
നാല് പതിറ്റാണ്ടായി പണിഞ്ഞ് തീരാത്ത സിനിമ
സിനിമയുടെ ചരിത്രം പരിശോധിച്ചാൽ പല കാരണങ്ങളാൽ വളരെയധികം നീണ്ട കാലമെടുത്ത് പൂർത്തീകരിച്ച സിനിമകൾ പലതുണ്ട് എന്ന് കാണാം. സാമ്പത്തിക പ്രശ്നങ്ങൾ, സൃഷ്ടിപരമായ അഭിപ്രായ വ്യത്യാസങ്ങൾ, അസാധാരണ ചിത്രീകരണ രീതികൾ എന്നിവ ചില കാരണങ്ങളാണ്. The Tragedy of Man എന്ന അനിമേഷൻ സിനിമ പൂർത്തിയാവാൻ 23 വർഷങ്ങൾ എടുത്തു. The Thief and the Cobbler എന്ന അനിമേഷൻ സിനിമ 1964ൽ നിർമ്മാണം ആരംഭിച്ച് 29 വർഷത്തിന് ശേഷം 1993ൽ പരിഷ്കരിച്ച രൂപത്തിൽ പുറത്തിറങ്ങി. ഓർസൺ വെൽസിന്റെ The Other Side of the Wind എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തുടക്കം മുതൽ റിലീസ് വരെ 48 വർഷമെടുത്തു. 1970നും 1976നും ഇടയിൽ പലപ്പോഴായി വെൽസ് സിനിമയുടെ ചിത്രീകരണം നടത്തി. 1980കളിൽ വെൽസ് ഇടയ്ക്കിടെ സിനിമ എഡിറ്റ് ചെയ്തു. പക്ഷേ സാമ്പത്തിക, നിയമ, രാഷ്ട്രീയ സങ്കീർണതകളിൽ കുടുങ്ങിയത് കാരണം സിനിമ പൂർത്തിയായില്ല. 1985ൽ വെൽസിന്റെ മരണശേഷം, പൂർത്തിയാകാത്ത സിനിമ പുനർനിർമ്മിക്കാൻ നിരവധി ശ്രമങ്ങൾ നടന്നു. ഒടുവിൽ നിർമ്മാതാവ് ഫ്രാങ്ക് മാർഷലും എഡിറ്റർ ബോബ് മുറാവ്സ്‌കിയും സിനിമ പൂർത്തിയാക്കി 2018ൽ റിലീസ് ചെയ്തു. വെൽസിന്റെ തന്നെ Don Quixote എന്ന സിനിമയുടെ പ്രധാന ചിത്രീകരണം 1957നും 1969നും ഇടയിലാണ് നടന്നത്. പരീക്ഷണ ദൃശ്യങ്ങൾ 1955ൽ ചിത്രീകരിച്ചു. സെക്കന്റ് യൂണിറ്റ് ഫോട്ടോഗ്രാഫി 1972ൽ അവസാനിച്ചു. 1985ൽ മരിക്കുന്നതുവരെ വെൽസ് ഇടയ്ക്കിടെ സിനിമയുടെ ജോലി തുടർന്നു. ഒടുവിൽ ജെസസ് ഫ്രാങ്കോ എഡിറ്റ് ചെയ്ത് ഈ സിനിമ 1992ൽ പുറത്തിറങ്ങി. Mad God എന്ന സ്റ്റോപ്പ് മോഷൻ സിനിമ പൂർത്തിയാക്കാൻ 30 വർഷമെടുത്തു. Mugal-E-Azam എന്ന സിനിമ നിർമ്മിക്കാൻ 14 വർഷമെടുത്തു. Dangerous Man എന്ന സിനിമയുടെ നിർമ്മാണ കാലയളവ് 21 വർഷമായിരുന്നു. Boyhood എന്ന സിനിമ 12 വർഷം കൊണ്ടാണ് പൂർത്തിയായത്. കാരണം, ഒരു ദശാബ്ദത്തിൽ നടക്കുന്ന കഥയിൽ അഭിനേതാക്കളുടെ സ്വാഭാവിക വാർദ്ധക്യം കാണിക്കാനായിരുന്നു കാലതാമസം. Pakeezha എന്ന സിനിമ 16 വർഷമായി നിർമ്മാണത്തിലായിരുന്നു. പ്രധാന നടി മീനാകുമാരിയുടെയും സംവിധായകൻ കമൽ അംരോഹിയുടെയും വേർപിരിയലായിരുന്നു കാരണം. Silver Globe എന്ന പോളിഷ് സയൻസ് ഫിക്ഷൻ സിനിമയുടെ നിർമ്മാണം 1977ൽ സാംസ്കാരിക അധികാരികൾ നിർത്തിവച്ചു. ഒരു ദശാബ്ദത്തിലേറെ കഴിഞ്ഞ് സംവിധായകൻ രാജ്യത്തേക്ക് മടങ്ങി ശേഷിക്കുന്ന ദൃശ്യങ്ങൾ കടത്തിക്കൊണ്ടുപോയി, കാണാതായ ഭാഗങ്ങൾ വോയ്സ് ഓവറോടെ പൂരിപ്പിച്ച് പുറത്തിറക്കി.
ഓർസൺ വെൽസ് | PHOTO : WIKI COMMONS
എന്നാൽ യൂറി നോർസ്റ്റീൻ (Yuri Norstein) എന്ന റഷ്യൻ സംവിധായകന്റെ ‘Overcoat ‘എന്ന അനിമേഷൻ സിനിമ ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. 1981ൽ പ്രവർത്തനം ആരംഭിച്ച ഈ സിനിമ 2025ലും പൂർത്തിയായിട്ടില്ല. ഒരു പക്ഷെ ഈ സിനിമയെ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയമെടുത്തിട്ടും പൂർത്തിയാവാത്ത സിനിമ എന്ന് വിശേഷിപ്പിക്കാം.
ഒരു ജൂത കുടുംബത്തിലാണ് നോർസ്റ്റീൻ ജനിച്ചത്, രണ്ടാം ലോകമഹായുദ്ധ കാലത്തെ കൂടിയൊഴിപ്പിക്കലിന്റെ സമയത്ത്. ഈ അനുഭവങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. ആർട്ട് സ്കൂളിൽ പഠിച്ച ശേഷം, നോർസ്റ്റീൻ ഒരു ഫർണിച്ചർ ഫാക്ടറിയിൽ ജോലി ചെയ്തു. തുടർന്ന് അദ്ദേഹം സ്റ്റുഡിയോ സോയുസ് മാൾട്ട്ഫിലിമിൽ നിന്ന് രണ്ട് വർഷത്തെ അനിമേഷൻ കോഴ്‌സ് പൂർത്തിയാക്കി. പിന്നീട് ഇതേ സ്ഥാപനത്തിനുവേണ്ടി അനിമേഷൻ ആർട്ടിസ്റ്റായി പ്രവർത്തിച്ച ശേഷം സ്വന്തമായി സിനിമകൾ സംവിധാനം ചെയ്തു.
സോവിയറ്റ് യൂണിയന്റെ സ്റ്റേറ്റ് പ്രൈസ്, തർക്കോവ്സ്കി പ്രൈസ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കാർലോവി വേരി മുതലായ പ്രശസ്തങ്ങളായ മേളകളിൽ നിന്നും അദ്ദേഹത്തിന്റെ സിനിമകൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അതുപോലെ ജപ്പാന്റെ ഓർഡർ ഓഫ് ദി റൈസിംഗ് സൺ, പീപ്പിൾസ് ആർട്ടിസ്റ്റ് ഓഫ് റഷ്യ എന്നീ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ആദ്യത്തെ സോവിയറ്റ് അനിമേറ്റഡ് സിനിമയായ സിഗാ വർത്തോവിന്റെ ‘സോവിയറ്റ് ടോയ്‌സി’ൽ (1924) തുടങ്ങി, കിഴക്കൻ യൂറോപ്യൻ അനിമേഷൻ ഡിസ്നി, ഹോളിവുഡ് അനിമേഷൻ സിനിമാ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി സ്വയം നിർവചിച്ചു. വർത്തോവും ഒരു ജൂതനായിരുന്നു. 1920 മുതൽ 1980വരെ സോവിയറ്റ് അനിമേറ്റഡ് സിനിമയുടെ കേന്ദ്രബിന്ദു ജൂതന്മാരായിരുന്നു. പുതിയൊരു മാധ്യമവും രൂപത്തിൽ വളരെ പരീക്ഷണാത്മകവുമായിരുന്ന കാലത്താണ് ജൂതർ ഈ മേഖലയിലേക്ക് കടന്നുവന്നത്. മോസ്കോ സ്റ്റേറ്റ് ജൂത തിയേറ്റർ അടച്ചുപൂട്ടിയപ്പോൾ നിരവധി ആവാംഗ്-ഗാർഡ്, ജൂത നാടക പ്രവർത്തകർ സോയൂസ് മൾട്ട്ഫിലിമിൽ സംവിധായകർ, കലാകാരന്മാർ, എഴുത്തുകാർ, അഭിനേതാക്കൾ, പാവ നിർമ്മാതാക്കൾ, ക്യാമറമാൻമാർ എന്നീ നിലകളിൽ തങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു.
യൂറി നോർസ്റ്റീൻ | PHOTO : WIKI COMMONS
ഗൊഗോളിന്റെ കഥയുടെ അനിമേഷൻ ആവിഷ്കാരമാണ് ഈ സിനിമ. സെന്റ് പീറ്റേർസ് ബർഗിലെ ഒരു ഓഫീസിൽ ജോലിചെയ്യുന്ന ദരിദ്രനായ അകാക്കിയുടെ കഥയാണിത്. തന്റെ വേഷം കാരണം സഹപ്രവർത്തകരാൽ അയാൾ നിരന്തരം പരിഹസിക്കപ്പെടുന്നു. തന്റെ പഴയ കോട്ട് തീർത്തും ഉപയോഗശൂന്യമായപ്പോൾ അയാൾ വലിയ സാമ്പത്തിക ത്യാഗങ്ങൾ സഹിച്ചുകൊണ്ട് മനോഹരമായ ഒരു പുതിയ കോട്ട് തുന്നിക്കുന്നു. ഇത് അല്പസമയത്തേക്ക് അയാളുടെ സാമൂഹിക പദവി ഉയർത്തുന്നു. എന്നാൽ പുതിയ കോട്ട് ധരിച്ച ആദ്യ രാത്രിയിൽ തന്നെ അക്രമികൾ അയാളെ മർദ്ദിച്ച് കോട്ട് മോഷ്ടിക്കുന്നു. അധികൃതരിൽ നിന്ന് ഒരു സഹായവും ലഭിക്കാത്ത അകാക്കി അസുഖം ബാധിച്ച് മരിക്കുന്നു. മരണശേഷം അയാളുടെ ആത്മാവ് തന്നെ സഹായിക്കാൻ വിസമ്മതിച്ച ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ കോട്ടുകൾ പിടിച്ചുവാങ്ങി പ്രതികാരം ചെയ്യുന്നു.
ഗൊഗോളിന്റെ ചെറുകഥ അസംബന്ധവും ആക്ഷേപഹാസ്യവും ഉള്ള റിയലിസ്റ്റിക് സാഹിത്യമാണ്. അതേസമയം, അനിമേഷൻ ദൃശ്യശൈലിയിലൂടെ കഥയുടെ ദുരന്തത്തിനും അതിശയകരമായ വശത്തിനും നോർസ്റ്റീൻ പ്രാധാന്യം നല്കുന്നു. സംവിധായകന്റെ പ്രത്യേകതയുള്ള ശൈലി – കട്ട്-ഔട്ട് അനിമേഷൻ - കഥയെ ദൃശ്യപരമായി യക്ഷിക്കഥപോലുള്ളതാക്കാനും സ്വപ്നസമാനമായ ഒരു പശ്ചാത്തലത്തിലേക്ക് വിവർത്തനം ചെയ്യാനും ശ്രമിക്കുന്നു. വ്യക്തമായി വിവരിക്കുന്നതിനെക്കാൾ കഥയിൽ ഒഴിവാക്കിയതോ സൂചിപ്പിക്കുന്നതോ ആയവയിലാണ് തനിക്ക് കൂടുതൽ താത്പര്യം എന്ന് നോർസ്റ്റീൻ പറയുകയുണ്ടായി. ഇത് സൂചിപ്പിക്കുന്നത് കഥയുടെ അക്ഷരാർത്ഥത്തിലുള്ള വിവർത്തനമല്ല സിനിമ, മറിച്ച്, ദാരിദ്ര്യം, സാമൂഹിക അകൽച്ച, മനുഷ്യന്റെ അന്തസ്സ്, ജീവിതത്തിൽ ഭൗതിക വസ്തുവിന്റെ വലിയ പ്രാധാന്യം എന്നിവയെ കുറിച്ചുള്ള ആഴമേറിയതും വ്യക്തിപരവുമായ ധ്യാനമാണ്.
ഈ സിനിമ അനിമേഷൻ എന്ന നിലയിൽ അനിമേഷന്റെ പരകോടിയെ പ്രതിനിധീകരിക്കുന്നു. വാണിജ്യ സമ്മർദ്ദങ്ങളെയോ, സമയ പരിധിയെക്കാളോ ഏറെ നൈപുണ്യമുള്ള സങ്കേതങ്ങളും വിട്ടുവീഴ്ചയില്ലാത്ത കലാപരമായ അനോഭാവവും പ്രകടിപ്പിക്കുന്നു ഈ സിനിമ. അനന്യവും കാവ്യാത്മകവുമായ ദർശനവും വിപ്ലവകരമായ സാങ്കേതിക സമീപനവുമാണ് നോർസ്റ്റീന്റെ സിനിമകളുടെ മുഖമുദ്ര. മൾട്ടി-പ്ലെയിൻ ടെക്നിക് ആണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഒന്നിലധികം ഗ്ലാസ് പാളികൾ ഉപയോഗിച്ച് സവിശേഷവും വിപുലവുമായ കട്ട്-ഔട്ട് അനിമേഷനാണ് അദ്ദേഹം ഉപയോഗിക്കുന്നന്നത്. വ്യത്യസ്ത ഗ്ലാസ് ഷീറ്റുകളിൽ കട്ട്-ഔട്ട് രൂപങ്ങളുടെയും പശ്ചാത്തലങ്ങളുടെയും പാളികൾ സ്ഥാപിച്ച് , മുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ച് അവയെ ചിത്രീകരിക്കുന്നു. ഇതിലൂടെ അദ്ദേഹം 3D ഡെപ്തിന്റെയും വീക്ഷണകോണുകളുടെയും സൂക്ഷമ ചലനങ്ങളുടെയും ലോകം സൃഷ്ടിച്ചു. ഇത് നോർസ്റ്റീന്റെ സിനിമകൾക്ക് ചിത്രകലയുടെയും ശില്പത്തിന്റെയും ഗുണം നല്കി. അവ പരന്ന കട്ട്-ഔട്ടുകളെക്കാൾ സുഗമമായി ചലിക്കുന്ന സ്കെച്ചുകളൊ പെയിന്റിംഗുകളൊ പോലെ തോന്നിപ്പിച്ചു. സ്വപ്നതുല്യവും, പ്രത്യേക ടെക്സച്ചറുള്ള അന്തരീക്ഷ പ്രഭാവവും സൃഷ്ടിക്കുന്നതിൽ ഈ സാങ്കേതികത നിർണ്ണായകമായിരുന്നു. മഞ്ഞിന്റെ വിദഗ്ദ്ധവും ഭാവനാത്മകവുമായ ഉപയോഗം, chiaroscuro lighting, ദൃശ്യങ്ങളുടെ അനായാസമായ സംക്രമണം എന്നിവ മറ്റൊരു പ്രത്യേകതയാണ്.
കൈറോസ്കുറോ ലൈറ്റിംഗ് | PHOTO : WIKI COMMONS
മുഖ്യധാരാ അനിമേഷനിൽ സാധാരണയായി കാണപ്പെടുന്ന രേഖീയവും വാണിജ്യപരവുമായ ആഖ്യാനശൈലികളെ നോർസ്റ്റീൻ ഒഴിവാക്കി. അദ്ദേഹത്തിന്റെ ശൈലിയെ പലരും ‘ദൃശ്യ കവിത’ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഒരു കഥ പറയുന്നതിനെക്കാൾ സൂക്ഷ്മ ചലനങ്ങൾ, സമ്പന്നമായ ഇമേജറി, ശബ്ദരൂപകല്പന എന്നിവയിലൂടെ സിനിമയെ അഗാധമായ അനുഭവമാക്കി മാറ്റുന്നു.
കുട്ടികൾക്ക് നേരം കൊല്ലാനുള്ള അനിമേഷനെ ഉയർന്ന കലയുടെയും ആഴത്തിലുള്ള ദാർശനിക ആവിഷ്കാരത്തിനും ഉള്ളതായി അദ്ദേഹം മാറ്റി. നോർസ്റ്റീനും ഭാര്യ ഫ്രാഞ്ചേസ്ക യാർബുസോവയും ചേർന്നാണ് സിനിമകൾ സൃഷ്ടിക്കുന്നത്. എഴുത്ത്, അനിമേഷൻ, സംവിധാനം എന്നിവയാണ് നോർസ്റ്റീന്റെ മേഖല. ദൃശ്യങ്ങൾക്ക് ഉത്തരവാദി ഫ്രാഞ്ചേസ്കയാണ്. അവരാണ് ആർട്ടിസ്റ്റ്. കഥാപാത്രങ്ങളെയും പശ്ചാത്തലത്തെയും അവർ കൈകൊണ്ട് വരയ്ക്കുന്നു. വിശദാംശങ്ങൾക്ക് അങ്ങേയറ്റം പ്രാധാന്യം നല്കുന്ന അവരുടെ മേശവലിപ്പ് ഒരു കഥാപാത്രത്തിന് വേണ്ടി, വ്യത്യസ്തമായ വികാരങ്ങൾ പ്രകടിപ്പിക്കുന്ന കണ്ണുകളുടെ ഡ്രോയിംഗുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, മറ്റൊരു വലിപ്പ് സാധ്യമായ എല്ലാ പോസിലുമുള്ള കൈകളുടെ ഡ്രോയിംഗുകൾ കൊണ്ടും, മറ്റൊരു വലിപ്പ് കഥാപാത്രത്തിന്റെ വസ്ത്രങ്ങളിൽ നിന്ന് ഇറ്റിറ്റു വീഴാൻ വേണ്ടിയുള്ള ഓരോ തുള്ളി മഴയുടെയും ഡ്രോയിംഗുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവരുടെ സഹകരണത്തെ ദൃഢവും ഏകീകൃതവുമായ കാഴ്ചപ്പാടുള്ള പ്രവർത്തനമായി വിശേഷിപ്പിക്കപ്പെടുന്നു. ഇവർ ‘ഒറ്റ കലാകാരൻ/കാരി’ ആയി അറിയപ്പെടുന്നു. ഇവർ ജോലിയിൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ സിനിമകളുടെ മുഴുവൻ പ്രക്രിയയും കൈകൾ കൊണ്ടു നിർമ്മിച്ചതും വളരെയധികം സമയമെടുക്കുന്നതും ആകുന്നു.
ഡ്രോയിംഗുകൾ പകുതി പൂർത്തിയായി കാണണമെന്ന് നോർസ്റ്റീൻ ആഗ്രഹിച്ചു, അയാൾ ഫ്രാഞ്ചേസ്കയെ വേഗത്തിലും അശ്രദ്ധമായും വരയ്ക്കാൻ പ്രോത്സാഹിപ്പിക്കും, അപ്പോൾ രൂപങ്ങൾക്ക് സ്വാഭാവികത അനുഭവപ്പെടും. "എക്സിബിഷന് വേണ്ടി എന്നപോലെ പൂർണ്ണമായി പൂർത്തിയായ ചിത്രങ്ങൾ വരയ്ക്കരുതെന്ന് ഞാൻ എപ്പോഴും ഫ്രാഞ്ചേസ്കയോട് പറയാറുണ്ട്. സ്‌ക്രീനിൽ വരുമ്പോൾ കൂടുതൽ വികസിക്കുന്ന ഒന്നിനെയാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നീട് ഒരു വികസനവും ഉണ്ടായില്ലെങ്കിൽ, സിനിമ നിർജ്ജീവമായിരിക്കും". കർശനമായ ഗണിതശാസ്ത്ര കൃത്യതയെ അദ്ദേഹം എതിർത്തു, പകരം സൃഷ്ടിപരമായ അവ്യവസ്ഥകൾ കൊണ്ടുവരാൻ ആഗ്രഹിച്ചു.
REPRESENTATIVE IMAGE | WIKI COMMONS
നോർസ്റ്റീനിന്റെ സിനിമകൾക്ക് തനതായ ദൃശ്യഭംഗി നല്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഛായാഗ്രാഹകനായിരുന്നു അലക്സാണ്ടർ ഷൂക്കോവ്സ്കി. അനിമേഷൻ ഛായാഗ്രഹണത്തിൽ അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. സാധാരണ അനിമേഷൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഷൂക്കോവ്സ്കി ലൈവ്-ആക്ഷൻ സിനിമകളിലേതുപോലുള്ള ലൈറ്റിംഗും ക്യാമറ ചലനങ്ങളും അനിമേഷനിൽ കൊണ്ടുവന്നു. ‘മൾട്ടി-പ്ലെയിൻ ക്യാമറ’ ഉപയോഗിക്കുന്നതിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു. ചില്ലുതട്ടുകളിൽ പല അടുക്കുകളായി കഥാപാത്രങ്ങളെയും പശ്ചാത്തലത്തെയും ക്രമീകരിച്ച് കമ്പ്യൂട്ടറിന്റെ സഹായമില്ലാതെതന്നെ ദൃശ്യങ്ങൾക്ക് ത്രിമാനരൂപം നല്കാൻ അദ്ദേഹത്തിന് സാധിച്ചു. തന്റെ വലംകൈ എന്നാണ് സംവിധായകൻ ഛായാഗ്രാഹകനെ വിശേഷിപ്പിച്ചത്. അദ്ദേഹം കാണുന്നതുപോലെ ദൃശ്യങ്ങളെ കാണാൻ കഴിയുന്ന ഒരേയൊരു ഛായാഗ്രാഹകൻ ഷൂക്കോവ്സ്കിയാണെന്ന് നോർസ്റ്റീൻ പറഞ്ഞിട്ടുണ്ട്.
ഇവർ 2D അനിമേഷനിൽ അവിശ്വസനീയമായ ആഴവും ത്രിമാന പ്രതീതിയും കൊണ്ടുവന്നത് ‘മൾട്ടി-പ്ലെയിൻ ക്യാമറ’ എന്ന സംവിധാനം ഉപയോഗിച്ചാണ്. ഒരു പരന്ന പ്രതലത്തിൽ അനിമേഷൻ ചെയ്യുന്നതിന് പകരം, ഒന്നിന്നുമുകളിൽ ഒന്നായി ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് പാളികൾ അടുക്കിവെച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഈ പാളികൾക്കിടയിൽ ആവശ്യത്തിന് അകലവും ഉണ്ടായിരിക്കും.
പശ്ചാത്തലം, കഥാപാത്രങ്ങൾ, മരങ്ങളുടെ ദൃശ്യങ്ങൾ എന്നിവ അനിമേറ്റർ വ്യത്യസ്ത ഗ്ലാസ് ലെയറുകളിൽ ക്രമീകരിക്കുന്നു. ഈ പാളികൾക്കിടയിൽ അകലമുള്ളതിനാൽ ക്യാമറയ്ക്ക് അടുത്തുള്ളവ (മുകളിലെ പാളികൾ) അകലെയുള്ളവയെക്കാൾ (താഴത്തെ പാളികൾ) വേഗത്തിൽ നീങ്ങുന്നു. ഇത് ‘പാരലാക്സ് ‘ എന്ന പ്രതിഭാസം സൃഷ്ടിക്കുകയും ഓടുന്ന കാറിന്റെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ തോന്നുന്നതുപോലുള്ള ആഴം അനിമേഷനിൽ അനുഭവപ്പെടുകയും ചെയ്യുന്നു. ക്യാമറ ഈ പാളികൾക്കെല്ലാം മുകളിൽ ലംബമായി സ്ഥാപിക്കുന്നു. മുകളിൽ നിന്ന് താഴേക്ക് എല്ലാ പാളികളിലൂടെയും കാണാൻ കഴിയുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഗ്ലാസ് പാളികൾക്കിടയിലുള്ള സ്ഥലവും ഗ്ലാസിലെ ചെറിയ പോറലുകളും പൊടിയും പ്രകാശത്തെ ചിതറിക്കാനും മഞ്ഞിന്റെയും മൃദുവായ പ്രകാശത്തിന്റെയും മനോഹരമായ ദൃശ്യാനുഭവം നല്കുന്നു. ഈ സങ്കീർണ്ണമായ നിർമ്മാണ രീതി സിനിമകൾക്ക് മികച്ച ദൃശ്യഭംഗിയും കാവ്യാത്മകമായ അന്തരീക്ഷവും നല്കി.
നോർസ്റ്റീന്റെ സിനിമകൾ അക്കാലത്തെ ഔദ്യോഗിക അനിമേഷൻ സിനിമകളിൽ നിന്ന് വളരെയധികം വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ സിനിമകൾ റഷ്യൻ ആവാംഗ് ഗാർഡ് കലയുടെ സൗന്ദര്യശാസ്ത്രം ഉൾക്കൊള്ളുന്നു. The 25th, The First Day എന്ന നോർസ്റ്റീന്റെ ആദ്യ സിനിമയിൽ തന്നെ ഈ സമീപനം പ്രകടമാണ്. (അർക്കാഡി ത്യുറിനുമായി ചേർന്നാണ് നോർസ്റ്റീൻ ഈ സിനിമ സംവിധാനം ചെയ്തത്). റഷ്യൻ വിപ്ലവത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിപ്ലവത്തിന്റെ അപദാനങ്ങൾ പാടുക എന്ന ലക്ഷ്യത്തോടെ സർക്കാർ സിനിമകൾ നിർമ്മിച്ചിരുന്നു. അതിന്റെ ഭാഗമാണ് ഈ സിനിമയും. സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാധ്യമമായി സർക്കാർ അനിമേഷനെ കണ്ടു. നഥാൻ ആൾട്ട്മാൻ, കുസ്മ പെട്രോവ്-വോഡ്കിൻ തുടങ്ങിയ പ്രമുഖ സോവിയറ്റ് ആവാംഗ്-ഗാർഡ് കലാകാരന്മാരുടെ യഥാർത്ഥ കലാസൃഷ്ടികൾ സിനിമയിൽ ഉൾപ്പെടുത്തി. (കുസ്മ പെട്രോവ്-വോഡ്കിന്റെ ‘1918 ഇൻ പെട്രോഗ്രാഡ് ‘ എന്ന പെയിന്റിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് കുഞ്ഞിനെ എടുത്തുകൊണ്ട് നിൽക്കുന്ന സ്ത്രീയുടെ രൂപം. ജോൺ റീഡിന്റെ Ten Days That Shook the World എന്ന പുസ്തകത്തിന്റെ പുറംചട്ടയ്ക്കായി സെർജി ചെക്കോണിന്റെ ചിത്രീകരണത്തിൽ നിന്നാണ് ആയുധങ്ങളുമായി ഓടുന്ന ആളുകളുടെ ചലനാത്മകമായ ചുവന്ന സിലൗട്ടുകൾ എടുത്തത്).
REPRESENTATIVE IMAGE | WIKI COMMONS
ഈ സമീപനം അനിമേഷനും ഫൈൻ ആർട്ടും തമ്മിലുള്ള അതിർവരമ്പുകൾ മങ്ങിച്ചു, നിറങ്ങളുടെ ഉപയോഗവും കൊമ്പോസിഷനും ഇംപ്രഷനിസ്റ്റ്, ക്യൂബിസ്റ്റ് ചിത്രകാരന്മാരുടെ ശൈലികളുമായി താരതമ്യം ചെയ്തിട്ടുണ്ട്. ഇത് സർക്കാർ സ്പോൺസർ ചെയ്ത അനിമേഷനിൽ നിന്നുമാറി അസാധാരണമായ ഫൈൻ ആർട്ട് സൗന്ദര്യശാസ്ത്രം ഉൾക്കൊള്ളുന്നു.
സൂക്ഷ്മമായ കലാപരമായ മാനദണ്ഡങ്ങൾ, ചെറിയ ടീം, സർക്കാർ സ്റ്റുഡിയോയിലെ രാഷ്ട്രീയ ബുദ്ധിമുട്ടുകൾ എന്നിങ്ങനെ ‘ഓർവർക്കോട്ട് ‘ എന്ന സിനിമയുടെ കാലതാമസത്തിന് കാരണങ്ങൾ പലതാണ്. സൂക്ഷ്മമായ കരകൗശല വൈദഗ്ദ്യമാണ് നോർസ്റ്റീൻ പിന്തുടരുന്നത്. വളരെ വിശദവും സങ്കീർണ്ണവും ധാരാളം സമയമെടുക്കുന്നതുമായ അനിമേഷൻ സാങ്കേതികവിദ്യ അദ്ദേഹം ഉപയോഗിക്കുന്നു. സംവിധായകനായ നോർസ്റ്റീൻ, അനിമേഷൻ ചെയ്യാനുള്ള ചിത്രങ്ങൾ വരയ്ക്കുന്ന ഭാര്യ ഫ്രാഞ്ചെസ്ക യാർബുസോവ, ഛായായാഗ്രാഹകനായ അലക്സാണ്ടർ സുക്കോവ്സ്കി എന്നീ മൂന്ന് പേരാണ് ടീം അംഗങ്ങൾ.
1999 നവംബറിൽ ചായാഗ്രാഹകൻ അലക്സാണ്ടർ സുക്കോവ്സ്കിയുടെ മരണം സിനിമയുടെ നിർമ്മാണത്തിന് വലിയ തിരിച്ചടിയായി. തുടർന്ന് സിനിമയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കേണ്ടി വന്നു. ഒരു കലാകാരനെന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും തന്നെ മനസ്സിലാക്കിയ ഒരേയൊരു വ്യക്തി സുക്കോവ്സ്കി ആയിരുന്നു എന്ന് നോർസ്റ്റിൻ പറയുമായിരുന്നു. ഈ മരണം വ്യക്തിപരമായും തൊഴിൽപരമായും ആഴത്തിലുള്ള നഷ്ടമായിരുന്നു.
ത്രിമാന പ്രഭാവം സൃഷ്ടിക്കുന്നതിന് ഒന്നിലധികം ഗ്ലാസ് പാളികൾ ഉപയോഗിച്ച് അതുല്യമായ കട്ട്-ഔട്ട് അനിമേഷൻ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിൽ സുക്കോവ്സ്കി വലിയ പങ്കുവഹിച്ചു. ‘ഹെഡ്ജ്ഹോഗ് ഇൻ ദി ഫോഗ് ‘ എന്ന സിനിമയിലെ ഫോഗ് എഫക്റ്റ് ലോകപ്രശസ്തമാണ്. ട്രേസിംഗ് പേപ്പർ, ‘മൾട്ടി-പ്ലെയിൻ ക്യാമറ’ എന്നിവ ഉപയോഗിച്ചാണ് ഈ ദൃശ്യവിസ്മയം ഒരുക്കിയത്. മഞ്ഞിന് കൂടുതൽ സ്വാഭാവികത നല്കാൻ ഗ്ലാസ് ഷീറ്റുകളിൽ പൊടിവിതറുകയോ, വെള്ളത്തിന്റെ നനവ് ഉണ്ടാക്കുകയോ ചെയ്തു. ഇതിലൂടെ പ്രകാശം കടന്നുപോകുമ്പോൾ മഞ്ഞിന് ഒരു പ്രത്യേകതരം ടെക്സ്ചർ ലഭിച്ചു. കമ്പ്യൂട്ടർ ഗ്രാഫിക്സ് ഇല്ലാതിരുന്ന കാലത്താണ് അവർ ഇതൊക്കെ ചെയ്തത് എന്നതാണ് ശ്രദ്ധേയം.
സുക്കോവ്സ്കിയുടെ മരണത്തെ തുടർന്ന് ഒരു പകരക്കാരാനുള്ള തിരച്ചിലായിരുന്നു 2001ൽ സുക്കോവ്സ്കിയുടെ വിദ്യാർത്ഥികളിൽ ഒരാളായ മാക്സിം ഗ്രാനിക് എന്ന പുതിയ ചായാഗ്രാഹകന്റെ കീഴിൽ സിനിമാ നിർമ്മാണം പുനരാരംഭിച്ചു. നോർസ്റ്റിന്റെ അസാധാരണമായ പ്രവർത്തന രീതികളുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന് പരിശീലനം നൽകേണ്ടിവന്നു. നോർസ്റ്റിന്റെ പൂർണ്ണതാവാദവും മറ്റും കാരണം നിർമ്മാണം വീണ്ടും നീണ്ടു.
സിനിമയുടെ ഏകദേശം പത്ത് മിനിറ്റ് മാത്രം പൂർത്തിയായപ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള സോയൂസ് മൾട്ട് ഫിലിം സ്റ്റുഡിയോയിൽ നിന്ന് നോർസ്റ്റീനെയും സംഘത്തെയും പുറത്താക്കിയത്തിനെ തുടർന്ന് സ്വന്തം വീട്ടിൽ അദ്ദേഹം ഒരു സ്റ്റുഡിയോ സ്ഥാപിച്ചു. സർക്കാർ സ്റ്റുഡിയോ അധികൃതരുമായുള്ള സർഗ്ഗാത്മകവും തൊഴിൽപരവുമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഈ നടപടിക്ക് പിന്നിൽ. നോർസ്റ്റീന്റെ പ്രവർത്തന രീതി അതിസൂക്ഷ്മതയിലൂടെയുള്ള പരിപൂർണ്ണതയ്ക്കും വളരെ സാവധാനത്തിലുള്ള നിർമ്മാണരീതിക്കും പേരുകേട്ടതാന്. (ഇക്കാരണത്താൽ അദ്ദേഹത്തിന് ‘സ്വർണ്ണ ഒച്ച് ‘ (ദി ഗോൾഡൺ സ്നെയിൽ) എന്ന വിളിപ്പേര് ലഭിച്ചു). ‘മൾട്ടി-പ്ലെയിൻ’ അനിമേഷൻ ശൈലിയും അമൂർത്തതയും ചേർന്നുള്ള വാണിജ്യേതരമായ സമീപനം സർക്കാർ സ്റ്റുഡിയോയുടെ ചിട്ടയായതും സമയബദ്ധിതവുമായ ഉല്പാദന ആവശ്യങ്ങളുമായി ഒത്തുപോവുന്നതായിരുന്നില്ല.
മൾട്ടി-പ്ലെയിൻ ക്യാമറ | PHOTO : WIKI COMMONS
‘ദി ഓവർക്കോട്ട് ‘ എന്ന സ്വപ്നപദ്ധതിയുമായി മുന്നോട്ടുപോകാൻ ഈ സ്വതന്ത്ര സംവിധാനം നോർസ്റ്റീനെ സഹായിച്ചു. സ്വതന്ത്രമായി പ്രവർത്തിക്കുമ്പോൾ സ്ഥിരമായ സർക്കാർ ബജറ്റിന് പകരം പലയിടങ്ങളിൽ നിന്നായി ഇടയ്ക്കിടെയാണ് പണം ലഭിച്ചിരുന്നത്. ഇത് സിനിമാ നിർമ്മാണത്തിൽ വലിയ കാലതാമസം വരുത്തിയെങ്കിലും അദ്ദേഹം സ്റ്റുഡിയോയുടെ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തനായി. അഭൂതപൂർവമായ സൂക്ഷ്മതയോടും വ്യക്തമായ കലാപരമായ കാഴ്ചപ്പാടോടും കൂടി പ്രവർത്തിക്കാൻ ഈ സ്വതന്ത്ര പാത അദ്ദേഹത്തെ അനുവദിച്ചു.
വലിയ നിയന്ത്രണങ്ങൾക്കും സെൻസർഷിപ്പിനും നടുവിൽ നിന്നുകൊണ്ടാണ് നോർസ്റ്റീൻ പ്രവർത്തിച്ചത്. സർറിയലും കാവ്യാത്മകവുമായ അദ്ദേഹത്തിന്റെ സിനിമകളെ അധികൃതർ സംശയത്തോടെയാണ് വീക്ഷിച്ചത്. ഔദ്യോഗിക വിഷയങ്ങളും വ്യക്തമായ ആഖ്യാനവും ഇല്ലാത്ത സിനിമകളെ സെൻസർമാർ സംശയത്തോടെ വീക്ഷിച്ചു, സംവിധായകർ നോട്ടപ്പുള്ളികളായി. അനിമേറ്റർമാർ പലപ്പോഴും പരസ്പരം പിന്തുണയ്ക്കുകയും ഔദ്യോഗിക അടിച്ചേൽപ്പിക്കലുകളെ കൂട്ടായി ചെറുക്കുകയും ചെയ്തു. രാഷ്ട്രീയം നേരിട്ട് പരാമർശിക്കാതെ ആഴമേറിയതും കൂടുതൽ വ്യക്തിപരവുമായവിഷയങ്ങൾ അവതരിപ്പിക്കുന്നതിനായി പലരും സൂക്ഷ്മവും പരീക്ഷണാത്മകവുമായ ശൈലികൾ വികസിപ്പിച്ചെടുത്തു.
മറ്റൊന്ന് സാമ്പത്തിക ഉപരോധമാണ്. എല്ലാം സർക്കാർ അധീനതയിലായതിനാൽ സർക്കാർ ധനസഹായം അനിമേഷൻ വ്യവസായത്തെ പിന്തുണച്ചെങ്കിലും, സർക്കാർ ഏക തൊഴിലുടമയും വിതരണക്കാരനുമായതിനാലും ഒരു കലാകാരന്റെ കലാ ജീവിതത്തിലും ജോലി ചെയ്യാനുള്ള കഴിവിലും ഉദ്യോഗസ്ഥർക്ക് പൂർണ്ണ നിയന്ത്രണം നൽകുന്നു. സംശയത്തിന്റെ നിഴലിലാവുന്ന ആളുകൾക്ക് നേരെ സാമ്പത്തിക ഉപരോധം നടപ്പിലാക്കാറുണ്ട്.
അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ ‘ഹെഡ്ജ്ഹോഗ് ഇൻ ദി ഫോഗ് ‘ എന്ന സിനിമ നിരോധിക്കപ്പെടുമായിരുന്നു. കഥാപാത്രങ്ങളും സിനിമയും അവ്യക്തമായി അനുഭവപ്പെട്ട സെൻസർമാർ, നോർസ്റ്റീൻ അവരെ തൃപ്തിപ്പെടുത്തുന്ന ഒരു കലാപരമായ ന്യായീകരണം നൽകിയതിനുശേഷം മാത്രമാണ് തൃപ്തരായത്. ഈ സിനിമയിലെ മൂടൽമഞ്ഞ് സോവിയറ്റ് യൂണിയനിലെ ഭയത്തിന്റെയും നിരീക്ഷണത്തിന്റെയും രൂപകമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
ഹെഡ്ജ്ഹോഗ് ഇൻ ദി ഫോഗ് എന്ന സിനിമയിൽനിന്ന്
എക്കാലത്തെയും മികച്ച അനിമേറ്റഡ് സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ‘ടെയിൽ ഓഫ് ടെയിൽസ്’ (1979) യുദ്ധാനന്തര ജീവിതത്തിന്റെ വിഘടിച്ച ഓർമ്മകൾ നെയ്തെടുക്കുന്നു, ഒരു ബോധധാരാ സമീപനത്തിലൂടെ നഷ്ടത്തിന്റെയും നൊസ്റ്റാൾജിയയുടെയും പ്രമേയങ്ങൾ ഈ സിനിമ പര്യവേക്ഷണം ചെയ്യുന്നു. ഇതിന്റെ സങ്കീർണ്ണവും രേഖീയമല്ലാത്തതുമായ ഘടന ഗോസ്കിനോ തലവനായ യെർമാഷിനെ അമ്പരപ്പിക്കുകയും കോപിപ്പിക്കുകയും ചെയ്തു, അദ്ദേഹം ഇത് സോഷ്യലിസ്റ്റ് റിയലിസവുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രഖ്യാപിച്ചു, ഇത് സിനിമ ഏതാണ്ട് പൂർണ്ണമായും നിരോധിക്കപ്പെടുന്നതിലേക്ക് നയിച്ചു.
സർക്കാർ സിനിമാറ്റോഗ്രാഫി കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം, എഴുത്തുകാരുടെ യൂണിയനിൽ അംഗമല്ലാത്ത ചലച്ചിത്ര സംവിധായകർക്ക് അവരുടെ സിനിമകൾക്ക് തിരക്കഥ എഴുതാൻ അനുവാദമില്ലായിരുന്നു. നോർസ്റ്റീനും ഭാര്യയും ഈ യൂണിയനിലൽ അംഗങ്ങൾ അല്ലായിരുന്നു. അതിനാൽ, ‘ടെയിൽ ഓഫ് ടെയിൽസ്’ എന്ന സിനിമയ്ക്കായി അവർ ഒരു വിവാദ സോവിയറ്റ് നോവലിസ്റ്റും നാടകകൃത്തുമായ ല്യൂഡ്‌മില പെട്രാചെവ്‌സ്‌കിയെ തിരഞ്ഞെടുത്തു. (ഇവരും ജൂതവംശജയായിരുന്നു). നോർസ്റ്റീനെയും ഭാര്യയെയും പോലെ, സർക്കാർ അംഗീകൃത യാഥാർത്ഥ്യത്തിന്റെ തത്വങ്ങൾ പിന്തുടരാൻ ഇവരും ശ്രമിച്ചില്ല. ഇവരുടെ മിക്ക കൃതികളും നിരോധിക്കപ്പെട്ടു. അതേസമയം ഇവർ കമ്മിറ്റിക്ക് സമർപ്പിച്ച സ്ക്രിപ്റ്റ് അംഗീകരിച്ചു.
എന്നാൽ, സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ കമ്മിറ്റിയുടെ ചെയർമാന് സിനിമയോട് എതിർപ്പ് തോന്നി. സിനിമയുടെ സന്നിഗ്ദ്ധത സോവിയറ്റ് ജീവിതരീതിയെക്കുറിച്ചുള്ള ഒരു വിമർശനമായി വ്യാഖ്യാനിക്കാൻ പറ്റുന്ന അപകടകരമായ വ്യാഖ്യാനങ്ങൾക്ക് ഇടം നൽകിയെന്ന് അദ്ദേഹത്തിന് തോന്നി.
ഓർമ്മകളുടെ ഘടനയാണ് സിനിമയുടേത്. ഓർമ്മകൾ കൃത്യമായ കാലക്രമത്തിലല്ല സിനിമയിൽ പ്രവർത്തിക്കുന്നത്. പകരം, ഒരു കാര്യം മറ്റൊന്നുമായി ബന്ധിപ്പിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഒരു പരമ്പരാഗത ആഖ്യാനം പോലെയല്ല സിനിമയിൽ ഓർമ്മകൾ കടന്നുവരുന്നത്. പരസ്പരം ഇടകലർന്ന രംഗങ്ങളുള്ള അനുബന്ധ സീക്വൻസുകളുടെ ഒരു പരമ്പരയാണ് സിനിമ. സിനിമയുടെ അസാമാന്യവും സങ്കീർണ്ണവുമായ സ്വഭാവം കണ്ട് ആശയക്കുഴപ്പത്തിലായ അധികൃതർക്ക് സിനിമ എന്തിനെക്കുറിച്ചാണെന്ന് മനസ്സിലായിക്കാണില്ല. അധികാരികൾ ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്താൻ നോർസ്റ്റീൻ തയ്യാറായില്ല. തുടർന്ന് സിനിമ നിരോധിക്കപ്പെട്ടു.
സിനിമയുടെ യഥാർത്ഥ പേര് ‘ദി ലിറ്റിൽ ഗ്രേ വുൾഫ് വിൽ കം’ എന്നായിരുന്നു. ഇത് ഒരു റഷ്യൻ താരാട്ടുപാട്ടിൽ നിന്ന് സ്വീകരിച്ചതാണ്. ഈ പേര് മാറ്റാനും അധികൃതർ നോർസ്റ്റീനോട് ആവശ്യപ്പെട്ടു. (ഈ പേരിന്റെ ഇരുണ്ടതും മുന്നറിയിപ്പ് നല്കുന്നതുമായ സ്വഭാവവും ആയിരിക്കും അധികൃതരെ ചൊടിപ്പിച്ചത്.)നഷ്ടം, ഏകാന്തത, രണ്ടാം ലോകമഹായുദ്ധത്തിലെ ഇരകളുടെ വേദനാജനകമായ ഓർമ്മകൾ തുടങ്ങിയ സിനിമയുടെ പ്രമേയങ്ങൾ ഔദ്യോഗികവും ഉത്സാഹഭരിതവുമായ സോവിയറ്റ് പ്രതിച്ഛായയ്ക്ക് വളരെ വിഷാദകരവും അശുഭാപ്തിവിശ്വാസം നിറഞ്ഞതുമായിരുന്നു. തുടർന്ന് നോർസ്റ്റീൻ സിനിമയുടെ പേര് ‘ടെയിൽ ഓഫ് ടെയിൽസ് ‘ എന്ന് മാറ്റാൻ നിർബന്ധിതനായി.
അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ സിനിമ നിരവധി അവാർഡുകൾ നേടിയതിനാൽ നിരോധനം തിരിച്ചടിച്ചു. ഉദാഹരണത്തിന്, 1984ൽ ലോസ് ഏഞ്ചൽസ് ഒളിമ്പ്യാഡ് ഓഫ് ആനിമേഷനിൽ ‘എക്കാലത്തെയും മികച്ച അനിമേറ്റഡ് സിനിമ’യായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, തന്റെ സിനിമയ്ക്കുള്ള അവാർഡുകൾ വാങ്ങാൻ സോവിയറ്റ് യൂണിയന് പുറത്ത് സഞ്ചരിക്കാൻ നോർസ്റ്റീന് അനുവാദമില്ലായിരുന്നു.
REPRESENTATIVE IMAGE | WIKI COMMONS
അധികൃതർ ഈ സിനിമയെ സജീവമായി വിപണനം ചെയ്തില്ല, പക്ഷേ സിനിമയ്ക്ക് ലഭിച്ച സ്വീകരണം വളരെ ആവേശകരമായിരുന്നു, അത് ആഭ്യന്തരമായും വിദേശത്തും എല്ലാ പ്രതീക്ഷകളെയും കവിഞ്ഞതായിരുന്നു. മോസ്കോയിലെ ഒരു പ്രമുഖ തിയേറ്ററിൽ ഈ സിനിമ പതിനാല് മാസക്കാലം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുവത്രേ! തിയേറ്റർ താൽക്കാലികമായി സിനിമ അതിന്റെ ദൈനംദിന ഷെഡ്യൂളിൽ നിന്ന് പിൻവലിച്ചപ്പോൾ, സിനിമാപ്രേമികൾ പ്രതിഷേധിച്ചു. റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷം (ഒരു പ്രത്യേക ഫിലിം ജേണലിനായി നിരൂപകനായ മിഖായേൽ യാംപോൾസ്കിയുടെ രണ്ട് അവലോകനങ്ങൾ ഒഴികെ) സോവിയറ്റ് പത്രങ്ങൾ സിനിമ അവലോകനം ചെയ്യാൻ വിസമ്മതിച്ചു. പക്ഷേ സിനിമ സമാനതകളില്ലാത്ത അന്താരാഷ്ട്ര ശ്രദ്ധ നേടി, സാഗ്രെബ് ഇന്റർനാഷണൽ അനിമേഷൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് കരസ്ഥമാക്കി, ഒബർഹൗസൻ മുതലായ മേളകളിൽ പ്രശസ്തങ്ങളായ പുരസ്കാരങ്ങളും കരസ്ഥമാക്കി. സാഗ്രെബ് ഇന്റർനാഷണൽ അനിമേഷൻ ഫെസ്റ്റിവൽ സിനിമയെ മാസ്റ്റർപീസ് എന്നാണ് വിശേഷിപ്പിച്ചത്.
പൂർത്തിയാവാത്ത ‘ഓവർകോട്ടിൽ’ നിന്നുള്ള 25 മിനിറ്റ് ദൈർഘ്യമുള്ള ഒരു സിനിമ നോർസ്റ്റീന്റെ സിനിമകളെയും കലാപരമായ പ്രക്രിയയെയും അവതരിപ്പിക്കുന്ന നിരവധി പ്രദർശനങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സിനിമയിൽ നിന്നുള്ള ക്ലിപ്പുകൾ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ കൃതികളുടെ പ്രദർശനങ്ങളിലും റഷ്യൻ അനിമേഷനെക്കുറിച്ചുള്ള ഡോക്യുമെന്ററികളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരു ജാപ്പനീസ് ഡോക്യുമെന്ററിയായ ‘യൂറി നോർസ്റ്റീൻ: മേക്കിംഗ് ദി ഓവർകോട്ട് ‘ 2018ൽ പ്രദർശിപ്പിച്ചു. ഈ സിനിമ അദ്ദേഹത്തിന്റെ ചലച്ചിത്ര നിർമ്മാണത്തെ കേന്ദ്രീകരിച്ചാണ്. ദി ഫിഷർ സെന്ററർ അറ്റ് ബാർഡ് സംഘടിപ്പിച്ച ‘ദി വേൾഡ് ഓഫ് യൂറി നോർസ്റ്റീൻ’ എന്ന പരിപാടിയിൽ സന്ദർശകർക്ക് ‘ഓവർകോട്ടി’ൽ നിന്നുള്ള ഫൂട്ടേജുകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ സൃഷ്ടികളുടെ നേർക്കാഴ്ചകൾ കാണാൻ കഴിയും. The Animators Who've Spent 40 Years on a Single Film എന്നൊരു സിനിമ യൂട്യൂബിൽ ലഭ്യമാണ്, കൂടാതെ, ‘ഓവർക്കോട്ട് ‘ എന്ന സിനിമയിൽ നിന്നുള്ള ചെറു ക്ലിപ്പുകളും.
REPRESENTSTIVE IMAGE | WIKI COMMONS
ദ്രുതമോ വാണിജ്യപരമായി ലാഭകരമോ ആയ നിർമ്മാണ രീതിയെക്കാൾ അഗാധവും പൂർണ്ണവുമായ ഒരു കലാപരമായ കാഴ്ചപ്പാടായിരുന്നു നോർസ്റ്റീന്റെത്. ദശകങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലും സിനിമയുടെ ഒരു ചെറിയ ഭാഗം മാത്രമേ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുള്ളൂ. തന്റെ കലാസങ്കൽപ്പങ്ങളുടെ സാക്ഷത്ക്കാരത്തിനായുള്ള ഒരു കലാകാരന്റെ അചഞ്ചലമായ, പതിറ്റാണ്ടുകൾ നീണ്ട പരിശ്രമം അനിമേഷൻ ലോകത്ത് ഈ സിനിമ ഒരു ഐതിഹാസികമായ ഉദാഹദാരണമായി മാറിയിരിക്കുന്നു.
നോർസ്റ്റീന്റെ സിനിമകൾ ആദ്യകാല ആവാംഗ്-ഗാർഡ് ശൈലി ഉപയോഗിക്കുന്നുണ്ടെങ്കിലും അദ്ദേഹം തനതും വ്യതിരിക്തവുമായ ശൈലിയുടെ ഉടമയായിരുന്നു. ഹയാവോ മിയാസാക്കി നോർസ്റ്റീനെ വലിയ പ്രചോദനമായി കണക്കാക്കുന്നു. കലാപരമായ ഗുണത്തിനും സങ്കീർണ്ണമായ കഥപറച്ചിലിനും പേരുകേട്ട ഈ സിനിമകളെ മിയാസാക്കി വളരെയധികം പ്രശംസിച്ചിട്ടുണ്ട്. ജപ്പാനിൽ ക്ലാസിക് അനിമേഷൻ സിനിമകൾ വിതരണം ചെയ്യുന്ന സ്റ്റുഡിയോ ഗിബ്ലിയുടെ ‘ഗിബ്ലി മ്യൂസിയം ലൈബ്രറി’ ജപ്പാനിലെ പ്രേക്ഷകർക്കായി നോർസ്റ്റീന്റെ സിനിമകൾ ജപ്പാനീസ് സബ്ടൈറ്റിലോടെ പുറത്തിറക്കി. സ്റ്റുഡിയോ ഗിബ്ലിയുടെ സ്ഥാപകനാണ് മിയാസാക്കി. അനിമേഷന്റെ ചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സംവിധായകരിൽ ഒരാളായി അദ്ദേഹം അറിയപ്പെടുന്നു. മിയാസാക്കിയെ പോലെ പ്രശസ്ത ജാപ്പനീസ് അനിമേറ്റർമാരായ ഒസാമു തെസുക, ഇസാവോ തകഹാട്ട എന്നിവരും നോർസ്റ്റീനെ പ്രശംസിക്കുകയുണ്ടായി.


