TMJ
searchnav-menu
post-thumbnail

TMJ Cinema

ക്രിസ്റ്റഫര്‍ നോളനും ഓപ്പണ്‍ഹൈമറും: സിനിമ ഹാളുകള്‍ യുദ്ധഭൂമിയാവുമോ

17 Jul 2023   |   3 min Read
അക്ഷയ് കെ പി

ടതുപക്ഷ ആഭിമുഖ്യം, യുദ്ധങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരത നിറഞ്ഞ ഹിരോഷിമ- നാഗസാക്കി സംഭവങ്ങള്‍ക്ക് കാരണമായ ആറ്റംബോംബ് വികസിപ്പിച്ച മാന്‍ഹാട്ടന്‍ പദ്ധതിയുടെ തലവന്‍, താനുണ്ടാക്കിയ ആറ്റംബോംബ് കാരണം മനുഷ്യരാശിക്ക് ഉണ്ടായ വിപത്തുകളെയോര്‍ത്ത് ബാക്കിയുള്ള ജീവിത കാലം തള്ളി നീക്കിയ മനുഷ്യന്‍ - 'ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍'. ശാസ്ത്രത്തിന്റെ ക്രിയാത്മകവും വിനാശകരവുമായ സാധ്യതകളെ ഒരേ സമയം ഉള്ളില്‍ പേറിയ ഓപ്പണ്‍ഹൈമറിന്റെ ജീവിതം സിനിമയാകുന്നു. സാക്ഷാല്‍ ക്രിസ്റ്റഫര്‍ നോളനാണ് സിനിമയെടുക്കുന്നത്.

സിനിമാസ്വാദകര്‍ക്കിടയില്‍ ആവേശമാണ് നോളന്റെ സിനിമകള്‍. നോളന്‍ എന്ന പേര് കേട്ടാല്‍ തന്നെ സിനിമയുടെ പശ്ചാത്തലമോ ബാക്കി കാര്യങ്ങളോ നോക്കാതെ സിനിമാപ്രേമികള്‍ തീയേറ്ററുകളിലേക്ക് ഇടിച്ച് കയറും. പ്രേക്ഷകരെ പിടിച്ചിരിത്തുകയും, ചിന്തിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന നോളന്‍ ശൈലിയാണ് അതിനുള്ള കാരണം. നോളന്‍ ഓപ്പണ്‍ഹൈമറിനെ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുമ്പോള്‍ ആരാധകരുടെ ഇടയില്‍ ആവേശത്തിനൊപ്പം കൗതുകവും ചേരുന്നു. നോളന്‍ ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന ബയോപിക് സിനിമയാണ് ഇത് എന്നതാണ് കൗതുകം. 


ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ | PHOTO: WIKI COMMONS

1904 ഏപ്രില്‍ 22 ന് ന്യൂയോര്‍ക്കിലെ ജൂതകുടുംബത്തില്‍ ജനിച്ച ഓപ്പണ്‍ഹൈമറാണ് പിന്നീട് 'ഫാദര്‍ ഓഫ് ആറ്റംബോംബ്' എന്ന വിശേഷണത്തില്‍ അറിയപ്പെട്ടത്. രണ്ടാം ലോകയുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ കണ്ട് പിടിക്കുക എന്നതിനുള്ള ഉത്തരമായിരുന്നു ഓപ്പണ്‍ഹൈമര്‍. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ E=mc^2 എന്ന ഇക്വേഷനില്‍ നിന്നും അണുവായുധങ്ങള്‍ നിര്‍മ്മിച്ചെടുക്കാം എന്ന് അന്നത്തെ നാസി ജര്‍മ്മനിക്ക് അറിവുള്ള കാര്യമായിരുന്നു. ജര്‍മ്മനി ഇത്തരത്തിലുള്ള ആയുധങ്ങള്‍ വികസിപ്പിക്കുന്നതിന് മുന്നേ എത്രയും പെട്ടന്ന് ആ ദൗത്യം പൂര്‍ത്തീകരിക്കണം എന്ന അമേരിക്കയുടെ ആഗ്രഹമായിരിന്നു. ജനറല്‍ ലെസ്ലി ഗ്രോവ്‌സിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ശാസ്ത്രജ്ഞരെ അതിനായി അണി നിരത്തി. ഓപ്പണ്‍ഹൈമര്‍ അതിന്റെ തലവനായിരുന്നു. 

യുദ്ധസമയത്ത് രാഷ്ട്രത്തെ സഹായിക്കുക എന്ന നിലയില്‍ നിര്‍ബന്ധിതമായിട്ടാണ് ഓപ്പണ്‍ഹൈമര്‍ ഈ പദ്ധതിയുടെ ഭാഗമാകുന്നത്. അദ്ദേഹവും കൂടെയുണ്ടായിരുന്ന അനേകം ശാസ്ത്രജ്ഞരും അഹോരാത്രം പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി ലോകത്തിലെ ആദ്യത്തെ അണുവായുധങ്ങള്‍ പിറവിയെടുത്തു. ട്രിനിറ്റി എന്ന പേരില്‍ ലോകത്തിലെ ആദ്യ ആണവസ്‌ഫോടനം നടത്തിയപ്പോള്‍ തന്നെ അത്രയും വിനാശകാരിയായ ആയുധം ഉപയോഗിക്കണമോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ ഈ ശാസ്ത്രജ്ഞര്‍ രണ്ട് തട്ടുകളിലായി. ആറ്റംബോംബിന്റെ പിറവിയോടെ ശാസ്ത്രലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചെങ്കിലും തന്റെ കണ്ട്പിടുത്തം കൊണ്ട് ലോകത്തിനുണ്ടായ ദൂഷ്യഫലങ്ങളെ പറ്റി ഓപ്പണ്‍ഹൈമര്‍ ആലോചിച്ച് കെണ്ടേയിരുന്നു. ആണവായുധ നിയന്ത്രണത്തിനായി നിരന്തരം വാദിക്കുകയും ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്ത ഓപ്പണ്‍ഹൈമര്‍ പിന്നീട് അമേരിക്കയിലെ ഭരണവര്‍ഗ്ഗത്തിന്റെ ശത്രുവുമായി മാറി.



'അമരിക്കന്‍ പ്രൊമിത്യൂസ്: ദി ട്രയംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍' എന്ന പുസ്‌കത്തെ അടിസ്ഥാനപ്പെടുത്തിയാണ് നോളന്‍ സിനിമ തയ്യാറാക്കുന്നത്. ഈ പുസ്തകത്തിന്റെ പിറവിക്ക് പിന്നിലുണ്ട് വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ കഥ. കൈ ബേര്‍ഡ്, മാര്‍ട്ടിന്‍ ജെ ഷെര്‍വിന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ പുസ്തകം 30 വര്‍ഷത്തോളമെടുത്ത ഗവേഷണത്തിന്റെ ഫലമായി പുറത്തിറങ്ങിയത് 2005 ലാണ്. സാഹസികതയും ദുരന്തവും ഹീറോയിസവും ദുഖവും ഒക്കെ നിറഞ്ഞ് നിന്ന ഓപ്പണ്‍ഹൈമര്‍ എന്ന മനുഷ്യന്റെ ജീവിതം എഴുതി തീര്‍ക്കാന്‍ അത്രയും കാലം ആവശ്യമായിരുന്നു. 2020 ല്‍ പുറത്തിറങ്ങിയ ടെനറ്റ് എന്ന ചിത്രത്തിന് ശേഷമാണ് നോളന്‍ ഓപ്പണ്‍ഹൈമറുമായി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. നോളന്റെ സിനിമകളിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായിട്ടായിരിക്കും ഓപ്പണ്‍ഹൈമര്‍ പുറത്തിറങ്ങുന്നത്. കഴിഞ്ഞ സിനിമയില്‍ ബോയിങ്ങ് 747 എന്ന വിമാനമാണ് ഒരു രംഗത്തിന് വേണ്ടി നോളന്‍ തകര്‍ത്ത് കളഞ്ഞതെങ്കില്‍ ഇത്തവണ നോളന്റെ സംഭാവന ഒരു ന്യൂക്ലിയാര്‍ സ്‌ഫോടനമാണ്. ടിനിറ്റി ടെസ്റ്റാണ് നോളന്‍ ഇതിലൂടെ റീ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. വി.എഫ്.എക്‌സിന്റെ സഹായം ഒട്ടുമില്ലാതെയാണ് സിനിമ പൂര്‍ണ്ണമായും ചിത്രീകരിച്ചത് എന്ന് നോളന്‍ ഇതിനിടെ വെളിപ്പെടുത്തിയിരുന്നു. പൂര്‍ണ്ണമായും ഐ മാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിമില്‍ ഷൂട്ട് ചെയ്ത ആദ്യ സിനിമ കൂടിയായ ഓപ്പണ്‍ഹൈമറിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഹൊയ്തി വാന്‍ ഹൊയ്‌ടെമയാണ്. ചിത്രത്തില്‍ കിലിയന്‍ മര്‍ഫി റോബര്‍ട്ട് ഓപ്പണ്‍ഹൈമറായി വേഷമിടുമ്പോള്‍ എമിലി ബ്ലണ്ട്, റോബര്‍ട്ട് ഡൗണി ജൂനിയര്‍, മാറ്റ് ഡാമണ്‍, ഫ്‌ലോറന്‍സ് പഗ്, റാമി മാലെക്ക് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവത്തെ നോളന്‍ തന്റെ ആദ്യ ബയോപിക് സിനിമയായി പുറത്തിറക്കുമ്പോള്‍ അത് എങ്ങനെയായിരിക്കും എന്ന് ഉറ്റുനോക്കുകയാണ് നോളന്‍ ആരാധകര്‍. സ്വാഭാവികമായ ഒരു ജീവചരിത്ര സിനിമയായി ഒരിക്കലും ഈ ആവിഷ്‌കാരത്തെ കാണാന്‍ സാധിക്കില്ല. കാരണം സിനിമ ഓപ്പണ്‍ഹൈമറെ പറ്റിയും അതിന്റെ സംവിധായകന്‍ നോളനുമാണ് എന്നുള്ള കാര്യം തന്നെ. കാത്തിരിക്കാം ജൂലൈ 21 വരെ. സിനിമ ഹാളുകള്‍ യുദ്ധഭൂമിയാകുന്ന ആ ദിവസത്തിനായി.

 

#cinema
Leave a comment