അനുഭവ ചരിത്രത്തിന്റെ ആടുജീവിതം അഥവാ ആടുജീവിതത്തിന്റെ അനുഭവ ചലച്ചിത്രം
''The desert is a natural extension of the inner silence of the body. If humanity's language, technology, and buildings are an extension of its constructive faculties, the desert alone is an extension of its capacity for absence, the ideal schema of humanity's disappearance.'
Jean Baudrillard
'ഈ ലോകത്തിലെ മറ്റൊന്നും ഞാന്‍ അറിയുന്നതേയില്ല. ഞാനെന്റെ കുടുംബത്തെ, വീടിനെ, നാടിനെ മറന്നു കഴിഞ്ഞിരിക്കുന്നു. അവരൊക്കെ മറ്റേതോ ജന്മത്തില്‍ മറ്റേതോ കാലത്തില്‍ എനിക്കൊപ്പം ജീവിച്ചിരുന്നവര്‍. അവരുടെ ജീവിതവും അവരുടെ ദുഖവും അവരുടെ വേദനകളും എന്നെ ബാധിക്കുന്നതേയില്ല.'' (നജീബ്, ആടുജീവിതം, മൂവി എഡിഷന്‍, പേജ് 137-138). തന്നെത്തന്നെ മറന്നുപോയ മനുഷ്യനു ചരിത്രം എങ്ങനെ എഴുതുവാന്‍ സാധിക്കും? ഭാഷ മറന്നയാള്‍ക്ക് പാഠമെങ്ങനെ നിര്‍മ്മിക്കാന്‍ പറ്റും. തന്റെ എല്ലാ മനുഷ്യപ്രകൃതവും റദ്ദുചെയ്യപ്പെട്ട് മരുഭൂമിയില്‍ വെറുമൊരു ആടായി ജീവിക്കേണ്ടിവന്ന ഹതഭാഗ്യവാന്റെ ചരിത്രമാണ് ബെന്യാമിനും, പിന്നീട് ബ്ലെസിയും ചേര്‍ന്ന് ചലച്ചിത്രമാക്കി മാറ്റി ഒരു നവചരിത്ര നിര്‍മ്മിതിക്ക് തുടക്കമിട്ടിരിക്കുന്നത്. ജീന്‍ ബൗഡ്രില്ലാര്‍ഡ് സൂചിപ്പിക്കുന്നത് പോലെ മനുഷ്യനില്ലാത്ത അനുഭവത്തെ സൃഷ്ടിക്കുന്ന മരുഭൂമിയിലാണ് നജീബിന്റെ ചരിത്രംതന്നെ വിസ്മൃതിയിലാക്കപ്പെടുന്നത്. അത്തരത്തില്‍ ചരിത്രം വിസ്മൃതിയിലാക്കപ്പെട്ട മനുഷ്യരുടെ ജീവകഥയാണ് ബെന്യാമിനും, രണ്ടാമത് ബ്ലെസിയും ചേര്‍ന്ന് വീണ്ടെടുക്കുന്നത്. റദ്ദാക്കപ്പെട്ട അല്ലെങ്കില്‍ അവഗണിക്കപ്പെട്ട ചരിത്രത്തിന്റെ പുനര്‍നിര്‍മ്മിതിയിലൂടെ, ചരിത്രകാരന്മാര്‍ക്ക് സാധ്യമാകാത്തത് അവര്‍ നേടിയെടുത്തിരിക്കുന്നു. തൊണ്ണൂറുകളില്‍ നഷ്ടമായ നജീബിന്റെ ചരിത്രത്തെ, അദ്ദേഹത്തിനുതന്നെയും, കേരളക്കരയിലെ പ്രേക്ഷക കൂട്ടത്തിനും വീണ്ടും കാണുവാനുള്ള അവസരമാണ് ഈ ചലച്ചിത്രചരിത്രം സാധ്യമാക്കിയിരിക്കുന്നത്.
പ്രേക്ഷകാനുഭവം : ആടുജീവിതത്തിന്റെ കാതല്‍
അനുഭവത്തില്‍ നിന്നുതന്നെ തുടങ്ങാം. ആടുജീവിതം സിനിമ കണ്ടിറങ്ങിയശേഷം, വെയിലത്ത് പാര്‍ക്ക് ചെയ്തിരുന്ന ചുട്ടുപൊള്ളുന്ന കാറിലേക്ക് കയറിയപ്പോള്‍ ചൂടനുഭവപ്പെട്ടില്ല. നജീബിന്റെ മരുഭൂമിയിലെ ജീവിതമായിരുന്നു മനസ്സില്‍ നിറയെ. വെറും അഞ്ച് മിനിറ്റിനുള്ളില്‍ മാറാവുന്ന കാറിലെ ചൂടുപോലും സഹിക്കാന്‍ പറ്റാത്തവര്‍ക്ക് അത് നിശ്ശേഷം അവഗണിക്കാനുള്ള ശക്തിയാണ് ആടുജീവിതം നല്‍കുന്നത്. ഇവിടെ ചലച്ചിത്രം വാള്‍ട്ടര്‍ ബെന്യാമിന്‍ നിരീക്ഷിച്ചതുപോലെ അപകടസമയങ്ങളില്‍ കൈയ്യെത്തി പിടിക്കേണ്ട ഓര്‍മ്മകളായി ചരിത്രത്തെ ദൃശ്യവല്‍ക്കരിച്ചിരിക്കുകയാണ്. മലയാളികളുടെ ബെന്യാമിന്റെ നോവല്‍ ആടുജീവിതം, ബ്ലെസിയുടെ ചലച്ചിത്രമായി വരുമ്പോള്‍ നജീബിന്റെ മരുഭൂമി ജീവിതത്തിന്റെ ഓര്‍മ്മകളാണ് പ്രേക്ഷക ഹൃദയങ്ങളില്‍ അനുഭവ തീവ്രതയുടെ തിരമാലകളായി മാറുന്നത്. തങ്ങളുടെ ജീവിതപ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ച് കാണുന്നവര്‍ ഒരിറ്റ് വെളളത്തിന് വേണ്ടി സ്വപ്നംകണ്ട മരുഭൂമിയിലെ മനുഷ്യജന്മത്തിന് മുന്നില്‍ സ്തബ്ധരായിനില്‍ക്കുന്ന കാഴ്ചയായിരുന്നു സിനിമാശാലയ്ക്കുള്ളില്‍ മുഴുവനും. തൊട്ടടുത്തിരിക്കുന്ന പ്രേക്ഷകന്‍ കരയുന്നുണ്ടോ എന്ന് തിരയുന്ന നനഞ്ഞ കണ്ണുകളായിരുന്നു അതിലേറെയും. മരുഭൂമിയില്‍ നിന്ന് വിടുതല്‍ കിട്ടാതെ ചുട്ടുപൊള്ളുന്ന കാറില്‍ കയറിയപ്പോള്‍ ഒരു കുളിര്‍ക്കാറ്റായി തഴുകുകയായിരുന്നു ആടുജീവിതത്തിലെ നജീബിന്റെ മരുഭൂമി. ജീവിതത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ പറ്റാത്തവര്‍ക്ക് വീണ്ടും നല്ല സ്വപ്നങ്ങള്‍ കാണുവാന്‍ പ്രചോദനം നല്‍കുന്ന ചലച്ചിത്രം. നിരാലംബരാക്കപ്പെട്ട്, ജീവിതത്തിന്റെ നിറങ്ങളും ഗന്ധവും നഷ്ടപ്പെട്ട് മരുഭൂമിവല്‍ക്കരിക്കപ്പെട്ട ചരിത്രങ്ങളെ തേടിപ്പിടിച്ച യാത്രയായിരുന്നു ആടുജീവിതം എന്ന ചലച്ചിത്രം സാധ്യമാക്കിയത്.
REPRESENTATIVE IMAGE | FACEBOOK
ആടുജീവിതം എന്ന ചരിത്ര സിനിമ
നിത്യേന നാം അനുഭവിക്കുന്ന ജീവിതത്തിന്റെ സംഗ്രഹിക്കപ്പെട്ട എഴുത്തുരൂപത്തെയാണ് ചരിത്രം എന്ന് പറയുന്നത്. ഇതില്‍ ജീവിതത്തിന്റെ കാതലായ അനുഭവം എത്രമാത്രം അടങ്ങിയിരിക്കുന്നു എന്നത് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന നിഗൂഢ രഹസ്യമല്ല. ദൈനംദിന ജീവിതാനുഭവങ്ങളെ സംഭാഷങ്ങളിലൂടെയും, ചലിക്കുന്ന ദൃശ്യങ്ങളിലൂടെയും ശബ്ദ/സംഗീത സംവിധാനങ്ങളിലൂടെയും ചലച്ചിത്രങ്ങള്‍ ചരിത്രവല്‍ക്കരിക്കുന്നത് അനായാസം നമുക്ക് മനസ്സിലാകുന്നു. ഇവിടെ ചരിത്രത്തെ കഥാവല്‍ക്കരണത്തിലൂടെ ജനപ്രിയ സാഹിത്യമാക്കി മാറ്റുകയാണ് ചലച്ചിത്രം. സ്‌ക്രീനിലെ അനുഭവക്കാഴ്ചകള്‍ പ്രേക്ഷകന്റെ ശരീരത്തിലേക്ക് വികാരതരംഗങ്ങളായി പ്രസരണം ചെയ്യപ്പെടുന്ന അവസ്ഥാവിശേഷത്തിലാണ് പ്രേക്ഷകരും ഭയം, പ്രണയം, സഹാനുഭൂതി, വെറുപ്പ്, കാമം എന്നീ വികാരങ്ങള്‍ക്കടിമപ്പെടുന്നത്. സിനിമശാലയ്ക്ക് വെളിയിലേക്കും നിങ്ങളെ ഒരു സിനിമ പിന്തുടരുന്നുണ്ടെങ്കില്‍ അത് ചലച്ചിത്രത്തെ സാമൂഹിക അധികാരത്തേയും ശക്തിയേയുമാണ് സൂചിപ്പിക്കുന്നത്. ആടുജീവിതം, വെറുമൊരു ചലച്ചിത്രാനുഭവമല്ല, മറിച്ച് ഏകദേശം മൂന്ന് മണിക്കൂറോളം ജീവിതമെന്തെന്ന് നമ്മെ ഇരുത്തിചിന്തിപ്പിക്കുന്ന ജീവിതാനുഭവ ചലച്ചിത ചരിത്രാവിഷ്‌ക്കാരമാണ്. ഇതൊരു ചരിത്ര സിനിമ തന്നെയാണ്, മലയാളത്തില്‍ ഇന്നേവരെ ഇറങ്ങിയ ചരിത്ര സിനിമകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ചരിത്ര സിനിമ.
ജീവിതം, നോവല്‍, ചലച്ചിത്രം
ഗള്‍ഫ്, മലയാളിയുടെ മനസ്സിലെ സ്വപ്നഭൂമിയായി തുടങ്ങുന്നത് 1980 കളോട് കൂടിയാണ്. 1930 കളോടുകൂടി എണ്ണ ഉല്പാദന സാധ്യതകള്‍ തിരിച്ചറിഞ്ഞ ഗള്‍ഫ് നാടുകളിലെ മരുഭൂമിയായിരുന്നു മലയാളികളുടെ സ്വപ്നഭൂമി. ആലപ്പുഴയിലെ ആറാട്ടുപുഴ എന്ന ഗ്രാമത്തില്‍ മണലൂറ്റ് ജോലിയില്‍ വ്യാപൃതനായിരുന്ന ഒരു ജലജീവിയായിരുന്ന നജീബിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിഞ്ഞത് ഈ മരൂഭൂമി സ്വപ്നങ്ങളിലൂടെയാണ്. സര്‍വ്വത്ര ജലത്താല്‍ ചുറ്റപ്പെട്ട ഭൂമികയില്‍ നിന്നും, മരുഭൂമിയിലേക്കുള്ള അദ്ദേഹത്തിന്റെ ചരിത്രയാത്രയായിരുന്നു ബെന്യാമിന്റെ നോവലിനാസ്പദമായ ജീവിതം. ഇവിടെ പാഠം ഒന്ന് നജീബിന്റെ ഗള്‍ഫ് ദുരിതകാലമാണ്. താന്‍ ഗള്‍ഫ് കുടിയേറ്റ ചരിത്രത്തിലെ ഒരു വ്യത്യസ്ത ഏടാണെന്ന് തിരിച്ചറിയാതെ നജീബ് തള്ളിനീക്കിയ മൂന്ന് വര്‍ഷങ്ങളാണ് യഥാര്‍ത്ഥ ചരിത്രം. അതിനെ തേടിപ്പിടിച്ച്, ഒരു ഉത്ഘനനത്തിലെന്നപോലെ അതിലെ ഓരോ പാളികളെയും തന്റെ ഭാവനയിലൂടെ നോവലാക്കുകയാണ് ബെന്യാമിന്‍ ആടുജീവിതത്തില്‍ ചെയ്തത്. ഒരു സാധാരണക്കാരന്റെ, ലോകം ശ്രദ്ധിക്കാതെ പോകേണ്ടിയിരുന്ന ദുരിത/ അടിമ ജീവിതത്തിന്റെ ചരിത്രവല്‍ക്കരണം തന്നെയാണ് ബെന്യാമിന്‍ ഇവിടെ സാധ്യമാക്കിയത്. എഴുതപ്പെടാത്ത ചരിത്രജീവിതങ്ങളെ തേടിപ്പിടിച്ച്, അവരുമായുള്ള സംഭാഷണങ്ങളിലൂടെ അവരുടെ ചരിത്രത്തെ നിര്‍മ്മിക്കുന്ന വാമൊഴി ചരിത്രകാരന്റെ (oral historian) റോളിലായിരുന്നു നോവലിസ്റ്റിവിടെ. നോവലിന്റെ അനന്യസാധ്യതകളിലൂടെ, ചരിത്രവും, ഭൂമിശാസ്ത്രവും, ഓര്‍മ്മകളും സങ്കലനം ചെയ്താണ് ആടുജീവിതം എന്ന നോവല്‍ പൂര്‍ത്തിയായത്. തന്റെ ജീവിതം ഒരാട് ജീവിതമായിരുന്നുവെന്ന് യഥാര്‍ത്ഥ നജീബിനുതന്നെ മനസ്സിലായത് നോവലിലൂടെയാണ്. ഈ നോവല്‍ വായിച്ച വേളയില്‍ത്തന്നെയായിരിക്കണം നജീബ് തന്റെ സാധാരണയില്‍ സാധാരണമായ ജീവിതത്തിന്റെ ചരിത്രപരത മനസ്സിലാക്കുന്നതും. യഥാര്‍ത്ഥ ജീവിതകഥയില്‍ നിന്നും ഗള്‍ഫ് കുടിയേറ്റ ചരിത്രത്തിന്റെ സ്ഥലരാശിയിലേക്ക് നജീബും കുടുംബവും വന്നുചേരുന്നിടത്താണ് അറിയപ്പെടാതെ പോകുമായിരുന്ന ചരിത്രത്തിന്റെ നോവല്‍ പാഠവല്‍ക്കരണം സംഭവിക്കുന്നത്. നജീബിന്റെ ചരിത്രം വായനക്കാരിലേക്ക് വന്നുതുടങ്ങിയെങ്കിലും വളരെ ചെറിയ ഒരു ഗണം മാത്രമായിരുന്നു അത്. എങ്കിലും, അറിയപ്പെടാത്ത ജീവചരിത്രത്തിനെ ഭാവനാവല്‍ക്കരിക്കുകവഴി നോവല്‍ ചരിത്രത്തെ ജനപ്രിയ സാഹിത്യമാക്കി മാറ്റി എന്നിടത്താണ് പുതിയ അറിവുല്പാദനത്തിന്റെ പ്രസക്തി.
നജീബ് | PHOTO: FACEBOOK
സിനിമാറ്റിക് ആടുജീവിതം: കഥയില്‍ നിന്നും തിരക്കഥയിലേക്ക്
നജീബിന്റെ ആത്മകഥാപരവും, സാമൂഹികവുമായ ഓര്‍മ്മയെ (autobiographical and social memory) മലയാളിയുടെയെന്നല്ല, ലോകത്താകമാനം ആടുജീവിതമെന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകകൂട്ടങ്ങള്‍ ഒരു രാജ്യാന്തര ഓര്‍മ്മ ഭൂപടം നിര്‍മ്മിക്കുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. മലയാളി താരങ്ങളെക്കൊണ്ടുമാത്രം ആടുജീവിതമെന്ന ചലച്ചിത്രം സാധ്യമാകാത്തതും, അതുപറയുന്ന കഥയുടെ ആഗോളപ്രകൃതം കൊണ്ടു തന്നെയാണ്. ഇംഗ്ലീഷിലേക്കും മറ്റു വിവിധ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രഭാഷ്യത്തിലാണ് അതിരുകള്‍ ഭേദിച്ചുള്ള ജനിപ്രിയ ചരിത്രവല്‍ക്കരണം നടക്കുന്നത്. ഈ കാലയളവില്‍ തന്നെയാണ് നജീബിന്റെ രണ്ടാം ചരിത്ര പ്രവേശികഅനുഭവതലത്തിലെത്തുന്നത്. ചരിത്രം നോവലായി വായിച്ചവര്‍, അനുഭവിച്ചവര്‍,അത് ഒരു വികാരമായി സ്വന്തം ശരീരത്തിലേക്കും മനസ്സിലേക്കും പടര്‍ന്നു കയറുന്നതിന്റെ തീവ്രതയും, ഒരു തരത്തിലുള്ള ഉന്മാദവും അനുഭവിക്കുന്നത് ചലച്ചിത്രത്തിലൂടെയാണ്. നോവലിസ്റ്റിന്റെ ഭാവനയ്ക്കും അറിവിനുമൊപ്പം സഞ്ചരിക്കേണ്ട വായനക്കാര്‍ പ്രേക്ഷകരായി മാറുമ്പോള്‍ ചലച്ചിത്രം അവരെ ആടുജീവിതത്തിന്റെ മരുഭൂമിയില്‍ത്തന്നെയാണ് ഇറക്കിവിടുന്നത്. നജീബിനൊപ്പം മരുഭൂമിയുടെ ഒന്നുമില്ലായ്മയിലേക്കും സ്വത്വബോധ നഷ്ടത്തിലേക്കും പ്രേക്ഷര്‍കൂടി എത്തിച്ചേരുന്ന അവസ്ഥ.
നോവലിനെ ചലച്ചിത്രമാക്കുക എന്ന ദുഷ്‌ക്കരമായ ദൗത്യത്തില്‍ വിജയിക്കുമ്പോഴാണ് ചലച്ചിത്രം മറ്റൊരു ചരിത്രാഖ്യാനമായി മാറുന്നത്. ബ്ലെസി തന്നെ, ജീവിതം, ആടുജീവിതം എന്ന ഗ്രന്ഥത്തില്‍ പറയുന്നു, 'പുസ്തകത്തില്‍ പല സംഭവങ്ങളും വിവരിച്ചു പോയാല്‍ മതി. ഒട്ടാകെ കഥ നടക്കുന്നത് വായനക്കാരന്റെ മനസ്സിലാണല്ലോ. അതവിടെ പൂരിപ്പിക്കാന്‍ വായനക്കാരന്‍ തയ്യാറാണ്. എന്നാല്‍ സിനിമ കാണുന്നവരുടെ ചിന്തയുടെ മുക്കാല്‍ഭാഗവും നമ്മള്‍ സ്‌ക്രീനില്‍ കാണിച്ചുകൊടുക്കണം. ചെറിയ ശതമാനം ചിന്ത മാത്രം മതി.'' എങ്ങനെയാണ് നിഴലുകള്‍ പോലുമില്ലാത്ത നോവലില്‍ നിന്ന് നിഴലുകളുള്ള സിനിമയിലേക്ക് സിനിമ രൂപാന്തരം പ്രാപിക്കുന്നതെന്നും തുടര്‍ന്ന് ബ്ലെസി വിശദീകരിക്കുന്നുണ്ട്.
ബ്ലെസി | PHOTO: FACEBOOK
ചലച്ചിത്രത്തിലെ ഒരു സീനില്‍ മരുഭൂമിയില്‍ വീഴുന്ന ജലം ഒഴുകി ഒരു ചാലായി മാറുകയും അതില്‍ നിന്നും നജീബിന്റെ നാടിന്റെ പച്ചപ്പിലേക്കും പുഴയിലേക്കും ക്യാമറ വിസ്മയകരമായി ചലിപ്പിക്കുമ്പോള്‍, രണ്ടു വ്യത്യസ്ത ഭൂവിടങ്ങളുടെ പാരിസ്ഥിതികതയിലേക്കാണ് ചലച്ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരുതരത്തില്‍ ഒഴുകി നടക്കുന്ന ചരിത്രാഖ്യാനമായി സിനിമ മാറുന്നതിലാണ് ചരിത്രത്തിന്റെയും ഒഴുക്കില്‍ പ്രേക്ഷകര്‍ കൂടി പെട്ടുപോകുന്നത്. ഇവിടെയാണ് ചലച്ചിത്രം ജനപ്രിയ ചരിത്രാഖ്യാനമായി മാറുന്നത്. അങ്ങനെ വാമൊഴി / ഓര്‍മ്മ എന്നീ തുരുത്തില്‍ നിന്നും സാഹിത്യത്തിലെത്തുന്ന ചരിത്രം ചലച്ചിത്രത്തിലൂടെ ആഗോള അനുഭവ ചരിത്രമായി പരിണമിച്ചിരിക്കുകയാണ് ആടുജീവിതത്തില്‍.
നോവലിലൂടെയും, സിനിമയിലൂടെയും തന്നെ കാണുന്ന നജീബ് : കണ്ണാടി ചരിത്രങ്ങള്‍
ഹൃദയഭേദകമായ ഗള്‍ഫ് ഓര്‍മ്മയെ തല്ക്കാലം റദ്ദുചെയ്ത നജീബ് ആദ്യം നോവലിലൂടെ തന്നെയാണ് അതിനെ വീണ്ടെടുക്കുന്നത്. ബെന്യാമിനുമായി എട്ടുമാസങ്ങളില്‍ നടന്ന ഓര്‍മ്മപ്പറച്ചിലുകളിലൂടെ വീണ്ടെടുത്ത സ്വന്തം ചരിത്രം നോവലിലൂടെ അയാള്‍ തന്നെ വായിക്കുന്നു. തന്റെ ജീവിതത്തെ നിര്‍വ്വചിച്ച സാഹിത്യചരിത്രരൂപം സമ്മാനിച്ച നിലപാടുതറയില്‍ നിന്നുതന്നെയാണ് വലിയ ക്യാന്‍വാസിലുള്ള തന്റെ ഗള്‍ഫ് കുടിയേറ്റ ചരിത്രം നജീബ് തിരിച്ചറിയുന്നത്. നോവല്‍ അദ്ദേഹത്തിന് സ്വന്തം ചരിത്രത്തിലേക്കുള്ള കണ്ണാടിയായി മാറുകയായിരുന്നു. നോവലില്‍ നിന്നും ചലച്ചിത്രത്തിലെത്തിയ തന്റെ തന്നെ ജീവചരിത്രത്തിന്റെ സൂക്ഷ്മ ഇടങ്ങളുടെ ദൃശ്യവല്‍ക്കരണം നജീബിന് സമ്മാനിക്കുന്നത്, വ്യക്തമായി, മണലാരണ്യത്തില്‍ ആടുകള്‍ക്കും, ഒട്ടകങ്ങള്‍ക്കുമൊപ്പം ജീവിച്ചു മരിച്ച ദിനങ്ങളാണ്. ഒരാളുടെ പാഠവല്‍ക്കരിക്കപ്പെട്ട ജീവകഥയില്‍ നിന്നും 90 കളിലെ യഥാര്‍ത്ഥഭൂമികയിലേക്കുള്ള ഒരു ഊളിയിട്ടിറങ്ങല്‍ തന്നെയാണ് ചലച്ചിത്രം അയാള്‍ക്ക് സമ്മാനിക്കുന്നത്. പലയാവര്‍ത്തി ഓര്‍മ്മയിലൂടെ തന്റെ ജീവിതത്തെ തിരിച്ചുപിടിച്ച നജീബ്, ഇത്തവണ അതിന്റെയെല്ലാം തിരിച്ചുപിടിക്കലല്ല സാധ്യമാക്കുന്നത്, മറിച്ച് തന്റെ തന്നെ ഉറഞ്ഞുപോയ ജീവചരിത്രത്തെ അലിയിപ്പിച്ച് സംഭവങ്ങളിലൂടെ ദൃശ്യവല്‍ക്കരിച്ച ചലച്ചിത്രത്തിലൂടെ തന്റെ മരുഭൂമി ജീവിതത്തിന് വീണ്ടും സാക്ഷിയാകുന്ന നജീബിനെയാണ് ചലച്ചിത്ര കണ്ണാടിയില്‍ അയാള്‍ തന്നെ കാണുന്നത്. തന്റെ ചരിത്രത്തിന് നജീബ് വീണ്ടും സാക്ഷിയാകുന്നു. ഇവിടെ ഒരു ചരിത്രദത്തം തന്നെ വീണ്ടും വീണ്ടും പഠനത്തിന് വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു. നജീബിനെപ്പോലെ എത്രയോ ആള്‍ക്കാര്‍ തങ്ങളുടെ മണ്‍മറഞ്ഞ ചരിത്രത്തെ ഓര്‍മ്മയുടെ വീണ്ടെടുക്കലിലൂടെ തിരിച്ചുപിടിക്കുന്നുണ്ടാവും. ഇവിടെയാണ് ഈ ചലച്ചിത്രം ഒരു ആര്‍ക്കിയോളജിക്കല്‍ ഫീല്‍ഡ് പോലെയോ, പഴയ ഗ്രന്ഥപ്പുരപോലെയോ ഒക്കെ ആയി മാറുന്നത്.
REPRESENTATIVE IMAGE | FACEBOOK
കേരളത്തിന്റെ ഗള്‍ഫ് കുടിയേറ്റ അടിമ ചരിത്രങ്ങളുടെ ഒരു വേലിയേറ്റം സാധ്യമാക്കുന്നതിലാണ് ആടുജീവിതം വിജയിക്കുന്നത്. ഇതിന്റെ ചലനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആടുജീവിതം സിനിമയാകുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ത്തന്നെ തുടങ്ങിയതാണ്. യുട്യൂബിലും മറ്റും നജീബും, ബെന്യാമിനും ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള സംവാദങ്ങള്‍, ചര്‍ച്ചകള്‍ എല്ലാം തന്നെ ഒരു നവചരിത്രസാക്ഷരതയുടെ ലക്ഷണങ്ങളാണ്. ഇത് വാനോളം ഉയര്‍ത്തിയത് ആടുജീവിതം എന്ന ചലച്ചിത്രം തന്നെയാണ്. യുട്യൂബ് കമന്റ് ബോക്‌സുകളില്‍ ധാരാളംപേര്‍ പ്രവാസ ജീവിതാനുഭവങ്ങള്‍ പങ്കിട്ട് തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ ഗള്‍ഫ് കുടിയേറ്റ ചരിത്രരചനയിലും മാറ്റങ്ങള്‍ വന്നുതുടങ്ങേണ്ടതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. സാമ്പത്തിക ചരിത്രങ്ങളില്‍ അക്കങ്ങളിലും ശതമാനക്കണക്കുകളിലും നാം കണ്ടുവന്ന ചരിത്രാഖ്യാനങ്ങളുടെ പരിമിതി കൂടിയാണ് ഈ ദ്രാവക ആധുനികലോകത്ത് ആടുജീവിതം തെളിയിച്ചുതരുന്നത്. കേരളത്തിന്റെയും, ഗള്‍ഫ് നാടുകളുടെ പ്രവാസി ചരിത്ര അനുഭവ ലോകത്തിലേക്ക് ചരിത്ര ഗവേഷകര്‍ കടന്നുചെല്ലുവാനുള്ള വഴിവിളക്കായി ആടുജീവിതം എന്ന നോവലും ചലച്ചിത്രവും രണ്ട് പാഠാനുഭവങ്ങളുമായി കാത്തിരിക്കുന്നു. കേരളത്തിലെ പ്രൊഫഷണല്‍ പോസിറ്റിവിസ്റ്റ് ചരിത്രങ്ങളുടെ ഹുങ്ക് വെടിയേണ്ടകാലം സംജാതമായിരിക്കുന്നു. എന്തിനാണിനിയും ചലച്ചിത്ര ചരിത്രങ്ങളോട് ഒരു അയിത്ത സമീപനം സര്‍വകലാശാലകളിലെ ചരിത്ര വിഭാഗങ്ങള്‍ ഇപ്പോഴും തുടരുന്നത്? റോസണ്‍സ്റ്റോണ്‍ പറയുന്നതുപോലെ ചരിത്രഗവേഷണമെന്ന സ്വയംഭരണമേഖല അവര്‍ക്കു നഷ്ടപ്പെടുമെന്ന ഭീതിയാണോ, ഈ അയിത്താചരണത്തിന് കാരണം?
''ചരിത്രം ഒരു സാംസ്‌കാരിക രൂപമാണ്, അതിനുള്ളില്‍ നാം പോരാടുന്നു, നമുക്കുമുമ്പ് പലരും പോരാടിയിട്ടുണ്ട്. ഭൂതകാലം നിര്‍ജീവവും പരിമിതവുമല്ലെന്നും ഒരിക്കല്‍കൂടി നമ്മുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ കഴിയുന്ന ഊര്‍ജങ്ങളാല്‍ ശക്തമാണെന്നും ഞങ്ങള്‍ക്കറിയാം, കാരണം ഞങ്ങള്‍ ചരിത്രകാരന്മാരാണ്'' എന്ന എഡ്വേര്‍ഡ് പാമര്‍ തോംസണ്‍ന്റെ വാക്കുകള്‍ നജീബിനെപ്പോലെയുള്ളവരുടെ ചരിത്രത്തെ തേടിപ്പിടിക്കേണ്ട ചരിത്രകാരന്റെ ധര്‍മ്മത്തെയാണ് സൂചിപ്പിക്കുന്നത്.
REPRESENTATIVE IMAGE | FACEBOOK
കങ്കാണി മുതല്‍ കഫാലാ വരെ: ചൂഷണത്തിന്റെ ആഗോളചരിത്രം
ചൂഷണത്തിന്റെ, പ്രത്യേകിച്ചും മുതലാളിത്തവ്യവസ്ഥയിലെ രീതി ലോകമെമ്പാടുമുള്ള അടിമവല്‍ക്കരിക്കപ്പെട്ടവരുടെ ചരിത്രമാണെന്ന് ആടുജീവിതം കാട്ടിത്തരുന്നു. സമൂഹത്തിലെ താഴത്തെ തട്ടിലെ മനുഷ്യരുടെ ജീവചരിത്രങ്ങള്‍ പൂരിപ്പിക്കേണ്ട കടമ ചരിത്രകാരന്മാര്‍ക്കുണ്ട്. ആടുജീവിതം നമ്മെ പഠിപ്പിക്കുന്നതും അതു തന്നെയാണ്. തുച്ഛമായ ശമ്പളത്തിന് ജോലിക്കാരെ വേണ്ടിയിരുന്ന മധ്യ ഏഷ്യന്‍ /ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പില്‍വരുത്തിയ 'കഫാലാ' രീതി (മൂന്നാറില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ കങ്കാണി രീതിപോലെ) മൂലം നൂറുകണക്കിന് നജീബുമാര്‍ മധ്യ ഏഷ്യന്‍ രാജ്യങ്ങളിലും ഗള്‍ഫിലും ജീവിച്ചിരുന്നു, ഇപ്പോഴും ഇതു തുടരുന്നു. ഈ ചൂഷിത സമ്പ്രദായത്തിന്റെ കീഴില്‍ സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കാക്കി നീക്കിയ പാവപ്പെട്ട കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍, മരുഭൂമിയിലെ ഫാം ജീവനക്കാര്‍, ഗാര്‍ഹിക ജോലിക്കായി എത്തിയവര്‍ എല്ലാംതന്നെ യാതൊരു മനുഷ്യാവകാശങ്ങളുമില്ലാതെ തൊഴിലെടുക്കുന്നു. ഇവരുടെയെല്ലാം ഫലമായി വളര്‍ന്ന ''മണി ഓര്‍ഡര്‍ ഇക്കണോമി'' എഴുപതുകള്‍ മുതല്‍ കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തെ മാറ്റി എഴുതാന്‍ തുടങ്ങിയതാണ്. ഈ സാമ്പത്തിക വികാസത്തിന് അടിസ്ഥാനമായിത്തീര്‍ന്ന ജീവിതങ്ങളായിരുന്നു ആടുജീവിതചരിത്രങ്ങള്‍. ചരിത്രരചനയുടെ സാമൂഹിക പ്രസക്തി / ധര്‍മ്മം തന്നെയാണ് ബെന്യാമിന്റെ നോവലും, ബ്ലെസിയുടെ ചലച്ചിത്രവും നിറവേറ്റുന്നത്.
ആടുജീവിതവും സിനിമാറ്റിക് മോട്ടിവേഷനും
ഓരോ ശ്വാസവും ഒരു യുദ്ധമാണെന്ന ടാഗ് ലൈന്‍ ചലച്ചിത്രത്തിന്റെ പ്രചോദനപരമായ ദൗത്യത്തെയാണ് സൂചിപ്പിക്കുന്നത്. ആയിരം മോട്ടിവേഷന്‍ ഗ്രന്ഥങ്ങള്‍ക്ക് തരാന്‍ സാധിക്കാത്തതാണ് 172 മിനിറ്റില്‍ ചലച്ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രചോദനം. ഇത് പലര്‍ക്കും തങ്ങളുടെ തുടര്‍ജീവിതത്തില്‍ ഒരു മരുപ്പച്ചയായി മാറുമ്പോള്‍ ചരിത്രം തന്നെ ഔഷധസിദ്ധിയുള്ള ആഖ്യാനമാണെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാവണം. ഭയം, വിരസത, നൈരാശ്യം, നിസ്സഹായത എന്നീ വികാരങ്ങളിലൂടെ സഞ്ചരിച്ച നജീബ്, തന്റെ മരുഭൂമിയിലെ ഓട്ടത്തിലൂടെ സാധ്യമാക്കുന്നത് രണ്ടാം ജന്മമാണ്. അവസാനശ്വാസം വരെ പോരാടാനുള്ള നജീബിന്റെ ധൈര്യം അയാള്‍ക്ക് കൊടുത്തത് മരുഭൂമിയുടെ ഇല്ലായ്മ / ശൂന്യത തന്നെയാണ്. ഭാഷയും സംസ്‌കാരവും തനിമ പോലും നഷ്ടപ്പെട്ട നജീബ് മരുഭൂമിയിലെ ജീവിതത്തില്‍ നിന്നും നേടിയെടുത്ത ആത്മധൈര്യത്തിലാണ് ജീവിതത്തിലേക്കുള്ള ഓട്ടം സാധ്യമാക്കുന്നത്. അസ്ഥിക്കൂടമായ ശരീരത്തിന്റെ പ്രതിഷേധം തന്നെയാണ് പ്രേക്ഷകര്‍ ഇവിടെ ദര്‍ശിക്കുന്നത്. ഇനിയും തുറന്നു പറച്ചിലുകള്‍ക്കും പുതിയ ജീവചരിത്രങ്ങള്‍ക്കും ഈ ചലച്ചിത്രം പ്രചോദനമാകുമ്പോള്‍ കൂടുതല്‍ അടിത്തട്ട് ചരിത്രങ്ങള്‍ തെളിഞ്ഞുവരും.
REPRESENTATIVE IMAGE | FACEBOOK
ഗള്‍ഫിലേക്ക് കുടിയേറിയ മനുഷ്യരുടെ ചരിത്രം കൂടിച്ചേര്‍ന്നതാണ് മലയാളിയുടെ ചരിത്രം. തിരിച്ചുനോക്കുമ്പോള്‍ ഗള്‍ഫിന്റെ സാമ്പത്തികപുരോഗതിക്ക് അവശ്യമായിരുന്ന വിദഗ്ധ / അവിദഗ്ധ തൊഴിലാളികളുടെ ചരിത്രം കൂടിയാണ് ഗള്‍ഫിന്റെ ചരിത്രം. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആ ചരിത്രബന്ധത്തിലെ കണ്ണികളായ ഓരോ മനുഷ്യനും ഒരു ചരിത്രബിന്ദുവാണ്. ഈ ബിന്ദുക്കളുടെ കൂടിച്ചേരലിലാണ് അറബിക്കടലിന്റെ ഇരുകരകളിലും സാമ്പത്തിക സാമൂഹിക മാറ്റങ്ങള്‍ കൈവരുന്നത്. ഗള്‍ഫില്‍ നിന്നും സമ്മാനങ്ങളുമായി വരുന്ന മലയാളിയുടെ കദനകഥകള്‍ ഇതിന് മുമ്പും ചലച്ചിത്രങ്ങള്‍ പറഞ്ഞുവച്ചിട്ടുണ്ട്. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, വരവേല്‍പ്, പത്തേമാരി, ഗദ്ദാമ എന്നീ ചലച്ചിത്രങ്ങളില്‍ വേറിട്ട പ്രവാസി അനുഭവ ചരിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട്. പക്ഷേ, സ്വന്തം ജീവിതവും സ്വത്വബോധവും, സ്വപ്നങ്ങളും ഭാഷ പോലും കൈമോശം വന്ന നജീബിനെ അവിടെയൊന്നു കണ്ടിരുന്നില്ല. ഒരു മരുഭൂമിയില്‍ ഒന്നും പ്രതീക്ഷിക്കാനില്ല എന്ന നദീം ഗോദിമറിന്റെ വാക്കുകളെ അനുസ്മരിപ്പിക്കുന്ന നജീബിന്റെ ആടുജീവിതത്തിലെ അടിമത്തം മലയാളിയുടെ ഗള്‍ഫ് ചരിത്രത്തിലെ വ്യത്യസ്ത തുരുത്തായി നില്‍ക്കുന്നു. ഇന്ത്യന്‍ ചലച്ചിത്ര ചരിത്രം ഇനി ആടുജീവിതത്തിന് മുന്‍പും ശേഷവും എന്ന് അടയാളപ്പെടുത്തിയിരിക്കും.
References
ആടുജീവിതം (ചലച്ചിത്രം, 2 hr 52 minutes) ബ്ലെസി (സംവിധായകന്‍) റിലീസ്:28/3/2024.
ബെന്യാമിന്‍, ആടുജീവിതം: ഗ്രീന്‍ ബുക്‌സ്, 2008.
ബ്ലെസി, ജീവിതം ആടുജീവിതം: ഓര്‍മ്മകളിലെ മരുക്കാറ്റ്. മലയാള മനോരമ, 2024.
ബെന്യാമിന്‍, ആടുജീവിതം: നോവലും സിനിമാ വൃത്താന്തങ്ങളും, ഗ്രീന്‍ ബുക്‌സ്, 2024.
Jean Baudrillard, Simulacra and Simulation, 1983.