TMJ
searchnav-menu
post-thumbnail

TMJ Cinema

ദേവദൂതന്‍ - THE HEAVENLY MESSENGER.

29 Mar 2023   |   4 min Read
വിപിൻ മോഹൻ

'Someone wants to say something to someone' ഈയൊരു ടാഗ് ലൈനോട് കൂടി ഇറങ്ങിയ ഒരു മിസ്റ്ററി - ഹൊറര്‍ - മ്യൂസിക്കല്‍ - റൊമാന്റിക് ഴോണര്‍ സിനിമയായിരുന്നു 2000 ല്‍ ക്രിസ്തുമസ് റിലീസായി പുറത്തിറങ്ങിയ ദേവദൂതന്‍ എന്ന സിബി മലയില്‍ ചിത്രം.

മനസ്സില്‍ മുഴുവന്‍ സംഗീതം കൊണ്ടുനടക്കുന്ന വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന പരാജിതന്റെ ജീവിതം, ലക്ഷ്യം എന്നിവ തന്റെ സംഗീതം കൊണ്ട് മാറ്റിമറിക്കാനെത്തുന്ന ദേവദൂതനാണോ മഹേശ്വര്‍ ? അതോ തന്റെ പ്രണയിനിയോട് പറയാനുള്ളത് നമുക്ക് കാണാനാവാത്ത ഒരു ലോകത്തിരുന്ന് സംഗീതത്തിലൂടെയെങ്കിലും പറയാന്‍ ശ്രമിക്കുന്ന മഹേശ്വറിനെ ജന്മാന്തര ബന്ധമെന്നപോലെ സഹായിക്കാന്‍ വരുന്ന വിശാലാണോ ഈ കഥയിലെ ദേവദൂതന്‍.

ഊട്ടിയുടെ പശ്ചാത്തലത്തില്‍ പഴയ വിക്ടോറിയന്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടയിലിന്റെ ഒരോ ഫ്രെയിമും ഈ സിനിമയുടെ ദൃശ്യാനുഭവം മനോഹരമാക്കി. മലയാള സിനിമ അന്നുവരെ കണ്ടുപരിചയിച്ച ഒരവതരണശൈലിയേ ആയിരുന്നില്ല ദേവദൂതനിലേത്.

തന്റേതല്ലാത്ത കാരണത്താലാണ് വിശാല്‍, താന്‍ പഠിച്ച കോളേജില്‍ നിന്നും പുറത്താക്കപ്പെടുന്നത്. SEVEN BELLS എന്ന സംഗീതോപകരണം അവിടുത്തെ 'ANGELINA' മാഡത്തിന്റെ സമ്മതത്തോടെയല്ലാതെ വായിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു അത്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന വിശാലിന് തന്റെ ലക്ഷ്യങ്ങളിലേക്ക് ഒന്നും തന്നെ എത്തിപ്പെടാനായില്ലെന്ന് മാത്രമല്ല, തുടങ്ങിയ സംരംഭങ്ങള്‍ എല്ലാം തന്നെ പരാജയപ്പെടുകയായിരുന്നു. വിശാലിനെ ഏത് ശക്തിയാണോ അയാളുടെ കോളേജ് കാലഘട്ടത്തില്‍ ആ സംഗീതോപകരണത്തിലൂടെ തന്റെ സംഗീതം കേള്‍പ്പിക്കാന്‍ ശ്രമിച്ചത്, ആ ശക്തി തന്നെയാവാം അയാളുടെ ജീവിതത്തിലെ പരാജയങ്ങള്‍ക്കും കാരണമായത്. കാരണം ആ അജ്ഞാത ശക്തിക്ക് പറയാനുള്ളത് വിശാലിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അവരിരുവരിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന സംഗീതം തന്നെയായിരുന്നു, ആ ശക്തി വിശാലിനെ തന്റെ മാധ്യമമായി  ഉപയോഗിക്കാന്‍ കാരണമായത്.

ഈയൊരു കാര്യം ഉറപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും സിനിമയില്‍ അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. പ്രിന്‍സിപ്പലച്ചന്റെ കഥ ആദ്യം സംവിധാനം ചെയ്യാനൊരുങ്ങിയ ജഗതി അവതരിപ്പിച്ച അച്ചന്റെ കഥാപാത്രം പ്രാക്ടീസിനിടെ പരിക്കു പറ്റി കിടപ്പിലാകുന്നു. ഈ സമയത്ത് അവിടെ ഒരു പ്രാവിന്റെ പ്രസന്‍സ് കാണിക്കുന്നുണ്ട്. സിനിമയിലുടനീളം ഇതിലെ അദൃശ്യ ശക്തിയുടെ പ്രസന്‍സ് വരുന്നിടത്തെല്ലാം ഈ പ്രാവുമുണ്ട്. കിടപ്പിലായ അച്ചന് പകരം ഈ ആക്ട് ആര് സംവിധാനം ചെയ്യുമെന്ന ചോദ്യമുയരുമ്പോള്‍ പ്രിന്‍സിപ്പലച്ചന്റെ ടേബിളിലിരിക്കുന്ന Dancing Musical Doll, അതില്‍ ഇതുവരെ സെറ്റ് ചെയ്തിട്ടില്ലാത്ത ഒരു  മ്യൂസിക് പ്ലേ ചെയ്യുന്നു. കൂട്ടത്തിലുള്ള വിദ്യാര്‍ത്ഥികളിലൊരുവള്‍, ഇത് വിശാലിന്റെ സംഗീതം ആണെന്ന് പറയുന്നതോടെ പാവ പാട്ട് നിര്‍ത്തുന്നു.



ഇങ്ങനെ വിശാലിനെ ആ കോളേജിലേക്ക് തിരികെയെത്തിക്കാന്‍ ആ ശക്തി പലതും ചെയ്യുന്നു. കോളേജിലേക്ക് വിശാല്‍ എത്തിയതിനുശേഷവും ആ ശക്തി വിശാലിനോട് പല രീതിയിലും കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. സിനിമയിലുടനീളം ഈ അദൃശ്യ ശക്തിയുടെ പ്രസന്‍സ് കാണിക്കുന്നുണ്ടെങ്കിലും, ടിപ്പിക്കല്‍ ഹൊറര്‍ സിനിമകളിലെന്നപോലെ ഇതിലെ പ്രേതത്തെ എവിടെയും കാണിക്കുന്നില്ല. സിനിമയിലെ ഹൊറര്‍ എഫക്ട് ചില ശബ്ദങ്ങളിലൂടെയും, കാറ്റിലൂടെയും, ചിറകടികളിലൂടെയും, പിന്നെ മ്യൂസിക്കിലൂടെയുമാണ് ക്രിയേറ്റ്  ചെയ്തിരിക്കുന്നത്. അത്യാവശ്യം ഹോണ്ടിങ് എഫക്റ്റില്‍ തന്നെ  അത് കാണിക്കാന്‍ ഛായാഗ്രഹകന്‍  സന്തോഷ് തുണ്ടയിലിനും, സംഗീത സംവിധായകന്‍ വിദ്യാസാഗറിനും സാധിച്ചുവെന്നുതന്നെ പറയാം.

അന്ധനായ മഹേശ്വറിനെയും അയാളുടെ സംഗീതത്തെയും ഗാഢമായി പ്രണയിച്ചവളാണ് അലീന. തങ്ങളുടെ വിവാഹത്തിന് സമ്മതം വാങ്ങാന്‍ അയാളുടെ വീട്ടുകാരെ  കാണാന്‍ പോയെങ്കിലും എന്തോ അജ്ഞാത കാരണം കൊണ്ട് മഹേശ്വറിന്  തിരികെ വരാനായില്ലെന്ന്  കരുതി ഇന്നും അയാളെ കാത്തിരിക്കുന്നവളാണ് അലീന. മഹേശ്വറുമായി ബന്ധമുള്ള ഓരോ വസ്തുവിനോടും അവള്‍ക്ക് ഭ്രാന്തമായ പ്രണയമാണ്. സിനിമയുടെ തുടക്കം മുതല്‍ സപ്തസ്വരമണികളും ഒരു കഥാപാത്രമായി കൂടെയുണ്ട്. മഹേശ്വറിന് അലീനയോട് പറയാനുള്ളതെല്ലാം മ്യൂസിക് നൊട്ടേഷനുകളിലൂടെയാണ് വിശാലിലൂടെ സംവദിക്കാന്‍ മഹേശ്വര്‍ ശ്രമിക്കുന്നത്. മഹേശ്വറിന്റെ പ്രണയവും ദുഃഖവും ദേഷ്യവുമെല്ലാം സപ്തസ്വരമണികളിലൂടെ അയാള്‍ പ്രകടിപ്പിക്കുന്നുണ്ട്.

അലീനയുടെ അച്ഛന്‍ വില്യം ഇഗ്‌നീഷ്യസ് വളര്‍ത്തുന്ന അല്‍സേഷ്യന്‍ നായ്ക്കളെ അഴിച്ചുവിട്ടതിനെ തുടര്‍ന്ന് പേടിച്ചോടുന്ന മഹേശ്വറിനെ അലീനയുടെ അച്ഛന്റെ നിര്‍ദ്ദേശപ്രകാരമാണ് ആല്‍ബര്‍ട്ടൊ ജീവനോടെ കുഴിച്ചുമൂടുന്നത്. വിശാലിന്റെ വരവോടെ രാത്രികളില്‍ ആ കോളേജ് പരിസരത്ത് ഈ പട്ടികളുടെ സാന്നിധ്യമുണ്ട്. എന്നാല്‍ അത് വെറും രൂപമില്ലാത്ത ശബ്ദങ്ങള്‍ മാത്രമാണെന്നുള്ളത് ഒരു പ്രത്യേകതയാണ്. കാരണം, തന്നെ മരണത്തിലേക്ക് ഓടിച്ചു വിട്ട പട്ടികളെ മഹേശ്വര്‍ കണ്ടിട്ടില്ല. രാത്രികാലങ്ങളില്‍ ആ ഹോസ്റ്റല്‍ പരിസരത്ത് വന്ന് എല്ലാവരെയും ഭയപ്പെടുത്തുന്ന പട്ടികളെയും ആരും കാണുന്നില്ല.

എത്ര മനോഹരമായാണ്  മരണാനന്തരവും രണ്ടുപേര്‍ പ്രണയിക്കുന്നതെന്ന് ഈ സിനിമയില്‍ കാണിച്ചുതന്നു. അലീനയോട് തന്റെ സത്യാവസ്ഥ അറിയിക്കുന്നത് വരെ മഹേശ്വര്‍, ഒരു പ്രാവിന്റെ  ചിറകടി ശബ്ദത്തിലൂടെയൊ, കുറുകലിലൂടെയോ ഒരു ഇളം കാറ്റിന്റെ രൂപത്തിലുമൊക്കെയാണ് വന്നു് പോകുന്നത്. സംവദിക്കാന്‍ ഒരു മാധ്യമമില്ലാതിരുന്ന ആ ആത്മാവ് നിസ്സഹായനായിരുന്നു. ആ നിസ്സഹായവസ്ഥ  വിശാലിലൂടെ മാറ്റിയെടുത്താണ് അവസാനം മഹേശ്വര്‍ തന്റെ അലീനയേയും കൊണ്ടുപോകുന്നത്. അതും രണ്ട് ഇണ പ്രാവുകളായി.



സുന്ദരമായൊരു പ്രണയകഥയാണ് മിസ്റ്ററിയുടെയും ഹൊററിന്റേയും അകമ്പടിയോടെ രഘുനാഥ് പലേരി കഥയും തിരക്കഥയും എഴുതി നമുക്ക് സമ്മാനിച്ചത്. ഇത്രയേറെ നല്ലൊരു കഥയും പുതുമയുള്ളൊരു കണ്‍സെപ്റ്റും ലീഡ് റോളിനായി മോഹന്‍ലാല്‍ എന്ന നടനെ കിട്ടിയിട്ടും ഈ സിനിമ ബോക്‌സോഫീസില്‍ ഒരു പരാജയമായി. നരസിംഹം എന്ന ബോക്‌സോഫീസ് ഹിറ്റിന് ശേഷം വരുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍, പരാജിതനായ വിശാലിന്റെ ക്യാരക്ടര്‍ നിര്‍മ്മിതിയില്‍  ഒട്ടേറെ അഡ്ജസ്റ്റ്‌മെന്റുകള്‍  നടത്തിയതാണ് പ്രധാന കാരണം. വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന മോഹന്‍ലാല്‍ കഥാപാത്രം ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു എക്സന്‍ട്രിക് ടച്ച് സ്വഭാവമുള്ളയാളാണ്. സംഗീതത്തിനോടുള്ള ആ ഭ്രാന്തമായ ഇഷ്ടവും അഭിനിവേശവും കാരണം പുറത്താക്കപ്പെട്ട അതെ കോളേജില്‍ ഒരു പ്രോഗ്രാം ചെയ്തുകൊടുക്കാനായി ക്ഷണിക്കപ്പെട്ടെത്തുന്ന ആ കഥാപാത്രത്തിന്റെ നിര്‍മ്മിതിയില്‍ ഒരല്‍പ്പം കൂടി ശ്രദ്ധപുലര്‍ത്താന്‍ ഈ സിനിമയുടെ ശില്പികള്‍ ശ്രമിച്ചിരുന്നുവെങ്കില്‍ മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാവുമായിരുന്ന കഥാപാത്രമായിരുന്നു വിശാല്‍ കൃഷ്ണമൂര്‍ത്തി.

പലയിടത്തും മുഴച്ചുനില്‍ക്കുന്ന ഡയലോഗുകളും അനാവശ്യമായ കോമഡികളും, സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന ഫൈറ്റുമൊന്നും ഈ സിനിമയില്‍ ആവശ്യമുള്ള ഒന്നായിരുന്നില്ല എന്ന തോന്നലാണ് ഉണ്ടാകുന്നത്. ജഗതിയുടെയും ജഗദീഷിന്റെയും ഒന്നും കഥാപാത്രങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഈ സിനിമ മുന്നോട്ട് പോകുമായിരുന്നു. ഒരു റൊമാന്റിക് മിസ്റ്ററി എലമെന്റ് അതും വളരെ സീരിയസായി പോകേണ്ടുന്ന സിനിമയില്‍ പലയിടങ്ങളിലും അനാവശ്യമായി കുത്തിതിരുകിയ കോമഡി മുഴച്ചുനില്‍ക്കുന്നതാണ്.

ജയപ്രദ എന്ന നടിയുടെ സ്‌ക്രീന്‍പ്രെസെന്‍സ് പറയാതെ പോകാനാവില്ല. അതുപോലെ തന്നെ കാഴ്ച്ചയില്ലാത്ത മഹേശ്വറായി അഭിനയിച്ച വിനീത്കുമാറിന്റെ കണ്ണിലെ തിളക്കവും.



വിദ്യാസാഗറിന്റെ സംഗീതം ആ വര്‍ഷത്തെ മികച്ച സംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയ എല്ലാ ഗാനങ്ങളും അതി മനോഹരങ്ങളായിരുന്നു. സിനിമയില്‍ പ്രേതത്തെ ചിത്രീകരിക്കുന്നില്ല എങ്കില്‍പോലും, ഹോണ്ടിങ് ആയ മ്യൂസിക്കും, ബിജിഎമ്മും കൊണ്ട് ആ ഒരു മിസ്റ്റിക് എലമെന്റ് വരുത്താന്‍ അദ്ദേഹത്തിനായി. താന്‍ സംഗീതം ചെയ്ത സിനിമകളില്‍ ഏറ്റവും മികച്ചവയില്‍ ഒന്നാണ് ദേവദൂതനിലെ സംഗീതം എന്നാണ് വിദ്യാസാഗര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സപ്തസ്വര മണികളില്‍  ജീവിക്കുന്ന ഒരു ആത്മാവ് എന്ന നിലയിലാണ് മഹേശ്വറിനെ പോട്രേയ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ തന്നെ ആ സിനിമ തീവ്രമായ പശ്ചാത്തല സംഗീതം ഡിമാന്‍ഡ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിയാനോ ശബ്ദം , ഓര്‍ഗന്‍ ശബ്ദം, ഹാര്‍മോണിയം ശബ്ദം, ശ്വാസോച്ഛാസത്തിന്റെ ശബ്ദം, മണികളുടെ ശബ്ദം എല്ലാം വരുന്ന രീതിയില്‍ വളരെ ട്രിക്കിയായ ഒരു സംഗീതവും ബിജിഎമ്മുമാണ് സിനിമ ആവശ്യപ്പെട്ടതെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് താനത് ചെയ്തതെന്നും വിദ്യാസാഗര്‍  കൂട്ടിച്ചേര്‍ക്കുന്നു്. ത്യാഗരാജ  കീര്‍ത്തനങ്ങളിലൊന്നായ 'എന്തരോ മഹാനുഭാവലു' എന്ന ഗാനം വെസ്റ്റേണ്‍  ക്ലാസിക്കല്‍ രീതിയില്‍ ചിട്ടപ്പെടുത്തി സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് തന്റെ പേഴ്‌സണല്‍ ഫേവറേറ്റുകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു.

നേരത്തെ പറഞ്ഞ പിഴവുകള്‍ എല്ലാം ഒഴിവാക്കി ഒന്നുകൂടെ ശ്രദ്ധിച്ചെടുത്തിരുന്നെങ്കില്‍ ക്ലാസിക്കുകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു സിനിമ തന്നെയാകുമായിരുന്നു ദേവദൂതന്‍. റീമാസ്റ്റേഡ് വേര്‍ഷന്‍ യൂട്യൂബിലും മറ്റും കിട്ടുമെങ്കിലും, ഒരു റീ റിലീസ് സാധ്യതയുള്ള സിനിമ തന്നെയാണ് അത്.



 

#cinema
Leave a comment