.jpg)
മലയാള സിനിമയുടെ രജതരേഖ അടയാളപ്പെടുത്തുന്ന രേഖാ ചിത്രം
രേഖാചിത്രം - ഈ വര്‍ഷം മലയാളത്തിലിറങ്ങിയ ഏഴാമത്തെ ചിത്രം. ഒരു പക്ഷേ, ഈ വര്‍ഷത്തെ ആദ്യ മലയാളം ഹിറ്റ്. ആറു കോടി ബജറ്റില്‍ ചിത്രീകരിച്ച്, ജനുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം അഞ്ചു ദിവസം കൊണ്ട് 28 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയെന്ന് കണക്കുകള്‍ കാണിക്കുന്നു. ആസിഫ് അലിയും അനശ്വര രാജനും 2025ന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുന്നു.
ഒരു കൊലപാതകത്തിന്റെ കഥയാണ് രേഖാചിത്രം പറയുന്നത്. 1985ല്‍ ചാലക്കുടിക്കടുത്ത്, മലക്കപ്പാറയില്‍ നടന്ന ഒരു കൊലപാതകത്തിന്റെ കഥ, 2024ല്‍ അതന്വേഷിച്ചിറങ്ങുന്ന വിവേക് എന്ന ഒരു പൊലീസുദ്യോഗസ്ഥന്റെയും. മമ്മൂട്ടിയെ നായകനാക്കി, 1985ല്‍ ഭരതന്‍ ഒരുക്കിയ കാതോടു കാതോരം സിനിമയുടെ ഷൂട്ടിങ് സെറ്റിന്റെ പശ്ചാത്തലത്തിലാണ് കൊലപാതകം നടക്കുന്നത്. പതിയെ മലയാള സിനിമയുടെ ഭൂതകാലത്തില്‍ നിന്ന് രേഖാചിത്രത്തിന്റെ കഥ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ വികസിപ്പിച്ചെടുക്കുന്നു. ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി എന്ന കഥപറച്ചില്‍ സങ്കേതമാണിത്. ഒരു സംഭവം, അതിന്റെ അനന്തര ഫലം ചരിത്രത്തില്‍ രേഖപ്പെടുത്തിയതു പോലെയല്ല സംഭവിച്ചിരുന്നതെങ്കില്‍, അതിന് മറ്റൊരു വശമുണ്ടെങ്കില്‍ അത് ചരിത്രത്തെ എങ്ങനെ മാറ്റിത്തീര്‍ത്തേനെ എന്ന ആലോചനയില്‍ നിന്നാണ് ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി കഥപറച്ചില്‍ രീതിയാകുന്നത്. ജോഫിന്റെ കഥ പ്രേക്ഷകരെ ഒപ്പം നടത്തിക്കുന്നുമുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
ഡ്യൂട്ടിക്കിടെ ഓണ്‍ലൈന്‍ റമ്മി കളിച്ചെന്ന കാരണം കൊണ്ട് സസ്‌പെന്‍ഷനിലായ വിവേകിനെ (ആസിഫ് അലി) നല്ലനടപ്പിനായി മലക്കപ്പാറ സ്റ്റേഷനിലേക്കയക്കുന്നു. ചുമതലയേല്‍ക്കാന്‍ മലക്കപ്പാറ സ്റ്റേഷനിലേക്ക് അയാള്‍ വണ്ടിയോടിച്ചു തുടങ്ങുന്നതു മുതല്‍ കഥയും പതിയെ ഓടിത്തുടങ്ങുന്നു. വിവേക് വണ്ടിയോടിച്ചു ചെല്ലുന്ന അതേ മലക്കപ്പാറയിലേക്ക് അപ്പോള്‍ മറ്റൊരാള്‍ കൂടെ വന്നു കേറുന്നുണ്ട്. രാജേന്ദ്രന്‍ (സിദ്ദീഖ്) എന്ന ഹതാശനായ ഒരു മധ്യവയസ്‌കന്‍. കാരണമറിയാത്ത (പ്രേക്ഷകര്‍ക്ക്) ഒരു പാപബോധം അയാളെ അലട്ടുന്നുണ്ട്. തൊട്ടടുത്ത മിനിട്ടുകളില്‍ ഒരു ഫെയ്‌സ്ബുക്ക് ലൈവിലൂടെ രാജേന്ദ്രന്‍ തന്നെ അതു വെളിപ്പെടുത്തുന്നു. ആദ്യത്തെ പത്തു മിനുട്ടുകൊണ്ടു തന്നെ കഥയുടെ മര്‍മ്മമായ കൊലപാതകം എന്ന രഹസ്യം പ്രേക്ഷകര്‍ക്ക് വെളിപ്പെട്ടു കിട്ടുകയാണ്. ഇനിയെന്തു ത്രില്ലര്‍ എന്ന് അപ്പോള്‍ തോന്നുമെങ്കിലും കഥ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത് ഉദ്വേഗത്തിന്റെ മറ്റൊരു തലത്തിലേക്കാണ്.
'കണ്ടു പിടിച്ചതല്ലേ അവര്‍ക്കു നശിപ്പിക്കാന്‍ പറ്റൂ, കണ്ടുപിടിക്കാന്‍ ഉള്ളത് നശിപ്പിക്കാന്‍ പറ്റില്ലല്ലോ' എന്ന, ശ്രീകാന്ത് മുരളി അവതരിപ്പിക്കുന്ന ഫോറന്‍സിക് സര്‍ജന്റെ ഡയലോഗ്, കൊലപാതകം എന്ന, കഥയിലെ മര്‍മ്മ പ്രധാന രഹസ്യം വെളിപ്പെട്ടു കിട്ടിയതിനു ശേഷവും കഥയില്‍ കാത്തിരിക്കാന്‍ ഇനിയും ത്രില്ലര്‍ മൊമന്റുകളുണ്ടെന്ന് പ്രേക്ഷകനെ ഓര്‍മ്മിപ്പിക്കുന്നു.
ആത്മഹത്യക്ക് മുന്‍പ് രാജേന്ദ്രന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ നടത്തിയ ഏറ്റുപറച്ചില്‍ പൊലീസ് അന്വേഷണത്തിനെടുക്കുന്നതോടെ കഥ ത്രില്ലര്‍ എന്ന ട്രാക്കിലേക്ക് കയറുന്നു. ആരാണ് കൊല്ലപ്പെട്ടത് ? എന്തായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയിറങ്ങുകയാണ് വിവേക്. ഡ്യൂട്ടിക്കിടെ റമ്മി കളിച്ചെന്ന കാരണം കൊണ്ട് സസ്‌പെന്‍ഷനിലായ വിവേകിന്, ഡിപ്പാര്‍ട്ട്മെന്റില്‍ തന്റെ വിശ്വാസ്യത ഉറപ്പിക്കാനുള്ള മാര്‍ഗം കൂടിയാവുകയാണ് ഈ കേസ്.
ഡയറക്ടർ ജോഫിൻ ടി ചാക്കോ | PHOTO: FACEBOOK
1985ലെ സംഭവങ്ങള്‍ അന്വേഷിച്ചിറങ്ങുന്ന വിവേകിലൂടെയും, അന്നു നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളിലൂടെയും കഥ മാറിമാറി സഞ്ചരിക്കുന്നു. കൊലപാതകിയിലേക്ക് എത്തുന്നതിനായി വിവേക് കണ്ടെത്തുന്ന തെളിവുകളിലൂടെയും സാക്ഷിമൊഴികളിലൂടെയും കഥയുടെ ബാക്കി ഭാഗം പൂരിപ്പിക്കപ്പെടുന്നു. കൊല്ലപ്പെട്ടത് അനശ്വര രാജന്‍ അവതരിപ്പിക്കുന്ന രേഖ എന്ന പെണ്‍കുട്ടിയാണെന്ന് അപ്പോഴേക്കും പ്രേക്ഷകന് തെളിഞ്ഞു കിട്ടുന്നു. പിന്നെ, രേഖ എന്ന സിനിമാ പ്രേമിയായ പെണ്‍കുട്ടി സിനിമയുടെ മായിക ലോകത്തേക്ക് എത്തുന്ന സീനുകള്‍ ദൃശ്യങ്ങളിലൂടെ വിവരിക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്. ഒടുക്കം അവളുടെ മരണത്തിനിടയാക്കിയ മറ്റു സംഭവങ്ങളും. കഥയുടെ തുടക്കത്തില്‍, ആത്മഹത്യക്കു മുന്‍പ് രാജേന്ദ്രന്‍ വെളിപ്പെടുത്തിയ കൊലപാതകം എന്ന എലമെന്റല്ല മറിച്ച് കൊലപാതകത്തിലേക്കുള്ള കഥയുടെ സഞ്ചാരവും തെളിവുകള്‍ കൊണ്ട് വിവേക് വരച്ചെടുക്കുന്ന രേഖയുടെ കൊലപാതകത്തിന്റെ ചിത്രവുമാണ് കഥയുടെ ത്രില്ലര്‍ എലമെന്റ് എന്ന് പ്രേക്ഷകര്‍ മനസ്സിലാക്കുന്നു.
പതിവ് കുറ്റാന്വേഷണ ചിത്രങ്ങളുടെ എല്ലാ എലമെന്റുകളും ഉണ്ടെങ്കിലും ചടുലവേഗത്തില്‍ ഓടിപ്പോകുന്ന ഒരു സാധാരണ ക്രൈം ത്രില്ലര്‍ കഥയല്ല രേഖാചിത്രത്തിന്റേത്. ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന കഥപറച്ചില്‍ സങ്കേതത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് കഥ പതിയെ വളര്‍ത്തിയെടുക്കുകയാണ് സംവിധായകന്‍. നിരവധിയായ ഡീറ്റെയിലിംഗുകള്‍ കൊണ്ട് സമ്പന്നമാണ് കഥയും ഫ്രെയിമുകളും. രണ്ട് ഉദാഹരണങ്ങള്‍ പറയാം. നായിക രേഖയുടെ ജീവിതം അടായളപ്പെടുത്തുന്നതിന് സംവിധായകന്‍ തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ ഒന്ന് കന്യാകുമാരിയും മറ്റൊന്ന് മലക്കപ്പാറയുമാണ്. കന്യാകുമാരി, തുടക്കമെന്നും ഒടുക്കമെന്നും ഒരേപോലെ അര്‍ത്ഥം കല്‍പ്പിക്കാവുന്ന ഒരു സ്ഥലം. രേഖയുടെ ജീവിതം അവിടെ നിന്ന് തുടങ്ങുകയായിരുന്നു. അവിടെ തന്നെ അത് അവസാനിക്കുകയും ചെയ്യുന്നു. അതിന്റെ തുടര്‍ച്ചയെന്ന പോലെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിവേകിന്റെ ജീവിതം. രേഖയുടെ കൊലപാതകം അയാള്‍ക്ക് പുതിയ തുടക്കമാവുകയാണ് കഥയില്‍. മറ്റൊന്ന് മലക്കപ്പാറയാണ്. മലക്കപ്പാറയെന്നും മാലാഖപ്പാറയെന്നും പേരുള്ള മലക്കപ്പാറ. കഥയിലേക്കുള്ള രേഖയുടെ പ്രവേശത്തെ സൂചിപ്പിക്കുന്നുണ്ടോ മാലാഖപ്പാറ എന്ന സ്ഥലപ്പേര്? അങ്ങനെ കരുതുന്നതില്‍ സാംഗത്യമുണ്ടെന്നാണ് തോന്നുന്നത്.
മറ്റൊരു സീനില്‍, രേഖ സ്‌റ്റേജിലേക്കെത്തുന്ന രംഗം ചിത്രീകരിക്കുന്നുണ്ട് സംവിധായകന്‍. പുറകില്‍, ഇരുട്ടിനു പിന്നില്‍ മറഞ്ഞു നിന്നിരുന്ന രേഖ സ്റ്റേജിലേക്ക് പ്രവേശിക്കുമ്പോള്‍ സിനിമയുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചങ്ങള്‍ അവളുടെ മുഖത്ത് വന്നു വീഴുകയാണ്. അതു നോക്കി അവള്‍ ആശ്ചര്യപ്പെട്ടുനില്‍ക്കുന്നു. തൊട്ടടുത്ത നിമിഷം അത് കെട്ടുപോവുകയും ചെയ്യുന്നു. അപ്പോള്‍ അവളുടെ മുന്നില്‍ ബാക്കിയാകുന്നത് ആളൊഴിഞ്ഞ കസേരകളും നനഞ്ഞ മൈതാനവും മാത്രമാണെന്ന് സംവിധായകന്‍ കാണിച്ചു തരുന്നു. രേഖയുടെ ജീവിതത്തിന്റെ ആകെത്തുകയെ ഒറ്റ സീനില്‍ ദൃശ്യത്തിലാക്കുകയാണ് സംവിധായകന്‍ ഇവിടെ (സൂക്ഷമമായ ഡീറ്റെയിലിങ്ങുകള്‍ ഇനിയുമുണ്ട് കഥയില്‍). സംവിധായകന്‍ കമലിന്റെ കഥാപാത്രം (അഭിനേതാവും കമല്‍ തന്നെ) പിന്നീട് വിവേകിനോട് പറയുന്ന 'രേഖ കഴിവുള്ള കുട്ടിയായിരുന്നു' എന്ന ഡയലോഗ് ഈ രംഗത്തെ സപ്പോട്ട് ചെയ്യുന്നുമുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
ഇങ്ങനെ തിരക്കഥയുടെ ഭാഷയെ ദൃശ്യത്തിലാക്കുന്നതില്‍ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയും സിനിമാട്ടോഗ്രാഫര്‍ അപ്പു പ്രഭാകറും പൂര്‍ണാര്‍ത്ഥത്തില്‍ വിജയിച്ചു എന്നു തന്നെ പറയാം. സാങ്കേതികമായി രേഖാചിത്രം മികച്ചു നില്‍ക്കുന്നു. കഥയുടെയും തിരക്കഥയുടെയും ബലം സിനിമയില്‍ അങ്ങോളം പ്രകടമാണ്. സങ്കീര്‍ണമായ ഒരു കഥ ദൃശ്യമാക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്.
'സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും അവള്‍ നല്ലൊരു നടിയായിരുന്നു' എന്ന സിസ്റ്റര്‍ സ്റ്റെഫിയുടെ ട്രെയിലറിലെ ഡയലോഗ്, അനശ്വര രാജന്‍ അവതരിപ്പിക്കുന്ന രേഖയെ പ്രതിസ്ഥാനത്തു നിര്‍ത്താനാണ് ആദ്യം തോന്നിപ്പിക്കുന്നതെങ്കിലും കഥ കടകവിരുദ്ധമായി പ്രേക്ഷകനിലേക്ക് എത്തുന്നു. തിയേറ്ററില്‍, ട്രെയിലറിന് വിരുദ്ധമായി കഥകൊണ്ട് ഒരു സര്‍പ്രൈസ് സൃഷ്ടിക്കാനാണ് ശ്രമിച്ചതെങ്കിലും അത് വേണ്ടത്ര വിജയിച്ചു എന്നു തോന്നുന്നില്ല. എങ്കിലും തിയേറ്ററില്‍ ചെലവിടുന്ന 140 മിനുട്ടുകള്‍ പ്രേക്ഷകനെ ഒരു തരത്തിലും മടുപ്പിക്കുന്നില്ല.
കാതോടു കാതോരം സിനിമയുടെ ഷൂട്ടിങ് സെറ്റും 1980കളിലെ കേരളവും അന്നത്തെ വസ്ത്രധാരണവുമെല്ലാം പുനസൃഷ്ടിക്കുന്നതില്‍ രേഖാചിത്രത്തിന്റെ ആര്‍ട്ട് ടീമും കോസ്റ്റ്യൂം ഡിസൈനേഴ്‌സും പൂര്‍ണാര്‍ത്ഥത്തില്‍ വിജയിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ 1980കളിലെ, കാതോടു കാതോരം സിനിമയിലെ മമ്മൂട്ടിയെ പുനഃസൃഷ്ടിക്കുന്നതിലും സംവിധായകന്‍ ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ ചെലുത്തിയ ശ്രദ്ധ എടുത്തുപറയേണ്ടതാണ്. ചെറിയ പിഴവ് സംഭവിച്ചാല്‍ പോലും സിനിമയെ ആകെ ബാധിക്കുമായിരുന്ന മമ്മൂട്ടിയുടെ എ ഐ പതിപ്പിനെ കുറ്റമറ്റ രീതിയില്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞത് സിനിമയുടെ മികവു തന്നെ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ക്രിയേറ്റീവ് സാധ്യതകള്‍ വരുംകാലത്ത് മലയാള സിനിമക്കും മുതല്‍ക്കൂട്ടാകും എന്നു തന്നെ പറയാം.ആസിഫ് അലിയും ജോഫിൻ ടി ചാക്കോയും | PHOTO : FACEBOOK
ആസിഫ് അലി, അനശ്വര രാജന്‍, ഇന്ദ്രന്‍സ്, സറീന്‍ ഷിഹാബ്, നിഷാന്ത് സാഗര്‍, ശ്രീകാന്ത് മുരളി, പോളി വില്‍സണ്‍ എന്നിവരുടെ അഭിനയവും വേഷപ്പകര്‍ച്ചയും എടുത്തുപറയേണ്ടതാണ്. അഭിനയം അത്രയും അനായാസമാവുന്നു. സിനിമയുടെ രണ്ടു ശ്രദ്ധാകേന്ദ്രങ്ങളായ വിവേക്, രേഖ എന്നീ കഥാപാത്രങ്ങളോട് ആസിഫ് അലിയും അനശ്വര രാജനും പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആസിഫ് അലി പുലര്‍ത്തുന്ന ജാഗ്രത രേഖാചിത്രത്തിന്റെ കാര്യത്തിലും തെറ്റിയിട്ടില്ലെന്നു പറയാം. കഴിഞ്ഞ കുറേ നാളുകളിലായി പൊലീസ് വേഷങ്ങള്‍ (കൂമന്‍, തലവന്‍, ഇതു താൻടാ പൊലീസ്, കുറ്റവും ശിക്ഷയും) ചെയ്യുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ആസിഫ് അലി രേഖാചിത്രത്തിലെ വിവേക് ഗോപിനാഥനെയും മികവുറ്റതാക്കി. സിസ്റ്റര്‍ സ്‌റ്റെഫിയുടെ വേഷം അഭിനയിച്ച മേഘ തോമസും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സിസ്റ്റര്‍ സ്റ്റെഫിയുടെ 1980കളിലെയും ഇപ്പോഴത്തെയും മാറ്റങ്ങള്‍ തന്റെ അഭിനയ മികവ് കൊണ്ട് മേഘ തോമസ് ഗംഭീരമാക്കിയിട്ടുണ്ട്. ഒരേ സ്‌ക്രീനില്‍ രണ്ടു കാലങ്ങളെ വഹിക്കുന്ന അഭിനേതാവിന്റെ സൂക്ഷ്മത പ്രശംസനീയം തന്നെ. മുജീദ് മജീബിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന എലമെന്റാണ്. 'ചിരിയേ..’ എന്നു തുടങ്ങുന്ന ഗാനം യുട്യൂബ് ട്രെന്‍ഡിംഗിലും മുന്നിലുണ്ട്. തിങ്കളാഴ്ച്ച നിശ്ചയം, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ സിനിമകള്‍ക്കു വേണ്ടിയും പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന സീരീസിനു വേണ്ടിയും സംഗീതം ഒരുക്കിയത് മുജീബ് ആയിരുന്നു.
രേഖാചിത്രം എന്ന പേരുമുതല്‍ ആരംഭിക്കുന്നുണ്ട് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയുടെ ഡയറക്ടര്‍ ബ്രില്യന്‍സ്. അത്ര സൂക്ഷമമാണ് സിനിമ. നിതാന്ത ജാഗ്രത സിനിമ ആവശ്യപ്പെടുന്നുമുണ്ട്.


