
പരസ്യം, ചരിത്രം, രാഷ്ട്രീയം-റാഡു ജൂഡിന്റെ അന്വേഷണങ്ങള്‍
റൊമാനിയയിലെ ദേശീയ ചലച്ചിത്ര വിദ്യാലയത്തില്‍ മൂന്ന് തവണ പ്രവേശനം നിഷേധിക്കപ്പെട്ട റാഡു ജൂഡ് ലോക സിനിമയില്‍ത്തന്നെ ഇന്ന് വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്ന സംവിധായകനാണ്. റൊമാനിയന്‍ ന്യൂവേവിന്റെ ഭാഗമാണെങ്കിലും ആ പ്രസ്ഥാനത്തിലെ മറ്റുള്ളവരില്‍ നിന്നുള്ള കുതറല്‍ ജൂഡിനെ ലോകസിനിമയില്‍ത്തന്നെ ശ്രദ്ധേയനാക്കുന്നു. പല വിഖ്യാത മേളകളിലും അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
റൊമാനിയയിലെ മുഖ്യധാരാ ടിവി സ്റ്റേഷനുകളിലൊന്നായ പ്രൈമ നിര്‍മ്മിച്ച 'ഇന്‍ ദി ഫാമിലി' എന്ന പ്രതിദിന ടിവി സീരീയലിലൂടെ 2002-ല്‍ സംവിധായകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ക്രിസ്റ്റി പുയു എന്ന മുതിര്‍ന്ന സംവിധായകന്റെ സെക്കന്റ് യൂനിറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ജൂഡ് തുടര്‍ന്ന് 'ദി ട്യൂബ് വിത്ത് എ ഹാറ്റ് ' എന്ന ഹ്രസ്വ സിനിമ സംവിധാനം ചെയ്തു. ഈ സിനിമ ഷോര്‍ട്ട് ഫിലിമുകള്‍ക്കുള്ള സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒരു ഡസനിലധികം അവാര്‍ഡുകള്‍ നേടി. തുടര്‍ന്ന് ജൂഡ് രണ്ട് ഫീച്ചര്‍ ഫിലിമുകള്‍ സംവിധാനം ചെയ്തു. 'ദി ഹാപ്പിയസ്റ്റ് ഗേള്‍ ഇന്‍ ദ വേള്‍ഡ് ', 'എവരിബഡി ഇന്‍ ഔര്‍ ഫാമിലി'. ഈ സിനിമകളില്‍ അദ്ദേഹം യഥാര്‍ത്ഥ കഥാലോകങ്ങള്‍ വികസിപ്പിച്ചെടുത്തു.
ന്യൂ വേവിന്റെ ആഖ്യാനവും സിനിമാറ്റിക് നിയമങ്ങളും പിന്തുടര്‍ന്നതിനാല്‍ ജൂഡ് നവതരംഗത്തിലെ ഒരു രണ്ടാം തലമുറ ചലച്ചിത്ര സംവിധായകനായി കണക്കാക്കപ്പെട്ടു. കുടുംബം, അച്ഛനും മക്കളും തമ്മിലുള്ള ബന്ധങ്ങള്‍ എന്നീ വിഷയങ്ങള്‍ ഈ സിനിമകള്‍ പര്യവേക്ഷണം ചെയ്തു. ഈ രീതിയില്‍ സമകാലിക റൊമേനിയയന്‍ മനുഷ്യരുടെ മാനസിക പ്രക്ഷുബ്ദതകള്‍ അവതരിപ്പിച്ചുവെങ്കിലും 'അഫെരം' എന്ന സിനിമയില്‍ ജൂഡ് ഈ സമീപനം ഉപേക്ഷിച്ച് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യമുള്ളതും ഉപന്യാസപരവുമായ സിനിമയിലേക്ക് നീങ്ങി. 'സ്‌കാര്‍ഡ് ഹാര്‍ട്ട്സ്' എന്ന സിനിമയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ശൈലി നൂതനവും വ്യക്തിഗതവുമായ രീതികളില്‍ സമൂലമായി മാറി. സാമ്പ്രദായിക ആര്‍ട്ട് സിനിമയില്‍ നിന്ന് മാറി സ്വതസിദ്ധമായ ശൈലി വികസിപ്പിച്ചെടുത്ത ജൂഡിന്റെ ശൈലിയുടെ പരിണാമം 'ബാഡ് ലക്ക് ബാംഗിംഗ് ഓര്‍ ലൂണി പോണ്‍ ' എന്ന സിനിമയിലൂടെ വളര്‍ന്ന് 'ഡു നോട്ട് എക്‌സ്‌പെക്റ്റ് ടൂ മച്ച് ഫ്രം ദി ഏന്‍ഡ് ഓഫ് ദി വേള്‍ഡ് ' എന്ന സിനിമയില്‍ തീവ്രമാവുകയും ഏറ്റവും പുതിയ സിനിമയായ 'എയിറ്റ് പോസ്റ്റ്കാര്‍ഡ്‌സ് ഫ്രം ഉട്ടോപ്പിയ' എന്ന സിനിമയില്‍ എത്തുമ്പോള്‍ അതിന്റെ പരമകാഷ്ഠയില്‍ എത്തുകയും ചെയ്യുന്നു.
ജൂഡിന്റെ സിനിമകള്‍ വളരെയധികം ആശയക്കുഴപ്പത്തിലായ, കെട്ടുപിണഞ്ഞ ഒരു ലോകം അവതരിപ്പിക്കുന്നു - പരസ്പര ബന്ധമില്ലാത്തതായി അനുഭവപ്പെടുന്ന നിരവധി സംഭവങ്ങള്‍, പല ഴോണറുകള്‍, ധാരാളം കഥകള്‍, ഉദ്ധരണികള്‍, ഡോക്യുമെന്ററി, ഫിക്ഷന്‍, വ്യത്യസ്ത ലോകകാഴ്ചകളുടെ ശകലങ്ങള്‍, ആകസ്മികതയുടെ ഘടകങ്ങള്‍, ശബ്ദങ്ങളുടെ ബഹുസ്വരത, വ്യത്യസ്ത മാധ്യമങ്ങള്‍ - എല്ലാം ഒരു കൊളാഷില്‍ എന്ന പോലെ ജൂഡ് സിനിമയില്‍ സമന്വയിപ്പിക്കുന്നു. സിനിമ സലാഡ് പോലെയോ, വലിയ ക്ലബ് സാന്റ് വിച്ച് പോലെയോ, മിക്‌സ്ഡ് കബാബ് പോലെയോ ആണ് എന്നാണ് ജൂഡ് പറയുന്നത്.
റാഡു ജൂഡ് | PHOTO: FACEBOOK
തന്റെ സ്വകാര്യ സെക്സ് ടേപ്പ് ഇന്റര്‍നെറ്റില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയായ എമിയുടെ ജോലിയും കീര്‍ത്തിയും ഭീഷണി നേരിടുന്നു. എമിയെ പിരിച്ചുവിടണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിളിച്ചുകൂട്ടിയ മീറ്റിങ്ങില്‍ പങ്കെടുക്കുന്ന എമി അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ വിസമ്മതിച്ചു. ലൈംഗികതയെ കുറിച്ച് തുറന്ന സമീപനം കൈക്കൊള്ളുന്നു എന്ന് നാം വിശ്വസിക്കുന്ന ഒരു രാജ്യത്ത് സദാചാരത്തിന്റെ വിചാരണക്കോടതിയില്‍ അവള്‍ ചോദ്യം ചെയ്യപ്പെടുന്നു.
ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന ഏഞ്ചല സുരക്ഷാ വീഡിയോ നിര്‍മ്മാണത്തിനായി ശ്വാസം മുട്ടിക്കുന്ന രീതിയിലുള്ള ട്രാഫിക്കിലൂടെ കാറില്‍ യാത്ര ചെയ്യുകയാണ്. അവളുടെ ഫോണില്‍ പുരുഷാധിപത്യവും പിന്തിരിപ്പത്തരവും നിറഞ്ഞ സംഭാഷണങ്ങള്‍ വിളിച്ചുപറയുന്ന ബൊബിറ്റ എന്ന ടിക് ടോക് കഥാപാത്രം പ്രത്യക്ഷപ്പെടുന്നു. ഇതിനിടയില്‍ കമ്യൂണിസ്റ്റ് കാലഘട്ടത്തിലെ 'ഏഞ്ചല ഗോസ് ഓണ്‍ ' എന്ന സിനിമയില്‍ നിന്നുള്ള ഫൂട്ടേജ് കടന്നുവരുന്നു. (ഈ സിനിമയിലും ഒരു സ്ത്രീ ടാക്‌സി ഓടിക്കുകയാണ്). ദൃശ്യ വായാടിത്തം, ടിക്ടോക്, ഇന്‍സ്റ്റാഗ്രാം ദൃശ്യങ്ങളെക്കൊണ്ട് ശ്വാസം മുട്ടിക്കുക, ഇവയൊക്കെ ചേര്‍ത്ത് അസംബന്ധ ഹാസ്യം ജനിപ്പിക്കുക, കൂടെ റേഡിയോ ഗാനങ്ങളും പരസ്യങ്ങളും, ഐഫോണ്‍ അലാറം, പല മാധ്യമങ്ങളില്‍ നിന്നും സിനിമകളില്‍ നിന്നുമുള്ള സംഗീതം, വിവിധ സംഗീത വിഭാഗങ്ങളും ഉപവിഭാഗങ്ങളും. ഇതിലൂടെ ജൂഡ് സമകാലിക മുതലാളിത്തത്തിലെയും പഴയ കമ്യൂണിസ്റ്റ് വ്യവസ്ഥിതിയിലെയും തൊഴില്‍ പ്രശ്‌നങ്ങള്‍, കണ്‍സ്യൂമറിസം, വ്യാപകമായ സ്ത്രീവിരുദ്ധത, സാമ്പത്തിക അസമത്വം, കോര്‍പ്പറേറ്റ് ചൂഷണം, സോഷ്യല്‍ മീഡിയയിലെ തീവ്ര വലതുപക്ഷ ട്രോളുകള്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു.
ജൂഡിന്റെ 'എയിറ്റ് പോസ്റ്റ്കാര്‍ഡ്‌സ് ഫ്രം ഉട്ടോപ്പിയ' പോസ്റ്റ്-സോഷ്യലിസ്റ്റ് റൊമാനിയന്‍ പരസ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ഡോക്യുമെന്ററിയാണ്. ഏറ്റവും സാങ്കല്‍പ്പികമായ സാമഗ്രികള്‍ - പരസ്യങ്ങള്‍ - ഉപയോഗിച്ചുള്ള ഒരു ചരിത്ര ഡോക്യുമെന്ററി. ക്രൂരമായ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന് ശേഷം, റൊമാനിയയില്‍ വളരെ നേരിട്ടും അക്രമാസക്തമായും ഒരു നവ-ലിബറല്‍ മുതലാളിത്ത സമൂഹം ആരംഭിച്ചു. ഈ പരിവര്‍ത്തനത്തില്‍, പരസ്യങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട സാമൂഹിക പങ്കുണ്ട്. റൊമാനിയയുടെ നീണ്ട പരിവര്‍ത്തന കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് സൃഷ്ടിച്ച സിനിമ പ്രണയത്തെയും മരണത്തെയും, മനുഷ്യശരീരത്തെയും അതിന്റെ ബലഹീനതയെയും, സ്വാഭാവികമായതും അമാനുഷികമായതും, സോഷ്യലിസത്തെയും മുതലാളിത്തത്തെ കുറിച്ചും സംസാരിക്കുന്നു. പരസ്യങ്ങള്‍ അത്ര നിരപരാധികളല്ലെന്ന് സാമൂഹ്യശാസ്ത്രത്തില്‍ നിന്നും തത്ത്വചിന്തയില്‍ നിന്നും നമുക്കറിയാം. അവയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരുപാട് പ്രത്യയശാസ്ത്രങ്ങളും ജീവിത വീക്ഷണങ്ങളും ഉണ്ട്. ജൂഡിത്ത് വില്യംസ് 'ഡീകോഡിംഗ് അഡ്വര്‍ടൈസ്മെന്റ്‌സ്: ഐഡിയോളജി ആന്‍ഡ് മീനിംഗ് ഇന്‍ അഡ്വര്‍ടൈസിംഗ് ' എന്ന പുസ്തകത്തില്‍ സമൂഹത്തിന്റെ സാമ്പത്തിക അടിത്തറയെ പിന്തുണയ്ക്കുന്ന ആശയങ്ങള്‍ ശാശ്വതമാക്കുന്നതില്‍ ആളുകളെ ഉള്‍പ്പെടുത്തുക എന്നതാണ് പരസ്യത്തിന്റെ പ്രത്യയശാസ്ത്രപരമായ പ്രവര്‍ത്തനം എന്ന് വാദിക്കുന്നു. പരസ്യം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാമ്പത്തികമായി പ്രവര്‍ത്തിക്കുക മാത്രമല്ല എന്ന് പ്രസ്താവിക്കുന്ന അവര്‍ പരസ്യങ്ങളിലെ മുതലാളിത്തത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വ്യവഹാരങ്ങളെ ശക്തിപ്പെടുത്തുന്ന പ്രത്യയശാസ്ത്ര പ്രക്രിയകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഈ രീതിയിലുള്ള അപഗ്രഥനത്തിലൂടെ ജൂഡ് സിനിമയെ സാംസ്‌കാരിക വിമര്‍ശനമാക്കിത്തീര്‍ക്കുന്നു.''ഇത് ആഗ്രഹങ്ങളെ കുറിച്ചുള്ള, ഉട്ടോപ്യന്‍ ഭാവനയുടെ ഒരു സിനിമയാണ് ' എന്നാണ് ജൂഡ് പറയുന്നത്.
തന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ജൂഡ് പരസ്യചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. അഞ്ചോ ആറോ വര്‍ഷം പരസ്യചിത്ര രംഗത്ത് പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം സ്വന്തമായി പരസ്യചിത്രം സംവിധാനം ചെയ്തത്. ഏകദേശം പതിനഞ്ച് വര്‍ഷത്തോളം അദ്ദേഹം പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത് ഉപജീവനം കഴിച്ചു. ഈ സിനിമ സംവിധാനം ചെയ്യാനുള്ള ഒരു കാരണം ഇതുകൂടി ആണത്രേ. ജൂഡ് മാത്രമല്ല, റൊമാനിയയിലെ പല സംവിധായകരും ഒരു ഘട്ടത്തില്‍ പരസ്യചിത്രങ്ങളോ ടിവി പരിപാടികളോ സംവിധാനം ചെയ്തവരാണ്.
REPRESENTATIVE IMAGE | WIKI COMMONS
ഴാന്‍-ലുക് ഗൊദാര്‍ദ് പരസ്യത്തെ ചലച്ചിത്രനിര്‍മ്മാണത്തിന്റെ ഏറ്റവും സത്യസന്ധമായ രൂപമാണെന്ന് വിശേഷിപ്പിച്ചു. ''യുവ സംവിധായകര്‍ക്ക് അവരുടെ ഫീച്ചര്‍ സിനിമക്കായി തയ്യാറെടുക്കുന്നതിനുള്ള ഒരു മാര്‍ഗം കൂടിയാണിത് ' എന്ന ഗൊദാര്‍ദിന്റെ വാക്കുകള്‍ ജൂഡിന് പ്രചോദനമായി. 'എന്നെ സംബന്ധിച്ചിടത്തോളം, അഭിനേതാക്കളെയും ലെന്‍സുകളും പരീക്ഷിക്കുന്നതിനും സാങ്കേതിക വശങ്ങള്‍ പഠിക്കാനുമുള്ള ഒരു മികച്ച മാര്‍ഗമായിരുന്നു പരസ്യങ്ങള്‍ ' - ജൂഡ് പറഞ്ഞു.
നരേഷന്‍ ഇല്ലാത്ത 71 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ ' Money Talks' , 'Found Poetry', 'Masculine/Feminine' എന്നിങ്ങനെ എട്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. സോഷ്യലിസ്റ്റാനന്തര കാലത്തെ പരസ്യങ്ങളെ കുറിച്ച് ഗവേഷണം ചെയ്യുന്ന തത്വചിന്തകനായ ക്രിസ്റ്റ്യന്‍ ഫെറന്‍സ്-ഫ്‌ലാറ്റ്സുമായി ചേര്‍ന്ന് സംവിധാനം ചെയ്ത ഈ സിനിമ ഫൌണ്ട് ഫൂട്ടേജ്, ഫൌണ്ട് പോയട്രി, കാലഹരണപ്പെട്ട ഒരു എന്‍സൈക്ലോപീഡിയ, ചവറ് കല, സുമ്മ തിയോളോജി (ദൈവശാസ്ത്രജ്ഞനായ തോമസ് അക്വിനാസിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയാണ് സുമ്മ ദൈവശാസ്ത്രം അല്ലെങ്കില്‍ 'ദൈവശാസ്ത്രത്തിന്റെ സംഗ്രഹം'. കത്തോലിക്കാ സഭയുടെ എല്ലാ പ്രധാന ദൈവശാസ്ത്ര ഉപദേശങ്ങളുടെയും ഒരു സംഗ്രഹമാണിത്) എന്നിവയിലൂടെ സോഷ്യലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്ക് മാറുന്ന തന്റെ രാജ്യത്തിന്റെ പ്രക്ഷുബ്ധമായ 30 വര്‍ഷത്തെ ചരിത്രം അവതരിപ്പിക്കുന്നു. ജൂഡും തന്റെ സ്ഥിരം എഡിറ്ററുമായ Catalin Cristutiu-ഉം ചേര്‍ന്ന് ഈ ക്ലിപ്പുകളെ ക്രമീകരിക്കുകയും വിഭജിക്കുകയും ചെയ്തതില്‍ നിന്ന് 'അര്‍ത്ഥം' സൃഷ്ടിക്കുക എന്നത് പ്രേക്ഷകരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്, ചിലത് വ്യക്തമാണ്, മറ്റു ചിലത് അവ്യക്തവും സങ്കീര്‍ണ്ണവും. ഈ സിനിമ ലൊക്കാര്‍ണോ മേളയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇതിനൊപ്പം ജൂഡിന്റെ മറ്റൊരു സിനിമ ('സ്ലീപ്പ് # 2') ബോണസ്സായി ഉണ്ട്. പിറ്റ്‌സ്ബര്‍ഗിലെ ആന്‍ഡി വാറോളിന്റെ ശവകുടീരത്തില്‍ വര്‍ഷം മുഴുവനും നടക്കുന്ന സംഭവങ്ങളുടെ ഒരു മണിക്കൂര്‍ നീണ്ട നിരീക്ഷണമാണ് സിനിമ.
ഒരു അധ്യായത്തില്‍ പെപ്സി, ഫോട്ടോ കോപ്പിയര്‍, ലോട്ടറി, ഹാംബര്‍ഗറുകള്‍ എന്നിവയുടെയും മറ്റും പരസ്യങ്ങള്‍ ഉപയോഗിക്കുന്നു. ഒരു ഘട്ടത്തില്‍ ABBA-യുടെ 'ദി വിന്നര്‍ ടേക്ക്‌സ് ഇറ്റ് ഓള്‍' എന്ന പോപ്പ് ഗാനം ഒരു ടൂത്ത് പേസ്റ്റ് പരസ്യത്തിന് സൗണ്ട് ട്രാക്കായി ഉപയോഗിച്ചിട്ടുണ്ട്. ജൂഡ് സെക്സ് ഹോട്ട്ലൈനുകളുടെ ക്ലിപ്പുകള്‍ പോലും സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിലൂടെ ദിവസത്തിലെ ഓരോ മണിക്കൂറിലും ടിവിയില്‍ വന്നേക്കാവുന്ന എല്ലാ പരസ്യങ്ങളുടെയും പൂര്‍ണ്ണ ശ്രേണി അവതരിപ്പിക്കുന്നു.
ഇത്തരം ഉപഭോതൃ ഉല്‍പ്പന്നം ഇല്ലാതെ നിങ്ങളുടെ ജീവിതം വൃത്തികെട്ടതാകുമെന്ന് പരസ്യങ്ങള്‍ പറയുന്നു. സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപങ്ങള്‍, ബാങ്കുകള്‍, വായ്പകള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് എങ്ങനെ സമ്പന്നരാകാം എന്ന് കാണിക്കുന്നു. ഈ പരസ്യങ്ങളില്‍ ചിലത് വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ്. 1990-കളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആസ്തികളില്‍ നിക്ഷേപിക്കുന്നതിനായി പൗരന്മാര്‍ക്ക് വൗച്ചറുകള്‍ വിതരണം ചെയ്യുകയുണ്ടായി. ഇത് സോവിയറ്റ് യൂണിയന്റെയും റൊമേനിയയുടെയും പതനത്തെത്തുടര്‍ന്ന് രാജ്യം അനുഭവിച്ച സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ' The Anatomy of Consumption' എന്ന ഭാഗത്ത് സിനിമ നിശ്ശബ്ദമാവുകയും വാങ്ങുകയും വില്‍ക്കുകയും ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. നൈറ്റ്ക്ലബ്ബുകള്‍, അമേരിക്കന്‍ ശൈലിയിലുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ്, ഒരു മീശക്കാരന്‍ കാസിനോ ടേബിളില്‍ നിന്ന് വിളിച്ചുപറയുന്നു: 'ഒരു പുതിയ ലോകം പിറവിയെടുക്കുമ്പോള്‍, ഈ സ്ഥലം പുനര്‍ജനിക്കുന്നു.'
REPRESENTATIVE IMAGE | FACEBOOK
ഒരധ്യായം സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ പണത്തിനുവേണ്ടി നീക്കിവച്ചിരിക്കുന്നു, മാത്രമല്ല പരസ്യങ്ങളിലെ ആകര്‍ഷകമായ വസ്തുവും കൂടിയാണ് പണം. പോസ്റ്റ്-സോഷ്യലിസ്റ്റ് റൊമാനിയയിലെ സാമ്പത്തിക-ജീവിത പ്രതിസന്ധികളാണ് ' Money Talk' എന്ന അധ്യായത്തില്‍ അഭിസംബോധന ചെയ്യുന്നത്. ഒരു ലോട്ടറി-കമ്പനി പരസ്യം കാഴ്ചക്കാരെ 'സമ്പന്നരാകാന്‍ തയ്യാറാകൂ'എന്ന് ക്ഷണിക്കുമ്പോള്‍ മറ്റൊന്ന് അടുത്തിടെ 12.5 ദശലക്ഷം സമ്പാദിച്ച ഒരു സ്ത്രീയെ കാണിക്കുന്നു. അവര്‍ തന്റെ സമ്പത്ത് റൊമാനിയന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടില്‍ നിക്ഷേപിക്കാനുള്ള ഉദ്ദേശ്യം അറിയിക്കുന്നു.
ഒരധ്യായത്തില്‍ ലാബുകളുടെയും ശാസ്ത്രജ്ഞരുടെയും ചിത്രങ്ങളും പരസ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രീയ വിശദീകരണങ്ങളും കാണിക്കുന്നു. മറ്റൊരധ്യായം അമാനുഷികതയോടുള്ള പരസ്യങ്ങളുടെ അഭിനിവേശത്തെ പര്യവേക്ഷണം ചെയ്യുന്നു. ഒരു അധ്യായം പരസ്യങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെ ജനനം മുതല്‍ മരണം വരെയുള്ള മനുഷ്യ ജീവചരിത്രത്തെ അവതരിപ്പിക്കുന്നു. മറ്റൊന്ന് പരസ്യങ്ങളുടെ ഭാഷകൊണ്ടുള്ള കളികള്‍ അവതരിപ്പിക്കുന്നു, മറ്റൊന്ന് ശരീരഭാഷയെയും അവരുടെ ആംഗ്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു. അവസാനത്തേതിന് മുമ്പുള്ള അധ്യായം പരസ്യങ്ങളിലെ ലിംഗഭേദത്തെയും അവരുടെ പരസ്പര ബന്ധത്തെയും പ്രതിനിധീകരിക്കുന്നു. ഉപസംഹാര അധ്യായം പരസ്യങ്ങളില്‍ നിന്നുള്ള പ്രകൃതിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പാരിസ്ഥിതിക ആശങ്കകള്‍ പ്രകടിപ്പിക്കുകയും ആസന്നമായ വിനാശത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു.
''എല്ലാവര്‍ക്കും ഉള്ളത് ആര്‍ക്കും അവകാശപ്പെട്ടതല്ല'' - ' The Romanian Paradox' എന്ന അധ്യായത്തില്‍ പരസ്യം പ്രഖ്യാപിക്കുന്നു. 'റൊമാനിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണ പരിപാടി' എന്ന് പ്രഖ്യാപിക്കുന്നു മറ്റൊരു പരസ്യം. ഇത് ചിലപ്പോള്‍ സാമൂഹിക ജീവിതരീതികളെക്കുറിച്ചുള്ള ഒരു വാഗ്ദാനമോ ഭീഷണിയോ ആയിത്തീരുന്നു. ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന പദവി ഉപേക്ഷിച്ച്, സ്വകാര്യ സമ്പത്തിന്റെ സ്വപനങ്ങള്‍ ജനങ്ങള്‍ക്ക് വില്‍ക്കാന്‍ വെമ്പുന്ന രാജ്യം.
പുരുഷാധിപത്യ സ്വഭാവം സിനിമയിലെ പല അദ്ധ്യായങ്ങളിലും കാണാമെങ്കിലും അതില്‍ പ്രധാനം ' Masculine Feminine' എന്ന അധ്യായമാണ്. ഇവിടെ മുതലാളിത്തത്തിന്റെ പുരുഷാധിപത്യ സ്വഭാവം പ്രത്യക്ഷതാ പ്രകടമാകുന്നു. സ്ത്രീകളെ പ്രത്യക്ഷമായി ലക്ഷ്യമിടുന്ന പരസ്യങ്ങള്‍ക്ക് പോലും സ്ത്രീവിരുദ്ധ ചായയുണ്ട്: ഏകരീതിയിലുള്ള സ്ത്രീകളുടെ നഗ്‌നമായ കാലുകളിലൂടെയുള്ള അശ്ലീല നോട്ടത്തിന്റെ പാനിംഗ്. അലക്കുപൊടിയുടെ പരസ്യങ്ങളിലെ സ്ത്രീകള്‍. ' Magic Mirage' എന്ന പേരിലുള്ള ഒരു അധ്യായത്തില്‍ ഒരു പുരുഷ നാവികന്‍ തന്റെ കൂടെയുള്ള ജോലിക്കാരന്റെ ഫ്‌ലൂറസെന്റ് പിന്‍ഭാഗം നോക്കി അംഗീകരിക്കുന്നു. ഒരധ്യായത്തില്‍ റൊമാനിയന്‍ പുരുഷ അവസ്ഥയെ പരിഹസിക്കുകയോ സഹതപിക്കുകയോ ചെയ്യുന്ന സ്വരങ്ങളില്‍ വിവരിക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ജൂഡിന്റെ ഈ സിനിമയെ എസ്സേ ഫിലിം (വീഡിയോ എസ്സേ) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. വ്യക്തിപരവും ആത്മനിഷ്ഠവുമായ ചിന്തനങ്ങള്‍, സാമൂഹിക ചരിത്രം എന്നിവയാല്‍ പ്രചോദിപ്പിക്കപ്പെട്ട എസ്സേ സിനിമകള്‍ ബൗദ്ധികവും കലാപരവുമായ നവീകരണത്തിനുള്ള നോണ്‍ ഫിക്ഷന്‍ രൂപമായി ഉയര്‍ന്നുവന്നു. ഫിക്ഷന്‍, ഡോക്യുമെന്ററി സിനിമയുടെ പ്രബലമായ രൂപങ്ങളില്‍ നിന്ന് മാറി, സങ്കരത്വവും self-reflexion-നും ചേര്‍ന്ന് ഈ വിഭാഗം ഴാന്‍-ലുക് ഗൊദാര്‍ദ് നിരീക്ഷിക്കുന്നതുപോലെ 'ചിന്തിക്കുന്ന ഒരു രൂപമായി' പരിണമിച്ചു. YouTube, Vimeo പോലുള്ള ഓണ്‍ലൈന്‍ വീഡിയോ പങ്കിടല്‍ പ്ലാറ്റ്ഫോമുകളുടെ വരവോടെയും ഡിജിറ്റല്‍ വിപ്ലവത്തിലൂടെയും ഓഡിയോ-വിഷ്വല്‍ എഡിറ്റിംഗിന്റെ സാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെ എസ്സേ സിനിമകള്‍ നാടകീയമായി ജനപ്രീതി നേടി.
1894-ല്‍ ലൂമിയര്‍ സഹോദരന്മാര്‍ ലിയോണൈസ് ഫാക്ടറി തൊഴിലാളികളുടെ ചലനചിത്രങ്ങള്‍ റെക്കോര്‍ഡുചെയ്തതിന് തൊട്ടുപിന്നാലെ, അതായത്, സിനിമയുടെ ഉദയം മുതല്‍ ഉപന്യാസ സിനിമകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് തിമോത്തി കോറിഗന്‍ പറയുന്നത്. എന്നാല്‍ എസ്സേ സിനിമകളുടെ നിര്‍വചനം മാറിക്കൊണ്ടിരിക്കുന്നു.
സിനിമാ പഠിതാവായ ഡേവിഡ് വിങ്ക്സ് ഗ്രേയുടെ അഭിപ്രായത്തില്‍ 1950-കളിലും 60-കളിലും എസ്സേ ഫിലിം തിരിച്ചറിയാവുന്ന രീതിയിലുള്ള ചലച്ചിത്രനിര്‍മ്മാണ രൂപമായി മാറി. എന്നാല്‍, ഉപന്യാസ സിനിമകള്‍ ലോക ചലച്ചിത്രനിര്‍മ്മാണത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ട ഒന്നായി നിലനിന്നു. ഉപന്യാസ സിനിമകള്‍ ഡോക്യുമെന്ററിക്കും ഫിക്ഷനും ഇടയിലാണ് സ്ഥാനമെങ്കിലും രണ്ട് വിഭാഗത്തിലും ചേരുന്നുമില്ല.
സാധാരണയായി ഉദ്ധരിക്കപ്പെടുന്ന ഉപന്യാസ ചലച്ചിത്ര സംവിധായകരാണ് സിഗാ വര്‍തോവ്, ക്രിസ് മാര്‍ക്കര്‍, അലന്‍ റെനെ, ഴാന്-ലുക് ഗൊദാര്‍ദ്, ഹാരൂണ്‍ ഫറോക്കി എന്നിവര്‍. ലാറ്റിനമേരിക്കയിലെ മൂന്നാം സിനിമയേയും ഇതിനൊപ്പം ചേര്‍ക്കാം.
ഗൊദാര്‍ദും ഗോറിനും ചേര്‍ന്ന് സിഗാ വര്‍തോവ് ഗ്രൂപ്പിന്റെ ബാനറില്‍ സംവിധാനം ചെയ്ത 'ലെറ്റര്‍ ടു ജെയിന്‍ ' എസ്സേ സിനിമയുടെ നല്ല ഉദാഹരണമാണ്. വിയറ്റ്‌നാം യുദ്ധ സമയത്ത് പത്രപ്രവര്‍ത്തകയായി അവിടെ എത്തിയ ജെയിന്‍ ഫോണ്ടയുടെ ഒരു ഫോട്ടോയെ ഗൊദാര്‍ദിന്റെയും ഗോറിന്റെയും നരേഷനിലൂടെ അപഗ്രഥിക്കുന്ന സിനിമയാണിത്. 'ഞാന്‍ എന്നെ ഒരു ഉപന്യാസകാരനായി കരുതുന്നു, നോവല്‍ രൂപത്തില്‍ ഉപന്യാസങ്ങളോ ഉപന്യാസ രൂപത്തില്‍ നോവലുകളോ നിര്‍മ്മിക്കുന്ന ഒരാള്‍. എഴുതുന്നതിനുപകരം, ഞാന്‍ അവ സിനിമയാക്കുന്നു' - ഗൊദാര്‍ദ്. 'ഉപന്യാസ സിനിമയില്‍ ചിന്ത വികാരത്തിലേക്കും ചിന്തയിലേക്കും തിരിയുന്നതാണ്. ഉപന്യാസ സിനിമ ഫിക്ഷന്റെയും നോണ്‍-ഫിക്ഷന്റെയും മേഖലകള്‍ക്കിടയില്‍ ഭ്രാന്തമായി നീങ്ങുന്നുവെങ്കിലും ഇത് രണ്ടിന്റെയും സ്വഭാവങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു'- ഴാന്‍-പിയറി ഗോറിന്‍.
ലൂമിയര്‍ സഹോദരന്മാര്‍ | PHOTO: WIKI COMMONS
ഫൌണ്ട് ഫൂട്ടേജ് സിനിമ എന്നത് ഒരാള്‍ അന്വേഷിച്ചു കണ്ടെത്തുന്ന ദൃശ്യങ്ങളെയും ശബ്ദങ്ങളെയും പുനഃക്രമീകരണത്തിലൂടെ സൃഷ്ടിക്കുന്നവയാണ്. ഫൌണ്ട് ഫൂട്ടേജിനെ അസംസ്‌കൃത വസ്തുക്കളോ സ്രോതസ്സുകളോ ആയി ഉപയോഗിച്ച് ധാരാളം വിമര്‍ശനാത്മക സൃഷ്ടികള്‍ രൂപപ്പെട്ടിട്ടുണ്ട്. ജോസഫ് കോര്‍ണലിന്റെയും ബ്രൂസ് കോണറിന്റെയും ആദ്യകാല സിനിമകള്‍ ഫൂട്ടേജ് സിനിമയുടെ ആരംഭ സിനിമകളാണ്. അറുപതുകളില്‍ ജനപ്രിയമോ പൊതു ധാരയില്‍ ഇല്ലാത്തതോ ആയ ഗ്രൂപ്പുകള്‍ ഫൌണ്ട് ഫൂട്ടേജ് സിനിമകള്‍ ഏറ്റെടുത്ത് നിലവിലുള്ളവയെ ചോദ്യം ചെയ്യാനും പുതിയ അര്‍ത്ഥങ്ങള്‍ കൊണ്ടുവരാനും ശ്രമിച്ചു. പല സങ്കേതങ്ങളുടെ ഉപയോഗത്തിലൂടെ മറഞ്ഞിരിക്കുന്നവയെ പ്രകടമാക്കുന്നു. ഫെമിനിസ്റ്റ് സിനിമകള്‍, അണ്ടര്‍ഗ്രൌണ്ട് സിനിമകള്‍ എന്നിവ ഇതില്‍ പ്രധാനമാണ്.
അറിയപ്പെടുന്നതും അജ്ഞാതവുമായ സ്രോതസ്സുകളില്‍ നിന്നുള്ള ഫൂട്ടേജുകള്‍ എസ്സേ ഫിലിമില്‍ സംയോജിപ്പിക്കുന്നു. ഗൊദാര്‍ദിന്റെ 'ഹിസ്റ്ററി ഓഫ് സിനിമ' ഇതിന്റെ മഹത്തായ ഉദാഹരണമാണ്. പല രീതിയില്‍ - ദൃശ്യങ്ങള്‍ തമ്മിലും ദൃശ്യങ്ങള്‍ക്കകത്തും (across and between images, as well as over and within images) എഡിറ്റ് ചെയ്തുകൊണ്ട് ഉപന്യാസ സിനിമകളെ മുന്നോട്ട് കൊണ്ടുപോവുന്നു.
ഫൌണ്ട് ഫൂട്ടേജ് ഫിലിമുകളുടെ ഉത്ഭവം ദാദാ ആര്‍ട്ട്, കണ്‍സെപ്ച്വല്‍ ആര്‍ട്ട്, സര്‍റിയലിസം മുതലായ പ്രസ്ഥാനത്തില്‍ കണ്ടെത്തുന്നവരുണ്ട്. ഫ്രഞ്ച് സര്‍റിയലിസ്റ്റുകളുടെ ഫോട്ടോഗ്രാഫുകളുടെ ഉയോഗത്തെ കുറിച്ച് പഠിച്ച ലിന്‍ഡ സ്റ്റീര്‍ പറയുന്നതനുസരിച്ച്, ചിത്രങ്ങളോ ഫോട്ടോകളോ ഉപയോഗിക്കുമ്പോള്‍, അവ യാഥാര്‍ത്ഥ്യബോധത്തിലൂടെയും സൂചനകളിലൂടെയും ചില അറിവുകള്‍ സൃഷ്ടിക്കുന്നില്ല, മറിച്ച് അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്, അര്‍ത്ഥത്തിന്റെ അസ്ഥിരത. അതുപോലെ, ഫൌണ്ട് ഫൂട്ടേജ് ഉപയോഗിക്കുമ്പോള്‍ പ്രാരംഭത്തിലുള്ള ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും തിരഞ്ഞെടുപ്പിന് ശേഷം എഡിറ്റ് ചെയ്ത് സംയോജിപ്പിക്കുമ്പോള്‍ അര്‍ത്ഥം സ്ഥിരമല്ല, പൂര്‍ണ്ണമല്ല. അത് മാറുന്നു, തലകീഴാവുന്നു. ഇവിടെ, ഒരു ഫോട്ടോയുടെ/ദൃശ്യത്തിന്റെ അര്‍ത്ഥം അതില്‍ അന്തര്‍ലീനമല്ലെന്നും വാക്കുകളും ദൃശ്യങ്ങളും തമ്മിലുള്ള പരസ്പരബന്ധത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതെങ്ങനെയെന്ന് ബാര്‍ത്തിന്റെ The Rhetoric of the Image ഉദ്ധരിച്ചുകൊണ്ട് അവര്‍ ഊന്നിപ്പറയുന്നു.
ഫൌണ്ട് ഫൂട്ടേജ് സിനിമകളുടെ കാര്യത്തില്‍ സര്‍ഗ്ഗാത്മകതയും കര്‍ത്തൃത്വവും എവിടെയാണ് എന്ന ചോദ്യം കടന്നുവരാം: അത് പ്രൊഡക്ഷനിലോ പോസ്റ്റ് പ്രൊഡക്ഷനിലോ ആണോ? നവമാധ്യമങ്ങളുടെയും നോണ്‍-ലീനിയര്‍ എഡിറ്റിംഗിന്റെയും ആവിര്‍ഭാവത്തോടെ ചോദ്യം നിര്‍ണായകമായിത്തീര്‍ന്നു. അപ്പോള്‍ ഫൗണ്ടേജ് ഫൂട്ടേജ് സിനിമകളെ പോസ്റ്റ്-പ്രൊഡക്ഷന്‍ സിനിമകള്‍ എന്ന് വിളിക്കാമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ചലച്ചിത്ര പണ്ഡിതന്മാരെയും ചരിത്രകാരന്മാരെയും ഉള്‍പ്പെടുത്തി നടന്നുകൊണ്ടിരിക്കുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമാണ് ഈ സിനിമ. ''രസകരമായ കാര്യം എന്തെന്നാല്‍, എന്റെ പക്കല്‍ ഫൂട്ടേജ് - ഫൌണ്ട് ഫൂട്ടേജ് ആയാലും സ്വയം ചിത്രീകരിച്ച ഫൂട്ടേജ് ആയാലും - ഉണ്ടായിരിക്കുകയും അതുകൊണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍, ഞാന്‍ സ്വയം ഷൂട്ട് ചെയ്ത ഫൂട്ടേജും മറ്റുള്ളവരുടെ ഫൂട്ടേജും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമില്ല. സാന്ദര്‍ഭികവല്‍ക്കരണവും അവയെ രൂപാന്തരപ്പെടുത്തുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഒരേ പ്രക്രിയയാണ്. ഷൂട്ടിംഗും തിരക്കഥാരചനയും ഇവിടെ ഇല്ല എന്നുമാത്രം'' ജൂഡ് പ്രപറയുന്നു. വാസ്തുവിദ്യ മുതല്‍ കവിതയും ചിത്രകലയും വരെയുള്ള എല്ലാ കാര്യങ്ങളിലും മൊണ്ടാഷ് ദര്‍ശിച്ച റഷ്യന്‍ സംവിധായകന്‍ സെര്‍ജി ഐസെന്‍സ്റ്റീനില്‍ നിന്നുള്ള സ്വാധീനമായിരിക്കാം കാരണം.
രണ്ടു സിനിമകളും - 'സ്ലീപ് # 2, 'എയിറ്റ് പോസ്റ്റ്കാര്‍ഡ്‌സ് ഫ്രം ഉട്ടോപ്പിയ', 'ഡെസ്‌ക്ടോപ്പ് സിനിമകള്‍' ആയി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അവ സമീപനത്തിലും ഉള്ളടക്കത്തിലും കാര്യമായ വ്യത്യാസമുണ്ട്. അമേരിക്കന്‍ പോപ് ആര്‍ട്ട് പ്രസ്ഥാനത്തിലെ അതിപ്രശസ്തനായ ആന്‍ഡി വാറോളിന്റെ ശവകുടീരത്തിന്റെ ഒരു വര്‍ഷക്കാലത്തെ പല സീസണുകളിലുള്ള ലൈവ് എര്‍ത്ത്ക്യാം ചിത്രീകരണത്തെ എഡിറ്റ് ചെയ്ത് സൃഷ്ടിച്ച 61 മിനിറ്റ് ദൈര്‍ഘ്യമുള്ള 'സ്ലീപ് # 2' എന്ന സിനിമയാണ്. വിനോദ സഞ്ചാര കേന്ദ്രമായി മാറിയ ശവകുടീരം സന്ദര്‍ശിക്കുന്ന ആളുകളെ സിനിമ കാണിക്കുന്നു. ക്യാംബെല്ലിന്റെ സൂപ്പ് കൊണ്ട് അലങ്കരിച്ച ശവകുടീരത്തില്‍ വച്ച് ആളുകള്‍ സെല്‍ഫിയെടുക്കുന്നു, ഒരാള്‍ ക്യാമറക്ക് നേരെ പൃഷ്ടം കാണിക്കുന്നു, പതിവ് അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന ആളുകള്‍, ശവക്കുഴിക്ക് ചുറ്റും അലഞ്ഞുനടക്കുന്ന അണ്ണാന്‍മാര്‍ - പലതരം ആളുകളുടെ പലതരം പ്രവര്‍ത്തികള്‍. ഒപ്പം അവിടെയുള്ള ശബ്ദങ്ങള്‍. 'ഒന്നും സംഭവിക്കുന്നില്ല' എന്ന് തോന്നുമെങ്കിലും സിനിമ ജീവിതം നിറഞ്ഞതാണ്. ഫൌണ്ട് ഫൂട്ടേജിലൂടെ ജോലി, നിരീക്ഷണം, പൊതു ഇടം, ഇമേജ് രൂപീകരണം എന്നിവയെക്കുറിച്ചുള്ള ധ്യാനാത്മക അനുഭവം കാഴ്ചവെക്കുകയാണ് ജൂഡ് .
വാറോളിന്റെ ഏറ്റവും പ്രശസ്തമായ രണ്ട് സൃഷ്ടികള്‍ക്കുള്ള ആദരമായി ഈ സിനിമയെ കാണാം - 'സ്ലീപ് ' എന്ന സിനിമ അക്കാലത്തെ വാറോളിന്റെ കാമുകനായ ജോണ്‍ ജിയോര്‍ണോയുടെ അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഉറക്കമാണ്. 'എമ്പയര്‍' എന്ന സിനിമ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രീകരണമാണ്.


