മമ്മൂട്ടി കമ്പനി എന്ന ബ്രാന്‍ഡ്
2021ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒരു ചിത്രത്തിനായി ഒത്തുചേരുന്നു എന്ന വാര്‍ത്ത സിനിമാ പ്രേക്ഷകരെയും അരാധകരെയും ഒരുപോലെ ഉത്തേജിപ്പിച്ചിരുന്നു. ആ ആവേശത്തിന് മാറ്റ് കൂട്ടുന്ന ഒരു പ്രഖ്യാപനം ആയിരുന്നു മമ്മൂട്ടി എന്ന നടന്‍ ''മമ്മൂട്ടി കമ്പനി'' എന്ന ബാനറില്‍ സിനിമ നിര്‍മ്മിക്കുകയും കൂടി ചെയുന്നു എന്നത്. മമ്മൂട്ടി മുന്‍പും Play house ന്റെ ബാനറിലും അല്ലാതെയും മലയാള സിനിമാ നിര്‍മ്മാണ രംഗത്ത് സജീവം ആയിരുന്നെങ്കിലും കോവിഡ് മഹാമാരിക്ക് ശേഷം പുതിയ പേരിലും രൂപത്തിലും ആണ് 'മമ്മൂട്ടി കമ്പനി'യുടെ വരവ്. മമ്മൂട്ടി എന്ന ബ്രാന്‍ഡ് ആണ് 'മമ്മൂട്ടി കമ്പനി'യിലേക്ക് ആദ്യം പ്രേക്ഷകരുടെ ശ്രദ്ധയെ ആകര്‍ഷിച്ചതെങ്കിലും ഇന്ന് ആ ബാനര്‍ തന്നെ ഒരു ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞു. നിലവാരവും വ്യത്യസ്തതയും വൈവിധ്യവും മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ യുഎസ്പി ആയി. ''റോഷാക്ക്' ''നന്‍പകല്‍ നേരത്ത് മയക്കം'' ''കണ്ണൂര്‍ സ്‌ക്വാഡ്'' ''കാതല്‍'' എന്നീ നാല് ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി ഇതുവരെ അനൗണ്‍സ് ചെയ്തിട്ടുള്ളത്. അതില്‍ ഇത് വരെ റിലീസ് ചെയ്തത് മൂന്ന് ചിത്രങ്ങളും.
അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണതകളായിരുന്നു എന്നും മമ്മൂട്ടി ചിത്രങ്ങളുടെ സവിശേഷത. പക നിറഞ്ഞ നായകനും അയാളുടെ പ്രതികാരവും ആണ് ന്യു ഡല്‍ഹി, നിറക്കൂട്ട്, ധ്രുവം, ബിഗ് ബി തുടങ്ങിയ പല ചിത്രങ്ങളുടെയും പ്രധാനകഥ. നന്മ-തിന്മകള്‍ തമ്മിലുള്ള പോരാട്ടത്തിനപ്പുറം നായക കഥാപാത്രങ്ങളുടെ ഗ്രേ ഷേഡുകള്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ സങ്കീര്‍ണ്ണതകളും സിനിമയ്ക്ക് പുതിയ മാനങ്ങളും നല്‍കി.
PHOTO: FACEBOOK
കാലങ്ങള്‍ക്കിപ്പുറം റോഷാക്കിലെ ലൂക്ക് ആന്റണി ആയി മമ്മൂട്ടി അവതരിക്കുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തം അല്ല. സ്പാനിഷ്, കൊറിയന്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള മേക്കിങ് സ്റ്റൈലും മ്യൂസിക്കും റോഷാക്കിനെ പുതിയൊരു കാഴ്ച്ചാനുഭവം ആക്കി. 'മമ്മൂട്ടി കമ്പനി' യുടെ ബാനറില്‍ ആദ്യം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മുഖ്യ കഥാപാത്രം ആയ ലൂക്കിനോട് ഒരേ സമയം സഹതാപവും അയാളുടെ പ്രതികാരത്തില്‍ ശരികളും തോന്നുമെങ്കിലും അയാളോട് പൂര്‍ണമായും യോജിക്കാന്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. അതിന് കാരണം ആ കഥാപാത്രത്തിന്റെ ഗ്രേ ഷേഡുകള്‍ തന്നെ.
2021 ഡിസംബര്‍ മാസം ആണ് ഐഎഫ്എഫ്കെയില്‍ തരംഗമായി മമ്മൂട്ടി കമ്പനിയുടെ രണ്ടാം റിലീസ് ആയ 'നന്‍പകല്‍ നേരത്ത് മയക്കം' ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. മൂന്ന് ഷോകള്‍ ഉണ്ടായിരുന്ന സിനിമാമേളയില്‍ അത് മികച്ച പ്രേക്ഷക ശ്രദ്ധ തന്നെ നേടി. പല അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം തിയേറ്ററുകളില്‍ വലിയ വിജയം കൈവരിച്ചില്ലെങ്കിലും സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്ന് നിസ്സംശയം നിരൂപകരും പ്രേക്ഷകരും ചിത്രത്തെ വിലയിരുത്തി. മമ്മൂട്ടി എന്ന നടന്റെ വ്യാപ്തിയും പ്രാപ്തിയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതം ആണെങ്കിലും സുന്ദരവും ജെയിംസും ആയി അവതരിച്ച മമ്മൂട്ടി പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കുക തന്നെ ചെയ്തു. പല ഭാഷകളും സ്ലാങ്ങുകളും മമ്മൂട്ടി കൈകാര്യം ചെയ്യുന്ന അനായാസത പ്രേക്ഷകര്‍ക്ക് അത്ഭുതമായി. വളരെ കുറച്ച് മാത്രം തമിഴ് അറിയാവുന്ന, തിരുക്കുറലിനെ ഒരു പ്രതിമയായി മാത്രം കണ്ട ജെയിംസില്‍ നിന്നും നടികര്‍ തിലകം ശിവാജി ഗണേശന്റെ നെടുനീളന്‍ തമിഴ് സംഭാഷണത്തില്‍ അഭിനയിക്കുന്ന സുന്ദരത്തിലേക്കുള്ള പരിണാമം മമ്മൂട്ടി എന്ന നടന്‍ കാവ്യഭംഗിയോടെ തന്നെ കാഴ്ച്ചവച്ചു.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ തിയേറ്ററുകളില്‍ ഇറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. 2013 ല്‍ കാസര്‍ഗോഡ് നടന്ന സ്വര്‍ണ്ണക്കവര്‍ച്ചയെ ആസ്പദമാക്കി ഇറങ്ങിയ ചിത്രം ഇതിനോടകം തിയേറ്ററുകളില്‍ വന്‍ വിജയം ആയി മാറിക്കഴിഞ്ഞു. എഎസ്‌ഐ ജോര്‍ജ്ജ് മാര്‍ട്ടിന്‍ ആയി അവതരിക്കുന്ന മമ്മൂട്ടിയുടെ പ്രകടനം ഇക്കുറിയും പ്രേക്ഷക മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. വെറും ഒരു അന്വേഷണകഥയ്ക്കപ്പുറം റിയലിസ്റ്റിക് ആയൊരു പൊലീസ് ചിത്രമെന്ന അഭിപ്രായം കൂടിയുണ്ട് പ്രേക്ഷകര്‍ക്കിടയില്‍.
PHOTO: FACEBOOK
കോവിഡ് കാലത്ത് അഭിനയത്തില്‍ നിന്ന് ഒരു കൊല്ലം വിട്ട് നിന്നിരുന്ന മമ്മൂട്ടി എന്ന നടന്‍ 2021 ല്‍ അമല്‍ നീരദിന്റെ ഭീഷ്മപര്‍വ്വത്തിലൂടെ ആണ് തിരിച്ച് അഭിനയ ജീവിതത്തില്‍ വീണ്ടും സജീവം ആകുന്നത്. കോവിഡ് കാലത്തെ ഭൂരിഭാഗം സമയവും പുസ്തക വായനയ്ക്കും സിനിമ കാഴ്ച്ചകള്‍ക്കും വേണ്ടി ആണ് ചിലവഴിച്ചത് എന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2020 ന് മുന്‍പുള്ളൊരു കാലഘട്ടത്തില്‍ വളരെ ശരാശരി ചിത്രങ്ങള്‍ മാത്രം ആയിരുന്നു മമ്മൂട്ടിയുടേതായി പുറത്ത് വന്നത്. ഇതില്‍ പല ചിത്രങ്ങളും സാമ്പത്തികം ആയും വലിയ വിജയങ്ങള്‍ കൈവരിച്ചിരുന്നില്ല. അങ്ങനെ ഒരു കാലഘട്ടത്തിന് ശേഷം സ്വയം re-invent ചെയ്യുകയായിരുന്നു അദ്ദേഹമെന്നാണ് പിന്നീടുള്ള സെലക്ഷനുകളും ഒരുങ്ങിയ ചിത്രങ്ങളും അനുഭവപ്പെടുത്തുന്നത്. ഏത് നടനും സ്വപ്നം കാണുന്ന രീതിയില്‍ ഉള്ള ലൈന്‍ അപ്പുകളും വൈവിധ്യങ്ങളും ആണ് 2020 മുതല്‍ മമ്മൂട്ടി ചിത്രങ്ങളില്‍ ഉള്ളത്. പ്രൊഡക്ഷന്‍ രംഗത്ത് ഇതിന് മുമ്പും സജീവമായിരുന്ന മമ്മൂട്ടി ഒരു ഇടവേളയ്ക്ക് ശേഷം ''മമ്മൂട്ടി കമ്പനി'' യുമായി മടങ്ങിയെത്തുമ്പോള്‍ അതൊരു re-invention തന്നെയായാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത്. ഈ ബാനറില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ ക്വാളിറ്റിയിലും കഥയിലെ വ്യത്യസ്തതയിലും അത് ചര്‍ച്ച ചെയുന്ന വിഷയങ്ങളിലും പുതിയ മാനങ്ങള്‍ കണ്ടെത്തുന്നു. ഇനി റിലീസിനൊരുങ്ങുന്ന ജിയോ ബേബി ചിത്രം ആയ ''കാതല്‍'' മമ്മൂട്ടി - ജിയോ ബേബി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന ആകാംക്ഷക്ക് അപ്പുറം 'മമ്മൂട്ടി കമ്പനി' എന്ന ബാനറിലെ വിശ്വാസവും പ്രതീക്ഷയും വര്‍ദ്ധിപ്പിക്കുകയാണ്.