.jpg)
സെൻസറിങ്ങിൽ അവസാനിക്കാത്ത ചരിത്രം
മനുഷ്യജീവിതത്തിന്റെ മേൽത്തട്ടിലൂടെ പറക്കുകയോ, വീരാരാധനകൾക്ക് പാത്രമാകുന്ന ഗോഡ്മാനുകളെ കുടിയിരുത്തുകയോ അല്ലാതെ, പൊതുവേ അധികാരത്തെ മുറിവേൽപ്പിക്കാൻ ശ്രമിക്കാത്തതാണ് ബിഗ്ബജറ്റ് സിനിമാലോകം. നുണയാണ് നമ്മെ ഭരിക്കുന്നതെന്നും നമ്മൾ മതനിരപേക്ഷരാജ്യമായി തുടരേണ്ടതുണ്ടെന്നും വിളിച്ചുപറയുകയാണ് ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാം സിനിമയായ 'എമ്പുരാൻ'. സമാധാനത്തിന്റെ കാലത്ത് ഒരു അവസരവും ലഭിക്കില്ലെന്ന് ഉറപ്പുള്ളവർ നമുക്കിടയിൽ എങ്ങനെയൊക്കെ ഇടപെടുമെന്നും അവരെ ഒറ്റക്കെട്ടായി നിന്ന് എങ്ങനെയൊക്കെ പ്രതിരോധിക്കാമെന്നും ചർച്ച ചെയ്യുകയാണ് ചിത്രം.
2002ൽ ഗുജറാത്തിൽ അരങ്ങേറിയ വംശഹത്യ ലക്ഷ്യംവച്ചുള്ള കൂട്ടക്കൊലയെ ആദ്യ മുപ്പത് മിനിറ്റിൽ തന്നെ വ്യക്തമാക്കി കൊണ്ടാണ് ചിത്രത്തിൻറെ തുടക്കം. മതവും രാഷ്ട്രീയവും സമാസമം ചേർത്ത് വെടിമരുന്ന് നിർമ്മിക്കുന്നവരുടെ നീതികേടുകളുടെ, അവരുടെ തോക്കിൻ പാത്തിക്ക് കീഴിൽ ഞെരിഞ്ഞമരുന്നവരുടെ വേദനകളുടെ, ചലച്ചിത്രസാക്ഷ്യമാണത്.
മതേതര പ്രസ്ഥാനങ്ങളിലേക്ക് പ്രത്യയശാസ്ത്രത്തെ തിരുകിക്കയറ്റിയും സുവർണ്ണാവസരങ്ങൾ കെട്ടിപ്പടുത്തും നാടിൻറെ ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങളെയും സിനിമ തുറന്നുകാട്ടുന്നുണ്ട്. എമ്പുരാന് വധശിക്ഷ വിധിക്കുന്ന ആർഎസ്എസ്-ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾക്കിടയിലൂടെ ചിലരുടെ മുട്ടുകൂട്ടിയിടിക്കുന്ന ശബ്ദവും ഉറക്കെ കേൾക്കാം. നിരന്തരം മറവിയിലേക്ക് തള്ളാൻ ശ്രമിക്കുന്ന ഓർമ്മകളെ ഒരിക്കൽക്കൂടി പിടിച്ച് മുന്നിൽ വച്ചു എന്നതിലുള്ള ഭീതിയാണ് എമ്പുരാനോടുള്ള അടങ്ങാത്ത കലിയായി പുറത്തുവരുന്നത്.REPRESENTATIVE IMAGE | WIKI COMMONS
എമ്പുരാൻ സിനിമ ഒളിപ്പിച്ചുവച്ചു എന്ന് സംഘപരിവാരം പറയുന്ന ഗോധ്ര ട്രെയിൻ തീപ്പിടിത്തം ഇതിന് മുമ്പ് ചർച്ചയാക്കിയ ചലച്ചിത്രമാണ് കഴിഞ്ഞവർഷം പുറത്തിറങ്ങിയ 'സബർമതി റിപ്പോർട്ട്'. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയെ ന്യായീകരിക്കാനായി ആർഎസ്എസ് നേതാക്കൾ ഗോധ്ര സംഭവത്തെ അവതരിപ്പിക്കുന്ന അതേ നിലയിലാണ് ഈ പ്രൊപ്പഗാണ്ട സിനിമയും വിഷയം ചർച്ച ചെയ്യുന്നത്. 'വ്യാജ നറേറ്റിവുകൾ കുറച്ചുകാലത്തേക്ക് മാത്രമേ നിലനിൽക്കൂ' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും 'സത്യത്തെ പകൽവെളിച്ചത്തേക്ക് വിളിച്ചുകൊണ്ടുവരികയാണിതെ'ന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും സിനിമയെപ്പറ്റി അഭിപ്രായപ്പെട്ടിരുന്നു. ഇതേ മനുഷ്യർ ഗുജറാത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി അധികാരത്തിൽ ഇരിക്കവേ തന്നെയാണ് ഗോധ്രക്ക് പിന്നാലെ നരോദപാട്യ, ഗോമതിപൂർ തുടങ്ങിയ കൂട്ടക്കൊലകളും അരങ്ങേറുന്നത്.
2001ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിൽ തുടരുകയായിരുന്ന കേശുഭായി പട്ടേലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ബിജെപി. കച്ച് ഭൂകമ്പത്തിന്റെ ദുരിതങ്ങളിൽ നിന്ന് ഗുജറാത്ത് ജനതയെ കൈപിടിച്ചുയർത്താൻ കഴിയാതെ നാണംകെട്ട് നിൽക്കവേ, ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനഭരണസാരഥ്യത്തിലേക്ക് നേരിട്ട് അവതരിപ്പിക്കപ്പെട്ട നേതാവായിരുന്നു നരേന്ദ്ര മോഡി. ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലേക്കുള്ള മോഡിയുടെ സിംഹാസനാരോഹണത്തിന് നാലു മാസങ്ങൾക്കിപ്പുറമായിരുന്നു ഗോധ്ര ട്രെയിൻ തീപ്പിടിത്തം. 2002 ഫെബ്രുവരി 27ന് അയോധ്യയിൽ നിന്ന് കർസേവകരുമായി ഗുജറാത്തിലേക്ക് പുറപ്പെട്ട സബർമതി എക്സ്പ്രസ് ഗോധ്ര റെയിൽവേ സ്റ്റേഷനിൽ വച്ച് തീപിടിക്കുകയും 58 പേർ കൊല്ലപ്പെടുകയും ചെയ്തു.ഗോധ്ര ട്രെയിൻ തീപ്പിടിത്തം | PHOTO: WIKI COMMONS
ഗോധ്ര കേസിനായി ഏർപ്പെടുത്തിയ കെ ജി ഷാ എന്ന മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. നരേന്ദ്രമോഡിയുടെ അടുപ്പക്കാരനാണ് അന്വേഷണ കമ്മീഷൻ എന്ന വിമർശനം കടുത്തപ്പോൾ മുൻ സുപ്രീംകോടതി ജഡ്ജി നാനാവതിയെയും കൂട്ടി. പിന്നീട് കെ ജി ഷാ മരിച്ചപ്പോൾ ആ ഒഴിവിലേക്ക് ജസ്റ്റിസ് അക്ഷയ് മേത്തയെയും ഉൾപ്പെടുത്തി. കലാപകാലത്ത് പ്രവർത്തിച്ചിരുന്ന പ്രധാനപ്പെട്ട പല ഉദ്യോഗസ്ഥരെയും ഹിയറിങ്ങിന് പോലും വിളിക്കാതെ തയ്യാറാക്കിയ റിപ്പോർട്ട് ഗോധ്ര സംഭവത്തിൽ ഗൂഢാലോചന ആരോപിക്കുകയാണ് ചെയ്തത്. സബർമതി എക്സ്പ്രസ്സിന്റെ S6 കമ്പാർട്ട്മെന്റിൽ പടർന്ന തീ, പുറത്ത് സംഘടിച്ചിരുന്ന ആയിരത്തോളം പേരുടെ നേതൃത്വത്തിൽ നടത്തിയ തീവയ്പ്പാണെന്ന് രേഖപ്പെടുത്തി. റിപ്പോർട്ടിന്റെ ഒന്നാം ഭാഗം 2009ലെ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് സമർപ്പിക്കപ്പെട്ടത്. കലാപകാലത്ത് ഉയർന്ന കോൺസ്പിറസി തിയറിയെ നിയമപരമാക്കി തീർത്തുവെന്ന് കോൺഗ്രസ്, സിപിഎം അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും അക്കാദമിക് വിദഗ്ധരും വിമർശനമുയർത്തി. ഒന്നാം യുപിഎ സർക്കാരിൻറെ കാലത്ത് റെയിൽവേ അന്വേഷണത്തിന്റെ ഭാഗമായി യുസി ബാനർജിയുടെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ട്രെയിൻ തീപ്പിടുത്തം സാങ്കേതിക പിഴവ് മാത്രമാണെന്ന് വ്യക്തമാക്കി. എന്നാൽ ഒരേ വിഷയത്തിൽ രണ്ട് കമ്മീഷനുകൾ സംഘടിപ്പിക്കപ്പെട്ടതിനെ വിമർശിച്ച് ബാനർജി കമ്മീഷൻ റിപ്പോർട്ട് കോടതി തള്ളുകയാണ് ഉണ്ടായത്. ഗോധ്ര സംബന്ധിച്ച നിരവധി സ്വതന്ത്ര അന്വേഷണങ്ങളും ഉണ്ടായി. ട്രെയിനിന് തീവച്ചതാണെന്നും സാങ്കേതിക പിഴവ് മൂലം തീപടർന്നതാണെന്നുമൊക്കെ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഗോദ്രക്ക് ശേഷം നടന്ന കലാപങ്ങളിലും കൂട്ടക്കൊലകളിലുമായി ഔദ്യോഗിക കണക്കുകൾ പ്രകാരം മാത്രം 1,044 പേർ കൊല്ലപ്പെട്ടു. സ്വതന്ത്ര റിപ്പോർട്ടുകൾ നോക്കിയാൽ മരണക്കണക്ക് രണ്ടായിരം കടക്കും.
ഗുജറാത്ത് കലാപകാലത്ത് നരേന്ദ്രമോഡി സർക്കാർ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നതെന്ന് അന്ന് ഗുജറാത്ത് പോലീസ് എഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാറും ഇൻറലിജൻസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സഞ്ജീവ് ഭട്ടും പിന്നീട് പുറത്തുവന്നു പറഞ്ഞിട്ടുണ്ട്. സത്യം സെൻസർ ചെയ്യാതെ വിളിച്ചു പറഞ്ഞതിന് അവർക്ക് നേരെ ആരംഭിച്ച വേട്ടയാടൽ ഇന്നും അവസാനിച്ചിട്ടില്ല. നരോദപാട്യ കൂട്ടക്കൊലയിൽ മുഖ്യ ആസൂത്രകനായി കണ്ടെത്തി ശിക്ഷിക്കപ്പെട്ട ബാബു ബജ്‌രംഗിയും കലാപക്കാലത്തെ മോഡി ഭരണം വിശദമാക്കിയിട്ടുണ്ട്. മൂന്നു ദിവസത്തേക്ക് തെരുവിൽ എന്തും ചെയ്തോളാൻ 'നരേന്ദ്ര ഭായ്' പറഞ്ഞുവെന്നും ജയിലിൽ അടയ്ക്കപ്പെട്ടാലും പുറത്തെത്തിച്ചു കൊള്ളാമെന്ന് ഉറപ്പു തന്നിരുന്നുവെന്നും ബാബു ബജ്‌രംഗി വെളിപ്പെടുത്തി. ആശിഷ് ഖേതൻ എന്ന തെഹൽക്ക റിപ്പോർട്ടറുടെ ക്യാമറയിലൂടെ അത് വീഡിയോ തെളിവായി പുറത്തുവന്നു. നരോദപാട്യ കൂട്ടക്കൊലയിലെ ഈ മുഖ്യകുറ്റവാളിയുടെ പേര് അതുപോലെ തന്നെ എമ്പുരാൻ സിനിമയിൽ എടുത്തുപയോഗിച്ചതിന് വേദനകൊണ്ട് പുളയുന്ന ആർഎസ്എസ് മുഖപത്രം ‘ഓർഗനൈസർ’ പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനായി മുദ്രകുത്തിക്കഴിഞ്ഞു. രാമഭക്തനായ ബജ്‌രംഗ്ബലി(ഹനുമാൻ)യുടെ പേരാണോ ഒരു സിനിമയിലെ വില്ലന് നൽകുക എന്നാണ് അനുസരണയോടെ സ്വന്തം ചിത്രം വെട്ടിനൽകിയിട്ടും ആർഎസ്എസ് ഉയർത്തുന്ന ചോദ്യം.REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഗുജറാത്തിൽ സംഘട്ടനങ്ങളുടെയും കൂട്ടക്കൊലകളുടെയും കടുപ്പം വർദ്ധിച്ച 1960കളിലാണ് ആദ്യ ഗുജറാത്ത് കലാപം അരങ്ങേറുന്നത്. വർഗീയതയുടെ മഴുമുനകൾക്ക് മൂർച്ച കൂടിയ 1969ൽ മാത്രം ഗുജറാത്ത് സർക്കാരിൻറെ ഔദ്യോഗിക കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടത് 660 മനുഷ്യരാണ്. 1985ൽ ജാതിസംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് കേന്ദ്രീകരിച്ച് നടന്ന കലാപത്തിലും 200ലധികം പേർ കൊല്ലപ്പെട്ടു. 2002ലെ ഗുജറാത്ത് കലാപത്തിന് മുമ്പ് മറ്റ് സംസ്ഥാനങ്ങളിലും നിരവധി കലാപങ്ങൾ നടന്നിട്ടുണ്ട്. ആസാമിലെ നെല്ലിയിൽ 1983ലും, ബിഹാറിലെ ഭഗൽപൂരിൽ 1989ലും നടന്ന കൂട്ടക്കൊലകൾ അവയിലെ ചില ഉദാഹരണങ്ങൾ മാത്രം. സർക്കാർ അധികാരികളുടെ കണക്കുപുസ്തകങ്ങളിൽപ്പെടാത്ത നിരവധി കൊള്ളിവയ്പുകൾക്ക് ഓരോ ഉത്സവകാലത്തും ഉത്തരേന്ത്യ സാക്ഷ്യം വഹിക്കുന്നുണ്ട്. രൂപപ്പെട്ടത് മുതൽ ആയുധമെടുത്ത് ആഭ്യന്തരശത്രുക്കളെ കൊലപ്പെടുത്തുന്ന ഹിന്ദുത്വ രാഷ്ട്രീയം 2006ൽ വഡോദരയിലും 2015ൽ ഭറൂച്ചിലും 2017ൽ പത്താനിലും നടത്തിയ കലാപങ്ങൾ ഗുജറാത്തിലെ മാത്രം ഉദാഹരണങ്ങളാണ്. അതുകൊണ്ട് ഗോധ്ര ഉയർത്തിപ്പിടിച്ച് കൂട്ടക്കൊലകളെ സാമാന്യവൽക്കരിക്കുന്നതിനെ സാമാന്യജനം വിശ്വസിച്ച് വിഴുങ്ങാത്തത്തിന് കാരണംതേടി മറ്റെവിടെയും പോകേണ്ടിവരില്ല.
ഗുജറാത്ത് പോലുള്ള കൂട്ടക്കൊലകളിലെ 'സ്വാഭാവികത' സൃഷ്ടിച്ചെടുത്തതാണെന്നും കൃത്യമായ ആസൂത്രണമില്ലാതെ ഇത്രയും മനുഷ്യരെ കൊല ചെയ്യാൻ കഴിയില്ലെന്നും വിശദ പഠനത്തിന് ശേഷം പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനായ ജാൻ ബ്രമൻ 1999ൽ ‘ഇപിഡബ്ല്യു’വിൽ രേഖപ്പെടുത്തുന്നുണ്ട്. കലാപങ്ങൾ അമർച്ച ചെയ്യുന്ന ഭരണകൂട ഉപകരണമായി പ്രവർത്തിക്കുന്നതിന് പകരം പോലീസ് സംവിധാനം തുടരുന്ന നിഷ്ക്രിയത്വവും പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രധാന ഉപകരണമായ പോലീസ് സംവിധാനത്തെ സംരക്ഷിച്ചുനിർത്താൻ നരേന്ദ്രമോഡി സർക്കാർ എല്ലാ അടവുകളും പയറ്റിയിട്ടുമുണ്ട്. ഇന്ത്യൻ പോലീസ് സംവിധാനത്തിന്റെ മനുഷ്യത്വവിരുദ്ധതയെ ചോദ്യം ചെയ്യുന്ന, ബ്രിട്ടീഷ് ഔദ്യോഗിക ഓസ്കാർ എൻട്രിയായി മാറിയ, 'സന്തോഷ്' എന്ന സിനിമയ്ക്ക് ഇനിയും സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ലഭിക്കാത്തതിന് മറ്റെന്ത് കാരണമാണ് ഭരണകൂടത്തിന് ചമയ്ക്കാൻ കഴിയുക?'സന്തോഷ്' എന്ന സിനിമയില്‍നിന്നും | PHOTO: WIKI COMMONS
'ജനങ്ങളിൽ എത്തിക്കേണ്ട എന്തും, സത്യമായാലും നുണയായാലും, മധുരിച്ചതും പുളിച്ചതും, എന്തും അതുപോലെ എത്തിക്കാനുള്ള കഴിവ് നമുക്കുണ്ട്' എന്ന് ബിജെപിക്കാരോട് പറഞ്ഞത് 2018 സെപ്തംബർ 22ന് രാജസ്ഥാനിൽ വച്ച് അന്നത്തെ പ്രസിഡന്റ് അമിത് ഷായാണ്. കള്ളം നിർമിച്ച് വാട്ട്സ്ആപ്പിലൂടെ കടത്തി സത്യമാക്കിത്തീർക്കുന്ന സംഘപരിവാർ സംവിധാനത്തെ കൂടി തുറന്നുകാണിക്കാൻ എമ്പുരാന് കഴിയുമായിരുന്നു. ഒപ്പം, ചേരിതിരിക്കാനും കൊലപ്പെടുത്താനുമായി പടർത്തുന്ന ഭീതിയെയും. അതുണ്ടായില്ല എന്നത് മാത്രമാണ് ജനാധിപത്യ വിശ്വാസികളിൽ നിന്ന് എമ്പുരാൻ നേരിടേണ്ട രാഷ്ട്രീയ വിമർശനം. സംഘപരിവാറിന്റെ മറ്റു കൊള്ളരുതായ്മകളെയെല്ലാം ഡോക്യുമെന്റ് ചെയ്തു എന്നതിലാകണം എമ്പുരാനുള്ള ഉപാധിരഹിത ഐക്യദാർഢ്യം.
ഓർഗനൈസർ മുതൽ മുഖരഹിതമായ ഫേസ്ബുക്ക് പ്രൊഫൈലുകൾ വരെ പല മീറ്ററുകളിൽ ആക്ഷേപമുയർത്തിയ സിനിമ വർഗീയതയുടെ കത്രികപ്പൂട്ടിന് തല വച്ചുകൊടുത്തിരിക്കുകയാണ്. സിനിമയെ പുറത്തെത്തിച്ച മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും നേരെ ദയാരഹിതമായ കൊലവിളി തുടരുകയാണ്. ഭീഷണിക്ക് മുമ്പിൽ കീഴ്പ്പെട്ട് പ്രതിനായകന്റെ പേരും 24 ഭാഗങ്ങളും വെട്ടി മാറ്റിയാലും, സ്വമേധയാ നടത്തിയ മാറ്റമാണിത് എന്നാണ് ആർഎസ്എസ്-ബിജെപി ഔദ്യോഗിക വിശദീകരണങ്ങൾ.
സിനിമകളിൽ നിന്ന് എത്ര വെട്ടിമാറ്റിയാലും, ചരിത്രത്തിലേക്ക് എത്ര തിരുകിക്കയറ്റിയാലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വംശഹത്യാ നീക്കത്തെ ഇനിയാർക്കും പൊതിഞ്ഞുപിടിക്കാൻ കഴിയില്ല. കുറച്ച് ചലച്ചിത്ര പ്രവർത്തകരെ വരച്ചവരയിൽ നിർത്താൻ കഴിഞ്ഞു എന്നത് മാത്രമാണ് എമ്പുരാൻ എപ്പിസോഡിൽ അവർ നേടുന്ന താൽക്കാലിക വിജയം. ഒരാൾ കീഴടങ്ങിയത് കൊണ്ട്, അയാളെ ഒറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നതിലും അർത്ഥമില്ല. സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയുന്നില്ലല്ലോ എന്ന അപമാനബോധം അയാളിൽ ചുരുങ്ങുമെന്ന് മാത്രം. അത് മോഹൻലാലായാലും ആരായാലും. വ്യക്തികളുടെ പണമികവും വലിപ്പച്ചെറുപ്പവുമല്ല, ആശയദൃഢത നൽകുന്ന സംഘടിത ഐക്യശക്തിയാണ് പോരാട്ടങ്ങളെ മുന്നോട്ടു നയിക്കുന്നത്. അണിചേരലാണ് ഓരോരുത്തർക്കും ഇമ്മ്യൂണിറ്റി പകർന്നുനൽകുന്നത്.