ഒരു സിനിമയും കുറെ മുലകളും
ഉടല്‍ ഒരു വസ്ത്രമാണ്
ഇറുക്കമോ അയവോ
തോന്നാത്ത അത്രയും
കൃത്യമായ ഉടുപ്പ്
സുധീഷ് കോട്ടേമ്പ്രത്തിന്റെ പരകായം എന്ന കവിതയിൽ ഉടലോടെ നടക്കുന്നതിലെ പ്രയാസത്തെ സൂചിപ്പിക്കുന്നു. സ്ത്രീക്ക് ഉടൽ ഒരു വസ്ത്രമാകുന്നു ഇറുക്കമോ അയവോ കൂടാത്ത അത്രയും കൃത്യമായ ഉടുപ്പ്. ഈ വസ്ത്രവും ചുമന്നു കൊണ്ടാണ് മലയാള സിനിമയിലെ സ്ത്രീ ഇന്നോളം സഞ്ചരിച്ചത്. ഉടലിന്റെ ഒതുക്കത്തില്‍ ചിലവഴിക്കേണ്ടി വരുന്ന സമ്മര്‍ദത്തെയും ശ്രദ്ധയെയും ആണ് കവി വരച്ചിട്ടുന്നത്. തിരശീലയിലെ സ്ത്രീക്ക് ഉടൽ ഭാരമാണ്. സ്ത്രീ ശരീരം എന്നത് സിനിമയുടെ ആകർഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. നോക്കുന്ന വസ്തുവായിട്ടാണ് സ്ത്രീ ശരീരത്തെ സിനിമ ആവിഷ്കരിച്ചത്. സ്ത്രീയുടെ മാറിടങ്ങളെ ഫോക്കസ് ചെയ്യുന്ന സിനിമയുടെ വിപണന യുക്തിയെ ചോദ്യം ചെയ്യുന്ന സിനിമയാണ് 'ബി 32 മുതൽ 44 വരെ'.
ലോക സിനിമയിലൂടെയുള്ള എന്റെ സഞ്ചാരം തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ ആയി. എന്നിട്ടും സ്ത്രീ ശരീരത്തിന്‍റെ അളവുകളെ ചുറ്റിയുള്ള സിനിമയുടെ കാഴ്ചയെ വെല്ലുവിളിക്കുന്ന ഒരു സിനിമ കാണുന്നത് ആദ്യമായാണ്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32 മുതൽ 44 വരെ' എന്ന സിനിമ പ്രമേയം കൊണ്ട് തന്നെ നൂതനാനുഭവമായിരുന്നു. ശരീരം മുഴുവൻ ലൈംഗികാവയവമായി വീക്ഷിക്കപ്പെടുന്ന സ്ത്രീയെ സംബന്ധിച്ച് ഉടലിനെ ആവിഷ്‌കരിക്കുന്നത് പ്രയാസമേറിയ കാര്യമാകുന്നു. ബി 32 മുതൽ 44 വരെയുള്ള അളവുകൾക്കുള്ളിൽ ശ്വാസം മുട്ടുന്ന ശരീരത്തെയും ചിന്തയേയും പുറത്തെടുക്കുക എളുപ്പമല്ല. ഉടൽ അളവുകളെ പൊട്ടിച്ചു കളയുന്ന, കെ.ആർ മീര പറഞ്ഞ പോലെ ഉടലിന്റെ രാഷ്ട്രീയം ഉയിരിന്റെ രാഷ്ട്രീയമാകുന്ന സിനിമ.
ബി 32 മുതൽ 44 വരെ സിനിമയില്‍ നിന്നുള്ള രംഗം
മാലിനി, ഇമാൻ, ജയ, റെയ്ച്ചൻ, സിയ, നിധി തുടങ്ങി ആറ് സ്ത്രീകളിലൂടെ ആണ് ബിയുടെ കഥ നീങ്ങുന്നത്. ഏതൊരു സ്ത്രീയുടെയും ജീവിതത്തിൽ മുലകൾ ഒരു വിഷയമാകാറുണ്ട്. ഒരുപക്ഷേ പുരുഷൻറെ ജീവിതത്തിലും. സിനിമയുടെ തുടക്കത്തിൽ തന്നെ ഇത് വളരെ വ്യക്തമായി കുറിച്ചിടുന്നു. മുലകൾ വിഷയമാകുന്ന ഒരു സ്ത്രീയും മുലകളിൽ തൊടാൻ കൊതിക്കുന്ന ഒരു ചെക്കനും. തൊടാനുള്ള തോന്നൽ ജനപ്രിയ കലയുടെ നിർമ്മിതിയാണ്. സിനിമ എപ്പോഴും ആഖ്യനത്തിൽ തൊടലിനെ മാനിപുലേറ്റ് ചെയ്ത് അവതരിപ്പിക്കാറുണ്ട്. സോഫ്റ്റ് ലൈറ്റ്സും, ക്ലോസപ്പുകളും, പേഡഡ് ബ്രായും ഉപയോഗിച്ച് തൊടാൻ തോന്നുന്ന വിധത്തിൽ മുലകളെ ആവിഷ്കരിച്ചു കൊണ്ടാണ് ജനപ്രിയ സംസ്കാരം അതിന്റെ വിപണി സൃഷ്ടിച്ചെടുത്തത്. ഈ വിപണനയുക്തിയെ ചോദ്യം ചെയ്യുകയാണ് സിനിമ അനുഭവ സാക്ഷ്യങ്ങളിലൂടെ. ഈ സിനിമയിൽ നമ്മൾ കണ്ട ഒരു സ്ത്രീയുടെ മുലയിലും ഒരു പക്ഷേ പുരുഷൻ തന്റെ കാഴ്ചാശീലത്തോടെ നോക്കിയിട്ടുണ്ടാവില്ല. ശരീരമെന്ന കേവല കൗതുകത്തിന് അപ്പുറത്താണ് കണ്ടിട്ടുണ്ടാവുക.
ഏറ്റവും സെക്സിയായി സ്ത്രീയെ അവതരിപ്പിക്കുന്നത് മാറിടങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടാണ്. സ്ത്രീയുടെ സ്തനത്തിന്റെ ആകർഷണീയത നിർമ്മിച്ചത് മൂന്ന് വീക്ഷണ കോണുകളിലൂടെയാണ്. നേരെയുളള കാഴ്ച, കുനിഞ്ഞ കാഴ്ച, സൈഡ് കാഴ്ച എന്നിങ്ങളെ. ക്ലീവേജിന്റെ ക്ലോസ് അപ്പുകൾ, ഇറുങ്ങിയ ഡ്രസ്സിനുള്ളിലൂടെ തെറിച്ചു നിൽക്കുന്ന ശരീരവും സിനിമയുടെ സ്ഥിരം കാഴ്ചയാണ്. സ്ത്രീയുടെ സ്തനങ്ങളുടെ ആകർഷണീയയെ കുറിച്ചുള്ള പുരുഷധാരണ സാമൂഹിക ലൈംഗികതയെ സ്വാധീനിക്കുന്നുണ്ട്. ആയതിനാൽ ഇതിൻറെ സിനിമാറ്റോഗ്രാഫറായ സുധീപ് ഇളമണിനെ അഭിനന്ദിക്കാതെ തരമില്ല. പതിവ് സൗന്ദര്യത്മക ശീലങ്ങളെ പൊളിച്ചടക്കി പുതിയ ഭാഷ്യം ചമക്കുക എന്നത് ശ്രമകരം ആയിരുന്നിരിക്കണം.
ബി 32 മുതൽ 44 വരെ സിനിമയില്‍ നിന്നുള്ള രംഗം
ഹോസ്റ്റലിൽ പഠിക്കുന്ന കാലത്ത് ഒരു സുഹൃത്ത് ചിലരെ നോക്കി പറയാറുള്ള തമാശയുണ്ട്. "നീയൊക്കെ സമ്പന്നത മറക്കാനാണ് ഷോൾ ഇടുന്നതെങ്കിൽ ഞങ്ങൾ ദാരിദ്ര്യം മറക്കാനാ". ശരീരത്തിന്റെ ഏത് അളവും സ്ത്രീയുടെ ജീവിതത്തിൽ ഒരു വിഷയമാണ് എന്നതിനെ സ്വയം ട്രോളി കൊണ്ട് അവതരിപ്പിച്ചിരുന്ന ഹോസ്റ്റൽ സുഹൃത്തുക്കളെ ആണ് ഈ സിനിമ കണ്ടപ്പോൾ ആദ്യം ഓർത്തത്. പുരുഷ നോട്ടങ്ങളെ പറ്റിക്കുന്നതിനെ പറ്റി സ്‌റ്റഡി ക്ലാസ് എടുത്തിരുന്ന ചേച്ചിമാർ ഉണ്ടായിരുന്നു. "അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണ് " തുടങ്ങി പുരുഷ മൊഴികളെ പാവങ്ങൾ എന്തെറിയാം എന്ന് പരിഹസിക്കുന്നവർ. ഹോസ്റ്റലിലെ സജീവ ചർച്ചകളിൽ ഒന്നാണ് സ്തനങ്ങൾ. സിനിമ കണ്ടപ്പോൾ സിനിമയാണോ കണ്ടത് സ്വന്തം ജീവിത സന്ദർഭങ്ങളെ തിരിഞ്ഞു നോക്കിയതാണോ എന്ന് സംശയം തോന്നി.
സിമണ്‍ ദി ബൊവെയുടെ `The Second Sex' നോടും കേറ്റ്മില്ലെറ്റിന്റെ Sexual Politics' ' നോടും ബെറ്റി ഫ്രീഡന്റെ `The Feminine Mystique' നോടും ജെർമെയ്ൻ ഗ്രീറിന്റെ The Female Eunuch (1970) എന്നീ ആലോചനകളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാവും ജന്‍ഡറിനെ കുറിച്ച് സംസാരിച്ചിരുന്നത്. ലോറ മൾവിയെയും ബെൽ ഹുക്സിനെയും ഉദ്ധരിച്ച് സിനിമയുടെ നോട്ടങ്ങളെ, സിനിമയ്കകത്തെ എതിർ നോട്ടങ്ങളെ എല്ലാം നമ്മൾ വ്യാഖ്യാനിച്ചിട്ടുമുണ്ട്. നോട്ടങ്ങൾ എങ്ങിനെ ജീവിതാനുഭവങ്ങളിൽ ക്രൂരമാകുന്നു എന്നതിൻറെ ദൃശ്യാവിഷ്കാരമാണ് സിനിമ. നിലനിൽക്കുന്ന സ്ത്രീ സ്തന കാഴ്ചകളുടെ ബദലും പുതിയ അർത്ഥ നിർമ്മിതി കൂടി ആകുന്നു സിനിമ. മതത്തിലൂടെയും ചിത്രകലയിലൂടെയും നമുക്ക് ലഭിച്ച സ്തനചിത്രങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മതപരമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നായിരുന്നു ആദ്യകാലത്ത് സ്തനങ്ങൾ. അമ്മസങ്കല്പങ്ങളിലെല്ലാം മത ചിഹ്നമായി സ്തനങ്ങൾ കാണാം. ചിത്രകലയിൽ ഇറോട്ടിക്ക് ആയി സ്തനങ്ങളെ അവതരിപ്പിച്ചപ്പോൾ മതേതര മാനങ്ങൾ ഉണ്ടായി. അതിന് വിപണന മൂല്യം ഉണ്ടാക്കുക എന്നതായിരുന്നു സിനിമയുടെ തന്ത്രം.
ബി 32 മുതൽ 44 വരെ സിനിമയില്‍ നിന്നുള്ള രംഗം
മുലകൾ ഉള്ള ആറ് സ്ത്രീകൾ മുലയുമായി ചുറ്റിപ്പറ്റിയുള്ള അവരുടെ ജീവിതവും ആണ് സിനിമ. മുലയിൽ തൊട്ടോട്ടെ എന്ന് ആ ചെറുക്കൻ ചോദിക്കുമ്പോൾ ഞാൻ പെട്ടെന്ന് മുലകൾ വന്നതിനുശേഷം മാറി പോയ എന്റെ ജീവിതത്തെ കുറിച്ച് ഓർത്തു പോയി. 28-26-38 ശരീരത്തിൻറെ അളവുകളെ നിജപ്പെടുത്തിയ ഫാഷൻ അളവുകോലുമായി ബന്ധപ്പെടുത്തിക്കൊണ്ട് നമ്മൾ നമ്മുടെ ശരീരത്തിൽ നോക്കിയിരുന്ന കാലം. ആദ്യകാലത്ത് ബ്രാസിയർ ഇടാൻ വേണ്ടി കരഞ്ഞത്. അമ്മയ്ക്കൊന്നും ശരീരം വലുതായത് മനസ്സിലായില്ലേ എന്ന് ആലോചിച്ചു വിഷമിച്ചത്. ശരീരവുമായി ബന്ധപ്പെട്ട് കേൾക്കേണ്ടി വന്നിട്ടുള്ള മോശം കമൻറുകൾ. ഈ കമന്റുകളെ പേടിച്ചാണ് ബ്രസിയർ ഇടാൻ വേണ്ടി വാശിപിടിച്ചത്. സ്വന്തം ശരീരമാണ് എനിക്കിഷ്ടമുള്ള പോലെ നടക്കും എന്നുള്ള ഉറച്ച തീരുമാനം ആയിരിക്കാം ആദ്യം ഷാൾ ഉപേക്ഷിച്ചതിനു പിന്നിൽ. ചിലപ്പോൾ ബ്രസിയർ തന്നെ ഇടാറില്ല. എൻറെ കുട്ടിക്കാലം വച്ച് നോക്കുകയാണെങ്കിൽ കാലത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്, ആളുകൾ അത്ര രൂക്ഷമായി മാറിലേക്ക് നോക്കാറില്ല ഒരുപക്ഷേ ഭയപ്പെട്ടിട്ടാണോ എന്നറിയില്ല, നോട്ടങ്ങൾ മാറീട്ടില്ലെങ്കിലും കുറഞ്ഞിട്ടുണ്ട്. പിന്നെ ഏതു നോട്ടത്തിനുള്ളിലും അതിജീവിക്കാനുള്ള ശേഷി നേടി എടുത്തിട്ടുമുണ്ട്. അതിനു സാധ്യമായത് സ്ത്രീ ചരിത്രത്തോടൊപ്പം അഭാവങ്ങളോടൊപ്പം സഞ്ചരിച്ചതു കൊണ്ടാവണം. നിലനിൽക്കുന്ന കാഴ്ചകളെയും ശീലങ്ങളെയും സ്വയം വെല്ലുവിളിച്ചു കൊണ്ട് തന്നെയാണ് ഈ ശേഷി നേടിയെടുത്തത്. ഈ സിനിമയിലെ ഓരോ സ്ത്രീയിലും എനിക്ക് എന്നെയും കാണാൻ കഴിഞ്ഞു. വിട്ടു കൊടുക്കാതെ ജീവിതം കൊണ്ട് അതിജീവിക്കുന്ന സ്ത്രീകളെ. നിങ്ങൾ with boobs and without boobs ഇന്ന് അടയാളപ്പെടുത്തുമ്പോൾ അതിനെയും കവച്ചു വെച്ച് നടന്നു തന്നെ പോകും. അതിന്റെ കാലയളവ് വളരെ കൂടുതലാണ് എങ്കിലും. ജീവിതം കൊണ്ട് സ്ത്രീകൾ ആർജിച്ചെടുക്കുന്ന ബോധ്യങ്ങളെ കുറഞ്ഞ സമയത്തിൽ അവതരിപ്പിക്കുക എളുപ്പമല്ല. അതിൽ ശ്രുതി വിജയിച്ചിരിക്കുന്നു. ശരീരമാണ് സ്ത്രീ എന്നു സമൂഹം അവർത്തിച്ചു പഠിപ്പിച്ചു കൊണ്ടും ശരീരത്തിന് പുറത്തുള്ള ആവിഷ്കരങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്തു കൊണ്ടാണ് പുരുഷാധിപത്യതിന്റെ യുക്തി പ്രവർത്തിക്കുന്നത്..
സിമെൻ ദി ബുവേ സെക്കൻഡ് സെക്സ് എന്ന പുസ്തകത്തിൽ ചരിത്രാതീതകാലം മുതലുള്ള സ്ത്രീകളുടെ ചരിത്രം പരിശോധിക്കുന്നുണ്ട്. അതിൽ സ്ത്രീയുടെ ജീവിതഘട്ടങ്ങൾ ലൈംഗികത, വിദ്യാഭ്യാസം ലൈംഗികതയുടെ പ്രാരംഭഘട്ടം, സെക്ഷ്വൻ ഓറിയന്റേഷൻ, ആർത്തവം വിവാഹം, മാതൃത്വം, വാർദ്ധക്യം എന്നിങ്ങനെ പറയുന്നു. ശരീരത്തിന്റെ ഇത്തരം അവസ്ഥകൾ വെച്ചുനോക്കുമ്പോൾ സ്ത്രീ സബ്ജക്ടിവിറ്റിയെ കുറിച്ചുള്ള പഠനങ്ങളിൽ വലിയ പോരായ്മകൾ ഉണ്ട്. മലയാള സിനിമ അമ്മ, ഭാര്യ, കാമുകി എന്നതിലേക്ക് സ്ത്രീ സബ്ജെക്ടിവിറ്റിയെ ചുരുക്കി. മലയാള സിനിമയുടെ ചരിത്രം ആണത്ത നിർമ്മിതിയുടെ ചരിത്രമായി മാറുമ്പോൾ സ്ത്രീ ഒരു അപരനിർമ്മിതി മാത്രമാണ്. ശരീരം എന്നത് കാഴ്ചയുടെ ഇടവും ആകുന്നു. കാഴ്ചയുടെ ഈ പതിവ് ശീലത്തിന് അപ്പുറത്തേക്കാണ് ഈ സിനിമ നമ്മെ കൊണ്ടുപോകുന്നത്.
ശ്രുതി ശരണ്യം | Photo: Facebook
ഈ സിനിമയുടെ ഒരു പ്രത്യേകതയും അത് തന്നെയാണ്. സിനിമയുടെ ഫോക്കസ് ഒരു ഇഞ്ച് അപ്പുറത്തേക്ക് ഇപ്പുറത്തേക്കോ മാറി നിന്നാൽ വിപണിയുടെ എല്ലാ സാധ്യതകളും തുറന്നു തരുന്ന ഒരു സിനിമയായി ഇതിനെ വിൽക്കാമായിരുന്നു. ആ കാഴ്ചയെ വെല്ലുവിളിക്കുക എന്നത് വലിയ ധൈര്യം തന്നെയാണ് ഒരു പക്ഷേ ധൈര്യമുള്ള സംവിധായിക എന്ന് ശ്രുതി ശരണ്യത്തെ വിളിപ്പിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും അതുതന്നെയാണ്.
ശരീരത്തിന്റെ അതിരുകള്‍തന്നെ സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകളായി മാറിപ്പോകുന്ന അവസ്ഥയുണ്ട്. ഈ അവസ്ഥയെ മുറിച്ചു കടക്കുന്ന സ്ത്രീകളാണ്. ബോൾഡ് എന്ന വാക്കിന് പതറാത്ത എന്ന് അർത്ഥമില്ല. ആടുകയും ഉലയുകയും ചെയ്താലും മുന്നോട്ട് പോകുന്നവരാണ് ഇതിലെ സ്ത്രീകൾ. സിനിമ ഇതുവരെ സംസാരിച്ചിട്ടില്ലാത്ത സ്ത്രീയുടെ ജൈവികമായ അനുഭവങ്ങള്‍ ആഖ്യാനം ചെയ്യപ്പെടുന്നു. അതേ സമയം ഉടലിന്മേലുള്ള ഒളി നോട്ടത്തിനോടും കൈയേറ്റത്തോടും പ്രതികരിക്കുകയും ചെയ്യുന്നു. എൻറെ ഹോസ്റ്റലിലെ പരിഹാസത്തിന്റെ യുക്തിയെ ഞാൻ ഈ സിനിമയിൽ തിരഞ്ഞിരുന്നു. ഒരൽപം പരിഹാസത്തിന്റെ കുറവ് അനുഭവപ്പെട്ടു. ഹോസ്റ്റൽ ചർച്ചകളിലെല്ലാം പുരുഷന്റെ തീവ്രമായ ആവേശങ്ങളെ പൂർണ്ണമായ പരിഹാസവും സഹതാപവുമാണ്. ക്യാമ്പസിലെ വീരശൂരപരാക്രമികളായ പുരുഷ ശരീരങ്ങളെ ഹോസ്റ്റൽ മുറിക്കകങ്ങളിൽ വച്ച് പെൺകുട്ടികൾ പരിഹസിക്കുന്നത് പിന്നീട് അവരെ കാണുമ്പോൾ ഞങ്ങളുടെ ചിരികളിൽ തെറിച്ചു നിന്നിരുന്നു. ശരീരമായ മുലകളിലൂടെ സ്ത്രീ ജീവിതങ്ങളെ അടയാളപ്പെടുത്തുമ്പോള്‍ സംഭവിക്കുന്നത് ഒരു പുതിയ ഇടവും കാഴ്ചയും നേടിയെടുക്കല്‍കൂടിയാണ്. ആയി രേഖപ്പെടുത്തിയതിൽ നിന്ന് കര്‍തൃത്വ പദവിയിലേക്കുള്ള മാറ്റമാണ് ചരിത്രപരമായി അവിടെ സംഭവിക്കുന്നത്.
ഒരു പുരുഷനാണ് ഈ സിനിമയുടെ ഡയറക്ടർ എങ്കിൽ ഈ സിനിമ എങ്ങിനെ ആവും എന്ന് ഞാൻ ആലോചിച്ചിരുന്നു? പുരുഷനെ സംബന്ധിച്ച് ഈ സിനിമ ഒരു ടെക്സ്റ്റ് ബുക്ക് ആയിരിക്കും. ലൈംഗിക ഉത്തേജനനത്തിന്റെ ഉറവിടമായി അവർ കണ്ടിരുന്ന മുലകളുടെ അവർക്ക് പരിചിതമല്ലാത്ത ജീവിതം കണ്ട് ഞെട്ടിയിരിക്കണം. സ്ത്രീകൾക്കോ ഒട്ടനവധി മുലക്കഥകൾ ഓർമ്മിപ്പിക്കുന്ന ഒന്നാവുന്നു. അതുകൊണ്ട് തന്നെ സ്ത്രീകൾ തന്നെയാവും ഒരുപക്ഷേ ഈ സിനിമയുടെ ഏറ്റവും നല്ല വിമർശകരും. കാരണം അവർക്ക് പറയാൻ ആറല്ല 60,000 മുലക്കഥകൾ ഉണ്ടായിരിക്കും സ്വാനുഭവങ്ങളിലേക്ക് തുറക്കുന്ന വാതിലാവും ഈ സിനിമ. ഇനിയും പറയാൻ ബാക്കിവെച്ച പോലെ പൂർണ്ണമല്ലാത്ത ഒരു സിനിമ കണ്ടിട്ടായിരിക്കും അവർ ഇറങ്ങി പോരുക.