സംവിധായകന്റെ മരണം- കെ.ജി ജോര്‍ജിന്റെ വിധി തീര്‍പ്പുകള്‍
'I am the Hitler of my film ' എന്ന് ഒരിക്കല്‍ ജോണ്‍ എബ്രഹാം പറഞ്ഞിട്ടുണ്ട്. കെ.ജി.ജോര്‍ജിനാണ് ആ പ്രയോഗം കൂടുതല്‍ ഇണങ്ങുക. ഈ വാക്യം ഉള്‍ക്കൊള്ളുന്ന നശീകരണ സ്വഭാവമോ സിനിമയ്ക്ക് മേലുള്ള സമ്പൂര്‍ണ്ണ ഉടമസ്ഥാവകാശവുമല്ല ഇവിടെ സംവിധായകന്‍ ഉറക്കെ പ്രഖ്യാപിക്കുന്നത്. കല്ലിന്റെമേല്‍ കല്ലെന്ന മട്ടില്‍ സസൂക്ഷ്മം പണിതുയര്‍ത്തുന്ന കലാചതുരനായ ഒരു മേസ്തിരിയെപ്പോലെ, ചാഞ്ഞും ചെരിഞ്ഞും ചാന്തിന്റെ കൂട്ടും ഉറപ്പും നോക്കി ജോര്‍ജ് തന്റെ സിനിമകളില്‍ ഷോട്ടിന്റെ മേല്‍ ഷോട്ട് എടുത്തുവെച്ചുകൊണ്ട് ഉറപ്പുള്ള ഒരു ചലച്ചിത്ര എടുപ്പിനെ കെട്ടിയൊരുക്കി.
സംവിധായകന്‍ എന്ന വാക്കില്‍ ദൃശ്യകലാചാതുര്യം അത്രയ്‌ക്കൊന്നും അനുഭവപ്പെടുന്നില്ല. കേവലം സംഘാടകത്വം നിര്‍വഹിക്കുന്ന ഒരാള്‍ എന്നാണ് കേള്‍ക്കുമ്പോള്‍ തോന്നുക. സംവിധാനം എന്ന വാക്കിന് ക്രമീകരണം, വിന്യാസം, കൈകാര്യം ചെയ്യല്‍, രൂപവിന്യാസം, രൂപരചന, ആസൂത്രിതമായ രൂപപ്പെടുത്തല്‍, രീതി, ഏര്‍പ്പാട് എന്നൊക്കെയാണ് നിഘണ്ടു നല്‍കുന്ന അര്‍ത്ഥം. ഫിലിം മേക്കര്‍ എന്നാല്‍ അങ്ങനെയല്ല. ആ വാക്കില്‍ ആസൂത്രണങ്ങള്‍ക്കപ്പുറം ചലച്ചിത്ര പ്രക്രിയകളുടെ ചലനാത്മകത മുഴുവനും ഉള്ളടങ്ങുന്നു. സിനിമയുടെ എഡിറ്റിംഗ്, ക്യാമറ, സംഗീതം, കലാസംവിധാനം, ശബ്ദപഥം തുടങ്ങി സാങ്കേതികതയുടെ എല്ലാ വശവും കൈപ്പുണ്യത്തില്‍ ഉള്ളറിഞ്ഞു പാകപ്പെടുത്തുന്ന ഒരാളാണ് ചലച്ചിത്ര സാക്ഷാത്കര്‍ത്താവ് എന്നു പറയാം. ഇത്തരത്തില്‍ കെ.ജി.ജോര്‍ജ് സിനിമകള്‍ പലതും കറതീര്‍ന്ന ശില്പമാകുന്നു. അവാര്‍ഡ് സിനിമയുടെയും കച്ചവട സിനിമയുടെയും ഇടയില്‍ ജോര്‍ജ് അര്‍ദ്ധസുതാര്യതമായ ഒരു പാലം പണിതു. ഈ പാലത്തില്‍ നിന്നുകൊണ്ടാണ് ന്യൂജന്‍ ചലച്ചിത്രകാരന്മാര്‍ അവാര്‍ഡിന്റെയും കച്ചവട സിനിമയുടെയും അതിര്‍വരമ്പുകള്‍ പൊളിച്ചുകളഞ്ഞത്.
കുറ്റത്തിന്റെയും ശിക്ഷയുടെയും തിരനാടകങ്ങള്‍
കുറ്റവും ശിക്ഷയും എന്ന നൈതിക പ്രതിസന്ധി കെ.ജി.ജോര്‍ജ് ചിത്രങ്ങളില്‍ ആവര്‍ത്തിക്കുന്ന ആന്തരഘടനയാണ്. 'യവനിക' എന്ന കുറ്റാന്വേഷണ ശീലുള്ള സിനിമ നോക്കുക. പൊട്ടിയ കുപ്പിയില്‍ നിന്നും അടര്‍ന്ന ഒരു ചില്ലു കണ്ടെത്തുമ്പോള്‍ കുറ്റവാളിയെ പിടികിട്ടും.അതായത് കുപ്പി എന്ന നിര്‍മ്മിതിയുടെ പൂര്‍ത്തീകരണത്തിലൂടെ ചലച്ചിത്രം പരിഹാരം തേടുന്നു. എന്തൊരു സൂക്ഷ്മചാതുരിയാണ് ആ നിര്‍മ്മിതി എന്ന അന്തംവിടല്‍ കാണിയില്‍ ഉളവാക്കുന്നു. മറ്റൊന്ന്കൂടി നമ്മെ അത്ഭുതപ്പെടുത്തും. കുറ്റാന്വേഷണവും നാടകത്തിന്റെ പശ്ചാത്തലവും എങ്ങനെ സമ്മേളിക്കുന്നു എന്ന വസ്തുത. നാടകത്തിന്റെ ക്ലൈമാക്‌സ് ഇവിടെ ജീവിതത്തിന്റെ സമസ്യകള്‍ക്ക് ഉത്തരം കൂടിയായി മാറുന്നു. ചതുരംഗത്തിന്റെ കളത്തില്‍ മെയ്യടക്കത്തോടെ നൃത്തം ചെയ്യുന്ന കരുക്കള്‍പോലെ ബുദ്ധിയും സര്‍ഗ്ഗാത്മകതയും ഇങ്ങനെ പരസ്പരം യോജിച്ചു ചലിക്കുന്ന ഒരു ചലച്ചിത്രകാരന്‍, അയാളുടെ അപാരമായ ധിഷണയുടെ കുശാഗ്രതയില്‍ ജീവിതപദപ്രശ്‌നങ്ങള്‍ പൂരിപ്പിക്കപ്പെടുന്നു.
കെ.ജി.ജോര്‍ജ് | PHOTO: TWITTER
ചലച്ചിത്രത്തിന്റെ രൂപത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രമേയത്തെ ഒരു മൃദുല ഭാവമോ ആഭരണമോ ആയി മാത്രം ഉപയോഗിക്കുകയാണ് കെ.ജി.ജോര്‍ജ് ചെയ്തത്. ''രൂപം ഊറിക്കൂടിയ ഉള്ളടക്കമാണ്' എന്ന ഫ്രഡറിക് ജെയിംസിന്റെ ചിന്ത പ്രായോഗികതയില്‍ തെളിയിച്ച ഒരു കലാകാരനായിരുന്നു ജോര്‍ജ്. സംവിധായകരെല്ലാം അന്നേവരെ പ്രമേയത്തെ പൊതിയാന്‍ മാത്രം ചലച്ചിത്രത്തിന്റ രൂപത്തെ ആശ്രയിച്ചു. 'യവനിക' യില്‍ ചലച്ചിത്രത്തിന്റെ ഉള്ളടക്കമാണ് അരങ്ങിന്റെ രൂപത്തില്‍ പൊതിഞ്ഞു തരുന്നത്. 'ഇരകള്‍' എന്ന സിനിമ നോക്കുക. അന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അധികാര മോഹങ്ങളും അഗമ്യഗമനങ്ങളും കുടിപ്പകകളും മധ്യതിരുവിതാംകൂറിലെ ഒരു സമ്പന്നക്രിസ്ത്യന്‍ കുടുംബരൂപകം ഉപയോഗിച്ചു ജോര്‍ജ്ജ് ദൃശ്യവല്‍കരിക്കുന്നു. ''എല്ലാ സുല്‍ത്താന്‍മാരും വെളിച്ചം കടക്കാത്ത ഇരുളറകളിലൂടെ ഒളിച്ചോടും...'' എന്ന കടമ്മനിട്ടയുടെ വരികള്‍ അന്വര്‍ത്ഥമാക്കുംവിധം ചലച്ചിത്രകാലത്തില്‍ സാമൂഹിക സന്ദര്‍ഭം ഇഴചേര്‍ന്നു കിടക്കുന്നു. സഞ്ജയ് ഗാന്ധി ഇന്ത്യന്‍ ദേശീയതയെ നിര്‍ണയിക്കുന്ന കാലത്തിന്റെ സ്ഥൂലരാഷ്ട്രീയം സൂക്ഷ്മത്തില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ ചിത്രം. എന്നാല്‍ 'ഇലവങ്കോട് ദേശം' എന്ന സിനിമ മിത്തിനെ ചരിത്രത്തിന്റെ ക്യാമറക്കണ്ണുകൊണ്ട് നോക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് ജോര്‍ജ്ജ് എന്ന സംവിധായകന്റെ മികവ് ഒട്ടും കുറയ്ക്കുന്നതല്ല. വഴിമാറി സഞ്ചരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സിനിമയ്ക്ക് സംഭവിച്ച പണിക്കുറയാവാം ഇത്. 'മണ്ണ്' എന്ന സിനിമയും സമകാല ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് ബുദ്ധിയും-മതമൗലിക ആശയങ്ങളും കൈകോര്‍ത്ത് സാധാരണക്കാരന്റെ ജീവനോപാധികള്‍ എങ്ങനെ കൊള്ളയടിക്കുന്നു എന്ന് ഈ ചിത്രം ഓര്‍മ്മപ്പെടുത്തുന്നു. മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളുടെ പൂര്‍വ്വ മാതൃകയായ 'പഞ്ചവടിപ്പാലം' കാര്‍ട്ടൂണ്‍ എന്ന മീഡിയത്തിന്റെ ചലിക്കുന്ന ചിത്രമായി സംവിധായകന്‍ അനുഭവവേദ്യമാക്കുന്നു. കഥാപാത്രങ്ങളുടെ ചലനങ്ങളും പേരുകളും ഫ്രെയിമും കാര്‍ട്ടൂണിനെ അനുസ്മരിപ്പിക്കുന്നു. പുരാണത്തിലെയും ചരിത്രത്തിലെയും പേരുകളാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ദുശ്ശാസനക്കുറുപ്പ് (ഭരത് ഗോപി), മണ്ഡോദരി(ശ്രീവിദ്യ), ശിഖണ്ഡിപ്പിള്ള(നെടുമുടി വേണു), അനാര്‍ക്കലി (കല്പന), ജഹാംഗീര്‍(കെ.പി.ഉമ്മര്‍), ആബേല്‍ (ജഗതി ശ്രീകുമാര്‍)- കഥാപാത്രങ്ങളുടെ പേരുകള്‍ ഇങ്ങനെയാണ്. പഞ്ചായത്ത് ഭരണം എന്ന ഭരണകൂട രൂപകത്തിലൂടെ ജോര്‍ജ്ജ് നിലവിലിരിക്കുന്ന കുടുംബമടക്കമുള്ള എല്ലാ സ്ഥാപനങ്ങളുടെയും അധികാരങ്ങള്‍ ഇവിടെ ചോദ്യം ചെയ്യുന്നു.
'ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്' എന്ന മെറ്റാസിനിമയില്‍ കാണി ഒരു സിനിമ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് സംവിധായകന്‍ വോയ്‌സ് ഓവറുകളിലൂടെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. കാണി കൂടി പങ്കാളിയായ ഒരു സ്ഥാപനവത്കൃത കൊലപാതകത്തെ ( institutional murder) കുറിച്ചാണ് ചലച്ചിത്രം ഇവിടെ ബോധ്യപ്പെടുത്തുന്നത്. 'യവനിക' യില്‍ നാടകത്തിന്റെ സാധ്യമായ എല്ലാ സങ്കേതങ്ങളെയും പ്ലോട്ടിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നതുപോലെ 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്' എന്ന സിനിമയില്‍ ചലച്ചിത്രത്തിന്റെ സാങ്കേതികത പ്രയോജനപ്പെടുത്തുന്നു. അനായാസം മുന്നോട്ടും പുറകോട്ടും ചലിപ്പിക്കാന്‍ കഴിയുന്ന സിനിമയുടെ കഥപറച്ചില്‍ രീതി ചിത്രത്തിന്റെ പേര് തന്നെ ഉള്‍ക്കൊള്ളുന്നുണ്ട്. ലേഖ എന്ന ചലച്ചിത്രനടിയുടെ ആത്മഹത്യയുടെ കാരണങ്ങള്‍ അതീവ കയ്യടക്കത്തോടെ സിനിമയ്ക്കകമേ നിന്നുകൊണ്ട് ഒരു വിമര്‍ശപാഠമായി ജോര്‍ജ് കാഴ്ചപ്പെടുത്തുന്നു. 'ഉള്‍ക്കടല്‍' എന്ന സിനിമയില്‍ സംഗീതത്തിന്റെ മീറ്ററുകളില്‍ മനോഹരമായ ഒരു കഥ പറഞ്ഞുവയ്ക്കുന്നു. സംഗീതത്തിന്റെ രൂപകലയില്‍ ക്ലിഷേ എന്ന് തോന്നിക്കുന്ന ഒരു പ്രമേയത്തെ മെരുക്കിയെടുക്കുന്നു. 'സ്വപ്നാടനം' എന്ന സിനിമയില്‍ ഡോക്ടര്‍ ഗോപി എന്ന കഥാപാത്രം കേവലം മനോവിഭ്രാന്തിയുള്ള ഒരാള്‍ മാത്രമല്ല, അയാളുടെ രോഗത്തിന്റെ മനോതലങ്ങളിലൂടെ സൈക്കോ അനാലിസിസ് എന്ന പ്രക്രിയ രൂപപരമായി സംവിധായകന്‍ ഉള്ളടക്കുന്നു.'മേള' എന്ന സിനിമയും മനസികാപഗ്രഥനത്തിന്റെ ആലോചനകളാണ് പറഞ്ഞുവെക്കുന്നത്. ചെറുതും- വലുതും ആയ ആകാരത്തിന്റെ സാഹസികവും-ഹാസ്യവും ആയ ബൈനറികളില്‍ ലോകം എങ്ങനെ മനുഷ്യരെ വിചാരണ ചെയ്യുകയും വിധിക്കുകയും ചെയ്യുന്നു എന്ന് ചിത്രം സൂചിപ്പിക്കുന്നു. ഒരു സര്‍ക്കസ് കൂടാരത്തിലെ ക്രിയകള്‍ ജൈവിക ഇടമെന്ന രീതിയില്‍ പ്രതിഫലിപ്പിച്ചുകൊണ്ട് സംവിധായകന്‍ ഇത് കാഴ്ചവല്‍കരിക്കുന്നു.
'ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്' | PHOTO: WIKI COMMONS
കെ.ജി ജോര്‍ജ് എന്ന ചിത്രമേസ്തിരി തന്റെ ഔന്നത്യത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത് 'ആദാമിന്റെ വാരിയെല്ല്' എന്ന ചിത്രത്തിലാണ്. 'അമോറോസ് പെറസ്' എന്ന മെക്‌സിക്കന്‍ സിനിമയുടെയും മറ്റും ഭാവുകത്വം കാഴ്ചപ്പെടും മുന്‍പ് എണ്‍പതുകളില്‍ മൂന്നാംലോക മലയാള സിനിമാസന്ദര്‍ഭത്തില്‍ ജീവിതങ്ങളുടെ സമാന്തര കഥകള്‍ നെയ്ത് കഥാപാത്രങ്ങളെ പൊതുകേന്ദ്രത്തില്‍ എത്തിച്ച് ഒരു ക്ലൈമാക്‌സ് നല്‍കുന്നുണ്ട് ജോര്‍ജ്. ഈ ഭാവനാതന്ത്രം മലയാളി പ്രേക്ഷകരുടെ കാഴ്ചശീലങ്ങളില്‍ നാല്പത് വര്‍ഷം മുന്‍പ് സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന വസ്തുത ഏതൊരു ചലച്ചിത്ര വിദ്യാര്‍ത്ഥിയെയും അത്ഭുതപ്പെടുത്തുന്നതാണ്. ലോവര്‍ -മിഡില്‍ -ഹയര്‍ ക്ലാസ്സ് ശ്രേണിയിലെ മൂന്ന് സ്ത്രീകളും അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഈ ചലച്ചിത്രം ആഴത്തില്‍ സംബോധന ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ മലയാളത്തിലെ ഫെമിനിസ്റ്റ് ചിന്തയ്ക്ക് ആധികാരികമായ ഒരു പ്രായോഗിക അടിത്തറ ചിത്രം നല്‍കുന്നു. സ്ത്രീപ്രശ്നത്തെ മാര്‍ക്‌സിയന്‍ സാമ്പത്തിക അടിത്തറയുടെ നോട്ടത്തില്‍ രേഖപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും ഇന്റര്‍ സെക്ഷണലായി തിരിച്ചറിയാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ ചലച്ചിത്രത്തിന്റെ സവിശേഷത. ക്ലൈമാക്‌സില്‍ ഭരണകൂടത്തിന്റെ പുനഃരധിവാസ കേന്ദ്രത്തില്‍ നിന്ന് ഓടിവരുന്ന സ്ത്രീകൂട്ടത്തെ ഓര്‍മ്മിക്കുക. അടിത്തട്ടിലെ ജനതയുടെ പക്ഷത്താണ് താന്‍ നില്‍ക്കുന്നത് എന്നതിന് സംവിധായകന്റെ നേര്‍സാക്ഷ്യം ആയിരുന്നു ഇത്. തങ്ങളുടെ ജീവിതം ചിത്രീകരിക്കുന്ന സംവിധായകനെയും ക്യാമറാമാനെയും ഉള്‍പ്പെടെ സകല നിയന്ത്രണങ്ങളുടെയും വഴക്കങ്ങളുടെയും മെരുക്കങ്ങളുടെയും അനുശാസനങ്ങള്‍ തട്ടിത്തെറിപ്പിച്ചുകൊണ്ട് കീഴ്ത്തട്ടിലെ സ്ത്രീ ഫ്രയിമിന് പുറത്തേക്ക് ഓടിപ്പോകുന്നു. ഇങ്ങനെ വിപ്ലവകരമായ ഒരുപക്ഷേ, ആത്മഹത്യാപരമായി എന്നു പറയാവുന്ന ഒരു ദൃശ്യവിചാരണ ജോര്‍ജ് സ്വയം നിര്‍വഹിക്കുന്നു. 'ദി ടേസ്റ്റ് ഓഫ് ചെറി 'എന്ന സിനിമയില്‍ അബ്ബാസ് കിരോസ്തമി കാലങ്ങള്‍ക്ക് ശേഷമാണ് ഇത്തരം ഒരു ചിന്ത കൊണ്ടുവരുന്നത്. കാലത്തിനുമുമ്പേ പറന്ന സങ്കേതവും പ്രമേയവുമായി കെ.ജി.ജോര്‍ജ്ജ് എന്ന സംവിധായകന്‍ മലയാളചലച്ചിത്ര ചരിത്രത്തില്‍ ഇടപെട്ടു. അയാള്‍ ജീവിച്ച കാലങ്ങളില്‍ ഈ ദൃശ്യധൈഷണികത വേണ്ടത്ര മനസ്സിലാക്കപ്പെടാതെ പോയതിന് കാരണവും മറ്റൊന്നല്ല.
ഒരു കുറ്റാന്വേഷണകഥയിലേതുപോലെ നൈരന്തര്യത്തോടെ പ്രവര്‍ത്തിക്കുന്ന അവതരണമികവാണ് ജോര്‍ജ്ജിന്റെ സിനിമകളില്‍ കാണുന്ന മറ്റൊരു സവിശേഷത. പ്രേക്ഷകനില്‍ ഉദ്യോഗം ജനിപ്പിച്ചു സീനുകളില്‍ ക്രമാനുഗതമായി വളരുന്ന ഒന്നാണത്. കാണിയില്‍ ജനിക്കുന്ന ആകാംക്ഷകളാണ് കാഴ്ചയുടെ വിധാനം നിയന്ത്രിക്കുന്നത്. 'യവനിക'യിലെ തെളിയിക്കപ്പെടാതെ കിടക്കുന്ന കുപ്പിക്കഷ്ണം പോലെ ഒരു ഭൗതിക വസ്തു തന്നെയാവണം എന്നില്ല അത്. മറിച്ച്, 'കോലങ്ങള്‍', 'ഈ കണ്ണികൂടി', 'മറ്റൊരാള്‍' തുടങ്ങിയ സിനിമകളില്‍ ദൃശ്യപ്പെടുംപോലെ അദൃശ്യമായ വികാരാംശങ്ങളുടെ കണ്ണി കൂടിയായി അത് വികസിക്കുന്നു. വിശാലമായ അര്‍ത്ഥത്തില്‍ കേരളീയ കുടുംബം എന്ന രൂപത്തെ പൊളിക്കുന്ന ദൃശ്യപരമായ ഒരു ഉള്ളടക്കം ജോര്‍ജ് അവതരിപ്പിക്കുന്നു. 'മറ്റൊരാള്‍' എന്ന സിനിമയിലെ ഗൃഹനാഥന്റെ ആത്മഹത്യ ഇതിന് തെളിവാണ്.
കെ.ജി.ജോര്‍ജ് | PHOTO: FACEBOOK
തന്റെ സിനിമകളില്‍ സാക്ഷാത്കാരം എന്ന നിലയില്‍ പലവിധ ആഖ്യാനരൂപങ്ങളെ പ്രമേയ നിര്‍ധാരണത്തിനായി ജോര്‍ജ് ഉപയോഗിക്കുന്നു എന്നാണ് ഇവിടെ വിശദീകരിക്കാന്‍ ശ്രമിച്ചത്. രൂപങ്ങള്‍ പലവിധമാകുമ്പോഴും പ്രമേയത്തിന്റെ പ്രാധാന്യത്തെ ജോര്‍ജ്ജ് നിരസിക്കുന്നില്ല. സിനിമയ്ക്കു മേലുള്ള സംവിധായകന്റെ പിതൃത്വത്തെത്തന്നെ ചോദ്യംചെയ്ത് സ്വയം തൂക്കിലേറ്റുന്ന ദയാരഹിതമായ ഒരു വിധി കെ.ജി. ജോര്‍ജ് എന്ന ചലച്ചിത്രകാരന്റെ ദൃശ്യവിചാരണയിലെ അന്തിമ തീര്‍പ്പുകളില്‍ ഒന്നായിരുന്നു. സംവിധായകന്‍ തന്റെ ശില്പഘടനയുടെ അധികാര നിയന്ത്രണങ്ങള്‍ സ്വയം തിരിച്ചറിയുന്നു. ഇവിടെ രൂപം തന്നെ കുറ്റവും ശിക്ഷയുമായി പരിണമിക്കുന്നു. ഉടഞ്ഞ ചില്ല് അപ്പോള്‍ പൂര്‍ണ്ണമായി കണ്ണിചേരുന്നു. അതുകൊണ്ടാണ് കെ.ജി.ജോര്‍ജ് മലയാളം കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രീയ-സ്ത്രീപക്ഷ സിനിമകളുടെ വക്താവാകുന്നത്.