TMJ
searchnav-menu
post-thumbnail

TMJ Cinema

സിനിമയെ വിപുലീകരിക്കുന്ന ബേലാ താര്‍

13 Jul 2025   |   7 min Read
പി കെ സുരേന്ദ്രന്‍

വിഖ്യാത ഹംഗേറിയന്‍ ചലച്ചിത്ര സംവിധായകനായ ബേലാ താര്‍ തന്റെ ‘ടൂറിന്‍ ഹോര്‍സ്’(Turin Horse, 2011) എന്ന സിനിമയ്ക്ക് ശേഷം സിനിമാ ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. കാരണമായി അദ്ദേഹം പറഞ്ഞത് തനിക്ക് ഫീച്ചര്‍ സിനിമ എന്ന മാധ്യമത്തില്‍ പുതുതായി ഒന്നും പറയാനില്ല എന്നായിരുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ‘ടൂറിന്‍ ഹോര്‍സ്’ എന്ന സിനിമയില്‍ തന്റെ സിനിമാറ്റിക് ശൈലിയുടെയും ഭാഷയുടെയും അവസാനത്തിലെത്തിയെന്നും, തന്റെ കലാപരമായ യാത്ര പൂര്‍ത്തിയായെന്നും ഫീച്ചര്‍ സിനിമകള്‍ തുടര്‍ന്നും സംവിധാനം ചെയ്യുന്നത് ആവര്‍ത്തനത്തിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം വിശ്വസിച്ചു. സ്വയം ആവർത്തിക്കാനോ അതിലൂടെ തനിക്കും തന്റെ പ്രേക്ഷകര്‍ക്കും വിരസത ഉണ്ടാക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തുടര്‍ന്ന് അദ്ദേഹം അധ്യാപനത്തിനായി മൂന്നു വര്‍ഷങ്ങള്‍ നീക്കിവച്ചു. അദ്ദേഹം സരയേവോയിൽ സരയേവോ സ്കൂള്‍ ഓഫ് ടെക്നോളോജിക്ക് കീഴില്‍ ‘ഫിലിം.ഫാക്ടറി’ എന്ന പേരില്‍ ഒരു ഫിലിം സ്കൂൾ സ്ഥാപിക്കുകയും അതിന്റെ തലവനായി പ്രവര്‍ത്തിക്കുകയും ചെയ്തു. സാമ്പത്തിക കാരണങ്ങളാലും സ്വകാര്യ സർവകലാശാലയുടെ ലാഭേച്ഛയുള്ള ലക്ഷ്യങ്ങളുമായുള്ള ഏറ്റുമുട്ടലാലും സ്ഥാപനം ഒടുവിൽ അടച്ചുപൂട്ടി.

പരമ്പരാഗത ഫീച്ചര്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നത് അവസാനിപ്പിച്ചുവെങ്കിലും ദൃശ്യ സർഗ്ഗാത്മകത, താര്‍ പൂർണ്ണമായും ഉപേക്ഷിച്ചില്ല. പിന്നീട് അദ്ദേഹം ദൃശ്യ-പ്രകട കലാ മേഖലയില്‍ സജീവമായി. 2017ൽ ആംസ്റ്റർഡാമിലെ ഐ ഫിലിം മ്യൂസിയത്തിൽ അദ്ദേഹം ‘ടില്‍ ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്’(Till the End of the World) എന്ന പേരില്‍ ഒരു മള്‍ട്ടി–റൂം വീഡിയോ ആര്‍ട്ട് ഇന്‍സ്റ്റലേഷനും 2019ല്‍ വിയന്നയില്‍ ‘മിസ്സിംഗ് പീപ്പിള്‍’(Missing People) എന്ന പേരില്‍ ഒരു മള്‍ട്ടി മീഡിയ  ഇന്‍സ്റ്റലേഷനും അവതരിപ്പിച്ചു. താറിന്റെ സിനിമകള്‍ക്ക് പ്രതിഷ്ഠാപനത്തിന്റെ സ്വഭാവവും ആമഗ്നമാക്കുന്ന അവസ്ഥയും ഉള്ളതായി പലരും നിരീക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ അസാധാരണമാം വിധം ദൈര്‍ഘ്യവും മന്ദതാളവും ഉള്ള ഷോട്ടുകളും ദൃശ്യഘടനയുമാണ് ഇതിന് കാരണം.

ബേലാ താര്‍ | PHOTO : WIKI COMMONS
‘ടില്‍ ദി ഏന്‍ഡ് ഓഫ് ദി വേള്‍ഡ്‘ ഒരു മൾട്ടി-റൂം വീഡിയോ-ആർട്ട് ഇൻസ്റ്റലേഷൻ ആണ്. സിനിമ, നാടക സെറ്റ്, ഇൻസ്റ്റലേഷൻ എന്നിവയുടെ സങ്കലനം. ഇതില്‍ താര്‍ ധാരാളം ഫൗണ്ട് ഫൂട്ടേജ് ഉപയോഗിച്ചു, സിറിയന്‍ യുദ്ധത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍, ബോംബാക്രമണം, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഭയാനക ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്നു. അതുപോലെ സ്വന്തം സിനിമകളിൽ നിന്നുള്ള ശകലങ്ങളും ഒപ്പം പ്രോപ്പുകളും (‘ദി ടൂറിൻ ഹോഴ്‌സ്’ എന്ന സിനിമയിലെ മരത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു മരം) ഈ പ്രദർശനത്തിനായി പ്രത്യേകം ചിത്രീകരിച്ച ഒരു രംഗവും  ഉപയോഗിച്ചു. ‘ടില്‍ ദി ഏന്‍ഡ് ഓഫ് ദി വേള്‍ഡ്’  എന്ന ശീര്‍ഷകം താറിന്റെ സിനിമകളില്‍ നിരന്തരം കടന്നുവരുന്ന ജീര്‍ണ്ണത, തകര്‍ച്ച, നിരാശ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ പലപ്പോഴും സമൂഹത്തെയും വ്യക്തികളെയും അഗാധഗര്‍ത്തത്തിന്റെ വക്കില്‍, അനിവാര്യമായ, സാവധാനത്തിലുള്ള തകര്‍ച്ചയെ അഭിമുഖീകരിക്കുന്നതായി ചിത്രീകരിക്കുന്നു. ഇത് ഒരു പരമ്പരാഗത സിനിമ എന്നതിലുപരി ഒരു പ്രദർശനമായിരുന്നെങ്കിലും ‘പുരോഗതിയുടെ ഇരുണ്ട വശം’ എന്ന തന്റെ പര്യവേക്ഷണം തുടരാൻ താറിനെ അനുവദിച്ച ഒരു സുപ്രധാന കലാപരമായ ശ്രമമായി ഇത് അംഗീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വിഷാദം നിറഞ്ഞതും, ശക്തവും, വളരെ ഇരുണ്ടതും ആയ ശൈലി അഭയാർത്ഥി പ്രതിസന്ധിയുടെ ഗൗരവം വെളിപ്പെടുത്തുന്നതിന് തികച്ചും അനുയോജ്യമാണ്. മനുഷ്യത്വത്തെയും അതിന്റെ ഭാവിയെയും കുറിച്ചുള്ള അസുഖകരമായ സത്യങ്ങളെ അഭിമുഖീകരിക്കാൻ ഇത് സന്ദർശകരെ നിർബന്ധിതരാക്കുന്നു. ഒരു ആഖ്യാന സിനിമയല്ലെങ്കിലും, കലയ്ക്ക് സാമൂഹിക വ്യാഖ്യാനത്തിനും കാരുണ്യത്തിനായുള്ള ആഹ്വാനത്തിനും ഒരു സുപ്രധാന മാധ്യമമായി വർത്തിക്കാൻ കഴിയുമെന്ന താറിന്റെ വിശ്വാസത്തിന് ഇത് അടിവരയിടുന്നു.

2010കളുടെ മധ്യത്തിൽ, സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ യുദ്ധക്കെടുതികൾ നിറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനവ് ഉണ്ടായി. ഈ പ്രവാഹം വൻതോതിലുള്ള മാനുഷിക വെല്ലുവിളികൾക്കും, രാഷ്ട്രീയ ചർച്ചകൾക്കും, ഭൂഖണ്ഡത്തിലുടനീളം ഭിന്നിപ്പിക്കുന്ന രീതിയിലുള്ള പൊതുജനാഭിപ്രായത്തിനും കാരണമായി.  

കുടിയേറ്റ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ഹംഗറിയിലേക്കുള്ള കുടിയേറ്റക്കാരെ തടയാന്‍ സര്‍ക്കാർ  നിര്‍മ്മിച്ച ‘അപമാനകരമായ’ വേലിയോടുള്ള താറിന്റെ ശക്തമായ പ്രതിഷേധമാണ് ഈ സൃഷ്ടി. സരാജെവോയില്‍ ആയിരുന്നപ്പോള്‍  കുടിയേറ്റ അനുകൂല പ്രകടനത്തില്‍ ഹംഗേറിയൻ പാര്‍ലമെന്റിന് മുന്നിൽ ആക്ടിവിസ്റ്റും നാടകപ്രവര്‍ത്തകനുമായ അര്‍പാഡ് ഷില്ലിംഗ് (Arpad Shilling) വായിച്ച താർ എഴുതിയ പ്രസംഗത്തിന്റെ ഒരു കോപ്പി എക്സിബിഷന്റെ പ്രവേശന കവാടത്തിന് സമീപം തൂങ്ങിക്കിടക്കുന്നു. 

അര്‍പാഡ് ഷില്ലിംഗ് | PHOTO : WIKI COMMONS
പ്രദര്‍ശനത്തിലേക്ക് പ്രവേശിക്കുമ്പോൾ ശക്തമായ രണ്ടു സ്പോട്ട് ലൈറ്റുകൾ നമ്മെ സ്വാഗതം ചെയ്യുന്നു. വെളിച്ചവുമായി പതിയെ പൊരുത്തപ്പെടുമ്പോള്‍ നാം അതിര്‍ത്തിക്ക് ഇടയിലാണെന്ന് മനസ്സിലാവും, അതൊരു ‘നോ മാന്‍സ് ലാന്‍ഡ്’ ആണ്. അവിടെ രാജ്യങ്ങളെ വേര്‍തിരിക്കുന്ന  മൂര്‍ച്ചയേറിയ യഥാര്‍ത്ഥ കമ്പികൾ കൊണ്ട് നിര്‍മ്മിച്ച വേലി കാണാം. ഇത് ഹംഗറിയുടെ അതിർത്തികളിൽ കുടിയേറ്റക്കാരെ തടയാനായി നിര്‍മ്മിച്ച റേസർ-വയർ വേലികളെ ഓര്‍മ്മിപ്പിക്കുന്നു.

ഹംഗേറിയൻ സർക്കാർ ശക്തമായ കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങളിൽ ഏർപ്പെട്ടു, പലപ്പോഴും അഭയാർത്ഥികളെ ദേശീയ സുരക്ഷയ്ക്കും സാംസ്കാരിക സ്വത്വത്തിനും ഭീഷണിയായി ചിത്രീകരിച്ചു. ദേശീയതയുടെ തുറന്ന വിമർശകനായ താര്‍ ഈ വാചാടോപത്തെ വളരെയധികം അസ്വസ്ഥമാക്കുന്നതും മനുഷ്യത്വരഹിതവുമാണെന്ന് കണ്ടെത്തി. മുറിക്കകത്ത് കൂടിനടന്നു തുടങ്ങുമ്പോള്‍ ഭയം, ഞെട്ടല്‍, ദുഃഖം എന്നീ വികാരങ്ങള്‍ അനുഭവിക്കാൻ  കഴിയുന്ന ഒരു ഇടമായി മുറി മാറുന്നു. ഈ വേലികള്‍ക്ക് പിന്നിൽ അഭയാര്‍ത്ഥികളുടെ ഫോട്ടോഗ്രാഫുകൾ. കൂടെ താറിന്റെ സിനിമകളില്‍ നിന്നുള്ള ക്ലിപ്പിംഗുകളും പ്രോപ്പുകളും കാണാം.

ഒരു മുറിയില്‍ ഉണങ്ങിയ ശിഖരങ്ങളുള്ള ഒരു മരമുണ്ട്. ‘ടൂറിന്‍ ഹോര്‍സ്’ എന്ന സിനിമയിലെ മരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇലകളുടെയോ ചൈതന്യത്തിന്റെയോ അഭാവം മരിക്കുന്നതോ, ഇതിനകം തന്നെ മരിച്ചുപോയതോ ആയ ഒരു ലോകത്തെ സൂചിപ്പിക്കുന്നു. മുറിയില്‍ ശക്തമായ കാറ്റ് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കാഴ്ചക്കാരുടെ മുഖത്ത് വേഗതയേറിയ കാറ്റ്  അടിക്കുമ്പോള്‍ ജീവിതം എത്ര കഠിനമാണെന്ന് നാം മനസ്സിലാക്കുന്നു. ‘ടൂറിന്‍  ഹോര്‍സ്’ എന്ന സിനിമയില്‍ മരത്തില്‍ അടിക്കുന്ന നിരന്തരമായ കാറ്റ് മനുഷ്യർ വിധേയരാകുന്ന പ്രകൃതിയുടെ അതിശക്തവും നിസ്സംഗവുമായ ശക്തികളെ ഊന്നിപ്പറയുന്നുവെങ്കില്‍, ഈ പ്രതിഷ്ഠാപനത്തില്‍ അഭയാർത്ഥികൾ നേരിടുന്ന യുദ്ധം, സ്ഥാനചലനം, നിസ്സംഗത എന്നിവയുടെ അതിശക്തമായ പ്രതിനിധാനമാവുന്നു.

ടൂറിന്‍ ഹോര്‍സിൽ നിന്ന് | PHOTO : WIKI COMMONS
ഒരു മുറിയില്‍ വളരെ ലളിതമായ ഒരു തടിമേശയും ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങുകളും ഉണ്ട്.  ഇത് ‘ദി ടൂറിൻ ഹോഴ്‌സ്’ എന്ന സിനിമയെ നേരിട്ട് പരാമര്‍ശിക്കുന്നു. ഈ സിനിമയില്‍ കഥാപാത്രങ്ങളുടെ ദൈനംദിന ഭക്ഷണമായ പുഴുങ്ങിയ ഉരുളക്കിഴങ്ങ് അവരുടെ ദരിദ്രവും ഏകതാനവുമായ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ്. ഇതിലൂടെ അഭയാര്‍ഥികളുടെ അതിജീവനം, ദാരിദ്ര്യം, ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ ഒഴികെ മറ്റെല്ലാം നഷ്ടപ്പെട്ട അവസ്ഥ എന്നീ വിഷയങ്ങൾക്ക് അടിവരയിടുന്നു. ഈ സജ്ജീകരണത്തിന് സമീപത്ത് ഒരു സ്‌ക്രീനില്‍ ‘ദി ടൂറിൻ ഹോഴ്‌സി’ല്‍ അച്ഛനും മകളും ഉരുളക്കിഴങ്ങ് കഴിക്കുന്ന പ്രശസ്തമായ രംഗം ഒരു ലൂപ്പിൽ പ്ലേ ചെയ്യുന്നു. 

ഈ അവതരണം അവസാനിക്കുന്നത് താര്‍  ഈ പ്രദര്‍ശനത്തിനായി ചിത്രീകരിച്ച ദൃശ്യങ്ങളിലാണ്. ഇവിടെ മുഹമ്മദ്‌ എന്ന റൊമാനിയന്‍ കുട്ടി അക്കോഡിയൻ വായിച്ചുകൊണ്ട് വിഷാദത്തോടെ ക്യാമറയിലേക്ക് നോക്കുന്നു. അവന്റെ കണ്ണുകളില്‍ ചുറ്റുമുള്ള ലോകത്തോടുള്ള അവിശ്വാസം പ്രതിഫലിക്കുന്നു. അഭയാര്‍ഥികളും കുടിയേറ്റക്കാരുമാകുന്ന എണ്ണമറ്റ വ്യക്തികളെ, പ്രത്യേകിച്ച് കുട്ടികളെയാണ് മുഹമ്മദ്‌ പ്രതിനിധീകരിക്കുന്നത്. അവന്റെ പരമ്പരാഗത അറബി സംഗീതം നഷ്ടപ്പെട്ട മാതൃഭൂമിയുടെയും സാംസ്കാരികമായ സ്ഥാനഭ്രംശത്തിന്റെയും വികാരം ഉണര്‍ത്തുന്നു. ഇതും താറിന്റെ സ്വതസിദ്ധമായ കറുപ്പിലും വെളുപ്പിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ള നഗരമാണ് വിയന്ന. എന്നാൽ മഹത്തായ ഈ നഗരത്തിന് മറ്റൊരു വശമുണ്ട് - ധാരാളം ജനങ്ങള്‍ ഈ ചിത്രത്തിന് പുറത്താണ്, ദാരിദ്ര്യവും സാമൂഹിക ശ്രേണികളും കാരണം അവര്‍ കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കുന്നു. വിയന്നയിലെ ഭവനരഹിതരായ 200ലധികം മനുഷ്യരെ പ്രേക്ഷകരുമായി മുഖാമുഖം നിര്‍ത്തുകയാണ് താർ തന്റെ ‘മിസ്സിംഗ് പീപ്പിള്‍’(Missing People) എന്ന സൃഷ്ടിയിൽ. സമ്പന്നതയ്ക്കിടയില്‍ നാം കാണാതെ പോവുന്ന, അദൃശ്യരായ മനുഷ്യരെ കാണാന്‍ താർ പ്രേരിപ്പിക്കുന്നു. ഇതേക്കുറിച്ച് താര്‍ ഇപ്രകാരം പറയുകയുണ്ടായി: “ഇത് എന്താണെന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം, ഇത് തീർച്ചയായും ഒരു സിനിമയല്ല, ഒരു എക്സിബിഷനല്ല, ഒരു നാടകമോ, ഒരു കച്ചേരിയോ അല്ല, ഒരുപക്ഷേ ഇത് ഒരുതരം ദൃശ്യകാവ്യമായിരിക്കാം… കാണാതാകുന്ന/അദൃശ്യരാവുന്ന ആളുകളെക്കുറിച്ചുള്ള ഒരു കവിത.”

“ചെറുത്തുനില്‍പ്പിന് രണ്ടു ഭാവങ്ങളുണ്ട്, അത് മാനുഷികമാണ്‌, അതൊരു കലാരൂപം കൂടിയാണ്” എന്ന ദെല്യൂസിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. താറിന്റെ ‘മിസ്സിംഗ് പീപ്പിള്‍’ ഈ രണ്ട് സ്വഭാവങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഇതൊരു ചെറുത്തുനില്‍പ്പാണ്, പ്രതിഷേധമാണ്, അതേസമയം കലാരൂപവും. 2018ല്‍ ഹംഗറിയിലെ സര്‍ക്കാര്‍ പാസാക്കിയ ഒരു നിയമത്തിനെതിരായ ചെറുത്തു നില്‍പ്പാണിത്. ഭവനരഹിതരെ ക്രിമിനല്‍ കുറ്റവാളികളാക്കുകയും തടവിലാക്കുകയും ഷെല്‍ട്ടര്‍ ഒഴിപ്പിക്കാന്‍ പോലീസിന് അധികാരം നല്‍കുകയും ചെയ്യുന്ന നിയമത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ്.

ബേലാ താര്‍ | PHOTO : WIKI COMMONS
ഈ അവതരണത്തിനായി താര്‍ കുറച്ചു മാസങ്ങള്‍ വിയന്നയിലെ ഭവനരഹിതരോടൊപ്പം ചെലവഴിച്ചു. അവരുമായി അടുത്തിടപഴകിയും സൗഹൃദം സ്ഥാപിച്ചും അവരുടെ വിശ്വാസം നെടിയെടുത്തതിനുശേഷം തന്റെ അവതരണത്തിനായി ഏകദേശം 200 ആളുകളെ അദ്ദേഹം തിരഞ്ഞെടുത്തു. ഇവരെ താര്‍ സമൂഹത്തില്‍ അവഗണിക്കപ്പെട്ടതോ കാണാതായതോ ആയ ആളുകളാക്കി അവതരണത്തില്‍ മാറ്റി.  

വിയന്നയിലെ ഒരു മ്യൂസിയമായ  പ്രദര്‍ശന വേദിയുടെ വാതിലുകൾ തുറക്കുന്നു. അകത്ത് പ്രവേശിക്കുമ്പോള്‍ അകത്തളം ഒരു ആഡംബര പാര്‍ട്ടിയുടെ ശേഷിപ്പുകള്‍ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍  രൂപകല്‍പന ചെയ്തതാണ്. ഭംഗിയുള്ള പരവതാനി വിരിച്ച, തിളങ്ങുന്ന നിരവധി ബുഫെ ടേബിളുകൾ. എന്നാല്‍  അവിടം മുഴുവന്‍ ഒരു പാര്‍ട്ടി കഴിഞ്ഞതിന്റെ അവശിഷ്ടങ്ങൾ - ഡസൻ കണക്കിന് ബിയർ കുപ്പികളും, ബാർ ടേബിളുകളും, വൈൻ ഗ്ലാസുകളും ചിതറിക്കിടക്കുന്നു. നടുവില്‍ ഒരു വലിയ സ്‌ക്രീനിലേക്ക് നയിക്കുന്ന ചുവന്ന പരവതാനി. ഹാളിന്റെ  ഇരുവശത്തും ഓരോ വലിയ സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നു. ഓരോ സ്ക്രീനിനും കീഴെ വീടില്ലാത്ത ആളുകളുമായി ബന്ധിപ്പിക്കുന്ന വസ്തുക്കള്‍ക്കിടയിൽ നമുക്ക് ഇരിക്കാം - ബാഗുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ. ഇത് കാണികളെ ഉടനടി വ്യത്യസ്തമായ ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുപോകുന്നു. അപ്പോള്‍ അവിടെ പ്രേക്ഷകർ ഇരുന്നിരുന്ന അതേ മുറിയുടെ ദൃശ്യങ്ങള്‍ കാണുന്നു. കളറിലാണ് തുടക്കം എങ്കിലും താറിന്റെ പ്രിയപ്പെട്ട ബ്ലാക്ക് ആന്‍ഡ് വൈറ്റിലേക്ക് ദൃശ്യങ്ങൾ  മാറുന്നു. ഇവിടെ പ്രേക്ഷകര്‍ ഇരിക്കുന്ന ഇടവും ദൃശ്യങ്ങളും ഒന്നാവുന്നു.

തുടക്കത്തില്‍ ഭവനരഹിതരായ ചില മനുഷ്യര്‍ പ്രേക്ഷകരുമായി സംവദിക്കുകയോ മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നു. ഒരാള്‍ ഹാളിന്റെ മധ്യത്തിലിരുന്ന് സിഗരറ്റ് കത്തിച്ച് സംസാരിക്കുന്നു. ഒരാള്‍ ഉറങ്ങാനുള്ള സ്ഥലം ഒരുക്കുന്നു, ഒരാള്‍ പാവയെ അണിയിക്കുന്നു, ഒരാള്‍ മേക്കപ്പ് ചെയ്യുന്നു – ഈ പ്രവര്‍ത്തികളെ വശങ്ങളിലുള്ള സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത് യാഥാര്‍ത്ഥ്യത്തെ ഇരട്ടിപ്പിക്കുന്നു. ഇതിനിടയില്‍ കൂട്ടമായും ആളുകള്‍ ഉണ്ട് – ആളുകള്‍ ഒത്തുചേരുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, നൃത്തം ചെയ്യുന്നു. ഇതും വശങ്ങളിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. ഹാളിലിരിക്കുന്ന ഒരാളുടെ സുഹൃത്ത് പ്രാര്‍ത്ഥന ചൊല്ലാനായി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആ മനുഷ്യന്‍ സ്ക്രീനിന് താഴെ മുട്ടുകുത്തി പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു. ഇവിടെ പ്രോജക്റ്റ് ചെയ്ത ദൃശ്യങ്ങളും പ്രകടനവും കൂടിക്കുഴയുന്നു.

സിനിമാ സ്ക്രീനിനോളം വലുപ്പമുള്ള സ്‌ക്രീനുകളിൽ താറിന്റെ ദീർഘകാല സഹകാരിയായ ഫ്രെഡ് കെലെമെൻ ചിത്രീകരിച്ച ഫൂട്ടേജ് നാം കാണുന്നു. ഇതിന് അകമ്പടിയായി താറിന്റെ സിനിമകളില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിക്കുന്ന മിഹാലി വിഗിന്റെ മാസ്മരികമായ ഒര്‍ഗാൻ സംഗീതം കേള്‍ക്കാം. ഏകദേശം 90 മിനിറ്റുകൾക്ക് ശേഷം ആളുകള്‍ ഉപേക്ഷിച്ചുപോയ വസ്തുക്കളുടെ സമുദ്രത്തിന് മുകളിലൂടെ ക്യാമറ ഒഴുകുന്നു: ബാഗുകൾ, പുതപ്പുകൾ, കോട്ടുകൾ. പിന്നെ, മുറിയുടെ അറ്റത്തുള്ള സ്‌ക്രീൻ ഉയരുന്നു, നീളമുള്ള ടേബിളുകളും ബെഞ്ചുകളും ഉള്ള മറ്റൊരു വലിയ ഇടം വെളിപ്പെടുന്നു. ഒരാള്‍ ലൈവായി അവതരണത്തില്‍ പശ്ചാത്തല സംഗീതമായിരുന്ന വിഷാദ ഗാനം അക്കോർഡിയനിൽ വായിക്കുന്നു.

‘കാണാതായ ആളുകൾ’ എന്ന് വിളിക്കപ്പെടുന്ന ഒരു സംഘം മുറിയിലേക്ക് പ്രവേശിച്ച് നിരയില്‍ നില്‍ക്കുന്നു. അവർ അനങ്ങാതെ നേരെ മുന്നോട്ട് നോക്കുന്നു. പിന്നീട്, തുടർച്ചയായ ട്രാവലിംഗ് ഷോട്ടില്‍ ഈ നിരനിരയായി നിൽക്കുന്ന വ്യക്തികളുടെ മുഖങ്ങൾ മീഡിയം ക്ലോസപ്പിൽ കാണിക്കുന്നു. അവസാനത്തെ മുഖം മായുന്നതുവരെ സംഗീതം തുടരുന്നു. സിനിമ എവിടെ തുടങ്ങുന്നു? എവിടെ അവസാനിക്കുന്നു? ഇതിനെ വിപുലീകരിച്ച സിനിമ(Expanded cinema) എന്ന് വിളിക്കാം.  ഇവിടെ സിനിമയും സെറ്റും ലയിക്കുന്നു.   

താറിന്റെ ഏഴര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘സാത്താന്‍ ടാംഗോ’ എന്ന സിനിമ ഗാലറികളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഈ സിനിമയുടെ അനന്യമായ ഗുണങ്ങള്‍ ഗാലറി അവതരണങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്. ഇത് സിനിമയുടെ ശക്തിയും സൗന്ദര്യവും മറ്റൊരു വിധത്തില്‍ ആസ്വദിക്കാന്‍ അവസരം നല്‍കുന്നു.

സാത്താന്‍ ടാംഗോയിൽ നിന്ന് | PHOTO : WIKI COMMONS
2010ല്‍ വിയന്നയിലെ ഗാലറി ആണ്ട്രിയാസ് ഹ്യൂബറില്‍ ആര്‍ട്ടിസ്റ്റ് ജോസഫ് ഡാബര്‍ണിഗ് ക്യൂറേറ്റ് ചെയ്ത ‘ആര്‍ട്ട് ആന്‍ഡ് ഫിലിം’ പരമ്പരയുടെ ഭാഗമായാണ് ‘സാത്താന്‍ ടാംഗോ’ പ്രദര്‍ശിപ്പിച്ചത്. ഇത് സിനിമയുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയ, റീഎഡിറ്റ് ചെയ്ത പതിപ്പോ അല്ലെങ്കില്‍ സാമ്പ്രദായിക പ്രതിഷ്ഠാപനമോ ആയിരുന്നില്ല, പകരം സിനിമയുടെ കാഴ്ചാനുഭവം പുനര്‍നിര്‍വചിക്കുകയാണ്.

ഒരു സിനിമ സാധാരണയായി ഇരുണ്ടമുറിയിലാണ് നടക്കുക, സുഖപ്രദമായ സീറ്റുകളും ഉണ്ടാവും. സിനിമകള്‍ തുടക്കം മുതല്‍ ഒടുക്കം വരെ തടസ്സമില്ലാതെ കാണാനുള്ളതാണല്ലോ. സിനിമ നടന്നുകൊണ്ടിരിക്കവേ ഇറങ്ങിപ്പോകുന്നത് മറ്റു പ്രേക്ഷകരും (സംവിധായകനും) അപമാനകരമായി കരുതുന്നു. എന്നാല്‍ ഒരു സിനിമയുടെ ഗാലറി പ്രദര്‍ശനം മറിച്ചാണ്. ഗാലറിയില്‍ ഇഷ്ടമുള്ളപ്പോള്‍ വരികയും പോവുകയും ചെയ്യാം. സിനിമ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഗാലറി സാധാരണയായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇടമാണല്ലോ. അവിടെ കാഴ്ചക്കാര്‍ക്ക് സ്വതന്ത്രമായി നടക്കാനും, ഓരോ കലാസൃഷ്ടിക്കും മുന്നില്‍ വ്യത്യസ്ത അളവില്‍ സമയം ചെലവഴിക്കാനും കഴിയുമല്ലോ.

ഇവിടെ ഓര്‍മ്മവരുന്നത് ആൻഡി വാർഹോളിന്റെ  സിനിമയേയും പ്രേക്ഷകരേയും സംബന്ധിക്കുന്ന സങ്കല്‍പ്പങ്ങളാണ്. തന്റെ സിനിമകൾ തുടർച്ചയായി കാണാനോ അതീവ ശ്രദ്ധയോടെ കാണാനോ ഉദ്ദേശിച്ചുള്ളതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “മറ്റ് തരത്തിലുള്ള സിനിമകളേക്കാൾ കൂടുതൽ കാര്യങ്ങൾ എന്റെ സിനിമകൾ കാണുമ്പോള്‍ നിങ്ങൾക്ക് ചെയ്യാൻ കഴിയും: നിങ്ങൾക്ക് തിന്നുകയും കുടിക്കുകയും പുകവലിക്കുകയും ചുമക്കുകയും തിരിഞ്ഞുനോക്കുകയും പിന്നീട് നേരെ നോക്കുകയും ചെയ്യാം, സിനിമ എപ്പോഴും അവിടെ ഉണ്ടാകും” എന്ന് അദ്ദേഹം പ്രസ്താവിച്ചു. കലയെയും പ്രേക്ഷക ഇടപെടലിനെയും കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്ന അദ്ദേഹത്തിന്റെ വിശാലമായ കലാപരമായ തത്ത്വചിന്തയെ ഇത്  പ്രതിഫലിപ്പിക്കുന്നു.

ഒരു സിനിമ ചിത്രത്തിനും ശില്പത്തിനുമായുള്ള ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത് ആര്‍ട്ടിന്റെയും സിനിമയുടെയും സ്വഭാവത്തിന് വിരുദ്ധമാണെന്നാണ് പൊതു വിശ്വാസം. അപ്പോള്‍ താറിന്റെ സിനിമ ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ആര്‍ട്ടും സിനിമയും എന്താണെന്ന് പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ‘സാത്താന്‍ ടാംഗോ’ എന്ന സിനിമ ഏഴര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതും വളരെ സാവധാനത്തില്‍ ഉള്ളതുമാണ്. ഈ സ്വഭാവം സിനിമയെ പ്രതിഷ്ഠാപനത്തിന് സമാനമാക്കുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നു. ദൈര്‍ഘ്യം കാരണം മിക്ക പ്രേക്ഷകര്‍ക്കും സിനിമ ഒറ്റയിരിപ്പില്‍ കാണുക അസാധ്യമാകുന്നു. ഗാലറിയില്‍ സിനിമാ പ്രദര്‍ശനം തുടര്‍ച്ചയായി നടക്കുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടാനുസരണം വരികയും പോവുകയും ചെയ്യാം എന്നതുകൊണ്ട്‌  ‘എന്റെ സമയം സിനിമയുടേതല്ല’ എന്നുവരുന്നു. മറ്റൊന്ന് അനുഭവത്തിന്റെ മൂല്യം സിനിമ മുഴുവന്‍ കാണുന്നതിലല്ല, മറിച്ച് ഒരാളുടെ സാന്നിധ്യത്തിലും സിനിമയുമായുള്ള പ്രതിപ്രവര്‍ത്തനത്തിലുമാണ് എന്നാണ് ക്യൂറേറ്റര്‍ പറയുന്നത്.  “സ്‌ക്രീനിംഗ് ഇപ്പോഴും സാധ്യമാണ്, പക്ഷേ ഇനി ചിത്രീകരണം സാധ്യമല്ല” എന്ന് താര്‍ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി. എഴുപതു വയസ്സായ താര്‍ ഇനി മാധ്യമങ്ങളെ ഏതൊക്കെ രീതിയിലായിരിക്കും പുനര്‍നിര്‍വചിക്കുക എന്നതിനായി നമുക്ക് കാത്തിരിക്കാം.


#cinema
Leave a comment