TMJ
searchnav-menu
post-thumbnail

TMJ Cinema

പിറന്നു, അതിനാല്‍ ജീവിക്കുന്നു

19 Jan 2024   |   3 min Read
ഷാരോണ്‍ ഷാജി

'In the dark times/Will there be singing?/There will be singing/Of the dark times'
-Bertolt Brecht

ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്ന, നിഷ്‌ക്രൂരം കൊല്ലപ്പെട്ടേക്കാവുന്ന കുറേ മനുഷ്യര്‍. രാജ്യാതിര്‍ത്തി തങ്ങളുടെ ജീവന്റേയും ജീവിതത്തിന്റേയും ലക്ഷ്മണ രേഖയാക്കപ്പെടുന്ന ഒരുപറ്റം മനുഷ്യരുടെ നിരന്തര പ്രതിരോധമാണ് അബ്ബാസ് അമീനി സംവിധാനം ചെയ്ത 'എന്‍ഡ്ലെസ് ബോര്‍ഡേഴ്സ്'. ഒരേസമയം നാടകീയതകളും അതേപോലെ ത്രില്ലര്‍ എലമെന്റുകളും സമാന്തരമായാണ് ഇവിടെ സഞ്ചരിക്കുന്നത്. ജോലിയില്‍ വിലക്ക് കല്‍പ്പിച്ചിട്ടുള്ള, അത് ലംഘിച്ച് തന്റെ കുട്ടികള്‍ക്കായി അതിര്‍ത്തികളെ മറികടന്നെത്തുന്ന അഹമ്മദിലൂടെയാണ് സിനിമ തുടങ്ങുന്നത്. മുന്നോട്ടുപോകുന്നതും അഹമ്മദിലൂടെത്തന്നെ. അബ്ബാസ് അമിനിയുടെ എന്‍ഡ്‌ലെസ് ബോര്‍ഡേഴ്‌സ് ആയിരുന്നു 2023 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മികച്ച സിനിമ (golden peacock) യായി തിരഞ്ഞെടുതത്ത്. ത്രില്ലര്‍ റോഡ് മൂവി ജോണറിന്റെ രൂപത്തില്‍ ആണ് സിനിമയുടെ യാത്ര.

യുദ്ധവും കൈയ്യടക്കലും പലായനവുമൊന്നും പുതിയ കഥയല്ല. മണ്ണിനുവേണ്ടി, വംശീയത ഉയര്‍ത്തി നൂറ്റാണ്ടുകള്‍ക്കിപ്പുറവും കൊലചെയ്യപ്പെടുന്ന പലസ്തീനികളെ കേള്‍ക്കുന്നവര്‍ക്ക് ഈ ബോര്‍ഡറിന്റെ ഭീകരത കുറേക്കൂടി ആഴത്തില്‍ മനസ്സിലാകും. വേട്ടയാടപ്പെടുന്ന ജനതയ്ക്ക് നിസ്സഹായതയല്ലാതെ പ്രതീക്ഷയുടെ മുഖംകൂടിയുണ്ടെന്ന് കാട്ടിത്തരുകയാണ് അബ്ബാസ് അമീനി. അവരിലെ പ്രണയവും വിരഹവുമെല്ലാം ഈ അശാന്തിയുടെ തീരത്തുണ്ട്. ഒരു ജനതയുടെ ആകെമൊത്തം ദുരിതത്തിന്റെ കഥ മാത്രമായല്ല ഈ ചിത്രം കാണേണ്ടത്. അടിച്ചമര്‍ത്തപ്പെടുമ്പോഴും അവര്‍ക്കിടയിലും പ്രകടമാകുന്ന അധികാര ശ്രേണികളിലേയ്ക്ക് കൂടിയാണ് അബ്ബാസ് ക്യാമറ തിരിച്ചത്. ഭൂപ്രകൃതിയുടെ വരണ്ട അവസ്ഥ തന്നെയാണ് സിനിമയിലെ (യഥാര്‍ഥ) ജീവിതങ്ങള്‍ക്കും. പേടിച്ച് കഴിയുന്ന, എപ്പോള്‍ വേണമെങ്കിലും ഒരു ദുരന്തം ഒരു ശ്വാസോച്ഛ്വാസത്തിന്റെ വേഗത്തില്‍ തങ്ങളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്ന അവസ്ഥയില്‍, വെടിയുണ്ടകളും ബോംബുകളും അന്തരീക്ഷത്തില്‍ ലയിച്ച ജീവിതങ്ങളുടെ വൈകാരിക അനുഭവംപോലും നമ്മുടെ ഭാവനയ്ക്കു പോലും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്. ഒരു രാത്രി ഉറങ്ങിയാല്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുമോ എന്ന് ഉറപ്പില്ലാത്ത ജീവിതം.

തുടക്കത്തില്‍ പറഞ്ഞതുപോലെ ജോലിയില്‍ വിലക്കുണ്ടായിട്ടും അഹമ്മദ്, മൈലുകള്‍ താണ്ടി ആ അതിര്‍ത്തികളിലേയ്ക്ക് എത്തുന്നു. ക്ലാസില്‍ വരാത്ത കുട്ടികള്‍ക്കായി അയാള്‍ വീടുകള്‍ കയറിയിറങ്ങുന്നു. വഴിയില്‍ നഷ്ടപ്പെട്ടേക്കാവുന്ന ജീവനുവേണ്ടി കഴിയുന്നതെല്ലാം ചെയ്യുന്നു. അധികാര മാറ്റങ്ങള്‍ പ്രതിസന്ധിയിലാക്കിയ ജനതയ്ക്കൊപ്പം അയാളുണ്ടായിരുന്നു. രക്ഷിച്ച ജീവനെ ഒടുക്കം അയാളില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതുപോലും അഹമ്മദിലെ ഇനിയും വറ്റിയിട്ടില്ലാത്ത മനുഷ്യത്വമാണ്. കിടപ്പിലായ വൃദ്ധനെ പരിചരിക്കുന്ന പെണ്‍കുട്ടി അയാളുടെ മകളല്ല ഭാര്യയാണെന്ന് തിരിച്ചറിയുമ്പോഴാണ് അഹമ്മദിന് അവളുടെ പ്രണയവും, കൊലപാതക ശ്രമംപോലും നീതീകരിക്കാന്‍ സാധിച്ചത്. അത്രമാത്രം സങ്കീര്‍ണമാണ് അവരുടെ ജീവിതം. അഫ്ഗാനിസ്ഥാനും ഇറാനുമടങ്ങുന്ന വരണ്ടുണങ്ങിയ അശാന്തിയുടെ തീരങ്ങളിലേയ്ക്കാണ് പതിനാറുകാരിയായ ഹസീബയും കുടുംബവും എത്തിപ്പെടുന്നത്. നാടുകടത്തപ്പെട്ട അഹമ്മദ് ഖസാക്കിലെ രവിയേപ്പോലെ ഏകാധ്യാപകനായി ബലൂച്ച് വംശജര്‍ ഉള്ള ഒരു ഗ്രാമത്തില്‍ എത്തുന്നത് തന്റെ ജീവിതപങ്കാളിയായ നിലൂഫറുമായി പുതിയ ഒരു ദേശത്ത് ജീവിതം തുടങ്ങാന്‍ ആണ്. കാബൂളിലേക്ക് താലിബാന്‍ ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടം. വെടിയൊച്ചകള്‍ക്കിടയില്‍ നിന്നുപോലും അവള്‍ പൊട്ടിച്ചെറിയാന്‍ ശ്രമിക്കുന്നത് പാരമ്പര്യത്തിന്റെ കെട്ടുറപ്പുള്ള അതിര്‍ത്തികളെക്കൂടിയാണ്. ഏത് വംശീയതയേയും എല്ലാകാലത്തും പരാജയപ്പെടുത്താന്‍ കെല്‍പ്പുള്ള പ്രണയമാണ് പിന്നീട് ഹസീബയ്ക്കും ഊര്‍ജമാകുന്നത്. എന്നാല്‍ മരണക്കിടക്കയില്‍ കിടക്കുന്ന വൃദ്ധനായ ഭര്‍ത്താവിനെ വിട്ട് അഹമ്മദിന്റെ വിദ്യാര്‍ത്ഥിയായ ബാലാജുമായി ഹസീബ പ്രണയത്തിലാകുമ്പോള്‍ അവിടെ പ്രതിസന്ധിയിലാകുന്നത് അഹമ്മദാണ്. 

പറ്റുന്നതെല്ലാം പറഞ്ഞ് ഇരുവരേയും പ്രണയത്തില്‍ നിന്നകറ്റാന്‍ അഹമ്മദ് ശ്രമിക്കുമ്പോഴും അതില്‍ പരാജയപ്പെടാന്‍ അയാളും ആഗ്രഹിച്ചിട്ടുണ്ട്. അഹമ്മദിനെ ഭയപ്പെടുത്തിയത് താലിബാന്റെ തോക്കിന്‍ മുനകള്‍ മാത്രമായിരുന്നില്ല ബാലാജിന്റെ പിതാവ് അന്നാട്ടിലെ ഗ്രാമത്തലവനാണെന്നതുകൂടിയാണ്. അയാള്‍ക്കൂടി അനുവദിച്ചിട്ടാണ് ഹസീബയും കുടുംബവും അവിടെ താമസിക്കുന്നത്. അങ്ങനെ പ്രേക്ഷകനെക്കൂടി പ്രതിസന്ധിയിലാക്കിയാണ് സിനിമ മുന്നോട്ടുപോകുന്നത്. വേനല്‍ക്കാലത്തെ ചൂടുകാറ്റ് താലിബാന്‍ ഭരണംപോലെ ചുറ്റിവലിക്കുന്നതിലും ഭേദം സ്വാതന്ത്ര്യത്തിലൂടെ നേടുന്ന മരണമായിരിക്കും അവരെ മുള്ളുവേലികളും താണ്ടിപ്പോകന്‍ പ്രേരിപ്പിച്ചത്.

ഒടുക്കം ഇരുവരേയുംകൊണ്ട് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ഫോണ്‍കോളിലൂടെ മാത്രം പ്രേക്ഷകര്‍ അറിഞ്ഞ അഹമ്മദിന്റെ ഭാര്യ നിലൂഫറും എത്തുന്നു. പിന്നീട് തുര്‍ക്കി ലക്ഷ്യമാക്കിയാണ് നാലുപേരുടേയും യാത്ര. ക്ലൈമാക്സിലേയ്ക്കെത്തുമ്പോള്‍ യാത്രയുടെ തീവ്രതയേറും. നിഷ്‌ക്രിയത്വത്തിന്റെ അങ്ങേയറ്റം ദയനീയമുഖങ്ങളിലൂടെ എന്‍ഡ്ലെസ് ബോര്‍ഡേഴ്സ് സഞ്ചരിക്കുന്നു. അദ്ധ്യാപകനായെത്തുന്ന പൗറിയ റഹീമി സാമും ചിത്രത്തിന്റെ പകുതിയില്‍ മാത്രം നിലൂഫറിലൂടെ എത്തുന്ന മിനോ ഷരീഫിയും കഥാന്ത്യത്തിനപ്പുറവും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കും. അധികാരപ്രതിസന്ധികള്‍ക്കും തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനങ്ങള്‍ക്കുമിടയില്‍ പെട്ടുപോയ ഒരുപറ്റം നിസ്സഹായ ജീവികളെ വേദനയോടെയല്ലാതെ ഇനിയും കാണുന്നതെങ്ങനെ? അവരെ കേള്‍ക്കാതെ, അവര്‍ക്കുവേണ്ടി ഒരു വാക്കുപോലും ഉച്ചരിക്കാതെ ഏത് മനോഹര ഭൂമി തേടിയാണ് നിങ്ങള്‍ ധൃതിപ്പെട്ടുപോകുന്നത്? അവരുടെ സ്വപ്നങ്ങളിലേക്ക് വന്നുപതിക്കുന്ന സ്ഫോടക വസ്തുക്കള്‍ക്കു മുന്നില്‍ എത്രനാളിങ്ങനെ മുഖം തിരിക്കും? എന്നിങ്ങനെ അവനവനോടുതന്നെ ചോദിക്കാന്‍ ഏറെ അവശേഷിപ്പിച്ചാണ് ഈ ചിത്രത്തിന്റെ രണ്ടുമണിക്കൂര്‍ കടന്നുപോകുന്നത്. വേട്ടയാടപ്പെടുന്ന, പലായനം ചെയ്യുമ്പോഴും ആട്ടിയോടിക്കുന്ന അസംഖ്യം മനുഷ്യരുടെ കഥകളില്‍ ഒന്നുമാത്രമാണ് എന്‍ഡ്ലെസ് ബോര്‍ഡേഴ്സ്. ഭര്‍ത്താവും താനും ഒരുമിച്ച് ചെയ്ത ഒരു കുറ്റത്തിന് (കൃത്യത്തിന്) താന്‍ മാത്രം എന്തുകൊണ്ട് ശിക്ഷ അനുഭവിച്ചു എന്നതിന് ഉത്തരം  നിലൂഫറിന് ആര് നല്‍കും. നിലൂഫറിന്റെ ജീവിതം ഇനിയും പറയേണ്ടിയിരിക്കുന്നു, അവള്‍ അനുഭവിച്ച വേദനയും ഏകാന്തതയും..... അവസാന ഷോട്ടിലെ നിലൂഫറിന്റെ മുഖത്ത് ഇനിയും കാണികളോട് വെളിവാക്കാത്ത തന്റെ ജീവതം നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.


#cinema
Leave a comment