ഇരട്ട: വളവുകളും തിരിവുകളും താണ്ടിയെത്തിയ പുരസ്‌കാരം
54 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറെ ശ്രദ്ധേയമായി തോന്നിയത് മികച്ച തിരക്കഥയ്ക്ക് ലഭിച്ച അവാര്‍ഡ് ആണ്. രോഹിത് എം ജി കൃഷ്ണന്‍ രചനയും, സംവിധാനവും നിര്‍വ്വഹിച്ച ഇരട്ട എന്ന ചിത്രത്തിനാണ് ഇത്തവണ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും ഇരട്ട സ്വന്തമാക്കി. 'വൗ ഇരട്ട! ഒരു മൂന്നാര്‍ ഡ്രൈവ് പോലെ വളവുകളും തിരിവുകളും. ജോജു ജോര്‍ജിനെ എപ്പോഴും ഇഷ്ടപ്പെട്ടിട്ടുണ്ട്. ആ അവസാന ലാപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം പൂര്‍ണ്ണമായും വശീകരിക്കുന്നതായിരുന്നു. മലയാള സിനിമകള്‍ക്ക് അതുണ്ട്!', ഇരട്ട തിയേറ്ററുകളില്‍ ഇറങ്ങിയ സമയത്ത് പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തതിപ്രകാരമാണ്.
ലോക സിനിമയ്ക്ക് ഏറെ പരിചിതമായ ഒരു കഥാ പരിസരമാണ് ഇരട്ടയുടേത്. പേര് സൂചിപ്പിക്കും പോലെ തന്നെ ഇരട്ടകളായ രണ്ടു പേരുടെ കഥ. ഇരട്ടകളില്‍ ഒരാള്‍ നല്ലവനും, മറ്റൊരാള്‍ തെമ്മാടിയുമാകുന്ന വളരെ എളുപ്പത്തില്‍ പ്രവചിക്കാവുന്ന ഒരു കഥാ തന്തു. ജോജു ജോര്‍ജ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം പക്ഷെ കേവലം ഇരട്ടകളുടെ കഥ മാത്രമല്ല. പ്രമോദ്, വിനോദ് എന്നീ ഇരട്ട സഹോദരന്മാരായ പൊലീസുകാര്‍. അവരുടെ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും ഒപ്പമാണ് കഥ സഞ്ചരിക്കുന്നത്. കുറ്റാന്വേഷണത്തിനൊപ്പം പ്രൊസീജറല്‍ ഡ്രാമയുമാണ് ഇരട്ട. പൊലീസ് ക്രൈം ഡ്രാമയായി തുടങ്ങിയ ചിത്രം പതിയെ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുന്നുണ്ട്.
JOJU GEORGE | PHOTO : WIKI COMMONS
2010 - ല്‍ പുറത്തിറങ്ങിയ ധാരാളം അക്കാദമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ കനേഡിയന്‍ ചിത്രം ഇന്‍സെന്‍ഡീസ്, ഓള്‍ഡ് ബോയ് എന്ന വിഖ്യാത കൊറിയന്‍ ചിത്രം, എം ടി യുടെ രചനയില്‍ പവിത്രന്‍ സംവിധാനം ചെയ്ത ഉത്തരം അങ്ങനെ ലോക സിനിമകളില്‍ ക്ളൈമാക്സിന്റെ ബ്രില്യന്‍സ് കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഒരു പിടി ചിത്രങ്ങളുടെ കൂട്ടത്തില്‍ ആണ് ഇരട്ടയുടെയും സ്ഥാനം എന്ന് പറയാം. കാഴ്ചയ്‌ക്കൊടുവില്‍ ഉള്ളിലൊരു വിങ്ങല്‍ ബാക്കി വെക്കുന്ന മാജിക് ആണ് ഇരട്ടയുടെ തിരക്കഥയിലെ ആണിക്കല്ല്. റിയലിസ്റ്റിക് രീതിയോടും സിനിമാറ്റിക് ഡ്രാമയോടും ഒരുപോലെ ചേര്‍ന്നു നില്‍ക്കുന്ന സിനിമയാണ് ഇരട്ട. സംഘട്ടന രംഗങ്ങള്‍ അതീവ റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുമ്പോള്‍ വൈകാരികമായി ഒരു എലവേഷന്‍ വേണ്ട സമയത്ത് സിനിമ അതിന് യോജിച്ച വിധം സിനിമാറ്റിക് ആവുന്നുമുണ്ട്. കഥാഗതിയുടെ താളം ചോര്‍ന്നു പോകാത്ത വണ്ണം മള്‍ട്ടിപ്പിള്‍ ടൈം ലൈന്‍ സ്ട്രക്ച്ചര്‍ മനോഹരമായി വിളക്കി ചേര്‍ത്ത തിരക്കഥ സമീപ കാലങ്ങളില്‍ മലയാളത്തില്‍ ഇറങ്ങിയ മികച്ച വര്‍ക്കുകളില്‍ ഒന്ന് തന്നെ ആണ്.
ഇരട്ടകളായ രണ്ട് മനുഷ്യര്‍ എന്നതിനപ്പുറം മനുഷ്യനുളളിലെ ഇരട്ടമുഖങ്ങളെ കൂടി പ്രതിഫലിപ്പിക്കുന്നുണ്ട് ഈ സിനിമ. രണ്ട് കഥാപാത്രങ്ങള്‍ക്കും കൃത്യമായ ക്യാരക്ടര്‍ ഗ്രാഫ് നല്‍കാന്‍, സ്‌ക്രീന്‍ സ്പേസ് നല്‍കാന്‍ തിരക്കഥയ്ക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെ വിനോദിന്റെയും പ്രമോദിന്റെയും ഓരോ നോട്ടങ്ങളിലും, ഭാവങ്ങളിലും ഉള്ളിലെന്ത് എന്ന് തിരിച്ചറിയാന്‍ പ്രേക്ഷകന് കഴിയും. എഴുത്തിലെ ഈ കൃത്യതയില്‍ ഗംഭീരമായ മറ്റൊരു കഥാപാത്രമാണ് നായിക അഞ്ജലിയുടേത്. കാര്യമായ ഡയലോഗുകളൊന്നുമില്ലെങ്കിലും അവരുടെ ജീവിതാനുഭവങ്ങളിലെ കയ്പ്പറിയാം ആ നില്‍പ്പിലും നിസംഗതയിലും. ഒരു പൊലീസ് സ്റ്റേഷനും പരിസരവുമാണ് കഥ നടക്കുന്ന പശ്ചാത്തലം.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
സ്‌ക്രീന്‍പ്ലേ ഒരുതരം മൂന്നാംകിട സാഹിത്യമായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല സാഹിത്യത്തിന്റെ ആരാധകരും സ്‌ക്രീന്‍പ്ലേകളെ ഇന്ന് ഗൗരവപൂര്‍വം വായിക്കുകയും, വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ലോകത്തിലെ മികച്ച ചലച്ചിത്രശില്‍പികളുടെയെല്ലാം സ്‌ക്രീന്‍പ്ലേ ഗ്രന്ഥങ്ങള്‍ക്ക് ഇന്ന് പുസ്തകങ്ങളെന്ന നിലയ്ക്കുതന്നെ വലിയ വിപണി സാധ്യത ഉണ്ട്, അംഗീകാരമുണ്ട്. ഹോളിവുഡിലെ 'ത്രില്ലറെ'ഴുത്തുകാര്‍ എളുപ്പത്തില്‍ ചലച്ചിത്രമാക്കാന്‍ പാകത്തിലും രൂപത്തിലും നോവലെഴുതിത്തുടങ്ങിയത് ഈ വിപണി സാധ്യത കൂടി കണക്കില്‍ എടുത്തുകൊണ്ടാണ്. ഇരട്ട പോലെയുള്ള ഒരു ചിത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നത് ഒരുപക്ഷെ ഈ മേഖലയില്‍ സീരിയസ് ആയി പ്രവര്‍ത്തിക്കുന്ന പുതു എഴുത്തുകാര്‍ക്ക് ഒരു ഊര്‍ജം തന്നെ ആണ്.
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് രവി വര്‍മന്‍ ആണ്. 1999 - ല്‍ ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജലമര്‍മരം എന്ന മലയാള ചിത്രത്തിലൂടെ സിനിമാറ്റോഗ്രാഫര്‍ ആയി അരങ്ങേറ്റം കുറിച്ച രവി വര്‍മന്‍ സൗത്ത് ഇന്ത്യയിലെ മികച്ച ടെക്നീഷ്യന്മാരില്‍ ഒരാള്‍ ആണ്. ഗൗതം വാസുദേവ് മേനോന്‍, പ്രിയദര്‍ശന്‍, കെ എസ് രവികുമാര്‍, രേവതി, അനുരാഗ് ബസു, സഞ്ജയ് ലീല ബന്‍സാലി, രാജ്കുമാര്‍ ഹിറാനി തുടങ്ങിയ പ്രഗത്ഭ സംവിധായകര്‍ക്കൊപ്പമെല്ലാം ക്യാമറ ചലിപ്പിച്ചിട്ടുള്ള രവി വര്‍മന്‍ തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തി അഞ്ചാം വര്‍ഷത്തില്‍ ആണ് ഈ നേട്ടത്തിന് അര്‍ഹനായിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലെ ഗംഭീര വിഷ്വലുകള്‍ക്ക് ആണ് രവി വര്‍മന് പുരസ്‌കാരം ലഭിച്ചത്. തമിഴ് ജനതയുടെ ചരിത്രത്തിന്റെ ഭാഗമാണ് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍. ചോള രാജവംശത്തിന്റെ ചരിത്രം ഫിക്ഷനില്‍ ചാലിച്ച് കൊണ്ട് മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാൻ മണി രത്‌നം അഭ്രപാളികളില്‍ എത്തിച്ചപ്പോള്‍ ചിത്രത്തിന്റെ ക്യാമറ കണ്ണുകള്‍ രവി വര്‍മനില്‍ ഭദ്രം ആയിരുന്നു.
PONNIYIN SELVAN | PHOTO : WIKI COMMONS
'I believe in being driven by passion and one should take risks and work with basic resources at your disposal. In cinematography, the real excellence lies in being able to communicate through your visuals without any technical aid.' സിനിമാറ്റോഗ്രാഫിയെ കുറിച്ചുള്ള തന്റെ ഫിലോസഫി രവി വര്‍മന്‍ ഇങ്ങനെ ആണ് വിവരിക്കുന്നത്. തന്റെ ഫിലോസഫിക്കനുസരിച്ച് ഒരു പിടി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിക്ക് ലഭിച്ചത് എണ്ണം പറഞ്ഞ ഒരു സിനിമാറ്റോഗ്രാഫറെ കൂടിയാണ്.
ചരിത്ര സംഭവങ്ങളും നോവലുകളും സിനിമയാക്കുമ്പോള്‍ ചെറിയൊരു പിഴവ് മതി മൊത്തത്തില്‍ അത് പാളിപോകാന്‍. തമിഴ് സംസ്‌കാരത്തോട് അത്രമേല്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന പൊന്നിയിന്‍ സെല്‍വനും ചോള രാജവംശത്തിന്റെ ചരിത്രവും സിനിമയാക്കുമ്പോള്‍ സൂക്ഷ്മമായി ഓരോ സീനും ചിത്രീകരിക്കണം. ഈ സൂക്ഷ്മത കൈവരിക്കുന്നതിന് മണി രത്‌നത്തിനൊപ്പം മുഖ്യ പങ്കുവഹിച്ചിരുന്നത് രവി വര്‍മന്‍ ആണ്. ഒരു പാന്‍ ഇന്ത്യന്‍ ചരിത്രസിനിമയ്ക്ക് ആവശ്യമായ പ്രൗഢിയോടെ പൊന്നിയിന്‍ സെല്‍വന്‍ ബിഗ് സ്‌ക്രീനില്‍ എത്തിച്ചതിന് അര്‍ഹിച്ച അംഗീകാരം ആണ് ഇപ്പോള്‍ രവി വര്‍മനെ തേടിയെത്തിയിരിക്കുന്നത്.
S.RAVI VARMAN | PHOTO : WIKI COMMONS
വടക്ക് വേങ്കടമലയും ,തെക്ക് കുമരി മുനമ്പും ,കിഴക്ക്-പടിഞ്ഞാറ് മഹാസമുദ്രവും, അതിനിടയില്‍ കാടും, മേടും, കുന്നും, മലയും, പുഴയും ,തീരവും, നിറഞ്ഞ സുന്ദരമായ ദ്രാവിഡനാട്. വിക്രം, ഐശ്വര്യ റായ്, ജയം രവി, തൃഷ, കാര്‍ത്തി അടങ്ങുന്ന ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിരയിലെ താര നിര, ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ഏകദേശം 500 കോടി ബജറ്റില്‍ ഇത്രയും വലിയ ക്യാന്‍വാസില്‍ ഒരു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുകയും അതിന് ദേശീയ പുരസ്‌കാരം നേടുകയും ചെയ്യുക എന്നത് തീര്‍ച്ചയായും ഒരു ഹിമാലയന്‍ ടാസ്‌ക് തന്നെ ആണ്. അതുകൊണ്ട് തന്നെ ഈ പുരസ്‌കാര നേട്ടം വരാനിരിക്കുന്ന അനേകം പ്രോജക്ടുകള്‍ക്ക് രവി വര്‍മന് ഒരു പ്രചോദനം ആകും എന്നുറപ്പ്.