TMJ
searchnav-menu
post-thumbnail

TMJ Cinema

ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം

14 Oct 2023   |   5 min Read
റിബിന്‍ കരീം

ക്കാദമി അവാര്‍ഡ് ജേതാവ് ഫിഷർ സ്റ്റീവൻസ് നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി സംവിധാനം ചെയ്ത ഡേവിഡ് ബെക്കാം എന്ന വിഖ്യാത ഫുട്‌ബോള്‍ താരത്തെ കുറിച്ചുള്ള ഡോക്യുമെന്ററി കണ്ടന്റ് കൊണ്ടും, മേക്കിങ് എബിലിറ്റി കൊണ്ടും ഒരു ഗംഭീര അനുഭവമായി മാറുന്നുണ്ട്. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരേസമയം വേദനയും, ആവേശവും സമ്മാനിക്കുന്ന ഡോക്യു- സീരീസ് നാല് എപ്പിസോഡുകളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രസ്തുത ഡോക്യുമെന്ററി പുറത്തിറങ്ങിയ ശേഷം ബെക്കാമിന്റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് കുതിച്ചുയര്‍ന്നതായി 'ദി ഗാര്‍ഡിയന്‍' ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഈസ്റ്റ് ലണ്ടനിലെ പ്രതിഭാധനനായ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ഫുട്‌ബോള്‍ ബ്രാന്‍ഡിലേക്കുള്ള ബെക്കാമിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ ഒരു ഹോളിവുഡ് സ്‌പോര്‍ട്‌സ്-ഫാമിലി ഡ്രാമ ചിത്രം പോലെ മനോഹരമാണ്.

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ കരിയറും, സ്വകാര്യ ജീവിതവും അഞ്ചു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എപ്പിസോഡുകളില്‍ ഒട്ടും മുഷിപ്പിക്കാതെ ബ്ലെന്‍ഡ് ചെയ്‌തെടുക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ട്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണുമായുള്ള ബന്ധവും പിണക്കവും, ഭാര്യ വിക്ടോറിയ ബെക്കാമുമായുള്ള 24 വര്‍ഷത്തെ ദാമ്പത്യം, 1998 ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ നടന്ന മത്സരത്തില്‍ ചുകപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് ശേഷം നേരിട്ട പ്രതിസന്ധികള്‍, അങ്ങനെ നിരവധി വിഷയങ്ങള്‍ ഡോക്യുമെന്ററി സംഗ്രഹിക്കുന്നുണ്ട്. വിക്ടോറിയ ബെക്കാം, ബെക്കാമിന്റെ മാതാ പിതാക്കള്‍ ഒപ്പം അദ്ദേഹത്തിന്റെ മുന്‍ സഹതാരങ്ങളായ ഗാരി നെവില്‍, എറിക് കന്റോണ, റിയോ ഫെര്‍ഡിനാന്‍ഡ്, ലൂയിസ് ഫിഗോ, റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെറേസ്, ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ ഉള്‍പ്പെടെയുള്ളവരുടെ അഭിമുഖങ്ങളും ഡോക്യു സീരീസ് കവര്‍ ചെയ്യുന്നുണ്ട്.

1996-1997 സീസണില്‍ വിമ്പിള്‍ഡണിനെതിരെ ഹാഫ് വെയ് ലൈനില്‍ നിന്നും ഡേവിഡ് ബെക്കാം നേടിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നായി ഇന്നും പരിഗണിക്കപ്പെടുന്ന മൊമെന്റില്‍ നിന്നുമാണ് ആദ്യ എപ്പിസോഡ് ആരംഭിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 'ക്ലാസ് ഓഫ് 92' എന്ന വിഖ്യാതമായ ഫെര്‍ഗൂസന്റെ പടയാളികളുടെ കപ്പിത്താന്‍ ആയി ബെക്കാം മാറുന്ന സാഹചര്യവും സഹ താരങ്ങള്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ ആദ്യ ഭാഗത്തിലെ ഏറ്റവും ഇന്‍ട്രസ്റ്റിങ് ആയ (ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ) വിക്ടോറിയയുമായുള്ള അഭിമുഖത്തില്‍ നിന്നുള്ളതാണ്.


Victoria (to the interviewer): 'We both come from families that work very hard; we're very working class'.
Beckham : 'Be honest!' (peeps into the interview room)
Victoria: 'I am being honest!'
Beckham : 'What car did your dad drive you to school in?'
Victoria: 'So my dad did...'
Beckham : 'It just needs one answer!'
Victoria: 'It depends, but yes, in the 80's my dad had a Rolls Royce!'
Beckham : 'Thank you!' (leaves)

ഇംഗ്ലണ്ട് ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതും, ഇറ്റലിയെ തന്റെ കളി മികവ് കൊണ്ട് സമനിലയില്‍ തളച്ച് 1998 ലെ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടിയതും ആദ്യ എപ്പിസോഡിലെ അഡ്രിനാലിന്‍ മൊമെന്റുകളാണ്. എന്നാല്‍ ലോകകപ്പിലെ യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഇംഗ്ലണ്ട് കോച്ച് ഹൂഡില്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങളില്‍ റിസര്‍വ് ബെഞ്ചില്‍ ഇരുത്തിയത് ബെക്കാം വിവരിക്കുന്നത് ഏറെ വേദനയോടെ ആണ്. ബെക്കാമിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനു വരെ വിശദീകരിക്കേണ്ടി വരുന്ന തരത്തിലേക്ക് ബെക്കാമിന്റെ സ്റ്റാര്‍ഡം അതിനോടകം വളര്‍ന്നിരുന്നു. എന്നാല്‍ കൊളംബിയക്കെതിരെ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ ഗോള്‍ നേടിക്കൊണ്ട് അദ്ദേഹം തന്റെ പ്രതിഭ ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ട് ടീമിലെ സ്ഥാനം ഉറപ്പിക്കുന്നുണ്ട്. 

ആദ്യ എപ്പിസോഡിന്റെ അവസാന നിമിഷങ്ങളും രണ്ടാം എപ്പിസോഡിന്റെ ആദ്യ ഭാഗങ്ങളും ഏറെ ഇമോഷണല്‍ ആയ രംഗങ്ങളുടെ സമ്മേളനമാണ്. അര്‍ജന്റീനക്കെതിരായ രണ്ടാം റൗണ്ട് മല്‍സരത്തില്‍ ആനാവശ്യ ഫൗളിലൂടെ റെഡ് കാര്‍ഡ് ചോദിച്ചു വാങ്ങി ബെക്കാം ഇംഗ്ലണ്ടിന്റെ പുറത്താകലിന് വഴിയൊരുക്കി. അതുവരെ ബെക്കാമിനെ ഹീറോ ആയി പ്രതിഷ്ഠിച്ചു കൊണ്ടു നടന്ന ഇംഗ്ലീഷ് ആരാധകര്‍ അന്നുതൊട്ട് താരത്തിന് എതിരായി. അതുവരെ അയാളെ വാനോളം പുകഴ്ത്തി നടന്നിരുന്ന ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്നും പുറത്തായതിന്റെ മുഖ്യ കാരണക്കാരന്‍ ബെക്കാം ആണെന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അതിനെ തുടര്‍ന്നുണ്ടായ അബ്യൂസുകളില്‍ നിന്ന് ബെക്കാമിന്റെ ഒരു വയസ്സ് തികയാത്ത കുഞ്ഞിന് പോലും രക്ഷ ഉണ്ടായിരുന്നില്ല എന്നത് നൊമ്പരമുളവാക്കുന്ന കാഴ്ച്ചയായിരുന്നു. തന്നെയും തന്റെ കുടുംബത്തെയും വിടാതെ പിന്തുടരുന്ന ക്രൂദ്ധരായ ആരാധകരെ കുറിച്ച് വിക്ടോറിയ ബെക്കാം പറയുന്നത് 'അവരെ എല്ലാവരെയും കൊല്ലണം എന്നെനിക്കു തോന്നി' എന്നാണ്.

PHOTO: TWITTER
1999 സീസണില്‍ ഇംഗ്ലീഷ് ട്രബിള്‍ നേടി ചരിത്രത്തില്‍ ഇടം നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ കുന്തമുന ആയിരുന്ന ബെക്കാം ആണ് രണ്ടാം എപ്പിസോഡിലെ മറ്റൊരു പ്രധാന ആകര്‍ഷണം. താന്‍ ഏറെ പ്രതിസന്ധികള്‍ നേരിടാന്‍ കാരണക്കാരന്‍ ആയ അര്‍ജന്റീനിയന്‍ താരം സിമിയോണിയുടെ ഇന്റര്‍മിലാനെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്റെ അസ്സിസ്റ്റില്‍ ഗോള്‍ നേടി തോല്‍പ്പിച്ച രംഗത്തിനു ശേഷം ഫുള്‍ ഫ്രെയിമില്‍ ചെറു പുഞ്ചിരിയോടെ കാമറയെ നോക്കുന്ന ബെക്കാം ഡോക്യുമെന്ററി കാണുന്ന പ്രേക്ഷകന് ഗൂസ്ബമ്പ്‌സ് സമ്മാനിക്കുന്നുണ്ട്. സ്വപ്നതുല്യമായ ഒരു സീസണ്‍ തന്റെ ക്ലബ്ബിനു സമ്മാനിച്ച ബെക്കാമിനെ ആരാധകര്‍ 'there is only one david bekcham ' എന്ന് വിശേഷിപ്പിച്ചു കൊണ്ട് അഭിനന്ദിക്കുന്നത് അയാളുടെ പിതാവ് അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്നുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റ ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഫൈനല്‍ എന്ന് കാല്‍പ്പന്ത് പണ്ഡിതന്മാര്‍ അവകാശപ്പെടുന്ന 1999-ബയേണ്‍ മ്യൂണിക് - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെയും, യുണൈറ്റഡിന്റെ കിരീട ധാരണത്തിലൂടെയും രണ്ടാം എപ്പിസോഡിന് തിരശീല വീഴുന്നു.

1998 - ലോകകപ്പില്‍ നേരിട്ട സമാനതകളില്ലാത്ത തന്റെ കരിയര്‍ തകര്‍ച്ചക്ക് ബെക്കാം പകരം വീട്ടിയത് 2001 -ലാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രീസിനെതിരായ നിര്‍ണായക മത്സരത്തില്‍ തന്റെ ട്രേഡ് മാര്‍ക് ഫ്രീ കിക്കില്‍ നിന്നും ഗോള്‍ നേടിയ ബെക്കാം അതിലൂടെ ഇംഗ്ലണ്ടിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുകയും ആരാധകര്‍ക്കിടയില്‍ നഷ്ടപ്പെട്ട് പോയ തന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കുകയും ചെയ്തു. ആ ഒറ്റ മത്സരത്തിലൂടെ അക്കാലത്തോളം തന്നെ അവഹേളിച്ചവരോട് അയാള്‍ കളിക്കളത്തില്‍ പകരം വീട്ടി, മൂന്നാം എപ്പിസോഡിലെ ആവേശകരമായ രംഗം ഇതാണെങ്കില്‍ അതേ എപ്പിസോഡിനെ കലുഷിതമാക്കുന്നത് ഡേവിഡ് ബെക്കാമും താന്‍ പിതൃതുല്യനായി കാണുന്ന യൂറോപ്പ് കണ്ട ഏറ്റവും മികച്ച ക്ലബ് പരിശീലകരില്‍ ഒരാളായ ഫെര്‍ഗൂസനും തമ്മിലെ പടലപ്പിണക്കങ്ങളാണ്. വിക്ടോറിയയുമായുള്ള ബെക്കാമിന്റെ ബന്ധവും, മോഡലിംഗും കളിക്കളത്തിനു പുറത്തുള്ള താരത്തിന്റെ ബ്രാന്‍ഡിംഗ് ശ്രമങ്ങളും 'ക്ലബ്ബിനെക്കാള്‍ വലുതായി ആരും ഇല്ല' എന്ന കണിശത പുലര്‍ത്തുന്ന ഫെര്‍ഗൂസന് അലോസരം ഉണ്ടാക്കിയിട്ടുണ്ട്. എഫ്.എ കപ്പ് അഞ്ചാം റൗണ്ടില്‍ ബദ്ധവൈരികളായ ആഴ്സണലിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടു ഗോളിന് പരാജയപ്പെട്ട മത്സരത്തിന് ശേഷം ഡ്രസ്സിങ് റൂമില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി, ഒടുവില്‍ ക്ഷമ നശിച്ച ഫെര്‍ഗൂസന്‍ തോഴിച്ച ബൂട്ട്, ബെക്കാമിന്റെ നെറ്റിയിലാണ് കൊണ്ടത്. തന്റെ ബൂട്ട് ആണ് അന്ന് ഫെര്‍ഗൂസന്‍ ബെക്കാമിന് നേരെ ഉതിര്‍ത്തതെന്നു സഹതാരം സോള്‍ഷെയര്‍ ഈ എപ്പിസോഡില്‍ വെളിപ്പെടുത്തുന്നുണ്ട്. നെറ്റിയില്‍ സ്റ്റിച് മാര്‍ക്കുമായി നടന്ന് നീങ്ങുന്ന ബെക്കാമിന്റെ ചിത്രം അടക്കം യൂറോപ്യന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത ദിവസങ്ങളോളം ആഘോഷിച്ചു. ബെക്കാം - ഫെര്‍ഗൂസന്‍ പോരില്‍ ടീം വിടാന്‍ താരം നിര്‍ബന്ധിതനായി പിറ്റേ വര്‍ഷം ബെക്കാം റയലില്‍ എത്തി. അതോടെ യണൈറ്റഡ് കരിയറിന് വിരാമം.

PHOTO: WIKI COMMONS
2003 -ല്‍ മാഡ്രിഡില്‍ എത്തിയ ബെക്കാമിന് ലഭിച്ച സ്വീകരണം ഒരു അമേരിക്കന്‍ പ്രസിഡന്റ് രാജ്യം സന്ദര്‍ശിക്കുന്നതിന് തുല്യമാണെന്ന് ആ കാലത്തെ സ്പാനിഷ് മാധ്യമ പ്രവര്‍ത്തകര്‍ സാക്ഷ്യം പറയുന്നു. എന്നാല്‍ റയല്‍ മാഡ്രിഡില്‍ അവിടെ പ്രതീക്ഷിച്ചത്രയും ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സിനദിന്‍ സിദാന്‍, ബെക്കാം, റൊണാള്‍ഡൊ, ഫിഗൊ, കാര്‍ലോസ്, റൗള്‍ ഇത്രയും താരങ്ങളുള്‍പ്പെടുന്ന ഗലാറ്റിക്കോസ്' എന്നറിയപ്പെട്ടിരുന്ന ലോക പ്രശസ്ത പ്രതിഭകളുടെ കൂടാരമായിരുന്നു അന്ന് മാഡ്രിഡ്, എന്നാല്‍ വന്‍ ഇതിഹാസതാരങ്ങള്‍ ഉണ്ടായിരുന്നിട്ടും ആ കാലയളവില്‍ പ്രതീക്ഷിച്ചത്ര നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ റയലിന് കഴിഞ്ഞില്ല എന്നത് മറ്റൊരു പ്രധാനപ്പെട്ട വസ്തുതയായി ഡോക്യൂമെന്ററി ചൂണ്ടി കാണിക്കുന്നു.

'what makes david run' എന്ന നാലാമത്തെയും അവസാനത്തെയും എപ്പിസോഡ് ആരംഭിക്കുന്നത് ബെക്കാം തന്റെ ഔട്ട്ഫിറ്റുകളും, ശീലങ്ങളും, റൂട്ടീനും വിവരിച്ചു കൊണ്ടാണ്. 2007ല്‍ അമേരിക്കന്‍ ക്ലബ്ബായ എല്‍.എ ഗ്യാലക്‌സിയില്‍ ചേര്‍ന്ന ശേഷം പിന്നീട് എസി മിലാന്‍, പിഎസ്ജി എന്നീ ടീമുകള്‍ക്കു വേണ്ടി ബെക്കാം കളിച്ചതും വളരെ ഷോര്‍ട്ടായി ഈ ഭാഗത്തില്‍ വിവരിക്കുന്നുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ ഫുട്‌ബോള്‍ പ്രേമികളെ ആകര്‍ഷിക്കാന്‍ അവര്‍ കണ്ടെത്തിയ ബ്രാന്‍ഡ് 'ഡേവിഡ് ബെക്കാം' ആയിരുന്നു എങ്കിലും, ടീമുകളുടെയും, കളിക്കാരുടെയും നിലവാരമില്ലായ്മ ബെക്കാമിനെ മാനസികമായി അവിടെ തുടരുന്നതില്‍ പിന്നോട്ട് വലിച്ചു, അതേസമയം താന്‍ ഏറ്റവും സംതൃപ്തനായിരുന്നത് അമേരിക്കയില്‍ ആയിരുന്നു എന്ന് വിക്ടോറിയ ബെക്കാം അടിവരയിടുന്നുണ്ട്. പി.എസ്.ജിയുടെ ജേഴ്സിയില്‍ തന്റെ ഫുട്‌ബോള്‍ കരിയറിലെ അവസാന മത്സരത്തിന് ശേഷം ആദ്യ ദിവസം സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥിയുടെ നിഷ്‌ക്കളങ്കതയോടെ കണ്ണീര്‍ വാര്‍ക്കുന്ന ബെക്കാമിന്റെ മുഖം അയാളുടെ പ്രൊഫഷനോടുള്ള ആത്മാര്‍ത്ഥമായ സമീപനം വിളിച്ചോതുന്നതാണ്. തന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ ക്ലബ് ഇന്റര്‍ മിയാമിയിലേക്കു ലോകകപ്പ് ജേതാവും, വര്‍ത്തമാനകാലത്തെ ഏറ്റവും മികച്ച ഫുട്‌ബോളറുമായ സാക്ഷാല്‍ ലയണല്‍ മെസ്സിയെ സ്വീകരിക്കുന്നിടത്ത് സംഭവ ബഹുലമായ ബെക്കാം ഡോക്യൂമെന്ററി അവസാനിക്കുന്നു.

ഡേവിഡ് ബെക്കാം, ഫിഷർ സ്റ്റീവൻസ് | PHOTO: TWITTER
Gurinder Chadha സംവിധാനം ചെയ്തു 2002 - ല്‍ പുറത്തിറങ്ങിയ ചിത്രമാണ് Bend it Like Beckham. ഡേവിഡ് ബെക്കാമിന്റെ ഫ്രീ കിക്കുകളുടെ കൃത്യതയെ സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണത്. റൊണാള്‍ഡോ, മെസ്സി, സിദാന്‍ പോലെ ഒട്ടനവധി സ്‌കില്ലുകള്‍ ഇല്ലാതെ തന്നെ ലോങ്ങ് ബോളുകളിലൂടെയും, ഫ്രീ കിക്കുകളിലൂടെയും നീണ്ട കാലം ലോകത്തിലെ ഏറ്റവും വലിയ കോംമ്പറ്റേറ്റീവ് ഫുട്‌ബോള്‍ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ബെക്കാമിനായിട്ടുണ്ടെങ്കില്‍ അയാളുടെ പ്രതിഭയെ അംഗീകരിക്കാതിരിക്കാന്‍ ആവില്ല എന്നതാണ് ഡോക്യുമെന്ററി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. അതോടൊപ്പം എടുത്തു പറയേണ്ട ഒന്നാണ് വിക്ടോറിയ ബെക്കാമിനെ കുറിച്ചുള്ളത്, ബെക്കാമിന്റെ കരിയര്‍ ഗ്രാഫ് തകരാന്‍ കാരണം വിക്ടോറിയ ആണെന്ന പാപ്പരാസി മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് അവര്‍ ഡോക്യുമെന്ററിയിലൂടെ മറുപടി പറയുന്നു എന്ന് മാത്രമല്ല ഒരേസമയം തന്റെ പ്രൊഫഷണല്‍ കരിയറും, ഫാമിലി ലൈഫും ബാലന്‍സ് ചെയ്യാന്‍ അവര്‍ കാണിച്ച തന്റേടവും വൈകി ആണെങ്കിലും ഇനി ലോകം തിരിച്ചറിയും. ചുരുക്കത്തില്‍ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസുകളുടെ ടോപ്ലിസ്റ്റില്‍ ഇടം പിടിക്കാന്‍ എന്ത് കൊണ്ടും യോഗ്യമായ ഒന്നാണ് ബെക്കാമിനെ കുറിച്ചുള്ള ഈ ഡോക്യു സീരീസ്, തീര്‍ച്ചയായും അണിയറ പ്രവര്‍ത്തകര്‍ എല്ലാം വലിയ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.






#cinema
Leave a comment