TMJ
searchnav-menu
post-thumbnail

Finance

പെര്‍ ക്യാപ്പിറ്റ ഇന്‍കം: കണക്കുകള്‍ പറയുന്നതും പറയാത്തതും

16 Mar 2023   |   3 min Read
തോമസ് കൊമരിക്കൽ

ന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം (പെര്‍ ക്യാപ്പിറ്റ ഇന്‍കം) ഇരട്ടിയായി എന്ന കണക്കുകള്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ടതോടെ സാമ്പത്തിക പണ്ഡിതര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ ഉടലെടുത്തിരിക്കുകയാണ്. 2014-15 കാലഘട്ടത്തെ അടിസ്ഥാന വര്‍ഷമാക്കിയുള്ള കണക്കിലാണ് രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായി എന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തിറക്കിയിരിക്കുന്ന റിപ്പോര്‍ട്ട് പറയുന്നത്. 2014-15 ല്‍  രാജ്യത്തെ ശരാശരി പ്രതിശീര്‍ഷ വരുമാനമായ 86,647 രൂപയില്‍ നിന്നും 2022-23 കാലഘട്ടത്തില്‍ അത് 1,72,000 ആയി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതായത് ഇരട്ടി വളര്‍ച്ചയെന്നു പറയാം.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായി വളര്‍ന്നുവെന്ന പെരുമ്പറ സര്‍ക്കാര്‍ അനുകൂലികള്‍ ശക്തിയായി മുഴക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഇക്കാലയളവില്‍ 98.5% ആണ് പ്രതിശീര്‍ഷ വരുമാനത്തിലെ വളര്‍ച്ച.

എന്നാല്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ ഇത്ര വലിയ വളര്‍ച്ചയുണ്ടാകുന്നത് ആദ്യമായല്ല. 2006-2014 കാലഘട്ടത്തില്‍ പ്രതിശീര്‍ഷ വരുമാനം ഇതിനേക്കാളധികം വളര്‍ച്ച കൈവരിച്ചിരുന്നു. അക്കാലയളവില്‍ 157 ശതമാനമാണ് വരുമാനത്തിലുണ്ടായ വര്‍ധനവ്. 2006-07 കാലഘട്ടത്തില്‍ 33,717 രൂപ മാത്രമായിരുന്നു പെര്‍ കാപ്പിറ്റ ഇന്‍കം 2014-15 ആകുമ്പോഴേക്ക് 86,647 ആയി വളര്‍ന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന അക്കാലത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ വരുമാന വര്‍ധനവ് 50 ശതമാനത്തിലധികം കുറവാണെന്നാണ് കണക്കുകള്‍ പറയുന്നത്.

പ്രതിശീര്‍ഷ വരുമാനത്തിലെ വര്‍ധന രാജ്യം കൈവരിച്ച പുരോഗതിയുടെ ലക്ഷണമായി പലരും നിര്‍വചിക്കുന്നുണ്ട്. എന്നാല്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കിടയില്‍ അതിനെക്കുറിച്ച് ഭിന്ന അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. ഒരു വര്‍ഷത്തില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ നേടിയ ആകെ വരുമാനത്തിന്റെ ശരാശരിയാണ് പ്രതിശീര്‍ഷ വരുമാനം അഥവാ പെര്‍ കാപ്പിറ്റ ഇന്‍കം. ചില വ്യക്തികള്‍ മാത്രം ഉയര്‍ന്ന വരുമാനം നേടിയാലും, ശരാശരി വരുമാനത്തില്‍ ഉയര്‍ച്ചയുണ്ടാകും. അതുകൊണ്ടു തന്നെ പ്രതിശീര്‍ഷ വരുമാനം ഉയരുന്നത് മൊത്തത്തിലുള്ള ജീവിത നിലവാരത്തിലെ ഉയര്‍ച്ചയായി കാണാനാവില്ല. മാത്രമല്ല, വരുമാനത്തിലെ അസമത്വം ഒട്ടുംതന്നെ കണക്കിലെടുക്കാതെയാണ് പ്രതിശീര്‍ഷ വരുമാനം കണക്കാക്കുന്നത്. പ്രതിശീര്‍ഷ വരുമാനത്തെ ഏകപക്ഷീയമായ വളര്‍ച്ചയുടെ അളവുകോലായി സ്വീകരിക്കുന്നതിന് എതിരെയുള്ള പ്രധാന വിമര്‍ശനങ്ങള്‍ ഇവയാണ്.

മാത്രമല്ല, ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്കുകള്‍ വിലക്കയറ്റം കണക്കിലെടുക്കാതെയുള്ളതാണ്. വിലക്കയറ്റം കൂടി ചേര്‍ത്താല്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ വലിയ കുറവു വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വരുമാനത്തിലെ വര്‍ച്ചയുടെ ഗുണം രാജ്യത്തെ അതിസമ്പന്നര്‍ക്കാണ് ലഭിച്ചിരിക്കുന്നത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതിസമ്പന്നരായ 10 ശതമാനത്തിന്റെ വരുമാനം മാത്രമേ വര്‍ദ്ധിക്കുന്നുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ദ ജയതി ഘോഷ് അഭിപ്രായപ്പെടുന്നത്.

ജയതി ഘോഷ് | PHOTO: WIKI COMMONS

എന്‍എസ്ഒ പുറത്തു വിട്ടിരിക്കുന്ന കണക്കുകള്‍ക്ക് ഇതു കൂടാതെയും ധാരാളം പിഴവുകളുണ്ട്. വരുമാനം വര്‍ധിച്ചു എന്ന് പറയുമ്പോഴും ജനസംഖ്യയില്‍ എതൊക്കെ വിഭാഗത്തിന്റെ പക്കലാണ് സമ്പത്ത് കൂടുതലുള്ളത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക അസമത്വം ക്രമാതീതമായി ഉയര്‍ന്നതായി പഠനങ്ങള്‍ പുറത്തു വന്നിരുന്നു. അതിസമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും കൈയ്യടക്കി വച്ചിരിക്കുന്നതെന്ന് ഓക്സ്ഫാം ഇന്ത്യ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു. അടിത്തട്ടിലുള്ള 50% ജനങ്ങളുടെ അതായത് 70 കോടി ജനങ്ങളുടെ കൈവശം വെറും 3% സമ്പത്ത് മാത്രമാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്നു എന്നത്, രാജ്യത്തെ എല്ലാ പൗരന്മാരുടെയും വരുമാനം വര്‍ധിച്ചതായി അര്‍ത്ഥമാക്കുന്നില്ല എന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക നിലയില്‍ പിന്നാക്കം നില്‍ക്കുന്ന പൗരന്മാരുടെ അവസ്ഥ തികച്ചും അവഗണിച്ചു കൊണ്ടാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ 6% തൊഴിലാളികള്‍ മാത്രമാണ് സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നത്.  അസംഘടിത മേഖലയില്‍ വരുമാനം തീരെ വര്‍ധിച്ചിട്ടില്ല എന്നാണ് സാമ്പത്തിക വിദഗ്ധനും മുന്‍ ജെഎന്‍യു പ്രൊഫസറുമായ അരുണ്‍ കുമാര്‍ അഭിപ്രായപ്പെടുന്നത്.

മേല്‍ത്തട്ടിലുള്ളവരുടെ വരുമാനം വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നുണ്ട്. കോര്‍പ്പറേറ്റുകളും, ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരിക്കുന്നവരും വരുമാനത്തിന്റെ കാര്യത്തില്‍ വളര്‍ച്ച നേടുന്നുമുണ്ട്. എന്നാല്‍ താഴേത്തട്ടിലുള്ള, പണം നീക്കിയിരിപ്പായി സൂക്ഷിക്കാന്‍ കെല്‍പ്പില്ലാത്ത 90% ആളുകളുടെ കാര്യത്തില്‍ വളര്‍ച്ച ദൃശ്യമാകുന്നില്ല എന്നും പ്രൊഫസര്‍ അരുണ്‍ കുമാര്‍ പറയുന്നു.

രാജ്യത്തെ കുടുംബങ്ങളുടെ സാമ്പത്തിക നീക്കിയിരുപ്പ് മൂന്ന് പതിറ്റാണ്ടില്‍ വച്ച് ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോഴുള്ളതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മോത്തിലാല്‍ ഓസ്‌വാള്‍ സെക്യുരിറ്റീസ് ജനുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുന്നത് രാജ്യത്തെ സമ്പദ് ഘടനയുടെ മൊത്തത്തിലുള്ള വളര്‍ച്ചയുടെ സൂചനായി കണക്കാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, അതിനുള്ളില്‍ നിലനില്‍ക്കുന്ന അസമത്വത്തെയും, സമ്പത്തിന്റെ ഏകപക്ഷീയമായ കുമിഞ്ഞു കൂടലിനെയും ഈ വളര്‍ച്ച മറച്ചു പിടിക്കുന്നു. ചിലയിടങ്ങളില്‍ മാത്രം നടക്കുന്ന വളര്‍ച്ചയുടെ വാര്‍ത്തയാണ് ഈ കണക്കുകള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, അവ പറയാതിരിക്കുന്ന സാമ്പത്തിക അസമത്വത്തിന്റെ കണക്കുകള്‍ കൂടി കാണുമ്പോള്‍ മാത്രമാണ് വളര്‍ച്ചയുടെ യാഥാര്‍ഥ്യം പൂര്‍ണ്ണമായി മനസ്സിലാക്കാനാവുകയുള്ളൂ.

Leave a comment