
ഗുഡ്, ബാഡ്, അഗ്ലി - ആരാധകർക്ക് പൈസ വസൂൽ ഡീൽ
ഇന്ത്യൻ ജനപ്രിയ സിനിമയുടെ ഫോർമുലകളുടെ നാൾവഴികൾ പിന്തുടരുമ്പോൾ ചില പ്രത്യേക ഡയറക്ടർ-ആക്ടർ കോംബോകൾ പല കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമാണ് എന്ന് കാണാം. ഹിന്ദിയിൽ അമിതാഭ് ബച്ചൻ-പ്രകാശ് മെഹ്‌റ, ഷാരൂഖ് ഖാൻ-കരൺ ജോഹർ, തമിഴിൽ കമൽ ഹാസൻ- കെ ബാലചന്ദർ, പി വാസു-പ്രഭു, മലയാളത്തിൽ മോഹൻലാൽ-പ്രിയദർശൻ, മമ്മൂട്ടി—ജോഷി, അങ്ങനെ ഒരു നീണ്ടനിര തന്നെ കാണാം. പുതിയ കാലത്ത് പക്ഷെ കണ്ടു വരുന്ന രസകരമായ ഒരു പ്രതിഭാസം 'ഫാൻബോയ് ട്രിബ്യുട്ടുകൾ' ആണ്. ഒരു നടന്റെ ആരാധകനായ സംവിധായൻ അതേ നടന്റെ ആരാധകർക്ക് വേണ്ടി ഒരുക്കുന്ന പടം എന്നാണ് ഈ ഫാൻബോയ് ട്രിബ്യുട്ടുകളുടെ ഏകദേശ നിർവചനം. ദക്ഷിണേന്ത്യൻ യുവസംവിധായകരിൽ ശ്രദ്ധേയനായ കാർത്തിക്ക് സുബ്ബരാജിന്റെ രജനികാന്ത് ചിത്രം ‘പേട്ട', ലോകേഷ് കനകരാജിന്റെ കമൽ ഹാസൻ ചിത്രം 'വിക്രം', മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻറെ മോഹൻലാൽ ചിത്രം ‘ലൂസിഫർ', അങ്ങനെ നിരവധി ഉദാഹരണങ്ങൾ ഈ കാറ്റഗറിയിൽ കാണാം.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിച്ച് ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' യും ഒരു ഫാൻ ബോയ് ട്രിബ്യൂട്ടാണ്. തമിഴ് സിനിമയിലെ ഒരേയൊരു 'തല' അജിത്തിന് വേണ്ടി രചിച്ച ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. 2023ലെ ഏറ്റവും വലിയ തിയേറ്റർ ഹിറ്റുകളിൽ ഒന്നായ ‘മാർക്ക് ആന്റണി’ എന്ന ചിത്രത്തിന് ശേഷം ആദിക് രവിചന്ദ്രൻ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. മാർക് ആന്റണിയിലെ പോലെ തന്നെ വളരെ ലൗഡ് ആയിട്ടുള്ള കഥ പറച്ചിൽ രീതിയാണ് ഇതിലും ആദിക് അവലംബിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറിന്റെ സംഗീതവും മലയാളിയായ അഭിനന്ദൻ രാമാനുജത്തിന്റെ ക്യാമറയും വിജയ് വേലുകുട്ടിയുടെ എഡിറ്റിങ്ങും ചേരുമ്പോൾ അജിത് ആരാധകർക്ക് മാത്രമല്ല, മാസ് സിനിമ പ്രേമികൾക്കും ചിത്രം ഗംഭീര വിരുന്നായി മാറുന്നുണ്ട്.
റെഡ് ഡ്രാഗണ്‍ എന്ന അധോലോകസംഘത്തിന്റെ 'തല'യാണ് എ കെ. തന്റെ കുടുംബത്തിന്റെ സ്വൈര്യവിഹാരത്തിനായി ഭാര്യയ്ക്ക് കൊടുത്ത ഒരു ഉറപ്പിൽ കഴിഞ്ഞ പതിനേഴ് വർഷമായി അയാള്‍ ജയിലിൽ കഴിയുകയാണ്. മകൻ പിറന്ന ദിവസം ജയിലിലായ എ കെ, തന്റെ മകന്റെ പതിനെട്ടാം പിറന്നാളിന് ജയില്‍ മോചിതനാകും. തന്റെ ഇരുണ്ട ഭൂതകാലം ഉപേക്ഷിച്ച് ഭാര്യക്കും, മകനുമൊത്ത് ഒരു സമാധാന ജീവിതത്തിനു തയ്യാറെടുക്കുന്ന നായകൻ നേരിടുന്ന വെല്ലുവിളികളും, പ്രതിസന്ധികളും ആണ് ചിത്രത്തിന്റെ തിരക്കഥയുടെ ആണിക്കല്ല്. ആദിക് രവിചന്ദ്രന്‍, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. കുടുംബത്തിന് വേണ്ടി തന്റെ മാഫിയ പ്രവർത്തങ്ങൾ അവസാനിപ്പിക്കുന്ന നായകൻ എന്ന ആക്ഷൻ ത്രില്ലർ സിനിമകളുടെ സ്ഥിരം ക്ലിഷേ കഥാതന്തുവിൽ നിന്ന് കയ്യടിക്കാനും, ആർപ്പ് വിളിക്കാനും, പൊട്ടിച്ചിരിക്കാനുമുള്ള സിറ്റുവേഷസൻസ് ഉണ്ടാക്കി പൊലിപ്പിച്ച് അതിനനുസരിച്ചുള്ള മാസ് മസാലയും, മ്യൂസിക്കും മിക്സ് ചെയ്തു ഒരു കംപ്ലീറ്റ് എന്റർടെയ്നർ ഉണ്ടാക്കുന്നതിൽ സംവിധായാകൻ വിജയിച്ചു എന്ന് വേണം പറയാൻ. വെറുമൊരു മാസ്സ് മസാല ലേബലിനപ്പുറം തന്റെ മുൻ ചിത്രമായ മാർക് ആന്റണി പോലെ തന്നെ കൃത്യമായ സ്റ്റൈലിംഗും, പേസും, ഇമോഷണൽ കണക്റ്റും നൽകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.REPRESENTATIVE IMAGE | WIKI COMMONS
അജിത്തിന്റെ മുന്‍കാല സിനിമകളുടെ റഫറൻസും സൂപ്പർ ഹിറ്റ് ഡയലോഗുകളും റെട്രോ ഗാനങ്ങളും മാസ് ടെംപ്ലേറ്റിൽ ചേർത്തുവച്ചൊരുക്കിയ ആദിക് രവിചന്ദ്രൻ ‘ഫാൻ ബോയ് സംഭവം’ ആണ് ‘ഗുഡ് ബാഡ് അഗ്ലി’ എന്നാണ് ഏറ്റവും ചുരുക്കത്തിൽ ചിത്രത്തെ കുറിച്ച് പറയാനാവുക.
തൃഷ നായിക ആകുന്ന ചിത്രത്തിൽ പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലി, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിനു ആനന്ദ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. സ്ക്രീൻ സമയം കൂടുതലും കേന്ദ്ര കഥാപാത്രത്തിന് ചുറ്റും കറങ്ങുന്നത് കൊണ്ട് ഇതര കഥാപാത്രങ്ങൾക്ക് പൊതുവിൽ ഇമ്പാക്ട് കുറവാണെങ്കിലും, ചില കോമിക്-സ്പൂഫ് രംഗങ്ങൾ രസകരമായി വന്നിട്ടുണ്ട്. അജിത്തിന് വില്ലനായി എത്തുന്നത് 'കൈതി' എന്നൊരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് ആണ്. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും അജിത്തിനൊപ്പം കട്ടക്ക് നിൽക്കുന്നതിൽ അർജുൻ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്.
അജിത് അവതരിപ്പിക്കുന്ന എ കെ എന്ന കഥാപാത്രം എങ്ങനെ ഇത്രയും വലിയ ഡോൺ ആയി എന്ന് പ്രേക്ഷകരോട് സംവദിക്കാൻ സംവിധായകൻ കേവലം അഞ്ച് മിനുട്ട് നീണ്ടു നിൽക്കുന്ന ഒരു രംഗം മാത്രമാണ് ഉപയോഗിക്കുന്നത്. ഇളയ ദളപതി വിജയിയുടെ മാസ്സ് ഡയലോഗ് ‘ഐ ആം വെയ്റ്റിങ്’ എന്ന് നീട്ടി പറഞ്ഞുകൊണ്ട് അജിത് ചിത്രത്തിന്റെ ഇന്റർവെൽ പഞ്ച് അടിക്കുമ്പോൾ തിയേറ്ററുകൾ ഹർഷാരവം കൊണ്ട് നിറയുന്നുണ്ട്. അതുവരെ സ്വന്തം ഫാൻസിനെ ആനന്ദത്തിൽ ആറാടിച്ചുകൊണ്ട് മുന്നേറിയ ഫസ്റ്റ് ഹാഫിനെ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പൂർത്തീകരിച്ച തല, ഇന്റർവെൽ പഞ്ചോട് കൂടി വിജയ് ഫാൻസിന്റെ കൂടി കയ്യടി നേടുന്നുണ്ട്. ആദ്യ പകുതിയുടെ അതേ പെയ്സിൽ തന്നെ രണ്ടാം പകുതിയും ഒരുക്കാൻ അണിയറ പ്രവർത്തകർ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. REPRESENTATIVE IMAGE | WIKI COMMONS
'ഗുഡ് ബാഡ് അഗ്ലി' യുടെ പ്രധാന ആകർഷണം അജിത്തിന്റെ സ്ക്രീൻ പ്രസൻസും, സ്വാഗും തന്നെയാണ്. ആക്‌ഷൻ രംഗങ്ങളിലും അജിത്തിന്റെ ശൗര്യം പതിന്മടമങ്ങ് മികവോടെ ഒപ്പിയെടുക്കാൻ സംവിധായകന് കഴിഞ്ഞു. ‘പടയപ്പ’യിൽ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി കഥാപാത്രം രജിനികാന്തിനോട് പറയുന്നൊരു ഡയലോഗുണ്ട് ‘വയസാനാലും ഉന്‍ സ്റ്റെലും അഴകും ഉന്നെ വിട്ട് വിട്ട് പോകലെ’, ആ ഡയലോഗ് തന്നെയാണ് ചിത്രം കണ്ടിറങ്ങി വരുന്ന ഒരോ കാണിയുടെയും മനസിലുണ്ടാവുക. ‘വിടാമുയർച്ചി’ സമ്മാനിച്ച പരാജയത്തിന്റെ ഓര്‍മകളുമായാണ് ഗുഡ് ബാഡ് അഗ്ലിക്കായി പ്രേക്ഷകര്‍ കാത്തിരുന്നത്.എന്നാൽ 'വിടാമുയർച്ചി' ബോക്സ് ഓഫീസിൽ നേരിട്ട പ്രതിസന്ധിയെ അജിത് കുമാർ ഈ ഒരൊറ്റ ചിത്രം കൊണ്ട് മറികടക്കും എന്നത് കട്ടായം. ആ കോൺഫിഡൻസിൽ ആണ് സോഷ്യൽ മീഡിയയിൽ എമ്പാടും ‘വിടാമുയർച്ചിയെ വിമർശിച്ചവർ എവിടെ?’ എന്ന ചോദ്യം അജിത് ആരാധകർ ചോദിച്ചു കൊണ്ടേയിരിക്കുന്നത്.
ആദിക് രവിചന്ദ്രന്റെ സിനിമകളും നായകൻമാരും ‘ഓവർ ദ ടോപ്’ ആണ് അല്ലെങ്കിൽ ‘ലാർജർ ദാൻ ലൈഫ്’ സ്വഭാവത്തിലേക്ക് പ്രതിഷ്ഠിക്കപ്പെട്ടവരാണ്. മാസ് സിനിമ പുതിയ കാലത്ത് സ്റ്റാർഡം ഉയർത്തിപ്പിടിച്ച് അവതരിപ്പിക്കുമ്പോൾ പല പ്രഗത്ഭ സംവിധായകരും പരാജയപ്പെടുന്നത് നാം കണ്ടതാണ്. എന്നാൽ ഇതിന് ഒരു അപവാദം ആണ് താനെന്ന് വിളിച്ചു പറയുകയാണ് 'ഗുഡ് ബാഡ് അഗ്ലി'യിലൂടെ ആദിക് രവിചന്ദ്രൻ.
താരമൂല്യം കൂടുന്നതിനനുസരിച്ച് ഒരു നടനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ഒരുക്കുമ്പോള്‍ സംവിധായകര്‍ നേരിടുന്ന പലവിധ പ്രതിസന്ധികളുണ്ട്. ഒന്ന് താരാരാധകരെ തൃപ്തിപ്പെടുത്തേണ്ടിവരും രണ്ടാമതായി സാധാരണ പ്രേക്ഷകരെയും ഒരു പരിധി വരെ പരിഗണിക്കേണ്ടി വരും എന്നതാണ്. വന്‍ താരമൂല്യമുള്ള ഒരു നായക നടനെ വാണിജ്യപരമായി ഏറ്റവും നന്നായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും, അതിലൂടെ തനിക്ക് പറയാനുള്ള ഒരു വിഷയത്തെ മനോഹരമായി എങ്ങനെ അവതരിപ്പിക്കാമെന്നും കാണിച്ചുതരികയാണ് ഗുഡ് ബാഡ് അഗ്ലിയിലൂടെ ആദിക് രവിചന്ദ്രൻ. കൃത്യമായി അജിത്തിലെ നടനെയും താരത്തിനെയും ബ്ലെന്റ് ചെയ്‌ത് ചേർത്ത് അതേസമയം ആഖ്യാനത്തിലും അവതരണത്തിലുമെല്ലാം പുതുമ സൃഷ്ടിക്കുന്നതിൽ ആദിക് പരിപൂർണ വിജയമാണ് കൈവരിച്ചത്. ഡയലോഗ് ഡെലിവറി, മാനറിസങ്ങൾ തുടങ്ങിയ അജിത് സിഗ്നേച്ചറുകളാൽ സമ്പന്നമാണ് ഗുഡ് ബാഡ് അഗ്ലി.REPRESENTATIVE IMAGE | WIKI COMMONS
അത്യാകര്‍ഷകമായ ഹീറോയിക് ഇമേജുകള്‍ സൃഷ്ടിച്ചാണ് അടുത്ത കാലത്ത് ദക്ഷിണേന്ത്യന്‍ സിനിമ ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികളുടെ ശ്രദ്ധ നേടിയെടുത്തത്. അമാനുഷിക നായകന്മാര്‍ കേന്ദ്രമാകുന്ന സിനിമകള്‍ നേരത്തെയും നിരന്തരം സൃഷ്ടിക്കപ്പെട്ടിരുന്നെങ്കിലും ഇതിന് ഭാഷയുടെയും ദേശത്തിന്റെയും അതിര് ഭേദിക്കുന്ന കാഴ്ച പതിവാകുന്നത് ഇപ്പോഴാണ്. ആ നിലയിൽ ഗുഡ് ബാഡ് അഗ്ലി ഒരു പാൻ ഇന്ത്യൻ ഹിറ്റ് ആയാൽ പോലും അത്ഭുതം ഇല്ല. എല്ലാ ചേരുവകളും ചേരുംപടി ചേരുമ്പോള്‍ മാത്രമാണ് മുഖ്യധാരാ സിനിമയില്‍ വലിയ വാണിജ്യ വിജയം ഉണ്ടാവുക. അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള രസതന്ത്രങ്ങളിലെ ആ ചേര്‍ച്ച ഈ ചിത്രത്തില്‍ കാണാനാവും. തമിഴ്നാട്ടിൽ വലിയൊരു ആരാധകവൃന്ദമുള്ള അജിത്തിന്റെ ഏറ്റവും വലിയ ഫാന്‍ബോയ് ആയ ആദിക് രവിചന്ദ്രൻ നൽകുന്ന ഏറ്റവും വല്യ ട്രിബൂട്ട് തന്നെയാണ് 'ഗുഡ് ബാഡ് അഗ്ലി' എന്ന് നിസ്സംശയം പറയാം. ലോജിക്കുകൾ നോക്കാതെ, അജിത്തിന്റെ സ്റ്റൈലും മുഴുനീള ആക്‌ഷൻ എന്റർടെയ്നറുകളും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഗുഡ് ബാഡ് അഗ്ലി പൈസ വസൂൽ ഡീൽ ആണ്.