ഭരത് ഗോപി: അഭിനയത്തിന്റെ മാന്ത്രിക ശരീരം
ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത് 2019 ല്‍ പുറത്തുവന്ന ചിത്രമാണ് ജോക്കര്‍. ഒരമേരിക്കന്‍ സൈക്കോളജിക്കൽ ത്രില്ലർ. ഗോതം എന്ന സാങ്കല്‍പ്പിക നഗരത്തിലെ മാനസികാസ്വാസ്ഥ്യമുള്ള ഹാസ്യ നടന്‍ ആർതർ ഫ്ലെക്കിന്റെ ജീവിതമാണ് ചലച്ചിത്രത്തിന്റെ പ്രമേയം. ഡിസി കോമിക്സ് കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ വോക്വിൻ ഫീനിക്സ് എന്ന നടനാണ് ജോക്കറായി വേഷമിട്ടത്. ഇത് സിനിമയെ സംബന്ധിക്കുന്ന പൊതുവിവരമാണ്. എന്നാല്‍ ജോക്കര്‍ കണ്ട മലയാളികള്‍ ആ പ്രകടനം, അതിലെ അസാധാരണമായ ശരീരഭാഷ, വിചിത്രശബ്ദങ്ങള്‍ ഉടലാകെയൊരു നടനവസ്തുവായിത്തീരുന്ന മാന്ത്രികത... ഇതെല്ലാം എവിടയോ കണ്ടതായി തിരിച്ചറിയുന്നുണ്ട്. അത് ഭരത് ഗോപിയിലായിരുന്നു. വോക്വിൻ ഫീനിക്സിന്റെ അഭിനയത്തിനൊരു പൂര്‍വ (അനു)ബന്ധം ഭരത് ഗോപിയില്‍ കാണാം.
കഥാപാത്രത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് പകരം കഥാപാത്രങ്ങളെ സ്വന്തം ശരീര ഘടയ്ക്കും ലാവണ്യത്തിനും അനുസൃതമായി പുതുക്കിപ്പണിതു ഭരത് ഗോപി എന്ന നടന്‍. ദ്രവപാകമായ ശരീരം കഥാപാത്രത്തിന്റെ ശരീര-ലാവണ്യ ഒഴുകി നിറയുന്ന രൂപപരിണിതി ഗോപി എന്ന നടനില്‍ സാധ്യമായില്ല. കഥാപാത്രങ്ങള്‍ ആ ശരീര നിലയിലേയ്ക്ക്, ആ അഴകളവുകളിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു. കഥാപാത്രങ്ങള്‍ ബാധിച്ച ശരീരം എന്ന് ഭരത് ഗോപിയെ വിശേഷിപ്പിക്കാം. അത്രയേറെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും ആ താരശരീരത്തില്‍ കുടിപാര്‍ത്തു. കൊടിയേറ്റത്തിലെ നിഷ്കളങ്കനായ ശങ്കരന്‍കുട്ടിയും പെരുവഴിയമ്പലത്തിലെ ചായക്കടക്കാരന്‍ വിശ്വംഭരനും പാളങ്ങളിലെ വിടനായ വാസുവും കള്ളന്‍ പവിത്രനിലെ അസൂയാലുവായ മാമച്ചനും കാറ്റത്തെ കിളിക്കൂടിലെ ഷേക്സ്പിയര്‍ കൃഷ്ണപിള്ളയും ആദാമിന്റെ വാരിയെല്ലിലെ സ്വാര്‍ത്ഥനായ മാമച്ചന്‍ മുതലാളിയും പഞ്ചവടിപ്പാലത്തിലെ ദുശാസനക്കുറുപ്പിന്റെ കാര്‍ട്ടൂണ്‍ ശരീരവും അക്കരയിലെ ദുരന്ത കഥാപാത്രമായ ഗോപിയും ചിദംബരത്തിലെ ശങ്കരനും രേവതിക്കൊരു പാവക്കുട്ടിയിലെ ബാലന്‍ മേനോനും വേഷവിധാനങ്ങളും ഉടലൊരുക്കങ്ങളുമില്ലാതെ ഗോപിയിലേയ്ക്ക് വന്നുകയറി. വിട്ടുപോകാന്‍ വിസമ്മതിക്കുന്ന ആത്മാക്കളായി കഥാപാത്രങ്ങള്‍ ആ ശരീരത്തില്‍ നിലനിന്നു.
കടല്‍ ഒരു രൂപകമായെടുത്താല്‍ ഭരത് ഗോപി തിരയൊടുങ്ങാത്ത ഉടലാണ്. വെള്ളിത്തിരയില്‍ നിന്ന് അപ്രതീക്ഷിതമായി പിന്‍വാങ്ങുമ്പോഴും അതിന്റെ അലകള്‍ ബാക്കി നിന്നു. അഭിനയത്തെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ തബലയില്‍ വിരല്‍ ചിതറി, മുടിയിളകി, ഉടല്‍പെരുക്കി അയ്യപ്പന്‍ സന്നിഹിതനാകും. അയ്യപ്പന്റെ തിരോധാനമാണ് യവനിക (കെ ജി ജോര്‍ജ്ജ്, 1982) യുടെ പ്രമേയം. ജീവതത്തില്‍ ഒരാള്‍ അവശേഷിപ്പിച്ചുപോകുന്ന മുദ്രകളാണ് അഭാവത്തിലും അയാളെ സമൂഹത്തിന്റെ ഓര്‍മ്മകളില്‍ പിടിച്ചുനിര്‍ത്തുന്നത്. യഥാര്‍ത്ഥത്തില്‍ അയ്യപ്പനെ മറക്കാനാണ് ആ സിനിമയിലെ ഓരോ കഥാപാത്രങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭാര്യയും മകനും കാമുകിയും അയാളുടെ ഓര്‍മ്മകളെപ്പോലും വെറുക്കുന്നു. വന്നുമറയുന്ന ഏതാനും ദൃശ്യസന്ദര്‍ഭങ്ങള്‍ക്കൊണ്ട് സിനിമയിലുടനീളം വെറുക്കപ്പെട്ടവനായി നിറഞ്ഞിടേണ്ടതുണ്ട് ആ കഥാപാത്രത്തിന്. ഇടഞ്ഞുകൊട്ടുന്ന ചെണ്ടക്കോലുപോലെ പിടിവിട്ട് തെറിച്ചുനില്‍ക്കുന്ന ഒരു താളം അയ്യപ്പനില്‍ ഗോപി കണ്ടെത്തുന്നു. തബലയുടെ പെരുക്കത്തില്‍ തന്റെ ഇടഞ്ഞശരീരത്തെ പ്രോകോപനപരമായി വിടര്‍ത്തിയെടുക്കാനാണ് നടന്‍ ശ്രമിക്കുന്നത്. തബലയോ താളമോ അല്ല, ഉടലാണ് അന്നേരം അയാളുടെ വിനിമയ മാധ്യമം. വ്യവസ്ഥയ്ക്ക് പാകമല്ലാത്ത ശരീരമാണ് തന്റേതെന്ന് ആ നിമിഷം അയ്യപ്പന്‍ സ്ഥാപിക്കുന്നു. നടന്റെ ശരീരം കണ്ടെടുക്കുന്ന അസാധാരണമായ ആ റിഥമാണ് സിനിമയിലുടനീളവും കാഴ്ചയുടെ പില്‍ക്കാല ചരിത്രത്തിലും അയ്യപ്പനെ സന്നിഹിതനാക്കുന്നത്. കൊടിയേറ്റത്തിലെ(അടൂര്‍ ഗോപാലകൃഷ്ണന്‍, 1978) ശങ്കരന്‍ കുട്ടിയില്‍ അതേ ശരീരത്തെ മറ്റൊരു താളക്രമത്തില്‍ വിന്യസിച്ചിരിക്കുന്നത് കാണാം. നാട്ടുകാര്‍ക്ക് ഉപകാരങ്ങള്‍ ചെയ്തുനടക്കുന്ന നിഷ്കളങ്ക കഥാപാത്രം. ശാന്തമ്മയെ (കെ പി എ സി ലളിത) വിവാഹം കഴിക്കുന്നതാണ് ശങ്കരന്‍കുട്ടിയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. ഭര്‍ത്താവിന്റെ പക്വതയില്ലായ്മ ശാന്തമ്മയെ ഖിന്നയാക്കുന്നുവെങ്കിലും ശങ്കരന്‍കുട്ടിയെ അത് ബാധിക്കുന്നില്ല. ഉത്സവങ്ങള്‍ കണ്ട് ഊരി ചുറ്റി ശങ്കരന്‍കുട്ടി പതിവ് താളക്രമത്തില്‍ സഞ്ചരിക്കുകയായിരുന്നു. ഗർഭിണിയായ ശാന്തമ്മയെ അവളുടെ അമ്മ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അന്വേഷിച്ചു ചെല്ലുന്ന ശങ്കരൻ കുട്ടിയെ അവർ അപമാനിച്ചു പറഞ്ഞുവിടുന്നു. ആനപാപ്പാനാകാനും ലോറി ഡ്രൈവറാകാനും അയാൾ ശ്രമിച്ച് പരാജയപ്പെടുന്നു. മറ്റൊന്നുമാകാനാവാതെ ശങ്കരന്‍ കുട്ടിയായി വര്‍ഷങ്ങള്‍ക്കുശേഷം ഭാര്യവീട്ടിൽ ചെന്ന് ഭാര്യയേയും കുട്ടിയേയും കാണുന്ന ശങ്കരൻകുട്ടിയിലാണ് സിനിമ അവസാനിക്കുന്നത്. ശങ്കരന്‍ കുട്ടി 'ഈഗോ' അഴിച്ചുകളഞ്ഞ നാട്യ ശരീരത്തിന്റെ സമ്പൂര്‍ണ്ണ നഗ്നതയായിരുന്നു. ശങ്കരന്‍ കുട്ടി പാര്‍ത്തിരുന്ന അതേ ശരീരത്തിലേയ്ക്കാണ് താളപ്രമാണങ്ങള്‍ തെറ്റിച്ചുകൊണ്ട് അയ്യപ്പന്‍ വന്നുകയറുന്നത്.
രൂപമോ ചമയമോ അല്ല ശരീരമാണ് ആത്യന്തികമായി നടന മാധ്യമമെന്ന് ഭരത് ഗോപിയുടെ കഥാപാത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അഭിനേതാവിന്റെ രൂപ ലവണ്യത്തെ സംബന്ധിക്കുന്ന ചലച്ചിത്ര പൊതുബോധത്തെ നിരാകരിക്കുന്നതാണ് ഭരത് ഗോപിയുടെ അഭിനയ ജീവിതം. താര സങ്കല്‍പ്പത്തെ മാത്രമല്ല നായക സങ്കല്‍പ്പങ്ങളെയും ഗോപി മാറ്റിമറിച്ചു. അയാളിലെ പുരുഷന്‍ ആദര്‍ശ മാതൃകയായിരുന്നില്ല. വീണുടയുന്ന, മുറിവേല്‍ക്കുന്ന, പകയാലും ഹിംസയാലും വെറുക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന, വിജയിക്കാത്ത, ഉറപ്പില്ലാത്ത കഥാപാത്രങ്ങളിലൂടെ സമൂഹത്തിന് സുപരിചിതരായതും എന്നാല്‍, അംഗീകരമില്ലാത്തതുമായ മനുഷ്യമാതൃകകളെ ഗോപിയുടെ ശരീരം കണ്ടെടുത്തു. നെടുമുടി വേണുവും ഭരത് ഗോപിയും ഒരുമിച്ച് നായകത്വത്തെ ആഘോഷിക്കുന്ന പാളങ്ങളില്‍ (ഭരതന്‍,1981) കാമാതുരനായ വിടനായി വീണുതകരാന്‍ മടിയില്ലാത്ത താര ശരീരമായി അയാള്‍ മാറുന്നു. അക്കരയിലെ തഹസീല്‍ദാര്‍ ഗോപി, അപമാനിതനായ നായകനാണ്. രേവതിക്കൊരു പാവക്കുട്ടിയിലെ (സത്യന്‍ അന്തിക്കാട്, 1986) ബാലന്‍മേനോന്‍, മധ്യവര്‍ഗ പിതൃരൂപത്തെ അതിന്റെ എല്ലാ വൈരുധ്യങ്ങളോടെയും സാക്ഷാത്കരിക്കുന്നു. അത്രമേല്‍ പരാജിതനായ മറ്റൊരു പിതൃ ശരീരത്തെ കണ്ടെത്താനാവാത്ത വിധം ആ അച്ഛന്‍ ഭരത് ഗോപിയില്‍ ഭദ്രമായി. അതേ താതരൂപത്തിന്റെ ഭാവ പകര്‍ച്ചയായിരുന്നു ഷേക്സ്പിയര്‍ കൃഷ്ണപിള്ള (കാറ്റത്തെ കിളിക്കൂട്, ഭരതന്‍, 1983). ദുശാസനക്കുറുപ്പിലാണ്(പഞ്ചവടിപ്പാലം,കെ ജി ജോര്‍ജ്ജ്, 1984) ആ താരശരീരം അഴിഞ്ഞാടിയത്. കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഭാവപ്പകര്‍ച്ചകളും അംഗചലനങ്ങളുമാണ് ആ കഥാപാത്രത്തെ സവിശേഷമാക്കുന്നത്. സൂക്ഷ്മ പരിശോധനയില്‍ ഒരിടര്‍ച്ചയുമില്ലാത്തവിധം കണിശമായ ശരീരചലനങ്ങളുടെ ശൃംഖലയാണ് ദുശാസനക്കുറിപ്പെന്നു കാണാം. ഓരോ ഫ്രയിമിലും കൃത്യതയാര്‍ന്ന ശരീര വിന്യാസം, വേഗത, കാര്‍ട്ടൂണ്‍ സിനികള്‍ ആവശ്യപ്പെടുന്ന അതിഭാവുകത്വം സ്ഫുരിക്കുന്ന മുഖഭാവങ്ങള്‍, ഏകാഭിനയ, മൂകാഭിനയ സങ്കേതങ്ങളിലെ ആക്ടിംഗ് പ്രോപ്പര്‍ട്ടിയെന്നപോലെ ഉപയോഗിക്കപ്പെടുന്ന രണ്ടാംമുണ്ടും കണ്ണടയും ഊന്നുവടിയും, ആദ്യവസാനം ‘കട്ടു’കളില്ലാത്ത ഒറ്റ ‘ആക്ടാ’യി ദുശാസനക്കുറുപ്പ് അനുഭവപ്പെടുന്നു. കഥാപാത്ര വൈവിധ്യങ്ങളെ സ്വന്തം ശരീരത്തിലേയ്ക്ക് ആവാഹിക്കുമ്പോള്‍, ഇടഞ്ഞുകൊട്ടിയും ഇടറിയും പതിഞ്ഞും മുറുകിയും വ്യത്യസ്ത കാലങ്ങളില്‍, കയറ്റിറക്കങ്ങളില്‍ നടന്‍ പുലര്‍ത്തിപ്പോന്ന അതിസൂക്ഷ്മമായ കൃത്യതയും താളഭദ്രതയും ഭരത്ഗോപിയുടെ അഭിനയത്തെ സവിശേഷമാക്കി. നടന്‍ ഇടഞ്ഞതും ഇടറിയതും വസ്തുനിഷ്ഠമായും തികഞ്ഞ സ്ഥലകാല ബോധ്യങ്ങളോടെയുമായിരുന്നു.
അച്ഛനായും ഭര്‍ത്താവായും വേഷം പകര്‍ന്നപ്പോഴൊക്കെ സര്‍വസമ്മത മാതൃകകളെയും ഉത്തമപുരുഷ സങ്കല്‍പ്പങ്ങളെയും ഭരത് ഗോപിയിലെ താരശരീരം നിരാകരിച്ചു. മറ്റൊരര്‍ത്ഥത്തില്‍ ആ ശരീരത്തില്‍ കുടിയേറിയ പുരുഷന്‍മാരൊക്കെ അരൂപികളായിരുന്നു. സമൂഹത്തില്‍ ലീനമായിരിക്കുന്ന പുരുഷ ഭാവങ്ങള്‍ക്ക്, ഹിംസാത്മകമായ കാമനകള്‍ക്ക് അതിന്റെ എല്ലാ വൈരുധ്യങ്ങളോടെയും ഉടലെടുക്കാന്‍ ഒരു മാധ്യമമായിത്തീരുകയായിരുന്നു ഭരത്ഗോപിയിലെ നടന്‍. മെയില്‍ ഈഗോ പലപ്രകാരത്തില്‍ നിറഞ്ഞാടിയ അരങ്ങായിരുന്നു ഗോപിയുടെ ശരീരം. ശരീരം തന്നെ അരങ്ങും മാധ്യമവുമാകുന്ന അപൂര്‍വത അത് ആഘോഷിച്ചു. അതിന്റെ വരും വരായ്കകളിലോ, താരപദവികളിലോ നക്ഷത്ര ശോഭകളിലോ അഭിരമിക്കാന്‍ കൂട്ടാക്കിയില്ല. രാഷ്ട്രീയമായി നടന്റെ ശരീരം കാലഘട്ടം/ചരിത്രം ആലേഖനം ചെയ്ത മാധ്യമമായിത്തീരുന്നു. എഴുപതുകളിലെ രാഷ്ട്രീയ ശരീരങ്ങളോടായിരുന്നു അതിന്റെ മമത. തൃഷ്ണകളെ അടക്കി, രൂപലാവണ്യങ്ങളെ ത്യജിച്ച്, ലക്ഷ്യങ്ങളില്‍ ശ്രദ്ധയര്‍പ്പിച്ച്, രാഷ്ട്രീയ ബോധ്യങ്ങള്‍ കുടിയേറിയ മെലിഞ്ഞ ഉടല്‍. ലക്ഷ്യമായിരുന്നു പ്രധാനം ശരീരം ഒരു മാധ്യമവും; അഭിനയമായിരുന്നു പ്രധാനം, താരശോഭയിലോ പദവികളിലോ അത് അഭിരമിച്ചില്ല. അതിനാല്‍തന്നെ ചലച്ചിത്ര ചരിത്രത്തില്‍ ഭരത്ഗോപി താരശരീരമായിരുന്നില്ല, അഭിനയ മാതൃകയായിരുന്നു. ലോകത്തെ വിസ്മയിപ്പിക്കുന്ന അസാധാരണ അഭിനയ സന്ദര്‍ഭങ്ങള്‍ കാണുമ്പോഴൊക്കെ ഭരത് ഗോപി എന്ന നടനെ ഓര്‍മ്മ വരുന്നത് അതുകൊണ്ടാണ്.