TMJ
searchnav-menu
post-thumbnail

TMJ Cinema

സൃഷ്ടിപരതയുടെ നിഷ്ഫലദിനരാത്രങ്ങൾ

17 May 2023   |   13 min Read
സിവിക് ജോൺ

“Do I have an original thought in my head? My bald head? Maybe if I were happier, my hair wouldn't be falling out. Life is short. I need to make the most of it. Today is the first day of the rest of my life. I'm a walking cliché.”

“Why should I be made to feel I have to apologize for my existence? Maybe it's my brain chemistry. Bad chemistry. All my problems and anxiety can be reduced to a chemical imbalance or some kind of misfiring synapses. I need to get help for that.”

വിഖ്യാത സംവിധായകൻ സ്പൈക് ജോണ്‍സിന്റെ അഡാപ്റ്റേഷന്‍ എന്ന ചലച്ചിത്രം ആരംഭിക്കുന്നത് ഈ വാചകങ്ങളിലാണ്. നിക്കോളാസ് കേജ്‌ ഇരട്ടവേഷങ്ങളിൽ എത്തിയ ചിത്രം. വലിയ വിജയം നേടിയ ഒരു പുസ്തകത്തിന് തിരക്കഥയൊരുക്കുന്ന ഒരു തിരക്കഥാകൃത്താണ് നിക്കോളാസ് കെജ് അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം. ആ തിരക്കഥാരചന അയാളുടെ സർഗ്ഗശേഷിയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ  പ്രമേയം.

ചലച്ചിത്രാവിഷ്കാരത്തിൽ നിന്നുമാണ് പതിവുപോലെ ഇവിടെയും ഞാൻ യഥാർത്ഥ പുസ്തകത്തെ പരിചയിക്കുന്നത്. അതിലേക്ക് വഴിവെച്ചതാവട്ടെ തീർത്തും യാദൃശ്ചികമായി വായിച്ച മറ്റൊരു പുസ്തകവും. The man who loved books too much. The true story of a thief, a detective and a world of literary obsession എന്ന Allison Hoover Bartlett ന്‍റെ പുസ്തകം വായിക്കുന്നത് 2017 ലാണ്. പുസ്തകങ്ങളോടുള്ള അതിരുകവിഞ്ഞ ഭ്രമം ഒഴിയാബാധ പോലെ കൊണ്ടുനടക്കുന്നവരെ കുറിച്ചുള്ള പുസ്തകം തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവമായിരുന്നു. അതുമായി ബന്ധപ്പെട്ടു നടത്തിയ തിരച്ചിലുകളിലാണ് The Orchid Thief: A True Story of Beauty and Obsession എന്ന Susan Orlean പുസ്തകം ശ്രദ്ധയിൽപ്പെടുന്നത്. വായിച്ചുകൊണ്ടിരിക്കെ ഈ കഥാപാത്രങ്ങളെ എവിടെയോ പരിചയമുണ്ടല്ലോ എന്നു തോന്നി. അധികം വൈകാതെ അഡാപ്റ്റേഷന്‍ എന്ന ചലച്ചിത്രം ഓർമ്മയിലെത്തി. പക്ഷെ സ്ക്രീനില്‍ കണ്ടതും പുസ്തകത്തില്‍ വായിച്ചതും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലായിരുന്നു എന്നത് ഒരു അത്ഭുതമായിത്തോന്നി. അങ്ങനെയാണ് വീണ്ടും സിനിമ കാണുന്നത്. ചാര്‍ളി കോഫ്മാന്‍ - ഡോണാള്‍ഡ് കോഫ്മാന്‍ എന്നീ ഇരട്ടതിരക്കഥാകൃത്തുക്കളെ തിരഞ്ഞു പോയപ്പോളാണ് യഥാര്‍ത്ഥ അത്ഭുതം വെളിവായത്. ഡോണാള്‍ഡ് കോഫ്മാന്‍ എന്നൊരു ആള്‍ തന്നെ ഇല്ലായിരുന്നു. ചാര്‍ളിയുടെ സൃഷ്ടി മാത്രമായിരുന്നു അങ്ങനെ ഒരു ഇരട്ട സഹോദരന്‍.


സ്പൈക് ജോണ്‍സ് | Photo: Wiki Commons

കഥ തുടങ്ങുന്നത് വളരെ മുമ്പാണ്. 1994 ല്‍ ഫ്ലോറിഡയിലെ ഫാകഹാച്ചീ സ്റ്റേറ്റ് പ്രിസര്‍വില്‍ നിന്നും വംശനാശഭീഷണി നേരിടുന്ന ഗോസ്റ്റ് ഓര്‍ക്കിഡുകളും മറ്റ് അപൂർവ്വസസ്യങ്ങളും ശേഖരിച്ച കുറ്റത്തിന് ജോണ്‍ ലറോഷും സഹായികളായ കുറച്ചു പ്രാദേശിക ഗോത്രവംശജരും അറസ്റ്റിലാവുന്നു. ന്യൂയോര്‍ക്കർ മാഗസിന്റെ ലേഖികയായിരുന്ന സൂസന്‍ ഒര്‍ലീന്‍ അവരെക്കുറിച്ച് വിശദമായ ഒരു ലേഖനം എഴുതുന്നു. മൂന്നു ഭാഗങ്ങളിലായി പുറത്തു വന്ന ലേഖനത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ലേഖനം ഒന്നുകൂടി വികസിപ്പിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനും പുസ്തകം ചലച്ചിത്രമാക്കാനും ഉള്ള ഓഫറുകള്‍ സൂസന് ലഭിക്കുന്നു. 1998 ല്‍ റാൻഡം ഹൗസ് Orchid Thief പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. കൊളംബിയ പിക്ചേര്‍സ് ഓര്‍ക്കിഡ് തീഫിന്റെ തിരക്കഥാകൃത്തായി ചാര്‍ളി കൊഫ്മാനെ തീരുമാനിക്കുകയും ചെയ്യുന്നു. ഇത് വരെ കാര്യങ്ങളെല്ലാം കൃത്യമായൊരു പദ്ധതിക്കനുസൃതമായിട്ടാണ് സംഭവിക്കുന്നത്. പക്ഷെ അങ്ങനെയൊരു തീരുമാനം എടുക്കുമ്പോള്‍ ആരും പ്രതീക്ഷിക്കാത്തൊരു പ്രതിസന്ധിയാണ് ചാര്‍ളി പിന്നീട് നേരിടുന്നത്.

റൈറ്റേര്‍സ് ബ്ലോക്ക്

എഴുതാന്‍ ആഗ്രഹിക്കുന്ന, അതിനായി ശ്രമിക്കുന്ന ആളെന്ന നിലയില്‍ അതിന്‍റെ ഭീകരത കൃത്യമായി അറിയുന്ന ഒരാളാണ് ഈ ലേഖകന്‍. സ്വതവേ അന്തര്‍മുഖനായ ഒരാള്‍ക്ക് സ്വന്തം കഴിവുകളില്‍ ആത്മവിശ്വാസം തീരെ കുറവായിരിക്കും. മറ്റുള്ളവരാൽ അസാമാന്യമെന്ന് വാഴ്ത്തപ്പെടുമ്പോഴും ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത എന്തെങ്കിലുമൊന്നിലുടക്കി നിൽക്കുന്നത് തുടര്‍ക്കഥയാവും. ഓര്‍ക്കിഡ് തീഫിന് തിരക്കഥയൊരുക്കുന്ന ചാര്‍ളി കോഫ്മാൻ എത്തിച്ചേരുന്നത് അങ്ങനെയൊരു സാഹചര്യത്തിലാണ്. പലതരത്തില്‍ ആ പുസ്തകത്തിന് അനുകല്പനമൊരുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന ചാര്‍ളി അവസാനം എത്തിച്ചേരുന്നത് അയാള്‍ക്ക് മാത്രം സാധ്യമാകുന്ന, അനന്യസാധാരണമായ ഒരു പോംവഴിയിലാണ്.

ഈ പംക്തിയിൽ ഇത് വരെ നമ്മൾ പരിചയിച്ചത് സാഹിത്യസൃഷ്ടികളും അതിന്റെ ചലച്ചിത്രാവിഷ്കാരങ്ങളുമായിരുന്നു. ഇതും അത്തരത്തിലൊന്നുതന്നെ. പക്ഷെ ഒരു വ്യത്യാസം മാത്രം. ഈ ചലച്ചിത്രാവിഷ്കാരം ഒരിക്കലും ആ പുസ്തകത്തിന്റെ നേരായ ചിത്രീകരണമല്ല. ജോണ്‍ ലറോഷിന്റെ ഓര്‍ക്കിഡ് പ്രിയത്തെക്കുറിച്ചുള്ള സിനിമയാവേണ്ടിയിരുന്നിടത്തുനിന്നും അഡാപ്റ്റേഷൻ ഓര്‍ക്കിഡ് തീഫ് എന്ന പുസ്തകത്തിന്‍റെ തിരക്കഥയൊരുക്കാന്‍ ശ്രമിക്കുന്ന ചാര്‍ളി കൊഫ്മാനെ കുറിച്ചുള്ള സിനിമയാവുകയാണ്. ഈ മെറ്റാ സ്വഭാവമാണ് ഒരു സാധാരണ ആവിഷ്കാരത്തിൽ നിന്നും അഡാപ്റ്റേഷനെ വേറിട്ടുനിർത്തുന്നത്.

ഈ തിരക്കഥയുടെ മൂന്നു വ്യത്യസ്ത ഡ്രാഫ്റ്റുകൾ രജിസ്റ്റർ ചെയ്തിരുന്നു ചാർളി കോഫ്മാൻ. മൂന്നാമത്തെ ഡ്രാഫ്റ്റാണ് ഒടുവിൽ ചിത്രീകരിക്കപ്പെടുന്നത്. മൂന്ന് ഡ്രാഫ്റ്റുകളും സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അവ പരിശോധിച്ചാൽ ഓരോ ഡ്രാഫ്റ്റുകളിലും സൂക്ഷ്മമായ പല മാറ്റങ്ങളും വരുന്നുണ്ടെന്ന് കാണാം. മുകളില്‍ ആദ്യം ചേര്‍ത്ത വാചകങ്ങള്‍ മൂന്നാമത്തെ ഡ്രാഫ്റ്റിലാണ് ചാര്‍ളി എഴുതുന്നത്. സിനിമയില്‍ ഉടനീളം ഇത്തരം വാചകങ്ങളുണ്ട്.




I have no understanding of anything but my own panic and self-loathing and pathetic little existence. The only thing that I am actually qualified to write about is myself and my own self. എന്നാണ് ഒരിടത്ത് നികോളാസ് കേജ് അവതരിപ്പിക്കുന്ന ചാര്‍ളി കോഫ്മാന്‍ എന്ന കഥാപാത്രം പറയുന്നതുതന്നെ. തടി കൂടുന്നതില്‍, മുടി കൊഴിയുന്നതില്‍, വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ എല്ലാം അസ്വസ്ഥനാവുന്നുണ്ട് തിരശീലയിലെ ചാര്‍ളി കോഫ്മാന്‍. വളരെ വിപ്ലവകരമായ രീതിയില്‍ ചിന്തിക്കുന്ന ഒരാളാണെങ്കിലും ആളുകളോട് ഇടപഴകുന്നതില്‍ അയാള്‍ പരാജയമാണ്. സ്വയം ഇകഴ്ത്തി ദിവസങ്ങള്‍ തള്ളിനീക്കുന്ന ഒരു മനുഷ്യനെയാണ്‌ നമ്മള്‍ ചിത്രത്തില്‍ കാണുക.

തിരക്കഥയെഴുതുന്ന കാലത്തെ തന്‍റെ ആകുലതകള്‍ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിച്ചിരുന്നു എന്ന് ചാര്‍ളി കോഫ്മാൻ പിന്നീട് പറഞ്ഞിട്ടുണ്ട്. അതിരുകവിയുന്ന ആ ആകുലതകളെ പ്രതിരോധിക്കാനുള്ള ഒരു ബോധപൂര്‍വമായ ശ്രമവും ചാര്‍ളി നടത്തുന്നുണ്ട്. തിരക്കഥയിലേക്ക് സ്വയം എഴുതിച്ചേര്‍ക്കുന്നതിനൊപ്പം യഥാര്‍ത്ഥത്തില്‍ തനിക്കില്ലാത്ത ഒരു ഇരട്ടസഹോദരനെയും അയാൾ തിരക്കഥയുടെ ഭാഗമാക്കുന്നു. തിരക്കഥാരചനയെക്കുറിച്ച്‌ കാര്യമായ യാതൊരു അറിവും ഇല്ലാതിരുന്നിട്ടും പെട്ടെന്നൊരു ദിവസം ഒരു തിരക്കഥാക്യാമ്പില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്ന ഡോണാള്‍ഡ് എന്ന ആ ഇരട്ടസഹോദരൻ ഒരര്‍ത്ഥത്തില്‍ ചാര്‍ളിക്കുള്ളില്‍ തന്നെയുള്ള ഒരു അപരവ്യക്തിത്വമാവാം. നാമോരോരുത്തരും പല മനുഷ്യരാണ് എന്ന് പെസോവ പറഞ്ഞത് ഇവിടെ ഓര്‍മിക്കാം. നിരന്തരമായി സ്വയം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് മനുഷ്യന്‍.

വൻവിജയമായ ഒരു പുസ്തകത്തെ തിരക്കഥയാക്കാന്‍ കഴിയാതെ പോകുന്നത് ചാര്‍ളിയുടെ ആത്മവിശ്വാസത്തെ വളരെയധികം ബാധിക്കുന്നുണ്ട് എന്നത് സുവ്യക്തം. സിനിമയുടെ തുടക്കത്തില്‍ “നമ്മൾ ചെയ്യാൻ പോകുന്ന ചിത്രം സ്വാഭാവികമായ ഒന്നാവണം. കൃത്രിമമായ ഒരു കഥാപരിസരമാവരുത് അതിന്. ഒരു ഹോളിവുഡ് ഹേസ്റ്റ്‌ ഫിലിമാക്കി അതിനെ നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പൂക്കളെക്കുറിച്ച് ഒരു ചലച്ചിത്രമൊരുക്കുന്നതിൽ എന്താണ് തെറ്റ്? ലൈംഗിക രംഗങ്ങളോ, ആയുധങ്ങളോ, ചേസ് സീനുകളോ കുത്തി നിറയ്ക്കാത്ത, മഹത്തായ ജീവിതസത്യങ്ങൾ പഠിക്കുന്ന നായകരില്ലാത്ത, തടസങ്ങൾ മറികടന്നു വിജയത്തിലെത്തുന്ന/ പ്രണയബദ്ധരാകുന്ന പ്രധാന കഥാപാത്രങ്ങളില്ലാത്ത ഒരു ചിത്രമാണ് എന്റെ മനസ്സിൽ. കാരണം ആ പുസ്തകം അത്തരമൊന്നല്ല, ജീവിതവും അങ്ങനെയല്ല. ഇതിനെക്കുറിച്ച് എനിക്ക് വലിയ സ്വപ്നം തന്നെയുണ്ട്” എന്ന് പറയുന്ന ചാർളി പിന്നീട് ഒരു ഘട്ടത്തില്‍,

“ഇതിനെ എങ്ങനെ ഒരു തിരക്കഥയാക്കുമെന്ന് അറിയില്ല. എന്റേതായ കഥകളിൽ തന്നെ ഉറച്ചുനിൽക്കുന്നതായിരുന്നു നല്ലത്. ഇത് എന്നെക്കൊണ്ട് adapt ചെയ്യാൻ പറ്റുമെന്ന് തോന്നാൻ എന്താണ് കാരണം എന്ന് പോലുമറിയില്ല. ഈ പുസ്തകം പൂക്കളെ കുറിച്ചാണ്. ഇതിൽ ഒരു കഥയില്ല. പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന ഒരു നരേറ്റീവ് ഇല്ല. ഞാൻ വളരെ ചെറിയ കാര്യങ്ങളെ ആഗ്രഹിച്ചിരുന്നുള്ളൂ.. പൂക്കൾ എത്ര മനോഹരമാണ് എന്ന് ആളുകൾക്ക് ഒരു തിരിച്ചറിവ് നൽകുക എന്നത് മാത്രം.” എന്ന് ഹതാശനാവുന്നുണ്ട്.


'അഡാപ്റ്റേഷൻ' സിനിമയിലെ രംഗം 

ഈ രണ്ടു ദൃശ്യങ്ങൾക്കിടയിൽ പലവട്ടം പലതരത്തിൽ ചാർളി സൂസൻ ഓർലിന്റെ ബുക്കിനെ അഡാപ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഓരോ വട്ടവും അത് കൂടുതൽ മോശമാവുന്നതേയുള്ളൂ. അതേസമയം തിരക്കഥാരചനയില്‍ ക്രാഷ് കോഴ്സ് കഴിഞ്ഞെത്തുന്ന അയാളുടെ സഹോദരന്‍ സ്വന്തമായി ഒരു തിരക്കഥ രചിക്കാന്‍ തുടങ്ങുകയാണ്. ഒരു ഹോളിവുഡ് പണം വാരി ചിത്രത്തിന്‍റെ എല്ലാ ക്ലീഷേകളും നിറഞ്ഞ ഒരു തിരക്കഥയാണ് അത്. രചനാവേളയില്‍ പലപ്പോഴും ഡോണാള്‍ഡ് ചാര്‍ളിയുടെ സഹായം തേടുന്നുണ്ട്. ഡോണാള്‍ഡിന്റെ എഴുത്തിനെ കാര്യമാക്കാത്ത ചാര്‍ളി പരിഹാസരൂപേണ പറയുന്ന ക്ലീഷേ പ്ലോട്ട് ഡിവൈസുകള്‍ മാത്രം ഉപയോഗിച്ച് ഡോണാള്‍ഡ് ഒരു സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയാണ്. നിങ്ങള്‍ക്ക് ഈ പുസ്തകം തിരക്കഥയാക്കാന്‍ കഴിയും എന്ന് നിസംശയം പറഞ്ഞിരുന്ന ചാര്‍ളിയുടെ ഏജന്റ്റ് പോലും നിങ്ങള്‍ക്ക് എന്ത് കൊണ്ട് നിങ്ങളുടെ സഹോദരന്റെ സഹായം തേടിക്കൂടാ എന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. മറ്റുള്ളവരിലെന്നപോലെ സ്വയവും ചാർളി അസംതൃപ്തനാവുകയാണ്. “I’ve written myself into my screenplay. . . . It’s self-indulgent, narcissistic, solipsistic, it’s pathetic. I’m pathetic. I’m fat and pathetic. . . . I have no idea how to write. I can’t make flowers fascinating. Because I suck”. എന്ന് പറയുന്ന ചാർളിയെ കാണാം നമുക്ക് ചിത്രത്തിൽ.

ഇവിടെ നമുക്ക് ചാര്‍ളിയുടെ സ്വന്തം കരിയര്‍ കൂടി ഒന്ന് പരിശോധിക്കാം. Being John Malkovich, Adaptation, Eternal Sunshine of the Spotless Mind, Synecdoche Newyork, Anomalisa, I’m Thinking of Ending Things എന്നീ ചിത്രങ്ങള്‍ ഓരോന്നും വിചിത്രമാണ്. Eternal Sunshine of the Spotless Mind എന്ന എല്ലാവരാലും വാഴ്ത്തപ്പെട്ട ചിത്രം പൂര്‍ത്തിയാക്കി നീണ്ട നാല് വര്‍ഷമെടുത്ത് അയാള്‍ ചെയ്യുന്നത് Synecdoche Newyork എന്ന ചിത്രമാണ്. ഫിലിപ്പ് സൈമോര്‍ ഹോഫ്മാനും കാതറീന്‍ കീനറും മിഷേല്‍ വില്യംസും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരര്‍ത്ഥത്തില്‍ Adaptation എന്ന ചിത്രത്തിന്‍റെ തന്നെ വേറൊരു പതിപ്പാണ്‌. മക്കാര്‍തര്‍ ഫെലോഷിപ്പ് നേടിയ നാടകസംവിധായകന്‍ കേഡന്‍ കോര്‍ട്ടാഡ് തന്‍റെ അടുത്ത നാടകമൊരുക്കാൻ ശ്രമിക്കുന്നതാണ് ചിത്രം. തന്‍റെ ജീവിതത്തിലെ സംഭവങ്ങളെ തന്നെ നാടകത്തിന് വിഷയമാക്കാന്‍ ശ്രമിക്കുന്ന കേഡന്‍ ഒരു ഘട്ടം കഴിയുമ്പോള്‍ അതില്‍ നിന്നും പുറത്തുകടക്കാന്‍ വിഷമിക്കുകയാണ്. The only thing that I am actually qualified to write about is myself and my own self. എന്ന്‍ അഡാപ്റ്റേഷനില്‍ പറയുന്ന വാചകം ഒരു മുഴുനീള ചലച്ചിത്രമായി പരിണമിക്കുകയാണ് ഇവിടെ. സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ തിരിച്ചടികളെയും നാടകത്തിന്റെ ഭാഗമാക്കാന്‍ ഉത്സാഹിക്കുന്ന കേഡന്‍ സമയം കടന്നുപോകുന്നത് തിരിച്ചറിയുന്നത് പോലുമില്ല. വര്‍ഷങ്ങളോളം ആ നാടകത്തിന് പുറകെ സഞ്ചരിക്കുന്നുവെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെയാണ് അയാള്‍ അന്തരിക്കുന്നത്.

പ്രശസ്ത ചിലിയന്‍ എഴുത്തുകാരന്‍ Roberto Bolano യുടെ 2666 എന്ന നോവലില്‍ ബെനോ വോണ്‍ ആര്‍ച്ചിംബോള്‍ഡി എന്നൊരു കഥാപാത്രമുണ്ട്. (The Woes of True Policeman, The Savage Detectives എന്നീ നോവലുകളിലും Jmg Arcimboldi എന്ന പേരില്‍ ഈ കഥാപാത്രം കടന്നുവരുന്നുണ്ട്.) അയാള്‍ ഒരിടത്ത് ഇങ്ങനെ പറയുന്നുണ്ട്

“There's actually no such thing as a minor work. I mean the author of the minor work isn’t Mr X or Mr Y. Mr X and Mr Y do exist, there’s no question about that, and they struggle and toil and publish in newspapers and magazines and sometimes they even come up with a book that isn’t unworthy of the paper it’s printed on, but those books or articles, if you pay close attention, are not written by them. Every minor work had a secret author and every secret author is by definition, a writer of masterpieces. Who writes a minor work? A minor writer, or so it appears.” 


'അഡാപ്റ്റേഷൻ' സിനിമയിലെ രംഗം

എന്നെങ്കിലും ഒരിക്കല്‍ ഒരു മഹത്തായ സൃഷ്ടി നടത്താനാവും എന്ന പ്രതീക്ഷയാണ് ഓരോ എഴുത്തുകാരനെയും നയിക്കുന്നത്. അതിന് വേണ്ടി ചിലവിടേണ്ടി വരുന്ന വര്‍ഷങ്ങള്‍ എത്രയെന്നത് പ്രസക്തമല്ല. The Woes of True Policeman ഒരു തരത്തില്‍ 2666 ന്‍റെ ഒരു പഴയ പതിപ്പാണ്‌. എണ്‍പതുകളില്‍ എഴുതി തൃപ്തി വരാതെ ഉപേക്ഷിച്ച ആ താളുകള്‍ നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം 5 ഭാഗങ്ങളും തൊള്ളായിരത്തോളം പേജുകളുമുള്ള 2666 എന്ന ബൃഹദ് ഗ്രന്ഥമായി രൂപാന്തരപ്പെടുന്നത് നമുക്ക് കാണാം. 2666 പോലും പൂര്‍ണ്ണമല്ല എന്നും പുറത്തുവരാത്ത ഒരു ആറാം ഭാഗം കൂടി അതിനുണ്ട് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇവിടെ ബെനോ വോണ്‍ ആര്‍ച്ചിംബോള്‍ഡി എന്ന കഥാപാത്രത്തിലേക്ക് സ്വയം സന്നിവേശിപ്പിക്കുകയാണ് ബോലാനോ ചെയ്യുന്നത്. (Arturo Belano എന്ന പേരില്‍ Savage Detectives ലും ബോലാനോയുണ്ട്.) ചരിത്രത്തിൽ അടയാളപ്പെടാതെ മണ്മറഞ്ഞുപോകുന്നവരെ അടയാളപ്പെടുത്തുവാൻ അശ്രാന്തം പരിശ്രമിച്ചിരുന്നു ഒരാളായിരുന്നു ബൊലാനോ. പലപ്പോഴായി അദ്ദേഹത്തിന്റെ രചനകളിൽ കടന്നുവന്നിട്ടുള്ള എഴുത്തുകാരുടെ എണ്ണം അതിശയിപ്പിക്കുന്നതാണ്. Nazi Literature in the Americas എന്ന പുസ്തകം മൊത്തമായും സാങ്കല്പിക എഴുത്തുകാരുടെ ചെറുജീവചരിത്രങ്ങളാണ്. അതിൽ പലർക്കും യഥാർത്ഥ എഴുത്തുകാരുടെ ഛായയുണ്ടെന്നത് പരസ്യമായ രഹസ്യം. എഴുത്തിൽ നിലനിൽക്കാനാഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതിലെ ഓരോ കുറിപ്പുകളും അനിവാര്യമായ വിസ്മൃതിയുടെ സങ്കടകരമായ ഓർമ്മപ്പെടുത്തലാണ്. പ്രസ്തുത പുസ്തകത്തിൽ പെഡ്രോ ഗോൺസാലസ് കരേര എന്ന എഴുത്തുകാരനെക്കുറിച്ച് അയാൾ എഴുതുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ വേണ്ടത്ര തിരിച്ചറിയാതെ പോകുന്ന  ഒരാൾ മരണശേഷം മാത്രം പ്രശസ്തനാവുന്നതിനെക്കുറിച്ച്, എഴുത്തിന്റെ വഴികളിലെ തന്റെ യാതനകളെണ്ണിപ്പറഞ്ഞ് ഹതാശനായി സുഹൃത്തിനെഴുതുന്ന കത്തുകൾ പോലും  സമാഹരിക്കപ്പെടുകയും വൻവിജയമാവുകയും ചെയ്യുന്നതിനെക്കുറിച്ച്, ഒടുവിൽ ജന്മനഗരത്തിലെ രണ്ടുതെരുവുകൾക്ക് അയാളുടെ പേര് നല്കപ്പെടുന്നതിനെക്കുറിച്ച്, എല്ലാം വിശദമാക്കുന്ന എഴുത്ത്. ഈ തെരുവ് ആരുടെ പേരിലാണെന്ന് പോലും തിരിച്ചറിയാതെ അതിലൂടെ നടന്നുപോകുന്ന അസംഖ്യം പേരുടെ കാഴ്ചയിലാണ് ബൊലാനോ ആ കുറിപ്പ് അവസാനിപ്പിക്കുക. 

രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ബൊലാനോയ്ക്കും അതെ ഗതി വരുന്നുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ ലഭിക്കാഞ്ഞ പ്രശസ്തി മരണശേഷമാണ് അയാള്‍ക്ക് സ്വന്തമാവുന്നത്. ബോലാനോയുടെ പേരില്‍ ഒരു തെരുവ് പുനര്‍നാമകരണം ചെയ്യപ്പെടുക പോലും ചെയ്യുന്നു. വൈകിവന്ന ആ പ്രശസ്തിയെക്കുറിച്ച് Bolano, a Biography in Conversations എന്ന പുസ്തകത്തില്‍ Jorge Morales ഇങ്ങനെയാണ് നിരീക്ഷിക്കുന്നത്.

I guess that Roberto Bolano, who wrote so much about forgotten writers, would like the kind of oblivion that comes with having a street in your name. He’d like that, in a hundred or two hundred years, in one of those fantasies about the future that he enjoyed so much, it would be full of cinemas, bars, and children and adults saying their address,”Roberto Bolano 25, second floor,” without knowing who on earth Roberto bolano was, which is what happens with street names.”

ഇവിടെ നമ്മുടെ നഗരങ്ങളിൽ തന്നെ എത്രയധികം തെരുവുകളുണ്ട് ഇത്തരത്തിൽ പുനർനാമകരണം ചെയ്യപ്പെട്ടവ. ആദരസൂചകം എന്ന വ്യാജേനെ എത്രയെളുപ്പം വിസ്മൃതിക്ക് വിട്ടുകൊടുക്കുന്നു പോയ്മറഞ്ഞവരെ എന്ന് ആലോചിച്ചാൽ അത്ഭുതം തോന്നും. ജീവിച്ചിരുന്നപ്പോഴോ മരണശേഷമോ നൽകാനാവാത്ത ആദരവിനെ അതിവിദഗ്ധമായ ഒരു ബിംബസൃഷ്ടിയിലൂടെ വെച്ചുമാറുന്നത് നമുക്ക് കാണാം.


'അഡാപ്റ്റേഷൻ' സിനിമയിലെ രംഗം

എങ്ങനെയെല്ലാം അടയാളപ്പെടുത്താന്‍ ശ്രമിച്ചാലും കാലക്രമേണ അടയാളങ്ങളൊന്നും അവശേഷിക്കാത്ത വിധം വിസ്മൃതിയിലാണ്ടു പോകുക എന്നതാണ് ഒരാളെ കാത്തിരിക്കുന്ന അനിവാര്യത എന്ന് ബൊലാനോ പറയാതെ പറയുന്നുണ്ട്. തലമുറകള്‍ കടന്നു പോകുമ്പോള്‍ മികച്ചതെന്നു നാം വിലയിരുത്തിയ പല സൃഷ്ടികൾക്കും- ചിത്രങ്ങൾ, എഴുത്തുകൾ, അങ്ങനെയേതിനും സ്ഥാനം മറവിയുടെ ചവറുകൂനയിലാവും. ലോകക്ലാസിക്ക് ആണ് എന്‍റെ നോവല്‍ എന്ന്‍ അവിരാമം പറയുന്ന എഴുത്തുകാര്‍ ചിലപ്പോള്‍ അതിജീവിച്ചേക്കാം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിഗ്രഹവല്‍ക്കരിക്കപ്പെടുന്ന എഴുത്തുകാരും കൃതികളുമുള്ളപ്പോള്‍ അത് തീർത്തും സ്വാഭാവികമായൊരു സാധ്യത തന്നെയാണ്. പക്ഷെ അന്തിമമായി ഒരു കച്ചവടസ്ഥാപനത്തിനു വിപണിമൂല്യം കൂട്ടാന്‍ ഉപകരിക്കുന്ന ഒരു വില്‍പ്പനച്ചരക്ക് മാത്രമായി ഒടുങ്ങിപോകുകയാണ് മഹത്തരമെന്ന് താന്‍ കണക്കാക്കുന്ന കൃതി എന്നു തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുമോ എന്നതാണ് ചോദ്യം.

അവിടെയാണ് ചാര്‍ളിയും അയാളുടെ കഥാപാത്രങ്ങളും പ്രസക്തമാകുന്നത്. റൈറ്റേര്‍സ് ബ്ലോക്ക് എന്ന്‍ വിളിക്കാന്‍ പറ്റുമോ എന്നറിയില്ല എങ്കിലും പൂര്‍ണ്ണതയോടുള്ള അമിതഭ്രമം Synecdoche Newyork ലെ കേഡനില്‍ കാണാം. അയാളെക്കുറിച്ച് വളരെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയിരുന്നവരെ പോലും നിരാശപ്പെടുത്തിക്കൊണ്ട്‌ സ്വന്തം പ്രതിഭയുടെ തടവറയില്‍ സ്വയം ഇല്ലാതാകുകയാണ് കേഡന്‍. I wanna do something important while I’m still here എന്ന ഒരേയൊരു ആഗ്രഹം മാത്രം വെച്ചുപുലര്‍ത്തി അതിനായി നിരന്തരം പരിശ്രമിച്ചിട്ടും ഒന്നുമാവാതെ മരണപ്പെടെണ്ടിവരുന്ന ഒരാള്‍ എത്ര സങ്കടം പകരുന്ന കാഴ്ചയാണ് എന്നോര്‍ത്തുനോക്കൂ. Synecdoche Newyork ന്‍റെ ബോക്സ് ഓഫീസ് പരാജയത്തിനു ശേഷം നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാര്‍ളിക്ക് പുതിയൊരു ചിത്രം ചെയ്യാനുള്ള അവസരം ലഭിക്കുന്നതെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ പ്രവചനാത്മകമായി സ്വന്തം ജീവിതത്തെ തന്നെ രേഖപ്പെടുത്തുന്ന അയാളിലെ എഴുത്തുകാരനോട് ബഹുമാനം തോന്നിപ്പോന്നും. വേണമെങ്കില്‍ ഡോണാള്‍ഡ് കോഫ്മാൻ എന്ന കഥാപാത്രം ചെയ്യുന്നത് പോലെ ഒരു ഫോര്‍മുല ചിത്രമെഴുതി അയാള്‍ക്ക് ഹോളിവുഡില്‍ നിലനില്‍ക്കാമായിരുന്നു. പക്ഷെ അയാള്‍ അതിന് ശ്രമിക്കുന്നില്ല.

അഡാപ്റ്റേഷനിലേക്ക് തിരികെ വരാം. സമയബന്ധിതമായി തന്റെ തിരക്കഥ പൂർത്തിയാക്കാൻ കഴിയില്ലെന്ന പരാജയഭീതിയാല്‍, എക്കാലവും താന്‍ പുറന്തള്ളിയിരുന്ന ഫോര്‍മുല ചിത്രങ്ങളില്‍ അഭയം കണ്ടെത്തുകയാണ് ചലച്ചിത്രത്തിനകത്തെ ചാര്‍ളി കോഫ്മാന്‍. ഡോണാള്‍ഡ് പോയ തിരക്കഥാക്യാമ്പില്‍ പോകാന്‍ പോലും അയാള്‍ നിര്‍ബന്ധിതനാകുന്നു. ഗത്യന്തരമില്ലാതെ തന്‍റെ ഇരട്ട സഹോദരന്‍റെ സഹായം തേടുന്ന ചാര്‍ളി പിന്നീട് കടന്നുപോകുന്ന വഴികള്‍ ഓര്‍ക്കിഡ് തീഫ് എന്ന പുസ്തകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മൗലികസൃഷ്ടിയാണ്. Outrageous എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വിചിത്ര ആശയത്തെ അയാള്‍ വിജയകരമായി തിരശീലയിലെക്ക് പറിച്ചുനടുന്നു.പക്ഷെ അതിനു കൂടുതൽ സാമ്യം അതുവരെയും അയാൾ വെറുത്തിരുന്ന ഫോർമുല ചിത്രങ്ങളുടെ സ്വഭാവവുമായാണ്. എന്താവില്ല തന്റെ ചിത്രം എന്ന് വലേരി തോമസിനോട് ചാർളി പറഞ്ഞുവോ അത് തന്നെയായിത്തീരുന്നു ചിത്രം. ചടുലമായ ചേസ് സീനുകളും, മയക്കുമരുന്നും, അശ്ലീലചിത്രങ്ങളും, ഗാനങ്ങളും ധാർമികതയെ കുറിച്ചുള്ള ഉപദേശങ്ങളുമെല്ലാമുള്ള ഒരു സ്ഥിരം ഹോളിവുഡ് ഫോർമുല ചിത്രം.

അവിടെ സഹോദരന്റെ നിസഹായാവസ്ഥയിൽ മനസ്സലിയുന്ന ഡൊണാൾഡ് ചാർളിയുടെ വേഷത്തിൽ ഓർലിനെ കാണാൻ പുറപ്പെടുന്നത് നാം കാണുന്നു. എന്നാൽ ഓർലിന്റെ പെരുമാറ്റത്തിൽ ഡൊണാൾഡിനു സംശയം തോന്നുന്നു. ഡൊണാൾഡ് ചാർളിക്കൊപ്പം അവരെ പിൻതുടരുന്നു. പിന്നീട് ജോൺ ലറോഷുമായി രഹസ്യബന്ധത്തിൽ ഏർപ്പെടുന്ന ഓർലിനെയും ഡൊണാൾഡിലൂടെ നമ്മൾ കാണുന്നുണ്ട്. ഗോസ്റ്റ് ഓർക്കിഡിൽ നിന്നും വേർതിരിച്ചെടുത്ത മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് അവരത്തരം ഒരു ബന്ധത്തിലേക്ക് എത്തുന്നത്. തങ്ങളുടെ രഹസ്യം പുറത്തറിയാതിരിക്കാൻ ഓർലിൻ കോഫ്മാൻ സഹോദരങ്ങളെ ആക്രമിക്കുകയും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളിൽ ഡൊണാൾഡും ലറോഷും മരണപ്പെടുകയും ചെയ്യുന്നു. സഹോദരന്റെ മരണശേഷം അതുവരെയും പിന്തുടർന്നിരുന്ന അന്തർമുഖത്വം ഉപേക്ഷിച്ചു ചാർളി കൂടുതൽ ആത്മവിശ്വാസമുള്ള ഒരാളായി പരിവർത്തനം ചെയ്യപ്പെടുന്നു. അയാൾ പുതിയൊരുന്മേഷത്തോടെ തന്റെ തിരക്കഥ പൂർത്തിയാക്കുന്നു. വോയ്സ് ഓവറുകള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്ന് റോബർട്ട് മക്കീ തന്റെ തിരക്കഥാക്യാമ്പിൽ നൽകുന്ന നിര്‍ദേശത്തെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് വോയ്സ് ഓവറില്‍ തന്നെ ചിത്രം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു അയാൾ. 


'അഡാപ്റ്റേഷൻ' സിനിമയിലെ രംഗം

പുസ്തകത്തിനും ചലച്ചിത്രത്തിനും അടിസ്ഥാനമായ ആ കേസ് നമുക്കൊന്ന് പരിശോധിക്കാം. ഫ്ലോറിഡയിലെ ഫകഹാച്ചീ സ്ട്രാൻഡ് സ്റ്റേറ്റ് പ്രിസർവിൽ നിന്ന് ഇരുന്നൂറോളം അപൂർവ ഓർക്കിഡുകളും ബ്രോമിലിയഡുകളും മോഷ്ടിക്കുന്നതിനിടെയാണ് ജോൺ ലറോഷിനെയും മൂന്ന് തദ്ദേശീയ ഗോത്രവംശജരെയും അറസ്റ്റ് ചെയ്യുന്നത്. ലറോഷിൻറെ വാദം താൻ ഗോത്രവംശജരുടെ ഒരു ജീവനക്കാരനാണെന്നും, ഓർക്കിഡുകൾ വളരുന്ന ചെടിക്കമ്പുകൾ മുറിച്ചെടുത്തത് അവരാണെന്നും, നിയമം മൂലം തദ്ദേശീയ ഗോത്രവംശജർക്ക് ചെടികൾ എടുക്കാൻ അസാധാരണമായ അവകാശമുണ്ടെന്നുമായിരുന്നു. രണ്ടാമതായി അയാൾ പറഞ്ഞത്, അപൂർവജനുസ്സിൽ പെട്ട സസ്യങ്ങൾ ഒരിക്കലും നേരിട്ട് വിൽക്കുകയല്ല, പകരം അവയെ വലിയ അളവിൽ ലബോറട്ടറികളിൽ ക്ലോൺ ചെയ്ത് കളക്ടർമാർക്ക് വിൽക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം എന്നാണ്. അതുവഴി അപൂർവസസ്യങ്ങളെ വേട്ടയാടലിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്നതായിരുന്നു അയാളുടെ വാദം. നിയമത്തിലെ പഴുതുകൾ മൂലം ഒടുവിൽ ഓർക്കിഡുകൾ മോഷ്ടിച്ച കുറ്റത്തിനല്ല, മറിച്ച് ഓർക്കിഡുകൾ വളരുന്ന ശാഖകൾ മോഷ്ടിച്ചതിനാണ് മൂന്ന് ഗോത്രവംശജർക്ക് $100 വീതം പിഴ ചുമത്തുന്നത്. ലാറോഷിന് $500 പിഴ ചുമത്തുകയും 6 മാസത്തേക്ക് അയാളെ ഫകഹാച്ചീ റിസർവിൽ നിന്നും വിലക്കുകയും ചെയ്യുന്നു. 7,000 വാക്കുകളിൽ താഴെയുള്ള ഒരു ലേഖനത്തെ ഏകദേശം 300 പേജുകളുള്ള പുസ്തകമാക്കുമ്പോൾ, ഏകദേശം രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യഥാർത്ഥ കോടതി കേസിന്റെ വിശദാംശങ്ങൾ, ഈ പുസ്തകത്തിന്റെ പത്തുശതമാനം പോലും വരുന്നില്ല എന്നതാണ് സത്യം. ചലച്ചിത്രത്തിലും ആദ്യത്തെ കുറച്ചു മിനിറ്റുകളിൽ തന്നെ ആ ഭാഗങ്ങൾ നമ്മൾ കാണുന്നുണ്ട്. 

ഓര്‍ക്കിഡുകളെക്കുറിച്ചാണ് സൂസന്‍ ഒര്‍ലിന്‍ എഴുതുന്നതെങ്കിലും ഓര്‍ക്കിഡ് തീഫ് എന്ന പുസ്തകത്തിന്‌ അനേകം തലങ്ങളുണ്ട്. ജോണ്‍ ലറോഷ് എന്ന വ്യക്തി തികച്ചും വിചിത്രമായ സ്വഭാവസവിശേഷതകള്‍ ഉള്ള ഒരാളാണ്. ആമകള്‍, ഐസ് ഏജ് ഫോസിലുകള്‍, ശില്‍പ്പങ്ങള്‍, വെള്ളി പൂശിയ പഴയ കണ്ണാടികള്‍, ട്രോപികല്‍ ഫിഷ്‌ എന്നിങ്ങനെ ജിവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും അയാള്‍ക്ക് ഓരോ ഭ്രമങ്ങളുണ്ട്. സൂസന്റെ ശ്രദ്ധയില്‍ പെടുന്ന കാലത്ത് അയാള്‍ ഓര്‍ക്കിഡുകള്‍ ശേഖരിക്കാന്‍ നടക്കുന്ന, സ്വന്തമായി പുതിയ ഇനം ഓര്‍ക്കിഡുകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. ഭ്രാന്തെന്ന് തന്നെ വിശേഷിപ്പിക്കാവുന്നത്ര ഭീകരമാണ് സസ്യങ്ങളോട് ഒരു ഘട്ടത്തില്‍ അയാള്‍ പുലര്‍ത്തുന്ന ഒബ്സെഷന്‍. പക്ഷെ പിന്നീടൊരു സാഹചര്യത്തില്‍ ഓര്‍ക്കിഡുകളോടുള്ള ഭ്രമം പൂര്‍ണമായും നിരാകരിച്ചുകൊണ്ട്‌ പോര്‍ണോഗ്രാഫി വെബ്സൈറ്റുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന ലറോഷിനെയും നമ്മള്‍ കാണുന്നു. ചലച്ചിത്രത്തിള്‍ ലറോഷും സൂസനും മാത്രമേ കടന്നുവരുന്നുള്ളൂ എങ്കിലും പുസ്തകത്തില്‍ വേറെയും വിചിത്രസ്വഭാവക്കാരെ നാം പരിചയപ്പെടുന്നുണ്ട്. മാര്‍ട്ടിന്‍ മോട്സ്, ബോബ് ഫച്സ്, ടോം ഫെനല്‍, ഫ്രാങ്ക് സ്മിത്ത്, ലീ മൂര്‍, ഓര്‍ക്കിഡുകള്‍ക്ക് പുറകെ പാഞ്ഞുകൊണ്ടേയിരിക്കുന്ന മനുഷ്യര്‍.

പുസ്തകത്തില്‍ ഒരിടത്ത് എന്ത് കൊണ്ടാണ് ഇങ്ങനെ ഓര്‍ക്കിഡുകള്‍ക്ക് പുറകെ മനുഷ്യര്‍ ഇറങ്ങി തിരിക്കുന്നത് എന്ന് ആശ്ചര്യപ്പെടുന്ന സൂസന് മറുപടിയായി ലറോഷ് പറയുന്നത് “Oh, mystery, beauty, unknowabilty, I suppose. Besides, I think the real reason is that life has no meaning. I mean no obvious meaning. You wake up, you go to work, you do stuff. I think everybody’s always looking for something a little unusual that can preoccupy them and help pass time” എന്നാണ്. I wanna know what it feels like to care about something passionately എന്ന് സൂസൻ പോലും ആഗ്രഹിച്ചുപോകുന്ന തരത്തിൽ ലറോഷ് അവരെ സ്വാധീനിക്കുകയാണ്. ഒടുവിൽ ലറോഷിനൊപ്പം, വിലക്കുകൾ മറികടന്ന് ഫാകഹാച്ചി റിസർവിൽ ഗോസ്റ് ഓർക്കിഡുകളെ കാണാനായി പോകുന്നുണ്ട് സൂസൻ. നീണ്ടകാലം ഫ്‌ലോറിഡയിൽ ഈ അന്വേഷണത്തിനായി ചിലവഴിച്ച നാളുകൾക്ക് അർത്ഥസമ്പൂർണ്ണമായ ഒരു പര്യവസാനമാവും എന്ന പ്രതീക്ഷയിൽ. എന്നാൽ, വളരെ ദുഷ്കരമായ യാത്രക്കൊടുവിൽ ഗോസ്റ് ഓർക്കിഡ് കാണാൻ കഴിയാതെ തന്നെ അവർക്ക് പിൻവാങ്ങേണ്ടിവരുന്നുണ്ട്. ചതുപ്പിൽ ദിക്കറിയാതെ കുടുങ്ങിപ്പോകുന്ന നിമിഷത്തിൽ ലറോഷ് ഒരു കഴിവുകെട്ട ഗൈഡ് ആണെന്നുപോലും സൂസൻ ഉറപ്പിക്കുന്നുണ്ട്. അതുവരെയും വളരെ ഭ്രമാത്മകം എന്നുകരുതിയിരുന്ന ലറോഷിന്റെ ശീലങ്ങൾ അല്ലെങ്കിൽ ഒരുപക്ഷെ ലറോഷ് തന്നെയും മിനുക്കുപണികളാൽ രക്ഷിക്കപ്പെടാൻ കഴിയാത്ത അതിസാധാരണമായ ഒരുച്ചക്കിറുക്കിനപ്പുറം ഒന്നുമല്ലെന്ന് തിരിച്ചറിവിൽ ആ നിമിഷം എനിക്കയാളെ കഴുത്തുഞെരിച്ചുകൊല്ലാൻ തോന്നിയെന്ന് പറയുന്ന സൂസന്റെ നിസഹായത ഒരർത്ഥത്തിൽ സങ്കടകരം തന്നെ. 


'അഡാപ്റ്റേഷൻ' സിനിമയിലെ രംഗം

ഈ പുസ്തകം എങ്ങനെ തിരക്കഥയാക്കും എന്ന ചാര്‍ളിയുടെ നിസഹായത പൂര്‍ണ്ണമായും മനസിലാക്കാവുന്ന ഒന്നാണ്. വളരെ സങ്കീർണ്ണമായ എഴുത്തുരീതിയും കൃത്യമായ ഒരു ഇതിവൃത്തത്തിന്റെ അഭാവവുമെല്ലാം ഓർക്കിഡ് തീഫിന്റെ ചലച്ചിത്രാവിഷ്കാരം ദുഷ്കരമാക്കുന്ന ഘടകമാണ്. പ്രത്യക്ഷത്തിൽ അഡാപ്റ്റേഷൻ എന്ന ചലച്ചിത്രത്തിന് പിന്തുടരാവുന്ന അനേകം മാതൃകകളുണ്ട്. ലറോഷിന്റെ ഓർക്കിഡ് മോഷണവും ആ കേസിന്റെ നാൾവഴികളും പ്രധാനപ്രമേയമാക്കിക്കൊണ്ട് കഥയെ നമുക്ക് മുന്നോട്ടുകൊണ്ടുപോവാം, അല്ലെങ്കിൽ അയാളുടെ ജീവിതത്തെയും അതിലെ പ്രധാനസംഭവങ്ങളെയും ഫോക്കസ് ചെയ്യാം, അല്ലെങ്കിൽ ലറോഷും ഓർലിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാവാം ചിത്രം- ഒരു റിപ്പോർട്ടറും അയാളുടെ ലേഖനവിഷയവും തമ്മിലുള്ള സവിശേഷമായ തീർത്തും വിഷയാടിസ്ഥിതമായ ബന്ധം. മറ്റൊരു സാധ്യതയിൽ നമുക്കിതിനെ ഓർലിന്റെ കാഴ്ചപ്പാടിൽ നോക്കിക്കാണാം. ഓർലിന്റെ ജീവിതം, അവരുടെ എഴുത്തുകൾ, അവരുടെ പത്രപ്രവർത്തകജീവിതത്തിൽ അവർ കണ്ടുമുട്ടുന്ന വിചിത്രവിഷയങ്ങൾ, ഇവിടെ അത് ഓർക്കിഡുകളാണ്, പക്ഷെ അവർ കൈകാര്യം ചെയ്തിട്ടുള്ള അസംഖ്യം ന്യൂസ് സ്റ്റോറികളിൽ ഒന്നുമാത്രമാണ് അതെന്നോർക്കുക. പക്ഷെ ഓര്‍ക്കിഡുകളുടെ ചരിത്രവും, വിചിത്രമായ ചെടിമോഷണ കഥകളും, ഫാകഹാച്ചി റിസര്‍വിന്റെയും സെമിനോള്‍സിന്റെയും ഉപകഥകളും എല്ലാമായി നിറഞ്ഞുകിടക്കുന്ന പുസ്തകത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു ചലച്ചിത്ര സാധ്യത ഉണ്ടോ എന്നത് കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ്. അതുകൊണ്ടാണല്ലോ പുസ്തകത്തിന്റെ ചലച്ചിത്രഅവകാശം സ്വന്തമാക്കാൻ സ്റ്റുഡിയോകൾ മത്സരിക്കുന്ന സമയം ഇവരിതെങ്ങനെ ചിത്രീകരിക്കുമെന്ന് ഒരു ഘട്ടത്തിൽ സൂസൻ ഓർലിൻ പോലും അത്ഭുതപ്പെടുന്നത്. 

പുസ്തകം വായിക്കുന്നതിനിടയില്‍ രസകരമായ മറ്റൊരു സംഗതി കൂടി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓര്‍ക്കിഡുകള്‍ പ്രതിപാദിക്കപ്പെടുന്ന പുസ്തകങ്ങളെക്കുറിച്ച് പറയുമ്പോള്‍ റെക്സ് സ്ററൗട്ട് സൃഷ്‌ടിച്ച നീറോ വോള്‍ഫ് എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ ഓര്‍ക്കിഡ് ഭ്രമവും സൂസന്‍ വിവരിക്കുന്നുണ്ട്. വളരെ വലിയ ശരീരത്തിനുടമയായ, സ്വന്തം മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ കൂടി കൂട്ടാക്കാത്ത അയാള്‍ ഒരു ഡിറ്റക്ടീവ് ആണ്. ആര്‍ച്ചി ഗുഡ്വിന്‍ എന്ന സഹപ്രവര്‍ത്തകനൊപ്പം കേസുകള്‍ അന്വേഷിക്കുന്ന വോൾഫ് വലിയൊരു ഓര്‍ക്കിഡ് ശേഖരത്തിനുടമയാണ്. സ്വന്തം ശേഖരത്തിലെ പതിനായിരത്തോളം വരുന്ന ഓര്‍ക്കിഡുകളെ പരിപാലിക്കുന്നതിനായി തിയോഡര്‍ ഹോര്‍സ്റ്റ്മാന്‍ എന്ന ഓര്‍ക്കിഡ് എക്സ്പെര്‍ട്ടിനെ ജോലിക്ക് വെക്കുക പോലും ചെയ്യുന്നുണ്ട് വോള്‍ഫ്. 1934 നും 75 നും ഇടയില്‍ 33 നോവലുകളും 41ഓളം ചെറുകഥകളും ആണ് നീറോ വോള്‍ഫ് പ്രധാന കഥാപാത്രമായി പുറത്തുവന്നത്. പലപ്പോഴും ഷെര്‍ലക്ക്‌ ഹോംസ് കൃതികളുമായി താരതമ്യം നേരിടാറുണ്ട് നീറോ വോള്‍ഫ് പുസ്തകങ്ങൾ. രൂപഘടന കൊണ്ട് ഷെര്‍ലോക്കിനെക്കാള്‍ മൈക്രോഫ്റ്റിനോടാണ് നീറോക്ക് സാമ്യമെങ്കിലും ഷെര്‍ലോക്ക് ഹോംസിന്റെയും ഐറീന്‍ ആഡ്ലറിന്റെയും മകന്‍ ആണ് അയാള്‍ എന്ന രീതിയിലും പല തിയറികളും ഉണ്ട്. ഇരുപതാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച മിസ്റ്ററി സീരീസുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന നീറോ വോള്‍ഫ് സീരീസിനു പക്ഷെ ഇവിടെ അധികം വായനക്കാരുള്ളതായി അറിയില്ല. ഷെര്‍ലോക്ക് ഹോംസ് കൃതികള്‍ പരിഭാഷപ്പെട്ടു വരുമ്പോള്‍, മത്സരബുദ്ധിയോടെ അഗതാകൃസ്റ്റിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍, എന്ത് കൊണ്ട് നീറോ വോള്‍ഫോ, സാൽവോ മൊണ്ടൽബനോയോ വിവര്‍ത്തനത്തിന് ചേരുന്ന ഒന്നാണെന്ന് പ്രസാധകര്‍ കാണുന്നില്ല എന്ന സംശയം പുസ്തകവായനക്കിടയില്‍ തോന്നിയിരുന്നു. 

തീരെ ഗുണനിലവാരം പുലര്‍ത്താത്ത പുസ്തകങ്ങള്‍ പോലും മേല്‍ത്തരം എന്ന് കൊട്ടിഘോഷിച്ചു പുറത്തിറക്കുന്ന പ്രസാധകരെക്കുറിച്ച് ഫോകൊള്‍ട്ട്സ് പെണ്ടുലത്തില്‍ എക്കോയും ഇഫ്‌ ഓണ്‍ എ വിന്‍റെര്‍സ് നൈറ്റ്‌ എ ട്രാവലറില്‍ കാല്‍വിനോയും എഴുതിയിട്ടുണ്ട്. പങ്കെടുക്കുന്ന വിഷയത്തെക്കുറിച്ചോ പാനലിസ്റ്റുകളെക്കുറിച്ചോ ധാരണയില്ലാത്ത മോഡറേറ്റർമാരുമായി ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന പേരിൽ കൊട്ടിഘോഷിച്ചു സാഹിത്യമേളകൾ നടത്തുന്ന ഇവിടുത്തെ പ്രസാധകരുടെ മുന്നിലെത്തിയ എത്ര കൃതികളാവും വിപണനസാധ്യത എന്ന ഒറ്റവാക്കില്‍ തടഞ്ഞ് പുറംലോകം കാണാതെ അവസാനിക്കുന്നതെന്ന് ആലോചിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിക്കുന്നു.


#cinema
Leave a comment