TMJ
searchnav-menu
post-thumbnail

Outlook

ജെഎന്‍യു-വിലെ CHS ലൈബ്രറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍

12 Aug 2023   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

വികലമായ രാഷ്ട്രീയ മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ ഇടപെടലുകള്‍ നടത്തുക, ലൈബ്രറി സൗകര്യങ്ങള്‍ ഇല്ലാതാക്കുക, ചരിത്രപണ്ഡിതരെയും സാമൂഹ്യ ശാസ്ത്രജ്ഞരെയും അധിക്ഷേപിക്കുക എന്നിവയൊക്കെ അജണ്ടയായിരിക്കുന്ന ഒരു കാലത്താണ് ഇന്ത്യയിലെ കോടിക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സെന്റര്‍ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ (CHS) പ്രശസ്തമായ ലൈബ്രറി അടച്ചുപൂട്ടാനുള്ള സര്‍വകലാശാല അധികൃതരുടെ തീരുമാനം മേല്‍പ്പറഞ്ഞ നടപടികളുടെ തുടര്‍ച്ചയാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ തീരുമാനത്തിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. നിരവധി പുസ്തകങ്ങളും, ജേര്‍ണലുകളും, ഗവേഷണ പ്രബന്ധങ്ങളും എല്ലാമടങ്ങുന്ന  സിഎച്എസ് ലൈബ്രറി ജെഎന്‍യുവില്‍ മാത്രമല്ല രാജ്യമാകെ അറിയപ്പെടുന്നതാണ്. അത്തരമൊരു സ്ഥാപനത്തെ ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടാന്‍ ജെഎന്‍യു ഭരണകൂടം തീരുമാനിച്ചു എന്നാണ് ലഭിക്കുന്ന വിവരം.  അക്കാദമികവും ചരിത്രപരവുമായി വളരെ പ്രാധാന്യമുള്ള ഒരിടം അടച്ചുപൂട്ടാനുള്ള തീരുമാനത്തെ ലജ്ജാകരമായാണ് വിദ്യാര്‍ത്ഥികള്‍ കാണുന്നത്.

സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിന്റെ ലൈബ്രറി അടച്ചുപൂട്ടി പകരം അവിടെ തമിഴ് സാഹിത്യ പഠനത്തിനു പ്രത്യേകമായി ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിക്കാനാണ് സര്‍വകലാശാല ശ്രമിക്കുന്നത്. എന്നാല്‍ തമിഴ് സാഹിത്യ പഠനത്തിനു വേണ്ടി ഡിപ്പാര്‍ട്ട്മെന്റ് നിര്‍മ്മിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ജെഎന്‍യുവിന് 5 കോടി രൂപ 2022 ല്‍ തന്നെ കൈമാറിയിട്ടുണ്ട്. തുക വിനിയോഗിച്ച് യൂണിവേഴ്സിറ്റിയില്‍ മറ്റൊരിടത്ത് സൗകര്യം ഒരുക്കുന്നതിന് പകരം നിലനില്‍ക്കുന്ന, 18,000 പുസ്തകങ്ങളും നൂറുകണക്കിന് പിഎച്ച്ഡി തീസിസുകളും ജേണലുകളും, വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടായ 150-ഓളം വര്‍ഷം പഴക്കമുള്ള പുസ്തകങ്ങളും ഉള്ള ലൈബ്രറി അടച്ചുപൂട്ടുന്നത് അഭികാമ്യമാണോ എന്ന ചോദ്യം പ്രസക്തമാണ്. മാത്രമല്ല വളരെ പ്രധാനപ്പെട്ട കയ്യെഴുത്തുപ്രതികളും രേഖകളും നഷ്ടപ്പെടുമോ എന്ന ഭയവും അവര്‍ക്കുണ്ട്.

CHS LIBRARY | PHOTO: FACEBOOK
പുതുതായി ആരംഭിക്കുന്ന തമിഴ് സാഹിത്യപഠന വകുപ്പിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നില്ലെങ്കില്‍ ഈ പണം എന്തിനാണ് ഉപയോഗിച്ചത് എന്ന ചോദ്യവും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി അടച്ചുപൂട്ടാന്‍ പോവുകയാണെന്ന് മനസ്സിലായത്. എന്നാല്‍ ലൈബ്രറി അടച്ചുപൂട്ടുകയല്ല മാറ്റിസ്ഥാപിക്കുകയാണ് ചെയ്യുന്നതെന്നാണ് ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രൊഫ.ശാന്തിശ്രീ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് ഒരൊറ്റപ്പെട്ട സംഭവം അല്ല എന്ന് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു.  സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ റീഡിങ് റൂം അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ ഇതിന് മുന്‍പ് നടന്നിരുന്നു. 2019 മുതല്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ലൈബ്രറി പൂട്ടിക്കിടക്കുകയാണ്. ലൈബ്രറി അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സിലര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ലൈബ്രറികള്‍ അടച്ചിടുന്ന യൂണിവേഴ്സിറ്റിയുടെ പ്രവണത അനുവദിക്കില്ല എന്ന് കത്തില്‍ അവര്‍ വ്യക്തമാക്കുന്നു. യുജിസിയില്‍ നിന്നുള്ള പ്രത്യേക ധനസഹായം ഉപയോഗിച്ചാണ് CHS ലൈബ്രറി നിര്‍മ്മിച്ചത്. ഇത്രയും മികച്ച ഒരു ലൈബ്രറി പൊളിച്ചുമാറ്റുന്നത് തികച്ചും ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ബെര്‍ണാഡ് കോഹന്‍, സതീഷ് ചന്ദ്ര, ഡിഎന്‍ ഗുപ്ത തുടങ്ങിയ പ്രമുഖ പണ്ഡിതരുടെ വിലപ്പെട്ട സ്വകാര്യ പുസ്തക-പ്രബന്ധ ശേഖരം CHS ലൈബ്രറിക്ക് സംഭാവനയായി അവര്‍ നല്കിയിരിന്നു. വളരെ വേഗത്തിലായിരുന്നു ലൈബ്രറിയുടെ വളര്‍ച്ചയും വികാസവും. അതുകൊണ്ട് തന്നെ കെട്ടിടം വിപുലീകരിക്കാന്‍ യുജിസി അധിക ഗ്രാന്റും നല്‍കിയിരുന്നു. ലൈബ്രറി അവകാശമാണ് ഔദാര്യമല്ല എന്നാണ് വിദ്യാര്‍ത്ഥികള്‍ വിളിച്ചു പറയുന്നത്.

കേരളത്തിലുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലേയും യൂണിവേഴ്സിറ്റികളിലെ അല്ലെങ്കില്‍ കോളേജ് ലൈബ്രറികളുടെ പ്രവര്‍ത്തനം പൂര്‍ണമായും വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ക്കോ ആവശ്യങ്ങള്‍ക്കോ അനുസരിച്ചല്ല നടക്കുന്നത്. ലൈബ്രറി പുനഃസ്ഥാപിക്കുന്നതില്‍ എന്നല്ല ലൈബ്രറിയിലേക്കുള്ള പ്രവേശന സമയത്തില്‍ പോലും വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളും അഭിപ്രായങ്ങളും പരിഗണിക്കാറില്ല, ഇത്തരം വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായം പരിഗണിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും സ്ഥാപനങ്ങളുടെ അധികാരം കൈയ്യാളുന്നവര്‍ക്ക് ധാരണയില്ല. ജെഎന്‍യു ഉള്‍പ്പെടെയുള്ള പല സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലും ലൈബ്രറി സമയം 24 മണിക്കൂര്‍ ആണ്. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈബ്രറി സൗകര്യം എല്ലാ സമയത്തും ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കോ ഗവേഷകര്‍ക്കോ സാധിക്കാറില്ല. ഈ കാര്യത്തില്‍ ചര്‍ച്ചകളോ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് ഇടപെടലുകളോ ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ സദാചാര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറുകയാണ് പതിവ്.

ഗണപതി മിത്തും യാഥാര്‍ഥ്യവും ചര്‍ച്ചയാക്കുന്നതിന്റെ തിരക്കില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ജെഎന്‍യു-വിലെ പ്രശസ്തമായ ലൈബ്രറിക്ക് സംഭവിച്ച ദുര്യോഗം അറിഞ്ഞതായി പോലും തോന്നുന്നില്ല. ശാസ്ത്രീയമായ അറിവുകള്‍ക്ക് പകരം പാഠപുസ്തകങ്ങളില്‍ മിത്തുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതകളെ വിമര്‍ശിച്ച സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പു പറയണമെന്നായിരുന്നു  കുറച്ചു ദിവസം മുന്നേവരെ കേരളത്തിലെ പ്രധാന ചര്‍ച്ച. പാഠപുസ്തകങ്ങളില്‍ അനാവശ്യ കൈകടത്തലുകളും വെട്ടിമാറ്റലുകളും തിരുകികയറ്റലുകളും നടത്തുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാണ് ഉത്തരം. കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ആദ്യം ചെയ്തത് പാഠപുസ്തകങ്ങളിലെ ശുദ്ധികലശമാണ്. അതായത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പാഠപുസ്തകങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പിന്‍വലിക്കല്‍.


STUDENTS PROTESTING | PHOTO: PTI
6 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളില്‍ സുപ്രധാനമായ 18 മാറ്റങ്ങളാണ് കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്നത്. ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിനേയും വി ഡി സവര്‍ക്കറെയും കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടെ ബിജെപി സര്‍ക്കാര്‍ പുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കുകയും ബി ആര്‍ അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു, സാവിത്രി ബായി ഫൂലെ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. പലപ്പോഴും സ്റ്റേറ്റ് സിലബസുകളിലും എന്‍സിഇആര്‍ടി സിലബസുകളിലും പാഠപുസ്തകങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിവാദം സൃഷ്ടിക്കാറുണ്ട്. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ തങ്ങളുടെ അറിവോടെയോ നിര്‍ദേശങ്ങള്‍ക്കനുസരിച്ചോ അല്ല എന്നാരോപിച്ച് കൊണ്ട് സമിതി അംഗങ്ങള്‍ പാഠപുസ്തക സമിതിയില്‍ നിന്ന് തങ്ങളുടെ പേര് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട വാര്‍ത്തയും ഈയടുത്താണ് പുറത്ത് വന്നത്. എന്‍സിഇആര്‍ടി യുടെ പാഠപുസ്തക വികസന സമിതിയുടെ ഭാഗമായ 33 വിദഗ്ധരാണ് പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകങ്ങളില്‍ നിന്നും തങ്ങളുടെ പേരുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്.

വിദ്യാഭ്യാസ രംഗത്തെ തല തിരിഞ്ഞ ഇടപെടലുകളിലൂടെ ഒരു സമൂഹത്തിന്റെ മുഴുവന്‍ ബോധ്യങ്ങളിലും ഇടപെടാം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കൈകടത്തലുകള്‍ നടത്തുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും അതിനായി ഉപയോഗിക്കപ്പെടുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തിലും രീതിയിലും വ്യാപിക്കുന്ന പൊള്ളത്തരങ്ങളില്‍  നിരാശരായ  വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോവുന്നതില്‍ അത്ഭുതപ്പെടാനില്ല.

#outlook
Leave a comment