
ഗ്വര്‍ണിക്ക: ചിത്രം, സിനിമ- ഇന്നും മുഴങ്ങുന്ന നിലവിളികള്‍
റഷ്യ-യുക്രെയ്ന്‍ യുദ്ധം ഇപ്പോഴും തുടരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു യുദ്ധം ആസന്നമായിരുന്നു, പക്ഷേ ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല. ഗാസയില്‍ യുദ്ധം അവസാനിക്കുന്നതിനു മുമ്പേ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചു. ലോകം യുദ്ധസമാനമായ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ പിക്കാസോയുടെ പ്രശസ്തമായ ഗ്വര്‍ണിക്ക എന്ന ചിത്രത്തെ (1937 ഏപ്രില്‍ 26-ന് ഗ്വര്‍ണിക്കയില്‍ നടന്ന ബോംബാക്രമണത്തോടുള്ള പ്രതികരണമായി വരച്ച ചിത്രം) അവലംബിച്ച് വിഖ്യാത ചലച്ചിത്ര സംവിധായകനായ അലന്‍ റെനെ സംവിധാനം ചെയ്ത അതേ പേരിലുള്ള ചെറു സിനിമ പ്രസക്തമാണ്. റെനെ 1950-ല്‍ സംവിധാനം ചെയ്ത ഈ സിനിമ യുദ്ധത്തിന്റെ ഭീകരതയേയും മനുഷ്യന്‍ അനുഭവിക്കുന്ന ദുരിതങ്ങളേയും ഓര്‍മ്മപ്പെടുത്തുന്നു.
യുദ്ധവും അതിന്റെ അനന്തരഫലങ്ങളും, പ്രത്യേകിച്ച് ഓര്‍മ്മ, ആഘാതം, മനുഷ്യാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റെനെയുടെ പല സിനിമകള്‍ക്കും വിഷയമായിട്ടുണ്ട്. അദ്ദേഹത്തിന്റെ 'നൈറ്റ് ആന്‍ഡ് ഫോഗ് ' എന്ന ഹ്രസ്വ ഡോക്യുമെന്ററി ഹോളോകാസ്റ്റിനെ കുറിച്ചുള്ള ശക്തമായ രചനയാണ്. രണ്ടാം ലോകമഹായുദ്ധകാലത്തെ ക്യാമ്പുകളുടെ ഭീകരമായ അവസ്ഥകള്‍, മെഡിക്കല്‍ പരീക്ഷണങ്ങള്‍, കൂട്ടക്കുഴിമാടങ്ങള്‍, ഉന്മൂലന പ്രക്രിയ എന്നിവ ചിത്രീകരിക്കുന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള ആര്‍ക്കൈവല്‍ ഫൂട്ടേജ്. കളറില്‍ ചിത്രീകരിച്ച സീക്വന്‍സുകള്‍, മുന്‍ ക്യാമ്പുകളുടെ ഇന്നത്തെ അവസ്ഥ - കാടുപിടിച്ച, വിചിത്രമായി ശാന്തമായ അവശിഷ്ടങ്ങള്‍ കാണിക്കുന്നു. ഈ വ്യത്യാസം ഭൂപ്രകൃതിക്ക് സംഭവിച്ച ഭീകരതകളെ എത്ര എളുപ്പത്തില്‍ 'മറക്കാന്‍' കഴിയുമെന്ന് എടുത്തുകാണിക്കുന്നു.
'ഹിരോഷിമ മോണ്‍ അമോര്‍' യുദ്ധത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയല്ലെങ്കിലും, ഹിരോഷിമയിലെ അണുബോംബിംഗ് അവശേഷിപ്പിച്ച മാനസികവും വൈകാരികവുമായ മുറിവുകളെയും അതിന്റെ അനന്തരഫലങ്ങളിലെ ഓര്‍മ്മയുടെയും പ്രണയത്തിന്റെയും സങ്കീര്‍ണ്ണതകളെയും ആഴത്തില്‍ പര്യവേക്ഷണം ചെയ്യുന്നു.
ഹിരോഷിമ മോണ്‍ അമോര്‍ ഡോക്യുമെന്ററിയില്‍ നിന്നും | PHOTO: WIKI COMMONS
റോബര്‍ട്ട് ഹെസ്സന്‍സുമായി ചേര്‍ന്നാണ് റെനെ 13 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ഗ്വര്‍ണിക്ക' എന്ന സിനിമ സംവിധാനം ചെയ്തത്. റെനെയുടെ ആദ്യകാലത്തെ ഒരു പ്രധാന സിനിമയാണിത്. കലയെയും ചരിത്രപരമായ ആഘാതത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ സിനിമയിലെ പര്യവേക്ഷണം പില്‍ക്കാല സിനിമകളില്‍ ശക്തമായ പ്രമേയങ്ങളായി മാറി.
ഈ സിനിമ പിക്കാസോയുടെ പ്രശസ്തമായ ചിത്രത്തിന്റെ നേരിട്ടുള്ള ആഖ്യാനമല്ല. പകരം, ഗ്വര്‍ണിക്കയില്‍ ഉണ്ടായ ബോംബാക്രമണത്തിന്റെ ഭീകരതയെ ഉണര്‍ത്താന്‍ പിക്കാസോയുടെ ചിത്രങ്ങള്‍, ഡ്രോയിംഗുകള്‍, ശില്‍പങ്ങള്‍ എന്നിവ ഇതില്‍ ഉപയോഗിക്കുന്നു. മരിയ കാസറസും ജാക്വസ് പ്രൂവോസ്റ്റും പാരായണം ചെയ്ത പോള്‍ എല്വാദിന്റെ 'ദി വിക്ടറി ഓഫ് ഗ്വര്‍ണിക്ക' എന്ന ശക്തമായ കവിതയാണ് സിനിമയുടെ നരേഷന്‍. ഒപ്പം ഗൈ ബെര്‍ണാഡിന്റെ വേട്ടയാടുന്ന രീതിയിലുള്ള സംഗീതവും.
പോള്‍ എല്വാദിന്റെ 'ദി വിക്ടറി ഓഫ് ഗ്വര്‍ണിക്ക' എന്ന കവിത ഗ്വര്‍ണിക്കയിലെ ബോംബാക്രമണത്തോടുള്ള ശക്തവും ഹൃദയസ്പര്‍ശിയായതുമായ പ്രതികരണമാണ്. 'ദി വിക്ടറി ഓഫ് ഗ്വര്‍ണിക്ക''എന്ന തലക്കെട്ടിന്റെ ഏറ്റവും ശ്രദ്ധേയമായ വശം അതിന്റെ അഗാധമായ വിരോധാഭാസമാണ്. ബോംബാക്രമണം ഒരു ക്രൂരമായ നശീകരണ പ്രവൃത്തിയായിരുന്നു, നിരപരാധികളായ സാധാരണക്കാരെ കൂട്ടക്കൊല ചെയ്തു. ഇരകള്‍ക്ക് ഒരു 'വിജയവും' ഉണ്ടായിരുന്നില്ല; അത് ഒരു വിനാശകരമായ പരാജയമായിരുന്നു. ഭൗതികമായ നാശം ഉണ്ടായിരുന്നിട്ടും, കവി പരാമര്‍ശിക്കുന്ന 'വിജയം' ആയുധങ്ങളുടെയല്ല, മറിച്ച് മനുഷ്യചൈതന്യത്തിന്റെയും സത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിനുമേലുള്ള ആത്യന്തിക വിജയമാണ്.
പോൾ എലുവാർഡ് | PHOTO: WIKI COMMONS
ചിത്രങ്ങളെയും ചിത്രകാരന്മാരെയും ആധാരമാക്കിയുള്ള സിനിമകള്‍ വിശദീകരണപരമായ വോയ്സ് ഓവര്‍ അല്ലെങ്കില്‍ കലാകാരനെക്കുറിച്ചുള്ള ജീവചരിത്ര വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നു. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായി, റെനെയുടെ സിനിമ പിക്കാസോയെക്കുറിച്ചോ അദ്ദേഹത്തിന്റെ സൃഷ്ടിപരമായ പ്രക്രിയയെക്കുറിച്ചോ ഉള്ള ഒരു ഡോക്യുമെന്ററിയല്ല. പിക്കാസോയുടെ രചനകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, അത് അവയെ സവിശേഷമായ സിനിമാറ്റിക് ആഖ്യാനത്തിനുള്ള നിര്‍മ്മാണ ഘടകങ്ങളായി ഉപയോഗിക്കുന്നു.
നിശ്ചല ചിത്രങ്ങളുടെ മൊണ്ടാഷ് ഉപയോഗിച്ചാണ് സിനിമ മുഴുവന്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നതാണ് സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ വശം. ക്ലോസപ്പുകള്‍, പാനിംഗ്, റാപ്പിഡ് ഡിസോള്‍വുകള്‍, ടില്‍ട്ട് എന്നിവ സമര്‍ത്ഥമായി ഉപയോഗിക്കുന്നതിലൂടെ നിശ്ചല ചിത്രങ്ങളെ ചലിപ്പിക്കുകയും അതിശക്തമായ വൈകാരിക പ്രതികരണത്തിന്റെ ഒഴുക്ക് സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് സിനിമയ്ക്ക് വലിയ ഊര്‍ജ്ജം നല്‍കുന്നു. ഇതില്‍ റെനെയുടെ എഡിറ്റിംഗ് നിര്‍ണായകമാണ്.
വ്യത്യസ്ത ചിത്രങ്ങളുടെ ഈ സംയോജനം ദൃശ്യപരമായ പിരിമുറുക്കവും അര്‍ത്ഥവും സൃഷ്ടിക്കുന്നു. ഒരു കാളയുടെ തലയുടെ ക്ലോസപ്പിന് ഒപ്പം, അല്ലെങ്കില്‍ തുടര്‍ന്ന് ഒരു മനുഷ്യന്റെ നിലവിളിയോ അല്ലെങ്കില്‍ ഒരു ശിഥിലമായ ശരീരഭാഗമോ ഉപയോഗിക്കുന്നു. പിക്കാസോയുടെ ചിത്രങ്ങളിലെ അപകടകരമല്ലാത്ത സാഹചര്യത്തിലുള്ള ശാന്തമായ രൂപങ്ങളോ, നിശ്ചലദൃശ്യങ്ങളോ, മൃഗങ്ങളുടെ ചിത്രങ്ങളോ കാണിക്കുന്നു. ഇവയെ ഗ്വര്‍ണിക്കയിലെതന്നെ ഛിന്നഭിന്നമായ, വികലമായ രൂപങ്ങളുമായോ, സ്പാനിഷ് ആഭ്യന്തരയുദ്ധത്തോടുള്ള പ്രതികരണമായി പിക്കാസോ വരച്ച മറ്റ് ചിത്രങ്ങളുമായോ എതിര്‍നിര്‍ത്തുന്നു. ഉദാഹരണമായി, പിക്കാസോയുടെ കൃതികളിലെ ഒരു സാധാരണ പ്രമേയമായ കുതിരയുടെയോ കാളയുടെയോ സൗമ്യമായ ദൃശ്യത്തിനു തൊട്ടുപിന്നാലെ 'ഗ്വര്‍ണിക്ക' പെയിന്റിംഗിലെ ഭയാനകമായ, വയറു കീറിയ കുതിരയുടെയോ അല്ലെങ്കില്‍ വേദനിക്കുന്ന കാളയുടെയോ ചിത്രം പ്രത്യക്ഷപ്പെടുന്നു. വേദനയുടെ ആഴം വ്യക്തമാക്കുന്നതിനായി, വേദനാജനകമായ മുഖങ്ങളുടെയും, അറ്റുപോയ കൈകാലുകളുടെയും ക്ലോസപ്പുകള്‍ ഒരുമിച്ച് കട്ട്‌ചെയ്ത് ചേര്‍ക്കുന്നു. ഈ സങ്കേതം ഐസന്‍സ്റ്റീനിന്റെ ബൗദ്ധിക മൊണ്ടാഷിനെ അനുസ്മരിപ്പിക്കുന്നു, അവിടെ ദൃശ്യങ്ങളുടെ ഏറ്റുമുട്ടല്‍ പ്രേക്ഷക മനസ്സില്‍ ഒരു പുതിയ ആശയമോ വികാരമോ സൃഷ്ടിക്കുന്നു, അതാകട്ടെ ഏറ്റുമുട്ടുന്ന ഒരു ദൃശ്യത്തിലും ഇല്ലാത്തതാണ്.
ഗ്വര്‍ണിക്ക എന്ന സിനിമയില്‍നിന്നും | PHOTO: WIKI COMMONS
സിനിമയിലുടനീളം മൊണ്ടാഷിന്റെ താളം വ്യത്യാസപ്പെടുന്നു, ഇത് ആഖ്യാനത്തിന്റെ വൈകാരിക തീവ്രതയെ പ്രതിഫലിപ്പിക്കുന്നു. ആദ്യ രംഗങ്ങളില്‍ മന്ദഗതിയിലുള്ളതും കൂടുതല്‍ ധ്യാനാത്മകവുമായ പാനുകള്‍ ഉപയോഗിക്കുന്നു. ബോംബാക്രമണത്തിന്റെ അനന്തരഫലങ്ങളിലേക്ക് സിനിമ ആഴ്ന്നിറങ്ങുമ്പോള്‍, കട്ടുകള്‍ കൂടുതല്‍ വേഗത്തിലാകുന്നു, ഇത് സംഘര്‍ഷം, പരിഭ്രാന്തി, അക്രമം എന്നിവ പ്രതിഫലിപ്പിക്കുന്നു. ഈ ത്വരിതപ്പെടുത്തിയ വേഗത നിശ്ചല ചിത്രങ്ങളില്‍ ഊര്‍ജ്ജം നിറയ്ക്കുന്നു. സംഗീതം വൈകാരിക ആഘാതം വര്‍ദ്ധിപ്പിക്കുന്നു, ചിലപ്പോള്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നു, ചിലപ്പോള്‍ ദുഃഖമോ നിരാശയോ പ്രകടിപ്പിക്കുന്നു. നിശ്ചല ചിത്രങ്ങള്‍, ചലിക്കുന്ന ക്യാമറ, കട്ടിംഗിന്റെ താളം, നരേഷന്‍, സംഗീതം എന്നിവ ചേര്‍ന്ന് മള്‍ട്ടി-സെന്‍സറി അനുഭവം സൃഷ്ടിക്കുന്നു.
സിനിമയുടെ സത്തയെ മറ്റ് കലകളുമായും മാധ്യമങ്ങളുമായും സാമ്യപ്പെടുത്തി വിവരിക്കുന്ന പ്രവണത സിനിമ ഒരു പുതിയ കലാരൂപമായി ഉയര്‍ന്നുവന്നതു മുതല്‍ നിലവിലുണ്ട്. ആദ്യകാല ഇറ്റാലിയന്‍ ചലച്ചിത്ര സൈദ്ധാന്തികനായ റിച്ചിയോട്ടോ കാനുഡോ (Ricciotto Canudo) ഇപ്രകാരം എഴുതി: ''സിനിമ യഥാര്‍ത്ഥത്തില്‍ ചിത്രവും കാലത്തില്‍ വികസിക്കുന്ന ശില്‍പവും ആയിരിക്കണം''. സെര്‍ജി ഐസന്‍സ്റ്റീനിന്റെ ഉപന്യാസങ്ങളില്‍, സിനിമാറ്റിക് മൊണ്ടാഷും എല്‍ ഗ്രീക്കോയുടെ (El Greco ) ചിത്രങ്ങളും തമ്മിലുള്ള സമാനതകളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളിലെ ഗോഥിക് ശൈലിയെ കുറിച്ച് എഴുതുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ മുതല്‍, ചിത്രകലയും സിനിമയും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കാന്‍ നിരവധി സിദ്ധാന്തങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതേസമയം സിനിമയ്ക്ക് തനതായ അസ്തിത്വം ഉണ്ടെന്നുള്ള വാദവും ശക്തമാണ്. നാടകത്തില്‍ നിന്നും ചിത്രം, സാഹിത്യം തുടങ്ങിയ മറ്റ് കലാരൂപങ്ങളില്‍ നിന്നും വേറിട്ട്, സിനിമയെ ഒരു സവിശേഷ ഭാഷയായി സ്ഥാപിക്കാന്‍ റോബര്‍ട്ട് ബ്രസ്സോ പരിശ്രമിച്ചു. അതുപോലെ 'പെയിന്റര്‍ലി ലോസ് ഇന്‍ ദി പ്രോബ്ലംസ് ഓഫ് സിനിമ'യുടെ രചയിതാവായ കാസിമിര്‍ മാലെവിച്ചും (Painterly Laws in the Problems of Cinema', Kazimir Malevich) സിനിമ തനതായ ഭാഷ വികസിപ്പിക്കണമെന്ന് വാദിച്ചു.
കാസിമിർ മാലെവിച്ച് | PHOTO: WIKI COMMONS
കലാരൂപങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന ആശയം പല സിനിമാ പഠിതാക്കളുടെയും രചനകളില്‍ പ്രത്യക്ഷപ്പെടുന്നു, ഇവിടെ സിനിമയെയും പെയിന്റിംഗിനെയും പരസ്പര വിരുദ്ധവും എതിര്‍ക്കുന്നതുമായ വ്യത്യസ്ത ഭാഷകളായി വിശേഷിപ്പിക്കുന്നു. മാധ്യമങ്ങള്‍ തമ്മിലുള്ള ആരോപിക്കപ്പെടുന്ന സംഘര്‍ഷത്തിന്റെ കാരണങ്ങള്‍ അവയുടെ വ്യത്യസ്ത സ്വഭാവമാണ്, സിനിമയുടെ ചലനാത്മക രീതികളില്‍ നിന്ന് വ്യത്യസ്തമായി, ചിത്രകല നിശ്ചലമാണ് എന്നതാണ് ഇതിന് ഒരു പ്രധാന കാരണം. അതുപോലെ ആഴവും പരപ്പും, 3Dയും 2Dയും, സിനിമാറ്റിക് റിയലിസവും പെയിന്റിംഗിന്റെ കൃത്രിമ പ്രാതിനിധ്യവും തമ്മിലുള്ള പോരാട്ടം എന്നീ വിഷയങ്ങളും കടന്നുവരുന്നു. 'ആര്‍ട്ട് ഇന്‍ ദി സിനിമാറ്റിക് ഇമാജിനേഷനി'ല്‍ (Art in the Cinematic Imagination, Susan Felleman), സിനിമകളിലെ പെയിന്റിംഗ്, കലയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാകുമെന്ന് സൂസന്‍ ഫെല്ലെമാന്‍ അഭിപ്രായപ്പെടുന്നു. കാണികളുടെ അവിശ്വാസം ഉണര്‍ത്തുന്ന കൃത്രിമ ലോകത്തെയാണ് പെയിന്റിംഗ് പ്രതീകപ്പെടുത്തുന്നത്, അതേസമയം സിനിമ അവിശ്വാസത്തെ ഇല്ലാതാക്കി ഒരു സാങ്കല്‍പ്പിക ലോകം സൃഷ്ടിക്കുന്നു.
ചിത്രകലയും സിനിമയും തമ്മിലുള്ള പരസ്പരബന്ധത്തിന്റെ തരംതിരിവില്‍, കലാചരിത്രത്തില്‍ നിന്ന് ചിത്രങ്ങള്‍ 'കടം വാങ്ങുന്ന' സിനിമകള്‍, കടമെടുത്ത ചിത്രങ്ങളുടെ അര്‍ത്ഥങ്ങള്‍ 'മറയ്ക്കുന്ന' സിനിമകള്‍, ചിത്രകലയെ 'നിരസിക്കുന്ന' സിനിമകള്‍, കലാചരിത്രത്തെ 'പുതുക്കിയെടുക്കുന്ന' സിനിമകള്‍ എന്നിങ്ങനെയാണ് ഡാലെ വാച്ചെ (Dalle Vacche) പരാമര്‍ശിക്കുന്നത്. ഇതെല്ലാം രണ്ട് കലാരൂപങ്ങള്‍ തമ്മിലുള്ള അനിവാര്യമായ എതിര്‍പ്പിനെയാണ് സൂചിപ്പിക്കുന്നത്.
എന്നാല്‍, ചിത്രകലയെ 'അപരമായി' കാണുക എന്ന ആശയം ഇസ്രായേലി സിനിമാ പഠിതാവായ ഹവ അല്‍ഡൗബിയുടെ (Hava Aldouby) രചനകളില്‍ തിരുത്തപ്പെട്ടു. ഹവ ഈ ആശയത്തെ 'ഡയലോഗിസം' അല്ലെങ്കില്‍ 'ഹെറ്ററോഗ്ലോസിയ' (ഒന്നിലധികം വീക്ഷണകോണുകളുടെ സാന്നിദ്ധ്യം) എന്ന ആശയം ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. ഭാഷയെയും സാഹിത്യത്തെയും കുറിച്ചുള്ള പഠനങ്ങളില്‍ മിഖായേല്‍ ബക്തിന്‍ അവതരിപ്പിച്ച ഡയലോഗിസം എന്ന ആശയം - ഡയലോഗിസം ശബ്ദങ്ങളുടെ ബഹുത്വത്തെയും അവയുടെ ഇടപെടലിലൂടെ അര്‍ത്ഥമുണ്ടാക്കുന്ന പ്രക്രിയയെയും ഉള്‍ക്കൊള്ളുന്നു - സിനിമാ-ചിത്രകല സിദ്ധാന്തത്തില്‍ വിജയകരമായി കൊണ്ടുവരുന്നു ആല്‍ഡൗബിയുടെ ഗവേഷണം.
REPRESENTATIVE IMAGE | WIKI COMMONS
മറ്റ് കലാരൂപങ്ങളുമായും മാധ്യമങ്ങളുമായും സിനിമയ്ക്കുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ചലച്ചിത്ര പഠനങ്ങളുടെ പ്രത്യേക ഭാഷയില്‍ ഒരു പുതിയ പദം കൊണ്ടുവന്നു - 'എക്‌സ്പാന്റഡ് സിനിമ'. 1960കളില്‍ ജീന്‍ യംഗ്ബ്ലഡ് (Gene Youngblood) ആദ്യമായി അവതരിപ്പിച്ച ഈ പദം ഇന്ന് മള്‍ട്ടിമീഡിയ കലാരൂപങ്ങളെക്കുറിച്ച് പഠിക്കുന്ന പണ്ഡിതര്‍ വ്യാപകമായി ഉപയോഗിക്കുന്നു. 'വിപുലീകൃത സിനിമ '(Expanded Cinema) പരമ്പരാഗത സിനിമയില്‍ നിന്ന് വ്യത്യസ്തമായി തോന്നുമെങ്കിലും, ഈ രീതികള്‍ യഥാര്‍ത്ഥത്തില്‍ സിനിമയുടെ അന്തര്‍ലീനമായ സ്വഭാവത്തെയും കലാപരമായ സ്വയംഭരണത്തെയും ഉറപ്പിക്കുന്നുവെന്ന് ജോനാഥന്‍ വാലി (Jonathan Walley) വാദിക്കുന്നു. ഇന്ന് സിനിമ പല കലകളുടെ സങ്കരമായി മാറിയിരിക്കുന്നു.
കാരെന്‍ ബെക്ക്മാനെപ്പോലുള്ള (Karen Beckman) പണ്ഡിതന്മാര്‍ 'ഗ്വര്‍ണിക്ക'യെ ഒരു ആനിമേറ്റഡ് സിനിമയായി കണക്കാക്കുന്നു. അനിമേഷനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, നമ്മുടെ മനസ്സില്‍ ഡിസ്‌നി കാര്‍ട്ടൂണുകളായിരിക്കും കടന്നുവരിക. അവിടെ വ്യക്തിഗത ഡ്രോയിംഗുകള്‍ സൃഷ്ടിച്ച് ഫ്രെയിം-ബൈ-ഫ്രെയിമായി ഫോട്ടോയെടുത്ത് ചലനത്തിന്റെ മിഥ്യ സൃഷ്ടിക്കുന്നു (ഫോട്ടോഗ്രാഫിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രാഫിക് ലൈനിന്റെ അനിമേഷന്‍). എന്നാല്‍, റെനെയുടെ സിനിമയില്‍ കഥാപാത്രങ്ങളുടെ ചലനം സൃഷ്ടിക്കുന്നതിനായി പുതിയ ഫ്രെയിമുകള്‍ വരയ്ക്കുന്നില്ല. പകരം, നിലവിലുള്ള, സ്റ്റാറ്റിക് ഗ്രാഫിക് ഘടകങ്ങളെ - പിക്കാസോയുടെ ചിത്രങ്ങളിലെയും ഡ്രോയിംഗുകളിലെയും വരകള്‍, രൂപങ്ങള്‍, ടെക്‌സ്ചറുകള്‍ - സിനിമാറ്റിക് ടെക്‌നിക്കുകള്‍ ഉപയോഗിച്ച് 'അനിമേറ്റ് ' ചെയ്യുന്നു.
ഒരു സ്റ്റാറ്റിക് പെയിന്റിംഗില്‍ പോലും, കലാകാരന്റെ വരകളിലും രചനകളിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരു അന്തര്‍ലീനമായ 'ഗ്രാഫിക് എനര്‍ജി' അല്ലെങ്കില്‍ 'ചലനത്തിനുള്ള സാധ്യത' ഉണ്ടെന്ന് ഈ വാദം സൂചിപ്പിക്കുന്നു. റെനെയുടെ ഫോട്ടോഗ്രാഫിക് സാങ്കേതികവിദ്യയും സിനിമാറ്റിക് എഡിറ്റിംഗും ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു, ഇതിലൂടെ ഈ ഒളിഞ്ഞിരിക്കുന്ന ചലനത്തെ തുറക്കുകയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ പാളികള്‍ പൊളിച്ചുമാറ്റി, അതിന്റെ സൃഷ്ടിക്ക് പിന്നിലെ ചലനാത്മകമായ ചിന്താ പ്രക്രിയയും വൈകാരിക തീവ്രതയും വെളിപ്പെടുത്തുന്നതുപോലെയാണ് ഇത്.
REPRESENTATIVE IMAGE | WIKI COMMONS
പരമ്പരാഗത അനിമേഷന്‍ ചിത്രങ്ങളില്‍ സമയത്തിന്റെ മാനം നിറയ്ക്കുന്നു, ഇത് ഒരു കഥ പറയാന്‍ അല്ലെങ്കില്‍ ഒരു പുരോഗതി കാണിക്കാന്‍ അനുവദിക്കുന്നു. സ്റ്റാറ്റിക് ഇമേജുകള്‍ ഉപയോഗിച്ച് റെനെ സമാനമായ ഒരു പ്രഭാവം കൈവരിക്കുന്നു. ചുരുക്കത്തില്‍, ബെക്ക്മാന്റെ വാദം എടുത്തുകാണിക്കുന്നത് അനിമേഷന്‍ എന്നത് ഓരോ ഫ്രെയിമിനും പുതിയ ഡ്രോയിംഗുകള്‍ സൃഷ്ടിക്കുക മാത്രമല്ല, മറിച്ച് ചലനാത്മകവും കാലാത്മകവും വൈകാരികവുമായ ഒരു ദൃശ്യാനുഭവം സൃഷ്ടിക്കുന്നതിന് നിലവിലുള്ള ഗ്രാഫിക് ഘടകങ്ങളുടെ സിനിമാറ്റിക് തിരിമറികളെ (Manipulation) കുറിച്ചുമാണ്.
രണ്ട് പ്രമുഖ ഫ്രഞ്ച് അഭിനേതാക്കളാണ് സിനിമയില്‍ കവിത അവതരിപ്പിക്കുന്നത്. മരിയ കാസറസിന്റെ ശബ്ദം സാധാരണയായി ദുഃഖഭരിതവും, നമ്മെ ആഴത്തില്‍ ചലിപ്പിക്കുന്നതുമാണ്. അത് ദുരന്തത്തിന്റെ ഭാരം പേറുന്നു, ഇരകള്‍ക്കുള്ള വിലാപഗാനം പോലെ അനുഭവപ്പെടുന്നു. ജാക്ക് പ്രൂവോസ്റ്റിന്റെ ശബ്ദം കൂടുതല്‍ നേരിട്ടുള്ളതും, ജേര്‍ണലിസ്റ്റിക് സ്വഭാവമുള്ളതുമാണ്.
റെനെ (സംവിധായകന്‍), റോബര്‍ട്ട് ഹെസ്സന്‍സ് (സഹസംവിധായകന്‍), പോള്‍ എല്വാദ് (കവി), മരിയ കാസറസ്, ജാക്വസ് പ്രൂവോസ്റ്റ് (ആഖ്യാതാക്കള്‍), ഗൈ ബെര്‍ണാഡ് (സംഗീതസംവിധായകന്‍) എന്നിവരുടെ സഹകരണമാണ് ഈ സിനിമയെ ഇത്രയും സമ്പന്നവും ബഹുതലങ്ങളുള്ളതുമായ ഒരു അനുഭവമാക്കി മാറ്റുന്നത്. കവിത, ക്യൂബിസ്റ്റ്, സര്‍റിയലിസ്റ്റ് കല, സിനിമ എന്നിവയുടെ സങ്കരം.
ഗ്വര്‍ണിക്കയിലെ ബോംബാക്രമണത്തില്‍ നിന്ന് നേരിട്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം വരച്ചതെങ്കിലും, പിക്കാസോ മനഃപൂര്‍വ്വം ആ സംഭവം പത്രപ്രവര്‍ത്തനപരവും ഫോട്ടോറിയലിസ്റ്റിക്കുമായ രീതിയില്‍ അവതരിപ്പിക്കുന്നില്ല. സമാന രീതിയില്‍, ബോംബാക്രമണത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള വിവരണമല്ല, മറിച്ച് അതിന്റെ ആഘാതത്തെക്കുറിച്ചുള്ള ഒരു പ്രതീകാത്മക പര്യവേക്ഷണമാണ് എല്വാദിന്റെ കവിത. ടിവി ചാനലുകള്‍ യുദ്ധത്തെ നാടകീയതയ്ക്കും അതിവൈകാരികതയ്ക്കും പ്രാമുഖ്യം നല്‍കി സെന്‍സേഷനാക്കി അവതരിപ്പിക്കുമ്പോള്‍, റെനെയുടെ സിനിമ യുദ്ധത്തെ ദൃശ്യവിസ്മയമാക്കുകയോ നമ്മെ ത്രില്ലടിപ്പിക്കുകയോ ചെയ്യുന്നില്ല. ഈ കലാസൃഷ്ടികള്‍ യുദ്ധത്തിന്റെ കെടുതികളെ കൂട്ടായ ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നു, വിസ്മൃതിക്കും അനീതിക്കും എതിരായ ആയുധമായി മാറ്റുന്നു.


