരുന്നു. നഗരത്തില്‍ വിഷപ്പുക പടര്‍ന്നതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്ന വിനോദ സഞ്ചാരികള്‍ കൊച്ചിയിലോ കേരളത്തിലോ വീണ്ടുമെത്തുമോ എന്ന സംശയത്തിലാണ് ടൂറിസം വ്യവസായ രംഗത്തെ പ്രമുഖര്‍. ബ്രഹ്‌മപുരത്തെക്കുറിച്ചുള്ള വാര്‍ത്ത ദേശീയ മാധ്യമങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. ഇത് ആഭ്യന്തര സഞ്ചാരികളെയും ബാധിക്കുമോ എന്ന ആശങ്കയും അവര്‍ക്കിടയിലുണ്ട്.
കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യ തലങ്ങളില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ടൂറിസം വ്യവസായത്തിനുള്ളത്. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പത്തു ശതമാനത്തോളം ടൂറിസത്തിന്റെ സംഭാവനയാണ്. മാത്രമല്ല വളരെ പ്രധാനപ്പെട്ട തൊഴില്‍ ദാതാവ് കൂടിയാണ് ഈ മേഖല. സംസ്ഥാനത്ത് ലഭ്യമായ തൊഴിലിന്റെ 25 ശതമാനത്തോളം ടൂറിസവുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, കോവിഡ്-19 നെ തുടര്‍ന്നുണ്ടായ യാത്രാ നിയന്ത്രണങ്ങള്‍ മേഖലയെ ആകെ തളര്‍ത്തുകയുണ്ടായി.
കോവിഡിന് മുമ്പ് 2019ല്‍, 1,83,84,233 ആഭ്യന്തര സഞ്ചാരികളും, 11,89,771 വിദേശ സഞ്ചാരികളും സംസ്ഥാനത്ത് എത്തിച്ചേര്‍ന്നിരുന്നു എന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി 45,010.69 കോടി രൂപയുടെ പ്രത്യക്ഷ-പരോക്ഷ വരുമാനവും സംസ്ഥാനത്തിന് ലഭിച്ചു. എന്നാല്‍ കോവിഡിന് ശേഷം, 2021ല്‍ ആകട്ടെ, 75,37,617 ആഭ്യന്തര സഞ്ചാരികളും, 60,487 വിദേശ സഞ്ചാരികളും മാത്രമാണ് കേരളത്തിലെത്തിയത്. ഈ കുറവ് വരുമാനത്തിന്റെ കാര്യത്തിലും പ്രതിഫലിച്ചിരുന്നു. ആ വര്‍ഷത്തില്‍ 12,285.91 കോടി മാത്രമായിരുന്നു ടൂറിസം മേഖലയുടെ വരുമാനം. കോവിഡ്-19 ഏല്‍പ്പിച്ച കനത്ത പ്രഹരത്തില്‍ നിന്നുള്ള ടൂറിസം മേഖലയുടെ മോചനം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പ്രത്യേക ഇടപെടലുകളുടെയും മറ്റും ബലത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മേഖല. ഈ സാഹചര്യത്തിലാണ് ബ്രഹ്‌മപുരത്തെ തീപിടുത്തം പോലത്തെ തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടാകുന്നത്.
ഒരു വിനോദ സഞ്ചാര പ്രദേശത്തിന്് ഒട്ടുംതന്നെ ചേരാത്ത വിശേഷണമാണ് വായു മലിനികരണത്തിന്റേത്. കൊച്ചിയിലെ വായു മലിനീകരണമാകട്ടെ ഈയിടെ പലപ്പോഴായി ചര്‍ച്ചയാകുന്നുമുണ്ട്. അതോടൊപ്പം മാലിന്യ കൂമ്പാരത്തിന് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ തീപിടിക്കുന്ന സംഭവം ആവര്‍ത്തിക്കുന്നത് നഗരത്തിന്റെ പേരിന്റെ കൂടെ വായും മലിനീകരണം എന്ന് ചേര്‍ത്ത് വായിക്കുന്നതിലേക്കാകും കാര്യങ്ങളെ നയിക്കുക.
കൊച്ചിയിലെ മാലിന്യ പ്രശ്‌നം നഗര വാസികളെ മാത്രം ബാധിക്കുന്ന വിഷയമല്ല എന്നാണ് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്ന നിലയില്‍ കൊച്ചി നഗരം സംസ്ഥാനത്തെയാകെ പ്രതിനിധീകരിക്കുന്നുണ്ട്. മാലിന്യത്തെ നഗര മധ്യത്തില്‍ നിന്ന് പ്രാന്തങ്ങളിലേക്കു കൊണ്ടുപോയി തള്ളുന്ന 'എളുപ്പവഴി' ഏറെ നാള്‍ പിന്തുടരാനാവില്ല എന്നാണ് ബ്രഹ്‌മപുരത്തുണ്ടായ തീപിടുത്തം നല്‍കുന്ന പാഠം. ടൂറിസം പോലെ, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്ന സുപ്രധാന ഘടകങ്ങളെയും അത് ബാധിച്ചേക്കാം. അത് മുന്നില്‍ക്കണ്ടുകൊണ്ട് ദീര്‍ഘ വിക്ഷണത്തോടെയുള്ള, ശാശ്വതവും സുസ്ഥിരവുമായ മാലിന്യ നിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങളാണ് ഇപ്പോള്‍ കൊച്ചി നഗരത്തിന് ആവശ്യം.