ഫാളന്‍ ലീവ്സ്: പ്രണയവും യുദ്ധവും
നിസ്സഹായരായ മനുഷ്യരുടെ വരണ്ട ജീവിതത്തിലൂടെയുള്ള യാത്രകളാണ് അകി കൗരിസ്മാകിയുടെ സിനിമകള്‍. സ്വന്തം കര്‍മപഥത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന ദുര്‍ഘടങ്ങള്‍ക്ക് മുന്നില്‍ പകച്ച് പോവുകയും പ്രതിഷേധിക്കാനോ പ്രതികരിക്കാനോ കഴിയാതെ അത് സ്വന്തം വിധിയായി അംഗീകരിക്കുകയും ചെയ്യുന്ന നിഷ്‌കളങ്കരായ കഥാപാത്രങ്ങളാണ് കൗരിസ്മാകിയുടെ സിനിമകളിലുടനീളം. ''ദ മാന്‍ വിത്തൗട്ട് എ പാസ്റ്റിലെ'' 'എം' നെ പോലെ ഒട്ടും എതിര്‍പ്പ് പ്രകടിപ്പിക്കാതെ വിധിക്ക് കീഴടങ്ങുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. അതേസമയം, സ്വന്തം കഷ്ടപ്പാടുകള്‍ക്കിടയിലും മറ്റുള്ളവരുടെ വിഷമങ്ങള്‍ അറിയുകയും അതിന് പരിഹാരം കാണാന്‍ കിണഞ്ഞ് ശ്രമിക്കുകയും ചെയ്യുന്ന നിസ്വാര്‍ത്ഥരായ മനുഷ്യരാണ് അവരൊക്കെ. സ്വന്തം ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കിടയിലും തനിക്ക് തീര്‍ത്തും അജ്ഞാതനായ ഏതോ ഒരു കുട്ടിക്കുവേണ്ടി ത്യാഗം സഹിക്കുന്ന ''ലെ ഹാവ്രെ''യിലെ മാര്‍സല്‍ മാര്‍ക്സിനെയും സ്വയം നിര്‍മിച്ചെടുത്ത ദുരന്തങ്ങളെ മറികടക്കാന്‍ പാടുപെടുന്ന ''ഐ ഹയേര്‍ഡ് എ കോണ്‍ട്രാക്റ്റ് കില്ലറി''ലെ ഹെന്റി ബൗലാങ്ങറിനെയുമൊക്കെയാണ് കൗരിസ്മാകിയുടെ സിനിമയില്‍ നാം കണ്ടുമുട്ടുന്നത്. മിക്കപ്പോഴും ചൂഷകവ്യവസ്ഥിതിയുടെ ഇരകളാവുകയാണ് അവരില്‍ മിക്കവരും. തൊഴില്‍രഹിതരും അല്ലെങ്കില്‍ തൊഴിലില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നവരുമാണ് അവരിലേറെയും. കടുത്ത ദാരിദ്ര്യത്തിനിടയിലും സന്തോഷത്തിന്റെ കൊച്ച് വൃത്തങ്ങള്‍ കണ്ടെത്തി ജീവിതം ആഘോഷിക്കുകയുമാണ് അവര്‍.
കൗരിസ്മാകിയുടെ സിനിമകള്‍ വ്യക്തികളുടെ വ്യഥകളില്‍ ഒതുങ്ങുന്നവയല്ല. വ്യക്തികളുടെ ദുര്‍ഘടമായ ജീവിതവൃത്തിയിലൂടെ മനുഷ്യവംശത്തെ അപ്പാടെ ബാധിക്കുന്ന സാര്‍വലൗകികമായ കഥകളാണ് അദ്ദേഹം പറയുന്നത്. രാജ്യങ്ങളുടെയും ഭാഷകളുടെയും അതിരുകള്‍ കടന്ന് ലോകത്തെവിടെയും മനുഷ്യര്‍ നേരിടുന്ന പ്രയാസങ്ങളെ അത് അനാവരണം ചെയ്യുന്നു. അഭയാര്‍ഥികളും രാജ്യം തന്നെ ഇല്ലാത്തവരും ഓര്‍മകള്‍ പോലും നഷ്ടപ്പെട്ടവരുമാണ് അവര്‍. അതുകൊണ്ടുതന്നെ കാഴ്ചക്കാരുടെ സ്വന്തം അനുഭവങ്ങളായി അത് മാറുന്നു. പ്രണയത്തിനും പ്രണയനഷ്ടത്തിനും ഇടയില്‍ ഉഴലുന്ന കൗരിസ്മാകിയുടെ കഥാപാത്രങ്ങള്‍ ജീവിതത്തില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തുവാന്‍ പാടുപെടുന്ന സാധാരണ മനുഷ്യര്‍ മാത്രമാണ്.
അകി കൗരിസ്മാകി | PHOTO: FACEBOOK
യുദ്ധങ്ങളും കലാപങ്ങളും കൊണ്ട് അരക്ഷിതമാവുന്ന സമകാലീന സമൂഹത്തില്‍ സാധാരണ മനുഷ്യര്‍ നേരിടുന്ന പ്രതിസന്ധികളെ അനാവരണം ചെയ്യുന്നതാണ് കൗരിസ്മാകിയുടെ ഏറ്റവും പുതിയ സിനിമ ''ഫാളന്‍ ലീവ്സ്''. ശ്മശാനങ്ങള്‍ക്കുപോലും അതിരുകള്‍ ഉണ്ടാകുന്ന കാലത്തെക്കുറിച്ച് ആകുലപ്പെടുന്ന ഫാളന്‍ ലീവ്സ് കൗരിസ്മാകിയുടെ ''പ്രോലിറ്ററേറ്റ്'' ട്രിലോളജിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാനുദ്ദേശിച്ചതാണ്. അതുകൊണ്ടുതന്നെ ''പ്രോലിറ്ററേറ്റ്'' സീരീസിലുള്ള നാലാമത്തെ സിനിമയായാണ് ഇത് പരിഗണിക്കുന്നത്. ദരിദ്രരായ രണ്ട് തൊഴിലാളികളായ ആന്‍സയുടെയും ഹൊളപ്പയുടെയും പ്രണയ ജീവിതത്തിലൂടെ കൗരിസ്മാകി നടത്തുന്ന യാത്ര യഥാര്‍ത്ഥത്തില്‍ ആഗോള യുദ്ധത്തിനെതിരെ നടത്തുന്ന യാത്ര കൂടിയാണ്. സിനിമയുടെ പശ്ചാത്തലത്തിലുടനീളം ഉക്രൈന്‍ യുദ്ധത്തിന്റെ വാര്‍ത്തകള്‍ നമുക്ക് കേള്‍ക്കാനാവും. എന്നാല്‍ കമിതാക്കളെ ഇത് കാര്യമായി അലോസരപ്പെടുത്തുന്നില്ലെങ്കിലും അവ കാണികളെ അലോസരപ്പെടുത്തും. കമിതാക്കളെ സംബന്ധിച്ചിടത്തോളം അവര്‍ നേരിടുന്ന ദുരിതങ്ങളോളം ഭീകരമല്ല അവര്‍ക്ക് യുദ്ധം.
സിനിമ തുടങ്ങുമ്പോള്‍ത്തന്നെ ഉക്രൈന്‍ - റഷ്യന്‍ യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ റേഡിയോയിലൂടെ ശ്രവിക്കുന്ന ആന്‍സയുടെ ഏകാന്തതയാണ് നമ്മെ അഭിമുഖീകരിക്കുന്നത്. സിനിമയിലുടനീളം ഈ യുദ്ധവാര്‍ത്തകള്‍ കേള്‍ക്കാം. പക്ഷേ, കഥാപാത്രങ്ങളൊന്നും അതിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ല. അതുപോലെ കാണികളും. എന്നാല്‍ ക്രമേണ അത് കമിതാക്കളുടെ വ്യക്തി ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതായി നമുക്ക് കാണാം. ഒരിക്കല്‍ ആന്‍സ യുദ്ധവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ റേഡിയോയുടെ വൈദ്യുതിബന്ധം തന്നെ വിച്ഛേദിക്കുന്നുണ്ട്. ആന്‍സയും ഹൊളപ്പയും ആദ്യത്തെ ഡിന്നര്‍ കഴിച്ച് പാട്ട് കേള്‍ക്കാന്‍ റേഡിയോ തുറന്നപ്പോഴും പാട്ടിന് പകരം യുദ്ധവാര്‍ത്തകളാണ് കേള്‍ക്കുന്നത്. യുദ്ധം തുലയട്ടെ എന്ന് ആന്‍സ അപ്പോള്‍ ശപിക്കുന്നുമുണ്ട്. എന്നാല്‍ റേഡിയോയിലൂടെ നിരന്തരം പ്രക്ഷേപണം ചെയ്യുന്ന യുദ്ധവിരുദ്ധ വാര്‍ത്തകളോട് ഒട്ടും താല്പര്യം പ്രകടിപ്പിക്കാതെ റേഡിയോയില്‍ മറ്റൊരു സ്റ്റേഷന്‍ തിരഞ്ഞെടുക്കുന്ന ആന്‍സയെ കാത്തിരിക്കുന്നത് ദുരിതങ്ങള്‍ നിറഞ്ഞ ഏതോ ഒരാളുടെ അനുഭവങ്ങളെക്കുറിച്ചുള്ള ഗാനമാണ്. നല്ല വസ്ത്രങ്ങളോ ഷൂസുകളോ ഇല്ല എന്നും കുഞ്ഞ് ഇടയ്ക്കിടെ കരയുന്നതുകൊണ്ട് ഉറക്കം നഷ്ടപ്പെടുന്നു എന്നുമുള്ള വേവലാതികളാണ് ഗാനത്തിലൂടെ കേള്‍ക്കുന്നത്.
പാട്ടുകള്‍ ഈ സിനിമയുടെ അഭേദ്യമായ ഭാഗമായി മാറുന്നുണ്ട്. ഹൊളപ്പ തന്നെ ആന്‍സയെ കണ്ടുമുട്ടുന്നത് ഒരു കരോക്കെ ബാറില്‍ വച്ചാണ്. പിന്നീട് സിനിമയില്‍ പലപ്പോഴും പാട്ടുകള്‍ കാണാം. ഫിന്‍ലാന്റിലെ വിഖ്യാത പാട്ട് സഹോദരികളായ മൗസ്റ്റെറ്റിറ്റോട് (Maustetytöt) സിനിമയില്‍ അവരുടെ ഒരു ഗാനം (Syntynyt suruun ja puettu pettymyksin -Born in sorrow and clothed in disappointment) ആലപിക്കുന്നുണ്ട്.
ഹൊളപ്പയുടെയും ആന്‍സയുടെയും പ്രണയമാണ് ഫാളന്‍ ലീവ്സിലെ കഥാതന്തു. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കാലാവധിയെത്തിയ സാധനങ്ങള്‍ കണ്ടെത്തി പുറത്തേക്ക് തള്ളുന്ന ജോലിയായിരുന്നു ആന്‍സക്കുണ്ടായിരുന്നത്. അങ്ങനെ തള്ളുന്ന സാധനങ്ങളില്‍ ചിലത് വീട്ടിലേക്ക് കൊണ്ടുപോയതിന് അവളെ പിരിച്ചുവിടുന്നു. അതേകാലത്ത് തന്നെ അമിതമദ്യപാനം നടത്തി അപകടം വരുത്തിവച്ചതിന് ഹൊളപ്പയേയും പുറത്താക്കുന്നു.
ഒരു കരോക്കെ ക്ലബില്‍ വച്ച് ആദ്യം പരിചയപ്പെടുന്ന ഇവര്‍ ആന്‍സയുടെ ജോലി രണ്ടാമതും നഷ്ടപ്പെട്ടിടത്ത് നിന്നുമാണ് പ്രണയബദ്ധരാകുന്നതിന്റെ സൂചനകള്‍ നമുക്ക് ലഭിക്കുന്നത്. തന്റെ മുതലാളി മയക്കുമരുന്ന് വില്‍ക്കുന്നത് കണ്ടെത്തി അയാളെ പോലീസ് അറസ്റ്റ് ചെയ്തത് കൊണ്ടാണ് ആന്‍സയ്ക്ക് ജോലി നഷ്ടപ്പെട്ടത്. മുതലാളിമാരുടെ ദുഷ്പ്രവര്‍ത്തികള്‍ ആത്യന്തികമായി ബാധിക്കുന്നത് തൊഴിലാളിയെ തന്നെയാണെന്ന സൂചനയാവും കൗരിസ്മാകി നല്‍കുന്നത്.
ആന്‍സ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതുതന്നെ വിപ്ലവകരമായാണ്. ഒരു മാളില്‍ കാലാവധി തീര്‍ന്ന വില്പനച്ചരക്കുകളെ വേര്‍തിരിച്ച് കുപ്പത്തൊട്ടിയിലേക്ക് മാറ്റുന്ന പണിയാണവള്‍ക്ക്. അങ്ങനെ വലിച്ചെറിയുന്ന സാധനങ്ങളില്‍ ചിലത് വീട്ടിലേക്ക് കൊണ്ടുപോയതിന് മോഷണക്കുറ്റം ചുമത്തി അവളെ പിരിച്ചുവിടുന്നു. അവളോടൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മറ്റ് രണ്ട് തൊഴിലാളികള്‍ കൂടി സ്വയം പിരിഞ്ഞുപോകുന്നുണ്ട്. കഷ്ടപ്പാടുകള്‍ക്കിടയിലും തൊഴിലാളികള്‍ ഐക്യപ്പെടുന്നതിന്റെ ചിത്രമാണ് ആന്‍സയെ പിരിച്ചുവിടുമ്പോള്‍ കൗരിസ്മാകി അവതരിപ്പിക്കുന്നത്. കലുഷമായ ഇക്കാലത്ത് തൊഴിലാളിഐക്യം എന്ന മഹത്തായ കാര്യം ഉയര്‍ത്തിപ്പിടിക്കുന്ന സിനിമ കൗരിസ്മാകിയുടെ തൊഴിലാളിപക്ഷത്തിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ്. എല്ലാക്കാലത്തും മനുഷ്യരോടും തൊഴിലാളികളോടും ഐക്യപ്പെട്ട സംവിധായകനാണ് കൗരിസ്മാകി. (കഴിഞ്ഞദിവസം ലണ്ടനിലെ ഒരു അക്കൗണ്ടിങ്ങ് സ്ഥാപനത്തില്‍ അവരുടെ കോണ്‍ഫറന്‍സിനുശേഷം ബാക്കിവന്ന സാന്‍ഡ്‌വിച്ച് കഴിച്ചതിന് ഇക്വഡോറില്‍ നിന്ന് കുടിയേറിയ ഒരു ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ട വാര്‍ത്ത ഇവിടെ നമുക്ക് ഓര്‍മിക്കാവുന്നതാണ്). ചിത്രത്തിലെ നായകനായ ഹൊളപ്പയുടെ ജീവിതവും സമാനമാണ്. അയാള്‍ ജീവിതത്തെ ഒട്ടും സ്നേഹിക്കുന്ന ഒരാളല്ല. ഏകാന്തമായ ജീവിതം നയിക്കുന്ന അയാളെ അമിത മദ്യപാനം നടത്തി അപകടം വരുത്തിയതിന് ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നു. എല്ലാത്തിനോടും നിഷേധമനോഭാവം പുലര്‍ത്തുന്ന ഹൊളപ്പയെ ''നോ സ്മോകിങ്ങ്'' എന്ന ബോര്‍ഡിന് മുന്‍പിലിരുന്ന് പുകവലിക്കുമ്പോഴാണ് നാം പരിചയപ്പെടുന്നത്. അയാളുടെ സുഹൃത്ത് ഹൊളപ്പയെ ഗുണദോഷിക്കുന്നുണ്ട്. എന്നാല്‍ അത് ഹൊളപ്പ പരിഗണിക്കുന്നില്ല. അമിതമായി മദ്യപിക്കുന്ന അയാളോട് എന്തിനാണ് ഇങ്ങനെ മദ്യപിക്കുന്നത് എന്ന് സുഹൃത്ത് ചോദിക്കുമ്പോള്‍ വിഷാദം കാരണമാണ് എന്നാണ് ഉത്തരം കൊടുക്കുന്നത്. എന്തിനാണ് വിഷാദം എന്നതിന് അമിത മദ്യപാനത്തെക്കുറിച്ചുള്ള കുറ്റബോധം കാരണമാണ് എന്ന വിചിത്രമായ ഉത്തരമാണ് അയാള്‍ പറയുന്നത്. സത്യത്തില്‍ അപകടകരമായ ഒരു ദൂഷിതവലയത്തിലാണ് ഹൊളപ്പയുടെ ജീവിതം കറങ്ങിത്തിരിയുന്നത് എന്ന് പറയാം. ആന്‍സയെ കണ്ടുമുട്ടുന്നതോടെ ഹൊളപ്പയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. എങ്കിലും തന്റെ നിഷേധനിലപാട് കാരണം ഇതില്‍ ചില ഇടര്‍ച്ചകള്‍ സംഭവിച്ചെങ്കിലും പ്രണയം ശുഭപര്യവസായി ആകുന്നതിന്റെ സൂചനകള്‍ നമുക്ക് ലഭിക്കുന്നുണ്ട്.
യുദ്ധം എന്ന ഭീകരാവസ്ഥയോട് സാവകാശം പൊരുത്തപ്പെടുന്ന ഒരു സമൂഹത്തെയാണ് കൗരിസ്മാകി ആവിഷ്‌കരിക്കുന്നത്. മറ്റുള്ളവരോട് മനുഷ്യര്‍ക്കുണ്ടായിരുന്ന പരിഗണനകള്‍ നഷ്ടപ്പെട്ട ഒരു കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ഹൊളപ്പ തന്നെ പറയുന്നുണ്ട് തനിക്ക് ഏകാന്തതയാണിഷ്ടം എന്ന്. സമകാലീന ലോകത്തില്‍ യുദ്ധങ്ങള്‍ അവയുടെ പതിവ് നിബന്ധനകള്‍ ലംഘിച്ചുകൊണ്ട് ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കുമൊക്കെ ബോംബിട്ട് കുട്ടികളും സ്ത്രീകളുമടങ്ങുന്ന നിസ്സഹായരായ മനുഷ്യരെ കൊല്ലുന്നതിന്റെ വാര്‍ത്തകളാണ് നാം ദിവസവും കേള്‍ക്കുന്നത്. ആശുപത്രികളും കിന്റര്‍ഗാര്‍ഡനുകളില്‍ പോലും ബോംബിട്ട് മനുഷ്യരെ കൊല്ലാന്‍ ഒട്ടും മനസ്സാക്ഷിക്കുത്തില്ലാത്ത മനുഷ്യര്‍ ജീവിക്കുന്ന ഒരുകാലത്ത് പ്രണയംപോലും ഒരു വിപ്ലവപ്രവര്‍ത്തനമാണ്. ഇല്ലെങ്കില്‍ തന്നിലേക്ക് തന്നെ ചുരുങ്ങുന്ന ശരാശരി മനുഷ്യരെക്കൊണ്ട് ലോകം വീര്‍പ്പുമുട്ടും. തന്റെ ജീവിതത്തിന്റെ ഇത്തിരിവട്ടത്തിന് പുറത്തും മനുഷ്യര്‍ ജീവിക്കുന്നുണ്ട് എന്ന് മാത്രമല്ല അവര്‍ ജീവിക്കുന്നത് തോക്കിന്റെയും ബോംബിന്റെയും ഇടയിലൂടെയാണെന്നും പ്രണയിക്കുമ്പോഴാണ് ആളുകള്‍ കണ്ടെത്തുന്നത്.
ബെര്‍ട്ട്‌ലൂച്ചിയുടെ വിഖ്യാതമായ സിനിമ ''ഡ്രീമേര്‍സി''ലേതുപോലെ മറ്റ് മികച്ച സംവിധായകരുടെ സിനിമകളുടെ പല തരത്തിലുള്ള സാന്നിധ്യം സിനിമയിലുടനീളം കാണാം. വാസയിലെ പ്രസിദ്ധമായ റിറ്റ്സ് തീയേറ്റര്‍ സിനിമയില്‍ പ്രധാനപ്പെട്ട ഒരു ''കഥാപാത്രമാണ്'. ആന്‍സയും ഹൊളപ്പയും ഇവിടെ വച്ചാണ് പ്രണയത്തെക്കുറിച്ച് ആദ്യം സംസാരിക്കുന്നത്. അന്ന് ആന്‍സ കൊടുത്ത ഫോണ്‍ നമ്പര്‍ നഷ്ടപ്പെട്ടതിനുശേഷം ബന്ധം മുറിഞ്ഞുപോയ അവര്‍ വീണ്ടും കണ്ടുമുട്ടുന്നതും ഇവിടെ വച്ചുതന്നെ. ആന്‍സയും ഹൊളപ്പയും കാണുന്നത് ജിം ജാര്‍മുഷിന്റെ 2019 ലെ സിനിമ ''ദ ഡെഡ് ഡോണ്‍ഡ് ഡൈ'' എന്ന സിനിമയാണ്. അതുപോലെതന്നെ ഗൊദാര്‍ദ്ദിന്റെ ''പിയര്‍ ലെ ഫു'', വിസ്‌കോന്തിയുടെ ''റോക്കോ ആന്റ് ഹിസ് ബ്രദേര്‍സ്'' തുടങ്ങി നിരവധി ക്ലാസ്സിക്ക് സിനിമകളുടെ പോസ്റ്ററുകള്‍ സിനിമയിലുടനീളം കാണാം. ''ഡയറി ഓഫ് എ കണ്‍ട്രി പ്രീസ്റ്റ്'' ''ബ്രീഫ് എന്‍കൗണ്ടര്‍'', ''ലൈം ലൈറ്റ്'' തുടങ്ങിയ സിനിമകളെക്കുറിച്ചും സിനിമയില്‍ പരാമര്‍ശമുണ്ട്.
നനഞ്ഞതും ഈര്‍പ്പംനിറഞ്ഞതുമായ ഒരു തെരുവിലൂടെയുള്ള അനാഥരായ മനുഷ്യരുടെ യാത്രയാണ് അകി കൗരസ്മാകിയുടെ സിനിമകള്‍. ഏത് ജീവിതത്തില്‍ നിന്ന് നിഷ്‌കാസിതരാവും എന്ന് ഉറപ്പുള്ളവരുമായ നിസ്സഹായരായ മനുഷ്യരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. പ്രണയവും വിശപ്പും ഇഴചേര്‍ക്കുന്ന അവരുടെ ജീവിതം മിക്കപ്പോഴും അനാഥത്വവും ദാരിദ്ര്യവും സഹശയനം നടത്തുന്നവയാണ്. പ്രണയത്തിന്റെ ചെറിയ ചെപ്പിനുള്ളില്‍ ഈ വലിയ ലോകം നേരിടുന്ന അനന്തമായ ആക്രമണങ്ങളൊക്കെ ഒതുക്കിവച്ചിട്ടുണ്ട് അകി കൗരിസ്മാകി. യുദ്ധവും പട്ടിണിയും തൊഴില്‍രാഹിത്യവും രോഗവുമൊക്കെ ഒട്ടും മടുപ്പിക്കാത്തവിധം എത്ര മനോഹരമായാണ് കൗരിസ്മാകി തന്റെ സിനിമകളില്‍ ഒരു ചെപ്പില്‍ രത്നമെന്നപോലെ ചേര്‍ത്തുവയ്ക്കുന്നത് എന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാലെ നമുക്ക് അനുഭവിക്കാനാവൂ. ഉക്രൈനിലും പലസ്തീനിലും മരിച്ചുവീഴുന്ന കുരുന്നുകളെപ്പോലും നമ്മുടെ മനസ്സിന്റെ അകത്തളത്തില്‍ ഒരു നീറുന്ന അനുഭവമാക്കി മാറ്റി കൗരിസ്മാകിയുടെ ഫാളന്‍ ലീവ്സ്. ശവക്കല്ലറകള്‍ക്കുപോലും മതിലുകളുള്ള ഒരു ലോകത്തെക്കുറിച്ചാണ് ആത്യന്തികമായി വേവലാതിപ്പെടുന്നത്. അതേസമയംതന്നെ അതിര്‍ത്തികളില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള ആര്‍ദ്രമായ സ്വപ്നങ്ങള്‍ കാണികള്‍ക്ക് നല്‍കിയാണ് സിനിമ അവസാനിക്കുന്നത്. സിനിമയില്‍ തന്റേതായ ഒരു ശൈലി മാത്രമല്ല ലോകത്തെക്കുറിച്ചുള്ള മനോഹരമായ സങ്കല്പങ്ങളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. അത് നാം കാണുന്ന ഇടുങ്ങിയ ലോകത്തിന് പുറത്താണ്.