TMJ
searchnav-menu
post-thumbnail

TMJ Cinema

2018: ചരിത്രത്തെയും യാഥാർത്ഥ്യത്തെയും വിസ്മരിക്കുന്ന ഒരു ജൂഡ് ചിത്രം

16 May 2023   |   3 min Read
സ്കറിയ ചെറിയാൻ

2018 സിനിമ ഒരു ഗംഭീര എന്റർടൈനർ ആണെന്നതിൽ തർക്കമില്ല. അതുപോലെ തന്നെയാണ് ആ സിനിമയുടെ ടെക്‌നിക്കൽ ഭാഗവും സംവിധാനവും. പ്രളയത്തെയൊക്കെ ഇത്ര നന്നായി പ്രേക്ഷകരിലേക്ക് എത്തിച്ചതിന് ആ സിനിമയുടെ ഭാഗമായ എല്ലാവരും അഭിനന്ദനം അർഹിക്കുന്നുമുണ്ട്. തീയറ്ററിൽ ഏതൊരാളെയും പിടിച്ചിരുത്തുന്ന രംഗങ്ങളും, വൈകാരിക മുഹൂർത്തങ്ങളുമൊക്കെ നൽകി സിനിമ ആസ്വാദ്യകരം ആക്കുന്നതിൽ സംവിധായകനും അണിയറ പ്രവർത്തകരും നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്. എന്നാൽ സിനിമ യാഥാർഥ്യത്തോട് ഒട്ടും തന്നെ നീതി പുലർത്തിയിട്ടില്ല എന്നത് അതീവ ഗൗരവത്തോടെ തന്നെ കാണേണ്ടുന്ന ഒന്നാണ്. ഒരുപക്ഷെ വരും നാളുകളിൽ കേരളത്തിലെ മഹാപ്രളയത്തെ പറ്റിയുള്ള ആദ്യ റഫറൻസ് ആയി 2018 നെ നോക്കി കാണുന്ന ഒരു തലമുറ സ്വാഭാവികമായും യഥാർത്ഥ ചരിത്രത്തെ അറിയാതെ പോകും എന്നത് തർക്കമില്ലാത്ത കാര്യമാണ്.

2018 ലെ മഹാപ്രളയത്തിൽ കുറച്ച് മത്സ്യതൊഴിലാളികളും, നാട്ടുകാരും മാത്രമാണ് രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ടത് എന്നാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്. മാത്രമല്ല സർക്കാർ സംവിധാനങ്ങളെ ഇകഴ്ത്തി കാണിക്കുന്ന രീതിയിലും സർക്കാർ സംവിധാനങ്ങൾ യാതൊരുവിധത്തിലും പ്രളയത്തിൽ പ്രവർത്തിച്ചില്ല എന്നുള്ള ഒരു നാറേറ്റീവുമാണ് ജൂഡിന്റെ 2018 പ്രേക്ഷകർക്ക് മുന്നിൽ പറഞ്ഞുവയ്ക്കുന്നത്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ സർക്കാരോ സർക്കാർ സംവിധാനം എന്തെങ്കിലും ചെയ്യുന്നതായി പറയുന്നില്ല. മറിച്ച് ഏതോ ഒരു വൈദികന്റെ വാക്ക് അനുസരിച്ച് വരുന്ന ഒരു ഭാഗത്തെ മത്സ്യതൊഴിലാളികളെയും നാട്ടിലെ ഒരു പട്ടാളക്കാരനെയുമാണ് പ്രളയത്തിൽ ജനങ്ങളുടെ രക്ഷകരായി കാണിക്കുന്നത്.



ഇനി യാഥാർത്ഥ്യം സിനിമ പറഞ്ഞതായിരുന്നോ? തീർച്ചയായും അല്ല. സിനിമ പറയുന്ന പോലെ ഒരു വൈദികന്റെ വാക്കും കേട്ട് ഏതാനും കുറച്ച് മത്സ്യതൊഴിലാളികൾ മാത്രമല്ല രക്ഷാപ്രവർത്തനത്തിന് എത്തിയത്; കേരളത്തിന്റെ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കൃത്യമായ ഇടപെടൽ തന്നെയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മത്സ്യതൊഴിലാളികളെ രക്ഷപ്രവർത്തനത്തിന് എത്തിച്ചത്. അത്‌ വെറുമൊരു മതത്തിന്റെ നേതൃത്വത്തിലേക്ക് ചുരുക്കിയതിലൂടെ ജൂഡ് അയാളുടെ അജണ്ട വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, കേരളത്തിലെ സർക്കാർ സംവിധാനങ്ങളെ പാടെ മറന്ന സംവിധായകൻ കേന്ദ്ര സേനയെ ഹീറോയിക് പരിവേഷം നൽകി അവതരിപ്പിച്ചതും അയാളുടെ രാഷ്ട്രീയം പറയാതെ പറയുന്നു.

അതേപോലെ കേരള സർക്കാരിനെ ഇകഴ്ത്തി കാണിക്കാൻ തന്നെയാവും സേവ് കേരള എന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ആണ് മഹാപ്രളയത്തിൽ കളക്ടർ ഉൾപ്പടെ ഉള്ളവരെ ഡയറക്റ്റ് ചെയ്തത് എന്ന കാണിക്കുന്നതിലൂടെ ജൂഡ് പറഞ്ഞു വയ്ക്കുന്നത്. യാതൊരു യുക്തിയുമില്ലാത്ത ഇത്തരം സീനുകൾ യാദ്യശ്ചികമായി വന്നതല്ല എന്നതാണ് വസ്തുത. പ്രളയ സമയത്ത് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച സർക്കാരിനെ അവഹേളിക്കുന്നതിന് സമാനമായിരുന്നു മേല്പറഞ്ഞ സീനുകൾ. ഇനിയും, കേരളത്തിന്റെ മുഖ്യമന്ത്രിയെ സിനിമയിൽ കാണിച്ചത് ഒരു നിസ്സഹായനായ മുഖ്യൻ ആയിട്ടാണ്. എന്നാൽ പ്രളയ കാലത്ത് നാം കണ്ടതാണ് മുഖ്യമന്ത്രി എങ്ങനെ ഒരു ക്രൈസിസ് മാനേജർ ആയി പ്രവർത്തിച്ചു എന്നത്. "നമ്മൾ ഇനി എന്ത് ചെയ്യും " എന്നല്ല " നമ്മൾ ഒന്നിച്ച് ഇറങ്ങുവല്ലേ" എന്നാണ് അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങൾ എങ്ങനെ കേരള സമൂഹത്തിന് ആശ്വാസം പകർന്നു എന്നത് നേരിട്ട് നാം അനുഭവിച്ച വസ്തുതയാണ്. ടെലെഗ്രാഫ് അന്ന് അവരുടെ ഹെഡ് ലൈൻ ആയി കൊടുത്തത് ഇങ്ങനെ ആയിരുന്നു; CM, The Crisis Manager: Malayali Turns To Pinarayi Vijayan. അത്രമാത്രം മികവോടെയാണ് അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയും സർക്കാർ സംവിധാനങ്ങളും പ്രവർത്തിച്ചത്. ജൂഡ് തന്റെ സിനിമയിലൂടെ ഇതിന് വിപരീതമായൊരു വ്യാഖ്യാനമാണ് നൽകിയത്.

കൂടാതെ കേരള പോലീസിനെ പേരിന് മാത്രം സ്‌ക്രീനിൽ കാണിച്ച ജൂഡ് ഏത് നാട്ടിലെ പ്രളയം ആണ് സിനിമ ആക്കിയത് എന്നതാണ് ഇപ്പോൾ സംശയം. ഒരു കൈ കുഞ്ഞിനെയുമെടുത്ത് മുങ്ങാറായ പാലത്തിൽ കൂടി ഓടുന്ന ഒരു പോലീസുകാരന്റെ ചിത്രം മലയാളി ഒരിക്കലും മറക്കില്ല. അങ്ങനെ എത്രയോ പോലീസുകാർ ഊണും ഉറക്കവുമില്ലാതെ പ്രളയം സമയത്ത് ഈ നാട്ടിൽ പ്രവർത്തിച്ചു. എടുത്ത് പറയേണ്ടതും സിനിമ അവഗണിച്ചതുമായ മറ്റൊരു വിഭാഗമാണ് ഇവിടുത്തെ ഫയർ ഫോഴ്‌സും കെ എസ് ഇ ബിയും. ജീവൻ പണയം വച്ചുകൊണ്ടുള്ള അവരുടെ പ്രവർത്തനങ്ങൾ ജൂഡ് എന്ന സംവിധായകൻ മറച്ചു വച്ചത് അവരൊക്കെ സ്റ്റേറ്റ് മെഷീനറി ആയതുകൊണ്ട് തന്നെയാവും.


ജൂഡ് ആൻ്റണി ജോസഫ് | Photo: Instagram

അതോടൊപ്പം തന്നെ ജൂഡ് മനഃപൂർവം ഒഴിവാക്കിയ വിഭാഗങ്ങൾ ആണ് ഈ നാട്ടിലെ പൊതുപ്രവർത്തകരും, യുവജന സംഘടനകളും, ആരോഗ്യ പ്രവർത്തകരുമൊക്കെ. ഓരോ ദുരിതാശ്വാസ ക്യാമ്പുകളും കോർഡിനേറ്റ് ചെയ്യപ്പെട്ടത് അതാതു പ്രദേശങ്ങളിലെ പൊതു പ്രവർത്തകരുടെയും പഞ്ചായത്ത്‌ മെമ്പർമാരുടെയും നേതൃത്വത്തിൽ ആണ്. എന്നാൽ 2018 ൽ പേരിന് പോലും ഒരു പഞ്ചായത്ത്‌ മെമ്പറോ പൊതുപ്രവർത്തകനോ ഒരു സീനിൽ പോലും ഉണ്ടായില്ല എന്നതും നിസ്സാരമായി തള്ളികളയേണ്ടുന്ന ഒരു കാര്യമല്ല. ഈ നാട്ടിലെ DYFI പോലെയുള്ള യുവജന സംഘടനകളും വിദ്യാർത്ഥി സംഘടനകളും വഹിച്ച പങ്കിനെയും സിനിമ അകറ്റി നിർത്തുകയാണ് ചെയ്തിരിക്കുന്നത്. മറ്റേത് മേഖലയിലെയും പോലെ രാപ്പകൽ അധ്വാനിച്ച ആരോഗ്യ പ്രവർത്തകരെ പോലും ജൂഡ് തന്റെ സിനിമയിൽ പ്രതിപാതിച്ചിട്ടില്ല.

അങ്ങനെ സർവ്വതലങ്ങളിലുമുള്ള സർക്കാർ ജോലിക്കാർ മുതൽ വിവിധ രാഷ്ട്രീയ പാർട്ടികളും ജന പ്രതിനിധികളും, സന്നദ്ധ സംഘടനകളും നടത്തിയ ഇടപെടൽ പോലും ജൂഡ് എന്ന സംവിധായകൻ മനഃപൂർവം മറച്ചു വച്ചതും അയാളുടെ രാഷ്ട്രീയ അജണ്ടയാണ്. സിനിമ കണ്ടിറങ്ങുന്ന ഒരു വിഭാഗം എങ്കിലും സിനിമ പറഞ്ഞുവയ്ക്കുന്ന ഈ കെട്ടുകഥ വിശ്വസിക്കും, ഒപ്പം വരുന്നൊരു തലമുറ ഇതായിരുന്നു യാഥാർത്ഥ്യം എന്നും, സ്റ്റേറ്റ് മെഷീനറി ചെയ്ത കഠിനമായ ദൗത്യം അറിയാതെ പോവുകയും ചെയ്തേക്കാം. മാത്രമല്ല ഈ സിനിമ വടക്കേ ഇന്ത്യയിൽ ചെല്ലുമ്പോൾ ഏത് രീതിയിൽ ആയിരിക്കാം ഏറ്റെടുക്കുക എന്നതിൽ സംശയമൊന്നുമില്ല. ഇടതുപക്ഷസർക്കാരിനെ മോശമായി ചിത്രീകരിക്കാൻ, ദി കേരള സ്റ്റോറിയുടെ കൂടെ മറ്റൊരു മലയാള സിനിമ കൂടി അവിടേക്ക് എത്തും. 2018 എന്ന സിനിമ ദി റിയൽ കേരള സ്റ്റോറി അല്ല മറിച്ച് അത്‌ ജൂഡ് എന്ന പ്രിവിലേജ്ഡ് ഇടതുവിരുദ്ധന്റെ ചരിത്രത്തോടുള്ള നീതി കേട് മാത്രമാണ്.

#cinema
Leave a comment