
TMJ Cinema
പരീക്ഷണാത്മക സിനിമകള്‍ക്കായി ഒരിടം
28 May 2025 | 13 min Read
പി കെ സുരേന്ദ്രന്‍
മനുഷ്യ കുലത്തിന്റെ ചരിത്രത്തിലുടനീളം ബദല്‍ വഴികളുടെ / സമാന്തര രീതികളുടെ അന്വേഷണം കാണാം. ഇത് പിന്നീട് പ്രതിസംസ്‌കാരം, സമാന്തര പ്രസ്ഥാനം എന്നീ നിലകളിലേക്ക് വളര്‍ന്നു. സമൂഹത്തിനുള്ളില്‍ പ്രതിസംസ്‌കാരം ഒരു നിര്‍ണായക ചലനാത്മക ശക്തിയായി തുടരുന്നു. ഇത് സാമൂഹിക മാറ്റത്തിനുള്ള ഒരു സുപ്രധാന മാര്‍ഗമായും, സര്‍ഗ്ഗാത്മകതയുടെ ഉറവിടമായും, നിലവിലുള്ള അവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു വിമര്‍ശനാത്മക ശബ്ദമായും പ്രവര്‍ത്തിക്കുന്നു. ഇത് പലപ്പോഴും സാമൂഹികവും സാംസ്‌കാരികവുമായ പരിവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നു. ചരിത്രത്തിലുടനീളം, ഈ പ്രസ്ഥാനങ്ങള്‍ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ചലച്ചിത്രമേളകളുടെ ചരിത്രം പരിശോധിച്ചാല്‍ അത് ബദല്‍ മേളകളുടെ ചരിത്രം കൂടിയാണെന്ന് കാണാം. ഫാസിസത്തിന്റെ സ്വാധീനത്താല്‍ നയിക്കപ്പെട്ടിരുന്ന വെനീസ് ചലച്ചിത്രമേളയോടുള്ള പ്രതിഷേധം എന്ന നിലയിലാണ് കാന്‍ ചലച്ചിത്ര മേള രൂപം കൊള്ളുന്നത്. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും സെന്‍സര്‍ഷിപ്പില്‍ നിന്നും മുക്തമായ ഒരു ചലച്ചിത്രമേളയായാണ് ഇത് വിഭാവനം ചെയ്തത്.
വെനീസ് ചലച്ചിത്രമേളയ്ക്ക് ബെനിറ്റോ മുസ്സോളിനിയുമായും ഫാസിസവുമായും സങ്കീര്‍ണ്ണമായ ബന്ധമുണ്ട്. മുസ്സോളിനി അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ 1932ല്‍ വെനീസ് ചലച്ചിത്രമേള സ്ഥാപിതമായി. ഇറ്റാലിയന്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സാംസ്‌കാരിക ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഒരു പ്രധാന ഭാഗമായിരുന്നു അത്. ആദ്യകാലങ്ങളില്‍ മുസ്സോളിനി സ്വയം മേളയില്‍ പങ്കാളിയായിരുന്നു. മേളയില്‍ മികച്ച ഇറ്റാലിയന്‍ സിനിമയ്ക്കും വിദേശ സിനിമയ്ക്കും മുസ്സോളിനി കപ്പ് എന്ന പേരില്‍ ഒരു പുരസ്‌കാരം തന്നെ ഉണ്ടായിരുന്നു.REPRESENTATIVE IMAGE | WIKI COMMONS
1925 മുതല്‍ 1928 വരെ മുസ്സോളിനിയുടെ ധനകാര്യ മന്ത്രിയായിരുന്ന ഗ്യൂസെപ്പെ വോള്‍ഡി 1930കളോടെ, ഭരണകൂടത്തിന്റെ കലാപരമായ കാര്യങ്ങളില്‍, പ്രത്യേകിച്ച് വാര്‍ഷിക അന്താരാഷ്ട്ര സാംസ്‌കാരിക ഉത്സവമായ വെനീസ് ബിനാലെയുടെ നടത്തിപ്പിന്റെ ഭാഗമായിരുന്നു. 1932ല്‍, ഇറ്റലിയിലെ ജനങ്ങള്‍ക്കിടയില്‍ സിനിമയോടുള്ള വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം ബിനാലെയില്‍ ചലച്ചിത്രമേള കൂട്ടിച്ചേര്‍ത്തു.
1937ല്‍, 'ലാ ഗ്രാന്‍ഡെ ഇല്ല്യൂഷന്‍' എന്ന സിനിമ യുദ്ധവിരുദ്ധമായതിനാലും ഫ്രഞ്ച് ഭാഷയില്‍ ആയതിനാലും തന്റെ പേരിലുള്ള കപ്പ് നേടുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുസ്സോളിനി സ്വയം ഇടപെട്ടു. 1938ല്‍ മുസ്സോളിനിയും ഹിറ്റ്ലറും ജൂറിയുടെ തീരുമാനത്തെ അസാധുവാക്കിക്കൊണ്ട്, മുസ്സോളിനിയുടെ മകന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച 'ലൂസിയാനോ സെറയ്ക്ക്' മികച്ച ഇറ്റാലിയന്‍ സിനിമയ്ക്കുള്ള മുസ്സോളിനി കപ്പും, നാസി പബ്ലിക് എന്‍ലൈറ്റന്‍മെന്റ് ആന്‍ഡ് പ്രൊപ്പഗണ്ട മന്ത്രാലയവുമായി സഹകരിച്ച് നിര്‍മ്മിച്ച 1936ലെ സമ്മര്‍ ഒളിമ്പിക്സിനെക്കുറിച്ചുള്ള ജര്‍മ്മന്‍ ഡോക്യുമെന്ററി ചിത്രമായ 'ഒളിമ്പിയ'യ്ക്ക് മികച്ച വിദേശ ചിത്രത്തിനുള്ള മുസ്സോളിനി കപ്പും നല്‍കി. അക്കാലത്തെ ചട്ടങ്ങള്‍ ഡോക്യുമെന്ററി സിനിമയ്ക്ക് ഈ അവാര്‍ഡ് നല്‍കുന്നത് വിലക്കിയിരുന്നു. ഈ തീരുമാനത്തില്‍ രോഷാകുലരായ ഫ്രഞ്ച്, ബ്രിട്ടീഷ്, അമേരിക്കന്‍ ജൂറി അംഗങ്ങള്‍ മേളയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു.
ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിനെതിരായ പ്രതിഷേധമായി സൃഷ്ടിക്കപ്പെട്ട, ഫ്രീ പലസ്തീന്‍ പ്രസ്ഥാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ പിന്‍വലിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയാണ് ന്യൂയോര്‍ക്ക് കൗണ്ടര്‍ ഫിലിം ഫെസ്റ്റിവല്‍.
2004ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഡോക്യുമെന്ററികളുടെയും അനിമേറ്റഡ് സിനിമകളുടെയും മേളയായ മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടകര്‍ മുപ്പതോളം സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു. അതിലൊരു കാരണം പ്രകോപനപരമായ ഉള്ളടക്കമായിരുന്നു. മറ്റൊന്ന്, സെന്‍സര്‍ഷിപ്പും. മേളയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സിനിമകള്‍ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഒരു പുതിയ നിയമം ബന്ധപ്പെട്ട മന്ത്രാലയം കൊണ്ടുവന്നു. ഈ നിയമം അന്താരാഷ്ട്ര സിനിമകള്‍ക്ക് ബാധകമാക്കിയില്ല, ഇത് ഇന്ത്യയില്‍ നിന്നുള്ള വിമത ശബ്ദങ്ങളെ ലക്ഷ്യംവെച്ചുള്ള വിവേചനപരമായ നിയമമാണെന്ന് സംവിധായകര്‍ വിലയിരുത്തി. പ്രത്യേകിച്ച് 2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ നയങ്ങളെയോ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളെയോ വിമര്‍ശിക്കുന്ന ഗുജറാത്ത് കലാപത്തോടൊപ്പം നര്‍മ്മദ പ്രക്ഷോഭം, ദളിത് അവകാശങ്ങള്‍, സര്‍ക്കാരിലെ അഴിമതി - ഡോക്യുമെന്ററികളെ നിയന്ത്രിക്കാനും അടിച്ചമര്‍ത്താനുമുള്ള നേരിട്ടുള്ള ശ്രമമായാണ് സംവിധായകര്‍ ഈ നീക്കത്തെ കണ്ടത്.REPRESENTATIVE IMAGE | PHOTO : WIKI COMMONS
രോഷാകുലരായ സംവിധായകര്‍ 'ബദല്‍' എന്നര്‍ത്ഥം വരുന്ന 'വികല്‍പ് ' എന്ന വേദി രൂപീകരിച്ചു. ഇന്ത്യയിലെ ഡോക്യുമെന്ററി ചലച്ചിത്രനിര്‍മ്മാണത്തിലെ സെന്‍സര്‍ഷിപ്പിനെ ചെറുക്കുന്നതിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ വേദി രൂപീകരിച്ചത്. നിശബ്ദമാക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്‌തേക്കാവുന്ന കഥകള്‍ പറയാന്‍ സ്വതന്ത്ര ശബ്ദങ്ങളും വേദികളും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതിഷേധ സൂചകമായി നിരസിക്കപ്പെട്ടതോ പിന്‍വലിക്കപ്പെട്ടതോ ആയ അതേ സിനിമകള്‍ ഔദ്യോഗിക മേളയ്ക്ക് എതിര്‍വശത്ത് ഒരു സമാന്തര മേള നടത്തി പ്രദര്‍ശിപ്പിച്ചു. ഇതില്‍ രാകേഷ് ശര്‍മ്മയുടെ 'ദി ഫൈനല്‍ സൊല്യൂഷന്‍' എന്ന സിനിമയും ഉള്‍പ്പെടുന്നു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ കാലത്താണ് ഈ സംഭവം നടന്നത്. വിയോജിപ്പുകളും വിമര്‍ശനാത്മക ശബ്ദങ്ങളും നിശബ്ദമാക്കാന്‍ അധികൃതര്‍ ആസൂത്രിതമായി ശ്രമിക്കുന്നതായി സംവിധായകര്‍ കരുതി, പ്രത്യേകിച്ച് ഗുജറാത്ത് കലാപം വിഷയമാക്കിയ സിനിമകള്‍ നിരസിക്കപ്പെട്ടത്.
ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ ഒരു ബദല്‍ അല്ലെങ്കില്‍ സമാന്തര സിനിമാ പ്രസ്ഥാനം എന്നാണ് പലപ്പോഴും വിശേഷിപ്പിക്കുന്നത്. മുഖ്യധാരാ വാണിജ്യ സിനിമാ ശൃംഖലയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യനും വിദേശിയുമായ കലാ, ബദല്‍ സിനിമകളിലേക്ക് പ്രവേശനം ഈ സൊസൈറ്റികള്‍ നല്‍കി. വാണിജ്യ സിനിമാ അനുഭവത്തിന് ഒരു ബദല്‍ സൃഷ്ടിച്ചുകൊണ്ട് ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, ആസ്വാദന കോഴ്സുകള്‍ എന്നിവയിലൂടെ ഒരു സവിശേഷ ചലച്ചിത്ര സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.
2003ല്‍ ചലച്ചിത്ര സംവിധായികയും ക്യൂറേറ്ററുമായ ഷായ് ഹെരേഡിയ സ്ഥാപിച്ച 'എക്‌സ്പിരിമെന്റ് ഇന്ത്യ', സെല്ലുലോയിഡ് മുതല്‍ ഡിജിറ്റല്‍ വരെ, ഡോക്യുമെന്ററി മുതല്‍ ഫിക്ഷന്‍ വരെയുള്ള (അതിനപ്പുറവും) എല്ലാത്തരം പരീക്ഷണങ്ങളെയും ആഘോഷിക്കുന്നതിലൂടെ മുഖ്യധാരാ ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ ആധിപത്യത്തെ ചെറുക്കുകയും ഇന്ത്യയിലെ പരീക്ഷണ സിനിമയുടെ ചരിത്രത്തെയും സമകാലിക ചട്ടക്കൂടിനെയും ചുറ്റിപ്പറ്റിയുള്ള നിലവിലെ ചര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തു.
കേരളത്തിലെ 'ലിറ്റില്‍ മാഗസിന്‍ പ്രസ്ഥാനം' സാഹിത്യ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തെ പ്രതിനിധീകരിക്കുന്നു. ഭാവുകത്വ നവീകരണത്തിനും നിലവിലുള്ള മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നതിനും, പുതിയ എഴുത്തുകാര്‍ക്ക് ഇടം നല്‍കുന്നതിനുമുള്ള വേദിയായും ഇത് പ്രവര്‍ത്തിച്ചു. പല ചെറു മാസികകളും ഏതാനും ലക്കങ്ങള്‍ മാത്രമേ ജീവിച്ചുള്ളു എങ്കിലും സാഹിത്യ, കലാ രംഗത്ത് അവയുടെ സ്വാധീനം ആഴമേറിയതായിരുന്നു. 1970 കളില്‍, ഈ പ്രസിദ്ധീകരണങ്ങള്‍ ചൂടേറിയ പ്രത്യയശാസ്ത്ര സംവാദങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചു, ചിലപ്പോള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഇടതുപക്ഷ സംഘടനകള്‍ക്കെതിരെ പോലും. സമൂഹത്തില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാക്കിയ ശക്തമായ ചലനങ്ങള്‍ കൊണ്ടുതന്നെയാണ് അടിയന്തരാവസ്ഥക്കാലത്ത് പല പ്രസിദ്ധീകരണങ്ങളും അടച്ചുപൂട്ടുകയോ സീല്‍ ചെയ്യുകയോ ചെയ്തത്.
എന്നാല്‍, ഭൂരിഭാഗം ബദല്‍ ശ്രമങ്ങളെയും നിലവിലുള്ള വ്യവസ്ഥിതിയും മുഖ്യധാരാ സംസ്‌കാരവും ആഗിരണം ചെയ്യുകയും അതിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, എല്ലാം മെയിന്‍സ്ട്രീം ആയി മാറുകയാണ്. നമ്മുടെ ചലച്ചിത്ര മേളകളും അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് മാറുകയാണ്.
ഒരു കാലത്ത് ആര്‍ട്ട് ഹൗസ് വേദികളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന അവാംഗ്-ഗാര്‍ഡ് സിനിമകളുടെ കലാ സങ്കേതങ്ങളും സൗന്ദര്യശാസ്ത്രവും - എഡിറ്റിംഗ്, ദൃശ്യ ശൈലി, ആഖ്യാന ഘടന - മുഖ്യധാരാ സിനിമയെയും മ്യൂസിക് വീഡിയോയേയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. മ്യൂസിക് വീഡിയോകള്‍ സര്‍റിയല്‍ ഇമേജറികള്‍ ധാരാളമായി ഉപയോഗിക്കുന്നു, അവ പാട്ടിന്റെ വൈകാരിക ഉള്ളടക്കത്തെ ഉയര്‍ത്തുന്ന അതിശയകരമോ, യുക്തിരഹിതമോ, സ്വപ്നതുല്യമോ ആയ ലോകങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിക്കുന്നു. ബുന്വേലിന്റെ Un Chien Andalou എന്ന സിനിമയിലെ ക്ഷൌരക്കത്തികൊണ്ട് കൃഷ്ണമണി കീറുന്ന ക്ലോസപ്പ് ദൃശ്യം ഇന്ന് നമ്മെ പണ്ടത്തെ പോലെ ഞെട്ടിച്ചേക്കില്ല, കാരണം, അതിനേക്കാള്‍ സര്‍റിയലായ ദൃശ്യങ്ങളാണ് മഡോണയുടെയും മറ്റും മ്യൂസിക് വീഡിയോകളില്‍ കാണാനാവുക.ബുന്വേലിന്റെ Un Chien Andalou എന്ന സിനിമയിൽ നിന്ന് | PHOTO : WIKI COMMONS
കാന്‍ മേള യഥാര്‍ത്ഥ കലാപരമായ പര്യവേഷണത്തിനുള്ള ഒരു വേദി എന്നതിലുപരി, വളരെ വാണിജ്യപരവും ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകള്‍ക്കും ജനപ്രിയ സ്വഭാവമുള്ള സിനിമകള്‍ക്കുള്ള ഒരു മാര്‍ക്കറ്റിംഗ് വേദിയായി എന്ന് ഗൊദാര്‍ദ് വിമര്‍ശിച്ചു. ചുവന്ന പരവതാനി പ്രദര്‍ശനങ്ങളും സെലിബ്രിറ്റി ഗ്ലാമറും സിനിമയുടെ കലാപരമായ കഴിവുകളോടുള്ള വഞ്ചനയായും അദ്ദേഹം കണ്ടു. നമ്മെ പ്രകോപിപ്പിക്കാത്ത, വ്യവസ്ഥാപിതത്വങ്ങളെ ചോദ്യംചെയ്യാത്ത സിനിമകള്‍ക്കാണ് അവിടെ പ്രാധാന്യം. കലയെ കച്ചവടവല്‍ക്കരിക്കുകയും, റാഡിക്കലിസത്തെ മെരുക്കുകയും, ലാഭത്തിനും പ്രശസ്തിക്കും വേണ്ടി രാഷ്ട്രീയ ഇടപെടല്‍ മാറ്റിവെക്കുകയും ചെയ്യുന്ന ഒരു സ്ഥലമായിട്ടാണ് അദ്ദേഹം മേളയെ കണ്ടത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് കാന്‍ മേളയില്‍ എത്തുന്നത് ബോളിവുഡ് താരങ്ങളാണ്. ഒരു കാലത്ത് നമ്മുടെ മേളകളില്‍ വലിയ പ്രാതിനിധ്യം ഇല്ലാതിരുന്ന സൂപ്പര്‍ താരങ്ങളാണ് ഇന്ന് മേളകളുടെ മുഖ്യ ആകര്‍ഷണം. സിനിമകളുടെ തിരഞ്ഞെടുപ്പിലും പുരസ്‌കാരങ്ങളിലും ഇത് പ്രതിഫലിക്കുന്നു.
ഇന്ത്യയുടെ അന്ത്രാരാഷ്ട്ര ചലച്ചിത്ര മേളയെക്കുറിച്ച് സ്വതന്ത്ര, പ്രാദേശിക ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഒരു പ്രധാന വിമര്‍ശനം, മേളയുടെ ബോളിവുഡ് വല്‍ക്കരണം ആണ്. അരവിന്ദ് സിന്‍ഹയെപ്പോലുള്ള (ഐഎഫ്എഫ്‌ഐ 2023ലെ ഇന്ത്യന്‍ പനോരമയുടെ നോണ്‍-ഫീച്ചര്‍ വിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍) ചലച്ചിത്ര സംവിധായകര്‍ പരസ്യമായി പ്രസ്താവിച്ചത്, നല്ല സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സ്വതന്ത്ര, ഡോക്യുമെന്ററി ചലച്ചിത്ര നിര്‍മ്മാതാക്കളെ പിന്തുണയ്ക്കുന്നതിനുപകരം, മുഖ്യധാരാ ബോളിവുഡ് സിനിമകളെയും താരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫെസ്റ്റിവല്‍ നികുതിദായകരുടെ പണം ചെലവഴിക്കുന്നത് എന്നാണ്. കേരള അന്താരാഷ്ട്ര മേളയെ കുറിച്ചും സമാന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ട്. സ്വതന്ത്രവും കലാപരവുമായ സിനിമയേക്കാള്‍ സെലിബ്രിറ്റി ഘടകത്തിന് മേള മുന്‍ഗണന നല്‍കുന്നതായി കാണപ്പെടുന്നു എന്ന് വിമര്‍ശകര്‍ വാദിച്ചു. ഇത് മേളയെ വാണിജ്യ സിനിമയുടെ കെട്ടുകാഴ്ച്ചയായി മാറ്റുന്നു.
ഈ സാഹചര്യത്തിലാണ് മിനിമല്‍ സിനിമ സംഘടിപ്പിച്ച സ്വതന്ത്ര-പരീക്ഷണാത്മക ചലച്ചിത്ര മേള പ്രസക്തമാവുന്നത്. സ്വതന്ത്ര സിനിമകളുടെ നിര്‍മ്മാണം, വിതരണം, പ്രചാരണം എന്നിവ ലക്ഷ്യം വെച്ച് 2014 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് മിനിമല്‍ സിനിമ. മിനിമല്‍ സിനിമ ക്രൗഡ് ഫണ്ടിങ്ങിലൂടെ ആറ് ഫീച്ചര്‍ സിനിമകളും മൂന്ന് ഹ്രസ്വ ചിത്രങ്ങളും നിര്‍മിച്ചിട്ടുണ്ട്. IFFR (International film festival of Rotterdam) അടക്കമുള്ള രാജ്യാന്തര ഫെസ്റ്റിവലുകളിലേക്ക് മിനിമല്‍ സിനിമ നിര്‍മിച്ച ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.IFFR (International film festival of Rotterdam) | PHOTO : WIKI COMMONS
ഇന്ത്യയില്‍ സമാന്തര സിനിമ / നവ സിനിമ വളര്‍ന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഫിലിംസ് ഡിവിഷന്‍, എന്‍എഫ്ഡിസി (മുന്‍ എഫ്എഫ്‌സി.) എന്നിവയിലൂടെയാണ്. സര്‍ക്കാറിന്റെ വിദ്യാഭ്യാസ, പ്രചാരണ സിനിമകള്‍ നിര്‍മ്മിക്കാനായിരുന്നു ഫിലിംസ് ഡിവിഷന്‍ സ്ഥാപിതമായത് എന്ന കാര്യം വിരോധാഭാസമായി തോന്നിയേക്കാം. ഫിലിംസ് ഡിവിഷന്‍ ഉദ്യോഗസ്ഥരും പുറത്തുനിന്നുള്ളവരും ഇതില്‍പ്പെടും. പ്രമോദ് പതി, എസ്എന്‍എസ് ശാസ്ത്രി, കെ.എസ്. ചാരി, എസ്. സുഖ് ദേവ്, മണി കൌള്‍, കുമാര്‍ ഷഹാനി, അരവിന്ദന്‍, അടൂര്‍, സത്യജിത് റായ് മുതലായവര്‍ ഫിലിംസ് ഡിവിഷന് വേണ്ടി സിനിമകള്‍ സംവിധാനം ചെയ്തു.
2016 മുതല്‍ മിനിമല്‍ സിനിമ പ്രതിവാര സിനിമാ പ്രദര്‍ശനങ്ങള്‍ നടത്തിപ്പോരുന്നു. അതിന്റെ തുടര്‍ച്ചയായി ഹ്രസ്വചിത്രങ്ങളുടെ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കപ്പെട്ടു. മലയാള സിനിമകള്‍ക്ക് മാത്രമായി IEFFK (Independent and Experimental Film Festival of Kerala) 2019 മുതല്‍ സംഘടിപ്പിക്കപ്പെട്ടു. ഈ മേള 2025 മുതല്‍ രാജ്യാന്തര മേളയായി മാറുകയും ഒരു ഇന്ത്യന്‍ മത്സര വിഭാഗം ആരംഭിക്കുകയും ചെയ്തു. പ്രതാപ് ജോസഫ്, അര്‍ച്ചന പദ്മിനി, ഗിരീഷ് രാമന്‍, വിശാഖ് വിശ്വനാഥന്‍, ശ്രീലേഷ് ശ്രീധരന്‍, ലെനന്‍ ഗോപന്‍, ഷിജിത് വി.പി. എന്നിവരാണ് മിനിമല്‍ സിനിമയുടെ സ്ഥാപകാംഗങ്ങള്‍.
2025 ആകുമ്പോള്‍ ഫീച്ചര്‍ സിനിമകളുടെ (IEFFK) 7 എഡിഷനും ഹ്രസ്വചിത്രങ്ങളുടെ (IESFK) 6 എഡിഷനും പൂര്‍ത്തിയായിക്കഴിഞ്ഞു. സ്വതന്ത്ര സിനിമകളുടെ നിര്‍മ്മാണത്തെ സഹായിക്കുന്നതിനായി സാങ്കേതിക ഉപകരണങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്ന സംവിധാനവും 2024 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.
മിനിമല്‍ സിനിമയുടെ ആഭിമുഖ്യത്തില്‍ മെയ് 5 മുതല്‍ 13 വരെ കോഴിക്കോട്ട് വച്ചു നടന്ന മേളയും ഇവരുടെ മറ്റു മേളകള്‍ പോലെ സര്‍ക്കാറിന്റെയോ, സ്ഥാപനങ്ങളുടെയോ ധനസഹായം ഇല്ലാതെയാണ് സംഘടിപ്പിക്കപ്പെട്ടത്. ഈ രീതിയില്‍ വളരെ വ്യത്യസ്തമായ ഒരു മേള സംഘടിപ്പിക്കുക എന്നത് വലിയ കാര്യമാണ്, പ്രത്യേകിച്ച് മേളകള്‍ (സിനിമ മാത്രമല്ല സാഹിത്യവും) വലിയ സ്‌പോണ്‍ഷിപ്പോടെ കെട്ടുകാഴ്ചകളായി മാറുന്ന ഇക്കാലത്ത്. സ്‌പോണ്‍സര്‍മാര്‍ ഇല്ലാത്തതിനാല്‍ സിനിമയുടെ തിരഞ്ഞെടുപ്പിനെയും പുരസ്‌കാരങ്ങളെയും ചര്‍ച്ചകളേയും ബാധിക്കുന്നില്ല. ആ അര്‍ത്ഥത്തില്‍ മേള സ്വതന്ത്രമാണ് എന്നു പറയാം.
പണമില്ലാത്തതിനാല്‍ എല്ലാം ലളിതമായിരുന്നു, മിനിമല്‍ സിനിമ പോലെ. ആര്‍ഭാടങ്ങള്‍ ഇല്ല, കെട്ടുകാഴ്ചകള്‍ ഇല്ല. വലിയ താരങ്ങളോ സിനിമാ രംഗത്തുള്ള അതിപ്രശസ്തരായ ആളുകളോ ഇല്ല. രാഷ്ട്രീയക്കാരോ, സര്‍ക്കാര്‍ ബ്യൂറോക്രസിയോ ഇല്ല. പോപ്പുലറായ അനുബന്ധ പരിപാടികളോ ഇല്ല. സിനിമയ്ക്കായിരുന്നു പ്രാധാന്യം, സിനിമകളുടെ പ്രദര്‍ശനവും സംവാദങ്ങളും അഭിമുഖങ്ങളും. ജനപ്രവാഹം ഇല്ലെങ്കിലും വ്യത്യസ്തമായ സിനിമകള്‍ കാണാന്‍ താല്‍പര്യമുള്ള ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. ജനക്കൂട്ടം ഇല്ലാത്തതിനാല്‍ ചര്‍ച്ചകള്‍ സജീവവും അര്‍ത്ഥവത്തും ആയി. അതുകൊണ്ടുതാനെ മിനിമല്‍ സിനിമയ്ക്ക് ഈ ശ്രമവുമായി മുന്നോട്ടു പോകാം, പ്രത്യേകിച്ച് നമ്മുടെ ചലച്ചിത്ര മേളകള്‍ ശരാശരിയോ അതിലും താഴെയോ ഉള്ള സിനിമകള്‍ കൊണ്ട് നിറയുന്ന ഇക്കാലത്ത്.
വളരെ വ്യത്യസ്തമായ സിനിമകള്‍ തിരഞ്ഞെടുത്ത് പുരസ്‌കാരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു എന്ന് ജൂറിയുടെ ഭാഗമായതിനാല്‍ എനിക്ക് പറയാന്‍ കഴിയും. അതിലൊന്നാണ് സാര്‍ത്ഥക് ജൈസ് വാല്‍ സംവിധാനം ചെയ്ത 'സിന്ദാ ഹെ'. ഒരു ക്വയര്‍-ട്രാന്‍സ് ബാന്‍ഡിനെ കുറിച്ചുള്ള ഈ സിനിമ വിഷയത്തെയും സിനിമയേയും വേറിട്ട രീതിയില്‍ സമീപിക്കുന്നു. മൊബൈല്‍ ഫോണിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇത് സിനിമയ്ക്ക് വലിയ രീതിയിലുള്ള വഴക്കം നല്‍കുന്നു, വ്യതിരിക്തമായ രൂപവും ഭാവവും നല്‍കുന്നു. ഉപകരണത്തിന്റെ പരിമിതികളും സാധ്യതകളുമാണ് ഇതിന്റെ സവിശേഷത, അതില്‍ അതിന്റെ വാഹനീയത്വം (പോര്‍ട്ടബിലിറ്റി), റെസല്യൂഷന്‍, കഥപറച്ചിലില്‍ ചെലുത്തുന്ന സ്വാധീനം എന്നിവ ഉള്‍പ്പെടുന്നു.
'സിന്ദാ ഹെ' എന്ന സിനിമയിൽ നിന്ന് | PHOTO : WIKI COMMONS
സാര്‍ത്ഥക്കിന്റെ സിനിമയുടെ സൗന്ദര്യം വളരെ പരുക്കനും അസംസ്‌കൃതവും ആണ്. യൂറോപ്യന്‍ ആര്‍ട്ട് സിനിമയേക്കാള്‍ അമേരിക്കന്‍ അണ്ടര്‍ഗ്രൌണ്ട്, കൌണ്ടര്‍ സിനിമകളോടാണ് ഈ സിനിമയ്ക്ക് സാമ്യം. സിനിമ വളരെ അമേച്വര്‍ ആയി അനുഭവപ്പെടുന്നു. ഇതുതന്നെയാണ് സിനിമയുടെ രാഷ്ട്രീയവും, പ്രത്യേകിച്ച് ചെത്തിമിനുക്കിയ സിനിമകളുടെ ഇക്കാലത്ത്. നമ്മുടെ സിനിമകളെ പ്രൊഫഷണല്‍ പ്രൊഡക്ഷനുകളുമായി താരതമ്യപ്പെടുത്തുകയല്ല വേണ്ടത്, അതില്‍ അപകര്‍ഷതാബോധം വച്ചുപുലര്‍ത്തുകയോ ക്ഷമാപണ സ്വഭാവം കൈക്കൊള്ളുകയോ അല്ല വേണ്ടത് എന്നാണ് അവാംഗ്-ഗാര്‍ഡ് സിനിമകളുടെ ആദ്യകാല പ്രയോക്താവായ മായാ ഡെറന്‍ അഭിപ്രായപ്പെട്ടത്. ''തിരക്കഥ, സംഭാഷണ രചയിതാക്കള്‍, പരിശീലനം ലഭിച്ച അഭിനേതാക്കള്‍, വിപുലമായ ക്രൂ, സെറ്റുകള്‍, പ്രൊഫഷണല്‍ സിനിമയുടെ നിര്‍മ്മാണ ബജറ്റ് എന്നിവയില്‍ അസൂയപ്പെടുന്നതിനുപകരം, എല്ലാ പ്രൊഫഷണലുകളും തന്നോട് അസൂയപ്പെടുന്ന ഒരു വലിയ നേട്ടം അമേച്വര്‍ സംവിധായകര്‍ കൈവരിക്കണം'' എന്ന് ഡെറന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ക്വയര്‍-ട്രാന്‍സ് മനുഷ്യരെ കുറിച്ചുള്ള ഒരു സിനിമയായിട്ടുകൂടി ഈ സിനിമ ഒരു ട്രാന്‍സ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന് സംവിധായകന്‍ പറയുകയുണ്ടായി. കാരണം സിനിമയുടെ രാഷ്ട്രീയമാണ്.
ഡിജിറ്റല്‍ ക്യാമറയുമായി സംവിധായകര്‍ യാഥാര്‍ത്ഥ്യത്തെ ഒപ്പിയെടുക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് മിഥുന്‍ മുരളി 'കിസ് വാഗണ്‍' എന്ന കമ്പ്യൂട്ടര്‍ ജെനറേറ്റഡ് സിനിമ ഉണ്ടാക്കിയത്. ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് സെല്ലുലോയ്ഡില്‍ എന്ന പോലെ സിനിമകള്‍ ഉണ്ടാക്കുന്ന ഇക്കാലത്ത് ഡിജിറ്റല്‍ ഭാവനയില്‍ ജനിച്ച ഈ രീതിയിലുള്ള ആലോചന വളരെ പ്രധാനമാണ്. അതേ സമയം ഇത് അനിമേഷന്‍ സിനിമയും അല്ല. നിഴല്‍ പാവ നാടകങ്ങളിലേത് പോലുള്ള രൂപങ്ങളാണ് സിനിമയില്‍ ഉള്ളത്. ഒരു സ്വേച്ഛാധിപത്യ രാജ്യത്ത് ജീവിക്കുന്ന ട്രാന്‍സ്വുമണ്‍ ഇഷയെയാണ് സിനിമ പിന്തുടരുന്നത്, അവള്‍ ഒരു വിചിത്രമായ പാഴ്സല്‍ - ഒരു ചുംബനം - സ്വീകര്‍ത്താവിന് എത്തിക്കാനുള്ള ശ്രമത്തിലാണ്. ഏകാധിപത്യം, സ്‌നേഹം, നാഗരികത, അക്രമം, മതം എന്നിവയെക്കുറിച്ചുള്ള പര്യാലോചനയാണ് സിനിമ.'കിസ് വാഗണ്‍' എന്ന സിനിമ | PHOTO : WIKI COMMONS
സിനിമയുടെ ഏതാണ്ടെല്ലാ ജോലിയും ചെയ്തത് മിഥുനും അദ്ദേഹത്തിന്റെ ക്രിയാത്മക-രചനാ പങ്കാളിയായ ഗ്രീഷ്മ രാമചന്ദ്രനും ചേര്‍ന്നാണ്. മൂന്നു വര്‍ഷത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു നവീന സിനിമ തന്റെ കമ്പ്യൂട്ടറില്‍ മിഥുന്‍ സൃഷ്ടിച്ചത്. മിഥുന്‍ മുരളിയെ പോലെ ക്യാമറ കൊണ്ട് ചിത്രീകരിക്കാതെ സിനിമയുണ്ടാക്കുന്ന രീതിതന്നെയാണ് അനിമേറ്ററായ ഭാര്യ ഐശ്വര്യ ശങ്കരനാരായണന്റെ സഹായത്തോടെ അമിത് ദത്തയും അവലംബിക്കുന്നത്. നിലവിലുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ 'സ്വയം പര്യാപ്ത സിനിമ' എന്ന ആശയമാണ് ദത്ത മുന്നോട്ട് വെക്കുന്നത്. സംവിധായകനെ ഒരു പരമ്പരാഗത കരകൌശല വിദഗ്ദ്ധനാക്കി മാറ്റുകയാണ് അദ്ദേഹം.
അഭിജിത് മജുംദാര്‍ സംവിധാനം ചെയ്ത 'ബോഡി' എന്ന സിനിമ മുംബൈയില്‍ നിന്നുള്ള മനോജ് എന്ന യുവ നാടക നടനെ കുറിച്ചാണ്. തന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ മദ്യത്തിന്റെ ലഹരിയില്‍ അയാളെ നഗ്‌നനാക്കി നടുറോഡില്‍ ഉപേക്ഷിക്കുമ്പോള്‍ അയാള്‍ ആഴത്തിലുള്ള ആഘാതത്തില്‍ അകപ്പെടുന്നു. വേദനയും ഭയവും അപമാനവും സഹിച്ചുകൊണ്ട് അയാള്‍ നഗ്‌നനായി അടുത്തുള്ള ഗ്രാമത്തിലേക്ക് നടക്കുന്നു. സഹായം ചോദിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അയാളെ മര്‍ദ്ദിക്കുന്നു. എങ്ങനെയോ അയാള്‍ മുംബൈയിലേക്ക് മടങ്ങുന്നു. മുംബൈയില്‍ തിരിച്ചെത്തിയ അദ്ദേഹം തന്റെ ഭയാനകമായ ആഘാതത്തിന്റെ വേദനാജനകമായ ഓര്‍മ്മകള്‍ തന്നോടൊപ്പം കൊണ്ടുപോകുകയും പൊതുസ്ഥലങ്ങളില്‍ ഏറ്റവും പ്രവചനാതീതവും ക്രമരഹിതവുമായ രീതിയില്‍ വസ്ത്രം അഴിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.'ബോഡി' | PHOTO : WIKI COMMONS
നല്ലതും ചീത്തയും, ശരിയും തെറ്റും, സാധാരണവും അസാധാരണവും, ശ്ലീലവും അശ്ലീലവും തമ്മിലുള്ള പരമ്പരാഗത വ്യത്യാസങ്ങളെ സിനിമ വെല്ലുവിളിക്കുന്നു. ഭീഷണിപ്പെടുത്തല്‍, പീഡനം എന്നിവയുമായി ബന്ധപ്പെട്ട ആഘാതം, ഗാര്‍ഹിക പീഡനം, 'വ്യത്യസ്തമായ' ഒന്നിനോടുള്ള സമൂഹത്തിന്റെ മനോഭാവം എന്നിവയേയും സിനിമ പരിശോധിക്കുന്നു. ശിഥിലീകരണമാണ് സിനിമയുടെ രൂപത്തിന്റെ പ്രത്യേകത. കഥാപാത്രത്തിന്റെയും സ്ഥലത്തിന്റെയും കാലത്തിന്റെയും ശിഥിലീകരണം. ബ്ലാക്ക് ഔട്ട് പോലെ ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന കറുത്ത സ്‌ക്രീന്‍, ഫ്രെയിമിന്റെ പ്രത്യേക രീതിയിലുള്ള വിഭജനം, കണ്ണാടിയുടെയോ മറ്റേതെങ്കിലും പ്രതലതിന്റെയോ പ്രത്യേക രീതിയിലുള്ള വിഭജനം - ഇവയിലൂടെ ദ്വിമാനത്തിലുള്ള പരന്ന സിനിമാ സ്‌ക്രീനില്‍ ദൃശ്യതലങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി സ്ഥാപിച്ചിരിക്കുന്നതായി അനുഭവപ്പെടുന്നു.
വംശീയ കലാപങ്ങളും യുദ്ധങ്ങളും അശാന്തിയും ദുരിതങ്ങളും വിതച്ച ശ്രിലങ്കയില്‍ നിന്നുള്ള ഒരു സിനിമയാണ് നദീ വാസലമുദലിയാരാച്ചി സംവിധാനം ചെയ്ത 'പാന്‍ട്രം'. യുദ്ധത്താല്‍ മുറിവേറ്റ ഒരു രാജ്യത്ത്, ബാലാല്‍സംഘത്തിന് ഇരയായ അമ്മയില്‍ ജനിച്ച കുട്ടി ഒരു ബാലസൈനികനായിത്തീരുകയും അമ്മ പിന്നീട് ആത്മഹത്യാ ബോംബായി മാറുകയും ചെയ്യുന്നു. യുദ്ധാനന്തരം കുട്ടി അവനില്‍ നിന്ന് വേര്‍പിരിഞ്ഞ തന്റെ യഥാര്‍ത്ഥ പിതാവിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നു. അവനും മാനസികാഘാതത്തിന്റെ ഫലമായുണ്ടായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന പിതാവും തങ്ങള്‍ പങ്കിട്ട യുദ്ധത്തിന്റെ ആഘാതത്തെ അഭിമുഖീകരിക്കുന്നു. തലമുറകളിലുടനീളമുള്ള അധികാര ദാഹത്തിന്റെയും സംഘര്‍ഷത്തിന്റെയും സാമൂഹിക-രാഷ്ട്രീയ ആഘാതം സിനിമ പര്യവേക്ഷണം ചെയ്യുന്നു. ആധുനിക ശ്രീലങ്കന്‍ നാഗരികതയുടെ തുടക്കം മുതല്‍ ഇന്നുവരെ അധികാര ദാഹം മൂലം സമൂഹം എങ്ങനെ നഷ്ടം അനുഭവിച്ചുവെന്ന് വിശകലനം ചെയ്യുന്നു.'പാന്‍ട്രം' | PHOTO : WIKI COMMONS
സിനിമ സാമ്പ്രദായിക ആഖ്യാനമോ, അഭിനയമോ പിന്തുടരുന്നില്ല. യുദ്ധത്തെ ദൃശ്യവിസ്മയമാക്കി മാറ്റുന്നില്ല, മഹത്വവല്‍ക്കരിക്കുന്നില്ല. കാലം മങ്ങുകയും ഓര്‍മ്മകള്‍ ദ്രവരൂപത്തില്‍ ഒഴുകുകയും ചെയ്യുന്നു. സര്‍റിയലിസ്റ്റ് കലാകാരന്മാരെപോലെ സ്ഥലത്തിന്റെ പ്രതീകാത്മകവും മനഃശാസ്ത്രപരവുമായ ഉപയോഗവും വക്രീകരണവും ഛിന്നഭിന്നമായ യാഥാര്‍ത്ഥ്യങ്ങളെ വൈകാരികമായ ഒരു പൊരുത്തത്തോടെ ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്ന ഒരു സിനിമാറ്റിക് സൗന്ദര്യം രൂപപ്പെടുത്തുന്നു.
പലപ്പോഴും കഥാപാത്രങ്ങളുടെ മുഖം കാണിക്കുന്നില്ല. വരണ്ടുണങ്ങി വിണ്ടുകീറിയ ചക്രവാളത്തോളം പരന്നുകിടക്കുന്ന ഭൂമിയില്‍ കഥാപാത്രങ്ങളെ സ്ഥാപിക്കുകയാണ്. തരിശ്, അവശിഷ്ടങ്ങള്‍, ജീര്‍ണ്ണത, നികൃഷ്ടത മുതലായവയെ രാഷ്ട്രീയ വ്യാഖ്യാനത്തിനും സാമൂഹിക വിമര്‍ശനത്തിനുമുള്ള ശക്തമായ ഉപകരണങ്ങളായി മാറ്റുന്നു. പ്രേക്ഷകരെ സിനിമയില്‍ മതിമറക്കാന്‍ അനുവദിക്കാതെ ഒരകലത്തില്‍ നിര്‍ത്തി വിമര്‍ശനാത്മകമായി സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നു, ചില സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകരെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യുന്നു.
ഈ സന്ദര്‍ഭത്തില്‍ 'സ്വതന്ത്ര-പരീക്ഷണാത്മക സിനിമകള്‍ ' എന്ന പ്രയോഗത്തെ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. സിനിമയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാവാന്‍ പറ്റുമോ? കമ്മ്യൂണിസ്റ്റ് ആശയ പ്രചാരണത്തിനുള്ള സിനിമകള്‍ എന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും സോവിയറ്റ് ചലച്ചിത്ര സംവിധായകനായിരുന്ന സെര്‍ഗി ഐസന്‍സ്റ്റീനിന്റെ സിനിമകള്‍ അതില്‍ മാത്രം ഒതുങ്ങുന്നില്ല. സിനിമയുടെ സൗന്ദര്യ ശാസ്ത്രത്തിന് നല്‍കിയ സംഭാവനകളാണ് ഈ സിനിമയെ എക്കാലത്തും പ്രസക്തമാക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് അധികൃതരില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു, പല സിനിമകളും പാതിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നു.
'ഇവാന്‍ ദി ടെറിബിള്‍' എന്ന സിനിമയുടെ ഒന്നാം ഭാഗം സ്റ്റാലിന്‍ അംഗീകരിച്ചിരുന്നു, ഐസന്‍സ്റ്റീന് തന്റെ പേരിലുള്ള പുരസ്‌കാരം പോലും നല്‍കി. എന്നിരുന്നാലും, സ്വന്തം ഭരണത്തെക്കുറിച്ചുള്ള വിമര്‍ശനമാണോ എന്ന സംശയത്താല്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍ സ്റ്റാലിന്‍ അതൃപ്തനായിരുന്നു. തല്‍ഫലമായി, ഈ സിനിമ ഉടനടി നിരോധിക്കപ്പെട്ടു, സ്റ്റാലിന്റെ മരണത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് ഈ സിനിമ പരസ്യമായി പ്രദര്‍ശിപ്പിച്ചത്. ഈ സംഭവം ഐസന്‍സ്റ്റീനിന്റെ സിനിമാ ജീവിതത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചു, കൂടാതെ അദ്ദേഹത്തിന്റെ 'സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ ദുഷ്പ്രവൃത്തികള്‍ക്ക് ' ക്ഷമാപണം നടത്താനും നിര്‍ബന്ധിതനായി. 'ഇവാന്‍ ദി ടെറിബിള്‍' എന്ന സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ജോലി പാതിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നു. ചിത്രീകരിച്ച ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടു.'ഇവാന്‍ ദി ടെറിബിള്‍' | PHOTO : WIKI COMMONS
പല കാരണങ്ങളാല്‍ 1930 മെയ് മാസത്തില്‍ ഐസന്‍സ്റ്റീന്‍ ഹോളിവുഡിലെത്തി. അവിടെ സിനിമകള്‍ സംവിധാനം ചെയ്യാനായി പാരാമൗണ്ട് പോലുള്ള സ്റ്റുഡിയോകളുമായും വ്യക്തികളുമായും കരാറില്‍ ഏര്‍പ്പെട്ടുവെങ്കിലും അദ്ദേഹത്തിന് സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അവസാനം അദ്ദേഹം സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നു. സ്വന്തം രാജ്യത്ത് അദ്ദേഹത്തിന് നേരിടേണ്ടിവന്ന വിമര്‍ശനങ്ങള്‍, ഒരു മുതലാളിത്ത രാജ്യത്ത് സിനിമയുണ്ടാക്കാന്‍ കഴിയാതെ വരിക - ഇത് സിനിമയും മൂലധനവും എന്ന വിഷയവും സിനിമയ്ക്ക് യഥാര്‍ത്ഥ്യത്തില്‍ സ്വതന്ത്രമാവാന്‍ പറ്റുമോ എന്ന വിഷയവും അഭിസംബോധന ചെയ്യാന്‍ നമ്മെ ക്ഷണിക്കുന്നു. ഇതിനര്‍ത്ഥം, കമ്യൂണിസ്റ്റ് റഷ്യയിലായാലും, മുതലാളിത്ത ഹോളിവുഡിലായാലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനങ്ങളില്‍ നിന്ന് പണം പിരിച്ച് നിര്‍മ്മിച്ച 'അമ്മ അറിയാന്‍' എന്ന സിനിമ ഒഡേസ ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്നു, അല്ലെങ്കില്‍, ജോണിന്റെ സംവിധാനം അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായിരുന്നില്ല എന്നൊരു വാദം ഉയര്‍ന്നുവന്നിട്ടുണ്ട്.
മണി കൌളിന്റെ സിനിമകളെ (കുമാര്‍ ഷഹാനിയുടെയും അരവിന്ദന്റെയും സിനിമകളെയും) നാം പരീക്ഷണ സിനിമകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ മറ്റു ചില സിനിമകളെയും. ആ പ്രയോഗത്തിന്റെ നിരര്‍ത്ഥകത ചൂണ്ടിക്കാണിച്ചു കൊണ്ട് എന്തുകൊണ്ട് ഞാനൊരു പരീക്ഷണ സിനിമാക്കാരനല്ല എന്ന് കൌള്‍ യുക്തിയുക്തം വിശദീകരിച്ചു. ''എന്റേത് പരീക്ഷണ സിനിമകളല്ല. കാരണം, ഞാന്‍ ചെയ്യുന്നത് എന്താണെന്നും അതിന്റെ ഫലം എന്താണ് എന്നും എനിക്ക് അറിയാം. എന്റെ സിനിമകളെ, വേണമെങ്കില്‍, ശാസ്ത്രീയ സിനിമ എന്നു പറയാം. എന്നാല്‍ ശാസ്ത്രീയ സംഗീതത്തിന്റേതുപോലെ ഈ സിനിമകള്‍ക്കും വേദികള്‍ ഇല്ല''. അതേ സമയം, ശാസ്ത്രീയം എന്ന വാക്കിനു പിന്നിലെ അപകടത്തെ കുറിച്ചും അദ്ദേഹം ബോധവാനാണ്. അദ്ദേഹം പറയുന്നു: ''ശാസ്ത്രീയം എന്ന് ഞാന്‍ ഉപയോഗിക്കുന്നത് സിദ്ധാന്തം എന്ന അര്‍ത്ഥത്തിലല്ല. സിദ്ധാന്തം എന്നത് വിശാലമായ അര്‍ത്ഥത്തില്‍ ഒരു കലാ സൃഷ്ടിയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്, തത്വചിന്താപരമായ അടിസ്ഥാനം എന്തെങ്കിലും ഉണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ശാസ്ത്രീയം എന്നത് കലയുടെ പ്രയോഗത്തെ സംബന്ധിക്കുന്ന സാധ്യതകള്‍ ആരായാന്‍ ശ്രമിക്കുന്നു''. സമാനമായ രീതിയില്‍ ആന്ദ്രി തര്‍ക്കോവ്‌സ്‌കിയും സംസാരിക്കുന്നുണ്ട്. ഒരു ശാസ്ത്രജ്ഞന്‍ പരീക്ഷണങ്ങള്‍ നടത്തി എന്തെങ്കിലും കണ്ടുപിടിക്കുന്നതുപോലെയല്ല ഒരു സംവിധായകന്‍ ചെയ്യുന്നത്. കല സയന്‍സ് പോലെ അല്ല.മണി കൌൾ | PHOTO : WIKI COMMONS
ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമായ അമൃത് ഗാംഗര്‍ പരീക്ഷണ സിനിമ എന്ന പ്രയോഗത്തിനെതിരെ 'സിനിമ ഓഫ് പ്രയോഗ് ' എന്ന ആശയം മുന്നോട്ടു വച്ചുകൊണ്ട് ഇപ്രകാരം എഴുതുകയുണ്ടായി: പാശ്ചാത്യ രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്നതും ലോകം മുഴുവന്‍ അംഗീകരിച്ചതുമായ 'എക്‌സ്പിരിമെന്റല്‍' എന്ന ഇംഗ്ലീഷ് പദം ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്രനിര്‍മ്മാണ രീതികളുടെ സത്തയെ വേണ്ടത്ര പ്രതിനിധീകരിക്കുന്നില്ല. ഈ പ്രയോഗം യൂറോ-അമേരിക്കന്‍ കേന്ദ്രീകൃതവും വളരെ യുക്തിസഹവും ആണ്. അതിനാല്‍ നമ്മുടെ സ്വന്തം പദമായ 'പ്രയോഗ' ഇതിന് ഒരു മികച്ച ബദലായിരിക്കുമെന്ന് ഞാന്‍ കരുതുന്നു''. 'സിനിമ ഓഫ് പ്രയോഗ് ' എന്ന പ്രയോഗം അതിന്റെ സ്രഷ്ടാവിന്റെ സ്വന്തം അവസ്ഥയെ, പ്രകൃതത്തെ വഹിക്കുന്നു. അതിന് അവബോധജന്യമുള്ള ഗുണമുണ്ട്, ഒരു പ്രത്യേക ഭാവസന്ധി കൈവരിക്കാന്‍ കഴിവുള്ളതാണ്. സിനിമയുടെ കാലബദ്ധമായ സ്വഭാവത്തെ ഊന്നിപ്പറയുന്ന ഇത്, കേവലം ദൃശ്യ പ്രതിനിധാനങ്ങള്‍ക്കപ്പുറം, സൗന്ദര്യാത്മക ഐക്യവും സാര്‍വത്രികവും ശാശ്വതവുമായ ഒരു മനുഷ്യാനുഭവവും ഉണര്‍ത്തുന്നു, കവിത, സംഗീതം, നൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ക്കിടയിലുള്ള അതിരുകള്‍ മങ്ങിക്കുന്നു. സാഹസികത, വെല്ലുവിളി എന്നിവ ഏറ്റെടുത്ത് സിനിമാട്ടോഗ്രാഫിയുടെ സാധ്യതകള്‍ വിശാലമാക്കുന്നതിനുള്ള ഒരു ദര്‍ശനം, സിനിമാട്ടോഗ്രാഫിക്ക് പുതിയൊരു ഭംഗിയും പ്ലാസ്റ്റിസിറ്റിയും നല്‍കുന്നതിന് സ്ഥലവും കാലവും പര്യവേക്ഷണം ചെയ്യുന്നതിനുള്ള പാരമ്പര്യങ്ങളില്‍ നിന്നുള്ള വ്യതിയാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അവാംഗ്-ഗാര്‍ഡ് എന്നത് ഒരു ഫ്രഞ്ച് സൈനിക പദമാണെന്ന് ഗാംഗര്‍ ചൂണ്ടിക്കാണിക്കുന്നു, അക്ഷരാര്‍ത്ഥത്തില്‍ Advance guard അല്ലെങ്കില്‍ Front line soldiers എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രയോഗം കലാപരമായ ശ്രമങ്ങളെ വിവരിക്കുന്നതിന് അനുയോജ്യമല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു, കാരണം കല ഒരു ആക്രമണത്തിന് നേതൃത്വം നല്‍കുന്നതിനെക്കുറിച്ചോ ആ അര്‍ത്ഥത്തില്‍ പോരാട്ടവീര്യം പുലര്‍ത്തുന്നതിനെക്കുറിച്ചോ ആയിരിക്കരുത്. അപ്പോള്‍ നമുക്കും ഇത്തരം സിനിമകളെ വിശേഷിപ്പിക്കാന്‍ പുതിയ സംജ്ഞകള്‍ കണ്ടെത്തിക്കൂടെ?
മണി കൌള്‍, അമിത് ദത്ത, ആഷിഷ് അവികുന്തക്, വിപിന്‍ വിജയ്, കബീര്‍ മൊഹന്തി, അര്‍ഘ്യ ബസു, സാംഭവി കൗള്‍, രാജേഷ് ജല, കമല്‍ സ്വരൂപ്, അമിതാഭ് ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം പ്രമോദ് പതി, എസ് എന്‍ എസ് ശാസ്ത്രി തുടങ്ങിയ ഫിലിംസ് ഡിവിഷന്‍ സംവിധായകരെയും ഗാംഗര്‍ പ്രയോഗ സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നു.
ഇന്ത്യയിലും കേരളത്തിലും പരീക്ഷണാത്മക / അവാംഗ്-ഗാര്‍ഡ് സിനിമകള്‍ക്ക് മാത്രമായി എത്ര മേളകള്‍ ഉണ്ട് എന്നറിയില്ല. എന്നാല്‍, പ്രധാന മേളകളുടെ ഭാഗമായി പ്രത്യേകം ക്യൂറേറ്റ് ചെയ്യപ്പെട്ട ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഉദാഹരണമായി, സെെന്‍സ് മേളയുടെ ഭാഗമായി Artists' Cinema എന്നൊരു വിഭാഗം സംഘടിപ്പിക്കുകയുണ്ടായി. അതുപോലെ, വാര്‍ഷിക MAMI മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി CAMP (ക്രിട്ടിക്കല്‍ ആര്‍ട്ട് ആന്‍ഡ് മീഡിയ പ്രാക്ടീസ്) സ്റ്റുഡിയോയുടെ സഹസ്ഥാപകയായ ഷൈന ആനന്ദ്, ദി ന്യൂ മീഡിയം എന്ന പേരില്‍ ഒരു വിഭാഗം ക്യൂറേറ്റ് ചെയ്തിട്ടുണ്ട്. ഷായ് ഹെറേഡിയയെ പോലെ ഷൈന ആനന്ദും ചലന ദൃശ്യങ്ങളില്‍ പരീക്ഷണങ്ങളുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ്.
അവാംഗ്-ഗാര്‍ഡ് അല്ലെങ്കില്‍ പരീക്ഷണ സിനിമ എന്ന സങ്കല്‍പ്പത്തെ കുറിച്ച് നമുക്ക് വലിയ ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്ന് തോന്നുന്നില്ല. മെയിന്‍സ്ട്രീം സിനിമകളില്‍ നിന്ന് അല്പം വ്യത്യസ്തമായി എന്നതുകൊണ്ടുമാത്രം നാം പല സിനിമകളെയും ഈ ഗണത്തില്‍പ്പെടുത്തുന്നു.''പഴയ അവാംഗ്-ഗാര്‍ഡ് സിനിമാക്കാര്‍ മസാല സിനിമകള്‍ക്കും ആര്‍ട്ട് സിനിമകള്‍ക്കും ഇടയില്‍ ഒരു പാലം പണിതു'' എന്നാണ് ഒരു ജേര്‍ണലിസ്റ്റ് എഴുതിയത്. ഒരു സിനിമാ നിരൂപകന്‍ സത്യജിത് റായിയെയും ശ്യാം ബെനഗളിനെയും ഗോവിന്ദ് നിഹലാനിയെയും അവാംഗ്-ഗാര്‍ഡ് സിനിമാക്കാര്‍ എന്ന് വിശേഷിപ്പിക്കുകയുണ്ടായി.സത്യജിത് റായ് | PHOTO : WIKI COMMONS
പരമ്പരാഗത സങ്കല്‍പങ്ങളെ നിരാകരിക്കുകയും പരീക്ഷണാത്മകത സ്വീകരിക്കുകയും ചെയ്ത ക്യൂബിസം, ഫ്യൂച്ചറിസം, ദാദായിസം, സര്‍റിയലിസം തുടങ്ങിയ അവാംഗ്-ഗാര്‍ഡ് കലാ പ്രസ്ഥാനങ്ങളോടൊപ്പം അവാംഗ്-ഗാര്‍ഡ് സിനിമയും ഉയര്‍ന്നുവന്നു. പരമ്പരാഗത ആഖ്യാന ഘടനകള്‍, സൗന്ദര്യശാസ്ത്രം, മുഖ്യധാരാ ആകര്‍ഷണം എന്നിവയെ അപേക്ഷിച്ച് കലാപരമായ ആവിഷ്‌കാരത്തിനും നവീകരണത്തിനും മുന്‍ഗണന നല്‍കുന്ന കലാകാരന്മാര്‍ നിര്‍മ്മിച്ച സിനിമകള്‍ എന്നാണ് ഇതിനെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. അവാംഗ്-ഗാര്‍ഡ് ചലച്ചിത്ര സംവിധായകര്‍ സിനിമാറ്റിക് സങ്കേതങ്ങളുടെ അതിരുകള്‍ നിരന്തരം വികസിപ്പിക്കുന്നു.
ചിത്രകലയിലും സാഹിത്യത്തിലും മറ്റും ഉടലെടുത്ത അവാംഗ്-ഗാര്‍ഡ് പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ് സിനിമയില്‍ ഈ പ്രസ്ഥാനം വികസിച്ചത്. ഉപബോധമനസ്സിനെ പര്യവേക്ഷണം ചെയ്യുന്നതിനും യാഥാര്‍ത്ഥ്യത്തെ വെല്ലുവിളിക്കുന്നതിനുമുള്ള ശക്തമായ ഒരു മാധ്യമമായിട്ടാണ് സര്‍റിയലിസ്റ്റ് കലാകാരന്മാര്‍ സിനിമയെ കണ്ടത്. ലൂയി ബുന്വേല്‍, സാല്‍വദോര്‍ ദാലി കൂട്ടുകെട്ടില്‍പ്പിറന്ന Un Chien Andalou, The Golden Age മുതലായ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. മായാ ഡെറെന്‍, കെന്നത്ത് ആംഗര്‍, മാന്‍ റേ, ആന്‍ഡി വാര്‍ഹോള്‍ തുടങ്ങിയ കലാകാരന്മാര്‍ അമേരിക്കയിലെ അവാംഗ്-ഗാര്‍ഡ് സിനിമയുടെ വികസനത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കി. വീഡിയോയുടെയും ഡിജിറ്റലിന്റെയും നവമാധ്യമങ്ങളുടെയും ഉപയോഗം പരീക്ഷണാത്മക ചലച്ചിത്രനിര്‍മ്മാണത്തിനുള്ള സാധ്യതകള്‍ വികസിപ്പിച്ചിട്ടുണ്ട്, കൂടാതെ അവാംഗ്-ഗാര്‍ഡ് സിനിമ വിവിധ രൂപങ്ങള്‍, ഘടനകള്‍, പ്രമേയങ്ങള്‍ എന്നിവ പര്യവേക്ഷണം ചെയ്യുന്നത് തുടരുന്നു. ഡിജിറ്റല്‍ കലാകാരന്മാര്‍ അനിമേഷന്‍, ഗ്ലിച്ച് ആര്‍ട്ട്, ഇന്ററാക്ടീവ് മീഡിയ എന്നിവയുടെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി അമൂര്‍ത്തവും, രേഖീയമല്ലാത്തതും, പരീക്ഷണാത്മകവുമായ സൃഷ്ടികള്‍ ഉണ്ടാക്കുന്നു.
ഇന്ത്യക്കകത്തും പുറത്തും പരീക്ഷണാത്മക / അവാംഗ്-ഗാര്‍ഡ് സിനിമകള്‍ ധാരാളമായി ഉണ്ടാവുന്നുണ്ട്. മാറിയ സാഹചര്യത്തില്‍, അത് പരമ്പരാഗത സിനിമാക്കാര്‍ ഉണ്ടാക്കിയത് ആയിരിക്കണമെന്നില്ല. സിനിമ സങ്കരമായ ഇക്കാലത്ത്, ആര്‍ട്ടിസ്റ്റുകള്‍ ആ രീതിയിലുള്ള സൃഷ്ടികള്‍ ഉണ്ടാക്കുന്നുണ്ട്. ഇവയെ കണ്ടെത്താനും മേളയില്‍ കൊണ്ടുവരാനുമുള്ള ക്യൂറേറ്റര്‍മാരും കാണാന്‍ തയ്യാറായ പ്രേക്ഷകരുമാണ് ആവശ്യം. മികച്ച ക്യൂറേറ്റര്‍മാര്‍ ലോകമെമ്പാടുമുള്ള പുതിയ പ്രതിഭകളെയും, വെല്ലുവിളി നിറഞ്ഞ സിനിമകളെയും, ഉയര്‍ന്നുവരുന്ന പ്രവണതകളെയും നിരന്തരം അന്വേഷിക്കുന്നു. അവര്‍ പ്രേക്ഷകര്‍ക്ക് മറ്റുവിധത്തില്‍ കാണാന്‍ സാധ്യതയില്ലാത്ത സിനിമകള്‍ പരിചയപ്പെടുത്തുന്നു. വെല്ലുവിളി നിറഞ്ഞതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ സൃഷ്ടികളെ പിന്തുണയ്ക്കാനുള്ള അവരുടെ സമര്‍പ്പണം, ദര്‍ശനം, സന്നദ്ധത എന്നിവയാണ് ഈ ഊര്‍ജ്ജസ്വലവും നിര്‍ണായകവുമായ കലാരൂപത്തെ സജീവവും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പ്രാപ്യവുമാക്കുന്നത്.
#cinema
Leave a comment



REPRESENTATIVE IMAGE | WIKI COMMONS
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ബുന്വേലിന്റെ Un Chien Andalou എന്ന സിനിമയിൽ നിന്ന് | PHOTO : WIKI COMMONS
IFFR (International film festival of Rotterdam) | PHOTO : WIKI COMMONS
'സിന്ദാ ഹെ' എന്ന സിനിമയിൽ നിന്ന് | PHOTO : WIKI COMMONS
'കിസ് വാഗണ്‍' എന്ന സിനിമ | PHOTO : WIKI COMMONS
'ബോഡി' | PHOTO : WIKI COMMONS
'പാന്‍ട്രം' | PHOTO : WIKI COMMONS
'ഇവാന്‍ ദി ടെറിബിള്‍' | PHOTO : WIKI COMMONS
മണി കൌൾ | PHOTO : WIKI COMMONS
സത്യജിത് റായ് | PHOTO : WIKI COMMONS