TMJ
searchnav-menu
post-thumbnail

TMJ Cinema

അവിസ്മരണീയമായ ഒരനുഭവം

03 May 2023   |   12 min Read
സിവിക് ജോൺ

ദൈവമുണ്ടെങ്കിൽ അയാൾക്ക് ദുഃഖിതനാവാൻ ആവശ്യത്തിലധികം കാരണങ്ങൾ ഈ ലോകത്തിലുണ്ട്. ഇനി ദൈവമില്ലെങ്കിൽ അയാൾക്ക് ദുഃഖിക്കാൻ അതിലും വലിയൊരു കാരണം ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ട് ദൈവം എന്നത് ദുഃഖഭരിതമായ ഒരു സങ്കൽപ്പമാണെന്നു തീർപ്പുകല്പിക്കുന്നു യാങ്കൽ.

ജീവിതത്തിലൊരിക്കലും ഒരേസമയം സത്യസന്ധയും സന്തോഷവതിയുമായിരിക്കാൻ തനിക്ക് കഴിയില്ലെന്ന തിരിച്ചറിവ് ബ്രോഡിനുണ്ട്. തന്റെയുള്ളിൽ നിറഞ്ഞുകവിയുന്ന സ്നേഹം ഒരിക്കലും പുറത്തുകാണിക്കാൻ കഴിയാതെ ഓരോ വസ്തുവിനോടും മനുഷ്യനോടും സ്നേഹമില്ല എന്ന് സ്വയം വിശ്വസിപ്പിക്കുകയാണ് ബ്രോഡ് ചെയ്യുന്നത്. സ്നേഹിക്കുക എന്നതിനേക്കാൾ സ്നേഹമെന്ന ആശയത്തിൽ അഭയം കണ്ടെത്തുന്നതായിരുന്നു ബ്രോഡിന്റെ ശീലം. അത്തരമൊരു ലോകത്താണ് ബ്രോഡ് വളർന്നതും യാങ്കലിന് വയസ്സായതും. ചുറ്റുമുള്ള ലോകത്തുനിന്നും വളരെ സുരക്ഷിതമായ ഒരിടം അവർ സ്വന്തമായി സൃഷ്ടിച്ചു. അവിടെ സ്നേഹരഹിതമായ വാക്കുകളൊന്നും സംസാരിക്കപ്പെട്ടില്ല. ഒന്നും നിഷേധിക്കപ്പെട്ടില്ല. അവിടെ എല്ലാകാലവും ബ്രോഡിനൊപ്പം ജീവിക്കണമെന്നും ഇരുവർക്കും ഒരിക്കലും പ്രായമാകരുത് എന്നുമായിരുന്നു യാങ്കൽ ആവർത്തിച്ചുകണ്ട സ്വപ്നം. ക്രമാവർത്തനസ്വപ്നങ്ങളുടെ പുസ്തകത്തിൽ അയാളത് രേഖപ്പെടുത്തുക പോലും ചെയ്തിരുന്നു. പക്ഷേ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ട്രാച്ചിമിന്റെ വണ്ടി നദിയിൽ വീണ ദിവസത്തിന്റെ ഓർമ്മക്കായി പിന്നീടുള്ള വർഷങ്ങളിൽ ആ നഗരത്തിൽ ട്രാച്ചിംഡേ ആഘോഷിക്കാറുണ്ടായിരുന്നു. മരണപ്പെട്ടിട്ട് ഇതുവരെയും ശവശരീരം വീണ്ടുകിട്ടാത്ത ട്രാച്ചിമിന് പകരം, നദിയിൽ നിന്നും സ്വർണനാണയങ്ങളുടെ കിഴി വീണ്ടെടുക്കുന്ന മത്സരവും അന്നവിടെ നടക്കും. പതിമൂന്നാമത് ട്രാച്ചിം ഡേയുടെ അന്നാണ് പ്രായാധിക്യത്താൽ യാങ്കൽ മരണപ്പെടുന്നത്. അന്നാണ് ബ്രോഡ് ബലാൽസംഗത്തിനിരയാവുന്നതും.

രണ്ടാം ലോകമഹായുദ്ധത്തിന്റെയും സോവിയറ്റ് യൂണിയൻ തകർച്ചയുടെയും അവശിഷ്ടങ്ങൾ പേറുന്ന ഭൂമികകളിലൂടെ തന്റെ പഴഞ്ചന്‍ കാർ ഓടിക്കുന്ന അലക്സ് സീനിയറിനും സംഘത്തിനും പക്ഷേ എത്ര ശ്രമിച്ചിട്ടും ട്രാച്ചിംബ്രോഡ് എന്ന സ്ഥലം കണ്ടെത്താൻ കഴിയുന്നില്ല. യാത്രക്ക് യാതൊരുവിധ പുരോഗതിയും ഉണ്ടാവാത്തത് മുത്തശ്ശനും കൊച്ചുമകനുമിടയിൽ ചെറുതല്ലാത്ത പ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഇവയ്ക്കെല്ലാമൊടുവിൽ ഗ്യാസ് തീർന്നു വണ്ടി നിന്നു പോകുന്ന ആ രാത്രിയിലാണ് മുന്നോട്ട് കാണാൻ പോകുന്ന കാഴ്ചകളെ കുറിച്ചുള്ള ആദ്യ സൂചന നമുക്ക് ലഭിക്കുന്നത്. വളരെയധികം അഗ്രസീവായ, തൊട്ടാൽ പൊട്ടിത്തെറിക്കുന്ന തരത്തിൽ ദേഷ്യക്കാരനായ അലക്സ് സീനിയറിന്റെ ഓർമയിൽ തെളിയുന്ന ഫയറിംഗ് സ്ക്വാഡ് ദൃശ്യത്തിലൂടെ ആണ് അതുവരെ പിന്തുടർന്നിരുന്ന ഹ്യൂമർ ട്രാക്ക് കൈവിടാതെ തന്നെ ചലച്ചിത്രം ഗൗരവമുള്ളതാകുന്നത്. തൊട്ടടുത്ത പകലിലെ യാത്രയിൽ അവർ സൂര്യകാന്തികളാൽ ചുറ്റപ്പെട്ട ആ വീട്ടിലെത്തുന്നു. തന്നെ കടന്നു പോയ കാലത്തിന്റെ നിശബ്ദസാക്ഷി എന്നവണ്ണം അവിടെ ജീവിച്ച പ്രായംചെന്ന സ്ത്രീയോട് ട്രാച്ചിംബ്രോഡ് എവിടെയെന്ന് അന്വേഷിക്കുന്നു അലക്സ്. “You're here. I'm it” എന്ന അവരുടെ മറുപടി ഒരുവേള അലക്സിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അവരിലൂടെയാണ് കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ ഭീകരതകളാകെയും നമുക്ക് മുമ്പിൽ അനാവരണം ചെയ്യപ്പെടുന്നത്. 

ട്രോച്ചെൻബ്രോഡിലെ കൂട്ടക്കുരുതി ചരിത്രത്തിലെ കറുത്ത ഏടാണ്. നാസി ജർമ്മനി ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തിയൊന്നിൽ സോവിയറ്റ് യൂണിയനിൽ ആക്രമണം നടത്തിയതിനൊപ്പമാണ് ട്രോച്ചെൻബ്രോഡിൽ ഒരു നാസി ഗെറ്റോ സ്ഥാപിക്കുന്നത്. അടുത്ത ഒരു വർഷത്തിനിടെ അയ്യായിരത്തോളം ജൂതന്മാരാണ് അവിടെ കൊല്ലപ്പെട്ടത്. ആ പട്ടണം മുഴുവനായും അഗ്നിക്കിരയായി. ഇപ്പോൾ അവിടെ ആൾവാസമില്ല. യുദ്ധത്തിനുശേഷം അവശേഷിച്ച വിരലിലെണ്ണാവുന്ന ജൂതന്മാരെ ലട്സ്കിലേക്ക് മാറ്റിപ്പാർപ്പിച്ചു. അതിന്റെ മരവിപ്പിക്കുന്ന വിവരണമാണ് ഫോയർ നമുക്കായി കാത്തുവെക്കുന്നത്.

 

നാസി പട്ടാളക്കാരുടെ ക്രൂരതകൾ. യഹൂദരുടെ വിശുദ്ധഗ്രന്ഥം ആയ തോറയിൽ ഓരോരുത്തരെയും നിർബന്ധിച്ച് ചവിട്ടിക്കുകയും പിന്നെ അവരുടെ മനസ്സിൽ തോന്നുന്ന എല്ലാവിധ ക്രൂരതകൾക്കും വിധേയരാക്കി ഒരു ഗ്രാമത്തിലെ ജൂതന്മാരെയാകെയും നിഷ്കരുണം കൊല്ലുന്ന പട്ടാളം. രക്ഷപ്പെടുന്നത് അവർ മാത്രം. അവരുടെ സഹോദരിയും മരണപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ആ സഹോദരിയാണ് ജോനാഥൻ അന്വേഷിക്കുന്ന അഗസ്റ്റീന. 

ജൂതന്മാർക്ക് ആറ് ഇന്ദ്രീയങ്ങളുണ്ടെന്നാണ് ഫോയർ എഴുതുന്നത്. സ്പർശം, രുചി, കാഴ്ച, ഗന്ധം, കേൾവി എന്നീ പഞ്ചേന്ദ്രീയങ്ങൾക്ക് പുറമെ ഓർമ്മ എന്ന ആറാമിന്ദ്രീയം അവരിൽ നിഗൂഢം പ്രവർത്തിക്കുന്നു എന്നാണയാളുടെ പക്ഷം. ഓരോ സൂചിമുനയിലും പരമ്പരകളായി അനുഭവപ്പെട്ട മറ്റനേകം മുറിവുകളെ ഓർമ്മിക്കുന്ന ജൂതരെക്കുറിച്ച്, ഇസഹാക്കിനെ ബലി കൊടുക്കും മുമ്പ് അവനു വേദനിക്കില്ലെന്നുറപ്പിക്കാനായി സ്വയം കത്തിമുനയുടെ മൂർച്ച പരിശോധിച്ച അബ്രഹാമിന്റെ ഉദാഹരണസഹിതം ഫോയർ വെളിപ്പെടുത്തുന്നുണ്ട്. അതിന്റെ ബാക്കിപത്രമെന്നോണം ഒരു മുറി നിറയെ നാടിന്റെയാകെ ഓർമ്മകൾ സൂക്ഷിച്ചിരുന്നു ആ സ്ത്രീ. ഓരോ തവണയും കൂട്ടക്കൊല നടന്ന നദിക്കരയിലും പരിസരപ്രദേശങ്ങളിലും പരതിക്കിട്ടുന്ന ഓരോ പൊട്ടും പൊടിയും കൃത്യമായി രേഖപ്പെടുത്തിക്കൊണ്ട് അവർ ഓരോ ഓർമയെയും വിനാശത്തിൽ നിന്നും കാത്തു. വംശീയഹത്യകൾ തുടർക്കഥയാകുന്ന ഒരു ലോകത്തിൽ തന്റെ ഈ വാർദ്ധക്യത്തിനുമപ്പുറം മറ്റാരാലും ഓർമ്മിക്കപ്പെടാനില്ലാതെ മറഞ്ഞു പോകരുത് അന്ന് മരണപ്പെട്ടവരുടെ ഓർമ്മകൾ എന്ന നിർബന്ധം അവരുടെ ചലനങ്ങളിലും സംഭാഷണങ്ങളിലും ഉണ്ടായിരുന്നത് പോലെ തോന്നിയിരുന്നു.

അലക്സും ജോനാഥനുമാണ് ആ സ്ത്രീയോട് സംസാരിക്കുന്നത്. ജോനാഥന്റെ മുത്തശ്ശനെ, സഫ്രാനെ, തനിക്ക് പരിചയമുണ്ടായിരുന്നുവെന്നും ചെറുപ്പത്തിൽ അയാൾക്ക് വേണ്ടി തന്നെ വിവാഹം ആലോചിച്ചിരുന്നതായും ആ സ്ത്രീ പറയുന്നുണ്ട്. ട്രാച്ചിംബ്രോഡ് എന്ന പട്ടണം കാണാനായി തങ്ങളെ കൊണ്ടുപോകണം എന്നുപറയുന്ന ജോനാഥനോട് അവിടെയൊന്നും ബാക്കിയില്ല. അവിടെയുണ്ടായിരുന്നതെല്ലാം ഈ വീട്ടിലുണ്ട് എന്ന് പറയുന്നു അവർ. ആ സ്ത്രീയെ സമ്മതിപ്പിക്കാൻ എന്ത് മാർഗം എന്ന് കുഴങ്ങിനിൽക്കുമ്പോഴാണ് അലക്‌സ് സീനിയർ മുറിക്കകത്തേക്ക് കടന്നു വരുന്നത്. പുറത്തേക്കേ പോകുകയില്ല എന്ന് പറഞ്ഞുനിൽക്കുന്ന ആ സ്ത്രീയെ അനുനയിപ്പിക്കുന്നതും അയാളാണ്. കാറിൽ കയറാൻ പോലും പേടിക്കുന്ന, യുദ്ധം അവസാനിച്ചു എന്ന് പറഞ്ഞത് സത്യമാണോ എന്ന് പലയാവർത്തി ചോദിക്കുന്ന വൃദ്ധയുടെ കണ്ണുകളിലുണ്ട് യുദ്ധം ഒരു ജനതയിൽ അവശേഷിപ്പിക്കുന്ന മുറിവുകളുടെ ആഴം. 

പതിമൂന്നാമത് ട്രാച്ചിം ഡേ ആഘോഷങ്ങളിൽ വിജയിച്ചത് തൊട്ടടുത്ത പട്ടണമായ കോൾക്കിയിൽ നിന്നുള്ള ഷാലോം എന്ന് പേരായ ഒരു യുവാവാണ്. കോൾക്കിയിൽ നിന്നുള്ളയാൾ എന്നയർത്ഥത്തിൽ അയാളെ എല്ലാവരും കോൾക്കർ എന്ന് വിളിച്ചു. യാങ്കൽ മരിച്ച അന്നേദിവസം, ബ്രോഡ് ബലാൽസംഗത്തിനിരയായ അന്നേദിവസം, അയാൾ ബ്രോഡിനെ ഭാര്യയായി സ്വീകരിക്കുന്നു. അവൾക്കായി എന്തും ചെയ്യാൻ അയാൾ ഒരുക്കമായിരുന്നു. അതുകൊണ്ടാണല്ലോ പിറ്റേന്നത്തെ പകൽ ബ്രോഡിന്റെ അക്രമിയെ ഒരു മരക്കൊമ്പിൽ കെട്ടിത്തൂക്കിയ നിലയിൽ നഗരവാസികൾ കണ്ടെത്തിയത്.

ബ്രോഡ് അയാളെ സ്നേഹിച്ചിരുന്നു. കോൾക്കർ ബ്രോഡിനെയും. അവരുടെ ജീവിതം പട്ടണവാസികൾ അസൂയയോടെയാണ് നോക്കിയത്. ഓരോ നിമിഷവും അയാൾക്കൊപ്പം ചെലവഴിക്കാൻ ബ്രോഡ് ആഗ്രഹിച്ചു. ഒരാളുടെ സാന്നിധ്യത്തെ സ്നേഹിക്കുന്നതിലുമധികമായി അയാളുടെ അസാന്നിധ്യത്തെ വെറുക്കുന്നതിനെ സ്നേഹമെന്നു വിളിക്കാമെന്ന് ബ്രോഡ് തിരിച്ചറിഞ്ഞു. അയാൾ ജോലിക്ക് പോകുന്ന സമയം കൂടി തനിക്കൊപ്പമായിരുന്നെങ്കിൽ എന്ന പ്രതീക്ഷയിൽ അയാൾ ഉറങ്ങാൻ ശ്രമിക്കുമ്പോഴെല്ലാം അവൾ അയാളെ ഉണർത്തിക്കൊണ്ടിരുന്നു. 

അയാളും അവളെ അത്ര സ്നേഹിച്ചിരുന്നു. അവൾ ദുഃസ്വപ്നങ്ങൾ കണ്ട് കരഞ്ഞുണരുന്ന രാത്രിയിലെല്ലാം അയാൾ അവൾക്കൊപ്പമിരിക്കും. ഉലഞ്ഞ മുടിയിഴകൾ കൈകൊണ്ട് കോതിയൊതുക്കും, ശേഷം അവളുറങ്ങിയാൽ പിന്നീടുള്ള രാത്രി മുഴുവൻ അയാൾ ഉറങ്ങാതെ ചിലവഴിക്കും. അവളുടെ ആശങ്കകളത്രയും പൂർണ്ണമായും അയാളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ബ്രോഡ് വിഷാദവതിയാകുന്ന സമയങ്ങളിൽ, എല്ലാം നേരെയാകുമെന്ന് അവൾ വിശ്വസിക്കും വരെ കോൾക്കർ അവളെ ആശ്വസിപ്പിക്കും. അവൾ തന്റെ ജോലികളുമായി മുന്നോട്ട് പോകവേ, പറയാനറിയാത്ത, തന്റേതല്ലാത്ത ഒരു വിഷാദത്താൽ അയാൾ തളർന്നിരിക്കും. അത്ര സ്നേഹത്തിൽ പുലർന്നിരുന്ന അവരുടെ ജീവിതം മാറുന്നത് കാലങ്ങളായി ട്രാച്ചിംബ്രോഡിലെ പല ജീവിതങ്ങളും നശിപ്പിച്ച പൊടിമില്ലിലെ അപകടത്തിലാണ്.



പതിവുപോലെ ജോലിക്ക് പോയ കോൾക്കർ, ജോലിക്കിടയിലെ വിശ്രമവേളയിലാണ് അപകടത്തിൽപ്പെടുന്നത്. നിയന്ത്രണം വിട്ടു പൊട്ടിവീണ വലിയൊരു അറക്കവാൾ തെന്നിത്തെറിച്ച് അയാളുടെ തലയിൽ തറച്ചുനിന്നു. എല്ലാവരും അയാൾ മരണപ്പെട്ടുവെന്നു കരുതിയെങ്കിലും കുറച്ചുസമയത്തിനുശേഷം അയാൾ എഴുന്നേറ്റുനിന്നു. താനേ നടന്നു ഡോക്ടർക്കരികിലെത്തി. ഡോക്ടർ അയാളെ പരിശോധിച്ചു. അയാളുടെ ഓർമ്മക്ക് പ്രശ്നങ്ങളൊന്നും സംഭവിച്ചിരുന്നില്ല. തലയിൽ തറച്ച അറക്കവാൾ രക്തം നഷ്ടപ്പെടാതെ ആ മുറിവ് കൂട്ടിയോജിപ്പിച്ചതാണ് അയാൾ ജീവനോടിരിക്കാൻ കാരണമെന്നായിരുന്നു ഡോക്ടറുടെ കണ്ടുപിടുത്തം. എന്നാൽ അതിന്റെ പ്രത്യാഘാതം അപ്രതീക്ഷിതമായിരുന്നു. അയാൾ ഏതുനിമിഷവും പൊട്ടിത്തെറിച്ചു തുടങ്ങി. ഏറ്റവും സ്നേഹത്തിൽ മാത്രം എല്ലാവരോടും പെരുമാറിയിരുന്ന അയാളുടെ നാവിൽ ഏത് നിമിഷം വേണമെങ്കിലും അസഭ്യം നിറയാമെന്ന അവസ്ഥയായി. പലപ്പോഴും അയാൾ ബ്രോഡിനെ മർദ്ദിച്ചു. അവയെല്ലാം അവൾ നിശബ്ദം സഹിച്ചു. 

സ്വബോധം വന്നൊരു സമയം അയാൾ അവരിരുവരും ഇനി ഒരുമിച്ചൊരു മുറിയിൽ കഴിയേണ്ടതില്ല എന്ന് തീരുമാനിക്കുന്നു. ബ്രോഡിനെ തന്നിൽ നിന്നും രക്ഷിക്കാൻ അയാൾക്ക് മറ്റൊരു വഴി അറിയില്ലായിരുന്നു. പിന്നീടുള്ള കാലം രണ്ടുമുറികളിലായാണ് അവർ ജീവിച്ചത്. മുറിയുടെ ഭിത്തിയിൽ നിർമിച്ച ദ്വാരത്തിലൂടെ അവർ പരസ്പരം കണ്ടു, സംസാരിച്ചു, രതിയിലേർപ്പെട്ടു. അവർ തമ്മിൽ അർത്ഥസമ്പന്നമായ സംഭാഷണങ്ങൾ ഉണ്ടാകുന്നില്ലെന്ന് പരാതിപ്പെട്ടിരുന്ന കാലത്തുനിന്നും കോൾക്കർ മരണപ്പെടുമ്പോഴേക്കും അവർ തമ്മിലുള്ള സംഭാഷണങ്ങൾ നൂറ് കടന്നിരുന്നു. അവസാന സംഭാഷണത്തിൽ യാങ്കൽ അയാളുടെ പിതാവല്ലെന്ന സത്യം കോൾക്കർ  ബ്രോഡിനെ അറിയിക്കുന്നു. ആരെയും ഒന്നിനെയും സ്നേഹിക്കാൻ കഴിയാതിരുന്ന ബ്രോഡ് അയാൾ മരണപ്പെടുമ്പോഴേക്കും അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു. അയാളുടെ മരണം പോലും സവിശേഷമായ ഒന്നാണ്. തന്റെ മൂന്നാമത്തെ കുഞ്ഞു ജനിക്കുന്നതിനൊപ്പമാണ് കോൾക്കർ മരിക്കുന്നത്. മരണം അയാളെ തന്നിൽ നിന്നും കൊണ്ടുപോകാതിരിക്കാൻ, മരണത്തെ കബളിപ്പിക്കുന്നതിനായി ബ്രോഡ് അയാൾക്ക് സഫ്രാൻ എന്ന പേര് നൽകിയിരുന്നു അതിനകം. ജീവനോടുള്ള ഒരാളുടെ പേര് കുഞ്ഞിനിടുന്നത് ശുഭസൂചകമല്ല എന്നതിനാൽ ബ്രോഡ് ആ കുഞ്ഞിനെ യാങ്കൽ എന്ന് വിളിച്ചു.

കാലം കടന്നുപോകെ കോൾക്കറിന്റെ ഛായയിൽ ഒരു പ്രതിമ അവിടെ സ്ഥാപിക്കപ്പെടുന്നു. അയാൾ ഭാഗ്യത്തിന്റെ പ്രതീകമായി മാറുകയാണ്. അയാളുടെ ജീവിതം മുഴുവനും ഭാഗ്യത്തിന്റെ പ്രദർശനമായിരുന്നെന്ന് ജനക്കൂട്ടം വിശ്വസിച്ചു. ദൂരദേശത്തു നിന്നുപോലും അയാളുടെ പ്രതിമയിൽ തൊട്ടുപ്രാർത്ഥിക്കാൻ ജനങ്ങളെത്തി. ആൾത്തിരക്ക് കൂടുന്നതിനനുസരിച്ച് പ്രതിമ പലപ്പോഴായി ക്ഷയിച്ചു. പോകെപ്പോകെ ഭക്തരുടെ ബാഹുല്യത്താൽ ഓരോ മാസവും അയാളുടെ പ്രതിമ പുനർനിർമ്മിക്കേണ്ട സ്ഥിതിവിശേഷമുണ്ടായി. He was a changing god, destroyed and recreated by his believers, destroyed and recreated by their belief. എന്നാണ് ഫോയർ എഴുതുന്നത്. ഓരോ വട്ടവും ശിൽപ്പികൾ ആ പ്രതിമ പുനർനിർമ്മിച്ചത് കോൾക്കറുടെ പിൻഗാമികളുടെ ഛായയിലാണ്. ഓരോ പിൻഗാമിയും ആ പ്രതിമയിൽ തന്റെ ഛായ കണ്ട് അത്ഭുതപ്പെട്ടതിന്റെ വിവരണവും ഫോയർ നമുക്ക് നൽകുന്നു.

ഫോയറിന്റെ എഴുത്തിൽ സത്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ പലപ്പോഴും മാഞ്ഞുപോകുന്നുണ്ട്. അതിന്റെ ഉദാഹരണമായി ഒരു ഭാഗം ശ്രദ്ധിക്കാം. 

June 20, 1803

 ..."Deep down, the young are lonelier than the old." I read that in a book somewhere and it's stuck in my head. Maybe it's true. Maybe it's not true. More likely, the young and old are lonely in different ways, in their own ways

ആയിരത്തിഎണ്ണൂറ്റിമൂന്ന് ജൂൺ ഇരുപതിന്‌ ബ്രോഡ് എഴുതുന്ന ഡയറിയിൽ പറയുന്ന ഈ വാചകം, സത്യത്തിൽ എഴുതപ്പെടുന്നത് ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തിയഞ്ച് ജൂലൈ പതിനഞ്ച് ശനിയാഴ്ചയാണ്. അത് എഴുതുന്നത് പതിനഞ്ച് വയസ് മാത്രം പ്രായമുണ്ടായിരുന്ന ആൻ ഫ്രാങ്കാണ്. “Deep down, the young are lonelier than the old.” I read this in a book somewhere and it’s stuck in my mind. As far as I can tell, it’s true. എന്നാണ് കിറ്റി എന്ന് പേരിട്ട തന്റെ ഡയറിയിൽ ആൻ എഴുതുന്നത്. 

ഭ്രമകല്പനകളും വിചിത്രഭാവനകളും നിറഞ്ഞ ഒരു ലോകം തന്റെ എഴുത്തിൽ സൃഷ്ടിക്കുന്നതിനായി ഫോയർ പലപ്പോഴും ഉപയോഗിക്കുന്നത് ജീവിച്ചിരുന്നവരെ തന്നെയാണെന്ന് ഇതിൽ നിന്നും വ്യക്തമാവും. അതിവിദഗ്‌ധമായി അവയെ ആസ്വാദകരിൽ നിന്നും മറച്ചുപിടിക്കാൻ കഴിയുന്നിടത്താണ് അയാളുടെ രചനാവൈഭവം പ്രകടമാകുന്നത്. 



സന്ദർശകരെയും കൊണ്ട് ട്രാച്ചിംബ്രോഡിൽ എത്തുന്ന ആ വൃദ്ധ ഭീതിജനകമായ ആ രാത്രിയുടെ കഥ പറയാനൊരുങ്ങുന്നു. ആയിരങ്ങൾ വസിച്ചിരുന്ന ആ പ്രദേശമിപ്പോൾ നികത്തപ്പെട്ടൊരു വയലാണ്. തടവുകാർ ഓരോരുത്തരോടും നിലത്തുകിടക്കുന്ന തോറയിൽ തുപ്പാൻ ആവശ്യപ്പെടുന്നു പട്ടാളക്കാർ. അത് ചെയ്തില്ലെങ്കിൽ അവരുടെ പ്രിയപ്പെട്ടവർക്ക് നേരെ വെടിയുതിർക്കുമായിരുന്നു പട്ടാളം. ആ സ്ത്രീയുടെ പിതാവിനും അത്തരമൊരു വിഷമസ്ഥിതി വന്നുവെന്ന് അവർ പറയുന്നു. ഒന്നിനുപുറകെ ഒന്നായി അവളുടെ ബന്ധുക്കളോരോരുത്തരായി വെടിയേറ്റ് മരിക്കുന്നു. അഗസ്റ്റീനയുടെ സഹോദരി, അതായത് ആ സ്ത്രീ, ആ അതിക്രമം നടക്കുന്ന കാലത്ത് ഗർഭിണിയാണ്. അവരുടെ യോനീമുഖത്താണ് പട്ടാളക്കാർ വെടിവെക്കുന്നത്. ചോരയൊലിപ്പിച്ച് ഇഴഞ്ഞുനീങ്ങുന്ന അവർക്ക് നേരെ പിന്നീട് വെടിയുതിർക്കാത്തത് അവർ മരണപ്പെടുമെന്ന ഉറപ്പിലാണ്. എന്നാൽ ഗർഭസ്ഥശിശു മരണപ്പെടുകയും അവർ ജീവിക്കുകയും ചെയ്യുന്നു. ആ രാത്രിയിൽ കൂട്ടക്കൊല നടന്ന നദിക്കരയിൽ ഒരുമിച്ച് നിൽക്കുമ്പോൾ ഏതെല്ലാമോ രീതികളിൽ അതുവരെയുള്ള തങ്ങളുടെ ജീവിതം പൂർണമായി എന്ന് സന്ദർശകർ മനസിലാക്കുന്നു. തന്റെ യാത്രകളുടെ സത്യം കണ്ടുപിടിച്ച സന്തോഷത്തോടെയാണ് ജോനാഥൻ ആ നദിക്കരയിലെ മണ്ണ് 2 ബാഗുകളിൽ ശേഖരിക്കുന്നത്. അതിലൊന്ന് അയാൾ നീട്ടുന്നത് തന്റെ ഡ്രൈവറായിരുന്ന അലക്‌സ് സീനിയറിനാണ്. അത് ഏറ്റുവാങ്ങുമ്പോൾ അയാളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന ഭാവം പൂർണ്ണമായി മനസ്സിലാക്കിയ ഒരേയൊരാൾ ജോനാഥനാകും.

ഭാഗ്യത്തിന്റെ പ്രതീകമായി മാറിയ തന്റെ പൂർവികന്റെ കഥയിൽ നിന്നും ഫോയർ നമ്മെ നയിക്കുന്നത് തന്റെ മുത്തശ്ശന്റെ കഥയിലേക്കാണ്. കുഞ്ഞായിരുന്നപ്പോഴേ മൂർച്ചയേറിയ പല്ലുകളുണ്ടായിരുന്നു സഫ്രാന്.  മുലയൂട്ടുമ്പോഴെല്ലാം അവന്റെ പല്ലുകൾ തന്നെ മുറിവേൽപ്പിക്കുന്നുവെന്ന് സഫ്രാന്റെ അമ്മ പരാതിപ്പെട്ടു. പക്ഷെ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും അവന്റെ പല്ലുകളുടെ മൂർച്ചയിൽ നിന്നും അവർക്ക് രക്ഷയുണ്ടായിരുന്നില്ല. വേദനയാൽ ഒരു വശം ചെരിഞ്ഞു കിടക്കാൻ പറ്റാതെയായ ദിവസങ്ങളിലൊന്നിൽ സഫ്രാെ അമ്മ ആ തീരുമാനമെടുത്തു. ഇനിമുതൽ അവനെ മുലയൂട്ടുകയില്ല. വളർച്ചയുടെ കാലത്തിൽ മുലപ്പാൽ നിഷേധിക്കപ്പെട്ട കുഞ്ഞായി അങ്ങനെ സഫ്രാൻ. വേണ്ടത്ര പോഷകം ലഭിക്കാതെ അവന്റെ ഒരു കൈ ശോഷിച്ചുവന്നു. എന്തുകൊണ്ടാണ് തനിക്ക് ജനിക്കുമ്പോഴേ മൂർച്ചയുള്ള പല്ലുകളുണ്ടായത്, അതില്ലായിരുന്നെങ്കിൽ തന്റെ കൈ സാധാരണനിലയിൽ ആകുമായിരുന്നില്ലേ എന്നെല്ലാം സങ്കടപ്പെടുന്ന സഫ്രാനെ നോവലിൽ ഒരിടത്ത് കാണാം. എന്നാൽ ജീവിച്ചിരുന്ന കാലം മുഴുവൻ നിർജീവമായ ആ കൈ അവനെ പലവിധത്തിൽ സംരക്ഷിച്ചുപോന്നിരുന്നു. പട്ടാളസേവനത്തിനു പോകുന്നതിൽ നിന്നും, പൊടിമില്ലിൽ ജോലിക്ക് പോകുന്നതിൽ നിന്നും നദിയിൽ നീന്തുന്നതിൽ നിന്നും ഒടുവിൽ അഭയാർത്ഥികളുമായി പുറപ്പെട്ട് അമേരിക്കയിലിറങ്ങാൻ കഴിയാതെ അഭയാർത്ഥി ക്യാമ്പിൽ ഒടുങ്ങുന്നതിൽ നിന്നുമെല്ലാം സഫ്രാനെ രക്ഷിച്ചത് അവന്റെയാ കയ്യാണ്. 

പത്താം വയസ്സിൽ റോസ് ഡബ്ല്യൂ എന്ന വിധവയ്ക്കൊത്ത് ആദ്യമായി ശയിക്കാനിടവരുമ്പോഴും അതിലേക്ക് നയിച്ച സംഭവവികാസങ്ങളിൽ അയാളുടെ ആ ശോഷിച്ച കൈക്കും വലിയ പങ്കുണ്ടായിരുന്നു. രതിമൂർച്ഛയ്ക്കുള്ള  പ്രായമാവാത്തതിനാൽ എത്ര സമയം വേണമെങ്കിലും രതിയിലേർപ്പെടാൻ സഫ്രാനു കഴിയുമായിരുന്നു. അത് അവനെ മറ്റു പല വിധവകളുടെയും പ്രിയങ്കരനാക്കി. വിധവകൾ മാത്രമല്ല, അനേകം കന്യകകളും സഫ്രാനൊപ്പം രതിയിലേർപ്പെട്ടു. പതിനാലാം വയസുവരെ റോസ് ഡബ്ല്യൂ വുമായുള്ള ബന്ധം സഫ്രാൻ തുടർന്നു. പണ്ടെന്നോ സഫ്രാന്റെ അമ്മയെ താൻ പിയാനോ പഠിപ്പിച്ചിരുന്നു എന്ന വിവരം അറിഞ്ഞ അന്നാണ് തന്റെ ശിഷ്യയുടെ മകനെ ദുരുപയോഗം ചെയ്യുന്നതിൽ ലജ്ജിച്ച് അവളാ ബന്ധം ഒഴിവാക്കുന്നത്. ഏതോ ആഴക്കടലിൽ മുങ്ങിമരിച്ച തന്റെ ഭർത്താവിന്റെ ഓർമ്മകൾ കുറച്ചുകാലമെങ്കിലും മറക്കാൻ സഹായിച്ച സഫ്രാന്റെ ശോഷിച്ച കയ്യായിരുന്നു ഒടുവിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് പതിച്ച അനവധി ബോംബുകളിലൊന്നിൽ  രക്തം വാർന്നു മരിക്കുമ്പോഴും ആ സ്ത്രീയുടെ മനസ്സിൽ. 

നൂറിലധികം കാമുകിമാരുണ്ടായിരുന്നു സഫ്രാന്. എന്നാൽ അയാളുടെ പേരിൽ ആരും കലഹിച്ചില്ല. സ്നേഹത്തിന് എല്ലായ്പ്പോഴും താരതമ്യം ചെയ്യപ്പെടുവാനുള്ള പ്രവണതയുണ്ടെന്ന് സഫ്‌റാനറിയാമായിരുന്നു. തന്റെ കാമുകിമാരോ തന്നെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമോ മറ്റൊരാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ തീർച്ചയായും സ്വയം ഇകഴ്ത്തുമെന്ന് അയാൾ മനസിലാക്കി. ഞാൻ നിന്നെ പ്രണയിക്കുന്നുവെന്നാൽ മറ്റാരും നിന്നെ പ്രണയിച്ചിരുന്നതിനേക്കാൾ, പ്രണയിക്കുന്നതിനേക്കാൾ, പ്രണയിക്കാൻ സാധ്യതയുള്ളതിനേക്കാൾ  അധികമായി ഞാൻ നിന്നെ പ്രണയിക്കുന്നുവെന്നും, മറ്റാരും പ്രണയിച്ചിട്ടില്ലാത്ത വിധത്തിൽ പ്രണയിക്കാത്ത വിധത്തിൽ  പ്രണയിക്കാൻ സാധ്യതയില്ലാത്ത വിധത്തിൽ എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയുമെന്നും മറ്റാരെയും പ്രണയിച്ചിട്ടില്ലാത്ത വിധത്തിൽ, പ്രണയിക്കാത്ത വിധത്തിൽ, പ്രണയിക്കാൻ സാധ്യതയില്ലാത്ത വിധത്തിൽ  ഞാൻ നിന്നെ  പ്രണയിക്കുന്നു എന്നുമാണെന്ന് സഫ്രാനറിഞ്ഞു. അതായത് ഒരാൾക്ക് ഒരിക്കലും രണ്ടുപേരെ ഒരുപോലെ സ്നേഹിക്കാൻ കഴിയില്ലെന്ന്.  



എന്നിട്ടും സഫ്രാനെ സ്നേഹിക്കാൻ പെൺകുട്ടികളുണ്ടായി. സോഷയുമായി വിവാഹം ഉറപ്പിക്കുന്ന കാലത്തും അയാൾക്ക് കാമുകിമാർക്ക് പഞ്ഞമുണ്ടായിരുന്നില്ല. എന്നാൽ പേരില്ലാത്ത ജിപ്സി പെൺകുട്ടിയോളം ആരും അയാളെ പ്രണയിച്ചിരുന്നില്ല. അയാൾക്ക് മറ്റുകാമുകിമാരുണ്ടെന്നറിഞ്ഞുകൊണ്ടുതന്നെ അവളയാളെ നിർബാധം പ്രണയിച്ചു. പത്തു കൽപ്പനകൾ രേഖപ്പെടുത്തിയ ശിലാഫലകത്തിൽ ഒരിക്കലും മാറരുതെന്ന് പതിനൊന്നാമതൊരു കൽപ്പന കൂടിയുണ്ടായിരുന്നെങ്കിലെന്ന് അവൾ നെടുവീർപ്പ് കൊണ്ടു. അവർ ശയിച്ച  പുൽത്തകിടികളിലെയും  വനാന്തരങ്ങളിലെയും  ഓരോ മരത്തടിയിലും അവൾ  അയാൾക്കുള്ള പ്രണയലേഖനങ്ങൾ കൊത്തിവെച്ചു. ഒടുവിൽ സോഷയുമായുള്ള സഫ്രാന്റെ വിവാഹത്തിന്റെയന്ന് രാത്രി, വിവാഹപ്പകലിൽ സോഷ മുകളിൽ പന്തലിൽ തനിക്കായി കാത്തുനിൽക്കുമ്പോൾ താഴെ വീഞ്ഞുനിലവറയിൽ സോഷയുടെ അനുജത്തി മായയുമായി ഗതിവേഗത്തിൽ രതിയിലേർപ്പെടുമ്പോൾ ലഭിക്കാത്ത, പത്തുവയസ്സു മുതൽ സഫ്രാൻ കടന്നുപോന്നിട്ടുള്ള എണ്ണമറ്റ കാമുകിമാരുടെ പലവിധരതിക്രീഡകളിലും സംഭവിക്കാത്ത രതിമൂർച്ഛ സോഷയ്‌ക്കൊപ്പമുള്ള ആദ്യശയനത്തിൽ  അയാൾക്ക് ലഭിക്കുന്ന ആ രാത്രി, ജർമൻ പോർവിമാനങ്ങൾ ആദ്യമായി ട്രാച്ചിംബ്രോഡിന്റെ ആകാശത്തെ കീറിമുറിച്ചുകൊണ്ട് ബോംബുകൾ വർഷിച്ച ആ രാത്രി, ആയിരത്തി തൊള്ളായിരത്തി നാൽപത്തിയൊന്ന് ജൂൺ പതിനെട്ടു രാത്രി, പലകാലങ്ങളിലായി പ്രണയലേഖനങ്ങൾ കൊത്തി അരികു തേഞ്ഞുപോയ കത്തികൊണ്ട് കൈത്തണ്ട മുറിച്ചു മരണത്തിലേക്ക് പോകുകയായിരുന്നു ആ ജിപ്സി പെൺകുട്ടി. അധികകാലം കഴിയും മുൻപേ നാസിപട്ടാളം ട്രാച്ചിംബ്രോഡ് ആക്രമിക്കുന്നു. സോഷയും അവരുടെ കുഞ്ഞുമടക്കം കുറേപ്പേർ ബ്രോഡ് നദിയിൽ മരണപ്പെട്ടു. ജൂതന്മാരെ മുഴുവനും സിനഗോഗിലടച്ചു തീയിട്ടു. അഗസ്റ്റീന എന്ന യുവതിയുടെ കരുണയാൽ സഫ്രാൻ രക്ഷപെടുന്നുവെങ്കിലും നോവലിലെ വിശദീകരണപ്രകാരം അമേരിക്കയിലെത്തി അധികം വൈകാതെ അയാൾ മരണമടയുകയാണ്.

പൂർവികരുടെ അവശേഷിപ്പുകൾക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു മടങ്ങാനൊരുങ്ങുന്ന ജോനാഥനും സംഘത്തിനും ആ വൃദ്ധ  "In Case." എന്ന് രേഖപെടുത്തിയ ഒരു പെട്ടി നൽകുന്നുണ്ട്. ലിസ്റ്റ എന്ന് അവരോടു തന്റെ പേര് പറയുന്ന ആ വൃദ്ധ സത്യത്തിൽ സഫ്രാനെ പ്രണയിച്ച കന്യകമാരിൽ ഒരുവളായിരുന്നു. സോഷയുമായുള്ള വിവാഹത്തിന്റെ പേരിൽ ജിപ്സി പെൺകുട്ടി അയാളുമായുള്ള ബന്ധം അവസാനിപ്പിച്ച ദുഃഖത്തിൽ സഫ്രാൻ ഒത്തുചേരുന്നത് ലിസ്റ്റയുമായാണ്. വിവാഹത്തിന്റെയന്ന് രാവിലെ വരൻ കൊല്ലപ്പെട്ട അവർ കന്യകയായി തന്നെ തുടരുകയായിരുന്നു.  സഫ്രാനിൽ  നിന്നും ഗർഭം ധരിച്ചെങ്കിലും ആ കുഞ്ഞ് നാസി പട്ടാളക്കാരാൽ കൊല്ലപ്പെട്ടുവെന്ന സത്യം അംഗീകരിക്കാൻ കഴിയാതെ ഇപ്പോഴും എനിക്ക് കുഞ്ഞിനെ ശുശ്രൂഷിക്കാൻ സമയമായെന്ന് തിടുക്കപ്പെടുന്ന ലിസ്റ്റയെ നമുക്ക് കാണാം. 

ഹോട്ടൽ മുറിയിൽ മടങ്ങിയെത്തുന്ന സന്ദർശകർ ഇൻ കേസ് എന്ന ആ പെട്ടി പരിശോധിക്കുന്നു. ആ പെട്ടിയിലെ പലതരം വസ്തുക്കൾക്കിടയിൽ നിന്നും അവർക്കൊരു ചിത്രം ലഭിക്കുകയാണ്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമുള്ള ചിത്രം. അതിലൊരാൾക്ക് അലക്സിന്റെ ഛായയുണ്ട്. തന്റെ മുത്തശ്ശനാണ് ആ ചിത്രത്തിലുള്ളത് എന്ന് തിരിച്ചറിയുന്ന അലക്സ് മുത്തശ്ശനോട് അതിന്റെ സത്യാവസ്ഥ ആരായുന്നു. ഒഡേസയിൽ ജനിച്ചുവളർന്നെന്ന് എക്കാലവും പറഞ്ഞിരുന്ന അലക്സ് സീനിയർ സത്യത്തിൽ കോൾക്കിയിലാണ് ജീവിച്ചിരുന്നതെന്നും യഥാർത്ഥത്തിൽ അയാളുടെ പേര് ഏലി എന്നാണെന്നും ഫോട്ടോയിൽ ഉള്ളത് ഹെർഷെൽ എന്ന അയാളുടെ സുഹൃത്തായിരുന്നെന്നും അവരറിയുന്നു. ലിസ്റ്റ പറഞ്ഞ കഥകളിലൊന്നിൽ തന്റെ സുഹൃത്തിനെ നാസികൾക്ക് വിട്ടുകൊടുത്ത ഒരു ഏലി ഉണ്ടായിരുന്നെന്ന് അലക്സ് ഒരു ഞെട്ടലോടെ ഓർക്കുന്നുണ്ട്. എന്നാൽ അതിലേക്ക് ആ വൃദ്ധനെ നയിക്കുന്ന സാഹചര്യങ്ങൾ ഭീതിജനകമായിരുന്നു. തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ജീവനാണോ സുഹൃത്തിന്റെ ജീവനാണോ വലുതെന്ന തിരഞ്ഞെടുപ്പിൽ സുഹൃത്തിനെ ചതിക്കേണ്ടിവന്നതിന്റെ വേദന പേറിയാണ് അയാൾ പിന്നീടുള്ള ജീവിതമത്രയും ചിലവിട്ടത്.

ചലച്ചിത്രവും നോവലും തമ്മിലുള്ള വ്യതിയാനങ്ങളിലൊന്ന് ഇവിടെ സംഭവിക്കുന്നുണ്ട്. നോവലിൽ അലക്സ് സീനിയർ ഒരു ജൂതനാണെന്നതിന് സാധൂകരണമില്ലെങ്കിലും ചലച്ചിത്രത്തിൽ അയാളൊരു ജൂതനാണ്. ഫയറിംഗ് സ്‌ക്വാഡിന്റെ വെടിയുണ്ടകളിൽ നിന്നും  ചില്ലറ പരിക്കുകളോടെ രക്ഷപ്പെട്ട, പിന്നീടൊരു മുഴുവൻ ജീവിതവും ജീവിച്ചുതീർത്ത അയാൾ ലിസ്റ്റയെ കണ്ടുമടങ്ങിയ അന്നു രാത്രിയിൽ തന്നെ ബാത്ടബിൽ വെള്ളം നിറച്ച് റേസർ കൊണ്ട് ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയാണ്. ജൂതനായിരുന്നിട്ടും നാസി വേഷംകെട്ടി മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതും പിന്നീട് തന്റെ യഹൂദസ്വത്വം മറച്ചുപിടിച്ച് ഒരായുഷ്ക്കാലം മുഴുവൻ ജീവിക്കേണ്ടി വന്നതിലെ കുറ്റബോധവും ഒരു വിശുദ്ധസ്നാനത്തിലെന്ന പോലെ, അയാളിൽ നിന്നുമുതിർന്നു വീണ ഓരോ തുള്ളി ചോരയ്ക്കുമൊപ്പം ആ ജലത്തിൽ അലിഞ്ഞുചേർന്നുകൊണ്ടിരുന്നു. 

പിറ്റേന്ന് മുത്തശ്ശന്റെ മൃതദേഹം കാണുന്ന അലക്സ് പോലും പറയുന്നത് അത്രയും സമാധാനത്തോടെ തന്റെ മുത്തശ്ശനെ ഒരിക്കൽ പോലും കണ്ടിട്ടില്ല എന്നാണ്. ജീവിതകാലം മുഴുവൻ നിവൃത്തികേടുകൊണ്ട് അയാൾ നിരാകരിച്ച അയാളുടെ സത്യം അംഗീകരിച്ചുകൊണ്ടുതന്നെ കുടുംബം അയാൾക്ക് യഹൂദചിട്ടകൾക്ക് യോജിച്ച വിടവാങ്ങലാണ് നൽകുന്നത്. അലക്സും ജോനാഥനും തങ്ങളുടെ മുത്തശ്ശൻമാരുടെ കല്ലറയിൽ നദിക്കരയിൽ നിന്നും എടുത്ത മണ്ണ് വിതറി തിരിഞ്ഞു നടക്കുന്നതാണ് ചിത്രം അവസാനിക്കുന്നത്. 



അലക്സ് ജോനാഥനയക്കുന്ന കത്തുകളുടെ രൂപത്തിലാണ് ഫോയർ നോവലിലെ രണ്ട് പ്രധാന ആഖ്യാനങ്ങളെയും തമ്മിൽ ബന്ധിക്കുന്നത്. പുസ്തകത്തിലുടനീളം അലക്സിന്റെയും ജോനാഥന്റെയും പ്രാഥമികബന്ധം എഴുത്തിലൂടെയാണ്. ജോനാഥൻ യുക്രെയിനിൽ ആയിരിക്കുന്ന കാലത്ത്  രണ്ട് യുവാക്കളും  പരസ്പരം പരിചിതരല്ല. ഒരുമിച്ചുള്ള യാത്രക്കുശേഷം അവർ പരസ്പരം എഴുതുമ്പോൾ മാത്രമാണ് അവരുടെ ബന്ധം ആഴമുള്ളതാവുന്നത്. പുസ്തകം പുരോഗമിക്കും തോറും കത്തുകളുടെ സ്വഭാവത്തിലും മാറ്റം വരുന്നുണ്ട്. യുക്രൈനിലെ തന്റെ ജീവിതത്തെക്കുറിച്ചും തന്റെ കാമുകിമാരെക്കുറിച്ചുമെല്ലാം വീരസ്യം പറയുന്ന അലക്സിൽ നിന്നും താൻ ഏകാകിയാണെന്നും തനിക്കൊരു കാമുകിയില്ലെന്നും കലുഷിതമായ ഗാർഹികാന്തരീക്ഷത്തിൽ നിന്നും രക്ഷനേടാൻ കടൽത്തീരത്തു പോയിരിക്കാറാണ് പതിവെന്നും മനസ്സ് തുറക്കുന്ന അലക്സിനെ നമുക്ക് കാണാം. ഓരോ കത്തിലും ജോനാഥനെഴുതുന്ന നോവലിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ജോനാഥന്റെ ഉപദേശങ്ങളനുസരിച്ച് സ്വന്തം എഴുത്തിനെ നവീകരിക്കുന്നതിനെക്കുറിച്ചും അലക്സ് വിശദമാക്കുന്നുണ്ട്. ജീവിതത്തിലെ സങ്കടങ്ങൾ എഴുത്തിലേക്ക് പകർത്താതെ എഴുത്തിൽ സന്തോഷം നിറച്ചുകൂടെ എന്ന് ആത്മാർത്ഥമായാണ് അലക്സ് ചോദിക്കുന്നത്. With writing, we have second chances. എന്ന തിരിച്ചറിവാണ്  ആ ചോദ്യത്തിന് അലക്സിനുള്ള നീതീകരണം. യഥാർത്ഥ ജീവിതത്തിൽ വളരെ ദുഃഖിതനും ഏകാകിയുമായ തനിക്ക് എഴുത്തിലൂടെയെങ്കിലും സന്തോഷവാനെന്ന ഒരു സ്വത്വം പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന് അലക്സ് വിശ്വസിക്കുന്നുണ്ട്. 

ഓരോ കത്തിലും തന്റെ അനുജനെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുന്നുണ്ട് അലക്സ്. തന്നെയോ അനുജനെയോ അമ്മയെയോ മർദ്ദിക്കാൻ മടിക്കാത്ത അച്ഛനിൽ നിന്നും ദൂരെ പോകണമെന്നാഗ്രഹിക്കുന്ന, അതിനായി അമേരിക്കയിലേക്ക് കുടിയേറാനാവശ്യമായ പണം സ്വരൂപിക്കാൻ പാടുപെടുന്ന അലക്സിനെ വായിക്കുമ്പോൾ എന്തുകൊണ്ടോ വിക്രമാദിത്യ മൊട്‍വാനി സംവിധാനം ചെയ്ത ഉഡാൻ എന്ന ചലച്ചിത്രം ഓർമ്മ വന്നിരുന്നു.

ഇടക്കുള്ള കത്തുകളിലെല്ലാം ട്രാച്ചിംബ്രോഡിൽ നിന്നും മടങ്ങിയെത്തിയതിനു ശേഷം മുത്തശ്ശൻ കൂടുതൽ ഏകാകിയായും ദുഃഖിതനായും കാണപ്പെടുന്നുവെന്ന ആശങ്ക അലക്സ് പങ്കുവെക്കുന്നു. ഇനി തിരികെ കിട്ടാത്ത പോയ കാലത്തെക്കുറിച്ചുള്ള ദുഃഖം അലക്സ് സീനിയറിന്റെ അവസാന പ്രതിരോധവും തകർത്തുകളഞ്ഞു. രാത്രികളിൽ നിശബ്ദനായി കണ്ണുനീർ വാർക്കുന്ന മുത്തശ്ശനെ പലവട്ടം കാണുന്നുണ്ട് അലക്സ്. നോവൽ പുരോഗമിക്കുംതോറും ജോനാഥനുമായുള്ള എഴുത്തുകുത്തുകൾ വളരെയധികം ആസ്വദിക്കുന്ന അലക്സിനെ കാണാം. തീർത്തും വിഭിന്നമായ രണ്ടു ആഖ്യാനങ്ങളായി തുടങ്ങിയ അവരുടെ എഴുത്തുകൾ ഏതോ ഒരുഘട്ടത്തിൽ ഒന്നായി തീർന്നതിനെ നാം തുല്യരായി വളർന്നിരിക്കുന്നു എന്നടയാളപ്പെടുത്തുന്നു അലക്സ്. നിങ്ങൾക്ക് മാത്രമാണ് എന്നെ അൽപ്പമെങ്കിലും മനസിലായിട്ടുള്ളത് എന്ന് ആശ്വസിക്കാൻ മാത്രം ദൃഢമാവുന്നു ആ സൗഹൃദം. സ്നേഹത്തിനു നേരെ മുഖം തിരിച്ചു നിൽക്കുന്നു എന്നതിന്റെ പേരിൽ ജോനാഥനെ ശാസിക്കാനും അയാൾ മടിക്കുന്നില്ല. 

മുത്തശ്ശൻ ആത്മഹത്യ ചെയ്ത വാർത്ത ജോനാഥനെ അറിയിക്കുന്ന അവസാന കത്തിൽ അന്നാദ്യമായി അച്ഛന് നേരെ എതിർത്ത് നിൽക്കാനുള്ള ധൈര്യം ലഭിച്ചതിനെക്കുറിച്ചും അലക്സ് എഴുതുന്നുണ്ട്. അതിനൊപ്പം ആത്മഹത്യയ്ക്ക് തൊട്ടുമുൻപായി മുത്തശ്ശൻ ജോനാഥനെഴുതിയ കത്തുമുണ്ട്. Try to live so that you can always tell the truth എന്ന് ആവർത്തിച്ചുറപ്പിക്കുന്ന ഒരു ചെറിയ കത്ത്. അലക്സ് തന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിലെ സന്തോഷവുമായി തനിക്ക് മരിക്കാമെന്നു പറഞ്ഞാണ് അയാളാ എഴുത്ത് അവസാനിപ്പിക്കുന്നത്.

ഓർമ്മ, എഴുത്ത്, സ്നേഹം, മരണം, കടമകൾ, തിരിച്ചറിവുകൾ ആകസ്മികത  എന്നിങ്ങനെ പല ആശയങ്ങളും ഈ നോവൽ ആവിഷ്കരിക്കാൻ ശ്രമിക്കുന്നുണ്ട്. ഓർമയെ പല തരത്തിലാണ് ഫോയർ സമീപിക്കുന്നത്, ജോനാഥന് ഓർമ്മ തന്റെ പൂർവികരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന വാതിലാണെങ്കിൽ ഏലി എന്ന അലക്സിന്റെ മുത്തശ്ശൻ ഭൂതകാലം ഓർമിക്കാൻ ഇഷ്ടപ്പെടാത്തയാളാണ്. ലിസ്റ്റയാകട്ടെ ഓർമയാൽ സ്വയം പരിമിതപ്പെട്ട ഒരാളാണ്. കുടുംബത്തിന്റെ ഭൂതകാലത്തെക്കുറിച്ച് പഠിക്കുന്നതിലൂടെ, ജോനാഥൻ തന്നെക്കുറിച്ച് പഠിക്കുന്നു. ട്രാച്ചിംബ്രോഡിന്റെ സ്മരണയുടെ സൂക്ഷിപ്പുകാരിയെന്നാണ് ലിസ്റ്റ സ്വയം കരുതുന്നത്. അവൾക്കതൊരു ബഹുമതിയല്ല, ശിക്ഷയാണ്. അതിജീവിക്കുന്നവർ നിർഭാഗ്യവാന്മാരാണെന്ന് ജോനാഥനോട് പറയുന്ന അവർ ഓർമയെ ഒരു ഭാരമായി വഹിക്കുകയാണ്. യുദ്ധത്തെക്കുറിച്ചുള്ള ഓർമ്മകളെ പേടിച്ചു ജീവിക്കുന്നയാളാണ് ഏലി.  ഓർമിക്കുക എന്നത് വലിയൊരപകടമാണെന്ന് വിശ്വസിച്ചുറപ്പിച്ച ആ മനുഷ്യൻ ഒരു വേദനിപ്പിക്കുന്ന കാഴ്ചയാണ്. 

ഓർമയെപ്പോലെത്തന്നെ പ്രധാനമാണ് എഴുത്തും ഈ പുസ്തകത്തിൽ. ട്രാച്ചിംബ്രോഡിലെ ജനങ്ങളുടെ ഏറ്റവും പ്രധാനശീലമായി ഫോയർ പറഞ്ഞുവെക്കുന്നത് എഴുത്ത് തന്നെയാണ്. പുസ്തകത്തിലൊരിടത്ത് ഓരോരുത്തരിലും ഒരു നോവലുണ്ടെന്ന് വിശ്വസിച്ച് നിരന്തരം നോവൽ രചനയിൽ മുഴുകുന്ന ഒരുകൂട്ടം മനുഷ്യരെ കാണാം. പ്രണയത്തെക്കുറിച്ച് പലവിധത്തിൽ നിരന്തരം എഴുതിക്കൊണ്ടിരുന്ന മനുഷ്യരെയാണ് ഫോയർ അവതരിപ്പിക്കുന്നത്. എന്നാൽ പ്രണയത്തെ നിർവചിക്കുന്നത് അതീവദുഷ്കരവും നിത്യഭാരവുമാണെന്ന് അവരിലൂടെ തന്നെ ഓർമിപ്പിക്കുകയും ചെയ്യുന്നു. പ്രണയത്തോളം തന്നെ പുസ്തകത്തിൽ മരണവും നിറഞ്ഞുനിൽപ്പുണ്ട്. ട്രാച്ചിമിന്റെ മരണത്തിൽ തുടങ്ങി ഏലിയുടെ ആത്മഹത്യ വരെ അത് നീളുന്നു. പക്ഷെ ട്രാച്ചിമിന്റെ മരണത്തിനൊപ്പമാണ് ബ്രോഡിന്റെ ജനനം. ഓരോ മരണത്തിനുമൊപ്പം പുതിയൊരു സാധ്യത തുറന്നിടാൻ ഫോയറിനു കഴിയുന്നു. 

എന്നാൽ ഇവയിലെല്ലാമുപരിയായ ഒന്ന് ഈ പുസ്തകത്തിലുണ്ടെങ്കിൽ അതിന്റെ പേരാണ് ആകസ്മികത. ആകസ്മികസംഭവങ്ങളും യാദൃശ്ചികതകളുമാണ് പലപ്പോഴും ആഖ്യാനത്തെ മുന്നോട്ടു നയിക്കുന്നതെന്നു നമുക്ക് കാണാൻ കഴിയും. ബ്രോഡ് യാങ്കലിനെ രക്ഷിതാവായി തിരഞ്ഞെടുക്കുന്നതും കോൾക്കർക്ക് ആകസ്മികമായി പരിക്കേൽക്കുന്നതും ഓർക്കുക. ഇതിലൂടെ ഫോയർ സൂചിപ്പിക്കുന്നത് നമ്മുടെ ജീവിതത്തിനുമേൽ നമുക്ക് സത്യത്തിൽ വലിയ നിയന്ത്രണമൊന്നുമില്ല എന്നുതന്നെയാണ്. നമ്മുടെ പ്രവർത്തനങ്ങളുടെ ഫലങ്ങളെല്ലാം നിയന്ത്രിക്കാൻ നമുക്ക് കഴിയില്ലല്ലോ. ഒരു പരിധി വരെയെങ്കിലും നമുക്ക് നിയന്ത്രിക്കാവുന്ന ഒരേയൊരു കാര്യം നമ്മുടെ എഴുത്ത് മാത്രമാണ്. ഭൂതകാലത്തെക്കുറിച്ച് എഴുതുമ്പോൾ, ഏതൊക്കെ യാഥാർത്ഥ്യങ്ങൾ അവതരിപ്പിക്കണമെന്നും അവ എങ്ങനെ അവതരിപ്പിക്കണമെന്നും എഴുത്തുകാരന് തിരഞ്ഞെടുക്കാം, ഫോയർ, സ്വന്തം ജീവിതത്തിൽ, ഉക്രെയ്നിലേക്കുള്ള തന്റെ യാത്രയിൽ ട്രാക്കിംബ്രോഡിനെയോ അഗസ്റ്റിനെയോ കണ്ടെത്തിയില്ല എന്നോർക്കുക. എന്നാൽ ആ യാത്രയെ ആസ്പദമാക്കി രചിച്ച പുസ്തകത്തിലാവട്ടെ തന്റെ കുടുംബത്തിന്റെ ചരിത്രത്തോടൊപ്പം അലക്‌സിന്റെ കുടുംബത്തിന്റെ ഭൂതകാലത്തെയും വെളിപ്പെടുത്താൻ അയാൾക്ക് കഴിയുന്നു. അത് ഏറ്റവും സവിശേഷമായ രീതിയിൽ അവതരിപ്പിക്കുക കൂടി ചെയ്യുമ്പോൾ എവെരിതിങ് ഈസ് ഇല്ല്യൂമിനേറ്റഡ് അവിസ്മരണീയമായ ഒരനുഭവമാകുന്നു. 

 

 

#cinema
Leave a comment