TMJ
searchnav-menu
post-thumbnail

TMJ Cinema

നിഴലും നിശബ്ദതയും കൊണ്ട് ശബ്ദമുണ്ടാക്കുന്ന "ഡീയസ് ഈറ"

17 Nov 2025   |   3 min Read
അനുപ്രിയ രാജ്

ചില ആഗ്രഹങ്ങൾ ബാക്കിയാകുമ്പോൾ  മരണത്തിന് ശേഷവും മരിക്കാതെ പിന്തുടരുന്ന ചില ജീവനുകൾ. ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളിലൂടെ മലയാള സിനിമയുടെ ഹൊറർ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ രാഹുൽ സദാശിവന്റെ പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറ നിസ്സഹായരായ മനുഷ്യരുടെ അടങ്ങാത്ത ആഗ്രഹങ്ങളിലേയ്ക്ക് ഭീതിയുടെ നിഴൽ പടർത്തുന്നു. വെള്ളസാരിയുടുത്ത് അലറിവിളിക്കുന്ന യക്ഷികളെ നോക്കി ട്രോളുന്ന മലയാളി പ്രേക്ഷകരെ നിഴലും നിശബ്ദതയും കൊണ്ട് പേടിപ്പിക്കുവാൻ രാഹുൽ സദാശിവന്റെ directorial ബ്രില്യൻസിന് സാധിക്കുന്നയിടത്താണ് ഡിയസ് ഈറ ചർച്ചയാകുന്നത്.

പണത്തിന്റെ പ്രിവിലേജിൽ ജീവിതത്തെ നിസ്സാരമായി കാണുന്ന റോഹൻ എന്ന ചെറുപ്പക്കാരൻ. ആരുമായും വൈകാരിക അടുപ്പമുണ്ടാക്കാതെ അച്ഛൻ പണിതുണ്ടാക്കിയ പടുകൂറ്റൻ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നു. ഇടയ്ക്ക് കൂട്ടുകാരെ വീട്ടിലേയ്ക്ക് വിളിച്ച് പാർട്ടി നടത്തും. പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടും. അങ്ങനെ ലാഘവത്തോടെ ജീവിക്കുന്നതിനിടയിൽ സഹപാഠിയായ കനി ആത്മഹത്യ ചെയ്ത വിവരം അറിയുന്നു. കനിയുടെ വീട്ടിലെത്തിയതിന് ശേഷം റോഹനെ പിന്തുടരുന്ന അതിവിചിത്രമായ സംഭവങ്ങളാണ് പ്രേക്ഷകരിൽ ഭീതി പടർത്തുന്നത്. ബന്ധങ്ങളിൽ നിന്നും വിട്ടുപോകാൻ അനുവദിക്കാതെ മരണശേഷവും നിഴൽ പോലെ പിന്തുടരുന്ന മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹങ്ങൾ. അത്തരം ആഗ്രഹങ്ങളെ മുറിപ്പെടുത്തുമ്പോൾ വന്യത പൂണ്ടു ചുറ്റുമുള്ളതിനെയൊക്ക ഉഗ്രമായ ദേഷ്യത്തോടെ നശിപ്പിക്കുന്നു. അവർ മരണ ശേഷവും ശരീരമുപേക്ഷിക്കുവാൻ തയ്യാറാവില്ല.

REPRESENTATIVE IMAGE | WIKI COMMONS
കിണറ്റിൽ നിന്നും പുറത്തേയ്ക്കിട്ട കനിയുടെ മൃതദേഹത്തിൽ ജീവൻ ബാക്കിയുള്ളത് പോലെ  മടങ്ങാതെയുള്ള കൈ. എന്നെ ചേർത്തു പിടിക്കൂയെന്ന പ്രതീതി ഉണർത്തുന്ന ആ കൈയ്യിൽ തന്നെ സ്നേഹത്തിനു വേണ്ടിയുള്ള അവളുടെ ആഗ്രഹം ഒളിഞ്ഞിരിപ്പുണ്ട്. എന്നാൽ ഇഷ്ടമില്ലാത്ത സ്നേഹത്തിൽ നിന്നുമുള്ള  രക്ഷപ്പെടൽ കൂടിയായിരിക്കുമോ ഈ മരണം? നൃത്തത്തിന്റെ ലോകത്തിൽ മാത്രം ഒതുങ്ങി കൂടിയ കനിയിൽ പ്രണയത്തിന്റെ ഇതളുകൾ വിടരുകയും ഒടുക്കം വാടുകയും ചെയ്തത്  അവൾക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒറ്റപ്പെടലാണ് കനിയെ മരണത്തിലേയ്ക്ക് തള്ളിവിട്ടതെന്ന് അവളുടെ അമ്മ സംശയിക്കുന്നു. നമ്മളോട് പറയാനായി എന്തൊക്കെയോ അവളിൽ ബാക്കിയുണ്ടായിരുന്നുവെന്ന് കനിയുടെ അമ്മ വിലപിക്കുന്നുണ്ട്. താനും സഹോദരിയുമായി അങ്ങനെ മിണ്ടാറില്ലെന്ന് സഹോദരൻ കിരൺ റോഹനോട് പറയുന്നുണ്ട്. എന്നാൽ മദ്യത്തിന്റെ ലഹരിയിൽ കിരൺ പൊട്ടിക്കരയുമ്പോൾ ഞെട്ടിത്തരിച്ചുപോകുന്ന ആപത്തിലേക്കാണ് അയാൾ ചെന്നുപെടുന്നത്. കനിയോടുള്ള നിശബ്ദവും എന്നാൽ ഭ്രാന്ത് പിടിപ്പിക്കുന്നതുമായ പ്രണയമാണ് മനുവിനെ മരണത്തിനും വിട്ടുകൊടുക്കാത്ത പ്രതികാരത്തിലെത്തിച്ചത്. കനിയുടെ ചിലങ്കയാണ്‌ അയാളുടെ ശക്തി. ആ ചിലങ്കയുടെ ശബ്ദം എപ്പോൾ നിലയ്ക്കുന്നുവോ ആ നിമിഷം അയാളുടെ ശക്തി ചോർന്നു പോകും. മരണത്തിനു ശേഷവും മനുവിനെ പിടിച്ചു നിർത്തുന്നത് കനിയാണ്. അവളെ ഉപദ്രവിക്കുന്നവർ മനുവിന്റെ ഉഗ്രകോപത്തിന് ഇരയാകും. കനിയെ പോലെ തന്നെ മനുവും ഏകാകിയാണ്. മതഗ്രന്ഥങ്ങളിലാണ് അയാൾ ആശ്വാസം കണ്ടെത്തുന്നത്. ബൈബിളിലെ സ്തുതി ഗീതങ്ങൾ കേട്ടുകൊണ്ടിരിക്കണമെന്നു അമ്മ എൽസമ്മ പറയുന്നുണ്ട്. ഒറ്റ മകനായ മനുവിനോടുള്ള സ്നേഹവും ഒറ്റപെടലിനോടുള്ള ഭയപ്പാടുമാണ് വത്സമ്മയെ വിഭ്രാന്തിയിലെത്തിച്ചത്. കനിയുടെ വീട്ടുജോലിക്കാരിയായ എത്സമ്മയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളാണ് ഈ സിനിമയുടെ ഏറ്റവും വലിയ സസ്പെൻസ് ഫാക്ടർ. അടങ്ങാത്ത സ്നേഹത്തിനു വേണ്ടിയുള്ള ആഗ്രഹമാണ് കനിയേയും മനുവിനെയും എത്സമ്മയെയും വൈൽഡ് ആക്കുന്ന കോമൺ ഫാക്ടർ.
 
REPRESENTATIVE IMAGE | WIKI COMMONS
പ്രേതം യക്ഷി എന്നീ ഹൊറർ സങ്കൽപ്പങ്ങളെ അട്ടഹാസങ്ങളുടെ അകമ്പടിയില്ലാതെ  സിനിമയിൽ അവതരിപ്പിക്കുന്നിടത്താണ് രാഹുൽ സദാശിവന്റെ ഫിലിം മേക്കിങ് സ്റ്റൈൽ കൈയ്യടി നേടുന്നത്. പറമ്പ്, വീട്, കാറ്റ്, വെളിച്ചം ചുറ്റിനുമുള്ള സാധാരണ കാര്യങ്ങളെ അസാധാരണമാം വിധം പേടിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിച്ച ടെക്നിക്കൽ മികവാണ് ഈ സിനിമയുടെ ആത്മാവ്. സ്പേസും സൗണ്ടുമാണ് ഹൊറർ ജോണറിന്റെ മർമ്മം. ആഡംബര വീട്ടിലെ റോഹന്റെ ഒറ്റയ്ക്കുള്ള ജീവിതവും അവിടത്തെ കടുത്ത നിശബ്ദതയും മെല്ലെ ഭയത്തിന്റെ ആഴങ്ങളിലേയ്ക്ക് പ്രേക്ഷകരെ എത്തിയ്ക്കുന്നു. വേദനയും ഭീതിയുമുണർത്തുന്ന ക്രിസ്റ്റോ സേവ്യറിന്റെ സംഗീതം ഭയത്തിന്റെ ആക്കം കൂട്ടുന്നു. കഥാപാത്രങ്ങളുടെ മാനസിക പിരിമുറുക്കത്തെ പ്രതിഫലിപ്പിക്കുന്നതിനായി നിഴലിലേയ്ക്കും  വെളിച്ചത്തിലേയ്ക്കുമാണ് ഛായാഗ്രാഹകൻ ഷെഹ്‌നാദ് ജലാലിന്റെ ക്യാമറ തിരിച്ചിരിക്കുന്നത്. വെറുതെ പേടിപ്പിക്കുകയല്ല  ഇനിയും ചുരുളഴിയേണ്ട ചില ലെയറുകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. മുൻ ചിത്രമായ ഭൂതകാലവും ഭ്രമയുഗവുമായി കണക്ട് ചെയ്യുന്ന ഘടകങ്ങളിൽ  തിരക്കഥയിലെ മികവ് പ്രകടമാണ്.

പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയാണ് റോഹൻ. കുറ്റബോധത്തിന്റെയും ഭയത്തിന്റെയും ഇടയിൽ പെട്ടുഴലുന്ന റോഹൻ നേരിടുന്ന മാനസിക സമ്മർദ്ദം പ്രണവ് തന്റെ ശരീര ഭാഷയിലും ഭാവത്തിലും കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. ന്യുജൻ ചെറുപ്പത്തിന്റെ സംസാരരീതിയും ശാരീരിക ചലനങ്ങളും കാണുമ്പോൾ പ്രണവല്ലാതെ മറ്റൊരു നടനെ റോഹനായി സങ്കൽപ്പിക്കാനാവില്ല. തന്ത്രങ്ങളും മന്ത്രങ്ങളും കൊണ്ട് ജീവിക്കാനാവില്ല. ജീവിക്കാനായി ജോലി ചെയ്തേ  മതിയാകൂ. പാരമ്പര്യമായി കൈമാറി വന്ന താന്ത്രികമന്ത്രത്തിൽ നിന്നും തെന്നിമാറാൻ നോക്കിയപ്പോഴൊക്കെ കനിയുടെയും മനുവിന്റെയും ഉഗ്രകോപത്തിന് പിന്നിലെ കാരണങ്ങൾ മധുസൂദനന് മുന്നിൽ തെളിഞ്ഞു വന്നുകൊണ്ടേയിരുന്നു. മധുസൂദനൻ എന്ന കഥാപാത്രത്തെ തന്മയീ ഭാവത്തോടെ ജിബിൻ ഗോപിനാഥ് അവതരിപ്പിച്ചിട്ടുണ്ട്. മകനോടുള്ള  അടങ്ങാത്ത സ്നേഹവും വാത്സല്യവും എത്സമ്മയെ വിഭ്രാന്തിയുടെ അവസ്ഥയിലേക്കാണ് എത്തിച്ചത്. മരണത്തിനും വിട്ടുകൊടുക്കാതെ മകന്റെ ശരീരം അടക്കി പിടിച്ചിരിക്കുന്ന എത്സമ്മയെ ജയ പ്രകാശ് ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.

രാഹുൽ സദാശിവൻ | PHOTO : WIKI COMMONS
അതിശയപ്പെടുത്തുന്ന വിഷ്വൽ ഇഫക്ടിന്റെ കാലത്തിൽ ഹൊറർ അനുഭവപ്പെടുത്താനായി  നിഴലും നിശബ്ദതയും ഉപയോഗിക്കുന്ന ഫിലിം മേക്കിങ് ടെക്‌നിക് മലയാള സിനിമയിലേക്കെത്താൻ അല്പം വൈകിയതായി തോന്നിയിട്ടുണ്ട്. ജമ്പ് സ്‌കേഴ്‌സിന്റെ ബഹളങ്ങളില്ലാതെ പതിയെ ഭയത്തിലേയ്ക്ക് ഒഴുകുന്ന രീതിയാണ് പലപ്പോഴും പ്രേക്ഷകരെ സിനിമയുമായി അടുപ്പിക്കുന്നത്. രാഹുൽ സദാശിവന്റെ മുൻ ചിത്രമായ ഭൂതകാലം മലയാളത്തിലെ ടെമ്പ്ലേറ്റ് പ്രേത പടങ്ങളിൽ നിന്നുള്ള മോചനം കൂടിയായിരുന്നു. സിനിമയിലെ ക്ളൈമാക്സിലെ നിഴൽ രൂപം കണ്ട ഞെട്ടലിന്റെ ഹാങ്ങോവറിൽ നിന്നും പുറത്തു വരാൻ ചിലർക്കൊക്കെ കുറച്ചു സമയമെടുത്തു. കോൺഞ്ചുറിങ്, റിംഗ്, സൈക്കോ അങ്ങനെ അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹൊറർ സിനിമകളുമായി ചേർത്ത് വെയ്ക്കാൻ മലയാളത്തിൽ നിന്നും സിനിമകൾ ഉണ്ടാകുന്നത് അഭിമാനിക്കാവുന്ന ഘടകമാണ്.




#cinema
Leave a comment