TMJ
searchnav-menu
post-thumbnail

TMJ Cinema

ദഹാദ് മുതൽ കളങ്കാവൽ വരെ: അഭ്രപാളികളിൽ തുടരുന്ന സയനൈഡ് മോഹൻ

09 Dec 2025   |   5 min Read
റിബിൻ ഷഹാന കരീം

2009 ജൂൺ മാസം ദക്ഷിണ കർണാടകയിലെ ബന്ദ്വാൾ താലൂക്കിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളയുടെ കാര്യ കാരണങ്ങൾ അന്വേഷിച്ചിറങ്ങിയ പൊലീസ് സംഘം കണ്ടെത്തിയത് ഒരു കോൾഡ് ബ്‌ളഡ്ഡ്  സീരിയൽ കില്ലറെ ആണ്. മംഗളൂരുവിലെ ഒരു പ്രൈമറി സ്കൂളിൽ അധ്യാപകനായിരുന്ന മോഹൻകുമാർ ആണ് രാജ്യത്തെ നടുക്കിയ ആ സീരിയൽ കില്ലർ. ഏതൊരു അപസർപ്പക കഥയെക്കാളും അവിശ്വസനീയമായിരുന്നു അയാളുടെ ജീവിതം. നിർധന കുടുംബത്തിൽ നിന്നുള്ള അവിവാഹിതരായ യുവതികൾ, വിധവകൾ, തുടങ്ങി കടുത്ത ഇൻസെക്യൂരിറ്റി അനുഭവിക്കുന്ന സ്ത്രീകളെ കണ്ടെത്തി സ‍ർക്കാർ ജോലിക്കാരനെന്ന് സ്വയം പരിചയപ്പെടുത്തി അവരുമായി സംസാരിച്ച് അടുപ്പത്തിലാകും. ഏതെങ്കിലും വിദൂര നഗരത്തിൽ അവരെ എത്തിച്ച് ശാരീരിക ബന്ധത്തിലേർപ്പെടും. ശേഷം സയനൈഡ് നൽകി കൊല്ലും. അവരുടെ ആഭരണങ്ങളും, സ്വർണവുമായി കടന്നു കളയും. ക‍ർണാടകയിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപകനിൽ നിന്ന് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സൈക്കോ കില്ലർ മോഹൻ ആയി തീർന്ന കഥ ചുരുക്കത്തിൽ ഇങ്ങനെ ആണ്. സ്ത്രീകളുടെ കൊലപാതക പരമ്പര വലിയ മാധ്യമ ശ്രദ്ധ നേടിയതോടെ മോഹൻകുമാറിനു മറ്റൊരു പേരു കിട്ടി, 'സയനൈഡ് മോഹൻ'.

കളത്തിലെ സ്റ്റാൻലി ദാസും ജീവിതത്തിലെ സയനൈഡ് മോഹനും

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച 'കളങ്കാവൽ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സയനൈഡ് മോഹന്റെ കഥയാണ് ചിത്രമെന്ന തരത്തിൽ റിലീസിന് മുൻപ് തന്നെ പ്രേക്ഷകർ ഡികോഡിങ് നടത്തിയിരുന്നു. എന്നാൽ ഇത് അണിയറപ്രവർത്തകർ തന്നെ നിഷേധിക്കുകയും ചെയ്തു. പ്രചരിക്കപ്പെട്ട യഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാനതന്തുമാത്രമാണ് ചിത്രത്തിന് പ്രേരണയായതെന്ന് സിനിമ കണ്ടിറങ്ങിയവർക്ക് വ്യക്തമാകും. ചിത്രത്തിലേക്ക് വന്നാൽ കൊമേർഷ്യൽ ഫ്ലേവറുകളുടെ അതിപ്രസരവും, അനാവശ്യ സിനിമാറ്റിക് എലമെന്റുകളും ഇല്ലാതെ കോർ പ്ലോട്ടിനോട് മാക്സിമം നീതി പുലർത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. 'സ്റ്റാൻലി ദാസ്' എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനം ഇതിനോടകം ചർച്ചയായിട്ടുണ്ട്. സൂക്ഷ്മാഭിനയത്തിലെ 'ഇക്ക ബ്രില്യൻസ്' ഒരു തവണ കൂടി അടിവരയിടുന്ന ചിത്രമാണ് കളങ്കാവൽ. കഥാപാത്രം സംസാരിക്കുന്ന തിരുവനന്തപുരം സ്ളാങ്ങും അദ്ദേഹം ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാസ്റ്റിംഗ് മുതൽ ടെക്നിക്കൽ വിഭാഗം വരെ 'കളങ്കാവൽ' ഴോണറിനോട് പരിപൂർണമായും ഇഴകി ചേർന്നിട്ടുണ്ട്.


REPRESENTATIVE IMAGE | PHOTO : WIKI COMMONS
കളങ്കാവലിൽ സയനൈഡ് മോഹന്റെ കഥ ആദ്യ പകുതി അവസാനിക്കുന്നതോടെ തിരശീല വീഴും. രണ്ടാം പകുതിയിൽ ചിത്രം കൂടുതൽ സിനിമാറ്റിക് ആകുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ യഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാന തന്തു അതായത് മോഹന്റെ മോഡസ് ഓഫ് ഓപറാന്റി ആണ് കളങ്കാവലിൽ സ്റ്റാൻലി ദാസും പിന്തുടരുന്നത് എന്ന് മാത്രം. സ്റ്റാൻലി ദാസിനെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻ കുമാർ എന്ന സയനൈഡ് മോഹൻ ആകട്ടെ ഒരു അധ്യാപകൻ ആണ്. സഹതടവുകാരനായ തട്ടാനിൽ നിന്നാണ് സയനൈഡ് എന്ന ഉഗ്രവിഷാംശമുള്ള രാസവസ്തുവിനെ കുറിച്ച് മോഹൻ കൂടുതലായി അറിയുന്നത്. സ്റ്റാൻലി ദാസ് ആകട്ടെ അയൽക്കാരനും, സുഹൃത്തുമായ ബോബിയിൽ നിന്നാണ് സയനൈഡിനെ കുറിച്ച് മനസ്സിലാക്കുന്നത് എന്നാണു ചിത്രത്തിൽ പറയുന്നത്.

ഇരുവരും തമ്മിലെ സാമ്യതയെ കുറിച്ച് പരിശോധിച്ചാൽ ചെന്നെത്തുക അവരുടെ മാനസിക വ്യാപാരങ്ങളിലേക്കായിരിക്കും. യുവതികളെ പ്രണയമെന്ന് വിശ്വസിപ്പിച്ച് ഒടുവിൽ ഭയാനകമായ മരണം സമ്മാനിക്കുന്ന കൊലയാളി. അയാളിലെ കൊലയാളിക്ക് എന്തെങ്കിലും മുൻവൈരാഗ്യമോ, കൊല്ലാൻ പെട്ടെന്ന് എന്തെങ്കിലും പ്രകോപനമോ ഒന്നും ഉണ്ടായിരുന്നില്ല. അയാളൊരിക്കലും തൻ്റെ ചെയ്തികളിൽ പശ്ചാത്തപിച്ചില്ല. ഇരകളെ കണ്ടെത്തുന്നതും കൊല്ലുന്നതും അയാൾക്കൊരു ഹരമായിരുന്നു. ഒരുപക്ഷെ സയനൈഡ് മോഹന്റെ ഇതേ മനോ നില ആണ് സ്റ്റാൻലി ദാസും പിന്തുടരുന്നത് എന്ന് പറയാം. കോടതിയിൽ വിചാരണ കഴിഞ്ഞു പുറത്തു ഇറങ്ങിയ സയനൈഡ് മോഹനോട് മാധ്യമ പ്രവർത്തകർ ഒരിക്കൽ ചോദിച്ചു കേസ് അവസാനിച്ചു പുറത്തിറങ്ങിയാൽ എങ്ങനെയാവും ജീവിക്കുക എന്ന് ? ‘ഇപ്പോഴത്തെ വഴി മാറാൻ ഒരു സാധ്യതയുമില്ല’ എന്ന പ്രതികരണമാണുണ്ടായത്. കളങ്കാവൽ അവസാനിക്കുന്നതും ഒരു തരത്തിൽ സ്റ്റാൻലി ദാസിന്റെ അവസാനിക്കാത്ത കൊലവെറിക്കുള്ള സാധ്യതകൾ തുറന്നിട്ട് കൊണ്ടാണെന്നതും ശ്രദ്ധേയം ആണ്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ദഹാദ് - സയനൈഡ് മോഹനിലൂടെ ഉത്തരേന്ത്യയിലെ സാമൂഹ്യ പ്രശ്നങ്ങളിലേക്ക്

2023-ൽ ആമസോൺ പ്രൈം സംപ്രേഷണം ചെയ്ത, വിജയ് വർമ്മ, സോനാക്ഷി സിൻഹ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ക്രൈം ത്രില്ലർ ടെലിവിഷൻ പരമ്പരയായ 'ദഹാദ്' സയനൈഡ് മോഹനെ അടിസ്ഥാനമാക്കിയുള്ളതാണ്. സയനൈഡ് മോഹന്റെ കഥ പറയുമ്പോൾ ഫീച്ചർ ഫിലിമിൽ നിന്നും സീരീസിന്റെ ക്യാൻവാസ് വലുതായതിന്റെ അഡ്വാൻറ്റേജ് 'ദഹാദ്'നു ലഭിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. ദക്ഷിണ കന്നഡ സ്വദേശിയായ സയനൈഡ് മോഹനന്റെ ക്രൂര കൃത്യങ്ങൾ ഉത്തരേന്ത്യയിലെ ജാതി - മത - രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ മാണ്ഡ്വയിലേക്ക് ട്രാൻസ്‌പ്ലാന്റ് ചെയ്തുകൊണ്ടാണ് ഈ സീരിസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. യഥാർത്ഥ കഥയെ പൊലീസിന്റെ വീക്ഷണ കോണിൽക്കൂടിയാണ് സീരീസ് പറഞ്ഞു പോകുന്നത്. സീരിയൽ കില്ലിങ് കഥയുടെ സമാന്തരമായി എന്നോണം ജാതി, സ്ത്രീ എന്നീ വിഷയങ്ങൾക്കൊപ്പം ഉത്തരേന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന, ഒരു പ്രത്യേക സമുദായത്തോടുള്ള ഭീതിയും അവരെ ഉന്മൂലനം ചെയ്യാൻ നടത്തുന്ന ശ്രമങ്ങളും ദഹാദ്‌ ദൃശ്യവൽക്കരിക്കുന്നുണ്ട്.

പൊലീസ് ഉദ്യോഗസ്ഥയായിരുന്നിട്ടും ജാതിയുടെ നിഴലിൽ കെട്ടി തൊഴിലിടത്ത് പോലും അകറ്റി നിർത്തപ്പെടുന്ന, വിവാഹിതയല്ലെന്ന കാരണത്താൽ സമൂഹം പുച്ഛത്തോടെ മാത്രം നോക്കുന്ന അഞ്‌ജലി എന്ന കഥാപാത്രമായി സൊനാക്ഷി സിൻഹ ഗംഭീര പ്രകടനം കാഴ്ച്ചവെച്ചു. ഒരുപക്ഷേ അവരുടെ കരിയറിലെ തന്നെ മികച്ച പ്രകടനം. സോയ അക്തര്‍, റീമ കഗ്ടി കൂട്ടുകെട്ടിന്റെ ടൈഗർ ബേബി ഫിലിംസും, എക്സൽ എന്റർടൈൻമെന്റ് കമ്പിനിയും ചേർന്ന് നിർമ്മിച്ച 'ദഹാദ്' സംവിധാനം ചെയ്തിരിക്കുന്നത് റീമ കഗ്ടിയും, രുചിക ഒബ്‌റോയ്യും ചേർന്നാണ്. സീറ്റ്‌ എഡ്ജ് മൊമന്റുകളോ വലിയ ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത പ്രെഡിക്‌റ്റബിൾ ആയ ഒരു ഇൻവെസ്റ്റിഗേഷനാണ് എട്ട് എപ്പിസോഡുള്ള ഈ സീരിസ്. ജനപ്രിയ ഴോണറായ 'ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ' ഉപയോഗിച്ച് കൊണ്ട് ശക്തമായ രാഷ്ട്രീയ- സാമൂഹ്യ വിഷയങ്ങൾ സംസാരിക്കാനുള്ള സീരീസിന്റെ ശ്രമം ഏറെ ശ്ലാഘനീയമാണെന്ന് പല നിരൂപകരും വിലയിരുത്തിയിരുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
സയനൈഡ് മോഹൻ ആനന്ദ് സ്വർണകാർ ആകുമ്പോൾ

സയനൈഡ് മോഹനെ ദഹാദിൽ അവതരിപ്പിച്ചത് വിജയ് വർമയാണ്. മറ്റുള്ളവരുടെ ജീവനെടുക്കുന്നതിൽ തെല്ലും മടിയില്ലാത്ത അത്യന്തം ഡെവിലിഷ് ആയ 'ആനന്ദ് സ്വർണകാർ' എന്ന കഥാപാത്രം വിജയ് വർമയുടെ കയ്യിൽ ഭദ്രം ആയിരുന്നു. സയനൈഡ് മോഹനിലെ ക്രിമിനൽ സൈക്കോപാത്തിന്റെ രൂപവും ഭാവവും സ്വാംശീകരിക്കുന്നതിനോടൊപ്പം തന്റെ ചുറ്റുപാടുകളിലെ പുരുഷന്മാരുടെ 'സവർണത' കൂടി ആനന്ദ് സ്വർണകാറിൽ കാണാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ ഗതികേട് മുതലെടുത്ത് വിവേകത്തിന്റെയും പുരോഗമനാത്മകതയുടെയും മുഖം മൂടി ധരിച്ചാണ് ആനന്ദ് കടന്നുവരുന്നത്. എന്നാൽ  29 ഓളം സ്ത്രീകളെ കൊന്നപ്പോഴും അയാള്‍ക്കതില്‍ പശ്ചാത്താപമോ പാപബോധമോ തോന്നുന്നില്ല. കൊല്ലപ്പെട്ട സ്ത്രീകളുടെ ജാതിയും, സാമൂഹ്യ പശ്ചാത്തലവും തന്നെ ആണ് അവരുടെ മരണ കാരണം എന്ന ന്യായം ചമയ്ക്കാൻ ആനന്ദിന്റെ കഥാപാത്രം ശ്രമിക്കുന്നുണ്ട്.

അഭ്രപാളികളിൽ സയനൈഡ് മോഹൻ- തുടരും

വിശാൽ മുൻസിഫ് എഴുതി സംവിധാനം ചെയ്തു 2022 - ൽ പുറത്തിറങ്ങിയ ഡോക്യൂമെന്ററി സീരീസ് ആണ് 'India's Serial Killer: Cyanide Mohan'. സയനൈഡ് മോഹന്റെ കൃത്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു Zee5-ലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് 'ഭാഗവത് ചാപ്റ്റർ 1: രാക്ഷസ്'. ഭാവിനി ഭേദ തിരക്കഥ എഴുതി അക്ഷയ് ഷിർ സംവിധാനം ചെയ്ത ചിത്രത്തിൽ അർഷിദ് വർഷിയും, ജിതേന്ദ്ര കുമാറും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മാനസിക സംഘർഷങ്ങളും കുറ്റവാളിയുടെ നിശബ്ദമായ ക്രൗര്യവും ഒരേ സമയം വരച്ചു കാട്ടുന്ന ചിത്രം തിരക്കഥയിലെ പോരായ്മകൾ കൊണ്ട് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. 2020 -ൽ ദേശീയ അവാർഡ് ജേതാവ് രാജേഷ് ടച്ച്റിവര്‍, കഥ, തിരക്കഥ സംഭാഷണമെഴുതി സിദ്ധീഖ്, പ്രിയാമണി, കന്നട താരം രംഗായനരഘു തുടങ്ങിയവർ അഭിനയിച്ച 'സയനൈഡ്' എന്ന ചിത്രവും മോഹന്റെ ജീവിത കഥയുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും ഇത് വരെ റിലീസ് ചെയ്യാൻ ആയിട്ടില്ല.

PRESENTATIVE IMAGE | PHOTO : WIKI COMMONRES
ഭയമോ, പശ്ചാത്താപമോ കൂടാതെ മനുഷ്യരെ തുടർച്ചയായി കൊന്നുതള്ളുന്നതിനെയാണ് സീരിയൽ കില്ലിംഗ് എന്ന് വിളിക്കുന്നത്. മൂന്നോ അതിലധികമോ പേരെ കൊലപ്പെടുത്തുക, കൊലപാതകങ്ങൾക്കിടയിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും അകലം പാലിക്കുക എന്നത് സീരിയൽ കില്ലിംഗിന്റെ സ്വഭാവമാണ്. ലോകത്ത് ആദ്യം പോപ്പുലർ ആകുന്ന സീരിയൽ കില്ലർ ഇംഗ്ലണ്ടുകാരനായ ജാക് റിപ്പർ ആയിരുന്നു. 1988 -ൽ  നിരവധി സ്ത്രീകളെ പീഡിപ്പിച്ച് സ്‌ക്രൂ ഡ്രൈവർ കൊണ്ട് കുത്തിക്കൊല്ലുന്ന കുറ്റവാളി. മേരി അന്ന നിക്കോളസ്‌, അന്ന ചാപ്മാൻ, എലിസബത്ത്‌ സ്റ്റ്രിഡ്‌, കാതറിൻ എഡ്ഡോവെസ്‌, മേരി ജെയ്ൻ കെല്ലി എന്നിവരായിരുന്നു റിപ്പറിന്റെ കൊലപാതക പരമ്പരകളിലെ ഇരകൾ. 1888 ഏപ്രിൽ മുതൽ 1891 ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 11 കൊലപാതകങ്ങളുടെ പട്ടികയാണ് ദി വൈറ്റ്ചാപ്പൽ മർഡേഴ്സ് എന്ന പേരിൽ പൊലീസ് ഫയലിൽ സൂക്ഷിച്ചിരിക്കുന്നത്. Jack the Ripper: Written in Blood,  Jack the Ripper: The Case Reopened (ബി ബി സി ഡോക്യൂമെന്ററി) The Unsolved Killings of Jack the Ripper, തുടങ്ങി ജാക് റിപ്പറിനെ കുറിച്ച് ഒരു ഡസനിലധികം സിനിമകൾ/ സീരീസുകൾ പിൽക്കാലത്ത് നിർമ്മിക്കപ്പെട്ടിട്ടുണ്ട്.  

യഥാർത്ഥ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മികച്ച സിനിമകളോടും പരമ്പരകളോടും എന്നും പ്രേക്ഷകർക്ക് അദ്വിതീയ ആകർഷണം ഉണ്ട്. അതുകൊണ്ട് തന്നെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിൽ ഏറ്റവും സങ്കീർണമായ സബ്–ഴോണറായിരുന്നിട്ടു കൂടി ലോകം കണ്ട നിരവധി സീരിയൽ കില്ലർമാരുടെ കഥകൾ പിന്നീട് സിനിമകളായും/ സീരീസുകളായും/ ഡോക്യൂമെന്ററികളായും ദൃശ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഓട്ടോ ശങ്കർ മുതൽ റിപ്പർ ചന്ദ്രൻ വരെ ഇന്ത്യയിലും സീരിയൽ കില്ലർമാർ നിരവധി ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ പ്രധാന പേരുകളിൽ ഒന്നാണ് സയനൈഡ് മോഹനും.'ലോകം ഉണ്ടായിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടല്ല, കഥകൾ കൊണ്ടാണ്’. മ്യൂറിയൽ റുക് യെസർ. ക്രൈം സ്റ്റോറികൾ ജനപ്രിയമായി തുടരുന്നിടത്തോളം സയനൈഡ് മോഹന്റെ കഥകൾ അഭ്രപാളികളിൽ തുടരും.


#cinema
Leave a comment