ഷി ജിന്‍പിംഗ് | PHOTO: PTI
യുഎസുമായി സഹകരിക്കാന്‍ തയ്യാറെന്ന് ചൈന
ആഗോള പ്രശ്നങ്ങൾ പരിഹരിക്കാൻ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായി ചൈന. ഇരുവിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് ആഗോള വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വ്യക്തമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ചൈന റിലേഷന്‍സ് ദേശീയ സമിതിയുടെ വാര്‍ഷിക ആഘോഷത്തില്‍ നല്‍കിയ കത്തിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനും ചൈനയ്ക്കും ഒത്തുചേരാനുള്ള മാര്‍ഗം ഉണ്ടാകുമോ ഇല്ലയോ എന്നത് ലോകത്തിനു മുന്നില്‍ നിര്‍ണായകമാണ്. ഈ ആഴ്ച അവസാനം വിദേശകാര്യ മന്ത്രി വാങ് യി വാഷിംഗ്ടണില്‍ നടത്തുന്ന സന്ദര്‍ശനത്തിനു മുമ്പായി പരസ്പര ബഹുമാനം, സമാധാനപരമായ സഹവര്‍ത്തിത്വം തുടങ്ങിയവ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യം സാമ്പത്തിക സഹകരണം
ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണത്തിനായി നവംബറില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഷിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് പ്രതീക്ഷ. അതിന് മുന്നോടിയായാണ് വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ നീളുന്ന ഉന്നത ചൈനീസ് നയതന്ത്രജ്ഞരുടെ കൂടിക്കാഴ്ച നടക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഐക്കണിക് സാന്‍ഫ്രാന്‍സിസ്‌കോയിലാണ് മൂന്നുദിവസത്തെ കൂടിക്കാഴ്ച.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള തീവ്രമായ മത്സരവും വ്യാപാരവും മുതല്‍ തായ്‌വാന്‍, ദക്ഷിണ ചൈനാ കടല്‍ എന്നീ വിഷയങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് രമ്യതയിലെത്തിക്കുകയുമാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്.
ഉലച്ചിലിനു പിന്നില്‍
കഴിഞ്ഞ ഫെബ്രുവരിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുഎസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണ്‍ യുഎസ് വെടിവെച്ചിട്ടിരുന്നു. ഇതേത്തുടര്‍ന്ന് സമുദ്രത്തിലേക്ക് ബലൂണ്‍ പതിക്കുകയായിരുന്നു. പ്രധാന സൈനിക കേന്ദ്രങ്ങളുടെ രഹസ്യം ചോര്‍ത്താനാണ് ചൈന ബലൂണ്‍ അയച്ചതെന്ന് യുഎസ് ആരോപിച്ചു. എന്നാല്‍, ചാരബലൂണല്ലെന്നും കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്ന ബലൂണ്‍ കാറ്റില്‍ ദിശതെറ്റി യുഎസ് വ്യോമമേഖലയിലെത്തുകയായിരുന്നുവെന്നുമായിരുന്നു ചൈനയുടെ വിശദീകരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതോടെയാണ് വഷളായത്.