
ബൈസൺ സിനിമാറ്റിക് അനുഭവവും കീഴാള രാഷ്ട്രീയവും
'It is easy to make political films, but difficult to make films politically' ഫ്രഞ്ച് നവസിനിമയുടെ ആചാര്യനായ ഗൊദാർദിന്റെ ഈ വാക്കുകൾ രാഷ്ട്രീയ സിനിമയെയും ചലച്ചിത്രകാരനെയും കുറിച്ചുള്ള നമ്മുടെ പതിവു സങ്കല്പങ്ങൾ അതിലംഘിക്കാൻ ആവശ്യപ്പെടുന്നു. സിനിമയുടെ കേവല സൗന്ദര്യശാസ്ത്ര പ്രശ്‌നങ്ങൾക്കപ്പുറം നൈരന്തര്യമുള്ള ഒരു രാഷ്ട്രീയപ്രക്രിയയുടെ ഭാഗമായി ചലച്ചിത്രരചനയെ വളർത്തിയെടുക്കാനാണ് ഗൊദാർദിന്റെ ആഹ്വാനം. ഈ ആഹ്വാനം നൈസർഗികമായിത്തന്നെ ഉൾക്കൊണ്ട് രചന നടത്തിയിട്ടുള്ള ഇന്ത്യൻ ചലച്ചിത്രകാരന്മാർ വിരളമാണ്. എന്നാൽ അക്കൂട്ടത്തിൽ ഒതുങ്ങാൻ ഒരുക്കമല്ലെന്നു ആവർത്തിച്ച് പ്രഖ്യാപിക്കുകയാണ് "ബൈസൺ" എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ സംവിധായകൻ മാരി ശെൽവരാജ്.
അർജുന അവാർഡ് ജേതാവും ഇന്ത്യൻ കബഡി താരവുമായിരുന്ന മനതി ഗണേശന്റെ ജീവിത കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് മാരി ശെൽവരാജും സംഘവും ബൈസൺ അഭ്രപാളികളിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ ബൈസൺ മനതി ഗണേശന്റെ ജീവിചരിത്ര കഥയല്ല മറിച്ച് അദ്ദേഹത്തിന്റെ കായിക ജീവിതത്തിലെ പ്രതിസന്ധികളും, പോരാട്ട വീര്യവും സിനിമാറ്റിക് ഫിക്ഷണൽ എലമെന്റുകളുമായി ബ്ലെൻഡ് ചെയ്തിരിക്കുകയാണ് സംവിധായകൻ. ജാതിയുടെ പേരിലുള്ള ആക്രമങ്ങളും, കൊലപാതകങ്ങളും പതിവായ തമിഴ്നാട്ടിലെ ഒരു കാർഷികഗ്രാമത്തിൽ നിന്ന് ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമാകുന്ന ഒരു കബഡി താരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കിട്ടാൻ എന്ന കബഡി താരമായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവതാരം ധ്രുവ് വിക്രം ആണ്. ധ്രുവിന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായൊരു ചിത്രമായി വേണം ബൈസണെ കാണാന്‍.
മാരി ശെൽവരാജ് | PHOTO: WIKI COMMONS
സിനിമയിൽ ജാതിയെ അഭിസംബോധന ചെയ്യുന്ന സംവിധായകരിൽ ഇന്ത്യൻ സിനിമയിൽത്തന്നെ മുൻനിരപ്പേരുകാരനാണ് മാരി ശെൽവരാജ്. ആ അർത്ഥത്തിൽ പരിയേറും പെരുമാൾ മുതൽ മാമന്നൻ വരെയുള്ള ചിത്രങ്ങളുടെ തുടർച്ചയാണ് ബൈസൺ. "നീങ്ക നീങ്കളാ ഇറുക്കിറ വരേക്കും, നാൻ നായാ താൻ ഇറുക്കണുംന്ന് നീങ്ക എതിർ പാർക്ക വരേക്കും ഇങ്കേ എതുവുമേ മാറാത്. ഇപ്പടിയേ താൻ ഇറുക്കും." പരിയേറും പെരുമാൾ എന്ന തന്റെ ആദ്യ ചിത്രത്തിലെ ഈ സംഭാഷണ ശകലത്തിന്റെ തുടർച്ചയാണ് മാരി ശെൽവരാജ് ബൈസണിലൂടെ പ്രേക്ഷകരോട് പറയാൻ ശ്രമിക്കുന്നത്. 21-ാം നൂറ്റാണ്ടിലും മീശ വളർത്തിയതിന്റെ പേരിൽ ക്രൂരമായി മർദ്ദിക്കപ്പെടുന്ന തമിഴകത്തിൻ്റെ കീഴാളവംശശബ്ദത്തെ ബൈസണിലൂടെ പ്രതിനിധീകരിക്കുന്നുണ്ട് മാരി ശെൽവരാജ്. പരിയേറും പെരുമാളിലെ നായകൻ തന്റെ അറിവ് കൊണ്ടും, സഹനം കൊണ്ടുമാണ് ജാതീയതക്കെതിരെ പോരാടുന്നത്, മാമന്നനിലെയും, കർണനിലെയും നായകന്മാർ തങ്ങളുടെ ശാരീരിക ശേഷി കൊണ്ടും, സമര വീര്യം കൊണ്ടും പോരാടുന്നു. എന്നാൽ ബൈസണിലേക്കു വന്നാൽ നായകന്റെ പ്രതിരോധം ഭൂരിപക്ഷവും കബഡി എന്ന കായിക ഇനത്തിലെ തന്റെ മികവ് കൊണ്ടാണ്. ഇത് എന്റെയും കൂടി ഇടമാണെന്ന് വിളിച്ചു പറയേണ്ടി വരുന്ന ഒരോ മനുഷ്യരുടെയും അസ്തിത്വത്തിന്റെ അടയാളപ്പെടുത്തലുകൾക്കു സംവിധായകൻ വിവിധ പ്രതിരോധ രീതി ആണ് വിത്യസ്ത ചിത്രങ്ങളിൽ അവലംബിച്ചിരിക്കുന്നത് എന്ന് ചുരുക്കം.
ലഗാൻ, ചക് ഡി ഇന്ത്യ, തമിഴിൽ സർപ്പട്ട പരമ്പര, ബീഗിൾ, കണാ തുടങ്ങി ധാരാളം സ്പോർട്സ് ഡ്രാമ ചിത്രങ്ങൾ ഇന്ത്യൻ ബോക്സ് ഓഫീസുകളിൽ ഓളം ഉണ്ടാക്കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് സിനിമകളുടെ ഏറ്റവും വലിയ ന്യൂനനതകൾ അതിന്റെ പ്രവചനീയതയാണ് (Predictablity). സിനിമയുടെ തുടക്കവും മധ്യവും ഒടുക്കവുമെല്ലാം എന്തായിരിക്കുമെന്ന് നമുക്ക് ഏറെക്കുറെ ഊഹിക്കാവുന്നതായിരിക്കും. മിക്കപ്പോഴും പറയാനുണ്ടാവുക അണ്ടര്‍ഡോഗ് vs ഓള്‍ ഓഡ്‌സ് കഥയായിരിക്കും. ചിത്രത്തിന്റെ പശ്ചാത്തലം കേന്ദ്ര കഥാപാത്രങ്ങളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതുമായിരിക്കും. എന്നാൽ ബൈസണിലെ കഥാ പശ്ചാത്തലം രണ്ടു ജാതി വിഭാഗങ്ങൾ തമ്മിലെ കൊടിയ പകയുടെയും, ആക്രമവും കായിക മേഖലയിലെ ലോബിയിങ്ങും ആണ്. അത്തരം ഒരു പശ്ചാത്തലത്തിൽ കഥ പറയുമ്പോഴും ഒരു സ്പോർട്സ് ഡ്രാമയുടെ എല്ലാ ആകാംക്ഷയും ചിത്രം സമ്മാനിക്കുന്നുണ്ട്. ഒരേ സമയം ഹീറോയുടെ ജേര്‍ണിയും ഒരു സമൂഹത്തിന്റെ ജേര്‍ണിയും അടയാളപ്പെടുത്തുക എന്ന ശ്രമകരമായൊരു ജോലിയാണ് മാരി ശെൽവരാജ് എന്ന സംവിധായകന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നത്.
കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളെ വിനിമയം ചെയ്യുന്ന വിധത്തിലുള്ള കഥാന്തരീക്ഷനിർമ്മിതിയും കഥാഗതിയെ സമ്പന്നമാക്കുന്ന ഡീറ്റെയ്ലിങ്ങും എല്ലായ്പ്പോഴും മാരി ശെൽവരാജ് ചിത്രങ്ങളുടെ സവിശേഷതയാണ്. തന്റെ മുൻ ചിത്രങ്ങളിലെ പോലെ തന്നെ പ്രതീകങ്ങളിലൂടെയുള്ള ആശയകൈമാറ്റങ്ങൾ ബൈസണിലും കയ്യടക്കത്തോടെയുള്ള സിനിമാറ്റോഗ്രഫിയുടെ പിൻബലത്തിൽ തുടരുന്നുണ്ട് സംവിധായകൻ. പ്രതീകാത്മകത മനുഷ്യന്റെ അറിവിൽ ആഴത്തിൽ വേരൂന്നിയതാണ്, ഇത് ഭാഷ, കല, ആചാരങ്ങൾ എന്നിവയിലൂടെ സങ്കീർണ്ണമായ ആശയങ്ങളെ പ്രതിനിധീകരിക്കാൻ നമ്മെ അനുവദിക്കുന്നു. അംബേദ്കറുടെ ചിത്രങ്ങൾ, കറുത്ത നിറമുള്ള ആട്, നീല നിറം, ബുദ്ധ പ്രതിമ, കാട്ട് പോത്ത്, ജാതി കൊലപാതകങ്ങളിൽ നിന്നും ഇൻവിസിബിളാക്കി നിർത്തപ്പെടുന്ന ജാതി എന്ന യാഥാർത്ഥ്യം അങ്ങനെ പ്രതീകങ്ങൾ കൊണ്ട് സമ്പന്നമാണ് ബൈസൺ.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
അഭിനേതാക്കളുടെ ഏറ്റവും മികച്ച പ്രകടനം ചിത്രത്തിന്റെ വൈകാരികാനുഭവത്തെ തീവ്രമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വളരെ മികച്ച physique നോടൊപ്പം നല്ല അഭിനയവും ധ്രുവിന് സിനിമയിൽ പ്രകടിപ്പിക്കാനായി. രണ്ടു ടീമുകൾ തമ്മിൽ അക്ഷരാർത്ഥത്തിൽ കായികമായി മാറ്റുരക്കുന്ന മത്സരമാണ് കബഡി. ദക്ഷിണ ഭാരതമാണ് കബഡിയുടെ ജന്മദേശമായി അറിയപ്പെടുന്നത്. തമിഴ് ഭാഷയിൽ കൈ-പിടി എന്നീ വാക്കുകൾ ചേർന്നാണ് കബഡിയായി മാറിയത് എന്നാണ് പറയപ്പെടുന്നത്. ധ്രുവിന്റെ ശാരീരിക ക്ഷമത കബഡി രംഗങ്ങളിലെ മെയ്വഴക്കത്തിനും സഹായകരമായിട്ടുണ്ട്. ചിത്രത്തിലെ പ്രണയങ്ങളും പതിവ് വാർപ്പ് മാതൃകകളിൽ നിന്നും വ്യത്യസ്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്. നായികയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പ്രണയപരവശനായ പതിവു നായകനല്ല, പ്രണയത്തേക്കാൾ സ്വത്വ പ്രതിസന്ധിയും ആത്മസംഘർഷങ്ങളും ആണ് അവനെ അസ്വസ്ഥനാക്കുന്നത്. കബഡി എന്ന കായിക ഇനം ആണ് അവനെ ആവേശം കൊള്ളിക്കുന്നത്.
കേന്ദ്രകഥാപാത്രമായ കിട്ടന്റെ (ധ്രുവ് വിക്രം) അച്ഛനായി വേഷമിട്ട പശുപതി ഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്. ഒരുപക്ഷെ വിരുമാണ്ടി എന്ന വിഖ്യാത ചിത്രത്തിന് ശേഷം പശുപതിയുടെ മികച്ച റോളുകളിൽ ഒന്നാണ് ബൈസണിലെ വേലുസ്വാമി എന്ന കഥാപാത്രം. ഒട്ടും കൃത്രിമത്വമില്ലാതെ, ഭയവും ക്രോധവും വേദനയും അസ്വസ്ഥതകളും ഉൾപ്പെടെയുള്ള തീവ്രവൈകാരിക രംഗങ്ങളെപ്പോലും തികഞ്ഞ കയ്യടക്കത്തോടെ പശുപതി ഭംഗിയായി ചെയ്തിരിക്കുന്നു. നായകനിലൂടെ സിനിമ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ വീക്ഷണങ്ങൾക്ക് ദിശാബോധം നൽകാൻ പ്രാപ്തയായ ഇരട്ടനായികമാരാണ് രജീഷ വിജയന്റെയും സ്ക്രീൻ സ്‌പേസ് കുറവാണെങ്കിലും അനുപമ പരമേശ്വരന്റെയും കഥാപാത്രങ്ങൾ. നായകന്റെ ജീവിതത്തിലെ നിർണായക തീരുമാനങ്ങൾക്ക് പിന്നിൽ സഹോദരി കഥാപാത്രമായ രജീഷ വിജയന്റെ പിന്തുണയും പങ്കാളിത്തവുമുണ്ട്. അനുപമ പരമേശ്വരൻ അവതരിപ്പിച്ച റാണി എന്ന കാമുകി കഥാപാത്രം, നായകനെ ഡോമിനേറ്റ് ചെയ്യുന്ന രംഗങ്ങൾ പതിവ് കാഴ്ച ശീലങ്ങളെ തകിടം മറിക്കുന്നുണ്ട്. മലയാള നടനും സംവിധായകനുമായ ലാൽ ഈ ചിത്രത്തിലും വളരെ പ്രാധാന്യമുള്ള വേഷമാണ് ചെയ്തിരിക്കുന്നത്. അമീർ, അഴകൻ പെരുമാൾ തുടങ്ങിയ താരങ്ങളും തങ്ങളുടെ വേഷങ്ങളിൽ ജീവസ്സുറ്റ പ്രകടനം കാഴ്ചവെച്ചു.
സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളുടെ സൃഷ്ടിയിലും കാസ്റ്റിംഗിലും പുലർത്തിയിരിക്കുന്ന സൂക്ഷ്മത പ്രശംസനീയമാണ്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഓരോ ഘടകങ്ങളും മികവോടെ ചേർന്നു നിൽക്കുമ്പോഴാണ് മികച്ച ഒരു സിനിമ പിറവിയെടുക്കുന്നത്. മാരി ശെൽവരാജിന്റെ ചിത്രങ്ങളുടെ സ്ഥിരം സംഗീത സംവിധായകനായ സന്തോഷ് നാരായണന് പകരം നിവാസ് കെ പ്രസന്ന ആണ് ഇത്തവണ ബൈസണിൽ സംഗീതം നിർവഹിച്ചത്. പാട്ടിനെയും പശ്ചാത്തല സംഗീതത്തെയും സിനിമയുടെ ആത്മാവിനൊപ്പം ചേർത്തു നിർത്തുന്നുണ്ട് നിവാസ്. അതോടൊപ്പം വലിയ കൈയ്യടി അര്‍ഹിക്കുന്നത് ചിത്രത്തിന്റെ കലാസംവിധാന വിഭാഗമാണ്. കഥയുടെ മർമ്മമായ തൊണ്ണൂറുകളിലെ തമിഴ് ഗ്രാമം സെറ്റാണെന്ന് ചിലപ്പോൾ പലർക്കും വിശ്വസിക്കാൻ കഴിഞ്ഞേക്കില്ല. അത്രത്തോളം കൃത്യതയോടെയാണ് ആർട്ട് വിഭാഗം നൂറുകണക്കിന് വീടുകളടങ്ങുന്ന ഗ്രാമം ഒരുക്കിയിരിക്കുന്നത്. പ്രതീകാത്മകമായ ഒട്ടേറെ ഫ്രെയിമുകളുള്ള ചിത്രത്തിന്റെ ഛായാഗ്രാഹകൻ എഴിൽ അരസാണ്. പ്രണയവും, പകയും കബഡി രംഗങ്ങളുമെല്ലാം മനോഹരമായി പകർത്തുന്നതിൽ ഏഴിൽ അരസ് വിജയിച്ചിട്ടുണ്ട്. സംവിധായകൻ്റെ ശൈലിയോട് ചേർന്നുനിന്നുകൊണ്ട് പ്രേക്ഷകരെ ഒന്നിച്ചു കഥാപശ്ചാത്തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്.
ആമുഖത്തിൽ പറഞ്ഞത് പോലെ കല എന്ന മാധ്യമത്തിന്റെ ഏത് രൂപവുമായിക്കോട്ടെ, അതിനെയെല്ലാം ഒരു ടൂള്‍ ആക്കുക എന്നത് എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ല. കൊമേർഷ്യൽ സിനിമകളിൽ അതിത്തിരി ശ്രമകരമായ ജോലിയും ആണ്. ഇവിടെ ആണ് ഒരേ സമയം കലയേയും കച്ചവടത്തെയും രാഷ്ട്രീയത്തെയും സമന്വയിപ്പിച്ച് മനോഹരമായ ഒരു വിഷ്വൽ ട്രീറ്റ് ഒരുക്കി മാരി ശെൽവരാജ് വീണ്ടും വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.


