TMJ
searchnav-menu
post-thumbnail

TMJ Cinema

വിശ്വാസങ്ങളെ തിരുത്തി, വഴിമാറി പറക്കുന്ന പൊന്‍മാന്‍

06 Feb 2025   |   3 min Read
ഹുദ തബസ്സും കെ കെ

തിജീവനത്തിനായി പോരടിക്കേണ്ടി വരുന്ന മനുഷ്യര്‍, സാമ്പത്തിക അടിത്തറയില്ലാതെ നട്ടംതിരിയുമ്പോഴും പ്രതീക്ഷകള്‍ വറ്റാത്തവര്‍, നിലനില്‍പ്പിനുവേണ്ടി നെട്ടോട്ടമോടുമ്പോള്‍ അറിഞ്ഞോ അറിയാതെയോ സ്വാര്‍ഥരാകുന്ന മനുഷ്യര്‍ അത്തരം ചില മനുഷ്യജീവിതങ്ങളിലേക്ക് ക്യാമറ തിരിച്ചുവെച്ച അനുഭവമാണ് ജോതിഷ് ശങ്കറിന്റെ പൊന്‍മാന്‍. മനുഷ്യനൊരിക്കലും നിസ്വാര്‍ഥനല്ല. അത് നായകനായാലും വില്ലനായാലും. പൊന്‍മാനില്‍ പ്രധാന കഥാപാത്രം 25 പവന്‍ പൊന്നാണ്. ആ പൊന്നാണ് ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന അജേഷ് എന്ന കഥാപാത്രത്തയും ലിജോമോളുടെ സ്റ്റെഫി എന്ന കഥാപാത്രത്തിന്റെയും ജീവിതത്തില്‍ നിര്‍ണായകമാകുന്നത്.

സ്ത്രീധനമെന്ന സാമൂഹിക യാഥാര്‍ഥ്യത്തിന്റെ മറ്റൊരു ആഖ്യാനമാണ് പൊന്മാനൊരുക്കുന്നത്. മലയാള സിനിമ ഇന്നോളം തുടര്‍ന്നുപോന്നിട്ടുള്ള സ്ത്രീധനമെന്ന ക്രൈമുമായി ബന്ധപ്പെട്ട കഥപറച്ചില്‍ രീതികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി, സ്ത്രീധനമെന്ന യഥാര്‍ഥ്യം എങ്ങനെയാണ് നമ്മുടെ കുടുംബങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നതെന്നും ശക്തമായി തുടരുന്നതെന്നും പൊന്‍മാന്‍ തുറന്നുകാട്ടുന്നുണ്ട്. സ്ത്രീധന സമ്പ്രദായം സ്ത്രീയെ മാത്രമല്ല പ്രതിസന്ധിയിലാക്കുന്നതെന്നും, പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ സ്ത്രീധനത്തിന്റെ സാമ്പത്തിക ഭാരം ഏറ്റവുമധികം ചുമക്കേണ്ടി വരുന്നത് പുരുഷനാണെന്നും സിനിമ തുറന്നുകാണിക്കുന്നുണ്ട്. സ്വര്‍ണം സ്ത്രീക്കുമാത്രമല്ല പുരുഷനും എങ്ങനെയാണ് പ്രിയപ്പെട്ടതാകുന്നതെന്നും സിനിമ പറയുന്നു.

ബേസില്‍ ജോസഫും ലിജോമോളും | PHOTO: FACEBOOK
കൊല്ലം ജില്ലയുടെ തീരദേശ മേഖലയിലാണ് പൊന്‍മാന്‍ കഥപറയുന്നത്. തൊഴിലാളികളായ അടിത്തട്ടിലെ മനുഷ്യരാണ് കഥാപാത്രങ്ങള്‍. തെറി പറയുന്ന, പരദൂഷണം പറയുന്ന, ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് തല്ലാന്‍ കയ്യോങ്ങുന്ന, തല്ലുന്ന, മദ്യപിക്കുന്ന മനുഷ്യര്‍. നിലനില്‍പ്പിനുവേണ്ടി ജീവിതത്തോട് മല്ലിടുന്ന മനുഷ്യരാണ് അവരെല്ലാം. അവരുടെ മുന്നില്‍ അതിജീവനം മാത്രമാണുള്ളത്. അന്നമാണ് പ്രധാനം. ആനന്ദ് മന്മഥന്‍ അവതരിപ്പിക്കുന്ന ബ്രൂണോ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. സ്വന്തം പെങ്ങളുടെ കല്യാണത്തിന് സ്വര്‍ണം വാങ്ങാന്‍ പണം കണ്ടെത്താന്‍ വഴിയില്ലാതെ മദ്യപിച്ച് തളര്‍ന്നിരിക്കുന്ന ബ്രൂണോ ഒരിക്കല്‍ പോലും ആ ആവശ്യം നേടിയെടുക്കാന്‍ പണിക്കുപോകാന്‍ തയാറാകുന്നില്ലെന്നതാണ് വിരോധാഭാസം. വ്യവസ്ഥാപിതമായ ആങ്ങള ഫിഗറല്ലാത്ത ബ്രൂണോയെ സഹോദരിയായ സ്റ്റെഫി ചോദ്യം ചെയ്യുമ്പോഴും, പ്രേക്ഷകര്‍ക്ക് അയാള്‍ക്കൊപ്പം നില്‍ക്കേണ്ടി വരുന്നില്ല. സ്റ്റെഫിക്കൊപ്പം നില്‍ക്കാനും തിരക്കഥ പ്രേക്ഷകനോട് ആവശ്യപ്പെടുന്നില്ല.

സ്റ്റെഫി എന്ന സ്ത്രീകഥാപാത്രമാണ് സിനിമയിലെ മറ്റൊരു സവിശേഷത. റിയാലിറ്റിയോട് ഏറെ അടുത്തുനിക്കുന്ന സ്ത്രീയാണ് സ്റ്റെഫി. പൊതുബോധ കാഴ്ചയില്‍ വിവാഹ പ്രായം കഴിഞ്ഞ 32 വയസുകാരി. 32-ാം വയസിലും സ്വന്തമായി ചോയ്‌സില്ലാത്ത ഭൂരിപക്ഷ മലയാളി സ്ത്രീയുടെ പ്രതിനിധി. നിലനില്‍പ്പിനുവേണ്ടി കള്ളം പറയുന്ന സ്വന്തം  വീട്ടുകാരോട് രോഷമുള്ള സ്ത്രീ, ദാമ്പത്യത്തില്‍ അസംതൃപ്തയായ സ്ത്രീ. കല്യാണ വിരുന്നിനിടയില്‍ അജേഷിനെ കാണുമ്പോള്‍, ജീവിക്കാന്‍ സമ്മതിക്കില്ലല്ലോ എന്ന അവരുടെ ഭാവം, അസംതൃപ്തമായ തന്റെ മുന്‍ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോക്ക് ആഗ്രഹിക്കുന്ന സ്ത്രീയുടെ ആശങ്കയാണ്. പലതും മറച്ചുവെച്ച്, ഏതുവിധേനയും പടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന സ്റ്റെഫി യാഥാര്‍ഥ്യത്തിന്റെ പ്രതിനിധികൂടിയാണ്. 'നീ പുളുത്തുമെന്ന്' നായകനോട് പറയുന്ന സ്റ്റെഫി വാർപ്പ് രീതിയിലുള്ള മാതൃക നായികയല്ല. ഗ്രേ ഷെയ്ഡുള്ള കഥാപാത്രമാണ്.

ലിജോമോള്‍ | PHOTO: FACEBOOK
സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം പലകാലത്ത് നമ്മള്‍ കണ്ടുമറന്നവരാണ്. സ്ത്രീധനം എണ്ണിപറഞ്ഞ് വാങ്ങുന്ന അമ്മയും, മകളുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങാന്‍ പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ മകനെ കുറ്റപ്പെടുത്തുന്ന അമ്മയുമെല്ലാം നമുക്ക് സുപരിചതരാണ്. സ്ത്രീധനം നിയമപരമായി നിരോധിക്കപ്പെട്ട ഒരു രാജ്യത്ത്, അത്രകണ്ട് സ്ത്രീവിരുദ്ധമായ ഈ സമ്പ്രദായത്തെ സ്ത്രീകള്‍ തന്നെ പ്രോത്സാഹിപ്പിക്കേണ്ടി വരുന്ന സാമൂഹിക സാഹചര്യത്തെയും പൊന്മാന്‍ തുറന്നുകാട്ടുന്നുണ്ട്. സ്ത്രീധന സമ്പ്രദായത്തിന്റെ ഇരകളായ കുടുംബം തന്നെയാണ് സിനിമയില്‍ സ്ത്രീധനം പിന്നീട് എണ്ണിപ്പറഞ്ഞ് വാങ്ങുന്നതും.

അജേഷ് എന്ന ബേസില്‍ ജോസഫ് കഥാപാത്രവും നമ്മള്‍ കണ്ടുമറന്നയാളാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോടമോടുന്ന  ചെറുപ്പക്കാരന്‍. അയാള്‍ക്ക് ജീവിതം തന്നെ പോരാട്ടമാണ്. ആ കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാന്‍ ബേസില്‍ ജോസഫിന് കഴിയുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ ബേസില്‍ സിനിമകളിലെ ആവര്‍ത്തന വിരസത എന്ന വിമര്‍ശനത്തെ പൊന്‍മാനില്‍ ഒരു പരിധിവരെ അയാള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നുണ്ട്. സിനിമയിലെ ഒരു പ്രത്യേക സീനിനുശേഷമുള്ള ബേസിലിന്റെ പ്രകടനം എടുത്തുപറയേണ്ടതുതന്നെയാണ്. അയാള്‍ക്കുണ്ടാകുന്ന ശാരീരിക വേദന പ്രേക്ഷകനിലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. അത്ര മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ അയാള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബേസില്‍ ജോസഫ് | PHOTO : WIKI COMMONS
പാട്രിയാര്‍ക്കി പുരുഷനുമേല്‍ അടിച്ചേല്‍പ്പിട്ടുള്ള കുടുംബഭാരം തലയില്‍ പേറുന്നവരാണ് അജേഷും ബ്രൂണോയും മരിയാനോയുമൊക്കെ. എന്നാല്‍ മുമ്പ് പറഞ്ഞതുപോലെ ആണഹന്തയുള്ള കഥാപാത്രമാണെങ്കിലും കുടുംബഭാരം തലയിലേറ്റാന്‍ തയാറാകാത്ത ആളാണ് ബ്രൂണോ. എന്നാല്‍ മരിയാനോയും അജേഷും കുടുംബത്തിനുവേണ്ടി ജീവിക്കുന്നവരാണ്. അജേഷിനെ പോരാളിയാക്കുന്നതും മരിയാനോയെ കുറ്റവാളിയാക്കുന്നതും ഇതേ കുടുംബമെന്ന സിസ്റ്റമാണ്. ഇത്തരത്തില്‍ കുടുംബമെന്ന പാട്രിയാര്‍ക്കല്‍ സിസ്റ്റത്തിനകത്ത് തിരഞ്ഞെടുപ്പുകളില്ലാതെ ജീവിക്കുന്ന സ്ത്രീയോടൊപ്പം തന്നെ ബാധ്യതകള്‍ തലയിലെടുത്ത് വെക്കാന്‍ നിര്‍ബന്ധിരാകുന്ന പുരുഷന്മാരും പ്രശ്നത്തിലാണെന്നും സിനിമ പറഞ്ഞുവെക്കുന്നുണ്ട്.

മരിയാനോ എന്ന ഒറ്റബുദ്ധിക്കാരനെ സിനിമയില്‍ സ്റ്റെഫി പറയുന്നപോലെ 'മല പോലെയുള്ള രാക്ഷസനെ' അനായാസമാണ് സജിന്‍ ഗോപു സ്‌ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ചുരുളി സിനിമയിലെ കഥാപാത്രവും രോമാഞ്ചത്തിലെ നിരൂപും പ്രേക്ഷകപ്രിയമായി മാറിയ ആവേശത്തിലെ അമ്പാനുമൊക്കെ എങ്ങനെയാണോ ഗംഭീരമാക്കിയത് അതുപോലെ തന്നെ മരിയാനോയും സജിൻ സുരക്ഷിതമാക്കി. അസാധ്യ നടനാണ് താനെന്ന് ഓരോ സിനിമയിലൂടെയും അയാള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സിനിമകള്‍ക്കുവേണ്ടി ഭാരം കൂട്ടിയും കുറച്ചും തന്റെ ശരീരത്തെ അയാളൊരു ടൂളാക്കി മാറ്റുന്നുണ്ട്. അയാളെ കാണിക്കുന്ന ആദ്യ ഷോട്ട് മുതല്‍ കഥാപാത്രത്തിന്റെ സ്വഭാവം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ശ്രമങ്ങള്‍ തിരക്കഥ നടത്തുന്നുണ്ട്. താൻപോരിമ മാത്രമുള്ള മനുഷ്യനാണ് അയാള്‍. കല്യാണം കഴിഞ്ഞ പെങ്ങളുടെ ബാക്കി സ്ത്രീധനം നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോഴും, ബാക്കിയുള്ള ഒരു പെങ്ങളുടെകൂടി കല്യാണം നടത്തിക്കൊടുക്കേണ്ടി വരുന്ന മരിയാനോ പാട്രിയാര്‍ക്കിയുടെ ഇരയാണ്. എന്നാല്‍ അതേയാള്‍ തന്നെയാണ് തന്റെ പങ്കാളിയുടെ കുടുംബത്തില്‍ നിന്നും സ്ത്രീധനം ചോദിച്ച് വാങ്ങുന്നതും.

സജിന്‍ ഗോപു | PHOTO : FACEBOOK
സ്ത്രീധനവുമായി ബന്ധപ്പെട്ട് മുമ്പ് മലയാളത്തില്‍ വന്നിട്ടുള്ള സിനിമകള്‍ പിന്തുടരുന്ന പാറ്റേണിലല്ല പൊന്‍മാന്‍ മുന്നോട്ടുപോകുന്നത്. സ്ത്രീധനം സ്ത്രീയെ മാത്രം ബാധിക്കുന്ന വിഷയം എന്ന നിലയിലാണ് ഇക്കാലം വരെ അവതരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇവിടെ അത് തിരുത്തപ്പെടുന്നുണ്ട്. സ്ത്രീധനത്തെ ഗതികേടായും അതിജീവനോപാധിയായുമൊക്കെ സിനിമ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീയെ സ്ത്രീധനത്തിന്റെ ഇരയാക്കി കണ്ണീരോടെ അവതരിപ്പിക്കുന്ന രീതിയില്ല സിനിമ പിന്തുടരുന്നത് അതുകൊണ്ട് തന്നെ സിനിമയുടെ അവതരണത്തില്‍ പുതുമയനുഭവപ്പെടുന്നുണ്ട്. സംവിധായകന്റെ ആദ്യ സിനിമയാണിതെന്ന അനുഭവം പ്രേക്ഷകര്‍ക്ക് ഒരുവേള പോലും അനുഭവപ്പെടുന്നില്ല. സിനിമയുടെ ഒടുവില്‍ അജേഷ് തല്ലിതോല്‍പ്പിക്കുന്നത് മരിയാനോയെ അല്ല തന്റെ തന്നെ ജീവിതത്തിലെ പ്രതിസന്ധികളെയാണ്.

ഭൂമിശാസ്ത്രപരമായ സവിശേഷതയേയും സിനിമയുടെ കഥാഗതിയില്‍ കൃത്യമായി ഉള്‍ച്ചേര്‍ക്കാന്‍ തിരക്കഥയ്ക്ക് കൃത്യമായി കഴിയുന്നുണ്ട്. ജി ആര്‍ ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന കഥയെ ആസ്പദമാക്കി വന്ന സിനിമ മലയാളത്തില്‍ ഇറങ്ങിയതില്‍വെച്ച് മികച്ചൊരു അഡാപ്‌റ്റേഷനായി നിലനില്‍ക്കുന്നുണ്ട്. ജി ആര്‍ ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ് തിരക്കഥ ഒരിക്കിയിരിക്കുന്നത്. ചിലപ്പോഴൊക്കെ മൂലകഥയ്ക്ക് മുകളില്‍ സിനിമ മികച്ചതാവുകയും ചെയ്യുന്നുണ്ട്. കഥ നടക്കുന്ന സ്ഥലത്തെ അതിന്റെ സവിശേഷതകളോടുംകൂടി ഒപ്പിയെടുക്കാന്‍ സനു ജോണ്‍ വര്‍ഗീസിന്റെ ക്യാമറക്ക് കഴിഞ്ഞിട്ടുണ്ട്. ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതവും നിതിന്‍ രാജിന്റെ എഡിറ്റിങ്ങും എടുത്തുപറയത്തക്കതാണ്.

(മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)






#cinema
Leave a comment